Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ലേഖനം



സമഗ്ര വീക്ഷണത്തിന്റെ
ഭൂമികയിലെ ഒറ്റയാന്‍

 

# ടി.എ അഹ്മദ് കബീര്‍
(മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി)

 
 



ഏതു വിഷയവും പഠിച്ച് അവതരിപ്പിക്കുക എന്ന ശീലം വ്രതശുദ്ധിയോടെ നിലനിര്‍ത്തിയ ഒരാളായിരുന്നു പരേതനായ കെ.ടി അബ്ദുര്‍റഹീം സാഹിബ്. സമഗ്രമായ അപഗ്രഥനത്തിന്റെ ശക്തി സാന്ദ്രതയിലേക്ക് തന്നെ കേള്‍ക്കുന്നവരെ ശ്രദ്ധാപൂര്‍വം കൈപിടിച്ച് കൊണ്ടുപോകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉന്നവും ശൈലിയും.
ഖുര്‍ആന്‍ ഒന്നു രണ്ടു തവണയെങ്കിലും മനസ്സിരുത്തി ഗൌരവപൂര്‍വം വായിക്കുകയോ പഠിക്കുകയോ ചെയ്ത ഒരാള്‍ക്ക് ഈ രീതി ഏറെ രുചികരമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. എന്തും തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിപാദിക്കുന്ന ഖുര്‍ആനിക രീതിയാണ് അദ്ദേഹം ഫലപ്രദമായി അനുകരിക്കാന്‍ ശ്രമിച്ചത്. അര്‍ഥശങ്കക്കിടം നല്‍കാതെ ചെറുതും വലുതുമായ ഏതു വിഷയവും തറപ്പിച്ച് പറയുന്ന ഖുര്‍ആനിക രീതിയുടെ ശില്‍പമധുരമായ ആവര്‍ത്തനമാണ് തന്റേതെന്ന ആത്മവിശ്വാസത്തിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍.
പരന്ന വായനയും തെളിഞ്ഞ ചിന്തയും ഉറച്ച നിലപാടും കെ.ടിയെ ഏത് ആള്‍ക്കൂട്ടത്തിലും വ്യത്യസ്തനാക്കി. വായനയും മനനവും ചിന്തയുമാണ് തന്റെ നിലപാടുകളുടെ അടിസ്ഥാനമെന്ന് തെല്ല് ഗര്‍വോടെ അദ്ദേഹം പറയുന്നതായി നമുക്ക് തോന്നും. സമൂഹം ഒരുപാട് മാറേണ്ടതുണ്ടെന്നും സമൂഹത്തെ ഒരുപാട് മാറ്റേണ്ടതുണ്ടെന്നും അദ്ദേഹത്തിന് നല്ല നിശ്ചയമായിരുന്നു. ഒരേസമയം താക്കീതിന്റെയും ആഹ്വാനത്തിന്റെയും മാനങ്ങള്‍ തേടുന്നതായിരുന്നു ആ ശബ്ദഗരിമ. സമൂഹം അതിന്റെ ഉത്തരവാദിത്വം എന്ന നിലക്ക് സ്വയം നവജാഗരണത്തിന്റെയും നവനിര്‍മാണത്തിന്റെയും പാത സ്വീകരിക്കേണ്ടതുണ്ടെന്ന് പറയുമ്പോഴും ദിശ തെറ്റിയ അലസമായ നേതൃത്വത്തിനെതിരെയുള്ള കലാപം കൂടിയായിരുന്നു അതെന്ന് കാണാന്‍ പ്രയാസമില്ല.
കാരിരുമ്പിന്റെ കരുത്ത് പ്രസംഗപീഠത്തില്‍ നാം അനുഭവിക്കുമ്പോള്‍ അകന്ന് നില്‍ക്കാന്‍ പ്രേരണയായെങ്കില്‍ തെറ്റി. അദ്ദേഹവുമായി സംവദിക്കാന്‍ അവസരം കിട്ടിയവര്‍ സൌഹൃദത്തിന്റെയും ഗുണകാംക്ഷയുടെയും ഒരു വലിയ മനുഷ്യനെ നേര്‍ക്കു നേരെ ആസ്വദിക്കുകയായിരിക്കും. കാര്‍ഷിക വൃത്തിയില്‍ അഭിരമിക്കുന്ന ഒരു നാട്ടുംപുറത്തുകാരന്റെ നാട്യങ്ങളേതുമില്ലാത്ത ആ വ്യക്തിത്വം നമ്മെ ആകര്‍ഷിക്കാതെ പോവില്ല. പ്രാസ്ഥാനികമായ ദുശ്ശാഠ്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാത്ത ഒരു കലാപകാരിയെ അത്തരം സൌഹൃദ കൂട്ടായ്മകളില്‍ കെട്ടഴിച്ചു വിടുന്നത് നമുക്ക് കാണാനാവും. ഏതു വിഷയത്തെ സമീപിക്കുമ്പോഴും ഗുണകാംക്ഷയാവണം അടിസ്ഥാന ഘടകമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ അതിര്‍വരമ്പുകള്‍ അവഗണിക്കപ്പെടരുതെന്ന് അദ്ദേഹം തറപ്പിച്ചു പറയുമായിരുന്നു. ഹൃസ്വകാല പദ്ധതിയും ദീര്‍ഘകാല പദ്ധതിയും കൂട്ടിക്കുഴക്കരുതെന്ന് അദ്ദേഹം ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുമായിരുന്നു.
കേരളീയ മുസ്ലിം സമാജത്തിന്റെ ഭാഗമായി നില്‍ക്കാന്‍ അദ്ദേഹത്തിന് നിഷ്ഠാപൂര്‍വമായ താല്‍പര്യമുണ്ടായിരുന്നു. ആ താല്‍പര്യമാണ് ഞങ്ങളെ ഒന്നിപ്പിച്ചത്. അദ്ദേഹം എറണാകുളത്തുണ്ടായിരുന്ന കാലത്ത് കൂടെ കൂടെ കാണുമായിരുന്നു. താല്‍പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. പെരിന്തല്‍മണ്ണ ഭാഗത്ത് സംഘടനാ പരിപാടികള്‍ക്ക് പോകുമ്പോഴെല്ലാം പട്ടിക്കാട്ടെ വീട്ടില്‍ പോയി കാണുമായിരുന്നു. മുസ്ലിം സമൂഹത്തെ വിവിധ തട്ടുകളില്‍ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ആ ചര്‍ച്ചകളില്‍ വിരിഞ്ഞ പാരസ്പര്യവും യോജിപ്പും ഓര്‍മയുടെ ചെപ്പില്‍ അഭിമാനപുരസ്സരം സൂക്ഷിക്കാനേ ഇനി കഴിയൂ. യാത്രാ ദൂരവും ജോലി ഭാരങ്ങളും നിമിത്തം കൂടെ കൂടെ കാണാന്‍ അവസരം കിട്ടിയില്ലല്ലോ എന്ന ദുഃഖമാണ് ഇപ്പോള്‍ ബാക്കി. ജനനം മരണത്തെ സാക്ഷ്യപ്പെടുത്തുന്ന സ്ഥിതിക്ക് യാഥാര്‍ഥ്യബോധം കൈവിടാന്‍ നമുക്കാവില്ല. കെ.ടി പോയി. മുന്‍ഗാമികളെ പോലെ. നാമും പോകും. അല്ലാഹുവിന്റെ തൃപ്തിയില്‍ വിലയിക്കാന്‍ നാമെന്താണ് ചെയ്തതെന്ന അന്വേഷണമാണ് ഇത്തരം ഘട്ടങ്ങളില്‍ നമ്മെ അലട്ടേണ്ടത്. എല്ലാ കൊടിമരങ്ങള്‍ക്കും മുകളില്‍ ദീനിനെ പറപ്പിക്കാന്‍, അല്ലാഹുവിന്റെ പൊരുത്തം ഉറപ്പുവരുത്താന്‍ നാം വിജയിച്ചുവോ എന്നത് മാത്രമാണ് മൌലികമായ ചോദ്യം. അല്ലാഹുവിന് തൃപ്തിയുള്ളവരില്‍ കെ.ടി ഉള്‍പ്പെടണമെന്നാണ് നമ്മുടെ ആഗ്രഹം, പ്രാര്‍ഥനയും.

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly