ജമാല്‍ മലപ്പുറത്തെ അനുസ്മരിക്കുന്നു
തൂലികയിലൂടെ ജീവിതം ധന്യമാക്കി
കെ.പി കുഞ്ഞിമ്മൂസ
മണ്‍മറഞ്ഞ തലമുറയില്‍ എത്രയോ പ്രഗത്ഭരായ സാഹിത്യാചാര്യന്മാരും എഴുത്തുകാരുമുണ്ട്. എന്നാലും അറിയപ്പെടേണ്ടവരില്‍ ഒരാളായ ജമാല്‍ മലപ്പുറവും ആ പട്ടികയില്‍ ചെന്നുചേര്‍ന്നിരിക്കുന്നു.
കൂട്ടായി അബ്ദുല്ലഹാജിയെ പോലുള്ള പണ്ഡിതന്മാരുടെ ഖുര്‍ആന്‍ പാരായണം കര്‍ണാനന്ദകരവും കണ്ണുനീരില്‍ കുളിര്‍ന്നവയുമാണെന്ന് പിതാവ് കുഞ്ഞിക്കോയ മകന്‍ ജമാലിനോട് പറഞ്ഞത് പ്രബോധനത്തിലൂടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ്. 1989-ലെ 'തിരുവരുള്‍' സംവാദത്തോടെ ജമാല്‍ എന്റെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടി. പലരും പങ്കെടുത്ത പ്രസ്തുത സംവാദത്തില്‍ ജമാലിന്റെ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പ്രഗത്ഭനായ എഴുത്തുകാരന്‍ എന്ന നിലയിലും വിദഗ്ധനായ വിമര്‍ശകന്‍ എന്ന നിലയിലും പ്രസിദ്ധി നേടിയിരുന്ന സ്മര്യ പുരുഷനെ ഞാന്‍ ഒന്നോ രണ്ടോ തവണയേ കണ്ടിട്ടുള്ളൂ. ആ എഴുത്തുകാരന്റെ സഹൃദയത്വത്തിന് ഒരു സവിശേഷതയുണ്ടെന്ന് എനിക്കനുഭവപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ തൂലിക നല്‍കിയ വിലപ്പെട്ട സംഭാവനകളെ പറ്റി പലപ്പോഴും ഓര്‍ക്കാറുമുണ്ട്. ഇപ്പോഴത് സാഹിത്യാരാമത്തിലെ വസന്ത വിലാസത്തിന്റെ മധുര സ്മരണകളായി മനസ്സില്‍ ഉദിച്ചുയരുന്നു.
ജമാല്‍ മലപ്പുറത്തിന്റെ ശൈലിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. വിപ്ളവകരമെന്ന വിശേഷത്തിന് ശക്തിയും വ്യാപ്തിയും പോരെന്ന് കണ്ടിട്ട് വിസ്ഫോടനമെന്ന വാക്ക് കൊണ്ട് മാധ്യമ പുരോഗതിയെ പലരും വിശേഷിപ്പിക്കുമ്പോഴും ജമാലിന്റെ ശൈലി അതൊക്കെയായിരുന്നുവെന്ന് എനിക്ക് തോന്നിപ്പോയിട്ടുണ്ട്. അറിവുണ്ടെന്ന് ഭാവിക്കുന്ന മിഥ്യാ സങ്കല്‍പങ്ങള്‍ക്കെതിരെ യാഥാര്‍ഥ്യബോധം നഷ്ടമാകാതെ സൂക്ഷിക്കാന്‍ ജമാലിന്റെ ശൈലിക്ക് സാധിച്ചിരുന്നു. മാറ്റങ്ങളുടെ അമ്പരപ്പില്‍ വേരുകള്‍ നഷ്ടപ്പെടാതെ പിടിച്ചുനില്‍ക്കാന്‍ സ്വതസിദ്ധമായ ശൈലി വഴി ജമാലിന് സാധിച്ചു.
അന്ധവിശ്വാസത്തിന്റെ ആപത്കരമായ നീരാളിപ്പിടുത്തത്തില്‍നിന്നും ഇസ്ലാമിക സംസ്കാരത്തിന്റെ സങ്കല്‍പം പോലും അപ്രത്യക്ഷമായേക്കുമെന്ന ഭയമുദിച്ചപ്പോള്‍ കരുത്തുള്ള ആ തൂലിക നിരന്തരം ചലിച്ചുകൊണ്ടിരുന്നു. ഏതു വിഷയത്തെയും ആത്മസംയമനത്തോടെയും ആധികാരികമായും വിലയിരുത്തിയ രചനകളെ മലയാളികള്‍ക്ക് അദ്ദേഹം പരിചയപ്പെടുത്തി.
ജനങ്ങളെ അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്ക് നയിക്കാനായി അവതീര്‍ണമായ വിശുദ്ധ ഗ്രന്ഥം മനുഷ്യരുടെ മുഴുജവിതത്തിന്റെയും ഭരണഘടനയാണെന്ന് അടിവരയിട്ടു പറയുന്ന ജമാലിനെ പോലെയുള്ള എഴുത്തുകാര്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ വെളിച്ചത്തില്‍ വിവിധ വിഷയങ്ങളെ വിലയിരുത്തുന്നത് വിവിധ തലങ്ങളില്‍ പ്രവൃദ്ധമാകാനുപകരിക്കും. അനുവാചക ലോകത്തിന്റെ ശ്രദ്ധയില്‍ പ്രകൃതി മതത്തിന്റെ അനിവാര്യത കൊണ്ടുവരിക എന്ന സ്തുത്യര്‍ഹമായ കൃത്യമാണ് ആ തൂലിക ചെയ്തത്. ഉന്നതമായ അവബോധം സൃഷ്ടിക്കാന്‍ അത് പര്യാപ്തമായി. മതത്തിന്റെ ശക്തിസൌന്ദര്യങ്ങളെ വായനക്കാരുടെ മനഃസംസ്കരണത്തിന് ഉപയോഗപ്പെടുത്തുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കണ്ടെത്തി അത് പകര്‍ന്നു നല്‍കിയ ജമാല്‍ മലപ്പുറം, തൂലിക വഴി ജീവിതത്തെ ധന്യമാക്കി. എഴുത്തിന്റെ സ്വാതന്ത്യ്രം ആഘോഷിക്കുന്ന പുതിയ ലോകത്തെ യുവ എഴുത്തുകാര്‍ ജമാലിന്റെ ശൈലിയെയാണ് മാതൃകയാക്കേണ്ടത്. മതത്തിന്റെ വിധിവിലക്കുകള്‍ക്കപ്പുറം സഞ്ചരിക്കാനുള്ള സ്വാതന്ത്യ്രം അവര്‍ക്കില്ലെന്ന് ജമാല്‍ പറഞ്ഞുവെച്ചിരിക്കുന്നു.