Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ലേഖനം



മദീനാ മസ്ജിദിന്റെ സുവര്‍ണകാലം

 

# സുലൈമാന്‍ ഖാലിദ് (ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ്)

 
 



നിസ്വാര്‍ഥ സേവനത്തിന്റെ നിസ്തുല മാതൃകയായിരുന്ന, തന്റെ കര്‍മമേഖലയെ അനിതര സാധാരണമായ വ്യക്തിപ്രഭാവം കൊണ്ട് ധന്യമാക്കിയ കെ.ടി അബ്ദുര്‍റഹീം മൌലവിയുടെ ആകസ്മിക വിയോഗം മനുഷ്യസമൂഹത്തിന് വിശിഷ്യാ, മുസ്ലിം സമുദായത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.
താന്‍ അനുധാവനം ചെയ്യുന്ന പ്രസ്ഥാനം മറ്റുപലതിനെക്കാളും മികച്ചതാണെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്നപ്പോഴും പരിപൂര്‍ണമല്ലെന്നും കുറ്റമറ്റതല്ലെന്നും പലപ്പോഴും പരസ്യമായി തുറന്ന് പറയാന്‍ കാട്ടിയ ആര്‍ജവം മറ്റു നേതാക്കളില്‍നിന്ന് കെ.ടിയെ വ്യതിരിക്തനാക്കുന്നു. സ്വാധീനങ്ങള്‍ക്ക് ഇടപെടാന്‍ പാകത്തില്‍ തന്റെ അഭിപ്രായങ്ങളെ മയപ്പെടുത്താന്‍ തയാറാകാതിരുന്നത് സാമാന്യ പണ്ഡിത രീതികളില്‍നിന്ന് അന്യനാവുന്നതിനും അതുവഴി സുമനസ്സുകളുടെ ഇഷ്ട തോഴനാവുന്നതിനും കെ.ടിയെ സഹായിച്ചു.
ദേശീയ രാഷ്ട്രീയത്തിലും മുസ്ലിം നേതൃത്വത്തിലും സുപ്രധാന സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നപ്പോഴും എന്റെ പിതാവ് കൂടിയായ ഇബ്റാഹീം സുലൈമാന്‍ സേഠ് സാഹിബ് വെള്ളിയാഴ്ച എറണാകുളത്ത് എത്തിച്ചേര്‍ന്ന് ജുമുഅക്ക് ശേഷം യാത്ര ആരംഭിക്കും വിധത്തില്‍ തന്റെ യാത്രകള്‍ ക്രമീകരിച്ചിരുന്നു. കെ.ടിയുടെ ഖുത്വ്ബകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത് സമുദായത്തിന് വലിയ മുതല്‍കൂട്ടാവുമെന്ന് സേഠ് സാഹിബ് പലപ്പോഴും അഭിപ്രായപ്പെട്ടിരുന്നു.
കെ.ടിയുടെ ഖുത്വ്ബകളാല്‍ ധന്യമായിരുന്ന കാലം എറണാകുളം മദീനാ മസ്ജിദിന്റെ സുവര്‍ണകാലമായിരുന്നു. സമൂഹത്തിലെ ഉന്നതരായ ജഡ്ജിമാരും അഭിഭാഷകരും കോളേജ് അധ്യാപകരും അടക്കമുള്ള ആളുകള്‍ വിദൂരത്ത് നിന്നുപോലും കെ.ടിയുടെ ഖുത്വ്ബ ശ്രവിക്കാന്‍ എത്തിയിരുന്നു. വളരെ ഗഹനമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിന് ലളിതമായ കാര്യങ്ങളിലൂടെ കടന്ന് വരുന്നത് അദ്ദേഹത്തിന്റെ തനത് ശൈലിയായിരുന്നു. കാലിക വിഷയങ്ങളിലെ ഇസ്ലാമിക നിലപാട് യുക്തിയുടെ മേമ്പൊടിയോടെ അവതരിപ്പിച്ചിരുന്നത് അതീവ ഹൃദ്യമായിരുന്നു. ആരെയെങ്കിലും തൃപ്തിപ്പെടുത്താനല്ല, മറിച്ച് തന്റെ ദൌത്യനിര്‍വഹണത്തിനുള്ള ഉപാധിയായാണ് ഖുത്വ്ബയെ സമീപിക്കുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുമായിരുന്നു.
സംഘടിത സകാത്തിനെക്കുറിച്ചുള്ള കെ.ടിയുടെ പ്രഭാഷണങ്ങള്‍ മുസ്ലിം കേരളത്തെ തെല്ലൊന്നുമല്ല സ്വാധീനിച്ചത്. മിമ്പറിന്റെ മുകളിലെ ഉജ്വല വാഗ്മി, മിമ്പറിനു താഴെ സാധാരണക്കാരുടെ ചങ്ങാതിയും സന്തത സഹചാരിയും ആകുന്നത് അല്‍ഭുതത്തോടെയല്ലാതെ ആര്‍ക്കാണ് നോക്കിക്കാണാന്‍ കഴിയുക. കെ.ടിയുടെ ഖുത്വ്ബ ആരംഭിക്കുന്നതിന് വളരെ മുമ്പെ മദീന മസ്ജിദ് ജനനിബിഡമാകുന്നത് പതിവായിരുന്നു.
ജുമുഅക്ക് ശേഷം മദീന മസ്ജിദിന്റെ ചുറ്റുവട്ടം മുതല്‍ ഇസ്ലാമിക് സെന്റര്‍ വരെ അദ്ദേഹത്തോടൊപ്പം ഉണ്ടാകുമായിരുന്ന ആളുകള്‍ സംഘടനാ പക്ഷപാതിത്തങ്ങള്‍ക്ക് അതീതമായി അദ്ദേഹം നേടിയെടുത്ത സ്നേഹവായ്പിന്റെ മകുടോദാഹരണമായിരുന്നു.
എറണാകുളത്ത് വരുമ്പോള്‍ നേരില്‍ കാണാന്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും വലിയ താല്‍പര്യമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് കനത്ത നഷ്ടമാണ്.

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly