Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ലേഖനം



നോമ്പും സ്വാതന്ത്യ്രവും

 

# ഡോ. മുസ്ത്വഫ സിബാഈ

 
 



നോമ്പ് മനുഷ്യനെ സമൂഹവുമായുണ്ടാവേണ്ട ബന്ധം സദാ ഓര്‍മിപ്പിക്കുന്നു. അവരുടെ സുഖദുഃഖങ്ങളില്‍ പങ്കുചേര്‍ന്ന് ജീവിക്കണമെന്ന് ഉണര്‍ത്തുന്നു. ധനികന്‍ ദരിദ്രനോട് പരുഷമായി പെരുമാറുന്നതും ആളുകള്‍ കുടുംബബന്ധം വിഛേദിക്കുന്നതും അയല്‍വാസിയുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും സമൂഹവുമായുള്ള ബന്ധം മറക്കുമ്പോഴുണ്ടാവുന്ന ദുരന്തങ്ങളാണ്. അതിനാല്‍ പരസ്പരാശ്രയത്വത്തിന്റെ സന്ദേശം കൂടി നോമ്പ് നല്‍കുന്നുണ്ട്. കര്‍മങ്ങളുടെ പ്രചോദനം അല്ലാഹുവിന്റെ പ്രീതി നേടലായിരിക്കണം എന്നതും നോമ്പ് നല്‍കുന്ന സന്ദേശമാണ്; നോമ്പ് മനുഷ്യനും അല്ലാഹുവും തമ്മിലുള്ള സ്വകാര്യ ഇടപാടായതുപോലെ.
വിശുദ്ധ ഖുര്‍ആനാണ് റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ അന്തസത്ത. അതിനാല്‍ ഖുര്‍ആന്‍ പാരായണമോ പഠനമോ ഇല്ലാത്ത നോമ്പിന്റെ ചൈതന്യമെത്ര? റമദാനില്‍ വിശ്വാസി തന്റെ നാഥന്റെ വചനങ്ങള്‍ക്ക് കാതോര്‍ക്കുന്നു. അത് അവനെ നന്‍മയിലേക്ക് ക്ഷണിക്കുന്നു. തഖ്വയിലേക്കടുപ്പിക്കുന്നു. തിന്മയില്‍ നിന്ന് അകറ്റുന്നു. രാവിന്റെ അന്ത്യയാമങ്ങളില്‍ നാഥന്റെ വിളി അവന്‍ കേള്‍ക്കുന്നു. എന്റെ ദാസാ! എന്റെ അടുത്തേക്ക് വരൂ. ദുനിയാവ് നിന്നെ എന്നില്‍ നിന്ന് ബഹുദൂരം അകറ്റി; പക്ഷേ ഞാന്‍ നിന്റെ കണ്ഠനാഡിയേക്കാള്‍ നിന്നോട് സമീപസ്ഥനാണ്. എന്റെ കാരുണ്യത്തെ കുറിച്ച് പിശാച് എത്രയാണ് നിന്നെ നിരാശപ്പെടുത്തിയിട്ടുള്ളത്; പക്ഷേ എന്റെ കാരുണ്യം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. ഞാന്‍ നിനക്ക് നല്‍കിയ സമ്പത്തും അധികാരങ്ങളും നിന്നെ വളരെയധികം വഞ്ചനയിലകപ്പെടുത്തിയിരിക്കുന്നു. എന്നെ ആശ്രയിക്കാതെ കഴിയാം എന്നുവരെ നീ കരുതി. നീ മൃഗങ്ങളുടെ നിലവാരത്തിലേക്ക് താഴ്ന്നു. എന്നാല്‍ ഭൂമിയില്‍ എന്റെ പ്രതിനിധിയാവാന്‍ നിന്നെ സൃഷ്ടിച്ചവനാണ് ഞാന്‍. അതിനാല്‍ എന്നിലേക്ക് വരൂ ദാസാ! ഞാന്‍ നിന്നെ മലക്കുകളുടെ വിതാനത്തിലേക്ക് ഉയര്‍ത്താം. ഉന്നതമായ മനസിന്റെയും തിളങ്ങുന്ന ആത്മാവിന്റെയും പ്രകാശിക്കുന്ന ഹൃദയത്തിന്റെയും ലോകത്ത് നിനക്ക് ജീവിക്കാം. അത് നിന്നെ ഇഹലോകത്ത് ജീവിച്ചിരിക്കെ തന്നെ സ്വര്‍ഗത്തില്‍ ജീവിക്കുന്നവനെ പോലെയാക്കിത്തീര്‍ക്കും.
സഹോദരാ! നോമ്പ് നിന്റെ മനസില്‍ രൂഢമൂലമാക്കുന്ന ചില ആശയങ്ങളാണിവ. നോമ്പിന്റെ സന്ദേശമായി പൂര്‍വസൂരികള്‍ മനസിലാക്കിയതും ഇതുതന്നെ. അതുകൊണ്ടാണ് ഇസ്ലാമികമാര്‍ഗത്തിലെ അചഞ്ചലതയുടെ മുദ്രയാവാന്‍ അവര്‍ക്ക് സാധിച്ചത്. നാം എല്ലാകാലത്തും സത്യത്തെ പ്രതിനിധീകരിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്ന ശ്രേഷ്ഠ ജനതയാവണമെന്നാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. ഈ സന്ദേശം ലോകജനതക്ക് കൈമാറാന്‍ നിന്നെ യോഗ്യനാക്കുന്ന കാര്യങ്ങള്‍ റമദാനില്‍ നിനക്ക് ലഭിക്കുന്നില്ലേ. അല്ലാഹുവിലേക്കടുക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ കണ്ടെത്താന്‍ റമദാനില്‍ നിനക്ക് സാധിക്കുന്നില്ലേ.
നോമ്പിനെ സംബന്ധിച്ച സൂക്തങ്ങള്‍ക്കിടയില്‍ അല്ലാഹു പറയുന്നത് നീ കേള്‍ക്കുന്നില്ലേ: "പ്രവാചകാ, എന്റെ അടിമകള്‍ നിന്നോട് എന്നെക്കുറിച്ചു ചോദിച്ചാല്‍ അവര്‍ക്കു പറഞ്ഞുകൊടുക്കുക: ഞാന്‍ അവരുടെ അടുത്തുതന്നെയുണ്ട്. വിളിക്കുന്നവന്‍ എന്നെ വിളിച്ചാല്‍ ആ വിളി കേട്ട് ഞാന്‍ ഉത്തരം നല്‍കുന്നു. അതിനാല്‍ അവര്‍ എന്റെ വിളിക്ക് ഉത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. (നീ ഇതെല്ലാം അവരെ കേള്‍പ്പിക്കുക) അവര്‍ സന്മാര്‍ഗം ഗ്രഹിച്ചെങ്കിലോ'' (അല്‍ബഖറ 186).
ശക്തിയുടെ മാസം
ശക്തര്‍ മാത്രം വിജയിക്കുന്ന ഒരു സംഘട്ടനമാണ് ഇഹലോകജീവിതം. ഭൌതികം, ആത്മീയം എിങ്ങനെ രണ്ട് തരം ശക്തികളുണ്ട്. ഭൌതികശക്തിയുടെ മികവ് കൊണ്ട് നേടുന്ന വിജയം നശ്വരമാണ്. പ്രവാചകന്മാരുടെ സന്ദേശങ്ങളെ നിഷേധിച്ച ജനസമൂഹങ്ങള്‍ മികച്ച ഭൌതികസന്നാഹങ്ങളുള്ളവരായിരുന്നു. എന്നാല്‍ ആത്മീയ ശക്തിയുടെ അഭാവം മൂലം അവര്‍ തകര്‍ന്നുതരിപ്പണമായി (അല്‍ഫജ്ര്‍ 6-14, അര്‍റൂം 9).
അതേ സമയം ആത്മീയശക്തികൊണ്ട് മാത്രം വിജയം പ്രാപിക്കാനാവില്ല. മാന്യവും ഐശ്വര്യപൂര്‍ണവുമായ ജീവിതത്തിന് ആത്മീയ ഭൌതിക ശക്തികള്‍ സമന്വയിക്കണം. അവ രണ്ട് ചിറകുകളാണ്. തകര്‍ന്നുവീഴുമെന്ന ഭയമില്ലാതെ ഉയരങ്ങളില്‍ പറക്കാന്‍ അത് നമ്മെ സഹായിക്കും. അതിനാലാണ് 'ഞങ്ങളുടെ നാഥാ ഞങ്ങള്‍ക്ക് ഇഹലോകത്തും പരലോകത്തും നന്മ കൈവരുത്തേണമേ' എന്ന് പ്രാര്‍ഥിക്കാന്‍ അല്ലാഹു ആവശ്യപ്പെട്ടത്. വേണ്ടുവോളം ആത്മീയ ശക്തിയുണ്ടെങ്കില്‍ കുറഞ്ഞ ഭൌതിക സന്നാഹങ്ങള്‍ക്കൊണ്ട് തന്നെ വന്‍മരങ്ങളെ കടപുഴക്കിയെറിയാന്‍ കഴിയും. എത്രയെത്ര ചെറുസംഘങ്ങളാണ് അല്ലാഹുവിന്റെ ഹിതത്താല്‍ വന്‍സംഘങ്ങളെ കീഴടക്കിയിട്ടുള്ളത്. ബദ്ര്‍ നമ്മോട് പറയുന്നത് അതാണ്.
വ്രതാനുഷ്ഠാനം വിശ്വാസിക്ക് ആത്മീയ ശാരീരിക ശക്തികള്‍ പ്രദാനം ചെയ്യുന്നു. നിരവധി രോഗങ്ങളെ അത് പ്രതിരോധിക്കുന്നു. ആത്മീയമായി അത് വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സഹനം, അനുസരണം, വ്യവസ്ഥ എന്നീ മൂന്ന് പ്രധാന ഗുണങ്ങള്‍ വിശ്വാസിക്ക് സമ്മാനിക്കുന്നു.
വിശ്വാസി റമദാനില്‍ വിശപ്പും ദാഹവും സഹിക്കുന്നു. പകല്‍വേളയില്‍ പതിവ് ആസ്വാദനങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്നു. ഇതെല്ലാം സ്വാഭീഷ്ടപ്രകാരമാണ് അവന്‍ ചെയ്യുന്നത്. പ്രതിസന്ധിഘട്ടങ്ങളില്‍ വിശപ്പും ദാഹവും സഹിക്കാനുളള ഒരു പാഠശാലയായി മാറുന്നു റമദാന്‍. ഏറ്റവും ശക്തിയുള്ള ആത്മീയ ആയുധമാണ് ക്ഷമയും സഹനവും.
റമദാനില്‍ വിശ്വാസി അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നത് അല്ലാഹുവിനോടുള്ള അനുസരണ നിമിത്തമാണ്. തീക്ഷ്ണതയും ലഘുത്വവും നോക്കിയല്ല ഒരു വിശ്വാസി അല്ലാഹുവിന്റെ കല്പനകളെ മാനിക്കുന്നതും അനുസരിക്കുന്നതും. മറിച്ച് അല്ലാഹുവിനെ നാഥനായി അംഗീകരിക്കുന്നു എന്ന ഒറ്റക്കാരണത്താലാണത്.
റമദാനില്‍ വളരെ കൃത്യമായ ചിട്ടയും വ്യവസ്ഥയും പാലിച്ചുകൊണ്ടാണ് വിശ്വാസി ജീവിതം നയിക്കുന്നത്. ഇസ്ലാമിക സമൂഹം ഒന്നടങ്കം അതുല്യമായ ചിട്ടയോടെ മുന്നോട്ടുനീങ്ങുന്നു. അതില്‍ ചെറിയവനെന്നോ വലിയവനെന്നോ, പണ്ഡിതനെന്നോ പാമരനെന്നോ, ഭരണാധികാരിയെന്നോ പ്രജയെന്നോ, ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ല. സമൂഹത്തെ ചിട്ടയും അനുസരണവും പഠിപ്പിക്കാന്‍ നോമ്പിനോളം സുന്ദരമായ മറ്റെന്തു മാര്‍ഗമുണ്ട്!
സ്വാതന്ത്യ്രത്തിന്റെ മാസം
സ്വാതന്ത്യ്രത്തിലാണ് പൂര്‍ണമായ അടിമത്തം. അടിമത്തം സാക്ഷാത്കരിക്കുന്നതിലാണ് സ്വാതന്ത്യ്രത്തിന്റെ പൂര്‍ണത. സ്വാതന്ത്യ്രമെന്നത് പലരും ധരിച്ചുവെച്ചിരിക്കുന്നതുപോലെ എന്തെങ്കിലും അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ പരിമിതമല്ല. ഇഷ്ടമുള്ളത് തിന്നുക, പ്രവര്‍ത്തിക്കുക തുടങ്ങി ഇഛകളുടെയും താല്പര്യങ്ങളുടെയും പിറകെ പോകലുമല്ല. ചിലപ്പോള്‍ ചിലവസ്തുക്കളുടെ നിഷേധത്തിലൂടെയായിരിക്കും പൂര്‍ണമായ സ്വാതന്ത്യ്രം. ഒരു രോഗി അവന് ദോഷകരമായ ഭക്ഷണം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെടുമ്പോള്‍ ഭക്ഷണകാര്യത്തിലുള്ള അവന്റെ സ്വാതന്ത്യ്രത്തിന് താല്‍കാലികമായി അതിര് നിര്‍ണയിക്കപ്പെടുകയാണ്. രോഗം ശമിച്ചാല്‍ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്യ്രം ലഭിക്കാനാണത്. ഒരു കുറ്റവാളി ജയിലിലടക്കപ്പെടുമ്പോള്‍ താല്‍കാലികമായി അവന്റെ സ്വാതന്ത്യ്രത്തിന് പരിധികള്‍ വെക്കപ്പെടുകയാണ്; ശിക്ഷാകാലാവധി കഴിഞ്ഞാല്‍ തനിക്കും ചുറ്റുമുള്ള സമൂഹത്തിനും ഹാനികരമല്ലാത്ത വിധം സ്വാതന്ത്യ്രം എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് മനസ്സിലാക്കാന്‍.
പൂര്‍ണമായ സ്വാതന്ത്യ്രം മാനവികതയുടെ കാര്യത്തില്‍ നിനക്ക് തുല്യനോ അല്ലെങ്കില്‍ നിന്നേക്കാള്‍ താഴ്ന്നവനോ ആയ ഒരാളും നിന്നെ അടിമയാക്കാതിരിക്കുക എന്നതാണ്. വ്യക്തിസ്വാതന്ത്യ്രമെന്ന പേരിട്ട് ചിലര്‍ വിളിക്കുന്ന അരാജകത്വം യഥാര്‍ഥത്തില്‍ നിന്ദ്യമായ അടിമത്തമാണ്. എല്ലാ ആസ്വാദനങ്ങളുടെയും പിന്നാലെ പോകാനുള്ള പ്രവണത മനുഷ്യനില്‍ ആധിപത്യം നേടുമ്പോള്‍ മനുഷ്യന്‍ അടിമയായിത്തീരുന്നു. ജീവിതത്തിന്റെ അര്‍ഥമോ വിലയോ മനസ്സിലാക്കാതെ അധമവികാരങ്ങളുടെ അടിമയായിത്തീരുക എന്നത് എന്തൊരു സ്വാതന്ത്യ്രമാണ്? ഒരാള്‍ നേടുന്ന ആസ്വാദനങ്ങളുടെ തോതനുസരിച്ചാണ് മനുഷ്യന്റെ വില നിശ്ചയിക്കുന്നതെങ്കില്‍ മൃഗങ്ങള്‍ക്കാണ് അവനേക്കാള്‍ വിലയും നിലയുമുള്ളത്!
അതിനാല്‍ ദേഹേഛകളുടെ മേല്‍ ആധിപത്യം നേടാന്‍ സാധിക്കലാണ് യഥാര്‍ഥ സ്വാതന്ത്യ്രം. ഈയര്‍ഥത്തില്‍ മതനിഷ്ഠയുളള വിശ്വാസികള്‍ പരിധികളും നിയന്ത്രണങ്ങളുമില്ലാത്ത സ്വാതന്ത്യ്രത്തിന്റെ വക്താക്കളാണ്. ഇസ്ലാം ദേഹേഛകളില്‍ നിന്ന് അവരുടെ മനസ്സുകളെ സ്വതന്ത്രമാക്കിയിരിക്കുന്നു. റമദാനില്‍ വിശപ്പും ദാഹവുമുണ്ട്; പരിധികളും നിയന്ത്രണങ്ങളുമുണ്ട്. എന്നാല്‍ അത് നമുക്ക് ആരോഗ്യം പ്രദാനം ചെയ്യുന്നു. അന്നപാനീയങ്ങളുടെയും പതിവുകളുടെയും അടിമത്തത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കുന്നു. റമദാനില്‍ നാം സ്വമേധയാ ആസ്വാദനങ്ങള്‍ തിരസ്കരിക്കുന്നു. അതാണ് സ്വാതന്ത്യ്രം. സ്വാതന്ത്യ്രത്തിന്റെയും അടിമത്തത്തിന്റെയും ഈ സൂക്ഷ്മതലത്തില്‍ നിന്നുകൊണ്ട് റമദാനിനെ സ്വാതന്ത്യ്രത്തിന്റെ മാസമെന്ന നിലക്കും, നോമ്പിനെ യഥാര്‍ഥ സ്വതന്ത്രരെ സൃഷ്ടിക്കുന്ന പാഠശാലയെന്ന നിലക്കും സ്വീകരിക്കണം.
സാന്ത്വനത്തിന്റെ മാസം
നമുക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങള്‍ക്ക് നാവുകൊണ്ട് നന്ദി പറഞ്ഞാല്‍ മാത്രം പോരാ. പ്രസ്തുത അനുഗ്രഹങ്ങള്‍ ലഭിക്കാത്തവരെ നാം നമ്മുടെ സൌഭാഗ്യങ്ങളില്‍ പങ്കാളികളാക്കുകയും വേണം. നമ്മുടെ വാതില്‍ക്കല്‍ മുട്ടുന്നവരും വഴിയില്‍ നമ്മുടെ മുമ്പില്‍ നിന്ന് യാചിക്കുന്നവരും മാത്രമല്ല ദരിദ്രര്‍. അത്തരക്കാരില്‍ ഭൂരിപക്ഷവും യാചന തൊഴിലായി സ്വീകരിച്ചവരാണ്. എന്നാല്‍ തന്റെ സന്താനങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ മാര്‍ഗം കാണാത്ത പിതാക്കന്‍മാര്‍, ആരോരും തുണയില്ലാതെ കഷ്ടപ്പെടുന്ന സ്ത്രീകള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട് ആലംബഹീനരായ കുട്ടികള്‍, അക്രമികളായ ഭരണാധികാരികളുടെ പീഡനം ഭയന്ന് നാട് വിടുന്ന അഭയാര്‍ഥികള്‍ തുടങ്ങി നിരവധി പേര്‍ നമ്മുടെ ചുറ്റുമുണ്ട്. റമദാനിന്റെ ദിനങ്ങളില്‍ പ്രത്യേകമായി അവരെ ഒര്‍ക്കേണ്ടതുണ്ട്.
സമൂഹത്തോടുളള ബന്ധം മറന്നുപോകുമ്പോള്‍ സമ്പന്നന്‍ ദരിദ്രനെ കീഴ്പെടുത്തുന്നു. സാമൂഹികജീവിയാണെന്ന ബോധമില്ലാതെ സ്വന്തത്തിന് വേണ്ടി മാത്രം മനുഷ്യന്‍ അധ്വാനിക്കുന്നു. എന്നാല്‍ എല്ലാവരും നോമ്പുകാരാവുമ്പോള്‍ സമൂഹത്തിന്റെ മനഃസാക്ഷി ഐക്യപ്പെടുന്നു. തന്റെ ആവശ്യം സഹോദരങ്ങളുടെ കൂടി ആവശ്യമാണെന്ന ബോധം മനസില്‍ ഉണരുന്നു. ആഇശ(റ) നോമ്പുകാരിയായിരിക്കെ ഒരു ലക്ഷം ദിര്‍ഹം ആളുകള്‍ക്ക് ദാനം ചെയ്തിരുന്നു. ആ മഹതി ഒരു ആടിനെ അറുത്ത് മുഴുവന്‍ വിതരണം ചെയ്തപ്പോള്‍, നമുക്ക് നോമ്പുതുറക്കാന്‍ ഒരല്പം ബാക്കിവെക്കാമായിരുന്നില്ലേ എന്ന വേലക്കാരിയുടെ ചോദ്യത്തിന്, നീ ഓര്‍മിപ്പിച്ചിരുന്നുവെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു എന്നാണ് അവര്‍ മറുപടി പറഞ്ഞത്. അങ്ങനെ സ്വന്തം ആവശ്യം മറന്ന് സമൂഹത്തിന്റെ ആവശ്യത്തിന് മുന്‍ഗണന നല്‍കുന്നവരാണ് നോമ്പുകാര്‍.
സഹോദരാ! ഈ സന്ദര്‍ഭത്തില്‍ നാം നമ്മോട് തന്നെ ചോദിക്കേണ്ട ചോദ്യങ്ങളുണ്ട്. ഈ ദിനങ്ങളില്‍ അര്‍ഹമായ രൂപത്തില്‍ തന്നെയാണോ നാം നോമ്പനുഷ്ഠിക്കുന്നത്? പട്ടിണികിടക്കുന്നവരുടെ വേദനകള്‍ നമുക്ക് അനുഭവിക്കാനാകുന്നുണ്ടോ? നോമ്പില്‍ നമ്മുടെ ആത്മാവ് പോഷിപ്പിക്കപ്പെടുന്നുണ്ടോ? അതല്ല റമദാനിന് മുമ്പുള്ള അവസ്ഥയില്‍ തന്നെയാണോ നാമുള്ളത്?
നോമ്പുകാരാ! ഭൌതികതയും ആത്മാവും പരസ്പരം ഏറ്റുമുട്ടുന്ന പടക്കളത്തിലാണ് നീയുള്ളത്. അവിടെ പരാജയപ്പെടുന്നതിനെ കുറിച്ച് ജാഗരൂകനാവുക. രാത്രി വയറുനിറക്കാനായി പകല്‍ വിശപ്പ് സഹിക്കുന്ന അവസ്ഥ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. വയറ് മാത്രം നോമ്പെടുക്കുകയും നാവും കണ്ണും കൈയുമൊന്നും നോമ്പെടുക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടാവരുത്.
വിവ. അബൂദര്‍റ് എടയൂര്‍

[email protected]

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly