ഇനി മാപ്പു പറഞ്ഞിട്ടെന്ത്?
ഇഹ്സാന്‍
സ്ഫോടനങ്ങളെ കുറിച്ച് തന്നെയാവട്ടെ ഇത്തവണയും ചില കാര്യങ്ങള്‍. ചുരുങ്ങിയത് നാലു സ്ഫോടനങ്ങളുടെയെങ്കിലും പിതൃത്വം അസിമാനന്ദ എന്ന വി.എച്ച്.പി സന്യാസി ഏറ്റെടുത്തുവല്ലോ. സ്ഫോടനത്തിന്റെ ജാതിയും മതവും തിരിച്ച് ലേഖനങ്ങളും എഴുതിയവരും സ്ഫോടനത്തിന്റെ ജിഹാദീ ഭീകരതയെക്കുറിച്ച് ചാനല്‍ മൈക്കുകളുടെ മുമ്പാകെ വന്ന് വിഷം ഛര്‍ദിച്ചവരുമൊക്കെ ഇപ്പോള്‍ ഏതു മാളത്തിലാണ്? തൊഴില്‍ സന്യാസമല്ലെങ്കിലും പേരുകൊണ്ടു പ്രവീണ്‍ 'സ്വാമി'യായ ഒരു പത്രമാരണമുണ്ടായിരുന്നല്ലോ ഇന്ത്യയില്‍. എവിടെ അദ്ദേഹം? ഇന്ത്യാ മഹാരാജ്യത്തെ ജനങ്ങളെ ബോധവല്‍ക്കരിച്ചിട്ടു 'കാര്യ'മില്ലെന്ന് തീരുമാനിച്ച് ഹിന്ദു ദിനപത്രത്തില്‍ നിന്ന് രാജിവെച്ച് ഇംഗ്ളണ്ടിലെ ഡെയിലി ടെലിഗ്രാഫിനു വേണ്ടി എഴുത്ത് തുടങ്ങിയിരിക്കുന്നു! അതല്ല 'ഇന്ത്യന്‍ ഇന്റലിജന്‍സ്' സ്വാമിയുടെ വിദഗ്ധ സേവനം ആഗോളസമൂഹത്തിന് വിട്ടുകൊടുത്തതാണെന്നും പറയപ്പെടുന്നുണ്ട്! കഴിഞ്ഞ രണ്ടു മാസക്കാലയളവില്‍ സ്വാമി എഴുതിയതത്രയും ബിന്‍ലാദിനെയും മക്കളെയും കുറിച്ചാണ്. മോണ്‍ട്രിയാല്‍ ഗസറ്റിലാണ് ഏറ്റവും ഒടുവിലത്തെ ഈ അതിവിശിഷ്ട കാളകൂടം പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യാ ടുഡെ മാഗസിന്‍ 2008ല്‍ പ്രസിദ്ധീകരിച്ച ഒരു 'എക്സ്ക്ളൂസീവ്' യാദൃഛികമായി ഓര്‍മയിലെത്തുകയാണ്. മലയാളിയായ സന്ദീപ് ഉണ്ണിത്താന്‍ എന്ന റിപ്പോര്‍ട്ടറാണ് ഇത് തയാറാക്കിയത്. സഫ്ദര്‍ നഗോരി എന്ന മുന്‍ സിമി നേതാവിനെ അക്കാലത്ത് പോലീസ് അറസ്റ് ചെയ്യുകയും നാര്‍ക്കോ അനാലിസിന് വിധേയമാക്കുകയും ചെയ്തിരുന്നുവല്ലോ. അദ്ദേഹത്തിന്റെ നാര്‍ക്കോ അനാലിസിസ് റിപ്പോര്‍ട്ട് ഉണ്ണിത്താന്‍ വളരെ 'കഷ്ടപ്പെട്ട്' സംഘടിപ്പിച്ചുവത്രെ! ഈ നഗോരിയോടൊപ്പമാണ് മലയാളിയായ ശിബിലി പീടിയേക്കലും പിടിയിലായത്. സംഝോത്ത എക്സ്പ്രസില്‍ ബോംബുവെച്ചത് 'പാകിസ്താനില്‍ നിന്നും വന്ന' ചിലരാണെന്നും ഇന്‍ഡോറിലെ കോത്താരി മാര്‍ക്കറ്റില്‍ നിന്ന് സ്യൂട്ട്കേസുകള്‍ വാങ്ങാന്‍ താനാണ് അവരെ സഹായിച്ചതെന്നും നഗോരി ടെസ്റിനിടയില്‍ സമ്മതിച്ചുവത്രെ! തീര്‍ന്നില്ല, മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പരക്കു പിന്നിലും സിമിയാണെന്ന് ഈ വെളിപ്പെടുത്തലിലുണ്ടായിരുന്നു. കൊല്‍ക്കത്തയിലെ ഒരു അബ്ദുര്‍ റസാഖും മിസ്ബാഹുല്‍ ഇസ്ലാമുമാണത്രെ സ്ഫോടനം നടത്താന്‍ സിമിക്കാരെ സഹായിച്ചത്. മാലേഗാവ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ടതും മുസ്ലിംകളായിരുന്നുവെന്നു മാത്രമല്ല അവരെ നഗോരിക്ക് മുന്‍പരിചയമുണ്ടായിരുന്നുവെന്നും സമ്മതിക്കപ്പെട്ടു. ഹൈദരാബാദിലെ സ്ഫോടനം നടത്തിയവന്റെ പേരും നഗോരി കൃത്യമായി പറഞ്ഞു. നസീര്‍. സിമിയിലെ തന്റെ എതിര്‍ഗ്രൂപ്പിനെ തകര്‍ക്കാനാണത്രെ നസീര്‍ ഗോകുല്‍ ചാറ്റ് ഭണ്ഡാറില്‍ സ്ഫോടനം നടത്തിയത്. നമുക്കറിയാവുന്ന തടിയന്റവിടെ നസീര്‍ ആണോ ഇതെന്ന് ഇപ്പോള്‍ ആര്‍ക്കും സംശയിക്കാവുന്നതേ ഉള്ളൂ! ആര്‍ക്കറിയാം ഈ നസീറാണോ ആ നസീറെന്ന്. എന്തായാലും ഇന്ത്യാ സ്റോറി തങ്ങളുടെ കൈയിലുണ്ടെന്ന് അവകാശപ്പെട്ട ആ എക്സ്ക്ളൂസീവ് റിപ്പോര്‍ട്ട് നമ്മുടെ ഉണ്ണിത്താന്‍ ലേഖകന്‍ ഒന്നു പുനഃപ്രസിദ്ധീകരിച്ചാല്‍ കൊള്ളാമായിരുന്നു...
അക്കാലത്ത് പ്രവീണ്‍ സ്വാമി എഴുതിയ കുപ്രസിദ്ധമായ ഒരു ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. 'മക്കാ മസ്ജിദ് സ്ഫോടനം: ആന്ധ്രാ ആസ്ഥാനത്തേക്ക് മുസ്ലിംകളിലെ ജിഹാദീ വാസനയും വര്‍ഗീയതയും അന്താരാഷ്ട്ര ഭീകര ബന്ധങ്ങളും കടന്നു കയറുമ്പോള്‍' (ദ ഹിന്ദു, മെയ് 23, 2007) ഈ ലേഖനം ഇന്ന് സ്വാമി പുനഃപ്രസിദ്ധീകരിക്കാന്‍ തയാറാവുമെങ്കില്‍ ഒരുപക്ഷേ അദ്ദേഹത്തെ പീരങ്കി കൊണ്ട് വെടിവെച്ചാല്‍ പോലും ഒരു പോറലും ഏല്‍ക്കില്ല. അത്രക്കു വിശിഷ്ടമായ ചര്‍മമാണത്. അജ്മീര്‍ സ്ഫോടനത്തിനു ശേഷം എഴുതിയ 'ജനപ്രിയ ഇസ്ലാമിനെതിരെയുള്ള യുദ്ധം' എന്ന ലേഖനവും ദല്‍ഹി ബട്ലാ ഹൌസില്‍ നടന്ന ഏറ്റുമുട്ടലിനെ കുറിച്ചെഴുതിയതും ഈ സന്ദര്‍ഭത്തില്‍ ആണത്തമുണ്ടെങ്കില്‍ സ്വാമി പുനഃപ്രസിദ്ധീകരിക്കട്ടെ. സൂഫി ഇസ്ലാമിനോട് ലശ്കറെ ത്വയ്യിബക്കുള്ള വിയോജിപ്പാണ് അജ്മീരില്‍ ബോംബു വെക്കാന്‍ കാരണമായതത്രെ. അസിമാനന്ദ വി.എച്ച്.പിക്കാരന്‍ സന്യാസിയാണെങ്കില്‍ പോലും മാനുഷിക വികാരങ്ങളെ മറികടക്കാന്‍ കഴിയാതിരുന്നതു കൊണ്ടാണല്ലോ കുമ്പസാരിച്ചത്. ഏറിയാല്‍ ഒരു നൂറു പേരുടെ മരണത്തിന് ഈ അസിമാനന്ദ കാരണക്കാരനായിട്ടുണ്ടാവാം. ലക്ഷക്കണക്കിന് ഇന്ത്യന്‍ മുസ്ലിംകളുടെ ജീവിതം നരകതുല്യമാക്കിയിട്ടും ഒരു മാപ്പു പോലും പറയാത്ത പ്രവീണ്‍ സ്വാമി അക്കണക്കിന് എത്ര നീചന്‍!
മാലേഗാവിലും ഹൈദരാബാദിലും മുംബൈയിലും രാജ്യം നടുങ്ങിയ മറ്റനേകം സ്ഫോടനക്കേസുകളിലും 'അതിവിശിഷ്ട സേവനത്തിന്' മെഡലുകള്‍ വാങ്ങിക്കൂട്ടിയ അന്വേഷണ ഉദ്യോഗസ്ഥരെ ഇന്ത്യ എന്തു ചെയ്യണം? മാലേഗാവില്‍ ഒമ്പത് നിരപരാധികളെയാണ് എ.ടി.എസ് കുറ്റപത്രം കൊടുത്ത് ജയിലിട്ടിരിക്കുന്നത്. മുംബൈ ട്രെയിന്‍ സ്ഫോടനക്കേസും മാലേഗാവും നഗോരിയദ്ദേഹം സിമിക്കാരുടെ പട്ടികയില്‍ വരവുവെക്കുന്നുണ്ടെങ്കില്‍ അതില്‍ ഒരു കേസ് മാത്രമല്ല അസിമാനന്ദയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പുനഃരന്വേഷിക്കേണ്ടത്. എല്ലാ ഭീകരാക്രമണ കേസുകളും എന്‍.ഐ.എ അന്വേഷിക്കട്ടെ. എ.ടി.എസ് മുതല്‍ക്ക് കേരളത്തിലെ മഅ്ദനി വേട്ടക്കാര്‍ വരെയുള്ള മുഴുവന്‍ ഭീകര വിരുദ്ധ സ്ക്വാഡുകള്‍ക്കും കൊടുത്ത ഉദ്യോഗക്കയറ്റവും മെഡലുകളും തിരിച്ചെടുക്കട്ടെ. ഉദ്യോഗത്തില്‍ നിന്ന് 'പദവിയിറക്ക'മായിരിക്കരുത് ഇവരുടെ ശിക്ഷ. ഭീകരതയെ കുറിച്ച കേസുകള്‍ അന്വേഷിക്കുന്നതിന്റെ പേരില്‍ ഇവര്‍ സൃഷ്ടിച്ചുണ്ടാക്കിയ 'തെളിവുകള്‍' വംശീയ വിദ്വേഷമല്ലെങ്കില്‍ പിന്നെന്താണ്? സ്വാമി അസിമാനന്ദയുടെ കുറ്റസമ്മത മൊഴി ഇനി അദ്ദേഹത്തിന് നിഷേധിക്കാനാവാത്ത വിധത്തിലാണ് രേഖപ്പെടുത്തപ്പെട്ടത്. അതല്ല തടിയന്റവിടെ നസീറിന്റെ മൊഴി. ഈ സ്വാമി ആര്‍.എസ്.എസ്സുകാരനല്ല എന്ന് കേരളത്തിലെ ഏതെങ്കിലും പ്രചാരക് ദേശീയ പത്രത്തിന് പ്രസ്താവന നല്‍കിയതു കൊണ്ടോ ഇയാളെ തങ്ങള്‍ക്കറിയില്ലെന്ന് വി.എച്ച്.പിയുടെ ആഗോള നേതാവ് അശോക് സിംഗാള്‍ പ്രസ്താവനയിറക്കിയതു കൊണ്ടോ ഈ പാപഭാരത്തില്‍ നിന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിന് തലയൂരാനാവുമോ?