ജമാല്‍ മലപ്പുറത്തെ അനുസ്മരിക്കുന്നു
എന്നുമെന്നും ഖുര്‍ആന്റെ തണലില്‍
വി.എ കബീര്‍
ജനുവരി 7 വെള്ളിയാഴ്ച പുലര്‍ച്ചെ വി.കെ ജലീല്‍ ആ ദുഃഖ വാര്‍ത്ത വിളിച്ചറിയിച്ചപ്പോള്‍ ഏതാനും നിമിഷം സ്തബ്ധനായിപ്പോയി. ജലീലിന്റെ മനസ്സും ആ ശബ്ദത്തില്‍ സ്പന്ദിക്കുന്നത് അനുഭവിച്ചറിയാമായിരുന്നു. സൌഹൃദത്തിന്റെ പച്ചമരത്തില്‍നിന്ന് ഒരു ഇലകൂടി കൊഴിയുന്നു. അതൊരു ഉണക്ക ഇലയാണെന്ന് വിശ്വസിക്കാന്‍ ഒരിക്കലും മനസ്സ് കൂട്ടാക്കുകയില്ല. വയസ്സ് അറുപത് പിന്നിട്ടെങ്കിലും ഇവനേക്കാള്‍ രണ്ട് വയസ്സെങ്കിലും മൂത്തവനാണെങ്കിലും കൊഴിഞ്ഞു വീണത് പച്ചില തന്നെയാണ്; ഏത് അര്‍ഥത്തിലെടുത്താലും. ജമാല്‍ മലപ്പുറത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ബൈപാസ് സര്‍ജറി നടന്നതറിയാതെയല്ല. ജിദ്ദയില്‍ നിന്ന് അന്ന് 'മലയാളം' പത്രത്തിലുണ്ടായിരുന്ന പി.കെ നിയാസാണ് വിജയകരമായ ആ ശസ്ത്രക്രിയയെക്കുറിച്ച് ഇമെയില്‍ സന്ദേശമയച്ചു പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടത്. അതിനു ശേഷം ആരോഗ്യത്തിന് വലിയ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. വാര്‍ഷിക ഒഴിവില്‍ നാട്ടില്‍ വന്നപ്പോള്‍ രണ്ടു തവണ പരസ്പരം കാണുകയുമുണ്ടായി. മാധ്യമം ഓഫീസില്‍ വെച്ചായിരുന്നു ആദ്യ സംഗമം. പുതുതലമുറയിലെ ഈജിപ്ഷ്യന്‍ നോവലിസ്റ് അസ്വ്വാനിയുടെ 'യഅ്ഖൂബിയാന്‍ കെട്ടിടം' (ഇമാറത്ത് യഅ്ഖൂബിയാന്‍) അപ്പോള്‍ എനിക്ക് സമ്മാനിക്കുകയും ചെയ്തു. ഞാന്‍ തേടിക്കൊണ്ടിരുന്ന പുസ്തകമായിരുന്നു അത്. എന്റെ വായനാഭിരുചികള്‍ ജമാലിനോട് പ്രത്യേകം പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഏകദിശോന്മുഖമായ ഇസ്ലാമിക വായനയായിരുന്നില്ല ഞങ്ങളുടെ വായനാ സ്വഭാവം. എതിര്‍ വായന പണ്ടേ ഞങ്ങള്‍ സന്ധിക്കുന്ന ബിന്ദുവായിരുന്നു. വായനക്ക് വേലി കെട്ടുന്നവരോട് പുഛമായിരുന്നു. സുഊദിയില്‍ ചേക്കേറിയതില്‍ പിന്നെ കത്തുകള്‍ കൈമാറുമ്പോള്‍ പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും കട്ടിംഗുകളും കൈമാറുമായിരുന്നു. നിസാര്‍ ഖബ്ബാനിയുടെ കവിതകള്‍ ആദ്യമായി ഞാന്‍ പരിചയപ്പെടുന്നത് ജമാലിലൂടെയാണ്. മലയാളി വംശജനായ പരേതനായ സുഊദി എഴുത്തുകാരന്‍ മുഹമ്മദ് അബ്ദുല്ല മലബാരി കൈപ്പടയില്‍ ജമാലിന്നെഴുതിക്കൊടുത്ത വരികള്‍, ഇന്ത്യയില്‍ സിറിയന്‍ നയതന്ത്ര പ്രതിനിധിയായിരുന്ന, ഖജൂരാവോ ക്ഷേത്ര രതിശില്‍പങ്ങളെ കുറിച്ച് ദീര്‍ഘ കവിതയെഴുതിയ ഉമര്‍ അബൂരീശയുമായുള്ള അഭിമുഖം, ഈജിപ്ഷ്യന്‍ സാഹിത്യകാരനായ അനീസ് മന്‍സൂര്‍ തിരുവനന്തപുരത്ത് വന്നപ്പോള്‍ നിരത്ത് മുഴുക്കെ തുപ്പി നടക്കുന്ന മലയാളികളെ കുറിച്ച് തന്റെ യാത്രാ വിവരണത്തില്‍ കോറിയിട്ട ഭാഗങ്ങള്‍, അഹ്മദ് ബഹ്ജത്തുമായി ഉസ്റ മാഗസിന്‍ നടത്തിയ അഭിമുഖം, മഹാ പണ്ഡിതന്മാരും ചെച്ന്‍ സ്വാതന്ത്യ്രപ്പോരാളികളുമായ ബാമാത്ത് സഹോദരന്മാരെക്കുറിച്ച് (ഇവരില്‍ ഹൈദര്‍ ബാമാത്തിന്റെ 'മുസ്ലിം കോണ്‍ട്രിബ്യൂഷന്‍ റ്റു ഹ്യൂമന്‍ സിവിലൈസേഷന്‍' പണ്ട് ബോധനം ഡൈജസ്റില്‍ ഞാന്‍ പരിഭാഷപ്പെടുത്തിയിരുന്നു) മുന്‍ ഒ.ഐ.സി സെക്രട്ടറി ജനറല്‍ എഴുതിയ ജീവചരിത്രക്കുറിപ്പ്, അഡോണിസിന്റെ അന്നസ്സ്വുല്‍ ഖുര്‍ആനി വ ആഫാഖുല്‍ കിതാബ (ഖുര്‍ആനും എഴുത്തിന്റെ ചക്രവാളങ്ങളും) എന്ന കൃതിയെക്കുറിച്ചുള്ള നിരൂപണം അങ്ങനെ ഒരുപാട് കട്ടിംഗുകള്‍ എന്റെ മനസ്സ് വായിച്ചറിഞ്ഞ് ജമാല്‍ അയച്ചുതന്നിരുന്നു. ജീവിതത്തോട് വിടവാങ്ങുന്നതിന്റെ തൊട്ടു നാളുകളിലും ഇമെയില്‍ ബന്ധം തുടര്‍ന്നിരുന്നു. മസ്കത്തില്‍ നടന്ന സമകാലിക ഒമാനി കവിതകളുടെ ഔപചാരിക പ്രകാശനത്തില്‍ ചെയ്ത അറബി പ്രസംഗത്തിന്റെ കോപ്പി ഖത്തരി എഴുത്തുകാരി ബുഷ്റാ നാസ്വിറിന്റെ കമന്റ് സഹിതം അയച്ചുകൊടുത്തപ്പോള്‍ ആ കമന്റിന് ഇരട്ട അടിവരയിടുന്നു എന്നാണ് ജമാല്‍ മറുപടിയില്‍ കുറിച്ചത്.
എന്റെ മനസ്സ് വായിച്ചറിഞ്ഞപോലെ തന്നെയാണ് പിന്നീട് ചലച്ചിത്രാവിഷ്കാരം പൂണ്ട 'യഅ്ഖൂബിയാന്‍ ബില്‍ഡിംഗു'മായി ജമാല്‍ മാധ്യമം ഓഫീസില്‍ പ്രത്യക്ഷപ്പെട്ടത്. ഈജിപ്തിലെ അര്‍മീനിയന്‍ കമ്യൂണിറ്റിയുടെ തലവനായ ജേക്കബ് യഅ്ഖൂബിയാന്‍ 1934-ല്‍ ത്വല്‍അത് ഹര്‍ബ് റോഡില്‍ നിര്‍മിച്ച അതിപുരാതന കെട്ടിട സമുച്ചയമാണത്. അതിലെ താമസക്കാരായ പല തട്ടിലുള്ള അനേകം കുടുംബങ്ങളുടെ ജീവിതത്തെ ഉപജീവിച്ചുകൊണ്ടുള്ള സമകാലിക ഈജിപ്ഷ്യന്‍ രാഷ്ട്രീയമാണ് നോവലിന്റെ മുഖ്യ പ്രമേയം. ഒരു ഗംഭീര നോവലായിരിക്കുമെന്ന ധാരണയോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും നിരാശയായിരുന്നു ഫലം. രണ്ടു മാസത്തിനകം ഒന്നാം പതിപ്പ് വിറ്റ് തീരുക, നാലു വര്‍ഷത്തിനിടെ ഒമ്പത് പതിപ്പുകള്‍ പുറത്തിറങ്ങുക, മാര്‍ക്സിന്റെയും പൌലോ കൊയ്ലയുടെയും പ്രസാധകരായ ഹാര്‍പ്കോളിന്‍സ് ഇംഗ്ളീഷ് പതിപ്പ് പുറത്തിറക്കുക- വായനക്ക് ഇതിലേറെ പ്രലോഭനം വേണോ? ഈജിപ്ഷ്യന്‍ ഭരണ രാഷ്ട്രീയത്തിലെ അഴിമതികളും അന്തര്‍നാടകങ്ങളും അനാവരണം ചെയ്യുന്നു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ സെക്സും തീവ്രവാദവും പോലീസ് ഭീകരതയുമടക്കം എല്ലാ മസാലക്കൂട്ടും ചേര്‍ത്ത സമകാലിക വായനാ വിപണിയുടെ നാഡിമിടിപ്പ് കണ്ടറിഞ്ഞ് തട്ടിപ്പടച്ച ഒരു ശരാശരി നോവല്‍. വായനക്കാരനെ വഴിപിഴപ്പിക്കുന്ന പുതിയ കാലത്തെ പുസ്തകവിപണന തന്ത്രം എന്നാണ് ജമാല്‍ ഇതിനോട് പ്രതികരിച്ചത്.
കോഴിക്കോട്ടെ ഇസ്ലാമിക് യൂത്ത് സെന്ററില്‍ വെച്ചായിരുന്നു ഒടുവിലത്തെ സംഗമം. പഴയ സുഹൃത്തുക്കളുമായി അല്‍പ സമയം ഒന്നിച്ചിരിക്കാനുള്ള ആ അവസരത്തിന് മുന്‍കൈ എടുത്തതും ജമാല്‍ തന്നെയായിരുന്നു. ഇനിയൊരു കൂടിച്ചേരലുണ്ടാവില്ലെന്ന് അപ്പോള്‍ ആരോര്‍ക്കാന്‍! അന്നും പഴയ പ്രസരിപ്പും തമാശയുമൊക്കെ സംഭാഷണത്തില്‍ നിറഞ്ഞുനിന്നു. സായാഹ്നത്തിന്റെ പടിവാതില്‍ക്കലേക്ക് ജീവിതം നടന്നടുക്കുമ്പോള്‍ ജീവിക്കുന്നുവെന്ന തോന്നലുളവാക്കുന്നത് ഇങ്ങനെ സൌഹൃദങ്ങള്‍ പുതുക്കപ്പെടുന്ന അവസരങ്ങളിലാണ്. ആത്മാവിനോട് ചേര്‍ത്തുവെക്കുന്ന സുഹൃത്തുക്കള്‍ പെട്ടെന്ന് ജീവിതത്തിന്റെ പടിയിറങ്ങി കാലത്തിന്റെ നീലക്കയത്തിലേക്ക് യാത്രയാകുമ്പോള്‍ വല്ലാത്തൊരു ശൂന്യത അനുഭവപ്പെടും.
ജമാലിനെ ഓര്‍ക്കുമ്പോള്‍ ആദ്യം മനോമുകുരത്തില്‍ തെളിയുന്നത് പുനര്‍നിര്‍മാണത്തില്‍ അപ്രത്യക്ഷമായി പോയ ശാന്തപുരത്തെ പഴയ പള്ളിയിലെ ചെരുവാണ്. അതാണ് കിടപ്പറ. തൊട്ടടുത്താണ് മയ്യിത്ത് കട്ടില്‍. മരണഭയത്തെ അതിജീവിച്ചുകൊണ്ട് എത്രയോ രാവുകള്‍ ജമാല്‍ അവിടെ കിടന്നുറങ്ങി. എന്റെ പൊറുതിയും അക്കാലത്ത് അതിനടുത്ത് തന്നെയായിരുന്നു. ഒഴിവ് സമയങ്ങളിലും പഞ്ഞം പിടിച്ച അത്താഴത്തിനും ശേഷം ഞങ്ങള്‍ അവിടെ ഒത്തുകൂടി സൊറ പറഞ്ഞിരുന്നു. അറുപതുകളുടെ മധ്യത്തില്‍ ശാന്തപുരം ഇസ്ലാമിയാ കോളേജിലെത്തുമ്പോള്‍ ജമാല്‍ എന്റെ രണ്ടു വര്‍ഷം സീനിയറായിരുന്നു. വായനയുടെ വസന്തകാലമായിരുന്നു അത്. ഞങ്ങളെ അടുപ്പിച്ച് നിര്‍ത്തിയത് വായനയുടെ സമാനാഭിരുചികളായിരുന്നുവെന്ന് തോന്നുന്നു. അതീവ ശോചനീയമായിരുന്നു ആ സുഹൃത്തിന്റെ സാമ്പത്തിക നില. എന്നാലും നാല് കാശ് കൈയില്‍ വരുമ്പോള്‍ ഏറ്റവും പുതിയ ഇംഗ്ളീഷ് പുസ്തകങ്ങളും കേരളക്കവിത പോലുള്ള ആനുകാലികങ്ങളും വാങ്ങി വായനയെ ആഘോഷിക്കും. ഹൈദറാക്ക പെരിന്തല്‍മണ്ണ ചന്തയില്‍ നിന്ന് കൊണ്ടുവരുന്ന കുമ്പളങ്ങയുടെ കറിക്കും ചോറിനുമപ്പുറം രുചികരമായ ഭക്ഷ്യവിഭവങ്ങള്‍ ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കതീതമായിരുന്നെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മെനുവും സായ്പന്മാരുടെ തീന്‍മേശാ മുറകളും പുതിയ ഫാഷന്‍ ബ്രാന്റുകളുമൊക്കെ ജമാലിന് മനഃപാഠമായിരുന്നു. ബാക്ക് പേജില്‍ പതിവായി സ്ത്രീകളുടെ നഗ്നചിത്രം പ്രസിദ്ധീകരിക്കുന്ന കറഞ്ചിയയുടെ ബ്ളിറ്റ്സ് നഗ്ന ചിത്രത്തിന്റെ തൊട്ടടുത്ത് കെ.എ അബ്ബാസ് എഴുതുന്ന മനോഹരമായ കോളം വായിക്കാന്‍ ചിലപ്പോള്‍ കാമ്പസിലേക്ക് ഒളിച്ചുകടത്തും. ഇന്ത്യയിലേക്ക് വിദേശത്ത് നിന്ന് കട്ടുകടത്തുന്ന പ്ളേബോയ് മാഗസിന്‍ എവിടെ നിന്നെങ്കിലും തേടിപ്പിടിക്കും. തെറ്റിദ്ധരിക്കണ്ട, റസലിനെ പോലുള്ളവര്‍ എഴുതുന്ന ലേഖനങ്ങളാണ് പ്രലോഭനം.
അക്കാലത്ത് മദ്രാസില്‍നിന്ന് എം. ഗോവിന്ദന്റെ സഹകരണത്തോടെ കെ. കുഞ്ഞികൃഷ്ണന്‍ പ്രസിദ്ധീകരിച്ചിരുന്ന അന്വേഷണം മാസികയുടെ വരിക്കാരനായിരുന്നു ഞാന്‍. കടമ്മനിട്ട എഴുതിത്തുടങ്ങുന്നത് അന്വേഷണത്തിലാണ്. ആധുനിക ചിത്രകലയെ മുഖചിത്രമാക്കിയ അന്വേഷണത്തിലെ ഉള്ളടക്കവും പല നിലക്കും പുതുമ നിറഞ്ഞതായിരുന്നു. കെ. വേണുവും സച്ചിദാനന്ദനും എക്സിസ്റന്‍ഷ്യലിസത്തെക്കുറിച്ച് തര്‍ക്കിച്ചത് അന്വേഷണത്തിലായിരുന്നു. 'മാംസനിബദ്ധമായ പ്രേമം' എന്ന ശീര്‍ഷകത്തില്‍ ആശാന്‍ കവിതകളുടെ അപവായനയടക്കം ലേഖനങ്ങളും അത്യന്താധുനിക കഥകളും പ്രസിദ്ധീകരിച്ച അന്വേഷണവും മറ്റൊരു സാഹിത്യ- വൈജ്ഞാനിക മാസികയായ കേരള ഡൈജസ്റും ഞങ്ങള്‍ ഒന്നിച്ചിരുന്ന് വായിച്ച് ചര്‍ച്ച ചെയ്തു. കേരള ഡൈജസ്റില്‍ ആനുകാലികങ്ങളിലെ ലേഖനങ്ങളില്‍ വരുന്ന ഭാഷാ വൈകല്യങ്ങളെ 'പ്യൂരിറ്റന്‍' എന്ന തൂലികാ നാമത്തില്‍ ഒരു എഴുത്തുകാരന്‍ പതിവായി വിശകലനം ചെയ്തിരുന്നു. ആ പംക്തിയിലേക്ക് പ്രബോധനത്തിലെ ചില ലേഖനങ്ങളില്‍ തനിക്ക് ശൈലീ ഭംഗമായി തോന്നുന്ന ഖണ്ഡങ്ങള്‍ പകര്‍ത്തി അയച്ചു കൊടുക്കുന്ന ഹോബി ജമാലിനുണ്ടായിരുന്നു.
സതീര്‍ഥ്യനായ പി.വി ജബ്ബാറിന് അയാളുടെ സഹോദരന്‍ കുവൈത്തില്‍ നിന്നയച്ചു കൊടുക്കുന്ന അല്‍ അറബിക്ക് വേണ്ടി ജമാല്‍ കാത്തിരിക്കും. അന്നത്തെ പത്രാധിപര്‍ അഹ്മദ് സക്കി എഴുതുന്ന ദീര്‍ഘമായ മുഖലേഖനമായിരുന്നു ജമാലിന്റെ കമ്പം. പ്രമേയത്തേക്കാളുപരി സക്കിയുടെ ഭാഷാ ശൈലിയായിരുന്നു ഏറ്റവും വലിയ ആകര്‍ഷണം. അത്രതന്നെ ഹൃദയത്തോടു ചേര്‍ത്ത് വെച്ച എഴുത്തുകാരനായിരുന്നു സയ്യിദ് ഖുത്വ്ബ്. ജമാലിന്റെ മനസ്സിനെ കീഴടക്കിയ കൃതിയാണ് സയ്യിദ് ഖുത്വ്ബിന്റെ ഖുര്‍ആന്‍ ഭാഷ്യമായ ഫീ ളിലാലില്‍ ഖുര്‍ആന്‍. ഇപ്പോഴും മനസ്സില്‍നിന്ന് മായാത്ത ഒരു രംഗമുണ്ട്. സയ്യിദ് ഖുത്വ്ബിനെ ഈജിപ്ഷ്യന്‍ കാപാലിക ഭരണകൂടം തൂക്കിലേറ്റിയ ദിവസം പൊട്ടിക്കരഞ്ഞ ജമാല്‍! എത്ര അകലെയും അദൃശ്യനുമാണെങ്കിലും വായനക്കാരുടെ ഹൃദയത്തിലേക്ക് ഇറങ്ങിവരുന്ന എഴുത്തുകാരന്റെ പ്രഭാവത്തെക്കുറിച്ച് ആലോചിച്ചുപോയ നിമിഷം. ഈജിപ്ഷ്യന്‍ യൌവനം ഇപ്പോഴും സയ്യിദ് ഖുത്വ്ബിനെ കൊണ്ടാടുന്നതെന്തുകൊണ്ടാണെന്നതിന്റെ നേര്‍ സാക്ഷ്യമായിരുന്നു ആ അശ്രുകണങ്ങള്‍.
ആധുനിക അറബിയില്‍ നല്ല നൈപുണ്യമുള്ള വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു ജമാല്‍. മനോഹരമായ ഭാഷയില്‍ എഴുതും. എന്നാല്‍ കൈയക്ഷരത്തിന്റെ കാര്യം സരോജിനി നായിഡു ഗാന്ധിജിയെ കളിയാക്കിയ മട്ടില്‍ തലേലെഴുത്ത് പോലെ മഹാമോശവുമായിരുന്നു. അതിനാല്‍ വായനയുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വലിയ അക്ഷരത്തിലാണ് എഴുതുക. പരിഭാഷയിലും മിടുക്കനായിരുന്നു. പരിഭാഷയിലെ പിഴകള്‍ ഭാഷാപരിജ്ഞാനം കാരണം പെട്ടെന്ന് കണ്ടുപിടിക്കും.
ശാന്തപുരത്തെ പഠനം പൂര്‍ത്തിയായപ്പോള്‍ തൃശൂരിലായി ജമാലിന്റെ ആദ്യത്തെ പ്രവര്‍ത്തന മണ്ഡലം. അവിടെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളെയും പ്രഫസര്‍മാരെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള സ്റഡി സര്‍ക്കിളില്‍ ജമാല്‍ സജീവമായി. തുറന്ന ചര്‍ച്ചകള്‍ യുക്തിവാദികളെയടക്കം വ്യത്യസ്ത ചിന്താഗതിക്കാരെ അതിലേക്കാകര്‍ഷിച്ചു. സ്വതസിദ്ധമായ നര്‍മബോധത്തിലൂടെ ചര്‍ച്ച ചൂടുപിടിക്കുമ്പോള്‍ അന്തരീക്ഷത്തിന് ലാഘവമുണ്ടാക്കുക ജമാലിന്റെ ഒരു രീതിയായിരുന്നു. പ്രവാചകന്റെ ബഹുഭാര്യാത്വം ചര്‍ച്ചയായപ്പോള്‍ യുക്തിവാദിയായ ഒരു പ്രഫസര്‍ പ്രവാചകന്റെ ലൈംഗിക ദൌര്‍ബല്യത്തെക്കുറിച്ച് വാചാലനായി. പ്രഫസറേ, അത് ദൌര്‍ബല്യമല്ലല്ലോ, ശക്തിയല്ലേ എന്ന തട്ടുത്തരമാണ് ജമാല്‍ ആദ്യം പറഞ്ഞത്. അത് യഥാര്‍ഥ മറുപടിയല്ലെന്ന് ജമാലിനറിയാം. പ്രവാചകന്റെ ബഹുഭാര്യാത്വ പശ്ചാത്തലം പിന്നീട് വിശദമാക്കുകയും ചെയ്തു. പത്നിമാരില്‍ ബഹുഭൂരിപക്ഷവും യുദ്ധത്തില്‍ ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട വൃദ്ധകളാണെന്നറിയുന്നതോടെ ലൈംഗിക ദൌര്‍ബല്യം എന്ന പാശ്ചാത്യ ആരോപണത്തിന്റെ ദൌര്‍ബല്യം വെളിപ്പെടുകയും ചെയ്തു. തൃശൂരില്‍ അഭ്യസ്തവിദ്യര്‍ക്കിടയില്‍ ഇസ്ലാമികാഭിമുഖ്യം സൃഷ്ടിക്കുന്നതില്‍ ജമാലിന്റെ സാന്നിധ്യം വലിയ പങ്കുവഹിക്കുകയുണ്ടായി.
തൃശൂരില്‍നിന്ന് എഴുപതുകളുടെ ആദ്യത്തിലാണ് ജമാല്‍ പ്രബോധനത്തിലെത്തുന്നത്. മലയാളത്തിലും നര്‍മം മേമ്പൊടി ചേര്‍ത്ത തനതായൊരു ശൈലി ഈ എഴുത്തുകാരനുണ്ടായിരുന്നു. ജമാലിന്റെ ഇംഗ്ളീഷ്-അറബി വായനയുടെ ഗുണഫലം പ്രബോധനത്തിന്റെ താളുകള്‍ക്ക് പുതിയ പ്രസരിപ്പ് നല്‍കി. സ്വന്തം കുറിപ്പുകളുടെ ചൊടിയുള്ള ശീര്‍ഷകങ്ങള്‍ വായനക്കാരെ പെട്ടെന്ന് ആകര്‍ഷിക്കുന്നതായിരുന്നു. ഇന്‍സൈഡര്‍, ജെ.എം എന്നീ തൂലികാ നാമങ്ങളില്‍ വാരികയില്‍ ആരംഭിച്ച 'വായനക്കിടയില്‍', 'വാര്‍ത്തകള്‍ക്ക് പിന്നില്‍' എന്നീ കോളങ്ങള്‍ ജമാലിന്റെ സംഭാവനകളായിരുന്നു. ജമാല്‍ പോയ ശേഷം ഈയുള്ളവനും പ്രഫ. കോയയും കുറേകാലം ആ കോളങ്ങള്‍ തുടര്‍ന്നു. 'വാര്‍ത്തകള്‍ക്ക് പിന്നില്‍' ബിഹോള്‍ഡറിന്റെ പേരിലായി.
ഭാഗ്യം തേടി സുഊദിയിലേക്കാണ് ജമാല്‍ പിന്നെ പോയത്. സുഊദി പൌരനായ ഒരു പട്ടിക്കാട്ടുകാരന്റെ കൂടെയായിരുന്നു ജോലി തെണ്ടുന്ന കാലത്തെ പൊറുതി. അന്നും കത്തുകളും പത്രകട്ടിംഗുകളും ഞങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു. അതിനിടക്ക് ഞാനൊരു മഹാ വങ്കത്തം ചെയ്തു. നക്സലൈറ്റുകള്‍ നടത്തിയിരുന്ന പ്രസക്തിയുടെ ഒരു കോപ്പി തപാലില്‍ അയച്ചുകൊടുത്തു. കൂടെ പൊറുപ്പിച്ചിരുന്ന സുഊദി മലയാളി ചൂടാകാന്‍ ഇനിയെന്തെങ്കിലും വേണോ? സെന്‍സറുടെ ദൃഷ്ടിയില്‍ പെട്ടിരുന്നെങ്കില്‍ തലപോകുന്ന കാര്യമാണ്. അന്ന് മലയാളി സെന്‍സര്‍മാര്‍ ഇല്ലാതിരുന്നത് ഭാഗ്യം! ജമാല്‍ ഒരുപാട് ശകാരം കേള്‍ക്കേണ്ടിവന്നു. എന്നാല്‍ ഒരു ഫലിതം പോലെ ആസ്വദിച്ചുകൊണ്ടാണ് ഈ കാര്യങ്ങളൊക്കെ ജമാല്‍ എഴുതി അറിയിച്ചത്.
സുഊദിയില്‍ മെച്ചപ്പെട്ട ജോലിയൊന്നും കിട്ടാതെ ഒരു സംഘടനയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ചേന്ദമംഗല്ലൂര്‍ കോളേജിലെ അധ്യാപകനായി വീണ്ടും ജമാല്‍ നാട്ടില്‍ തിരിച്ചെത്തി. അടിയന്തരാവസ്ഥയില്‍ ജമാല്‍ നാട്ടിലായിരുന്നു. തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇന്ദിരാ ഗാന്ധിക്കെതിരെ സജീവമായി രംഗത്തിറങ്ങിയത് പ്രാദേശികമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. സ്പോണ്‍സര്‍ ചെയ്ത സംഘടന കൃത്യമായി ശമ്പളം നല്‍കാതിരുന്നതിനാല്‍ വലിയ കഷ്ടപ്പാടുകള്‍ നേരിടേണ്ടിവന്ന നാളുകളായിരുന്നു അത്. ഭാഗ്യം തേടി ജമാല്‍ വീണ്ടും സുഊദിയിലേക്ക് പോയി. അതിനിടെ ഞാന്‍ ഖത്തറില്‍ പോയപ്പോഴും കത്തിടപാടുകള്‍ തുടര്‍ന്നു. അറബിയില്‍നിന്ന് മൊഴിമാറ്റം ചെയ്യപ്പെടുന്ന പുസ്തകങ്ങളിലെ ഭീമാബദ്ധങ്ങള്‍ ജമാലിനെ ഏറെ അസ്വാസ്ഥ്യപ്പെടുത്തി. ഞങ്ങളുടെ സുഹൃത്തുക്കള്‍ തന്നെയായിരുന്നു 'പ്രതികള്‍.' ഈ പ്രതികളെ കടന്നാക്രമിക്കുമ്പോള്‍ 'ഇന്നഹും മിന്‍ അഹ്ലിനാ' (അവര്‍ നമ്മുടെ കുടുംബാംഗങ്ങളല്ലേ) എന്ന എന്റെ മൃദുനയം ജമാലിന് അത്രകണ്ട് തൃപ്തിയാകില്ല. കണിശമായി പരിശോധിച്ചാല്‍ ജമാലിന്റെ ന്യായങ്ങള്‍ക്ക് ടണ്‍കണക്കിന് കനമുണ്ടെന്ന് ബോധ്യപ്പെടും.
എം.എന്‍ കാരശ്ശേരിയുടെ തെരഞ്ഞെടുത്ത ഖുര്‍ആന്‍ സൂക്തങ്ങളുടെ സമാഹാരത്തിന് ജമാല്‍ പ്രബോധനത്തിലെഴുതിയ രൂക്ഷമായ നിരൂപണം വലിയ വിവാദത്തിനിടയാക്കി. എന്‍.പി മുഹമ്മദ്, എം.എം ബഷീര്‍ തുടങ്ങി പലരും ഇതിനോട് പ്രതികരിച്ച് പ്രബോധനത്തിലെഴുതി. ബഷീറിന്റെ ലേഖനം പരാമൃഷ്ട പുസ്തകത്തിലെ വിവര്‍ത്തനത്തില്‍നിന്ന് മാറി, വിവര്‍ത്തനം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള കാര്യമാത്ര പ്രസക്തമായൊരു ഗൈഡായിരുന്നു. എന്‍.പിയാകട്ടെ ജമാലിന്റെ 'മലപ്പുറം കത്തി'യെ അത്ര തന്നെ മൂര്‍ച്ചയിലാണ് നേരിട്ടത്. മുമ്പ് ജമാലിന്റെ വിവര്‍ത്തനത്തെക്കുറിച്ച് എന്‍.പി തന്നെ അറിയാതെ പ്രശംസിച്ചത് അപ്പോള്‍ അദ്ദേഹം ഓര്‍ക്കാതിരുന്നത് സ്വാഭാവികമായിരുന്നു. പ്രബോധനം ശരീഅത്ത് പതിപ്പില്‍ ഫിഖ്ഹും ശരീഅത്തും ഒന്നല്ലെന്ന് സമര്‍ഥിക്കുന്ന സയ്യിദ് ഖുത്വ്ബിന്റെ ഒരു ലേഖനമുണ്ടായിരുന്നു. അതിലെ ഉള്ളടക്കം മാത്രമല്ല ഭാഷാ ശൈലിയും പ്രകരണശുദ്ധിയുമൊക്കെ എന്‍.പി അന്ന് പ്രത്യേകം എടുത്തോതിയിരുന്നു. അത് വിവര്‍ത്തനം ചെയ്തത് ജമാലായിരുന്നു. പേര് വെക്കാത്തതുകൊണ്ട് എന്‍.പി അറിഞ്ഞില്ലെന്ന് മാത്രം.
ജമാലിന്റെ കാരശ്ശേരി വിമര്‍ശം സൃഷ്ടിച്ച വിപരീതഫലവും ഇവിടെ പറയാതെ വയ്യ. ജമാഅത്ത് വിമര്‍ശം കാരശ്ശേരിയുടെ മുഖ്യ അജണ്ടയില്‍ വരുന്നത് ഈ നിരൂപണത്തിനു ശേഷമാണ്. ജമാഅത്ത് ആശയങ്ങളോട് വിയോജിപ്പുണ്ടായിരുന്നെങ്കിലും ജമാഅത്തിനെ പരസ്യമായി ആക്രമിക്കുന്ന പതിവ് അതുവരെ കാരശ്ശേരിക്കുണ്ടായിരുന്നില്ല. മുസ്ലിം കള്‍ച്ചറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഹകരിക്കാറുമുണ്ടായിരുന്നു.
ജമാല്‍ ഒരു ഖുര്‍ആന്‍ പണ്ഡിതനായിരുന്നു. ഖുര്‍ആനായിരുന്നു ഏറ്റവും പ്രിയപ്പെട്ട വിഷയവും ഗ്രന്ഥവും. തൃശൂരിലായിരുന്നപ്പോള്‍ ആസാദിന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തെ ആസ്പദമാക്കി 'ദൈവത്തിന്റെ രക്ഷാകാരിത'(റുബൂബിയ്യത്ത്)യെ കുറിച്ച് ദീര്‍ഘമായ ഖുര്‍ആന്‍ ക്ളാസ് പരമ്പരകള്‍ തന്നെ നടത്തിയിരുന്നു. മുത്തവല്ലി ശഅ്റാവിയുടെ പ്രസിദ്ധമായ ഖുര്‍ആന്‍ ക്ളാസ്സുകള്‍ പുസ്തകരൂപത്തിലാക്കിയത് ജമാലിന്റെ ശേഖരത്തിലുണ്ടായിരുന്നു. ജിദ്ദയിലും ജമാലിന്റെ ഖുര്‍ആന്‍ ക്ളാസ്സുകളായിരിക്കണം മലയാളികള്‍ ഇപ്പോഴും ഓര്‍ക്കുക. ഖുര്‍ആന്‍ വിജ്ഞാനീയത്തില്‍ കിട്ടാവുന്ന കൃതികളൊക്കെ തേടിപ്പിടിച്ച് വായിച്ച് മനനം നടത്തുമായിരുന്നു. അതൊന്നും ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിക്കാതെ പോയത് വലിയ നിര്‍ഭാഗ്യമായിപ്പോയി. ജമാലിന്റെ സ്വകാര്യ ശേഖരത്തില്‍ ഇതു സംബന്ധമായ കരടുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതിന് പുസ്തകാവിഷ്കാരം നല്‍കിയാല്‍ ഇസ്ലാമിക കൈകരളിക്ക് അതൊരു മുതല്‍ക്കൂട്ടായിരിക്കും. ഖുര്‍ആന്‍ പഠിച്ചും അതിലെ സൂക്തങ്ങളുടെ ആശയവൈപുല്യത്തെക്കുറിച്ച് ആലോചിച്ചും ഖുര്‍ആന്റെ തണലിലാണ് ജീവിതത്തിന്റെ മുഖ്യ ഭാഗം ജമാല്‍ കഴിച്ചുകൂട്ടിയത്. പരലോകത്തും ആ തണല്‍ ഉണ്ടായിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.