ജമാല്‍ മലപ്പുറത്തെ അനുസ്മരിക്കുന്നു
പൂവണിയാന്‍ മറന്ന പൂമരം
വി.കെ ജലീല്‍
സഹോദരന്‍ ജമാല്‍ മുഹമ്മദിന്റെ അവിചാരിത മരണം ഒരേസമയം പലരും വിളിച്ചറിയിച്ചു. വിവരം കൈമാറുക എന്നതിലുപരി വികാര പാരവശ്യങ്ങള്‍ പങ്കിടുക എന്നതായിരുന്നു ഒട്ടു മിക്ക പേരുടെയും ഉദ്ദേശ്യം. ചിലര്‍ നിജസ്ഥിതി ഉറപ്പുവരുത്താനും ബന്ധപ്പെട്ടു. ഇങ്ങനെ ബന്ധപ്പെട്ടവരില്‍ തൊണ്ണൂറ്റി ഒമ്പത് ശതമാനവും ജമാല്‍ സാഹിബുമായി ജിദ്ദയില്‍ വെച്ച് അടുത്തിടപഴകിയവരായിരുന്നു. അവര്‍ക്ക് വിളിക്കാനും പറയാനും നാട്ടില്‍ ഏറ്റവും പറ്റിയ ആള്‍ ഈയുള്ളവന്‍ തന്നെയായിരുന്നല്ലോ. കാരണം ജിദ്ദയിലെ പ്രാസ്ഥാനിക പ്രവര്‍ത്തന രംഗത്ത് ഒരു വ്യാഴവട്ടത്തിലേറെ ദീര്‍ഘിച്ച കൂട്ടുപ്രവര്‍ത്തന ചരിത്രമാണ് ഞങ്ങള്‍ക്കുള്ളത്. രണ്ടു വ്യത്യസ്ത ഘട്ടങ്ങളില്‍ പ്രബോധനം പത്രാധിപ സമിതിയില്‍ അംഗമായിരുന്ന അദ്ദേഹത്തിന്റെ ജിദ്ദാ ജീവിതത്തെ കുറിച്ച് ഒരു കുറിപ്പ് എഴുതണമെന്ന് പ്രബോധനം പ്രവര്‍ത്തകര്‍ എന്നെ നിര്‍ബന്ധിക്കാനും കാരണം അതു തന്നെ.
1964-ല്‍ ഈയുള്ളവന്‍ ശാന്തപുരത്തെ വിജ്ഞാനാരാമത്തിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ എന്നേക്കാള്‍ ആറു വര്‍ഷം മുന്നിലായിരുന്നു അദ്ദേഹം. ഫുട്ബോളിന്റെ 'മലപ്പുറം ഗരിമ'യില്‍ അഭിരമിച്ചിരുന്ന മലപ്പുറം ജമാല്‍ കോളേജ് ടീമിന്റെ സമര്‍ഥനായ ഗോള്‍ കീപ്പറായിരുന്നു. കളിവേളയില്‍ ഒരു കൈ പൊട്ടി കുറേകാലം അദ്ദേഹത്തിന്റെ പഠനം മുടങ്ങിയതും ഓര്‍ത്തു പോകുന്നു. ഗുണമേന്മയുള്ള വായനാ സാമഗ്രികള്‍ ശേഖരിച്ചു തനിക്കിഷ്ടപ്പെട്ട കുട്ടികള്‍ക്ക് വിതരണം ചെയ്തിരുന്ന അക്കാലത്തെ മലപ്പുറം ജമാലിനെ മറക്കാനാവില്ല. അതായിരുന്നു ആദ്യത്തെ പരിചയം.
2010 ജനുവരിയിലാണ് ഹ്രസ്വകാലാവധിക്ക് അദ്ദേഹം നാട്ടില്‍ വന്നുപോയത്. അന്ന് ബദീഉസ്സമാന്‍ സാഹിബി(മലപ്പുറം)നോടൊപ്പം വീട്ടില്‍ വരികയും ദീര്‍ഘ നേരം സംസാരിച്ചിരിക്കുകയും ചെയ്തു. ഇപ്പോള്‍ യാത്ര പറയുന്നില്ലെന്നും ജിദ്ദയിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒരു തവണ കൂടി വരാമെന്നും പറഞ്ഞാണ് പിരിഞ്ഞത്. സംസാരം അപൂര്‍ണമായി അറ്റുപോയ മാനസികാവസ്ഥ തന്നെയാണ് എനിക്കുമുണ്ടായിരുന്നത്. കാരണം ജമാല്‍ സാഹിബില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് തരപ്പെടുകയില്ലല്ലോ. ആ വരവ് പിന്നീടുണ്ടായില്ല. അതാണ് അവസാനത്തെ തമ്മില്‍ കാഴ്ചയും വെടി പറച്ചിലും. അല്ലാഹു അദ്ദേഹത്തിന് പരലോകത്ത് നിത്യശാന്തി പ്രദാനം ചെയ്യുമാറാവട്ടെ. ആദ്യത്തെ പരിചയത്തിനും അദ്ദേഹത്തിന്റെ ചരമത്തിനുമിടക്ക് സുദീര്‍ഘമായ നാലരപതിറ്റാണ്ട് നീണ്ടു കിടക്കുന്നു. സ്വന്തം കുടുംബത്തിനും നാട്ടുകാര്‍ക്കുമപ്പുറത്ത് ഇത്രയും ദീര്‍ഘിച്ച ആത്മബന്ധങ്ങള്‍ എന്നെ പോലെ പലര്‍ക്കും ശാന്തപുരം കുടുംബത്തിലേ കാണൂ.
മരണത്തിന് ഒരു വാരം മുമ്പുപോലും അദ്ദേഹത്തെ കാര്യമായി ഓര്‍ക്കേണ്ട അവസരം ഉണ്ടായി. ഐ.പി.എച്ചിന് വേണ്ടി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താനുതകുന്ന കൃതികളുടെ ലഭ്യതയെകുറിച്ച ആലോചന വേളയിലായിരുന്നു അത്. ഉലൂമുല്‍ ഖുര്‍ആനില്‍ ലളിതമായ ഒരു കൃതി തയാറാക്കേണ്ടതുണ്ടെന്നും അവ്വിഷയകമായി ഒരു സ്വതന്ത്ര രചനക്ക് ജമാല്‍ സാഹിബിനെ നിര്‍ബന്ധിക്കണമെന്നും കൂട്ടത്തില്‍ നിര്‍ദേശിച്ചിരുന്നു. അത്തരം ഒരു രചനക്ക് അവലംബനീയമായ ഒരു കൃതി വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം വായനക്കായി സമ്മാനിച്ച ഓര്‍മയായിരുന്നു പ്രസ്തുത നിര്‍ദേശത്തിനാധാരം.
1969-ല്‍ ജമാല്‍ സാഹിബ് ശാന്തപുരത്ത് നിന്ന് പിരിഞ്ഞ ശേഷം ഞങ്ങള്‍ ഒരുമിക്കുന്നത് പ്രബോധനം പത്രാധിപ സമിതിയിലെ അദ്ദേഹത്തിന്റെ രണ്ടാം ഊഴത്തിലാണ്.
1982 മാര്‍ച്ച് മാസത്തില്‍ വ്യത്യസ്ത ദിനങ്ങളിലായി ഞങ്ങള്‍ സുഊദി അറേബ്യയിലെത്തി. അദ്ദേഹം അദ്ദേഹത്തിന്റെ വഴിക്കും ഞാന്‍ എന്റെ വഴിക്കും. അദ്ദേഹം ഈസ്റേണ്‍ പ്രോവിന്‍സിലെ അല്‍ഖോബാറിലും ഈയുള്ളവന്‍ ജിദ്ദയിലും. ഇതും പ്രബോധനത്തിലെന്ന പോലെ അദ്ദേഹത്തിന്റെ രണ്ടാം വരവായിരുന്നു. ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പുള്ള ഇടവേളയിലും ജോലിയില്‍ പ്രവേശിച്ച ശേഷവും അദ്ദേഹം അല്‍ഖോബാറില്‍ വെച്ച് നടത്തിയ ചിന്തോദ്ദീപകങ്ങളായ ക്ളാസ്സുകള്‍ ഓഡിയോ കാസറ്റുകളായി പുറത്തിറങ്ങി. സുഊദി അറേബ്യയില്‍ ഇസ്ലാമിക തല്‍പരരായ മലയാളി സാന്നിധ്യമുള്ളേടത്തെല്ലാം അവ പ്രചുര പ്രചാരം നേടി. വിജ്ഞാന കുതുകികളായ ശ്രോതാക്കളെ സംബന്ധിച്ചേടത്തോളം ഏറ്റവും ആകര്‍ഷകമായ ശ്രവണ സദ്യയായിരുന്നു ഓരോ അവതരണവും. പരേതനെ വൈജ്ഞാനികമായി പ്രയോജനപ്പെടുത്തുന്നതില്‍ അക്കാലത്ത് ഏറെ വിജയിച്ചവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അല്‍ഖോബാറുകാരത്രെ.
ഗള്‍ഫു യുദ്ധത്തിന്റെ പ്രാരംഭത്തില്‍ അന്തരീക്ഷം കലുഷമായിരുന്ന നാളുകളൊന്നില്‍ സ്ഥലം മാറ്റം നേടി അദ്ദേഹം ജിദ്ദയില്‍ വന്നു. മുന്നറിവ് പ്രകാരം അന്നേ ദിവസം ജമാല്‍ സാഹിബിന്റെ ശിഷ്യനും സജീവ കെ.ഐ.ജി പ്രവര്‍ത്തകനുമായിരുന്ന സി.വി ഖാസിം അലിയുമൊത്ത് അദ്ദേഹത്തെ താമസ സ്ഥലത്തു ചെന്നു കണ്ടു.
സുഊദി അറേബ്യയില്‍ വ്യവസ്ഥാപിതമായ പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ജിദ്ദയിലാണ്. ജിദ്ദ മലയാളികളുടെ മത-സാംസ്കാരിക നഭോ മണ്ഡലത്തിലെ തിളങ്ങുന്ന താരോദയമായിരുന്നു കെ.ഐ.ജിയുടെ രംഗപ്രവേശം. എല്ലാവര്‍ക്കും അത് വെളിച്ചമായി. ജമാല്‍ സാഹിബിന്റെ ആഗമന വേളയില്‍ കെ.ഐ.ജി സംഘാടന ഘട്ടം പിന്നിട്ട് വികസന വീഥികളിലേക്ക് പാദമൂന്നിത്തുടങ്ങിയിരുന്നു. എങ്കിലും മലയാളക്കരക്കപ്പുറത്ത് ഏറ്റവും പ്രബലമായ മലയാളി പ്രാസ്ഥാനിക കൂട്ടായ്മകളിലൊന്നായി വളര്‍ന്ന പ്രസ്ഥാനത്തിന്റെ വികാസ പരിണാമങ്ങളില്‍ അദ്ദേഹത്തിന്റെ പങ്ക് അനിഷേധ്യമത്രെ.
കെ.ഐ.ജിയില്‍ പലപ്പോഴായി പല ചുമതലകള്‍ അദ്ദേഹം കൈയാളി. ദഅ്വ വിഭാഗം അദ്ദേഹത്തിന്റെ കീഴിലായിരുന്നപ്പോള്‍ നാല്‍പ്പതിലധികം പേരെ ഒരേ സമയം മുഖത്തോടു മുഖമിരുത്തി പഠിപ്പിച്ചു. തര്‍ബിയ്യത്തിന്റെ ചുമതല വഹിച്ചപ്പോള്‍ ഒരു വര്‍ഷത്തെ വാരാന്ത യോഗങ്ങളുടെ ക്ളാസ്സുകള്‍ക്കായി ഖുര്‍ആന്‍ ഭാഗങ്ങള്‍ മുന്‍കൂട്ടി അടയാളപ്പെടുത്തി പരിശീലിപ്പിച്ചു. നബി വചനങ്ങള്‍ പരിഭാഷ സഹിതം ഏടുകളാക്കി പഠിതാക്കള്‍ക്ക് വിതരണം ചെയ്തു.
കൂടിയാലോചനാ സമിതിയില്‍ എന്നും അദ്ദേഹത്തിന് അംഗത്വം ഉണ്ടായിരുന്നു. ഈയുള്ളവന്‍ നേതൃസ്ഥാനത്തിരുന്ന രണ്ടവസരങ്ങളില്‍ വൈസ് പ്രസിഡന്റിന്റെ ചുമതല നിര്‍വഹിച്ചു. ഒരു ഘട്ടത്തില്‍ കെ.ഐ.ജിയുടെ പ്രസിഡന്റുമായി. അദ്ദേഹത്തിന്റെ വരവോടെ കെ.ഐ.ജിയുടെ ഉള്ളടക്കത്തില്‍ വിജ്ഞാനത്തിനും വിമര്‍ശനത്തിനും ഇടം വര്‍ധിച്ചു. എന്നാല്‍ ജമാല്‍ സാഹിബിന്റെ വൈജ്ഞാനിക പങ്കാളിത്തത്തിന് ലോപം വന്നപ്പോഴൊക്കെ പ്രസ്ഥാനത്തിന്റെ തിളക്കത്തിന് മങ്ങലേറ്റു. പൊടുന്നനെ വൈകാരികതക്ക് വശംവദനാവുമെങ്കിലും സ്നേഹാര്‍ദ്രമായ ഒരു മനസ്സായിരുന്നു അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നത്. അതാര്‍ക്കും സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. സംസാര വേളകളില്‍ പോലും ചിലപ്പോള്‍ അദ്ദേഹം കൊച്ചു കുട്ടികളെപ്പോലെ കണ്ണുനീര് ഒലിപ്പിച്ചു. ഇതു കാരണം കുറേപേര്‍ ജമാല്‍ സാഹിബ് പെരുമാറിയിടത്തെല്ലാം അദ്ദേഹത്തിന്റെ സ്വന്തം ആളുകളായി. പ്രസ്ഥാന വൃത്തത്തിനു പുറത്തും ധാരാളം മനുഷ്യസ്നേഹികളെയും വിജ്ഞാനോപാസകരെയും തന്റേതാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതും മറ്റൊന്നുകൊണ്ടുമല്ല.
അദ്ദേഹം ഏറെ കൈയാളിയ വിഷയം ഖുര്‍ആനായിരുന്നല്ലോ. ജമാല്‍ സാഹിബിന്റെ തിരോധാനത്തോടെ നഷ്ടമാകുന്നത് ആ തരത്തിലുള്ള ഖുര്‍ആന്‍ ആസ്വാദന പഠനങ്ങള്‍ തന്നെയത്രേ. ഖുര്‍ആനിലെ തെരഞ്ഞെടുത്ത പദങ്ങളുടെയും പ്രയോഗങ്ങളുടെയും സൂക്ഷ്മമായ അര്‍ഥതലങ്ങള്‍ മനസ്സിലാക്കാന്‍ ഉതകുന്ന 'എന്തോ ഒന്ന്' എഴുതണമെന്നായിരുന്നു അദ്ദേഹത്തിന്റെ പൂവണിയാതെ പോയ അഭിലാഷങ്ങളിലൊന്ന്. അതെങ്കിലും എഴുതി കിട്ടിയിരുന്നുവെങ്കില്‍ ശാന്തപുരത്തിന്റെ പശിമയാര്‍ന്ന മണ്ണില്‍ വിസ്മയ വളര്‍ച്ച നേടിയ ആ മഹാ ജ്ഞാന വൃക്ഷത്തില്‍ നിന്ന് വിലപ്പെട്ട ഒരു കനിയെങ്കിലും സൂക്ഷിച്ചു വെക്കാന്‍ ലഭിച്ചുവെന്ന് നമുക്കാശ്വസിക്കാമായിരുന്നു.
ഹജ്ജാണ് പരേതന്റെ നിറസാന്നിധ്യം അനുഭവിച്ചിരുന്ന മറ്റൊരു രംഗം. മക്കയിലും മിനായിലും അറഫയിലും അദ്ദേഹം നടത്തിയിരുന്ന ഹജ്ജ് ക്ളാസുകള്‍ക്ക് വര്‍ഷാവര്‍ഷങ്ങളില്‍ നൂറുക്കണക്കിന് ശ്രോതാക്കളുണ്ടായിരുന്നു. ഗള്‍ഫ് നാടുകളില്‍ നിന്ന് മക്കയിലെത്തുന്ന ഉംറ സംഘങ്ങള്‍ക്ക് ഏത് പാതിരാവിലും ചെന്ന് ക്ളാസ്സെടുത്ത് കൊടുക്കുമായിരുന്നു.
ജന സേവനമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഇഷ്ട രംഗം. ജിദ്ദയില്‍ ഇന്നും ഏറെ സജീവമായ ക്ഷേമനിധിയുടെ മുഖ്യ സംഘാടകന്‍ അദ്ദേഹമായിരുന്നു.
തന്നെ താനാക്കിയ ശാന്തപുരം അദ്ദേഹത്തിന് ഒരു ദൌര്‍ബല്യം തന്നെയായിരുന്നു. ശാന്തപുരം അലുംനിയുടെ അധ്യക്ഷ സ്ഥാനം മരണ വേളയിലും അദ്ദേഹമാണ് അലങ്കരിച്ചിരുന്നത്.
വിജ്ഞാന രംഗത്ത് വളരാന്‍ സാധിക്കുന്നവര്‍ക്ക് അദ്ദേഹം നല്‍കിയിരുന്ന പ്രോത്സാഹനം മാതൃകാപരമായിരുന്നു. ജിദ്ദ മലയാളികളായ പലരുടെയും രചനക്കും വിവര്‍ത്തനത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് അദ്ദേഹമായിരുന്നു. എന്തിനേറെ ശാന്തപുരത്ത് നിന്ന് പുറത്തിറങ്ങിയ ശേഷം വ്യക്തിപരമായി എനിക്ക് ഏറ്റവും വൈജ്ഞാനിക സഹായം ലഭിച്ചത് ജമാല്‍ സാഹിബില്‍ നിന്നായിരുന്നു.
ജിദ്ദയില്‍ എത്തിയ ശേഷം ജിദ്ദയും മക്കയും സമീപ പ്രദേശങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ നിരന്തര സമ്പര്‍ക്കത്തിലുണ്ടായിരുന്നതെങ്കിലും പ്രവിശാലമായ സുഊദി അറേബ്യയുടെ ഓരോ കോണിലും അദ്ദേഹം വിജ്ഞാന വിതരണത്തിനെത്തുമായിരുന്നു. അവിടങ്ങളിലെല്ലാം അദ്ദേഹത്തില്‍ നിന്ന് നേരിട്ടോ പരോക്ഷമായോ കേട്ടു പഠിച്ച ധാരാളം പേരുണ്ട്. അവരുടെയെല്ലാം പ്രാര്‍ഥന അദ്ദേഹത്തിനുണ്ടാകുമെന്ന് തീര്‍ച്ച.
ജീവിതത്തിന്റെ അവസാന വര്‍ഷത്തിലാണ് ഇസ്ലാമിക പ്രസ്ഥാനത്തില്‍ അംഗത്വം എടുക്കുന്നത്. എന്നോ നടക്കേണ്ടിയിരുന്ന ഒരു സുപ്രധാന കാര്യം.
ഇതുപോലെയുള്ള ഒന്നോ രണ്ടോ ഓര്‍മക്കുറിപ്പുകളില്‍ ഒതുങ്ങേണ്ടതായിരുന്നില്ല ആ വിജ്ഞാന ദാഹിയുടെ ജീവിതമെന്ന വേദനയാണിപ്പോള്‍ തീവ്രമായി അനുഭവപ്പെടുന്നത്. അതിനുത്തരവാദി മറ്റാരേക്കാളും അദ്ദേഹവും അദ്ദേഹം പിണക്കാതെ കൂടെ കൊണ്ടു നടക്കാറുള്ള കൊച്ചു കെറുവുമാണെന്ന് നന്നായി അറിയുമ്പോഴും ആളുന്ന വേദന, സ്വന്തം ധിഷണാ സിദ്ധികള്‍ പ്രയോജനപ്പെടുത്താന്‍ അമാന്തം കാണിക്കുന്ന മറ്റു ചില ശാന്തപുരം സോദരരിലേക്കു കൂടി നീളുകയാണ്. വാസ്തവത്തില്‍ പൂവണിയാന്‍ മറന്ന പൂമരമായിരുന്നു പരേതനായ ജമാല്‍ സാഹിബ്. അദ്ദേഹത്തിന്റെ ബൌദ്ധിക വ്യാപാരങ്ങളുടെ ശേഷിപ്പുകള്‍ കണ്ടെത്തി ആവുന്നത്ര പ്രയോജനപ്പെടുത്താന്‍ നമുക്ക് ശ്രമിക്കാം.