ജുഡീഷ്യറിയിലും ദുഷ്പ്രവണതകള്‍
ഇന്ത്യന്‍ ജനാധിപത്യ ക്രമത്തിന്റെ ഇതര ഘടകങ്ങളെ ഗ്രസിച്ച ജീര്‍ണത ജുഡീഷ്യറിയിലേക്കും പകരുന്നുവെന്ന ആശങ്കയുളവാക്കുന്നതാണ് അടുത്തകാലത്തായി പുറത്തുവന്നുകൊണ്ടിരിക്കുന്ന ചില വാര്‍ത്തകള്‍. സുപ്രീം കോടതിയിലെ എട്ടു മുന്‍ ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് പ്രമുഖ അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ പരസ്യമായി പ്രസ്താവിച്ചത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യ കേസെടുത്തിട്ടുണ്ട്. കോടതി വിധികള്‍ നോട്ടുകെട്ടിന്റെ കനമനുസരിച്ചിരിക്കും എന്ന് കേരള തദ്ദേശ ഭരണവകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഒരിക്കല്‍ പ്രസംഗിക്കുകയുണ്ടായി. പിന്നീടദ്ദേഹത്തിന് ഹൈക്കോടതിയോട് മാപ്പ് പറയേണ്ടിവന്നു. പൊതു നിരത്തുകളില്‍ സമ്മേളനം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ പരാമര്‍ശിക്കവെ നടത്തിയ 'ശുംഭന്‍' പ്രയോഗത്തിന്റെ പേരില്‍ സി.പി.എം നേതാവ് ജയരാജനും കോടതി കയറേണ്ടിവന്നിരിക്കുന്നു. നീതിപീഠങ്ങളുടെ ആദരണീയതക്കും അന്തസ്സിനും വിശ്വാസ്യതക്കും ഭംഗമുണ്ടാക്കുന്ന നീക്കം ആരില്‍ നിന്നായാലും തടയപ്പെടേണ്ടത് തന്നെയാണ്. അതിനു പക്ഷേ, അന്തസ്സിനും വിശ്വാസ്യതക്കും ഊനം തട്ടാതിരിക്കാന്‍ ജുഡീഷ്യറി സ്വയം ജാഗ്രത പാലിക്കേണ്ടതുണ്ട്. അതില്‍ വീഴ്ചയുണ്ടാകുമ്പോള്‍ ജനങ്ങളില്‍ പ്രതികരണമുണ്ടാകും. കോടതിയലക്ഷ്യം എന്ന വടിയോങ്ങി വ്യക്തികളെ തല്‍ക്കാലം നിശ്ശബ്ദമാക്കാന്‍ കഴിഞ്ഞേക്കും. യഥാര്‍ഥ പ്രശ്നത്തിന് അത് പരിഹാരമാകുന്നില്ല. ശാന്തിഭൂഷന്റെ നടുക്കമുളവാക്കുന്ന വെളിപ്പെടുത്തലിനെതിരെ കേസെടുക്കുന്ന കോടതിയോ സര്‍ക്കാറോ അദ്ദേഹമുന്നയിച്ച പ്രശ്നത്തെക്കുറിച്ച് ഗൌരവതരമായ ഒരന്വേഷണത്തിന് മുതിര്‍ന്ന് കണ്ടില്ല.
കോടതി വിധികള്‍ക്കെതിരെ പല കോണുകളില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളെ സാധൂകരിക്കുന്നതാണ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സുപ്രീംകോടതിയില്‍ നിന്നുതന്നെ പുറത്തുവന്ന ചില പരാമര്‍ശങ്ങള്‍. അലഹാബാദ് ഹൈക്കോടതിയുടെ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി, ചില ജഡ്ജിമാരെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ അവിടത്തെ ചീഫ് ജസ്റിസിനോട് ആവശ്യപ്പെടുകയും ചെയ്തു. ഈ കോടതിയിലെ ചില ജഡ്ജിമാര്‍ അവരുടെ ഉറ്റ ബന്ധുക്കള്‍ വാദിക്കുന്ന കേസുകളില്‍ കോടതിയുടെ അന്തസ്സിനും വിശ്വാസ്യതക്കും നിരക്കാത്ത വിധികള്‍ പുറപ്പെടുവിക്കുന്നുവെന്നും അതുവഴി അവര്‍ വന്‍തോതില്‍ സ്വത്ത് സമ്പാദിക്കുന്നുവെന്നും പരാതിപ്പെടുന്ന ഒരു ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഇത്തരം ജഡ്ജിമാരെ നേരത്തെ ലോ കമീഷന്‍ അതിന്റെ ഒരു റിപ്പോര്‍ട്ടില്‍ 'അങ്കിള്‍ ജഡ്ജസ്' എന്നു വിശേഷിപ്പിച്ചത് അനുസ്മരണീയമാകുന്നു. പക്ഷേ, സുപ്രീം കോടതിയുടെ വിമര്‍ശനങ്ങള്‍ ഖേദകരമാണെന്ന നിലപാടിലാണ് അലഹാബാദ് ബാര്‍ അസോസിയേഷന്‍. സുപ്രീം കോടതിയുടെ വിമര്‍ശനങ്ങള്‍ രേഖയില്‍നിന്ന് മാറ്റിക്കിട്ടാന്‍ അപ്പീല്‍ കൊടുക്കുന്നതിന് ചീഫ് ജസ്റിസിനെ ചുതമലപ്പെടുത്തിയിരിക്കുകയാണവര്‍. വിമര്‍ശന വിധേയമാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനു പകരം വിമര്‍ശനം ഇല്ലാതാക്കാനുള്ള നീക്കം ജുഡീഷ്യറിയെ സംബന്ധിച്ചേടത്തോളം ശ്ളാഘനീയമായ പ്രവണതയായി കാണാനാവില്ല.
നീതിന്യായ മാനദണ്ഡങ്ങള്‍ക്കപ്പുറം മറ്റെന്തൊക്കെയോ പരിഗണനകള്‍ വെച്ചുള്ളതെന്ന് തോന്നിക്കുന്ന പല വിധികളും കോടതികളില്‍ നിന്നുണ്ടാകുന്നുണ്ട്. പാര്‍ലമെന്റാക്രമണക്കേസില്‍ പ്രതിയായ അഫ്സല്‍ ഗുരുവിന് സുപ്രീംകോടതി വധശിക്ഷ വിധിച്ചതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ഇനിയും തൃപ്തികരമായ വിശദീകരണമുണ്ടായിട്ടില്ല. ബാബരി മസ്ജിദ് പ്രശ്നത്തില്‍ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് നല്‍കിയ വിധിക്കും നൈതികവും നിയമപരവുമായ സാധൂകരണമില്ലെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജിമാരടക്കം നിരവധി നീതിന്യായ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. മനുഷ്യാവകാശ പ്രവര്‍ത്തകനും പാവങ്ങളുടെ ഭിഷഗ്വരനുമായ ഡോ. ബിനായക്സെന്നിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള, റായ്പൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ വിധി ഒടുവിലത്തെ ഉദാഹരണമാകുന്നു. ഇത്തരം സംഭവങ്ങള്‍ കീഴ്ക്കോടതി മുതല്‍ സുപ്രീംകോടതി വരെയുള്ള നീതിന്യായ സ്ഥാപനങ്ങളുടെ ജനപ്രീതി ഇടിയാന്‍ കാരണമാകുന്നുണ്ട്.
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റിസ് കെ.ജി ബാലകൃഷ്ണന്റെ മക്കളും മരുമക്കളും മറ്റും അടുത്തകാലത്തായി അനേകം കോടികളുടെ വസ്തുവഹകള്‍ക്കുടമകളായത് വന്‍വിവാദമായി കത്തിനില്‍ക്കുകയാണ് കേരളത്തില്‍. തങ്ങളുടെ അസാമാന്യ സമ്പാദ്യം വിഹിതമായ മാര്‍ഗത്തിലൂടെയുള്ളതാണെന്നും ആ മാര്‍ഗം ഇന്നതാണെന്നും ഉത്തരവാദപ്പെട്ടവരെ തെര്യപ്പെടുത്താന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവു കൂടിയായ മരുമകന്‍ ശ്രീനിജന്നോ മറ്റുള്ളവര്‍ക്കോ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യം ജസ്റിസ് ബാലകൃഷ്ണനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. അദ്ദേഹം ഇപ്പോള്‍ വഹിക്കുന്ന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന് ജസ്റിസ് വി.ആര്‍ കൃഷ്ണയ്യരെപ്പോലുള്ള നിയമജ്ഞരും മറ്റനേകം അഭിഭാഷക പ്രമുഖരും ആവശ്യപ്പെട്ടു കഴിഞ്ഞു. ബന്ധുക്കളുടെ സമ്പാദ്യവും താനും തമ്മിലെന്തു ബന്ധം എന്ന നിലപാടിലാണ് ജസ്റിസ് ബാലകൃഷ്ണന്‍. എന്നാല്‍ അദ്ദേഹംവഹിച്ച ചീഫ് ജസ്റിസ് പദവിയല്ലാതെ ഭീമമായ ഈ സമ്പാദ്യത്തിന് മറ്റൊരു ഉറവിടം കണ്ടെത്താനാവുന്നില്ലെന്ന വിമര്‍ശകരുടെ വാദം തീരെ തള്ളിക്കളയേണ്ടതല്ല. മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്. പക്ഷേ, ബന്ധുക്കളുടെ സമ്പാദ്യത്തിന്റെ ഉറവിടം തന്റെ ന്യായസന പദവിയല്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. ബന്ധുക്കളുടെ സ്വത്തിന്റെ ഉറവിടമേതെന്ന് അദ്ദേഹം പറയണം. പറയാന്‍ അദ്ദേഹത്തിനറിയില്ലെങ്കില്‍ വിഷയത്തില്‍ ദുരൂഹതയുണ്ടെന്നാണര്‍ഥം. ദുരൂഹമായ സമ്പാദ്യത്തിന്റെ ഉടമകളെ തള്ളിപ്പറയാനും ദുരൂഹത നീക്കാനുള്ള അന്വേഷണങ്ങളുമായി സഹകരിക്കാനും അദ്ദേഹം തയാറാകണം. ശാന്തിഭൂഷണ്‍ സൂചിപ്പിച്ച കറപുരണ്ട ജഡ്ജിമാരില്‍ ഒരാള്‍ ബാലകൃഷ്ണനാണെന്ന് കിംവദന്തി പരക്കുന്ന പശ്ചാത്തലം അതനിവാര്യമാക്കിയിരിക്കുന്നു.
ജസ്റിസ് ബാലകൃഷ്ണന്റെ ഉറ്റവരുടെ സമ്പാദ്യത്തിന്റെ പ്രശ്നം ഏതെങ്കിലും ചില വ്യക്തികളുടെ അനധികൃത സമ്പാദ്യത്തിന്റെ മാത്രം പ്രശ്നമല്ല. ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയുടെ പ്രശ്നവും കൂടിയാണ്. കോടതിയുടെ വിശ്വാസ്യതക്കേല്‍ക്കുന്ന ഏതാഘാതവും നൈതിക വ്യവസ്ഥക്ക് ഏല്‍ക്കുന്ന ആഘാതമാണ്. ജനങ്ങളില്‍ നീതിബോധം ക്ഷയിക്കുകയും നിയമവാഴ്ച താറുമാറാവുകയുമായിരിക്കും അതിന്റെ ഫലം.