ഭരണകൂട ഭീകരതക്ക് നമ്മുടെ പൊതുമണ്ഡലത്തില്‍
അംബാസഡര്‍മാര്‍ ഉണ്ട്
ടി. മുഹമ്മദ് വേളം
ഏറ്റവും കുറച്ചു ഭരിക്കുന്ന ഗവണ്‍മെന്റാണ് ഏറ്റവും നല്ല ഗവണ്‍മെന്റ് എന്നുപറഞ്ഞത് തത്ത്വചിന്തകനായ തോറോയാണ്. എത്ര ഭരിച്ചാലും മതിയാവാത്ത ഗവണ്‍മെന്റാണ് ഫാഷിസ്റ് ഗവണ്‍മെന്റുകള്‍. അനിയന്ത്രിതമായ ഭരണത്തെക്കുറിച്ച രാഷ്ട്രീയ സങ്കല്‍പമാണ് ഫാഷിസം. ഭരണകൂടത്തിനകത്ത് സഹജമായിത്തന്നെ അമിതാധികാരാസക്തിയുടെ അപകടം അന്തര്‍ഹിതമായിട്ടുണ്ട്. അതിനെ ചെറുക്കുക എന്ന ധര്‍മമാണ് ഭരണഘടനയും നിയമവ്യവസ്ഥയും ജുഡീഷ്യറിയും ചെയ്യുന്നത്. നിമയവ്യവസ്ഥ എന്നത് ഫാഷിസത്തിന്റെ ഒന്നാമത്തെ ശത്രുവാണ്. നിയമവിരുദ്ധമെന്ന് അത് കരുതുന്ന കാര്യങ്ങളെ നിയമബാഹ്യമായും അടിച്ചമര്‍ത്തണമെന്നത് ഫാഷിസത്തിന്റെ എക്കാലത്തെയും മുറവിളിയാണ്. നിയമവിരുദ്ധ പ്രവര്‍ത്തനത്തെയും നിയമപരമായാണ് നേരിടേണ്ടത് എന്നിടത്താണ് ജനാധിപത്യം ഫാഷിസത്തില്‍ നിന്നു വിഭിന്നമാവുന്നത്. നിയമമെന്നത് അടിസ്ഥാനപരമായി എല്ലാ മനുഷ്യരുടെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ളതാണ്. കരിനിയമങ്ങള്‍ സാങ്കേതികമായി പാര്‍ലമെന്റ് പാസ്സാക്കിയാലും അത് ജനാധിപത്യവിരുദ്ധമാകുന്നതിന്റെ കാരണമതാണ്. ഫാഷിസമെന്നത് നിയമരഹിതമായ ആക്രമണം മാത്രമല്ല, നിയമത്തിന്റെ ഏറ്റവും അമാനവികമായ നിര്‍മാണവും നടപ്പിലാക്കലും കൂടിയാണ്.
അത്രയധികം ഭരിക്കാന്‍ ഒരു ഭരണകൂടത്തിനവകാശമില്ലെന്ന നൈതികത നഷ്ടപ്പെടുമ്പോഴാണ് അടിയന്തരാവസ്ഥകള്‍ ഉണ്ടാവുന്നത്. അടിയന്തരാവസ്ഥ സ്വപ്നം കാണുന്ന പൊതുപ്രവര്‍ത്തകര്‍ പോലും നമുക്കിടയില്‍ ഇന്നുമുണ്ട്. ഉണ്ടെന്നതിന്റെ ഉദാഹരണമാണ് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷാജി മാതൃഭൂമി ദിനപത്രത്തിലെഴുതിയ ലേഖനം.
"ജമാഅത്തെ ഇസ്ലാമിയെ പണ്ട് നിരോധിച്ചപ്പോള്‍ അവരുടെ താത്ത്വികജിഹ്വയായ 'പ്രബോധന'ത്തിന്റെ പ്രസിദ്ധീകരണം നിന്നു. പകരം 'ബോധനം' എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. നിരോധനം നീക്കിയപ്പോള്‍ ബോധനമടക്കം ജമാഅത്തെ ഇസ്ലാമിക്ക് രണ്ട് പ്രസിദ്ധീകരണങ്ങളായി. ഇത്തരത്തിലുള്ള 'ലിപ്സര്‍വീസ്' നിരോധനങ്ങള്‍ ഫലശൂന്യമത്രെ.
നമ്മുടെ മതേതര ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രശില്‍പികള്‍ കാറ്റും വെളിച്ചവും കടക്കാനായി അനേകം സുഷിരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മതേതരത്വവും ജനാധിപത്യവും രചനാത്മകമായി പുലരാന്‍ വിഭാവനം ചെയ്ത ഈ സുഷിരങ്ങള്‍ തന്നെയാണ് തീവ്രവാദികള്‍ അവരുടെ വിധ്വംസകകൃത്യങ്ങള്‍ക്ക് 'സര്‍ഗാത്മക'മായി ഉപയോഗിക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍വെച്ച് ഒരു തീവ്രവാദസംഘടനയെയും നിരോധിച്ചിട്ടു കാര്യമില്ല. അവര്‍ പലവേഷങ്ങളില്‍, പല ഭാവങ്ങളില്‍ വീണ്ടും അവതരിക്കും. തീവ്രവാദത്തിന്റെ തായ്വേര് അറുക്കേണ്ടത് രാഷ്ട്രത്തിന്റെ അഖണ്ഡതക്കും സാമുദായിക സഹജീവനത്തിനും അത്യന്താപേക്ഷിതമാണ്'' (മാതൃഭൂമി ദിനപത്രം 2010 ആഗസ്റ് 4).
രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍വെച്ച് ഒരു തീവ്രവാദസംഘടനയെയും നിരോധിച്ചിട്ടുകാര്യമില്ല. തീവ്രവാദത്തിന്റെ തായ്വേര് അറുക്കേണ്ടത് രാഷ്ട്രത്തിന്റെ അഖണ്ഡതക്കും സമുദായ സഹജീവനത്തിനും അത്യന്താപേക്ഷിതമാണെന്നാണ് ലേഖകന്‍ പറയുന്നത്. ജമാഅത്തെ ഇസ്ലാമിയും തീവ്രവാദവും തമ്മിലെന്ത് എന്ന വിഷയവും, ലേഖകന്റെ യജമാനന്മാര്‍ സംഘടനയെ നിരോധിച്ചപ്പോള്‍ അതെങ്ങനെ നീങ്ങിയെന്നൊന്നും വിശദീകരിക്കാന്‍ ഇവിടെ ശ്രമിക്കുന്നില്ല. തീവ്രവാദത്തിന്റെ നിര്‍വചനമെന്തെന്ന മറ്റൊരു വിഷയവുമുണ്ട്. ഷാജിയുടെ വീക്ഷണത്തില്‍ ജമാഅത്തെ ഇസ്ലാമി തീവ്രവാദമാണെങ്കില്‍ മറ്റൊരു കാഴ്ചവട്ടത്തില്‍ ഷാജി തീവ്രവാദിയാവാനുള്ള സാധ്യതയും ഇവിടെ, ഈ സംവാദത്തില്‍ തുറന്നുകിടക്കുന്നുണ്ട്. കുറേക്കാലമായി നടക്കുന്ന സംഘടനാപരമായ അത്തരമൊരു സംവാദത്തിലേക്ക് പ്രവേശിക്കാതെ ഷാജിയുടെ അവതരണത്തിന്റെ മറ്റുചില സൂക്ഷ്മ രാഷ്ട്രീയങ്ങള്‍ വിശകലനവിധേയമാക്കാനാണിവിടെ ശ്രമിക്കുന്നത്.
ഷാജി പൊതുവില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഇതാണെന്ന് തോന്നുന്നു: നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാന്‍ അതിലെ നിയമം അപര്യാപ്തമാണ്. നിയമമുപയോഗിച്ച് നിങ്ങള്‍ക്കൊരിക്കലും തീവ്രവാദത്തെ നേരിടാനാവില്ല. അതുകൊണ്ട് തീവ്രവാദമെന്ന് ഷാജി വിളിക്കുന്ന കാര്യങ്ങളെ നേരിടാന്‍ നിയമം മാറ്റിവെച്ച മാര്‍ഗമാണ് അവലംബിക്കേണ്ടത്. അല്ലെങ്കില്‍ ഇപ്പോഴുള്ള കരിനിയമത്തിനപ്പുറം ഇനിയുമിനിയും ഉണ്ടാവണം. അടിയന്തരാവസ്ഥ പിന്‍വലിച്ച ഇന്ദിരാഗാന്ധിയാണ് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റുകാരി. നിത്യഹരിത അടിയന്തരാവസ്ഥയിലൂടെ മാത്രമേ ഇന്ത്യ നേരിടുന്ന പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. ഇന്ത്യന്‍ ജനാധിപത്യത്തെ സമ്പൂര്‍ണമായി പട്ടാളത്തെ ഏല്‍പിച്ച് പാര്‍ലമെന്റ് പിന്മാറിയാല്‍ അതായിരിക്കും കൂടുതല്‍ ഫലപ്രദമാവുക. പട്ടാളക്കോടതികള്‍ വിചാരണ നടത്തിയാല്‍ നിരോധം നീക്കപ്പെട്ടു എന്നു ഷാജി കുണ്ഠിതപ്പെടുന്ന സംഘടനകളൊന്നും വെളിച്ചം കാണാനിടയില്ല. മറ്റു രാജ്യങ്ങളില്‍ പ്രത്യേകിച്ച് അറബ് മുസ്ലിം നാടുകളില്‍ ഷാജി തീവ്രവാദത്തിന്റെ മസ്തിഷ്ക ഉറവിടം എന്നുവിശേഷിപ്പിക്കുന്ന സയ്യിദ് ഖുത്വ്ബിനെപ്പോലുള്ളവരെ പട്ടാളക്കോടതികള്‍ വളരെ കാര്യക്ഷമമായി തൂക്കിക്കൊന്നിട്ടുണ്ട്.
കഴിഞ്ഞ സമയങ്ങളില്‍ ഷാജി ഏറ്റവും ഭീകരമായി ആക്രമിച്ചത് ഇടതുപക്ഷ സാംസ്കാരികപ്രവര്‍ത്തകനായ കെ.ഇ.എന്നിനെയാണ്. കെ.ഇ.എന്‍ ഇന്ത്യനവസ്ഥയില്‍ ന്യൂനപക്ഷ-ദലിത്-സ്ത്രീ സ്വത്വങ്ങള്‍ അനുഭവിക്കുന്ന അപരവല്‍ക്കരണത്തെക്കുറിച്ച് വളരെ ശക്തമായി എഴുതുകയും പറയുകയും ചെയ്തിരുന്നു. ജനാധിപത്യപരമായ മുസ്ലിം സ്വത്വരാഷ്ട്രീയ പ്രസ്ഥാനമായ മുസ്ലിംലീഗിന്റെ യുവജനസംഘടനാ നേതാവെന്തിനാണ് കെ.ഇ.എന്നിനെ വേട്ടയാടുന്നതെന്ന് മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമാണ്.
അതിനുകാരണം ഇരകളെക്കുറിച്ച ഏത് സംസാരവും ഭരണകൂടഭീകരതയെ അങ്ങേയറ്റം അലോസരപ്പെടുത്തുന്ന കാര്യമാണെന്നതാണ്. ഭരണകൂട ഭീകരതക്കെതിരായ സാംസ്കാരിക മാധ്യമ അന്തരീക്ഷത്തെ അത് നിര്‍മിക്കും. അതുകൊണ്ട് തന്നെ ഭരണകൂടഭീകരതയുടെ ടാര്‍ഗറ്റുകളില്‍ ഒന്നാണ് ഇത്തരം മാധ്യമസാംസ്കാരിക പ്രവര്‍ത്തകര്‍. ഭരണകൂട ഭീകരതയുടെ ഏജന്‍സികള്‍ക്കുവേണ്ടി ആ ദൌത്യം നിര്‍വഹിച്ചുകൊടുക്കുന്ന കോടാലികൈകളിലൊന്നാണ് ഇദ്ദേഹം. ജമാഅത്തെ ഇസ്ലാമിയെ നേരിടാന്‍ നിയമമൊരിക്കലും പര്യാപ്തമല്ലെന്ന ഷാജിയുടെ പുതിയവാദവും ബലപ്പെടുത്തുന്നത് ഷാജി ഭരണകൂട ഭീകരതയുടെ പൊതുമണ്ഡലത്തിലെ ഏജന്റാണെന്നാണ്. കരിനിയമങ്ങള്‍ക്കെതിരെ പൊതുമണ്ഡലത്തില്‍ പല കാമ്പയിനുകളും നാം കണ്ടിട്ടുണ്ട്. എന്നാല്‍ കരിനിയമത്തിനുവേണ്ടി പൊതുമണ്ഡലത്തില്‍ വാദങ്ങള്‍ ഉയര്‍ത്താറുള്ളത് ഫാഷിസ്റ് ശക്തികള്‍ മാത്രമാണ്.
അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായ പുതിയ കേസിന്റെയും അറസ്റിന്റെയും പശ്ചാത്തലത്തില്‍ ഭരണകൂട ഉദ്യോഗസ്ഥ കേന്ദ്രങ്ങള്‍ ദുര്‍ബല ജനവിഭാഗത്തിനെതിരെ നടത്തുന്ന നീക്കങ്ങള്‍ പൊതുമണ്ഡലത്തില്‍ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഷാജി ഇതെഴുതിയത്. നമ്മുടെ ജനാധിപത്യസമരങ്ങള്‍ക്ക് അവഗണിക്കാനാവാത്ത യാഥാര്‍ഥ്യമാണ് ഭരണകൂടഭീകരത. ഇന്റലിജന്‍സ് ഓഫീസര്‍മാരില്‍ ഒരുവിഭാഗം ഭരണകൂട ഭീകരതക്കെതിരായ ജനാധിപത്യപോരാട്ടങ്ങള്‍ക്കെതിരെ ഉപജാപങ്ങള്‍ മെനയുന്നവരാണ്. അവരുടെ താല്‍പര്യപ്രകാരം ബഹുജനാഭിപ്രായം രൂപീകരിക്കുന്നതിനുവേണ്ടി സംസാരിക്കുകയും എഴുതുകയും ചെയ്യുക എന്നതാണ് ഇവര്‍ക്ക് ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വം. ഹേമന്ത് കര്‍ക്കരെയുടെ വധത്തില്‍ ഇത്തരം രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടുത്തപ്പെട്ടതാണ്.
കശ്മീരില്‍ എങ്ങനെയാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മുസ്ലിം ചെറുപ്പക്കാരെ ഭീകരവാദത്തിന് പ്രേരിപ്പിക്കുന്നതെന്ന് ഇര്‍ശാദ് അലി എന്ന കാശ്മീരി തടവുകാരന്‍ തിഹാര്‍ ജയിലില്‍ നിന്ന് പ്രധാനമന്ത്രിക്കെഴുതിയ തുറന്ന കത്ത് വായിച്ചാല്‍ മനസ്സിലാവും. ഇതൊന്നും അറിയാതെയും പറയാതെയും രാജ്യത്തിന്റെ യാഥാര്‍ഥ്യങ്ങളെ വിശകലനം ചെയ്യാന്‍ കഴിയില്ല. രാജ്യത്തെ ഔപചാരിക ഏജന്‍സികള്‍ ഒരേസമയം മുസ്ലിം സമൂഹത്തെ അവരറിയാതെ ഭീകരവാദത്തിന് പ്രേരിപ്പിക്കുകയും ഭരണകൂടത്തിന്റെ അന്യായങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ കരിവാരിത്തേക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന നടപടികള്‍ ഒരിക്കലും അനാവരണം ചെയ്യപ്പെടില്ല എന്ന ആത്മവിശ്വാസമാണ് ഇവരെ ഈ ഏജന്‍സിപ്പണിക്കും അതിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കാനും പ്രേരിപ്പിക്കുന്നത്. പക്ഷേ, ഇതിനെ തുറന്നുകാട്ടി മാത്രമേ ഇന്ത്യയിലെ പൌരാവകാശസമരത്തിന് മുന്നോട്ടുപോവാന്‍ കഴിയൂ. ഇന്ത്യയെ കൂടുതല്‍ ആരോഗ്യകരമായ രീതിയില്‍ ജനാധിപത്യവല്‍ക്കരിക്കാന്‍ കഴിയൂ.
കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷംകൊണ്ട് നമ്മുടെ വലതുപക്ഷ മീഡിയ നിര്‍മിച്ചെടുത്ത രണ്ട് യുവജന രാഷ്ട്രീയ പ്രതീകങ്ങളാണ് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കെ.എം ഷാജിയും. മഅ്ദനി അറസ്റ് ചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ മുസ്ലിംലീഗിനുതന്നെ ഷാജിയെ ദൃശ്യമാധ്യമങ്ങളില്‍ നിന്നു പിന്‍വലിക്കേണ്ടിവന്നു. ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള കേരളത്തിലെ യുവജന സംഘടനകളില്‍ നമ്മുടെ പൊതുസമൂഹത്തിന് ഒന്നിലധികം നേതാക്കളെ പരിചയമുണ്ട്. യൂത്ത്ലീഗില്‍ നമ്മുടെ പൊതുസമൂഹത്തിന് കെ.എം ഷാജിയെയല്ലാതെ ആരെയാണ് അറിയുക? കാരണം കെ.എം ഷാജി ഇവിടത്തെ മുസ്ലിംവിരുദ്ധ മാധ്യമങ്ങളുടെ നിര്‍മിതിയാണ്.
ഇടതുപക്ഷ വേഷം കെട്ടിയാടുന്ന ഹമീദ് ചേന്ദമംഗല്ലൂര്‍ എത്രയോ കാലമായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദൌത്യവും ഇതുതന്നെയാണ്. പ്രവീണ്‍സ്വാമിയാണ് ഹമീദിന്റെ ഏറ്റവും വലിയ റഫറന്‍സ്. പൌരാവകാശങ്ങള്‍ക്കെതിരെ പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന് വേണ്ടി എംബഡഡ് ജേണലിസം നിര്‍വഹിക്കുന്ന പത്രപ്രവര്‍ത്തക അഗ്രഗാമിയാണ് പ്രവീണ്‍സ്വാമി. ജനശക്തി വാരികയില്‍ ഹമീദ് എഴുതിയ കോളത്തിലെ മിക്ക ലേഖനങ്ങളും ഭരണകൂട പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കുന്നതും മനുഷ്യാവകാശപരവും പൌരസമൂഹപക്ഷത്തുനിന്നുമുള്ളതായ മുഴുവന്‍ ചെറുത്തുനില്‍പ്പുകളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നതുമായിരുന്നു.
വിശ്വാസപരമായോ രാഷ്ട്രീയപരമായോ ഹമീദിനും ഷാജിക്കുമിടയില്‍ പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന സാധര്‍മ്യങ്ങളൊന്നുമില്ല. ഒരാള്‍ വിശ്വാസി, മറ്റേയാള്‍ അവിശ്വാസി. ഒരാള്‍ മുസ്ലിംലീഗുകാരന്‍, മറ്റേയാള്‍ ഇടതുപക്ഷ സഹയാത്രികന്‍ എന്നവകാശപ്പെടുന്നയാള്‍. എന്നാല്‍ ഇവര്‍ തമ്മില്‍ പുലര്‍ത്തുന്ന ദൃശ്യവും അദൃശ്യവുമായ അഗാധ സൌഹൃദത്തിന്റെ ഏകകാരണം ഇവര്‍ രണ്ടുപേരും പങ്കുവെക്കുന്ന ഭരണകൂട മര്‍ദക പ്രത്യയശാസ്ത്രത്തിന്റെ പൊതുഇടം മാത്രമാണ്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തിനും ഭീകരതക്കും അനുകൂലമായ പൊതു അന്തരീക്ഷം രൂപപ്പെടുത്താന്‍ അവരുടെ താല്‍പര്യാനുസൃതം പ്രവര്‍ത്തിക്കുന്നവര്‍ എന്നത് മാത്രമാണ്. ഇസ്ലാമിനെതിരെ കിട്ടാവുന്ന ഓരോ അവസരത്തിലും ആക്രമണം നടത്തുന്ന ഹമീദ് ചേന്ദമംഗല്ലൂരും മുസ്ലിം യൂത്ത്ലീഗിന്റെ സംസ്ഥാന അധ്യക്ഷനും തമ്മിലെന്ത് എന്നെങ്കിലും മുസ്ലിംലീഗ് ആലോചിക്കാന്‍ ശ്രമിച്ചാല്‍ അതവര്‍ക്ക് നല്ലത്.