യു.എ.ഇയിലായിരിക്കെ ഒഴിവ് സമയങ്ങളില്‍ കെ.ടി അബ്ദുര്‍റഹീം സാഹിബുമായി സഹവസിച്ചു കഴിയുന്നവരില്‍ ഒരാളായിരുന്നു ഞാന്‍. ഒരേ ജോലിയായിരുന്നു ഞങ്ങളിരുവര്‍ക്കും. ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററുകളില്‍ സ്റഡി ക്ളാസുകള്‍ നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ചുമതല. സുഊദി മതപഠന കേന്ദ്രങ്ങളില്‍ ക്ളാസ്സുകള്‍ നടത്തുകയായിരുന്നു എന്റെ ഉത്തരവാദിത്വം. വൈകുന്നേരങ്ങളിലായിരുന്നു ക്ളാസ്സുകള്‍. അതിനാല്‍ പലപ്പോഴും പകല്‍ നേരങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചായിരിക്കും.
ഇസ്ലാമിക വിജ്ഞാനീയങ്ങളിലും സമകാലിക വിഷയങ്ങളിലുമുള്ള ചര്‍ച്ചയായിരിക്കും ആ സമയത്തെ സൊറപറച്ചിലില്‍ മുഖ്യം. ഇസ്ലാമിനെ ആഴത്തില്‍ പഠിച്ചറിഞ്ഞ മഹാ പണ്ഡിതനാണ് കെ.ടിയെന്ന് ആ ചര്‍ച്ചകളില്‍നിന്ന് ബോധ്യമായി. പൊതുവില്‍ ഇത്തരം നീണ്ട ചര്‍ച്ചകള്‍ക്ക് കൂടുതല്‍ നേരം ചെലവിടാറില്ലാത്ത ഞാന്‍ അദ്ദേഹമല്ലാത്ത മറ്റു വല്ലവരുമായിരുന്നെങ്കില്‍ വേഗം സ്ഥലംവിടുമായിരുന്നു. ശ്രോതാവിനെ മുഷിപ്പിക്കാതെ, വശീകരിക്കാന്‍ പഠിച്ച ആളാണല്ലോ കെ.ടി.
ആ സാത്വികനെ കുറിച്ച എന്റെ മനസ്സില്‍ ഓളം വെട്ടുന്ന ഓര്‍മകള്‍ക്ക് ഇങ്ങനെ ശീര്‍ഷകങ്ങള്‍ നല്‍കാം. 'പണ്ഡിതനായാല്‍ ഇങ്ങനെയാകണം', 'മനുഷ്യ സ്നേഹിയായ പ്രബോധകന്‍', 'തന്ത്രശാലിയായ സംഘാടകന്‍', 'സാധാരണക്കാര്‍ക്കും പ്രാപ്യനായ നേതാവ്', 'സത്യസാക്ഷ്യം വായിച്ചു സത്യസാക്ഷിയായി മാറിയ സത്യവിശ്വാസി', 'കളങ്കമേശാത്ത മനുഷ്യന്‍', 'പ്രതിഫലമോഹിയല്ലാത്ത പരോപകാരി'.............
ഇസ്ലാമിക സന്ദേശ പ്രചാരണാര്‍ഥം യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും വിശ്രമമെന്തെന്നറിയാതെ ഓടിയെത്തുമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ മലബാറുകാര്‍ക്കും കൊച്ചിക്കാര്‍ക്കും തിരുവനന്തപുരത്തുകാര്‍ക്കുമൊക്കെ അദ്ദേഹത്തെ അറിയാം. അദ്ദേഹം മരണപ്പെട്ടതറിഞ്ഞ് കന്യാകുമാരി (കുളച്ചില്‍) സ്വദേശിയായ കണ്ണ് മുഹമ്മദ് സാഹിബ് 'ഉസ്താദല്ലേ മരണപ്പെട്ടത്' എന്ന് പറഞ്ഞ് പൊട്ടിക്കരയുമ്പോള്‍ ടെലിഫോണ്‍ റിസീവര്‍ എന്റെ കാതില്‍ നിന്നെടുക്കാന്‍ നന്നേ വിഷമിച്ചു.
യു.എ.ഇയില്‍ പ്രസ്ഥാന ബന്ധുക്കള്‍ക്ക് അമീര്‍ ആയ പോലെ മറ്റു സുഹൃദ് ജനങ്ങള്‍ക്കും ആത്മീയ നേതാവായിരുന്നു അദ്ദേഹം. വൈജ്ഞാനിക കാര്യങ്ങളില്‍ ആധുനികവും പൌരാണികവും ശാസ്ത്രീയവുമായ കാഴ്ചപ്പാടുകള്‍ സമര്‍ഥമായി വിശകലനം ചെയ്യുകയും ഏത് ചോദ്യങ്ങള്‍ക്കും പുഞ്ചിരിച്ചും ഗൌരവം വിടാതെയും ഖുര്‍ആനും സുന്നത്തും ഇസ്ലാമിക ചരിത്രവും ആധാരമാക്കി മറുപടി പറയുകയും ചെയ്യുന്ന മഹാ പണ്ഡിതനായാണ് അവിടത്തെ മലയാളി സമൂഹം അദ്ദേഹത്തെ അറിയുക. പ്രഭാഷണങ്ങള്‍ക്കായി മൈക്കിന് മുമ്പില്‍ എത്തിയാല്‍ മണിക്കൂറുകളോളം ശ്രോതാക്കളെ നിന്ന നില്‍പില്‍ ശ്വാസം അടക്കിപ്പിടിച്ചു നിര്‍ത്തുന്ന വാക്ചാതുരിയുടെ ഉടമയായതിനാല്‍, കെ.ടിയുടെ സ്റഡീ ക്ളാസ്സുകള്‍ കേള്‍ക്കാന്‍ മാത്രമായി ദൂരങ്ങള്‍ താണ്ടിയെത്തുന്ന വിജ്ഞാനദാഹികളില്‍ അധ്യാപകരും വിദ്യാര്‍ഥികളും എഴുത്തുകാരും ഖത്വീബുമാരും ചിന്തകന്മാരുമെല്ലാം ഉണ്ടായിരുന്നു. വിഷയാവതരണത്തിന്റെ പ്രത്യേകത മാത്രമല്ല, അദ്ദേഹത്തിന്റെ അവതരണ ഭംഗിയും അധ്യയന പാടവവും ഭാഷാസുതാര്യതയുമെല്ലാമാണ് അതിനു കാരണം. വിവിധതരം രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ഏതാനും നേരം ഇരിക്കുകയേ വേണ്ടൂ, സരസമായ ഒരു രാഷ്ട്രീയ വിശകലനവും വ്യതിരിക്ത കാഴ്ചപ്പാടും രാഷ്ട്രീയ രംഗത്ത് ശരിയായ ഒരു ദിശയും കിട്ടിയായിരിക്കും വന്നവര്‍ തിരിച്ചുപോവുക.
ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററി(ഐ.സി.സി)ന്റെ പ്രധാന പ്രബോധകനായിരുന്നു അദ്ദേഹം. തന്റെ ജനാസയില്‍ പങ്കെടുക്കാനായി മരണനാളില്‍ പട്ടിക്കാട്ട് തടിച്ചുകൂടിയ ജനങ്ങളില്‍ വലിയൊരു വിഭാഗം ഗള്‍ഫിലെ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളായിരുന്നു. ആ സംഘാടക മികവിന് വേറെ തെളിവ് ആവശ്യമില്ല.
ആര്‍ക്കും പണയം വെക്കാത്ത ബുദ്ധിയായിരുന്നു കെ.ടിയുടെ സവിശേഷത. സത്യസാക്ഷ്യം വായിച്ച് സത്യസാക്ഷിയായി ജീവിക്കാനും മരിക്കാനും തീരുമാനിച്ചതിന്റെയും പിന്നിലും ആ സ്വതന്ത്ര ചിന്തയാണ്. ഇസ്ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടുന്നതിന് മുമ്പ് തന്നെ, താന്‍ ചായ്വ് പുലര്‍ത്തുന്ന ത്വരീഖത്തുകളുടെയും അതിലെ ശൈഖുമാരുടെയും മതരംഗത്തെ പാരമ്പര്യ ധാരകളുടെയും അപര്യാപ്തതകളും പൊള്ളത്തരങ്ങളും അദ്ദേഹം തുറന്നു കാട്ടുകയുണ്ടായി. അങ്ങനെ മൂന്ന് ത്വരീഖത്തുകളുടെ മുരീദ് പദവി വലിച്ചെറിഞ്ഞ് ഇനിയെന്ത് എന്ന് ചിന്തിച്ച് കഴിയുമ്പോഴാണ് ഓര്‍ക്കാതെ വന്ന വിരുന്നുകാരനായി സത്യസാക്ഷ്യം എന്ന കൃതി കൈയില്‍ കിട്ടിയത്.
പണ്ഡിത കുടുംബമായിരുന്നു കെ.ടിയുടേത്. പിതാവും ഭാര്യാ പിതാവും ജ്യേഷ്ഠന്‍ അബ്ദുപ്പു മൌലവിയും മറ്റും പള്ളി ദര്‍സുകളില്‍ മുദര്‍രിസുമായിരുന്നു. കെ.ടിയും പള്ളി ദര്‍സുകളെ ആശ്രയിക്കാന്‍ തീരുമാനിച്ചു. പഠിക്കാന്‍ മിടുക്കനായതിനാല്‍ അഞ്ചാം വയസ്സില്‍ ഓത്ത് പഠനം തുടങ്ങിയ അദ്ദേഹം പ്രായം ഇരുപത് ആകും മുമ്പേ പാണ്ഡിത്യം നേടി മുദര്‍രിസായി. മഹല്ലി, ജംഉല്‍ ജവാമിഅ് ഉള്‍പ്പെടെ ശാഫിഈ മദ്ഹബ് പ്രകാരമുള്ള ഫിഖ്ഹ്- ഉസ്വൂല്‍ ഗ്രന്ഥങ്ങളും അല്‍ഫിയ വരെ നഹ്വ് കിതാബുകളും പള്ളിദര്‍സില്‍നിന്ന് വശത്താക്കി. ഫിഖ്ഹ് മസ്അലകളില്‍ മദ്ഹബുകള്‍ക്കിടയിലുള്ള അഭിപ്രായാന്തരങ്ങള്‍ നിരൂപണവിധേയമാക്കാറുണ്ടായിരുന്നു. കര്‍മശാസ്ത്ര കാര്യങ്ങളില്‍ സുന്നീ-മുജാഹിദ് തര്‍ക്കങ്ങള്‍ സരസമായി വിശകലനം ചെയ്ത് തീര്‍പ്പുണ്ടാക്കുന്നതില്‍ മിടുക്ക് കാണിച്ചു. ഖുര്‍ആനിലും സുന്നത്തിലും നല്ല പാണ്ഡിത്യം. പള്ളിദര്‍സില്‍നിന്ന് മന്‍ത്വിഖ് (തര്‍ക്കശാസ്ത്രം) അഭ്യസിച്ചത് ചിന്താവികാസമുണ്ടാക്കാനുപകരിച്ചു. ഖുര്‍ആനും സുന്നത്തും സ്വതന്ത്ര ബുദ്ധ്യാ ഗ്രഹിക്കുന്നതിനും അത് ഫലം ഗുണകരമായി.
അറബിസാഹിത്യത്തിലും നിപുണനായിരുന്നു. അറബിയിലുള്ള അല്‍ഖലീജ് പത്രം മുടങ്ങാതെ വായിക്കുമായിരുന്നു. അറബി ഗ്രന്ഥങ്ങളും വായിക്കും. അറബിയില്‍ കവിതകള്‍ കുത്തിക്കുറിക്കാറുമുണ്ട്. ആശയഗാംഭീര്യം കൊണ്ടും ഭാഷ കൊണ്ടും ശബ്ദ സൌകുമാര്യം കൊണ്ടും അനുഗൃഹീതനായിരുന്ന അദ്ദേഹം പക്ഷേ, എഴുത്തുകാരനായിരുന്നില്ല. ഗ്രന്ഥ രചന നടത്താത്തതിനാല്‍ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ അമീര്‍ കെ.സി അബ്ദുല്ല മൌലവി തന്നെ ശകാരിക്കുമായിരുന്നെന്ന് കെ.ടി പറയാറുണ്ട്. ഇങ്ങനെ പോയാല്‍ മരണാനന്തരം തന്നെ ഓര്‍ക്കാനാരും ഉണ്ടാവില്ലെന്ന് അമീര്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നത്രെ.
എഴുതുന്ന കാര്യം ഇരിക്കട്ടെ, പ്രസംഗങ്ങള്‍ക്കാവശ്യമായ കുറിപ്പുകള്‍ പോലും തയാറാക്കുന്ന പതിവില്ല. യു.എ.ഇയിലെ റാസല്‍ ഖൈമ റേഡിയോവിന്റെ മലയാളം വിഭാഗത്തില്‍ പ്രഭാഷണം നടത്താനായി റിക്കാര്‍ഡിംഗ് സെക്ഷനില്‍ എത്തുമ്പോള്‍ കൈയില്‍ കുറിപ്പുകളോ കടലാസ് തുണ്ട് പോലുമോ ഉണ്ടാവില്ലെന്ന് പ്രോഗ്രാം ഡയറക്ടര്‍ കെ.പി.കെ വെങ്ങര പറയാറുണ്ട്. റിക്കാര്‍ഡിംഗ് റൂമില്‍ മൈക്കിന് മുമ്പിലിരുന്ന് പ്രസംഗം ഇടതടവില്ലാതെ സ്ഫുടമായി പൂര്‍ത്തിയാകുമ്പോഴാണത്രെ സ്റേഷന്‍ ഡയറക്ടര്‍ക്ക് ശ്വാസം നേരെ വീഴുക. കെ.ടിയുടെ ആ സവിശേഷ കഴിവ് അദ്ദേഹം എടുത്തു പറയുമായിരുന്നു.
നിഷ്പ്രയാസം കെ.ടിയെ പ്രസംഗകനായി കിട്ടും എന്നതാണ് മറ്റൊരു പ്രത്യേകത. ടാക്സികള്‍ മാറി മാറിക്കയറിയാണെങ്കിലും അദ്ദേഹം പറഞ്ഞിടത്ത് എത്തിയിരിക്കും. അദ്ദേഹം തിരുവനന്തപുരം ജില്ലയിലായിരിക്കുമ്പോള്‍ ഒരിക്കല്‍ വളാഞ്ചേരിയില്‍ ഒരു പൊതുപ്രഭാഷണത്തിന് ക്ഷണിച്ചു. ഞങ്ങള്‍ തമ്മില്‍ വേണ്ടത്ര പരിചയക്കാരായിരുന്നില്ല അപ്പോള്‍. എന്നിട്ടും അദ്ദേഹം ക്ഷണം സ്വീകരിച്ചു. എഴുപതുകളുടെ ആദ്യത്തിലായിരുന്നു അത്. ഏറെ ദൂരങ്ങള്‍ താണ്ടി വന്ന് പ്രസംഗിച്ചു. പാശ്ചാത്യ നാടുകളിലെ അസാന്മാര്‍ഗിക പ്രവണതകളെ വിശകലനം ചെയ്തുകൊണ്ട് പ്രസംഗം കത്തിക്കയറവെ നഗരത്തിലെ ബഹളം പെട്ടെന്ന് നിലച്ചു. ജനം നിന്ന നില്‍പില്‍ വിസ്മയഭരിതരായി പ്രസംഗം അവസാനം വരെ കേട്ടു. പിറ്റേന്ന് രാവിലെ തിരിച്ചുപോകാന്‍ നേരത്ത് തിരുവനന്തപുരം-വളാഞ്ചേരി ദൂരം കണക്കാക്കി ഞാന്‍ യാത്രാ ചെലവ് നല്‍കിയപ്പോള്‍ അത് എണ്ണി നോക്കി മുപ്പത് രൂപ മടക്കിത്തന്ന് ഇത് അധികമാണെന്ന് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് വളാഞ്ചേരിയിലെ ഈദ്ഗാഹില്‍ പ്രഭാഷണം നടത്താനും അദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി. തിരക്കുകള്‍ക്കിടയിലും അദ്ദേഹം ആ കാര്യവും ഭംഗിയായി നിറവേറ്റി.
അദ്ദേഹം യു.എ.ഇയിലെ ഐ.സി.സിയുടെ പ്രസിഡന്റ് ആയിരിക്കുമ്പോള്‍ പ്രസ്ഥാന ബന്ധുക്കള്‍ക്കായി ഒരു അഖില യു.എ.ഇ സമ്മേളനം നടക്കുകയുണ്ടായി. അജ്മാന്‍ പരിസരത്ത്, ഇസ്ലാമിസ്റുകളായ അറബികളുടെ ഉടമസ്ഥതയിലുള്ള ഒരു വലിയ ഹാളില്‍ വെച്ചായിരുന്നു സമ്മേളനം. ആയിരത്തില്‍പരം പ്രസ്ഥാന സുഹൃത്തുക്കള്‍ മറ്റൊരു വലിയ ഹാളില്‍ ശാന്തരായി ഉച്ച ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അതുവരെ സ്റേജിലുടനീളം നിറഞ്ഞുനിന്ന കെ.ടി എവിടെയാണെന്ന് തിരക്കുകയായിരുന്നു എന്റെ കണ്ണുകള്‍. നേതാവായതുകൊണ്ട് പ്രധാന ഭാരവാഹികളോടൊപ്പം പ്രത്യേക സ്ഥലത്തിരുന്ന് പ്രത്യേക വിഭവം കഴിക്കുകയായിരുന്നില്ല അദ്ദേഹം. നിലത്തിരുന്നായിരുന്നു എല്ലാവരും ഭക്ഷണം കഴിച്ചിരുന്നത്. അവിടെ നിരത്തിവെച്ച സുപ്രകളിലേക്ക് പ്രവര്‍ത്തകരെ ക്ഷണിച്ചിരുത്തുകയായിരുന്ന, അതിനായി സുപ്രകള്‍ നിരത്തിവെച്ച എല്ലാ സ്ഥലങ്ങളിലും ഓടി നടക്കുന്ന കെ.ടിയെയാണ് ഞാന്‍ കണ്ടത്. എന്റെ തൊട്ടടുത്തിരുന്ന കണ്ണൂര്‍ സ്വദേശി ടി.എം അഹ്മദ് സാഹിബിന് ആ രംഗം ഞാന്‍ കാണിച്ചു കൊടുത്തു. അല്‍പം കഴിഞ്ഞപ്പോള്‍ എല്ലാവരെയും ഭക്ഷണത്തിനിരുത്തിയ ശേഷം ഒടുവിലെത്തിയ പ്രവര്‍ത്തകരുടെ കൂടെ അവരിലൊരാളായി, അവരുമായി കുശലം പറഞ്ഞും കൂടിച്ചിരിച്ചും കെ.ടി ഭക്ഷണം കഴിക്കുന്നത് അഹ്മദ് സാഹിബ് എനിക്കും കാണിച്ചു തന്നു.
കേരളത്തിലുടനീളം പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ഓടി നടക്കുന്നതിനിടയിലാണ് അദ്ദേഹം യു.എ.ഇയില്‍ വന്നത്. ആ ഘട്ടത്തിലായിരുന്നു കായംകുളം സ്വദേശി വി.എസ് യൂനുസ് മൌലവി, യു.എ.ഇ ഐ.സി.സിയുടെ അമീര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ കീഴില്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ കെ.ടിയോട് ഞങ്ങളാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം സസന്തോഷം സ്വീകരിച്ചു. തനിക്ക് കീഴില്‍ വേറെയും സെക്രട്ടറിമാര്‍ ഉണ്ടായിട്ടും യോഗങ്ങള്‍ക്ക് അംഗങ്ങളെ വെവ്വേറെ ക്ഷണിക്കുക മാത്രമല്ല, അജണ്ടയും അനുബന്ധ കാര്യങ്ങളും ഓരോരുത്തരെയും ധരിപ്പിക്കുകയും ചെയ്യും. ഓഫീസ് സ്റൈലില്‍ 'കോളം പൂരിപ്പിച്ച് കാര്യം നിര്‍വഹിക്കുന്ന' സെക്രട്ടറിമാര്‍ക്കും വകുപ്പ് തലവന്മാര്‍ക്കും ഇതില്‍ പാഠങ്ങളുണ്ട്. യു.എ.ഇയില്‍ ഷാര്‍ജയായിരുന്നു കെ.ടിയുടെ ആസ്ഥാനം. അവിടെ സുഹൃത്തുക്കളായിരുന്ന സയ്യിദ് ഹുസൈന്‍ സാഹിബ് (മമ്പാട്), എം.ടി ഇബ്റാഹീം സാഹിബ് (ധര്‍മധാര, കോഴിക്കോട്), കെ.എം ത്വാഹ സാഹിബ് (കൊല്ലം), എം. അബ്ബാസ് സാഹിബ് (കക്കോടി), അബ്ദുര്‍റഹ്മാന്‍ സാഹിബ് (എടച്ചേരി) എന്നിവരോടൊപ്പം ഒന്നിച്ചൊരു റൂമിലായിരുന്നു താമസം.
ജമാഅത്തെ ഇസ്ലാമി മുന്‍ കേരള അമീര്‍ കെ.സി അബ്ദുല്ല മൌലവിയോട് വലിയ മതിപ്പും ആദരവുമായിരുന്നു കെ.ടിക്ക്. അദ്ദേഹത്തിന്റെ വൈജ്ഞാനികവും നേതൃപരവുമായ കഴിവുകളെ പലപ്പോഴും പരാമര്‍ശിക്കാറുണ്ട്. അദ്ദേഹം ആദരപൂര്‍വം സ്മരിക്കാറുള്ള മറ്റൊരു പണ്ഡിതനാണ് തന്റെ ആദ്യ മുദര്‍രിസായിരുന്ന അമാനത്ത് കോയണ്ണി മുസ്ലിയാര്‍.