Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


ജമാല്‍ മലപ്പുറത്തെ അനുസ്മരിക്കുന്നു

'പ്രവാചകനെ മാതൃകയാക്കിയ കുടുംബനാഥന്‍'
ജമാല്‍ മലപ്പുറത്തിന്റെ ഭാര്യ ഫാത്വിമാബി
ജമാല്‍ സാഹിബിന്റെ ജീവിതപങ്കാളിയാവാന്‍ ഇടയായ സാഹചര്യം വിവരിക്കാമോ?
1969 ഫെബ്രുവരി ഒമ്പതിനായിരുന്നു ഞങ്ങളുടെ വിവാഹം. എടയൂര്‍ അബ്ദുല്‍ ഹയ്യ് സാഹിബ് മുഖാന്തിരം സഹോദരീ ഭര്‍ത്താവ് എം. അബ്ദുര്‍റഹ്മാന്‍ സാഹിബിലൂടെ ഉണ്ടായ അന്വേഷണമായിരുന്നു. ശാന്തപുരത്ത് തന്നെ പഠിക്കുന്ന മറ്റു രണ്ട് പേരുടെ കൂടി അന്വേഷണങ്ങള്‍ ആ സമയത്ത് വന്നിരുന്നു. അമ്മാവന്‍ മമ്മി സാഹിബിന്റെ, ശാന്തപുരത്ത് പഠിച്ചിരുന്ന മകന്‍ അബ്ദുല്‍ വഹാബാണ് ഈ ബന്ധം തെരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചത്. 'എല്ലാവരോടും കിബ്റില്ലാതെ പെരുമാറുന്ന ആളാണ് ജമാല്‍ സാഹിബ്' എന്നാണ് അദ്ദേഹമതിന് കാരണം പറഞ്ഞത്.

കുടുംബനാഥന്‍ എന്ന നിലയില്‍ അദ്ദേഹം എങ്ങനെയായിരുന്നു?
എന്റെയടുത്ത് നിന്ന് വല്ല വീഴ്ചയും വന്നെങ്കിലേ ഉള്ളൂ. അദ്ദേഹം പുറത്തും അകത്തും ഒരുപോലെയായിരുന്നു. വേണ്ട എന്ന് എത്ര പറഞ്ഞാലും എല്ലാ കാര്യങ്ങളിലും സഹായിച്ചിരുന്നു.മരണപ്പെട്ട ദിവസവും മീന്‍ മുറിച്ചുതന്നിരുന്നു. 'അല്ലാഹുവിന്റെ റസൂല്‍ ചെയ്ത കാര്യങ്ങളാണ് ഇതെല്ലാം. എനിക്ക് കൂലി കിട്ടാന്‍ വേണ്ടിയാണ് ഞാനിതെല്ലാം ചെയ്യുന്നത്' എന്ന് പറയുമായിരുന്നു. വളരെ സരസമായ പെരുമാറ്റമായിരുന്നു. കൊച്ചു കുട്ടികളുടെ കൂടെ അവരിലൊരാളായി അവര്‍ക്കനുസരിച്ച് പെരുമാറും.
ഇതെല്ലാം എന്നെ പ്രസ്ഥാനത്തോട് കൂടുതല്‍ അടുപ്പിക്കാന്‍ സഹായിച്ചു. ഞാന്‍ അതിന് മുമ്പ് മനസ്സിലാക്കിയ പ്രസ്ഥാനമല്ല ജമാല്‍ സാഹിബില്‍നിന്ന് അനുഭവിച്ചറിഞ്ഞത്.

ജമാല്‍ സാഹിബിന്റെ ജീവിതചര്യ വിവരിക്കാമോ? പഠനത്തിനും എഴുത്തിനും എങ്ങനെയാണ് സമയം കണ്ടെത്തിയിരുന്നത്?
1982-ല്‍ ദമ്മാമിലായിരുന്നപ്പോള്‍ വാങ്ങിയ ടൈംപീസ് മരിക്കുവോളം അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നു. അത് മാറ്റാന്‍ പറയുമ്പോള്‍ അങ്ങനെ പഴയതൊക്കെ മാറ്റുകയാണെങ്കില്‍ നീ എന്നെയും മാറ്റേണ്ടിവരും എന്ന് തമാശ രൂപത്തില്‍ പറയും. അതില്‍ അലാറം വെച്ച് തഹജ്ജുദിന് എഴുന്നേറ്റാല്‍ പിന്നെ രാത്രി വൈകിയല്ലാതെ ഉറങ്ങാറില്ല. ഓപ്പറേഷന്‍ കഴിയുന്നതിന് മുമ്പ് വരെ അങ്ങനെയായിരുന്നു. ഓപ്പറേഷന് ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം രാത്രി അല്‍പം നേരത്തെ ഉറങ്ങിത്തുടങ്ങി. പിന്നീട് വീണ്ടും ക്രമേണ ഉറക്കം വൈകിച്ച് തുടങ്ങിയിരുന്നു.പകല്‍ തീരെ ഉറങ്ങാറില്ല. അല്ലാഹുവിന്റെ റസൂല്‍ നാല് മണിക്കൂറേ ഉറങ്ങിയിട്ടുള്ളൂ എന്നാണ് പറയാറ്.
സുബ്ഹിക്ക് ശേഷം ഓഫീസില്‍ പോകുന്നതിന് തൊട്ട് മുമ്പ് വരെ വായനയാണ്. പുസ്തകങ്ങള്‍ സന്തത സഹചാരികളായിരുന്നു. ആരെങ്കിലും സംശയം ചോദിച്ചാല്‍ ഉടന്‍ പറഞ്ഞുകൊടുക്കും. എന്തെങ്കിലും റഫര്‍ ചെയ്യാനുണ്ടെങ്കില്‍ അതും ഉടനെ തന്നെ. അതിന് പ്രത്യേക സമയം ഇല്ല. ഒന്നും നീട്ടിവെക്കാറില്ല.
വൃത്തിയുടെ കാര്യത്തില്‍ വലിയ കണിശതയായിരുന്നു. ഓഫീസില്‍ പോകുമ്പോള്‍ അഴിച്ചിടുന്ന വസ്ത്രം ഉടന്‍ വൃത്തിയായി മടക്കിയിടും. ആരെങ്കിലും സഹായിക്കാന്‍ ചെന്നാല്‍ 'ആരോഗ്യമുള്ളപ്പോള്‍ ഇതിനൊന്നും ആരെയും ബുദ്ധിമുട്ടിക്കരുത്. അല്ലാഹുവിന്റെ റസൂല്‍ ചെയ്യാത്ത വല്ല പണിയുമുണ്ടോ?' എന്ന് പറയും. വാഹനമടക്കം വൃത്തിയാക്കി വെക്കല്‍ മുസ്ലിമിന്റെ സ്വഭാവമാവണമെന്ന കാര്യത്തില്‍ വളരെ നിര്‍ബന്ധമായിരുന്നു.
ഭക്ഷണം എന്തും കഴിക്കും. ഒരു കുറ്റവും പറയാറില്ല. ഉപ്പ് കൂടിയാലും കുറഞ്ഞാലും പ്രശ്നമില്ല. ആരെന്ത് കൊടുത്താലും വേണ്ടെങ്കിലും അതില്‍നിന്ന് അല്‍പം എടുത്ത് കഴിക്കും. ഓപ്പറേഷന് ശേഷം മാത്രമാണ് ഭക്ഷണ കാര്യത്തില്‍അല്‍പം നിയന്ത്രണങ്ങള്‍ വരുത്തിയത്. ചായയോ മറ്റോ വേണമെങ്കില്‍ ഓര്‍ഡര്‍ ചെയ്യുന്ന സ്വഭാവം തീരെയില്ല. സ്വയം ഉണ്ടാക്കും. കൂട്ടത്തില്‍ എനിക്കും. ഭക്ഷണം പാഴാക്കി കളയാറില്ല. ഒരാളുടെ ചോറാണ് ബാക്കിയുള്ളതെങ്കില്‍ അതിന് അര്‍ഹരായ ആളെ തെരഞ്ഞ് വളരെ ദൂരം നടന്ന അനുഭവങ്ങളുണ്ട്. വിശപ്പ് അറിഞ്ഞ ഒരാളും ഭക്ഷണം പാഴാക്കി കളയില്ല എന്ന് പറയാറുണ്ട്.

എടുത്ത് പറയാവുന്ന ഓര്‍മകള്‍...
ഹൈദരാബാദ് സമ്മേളനത്തില്‍ അദ്ദേഹത്തോടൊപ്പം ഞാനും പങ്കെടുത്തിരുന്നു. അന്ന് കേരള ക്യാമ്പില്‍ സൈനബുല്‍ ഗസ്സാലി വന്നിരുന്നു. തിരിച്ച് വരുമ്പോള്‍ ആ ട്രെയിന്‍ യാത്രയിലായിരുന്നു ഇഖ്വാനുല്‍ മുസ്ലിമൂനെ കുറിച്ച് പറഞ്ഞുതന്നത്. ആ വിവരണം ഇപ്പോഴും മായാതെ മനസ്സിലുണ്ട്.
മൂന്ന് വര്‍ഷം മുമ്പ് ഈജിപ്തില്‍ പോയപ്പോള്‍ അംറുബ്നുല്‍ ആസ്വ് എന്ന സ്വഹാബിയുടെ പള്ളിയില്‍ വെച്ച് നബി(സ)യുടെയും സ്വഹാബികളുടെയും വിശേഷിച്ച് അംറുബ്നുല്‍ ആസ്വിന്റെയുമൊക്കെ ചരിത്രം പറഞ്ഞുതന്നു. അത് വല്ലാത്ത ഒരു അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ചരിത്ര സ്ഥലങ്ങള്‍ കാണാന്‍ പോകുന്നത് ഒരു ഭാഗ്യമാണ്. പിന്നെ ഒരു ഗൈഡിന്റെ ആവശ്യമില്ല.

മരണത്തിന് തൊട്ട് മുമ്പുള്ള ദിവസങ്ങളിലെ അദ്ദേഹത്തിന്റെ അവസ്ഥ?
പുതിയ വീട്ടിലേക്ക് രണ്ടാഴ്ച മുമ്പ് മാറിയിരുന്നു. മരണത്തിന് മൂന്ന് ദിവസം മുമ്പ് പുസ്തകങ്ങളെല്ലാം അലമാരയില്‍ അടുക്കിവെക്കുമ്പോള്‍ ഇതെല്ലാം എനിക്ക് ശേഷം ശാന്തപുരം കോളേജിന് കൈമാറണമെന്നും ആ സ്ഥാപനമാണ് എന്നെ ഞാനാക്കിയത് എന്നും പറഞ്ഞിരുന്നു. അപ്പോഴും മരണം ഇത്ര പെട്ടെന്ന് സംഭവിക്കുമെന്ന് തോന്നിയിരുന്നില്ല. മരണത്തിന് രണ്ട് ദിവസം മുമ്പ് നിങ്ങളേക്കാള്‍ മുമ്പേ പോകണമെന്നാണ് ഞാനാഗ്രഹിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ 'അതിനെന്താ, ഞാന്‍ മരിച്ചാല്‍ നിനക്ക് അല്ലാഹു ഉണ്ടാവും, പിന്നെ എന്റെ പ്രസ്ഥാനവും' എന്നു പറഞ്ഞു. എങ്കിലും മരണം ഓര്‍ക്കാപ്പുറത്തായിരുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ സംതൃപ്തമായ ഒരു ജീവിതമായിരുന്നു എന്റേത്. ജമാല്‍ സാഹിബ് എപ്പോഴും സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കാറുണ്ട്. ഭാര്യമാരെ സഹായിക്കാത്ത ഭര്‍ത്താക്കന്മാരോട് ഭയങ്കര ദേഷ്യമായിരുന്നു. ജനങ്ങളുടെ ഇടയില്‍ മാത്രമല്ല, ഭാര്യയുടെ അടുത്തും നല്ലവനാവണം എന്ന് പറയാറുണ്ട്. എന്നെ ഏറ്റവും സ്വാധീനിച്ച ഘടകം അദ്ദേഹം എല്ലാവരോടും ഒരുപോലെ പെരുമാറിയിരുന്നു എന്നതാണ്. സ്വന്തം പ്രസ്ഥാനക്കാരോട് മാത്രമല്ല മറ്റു പ്രസ്ഥാനക്കാരോടും നല്ല ബന്ധം പുലര്‍ത്തിയിരുന്നു. പടച്ചവനോട് അടുക്കുന്തോറും പടപ്പുകളോടും അടുക്കുകയാണ്, അകലുകയല്ല വേണ്ടത് എന്ന് പലപ്പോഴും പറയുമായിരുന്നു.
തയാറാക്കിയത്:
എ. റഹ്മത്തുന്നിസ


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly