Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ലേഖനം



ഞാറയില്‍കോണത്തിന്റെ
ഗുരുവര്യന്‍

 

# ഷിബു മടവൂര്‍

 
 



തെക്കന്‍ കേരളത്തിലെ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അറുപതുകള്‍ മുതലേ സജീവമായിരുന്ന പ്രദേശമാണ് ഞാറയില്‍കോണം. ഭൂമിശാസ്ത്രപരമായി തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിര്‍ത്തിയിലാണ് ഈ പ്രദേശം. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ഞാറയില്‍കോണം മഹല്ലിന്. സമീപ പ്രദേശങ്ങളും സമീപ മഹല്ലുകളുമൊക്കെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും വിഹരിക്കുമ്പോഴും പരിഷ്കരണ വ്യഗ്രതയും ഉല്‍പതിഷ്ണു ചിന്താഗതിയും ആദ്യകാലം മുതലേ ഇവിടെ പ്രകടമായിരുന്നു. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് ധാരാളം വിദ്യാസമ്പന്നരും അധ്യാപകരും ഞാറയില്‍കോണത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. വിദ്യാഭ്യാസപരമായ ഈ അനുകൂല കാലാവസ്ഥയായിരിക്കണം, വക്കം മൌലവിയുടെ പരിഷ്കരണ ചിന്തകള്‍ക്ക് ഇവിടെ പെട്ടെന്ന് സ്വീകാര്യത ലഭിച്ചത്. വക്കം മൌലവിയുടെ കുടുംബ ബന്ധുവായ മുഹമ്മദ് കുഞ്ഞ് മൌലവിക്ക് ഞാറയില്‍കോണവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. 'ഖിലാഫത്ത്' മാസിക നടത്തിയിരുന്നതിനാല്‍ 'ഖിലാഫത്ത്' എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന മുഹമ്മദ് കുഞ്ഞ് സാഹിബ് വഴിയാണ് മൌലവിയുടെ നവോത്ഥാനാശയങ്ങള്‍ ഇവിടെയെത്തുന്നത്. തല്‍ഖീന്‍, മൌലിദ്, റാത്തീബ്, ഖബ്റാളികളോടുള്ള പ്രാര്‍ഥന തുടങ്ങിയ അനാചാരങ്ങളൊക്കെ അന്നേ ഞാറയില്‍കോണത്തിന് അന്യമായിരുന്നു. അന്യ പ്രദേശങ്ങളില്‍നിന്നും വിവാഹം ചെയ്തെത്തിയവര്‍ ഇവ നടത്തിയിരുന്നുവെന്നത് മാത്രമാണ് അപവാദം. ഇന്നും ഏറെക്കുറെ ഇതുതന്നെയാണ് അവസ്ഥ.
ഖുത്വ്ബ അറബിയിലായിരുന്നെങ്കിലും നുബാത്തി കിതാബിന്റെ പദാനുപദ മലയാള അവതരണം ഖത്വീബായിരുന്ന എട്ടടി മുസ്ലിയാര്‍ നടത്തിപ്പോന്നിരുന്നു. 'അല്‍ഹംദുലില്ലാഹ് എന്ന് ഖുത്വ്ബയില്‍ ഓതിയ ഉടന്‍ അല്ലാഹുവിനു സ്തുതി' എന്ന് അതേ ഈണത്തില്‍ പറഞ്ഞുപോകുന്നതായിരുന്നു രീതി. ചുരുക്കത്തില്‍ ഇസ്ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കത്തിലേ മണ്ണൊരുക്കം നടന്ന പ്രദേശമായിരുന്നു ഞാറയില്‍കോണം. ഈ സവിശേഷതയാണ് കെ.ടിയുടെ പരിഷ്കരണ സംരംഭങ്ങള്‍ക്ക് ഞാറയില്‍കോണത്ത് സ്വീകാര്യതയും ഇടവും നേടി കൊടുത്തത്.
ഇസ്ലാമിക പ്രസ്ഥാനം തെക്കന്‍ കേരളത്തിലേക്ക് പ്രവേശിച്ചു തുടങ്ങിയ കാലമാണ് അറുപതുകള്‍. ജില്ലയില്‍ കാര്യമായ ചലനങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഒറ്റപ്പെട്ട ചില പ്രദേശങ്ങളില്‍ പ്രസ്ഥാനത്തിന്റെ വെളിച്ചമെത്തിയിരുന്നു. തെക്കന്‍ കേരളത്തില്‍ ഇസ്ലാമിക പ്രവര്‍ത്തനാര്‍ഥം കെ.ടി സഞ്ചാരമാരംഭിക്കുന്ന സമയം. കൊല്ലം ജില്ലയിലെ പ്രസ്ഥാന ചലനങ്ങളുടെ കേന്ദ്രമായ റോഡുവിളയില്‍ മതപ്രഭാഷണങ്ങളും മറ്റു പരിപാടികളും മുറക്ക് നടക്കാറുണ്ടായിരുന്നു. അബ്ദുല്‍ ഹയ്യ് സാറാണ് അന്ന് ഞാറയില്‍കോണം മഹല്ല് പ്രസിഡന്റ്. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ അബ്ദുസ്സലാം സാര്‍ റോഡുവിള പ്രൈമറി സ്കൂളില്‍ അറബി അധ്യാപകനായി സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു. റോഡുവിളയിലെ മതപ്രഭാഷണ വേദിയില്‍ വെച്ചാണ് സലാം സാര്‍ കെ.ടിയെ പരിചയപ്പെടുന്നത്. കെ.ടിയുടെ വ്യക്തിത്വത്തിലും പ്രഭാഷണ ചാതുരിയിലും ആകൃഷ്ടനായ അദ്ദേഹം തന്റെ നാടായ ഞാറയില്‍കോണത്ത് കെ.ടിയെ പങ്കെടുപ്പിച്ച് ഒരു ക്ളാസ് നടത്തിയാലോ എന്ന് സഹോദരനും മഹല്ല് പ്രസിഡന്റുമായ അബ്ദുല്‍ ഹയ്യ് സാറിനോട് ആഗ്രഹം പ്രകടിപ്പിച്ചു. മര്‍ഹൂം പി.എ റശീദ് സാഹിബ്, മര്‍ഹൂം സെയ്ദ് മുഹമ്മദ് സാഹിബ് തുടങ്ങിയവരുമായി കൂടിയാലോചിച്ച് തൊട്ടടുത്ത ആഴ്ചയില്‍ ഒരു തീയതിയും തീരുമാനിച്ചാണ് അബ്ദുസ്സലാം സാഹിബ് മടങ്ങിയത്.
എന്നാല്‍ അബ്ദുല്‍ ഹയ്യ് സാറുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം മറന്നുപോയി. ക്ളാസ് നിശ്ചയിച്ച ദിവസം വൈകുന്നേരം കെ.ടിയും സഹോദരനും നാട്ടിലെത്തിയപ്പോഴാണ് ക്ളാസ്സിന്റെ കാര്യം ഓര്‍മ വന്നതെന്ന് അബ്ദുല്‍ ഹയ്യ് സാര്‍ ഓര്‍ക്കുന്നു. 'മൌലവി എത്തി. ഇനി ക്ളാസ് നടത്തിയേ പറ്റൂ' എന്ന് തീരുമാനിച്ച് പി.എയും സെയ്ദ് മുഹമ്മദ് സാഹിബും താനുമൊക്കെ പരക്കം പാഞ്ഞു. അല്ലാഹു അനുഗ്രഹിച്ച് ക്ളാസ് നിശ്ചയിച്ചിരുന്ന ഞാറയില്‍കോണം എം.എല്‍.പി.എസ്സില്‍ മിനിറ്റുകള്‍ക്കകം നൂറ്റമ്പതോളം പേര്‍ ഒത്തുചേര്‍ന്നു.
അന്ന് ജമാഅത്തെ ഇസ്ലാമി എന്താണെന്നോ അതിന്റെ ആശയങ്ങള്‍ എന്താണെന്നോ ആര്‍ക്കുമറിയുമായിരുന്നില്ല. ക്ളാസ് നടത്തുന്നയാള്‍ 'ഇസ്ലാം ദീനിനെ'കുറിച്ച് പറയുമെന്നാണ് സലാം സാര്‍ അറിയിച്ചിരുന്നത്. അല്‍പം പരിഷ്കരണ ചിന്തയുള്ള ആളാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. അറബിഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ ഉണ്ടെന്നല്ലാതെ, ദീനീ വിജ്ഞാനീയങ്ങളില്‍ അഗാധ ജ്ഞാനമുള്ള ആരും അക്കൂട്ടത്തിലുണ്ടായിരുന്നില്ല. പ്രഭാഷകന്‍ ഏതു തരക്കാരനാണെന്നും ആര്‍ക്കുമറിയില്ല. അറബി തെറ്റായി വ്യാഖ്യാനിച്ച് വല്ല അബദ്ധവും എഴുന്നള്ളിച്ച് ആളുകളെ വഴിതെറ്റിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ മൌലവിയെ അങ്ങനെ വെറുതെ വിടരുതെന്നും ചിലര്‍ തീരുമാനിച്ചിരുന്നു. ആയതിനാല്‍ അറബി ഉദ്ധരണികളെല്ലാം ബോര്‍ഡിലെഴുതിക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ച് ഒന്നോ രണ്ടോ ചോക്ക് കഷ്ണങ്ങളും മുന്നറിയിപ്പെന്ന നിലയില്‍ പ്രഭാഷണമേശക്കരികില്‍ വെച്ചിരുന്നു. ആളുകള്‍ പിന്നെയും വന്നുകൂടിക്കൊണ്ടേയിരുന്നു. ചൂട്ടും കത്തിച്ച്, വയല്‍വരമ്പിലൂടെ കുട്ടികളെയും കൈയിലെടുത്താണ് മിക്കവരും വന്നിരുന്നത്. ഹാളില്‍ ഒരു പെട്രോമാക്സ് മാത്രമാണുണ്ടായിരുന്നത്.
കെ.ടി ഖുര്‍ആനില്‍നിന്ന് ചില ഭാഗങ്ങള്‍ ഓതി ക്ളാസ് ആരംഭിച്ചു. സദസ്സ് നിശ്ശബ്ദമായി. മനസ്സില്‍നിന്ന് മനസ്സുകളിലേക്ക് ആശയങ്ങള്‍ സംവേദനം ചെയ്യുന്ന കെ.ടിയുടെ സ്വതസിദ്ധ പ്രഭാഷണ ശൈലിക്കും ആകര്‍ഷണീയമായ വിഷയാവതരണത്തിനും മുമ്പില്‍ സംശയങ്ങളും ആശങ്കകളും അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭമായി. പെട്രോ മാക്സിന്റെ വെളിച്ചം ഇരുട്ടിനെ കീറിമുറിച്ച് സദസ്സിനെ പ്രകാശപൂരിതമാക്കിയ പോലെ ജനഹൃദയങ്ങളിലെ അജ്ഞതയെ തുടച്ചുനീക്കി ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ ദീപ്തി വാരി വിതറുകയായിരുന്നു കെ.ടി. ക്ളാസ് കഴിഞ്ഞപ്പോള്‍ പുതിയതെന്തോ പകര്‍ന്നു കിട്ടിയ ആവേശത്തോടെയാണ് ആളുകള്‍ സദസ്സ് വിട്ടത്. പഴയ തലമുറയുമായി സംസാരിച്ചപ്പോള്‍ അവരെല്ലാം ആദ്യം ഓര്‍ത്തെടുത്തത് അന്നത്തെ ഈ ക്ളാസ് തന്നെയായിരുന്നു. പ്രായമേറെയായിട്ടും വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവം സൂക്ഷ്മമായി ഓര്‍ത്തെടുക്കണമെങ്കില്‍ പ്രസ്തുത പ്രഭാഷണം ഇന്നാട്ടുകാരില്‍ ചെലുത്തിയ സ്വാധീനം എത്ര വലുതായിരിക്കണം.
തുടര്‍ന്ന് ആഴ്ചതോറും ക്ളാസ്സുകള്‍ നടന്നുവന്നു. പ്രഭാഷണ ശൈലിക്കു പുറമേ, കെ.ടിയുടെ അപാര പാണ്ഡിത്യവും ഊഷ്മള വ്യക്തിത്വവും നാട്ടുകാരെ ഏറെ ആകര്‍ഷിച്ചു. കെ.ടിയുടെ വൈജ്ഞാനിക മികവിലും കഴിവിലും ആകൃഷ്ടനായ സെയ്ദ് മുഹമ്മദ് സാഹിബാണ് 'കെ.ടിയെ നമ്മുടെ ഖത്വീബാക്കിയാലോ' എന്ന ആശയം മുന്നോട്ടുവെക്കുന്നത്. അന്നും അബ്ദുല്‍ ഹയ്യ് സാര്‍ തന്നെയാണ് മഹല്ല് പ്രസിഡന്റ്. ആവശ്യത്തോട് കെ.ടി അനുകൂലമായി പ്രതികരിച്ചു. ഖുത്വ്ബയെ ഒരു ജോലി എന്നതിനപ്പുറം പ്രസ്ഥാന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കെ.ടി കണ്ടിരുന്നത്.
പരിഷ്കരണ ചിന്തയൊക്കെയുണ്ടെങ്കിലും വടിയെടുക്കലും മഅ്ശറ വിളിക്കലുമൊക്കെ അന്നും ഇവിടെ നിലനിന്നിരുന്നു. കെ.ടി വടിയുമെടുത്താണ് ആദ്യം മിമ്പറില്‍ കയറിയത്. മര്‍ഹൂം മഅ്ദൂം സാഹിബായിരുന്നു അന്ന് മുഅദ്ദിന്‍. മഅ്ദൂം സാഹിബിന്റെ കൈയില്‍നിന്ന് വാങ്ങിയ വടി ഒരു കൈയിലും മറ്റേ കൈയില്‍ നുബാത്തീ ഖുത്വ്ബയുടെ കിത്താബുമായി മിമ്പറില്‍ കയറും. വടി ഒരു ഭാഗത്ത് വെക്കും. കിത്താബ് തുറക്കാതെ കൈയില്‍തന്നെ പിടിക്കും. നന്നായി ഖുത്വബ നടത്തി വടിയുമെടുത്ത് താഴെയിറങ്ങും. 'ഇദാ സഇദല്‍ ഖത്വീബ്...' എന്ന് തുടങ്ങുന്ന വാചകത്തിന്റെ അര്‍ഥം മലയാളത്തില്‍ മുഅദ്ദിനെ കൊണ്ട് പറയിപ്പിക്കുമായിരുന്നു കെ.ടി.
വടിയെടുക്കുന്ന ആള്‍ ഒരു വെള്ളിയാഴ്ച എന്തോ കാരണത്താല്‍ വന്നില്ല. അന്ന് കെ.ടി വടിയെടുക്കാതെ തന്നെ മിമ്പറില്‍ കയറി. ശുദ്ധ മലയാളത്തില്‍ ഖുത്വ്ബ നിര്‍വഹിച്ചു. അന്നു മുതല്‍ വടിയെടുക്കല്‍ സമ്പ്രദായം ഇല്ലാതായി. അതോടെ ഞാറയില്‍കോണത്തിന്റെ മിമ്പര്‍ ശുദ്ധ മലയാള ഖുത്വ്ബയിലേക്ക് വഴിമാറി. ഗംഭീരമായ വ്യക്തിപ്രഭാവത്തിനുടമയായ കെ.ടിയുടെ നടപടിയില്‍ കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായില്ല. നമസ്കാരാനന്തരം കൂട്ടപ്രാര്‍ഥനയും അനുബന്ധ കാര്യങ്ങളും ഇത്തരം യുക്തിപരമായ ഇടപെടലിലൂടെ അദ്ദേഹം അവസാനിപ്പിച്ചു. കേരളത്തിലെ പ്രമുഖ പണ്ഡിതന്മാരെയും പ്രഭാഷകരെയുമുള്‍പ്പെടുത്തി കെ.ടിയുടെ മേല്‍നോട്ടത്തില്‍ വഅ്ളുകള്‍ സംഘടിപ്പിക്കുമായിരുന്നു. ഞാറയില്‍കോണത്ത് വഅ്ള് ദിനങ്ങള്‍ ആഘോഷം പോലെയായിരുന്നു. നേരത്തെ ജോലിയെല്ലാം തീര്‍ത്ത് വീട് പൂട്ടി, ആണും പെണ്ണും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ ഞാറയില്‍കോണം സ്കൂളങ്കണത്തില്‍ നേരത്തേ തന്നെ ഇടം പിടിക്കും. ഇസ്സുദ്ദീന്‍ മൌലവി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ ഞാറയില്‍കോണത്ത് വന്നുപോയിട്ടുണ്ട്.
മദ്റസാ സംവിധാനം കാര്യക്ഷമമാക്കുകയായിരുന്നു ഞാറയില്‍കോണത്ത് കെ.ടിയുടെ അടുത്ത ചുവടുവെപ്പ്. മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമിയോ സമാന മദ്റസാ സംവിധാനങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് പള്ളിയോട് ചേര്‍ന്ന് പുറംപള്ളിയില്‍ നടന്നിരുന്ന ദീനീപഠന സംവിധാനം കെ.ടിയുടെ കഴിവുറ്റ അധ്യാപനത്തിനും വിദ്യാഭ്യാസ കാഴ്ചപ്പാടിനും മികച്ച തെളിവാണ്. ക്ളാസ് സംവിധാനത്തിലല്ലാതെ വിദ്യാര്‍ഥികളെ ഗ്രഹണക്ഷമതയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചായിരുന്നു അധ്യാപനം. ആയത്തുകളും ഹദീസുകളുമൊക്കെ എഴുതി നല്‍കിയ ശേഷം വിശദീകരിക്കും. പുസ്തകങ്ങളൊന്നുമുണ്ടായിരുന്നില്ല. കെ.ടി നല്‍കുന്ന വിശദീകരണങ്ങള്‍ കുട്ടികള്‍ കുറിച്ചെടുത്തിരുന്നു. കെ.ടിയുടെ ക്ളാസ് പിന്നീട് പുസ്തകമായിവന്നു. മുതിര്‍ന്നവരോടെന്ന പോലെ കുട്ടികളോടും ഊഷ്മളമായ സ്നേഹബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. മദ്റസാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടി ആലപ്പുഴ സ്വദേശിയായ എസ്.എം ത്വയ്യിബ് സാഹിബിനെയും മുഹമ്മദ് സാഹിബിനെയും അദ്ദേഹം ഞാറയില്‍കോണത്തേക്ക് കൊണ്ടുവന്നു. ഇക്കാലത്താണ് ഞാറയില്‍കോണത്തെ ചരിത്ര പ്രസിദ്ധമായ മദ്റസാ വാര്‍ഷികം നടന്നത്. എം.എ.കെ ആസാദ് മൌലവി, നാസിമുദ്ദീന്‍ സാര്‍, കെ.യു നസീര്‍ സാര്‍, റഹ്മത്ത്, റംല തുടങ്ങിയവരൊക്കെ അന്ന് കെ.ടിയുടെ മദ്റസാ സംവിധാനത്തിലൂടെ പഠിച്ചുവന്നവരാണ്.
ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം മൂലം നിര്‍ബന്ധിതാവസ്ഥയില്‍ ആദ്യ ഭാര്യയെ ത്വലാഖ് ചൊല്ലിയ ശേഷമാണ് അദ്ദേഹം ഞാറയില്‍കോണത്തെത്തുന്നത്. വിവാഹാലോചനകള്‍ നടക്കുന്ന സമയം. വിളയില്‍ വീട്ടില്‍ ഇബ്റാഹീം സാഹിബ്-മൈമൂന ദമ്പതികളുടെ ഇളയ മകള്‍ റശീദയെ വിവാഹം ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആലപ്പുഴയില്‍നിന്ന് മറ്റൊരു വിവാഹാലോചന വരുന്നത്. അത് ഏകദേശം നടക്കുമെന്നുറപ്പായി. 'വഫൌഖ ഖദീറിനാ ലില്ലാഹി തഖ്ദീറു' (നമ്മുടെ തീരുമാനങ്ങള്‍ക്കതീതമാണ് അല്ലാഹുവിന്റെ തീരുമാനം) എന്ന വചനം തലക്കെട്ടാക്കി കെ.ടി ഞാറയില്‍കോണത്തേക്ക് കത്തെഴുതിയിരുന്നതായി ഭാര്യാ സഹോദരന്‍ അബ്ദുര്‍റബ്ബ് സാര്‍ ഓര്‍ക്കുന്നു. ആ കത്ത് ഇന്നും അദ്ദേഹം സൂക്ഷിക്കുന്നു. തുടര്‍ന്ന് ജമാഅത്ത് തീരുമാനമുണ്ടാവുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രം തെക്കന്‍ മേഖലയായി നിര്‍ണയിക്കുകയും ചെയ്തതോടെ ഞാറയില്‍കോണത്തുനിന്ന് വിവാഹം കഴിക്കുകയായിരുന്നു. 1968 നവംബര്‍ എട്ടിനായിരുന്നു വിളയില്‍ വീട്ടില്‍ കെ.ടി മരുമകനായി എത്തുന്നത്. വിളയില്‍ കുടുംബത്തിന്റേതല്ല, ഞാറയില്‍കോണത്തിന്റെ തന്നെ മരുമകനാവുകയായിരുന്നു കെ.ടി. വിവാഹത്തിന് മുമ്പ് മുഹമ്മദുമ്മ എന്നായിരുന്നു വധുവിന്റെ പേര്. വിവാഹാനന്തരം കെ.ടിയാണ് 'റശീദ'യെന്ന് പേര് മാറ്റിയത്. ഞാറയില്‍കോണം പള്ളിയില്‍ നടന്ന വിവാഹത്തില്‍ എസ്.എം ത്വയ്യിബ് സാഹിബാണ് നികാഹ് ഖുത്വ്ബ നടത്തിയത്.
സൌഹാര്‍ദ മനസ്സും ഊഷ്മളമായ ഇടപെടലുകളുമാണ് ഇന്നാട്ടുകാര്‍ക്കിടയില്‍ കെ.ടിയെ അവിസ്മരണീയനാക്കുന്നത്. ആളുകളുടെ നിലവാരത്തിനനുസരിച്ച് അദ്ദേഹം പെരുമാറിയിരുന്നു. പ്രസ്ഥാന പരിപാടിക്ക് എങ്ങോട്ടെങ്കിലും പോവുകയാണെങ്കില്‍ ആദ്യം കാണുന്നവരുടെ കൈയും പിടിച്ച് കൂടെ കൊണ്ടുപോകും. പി.എ, പുത്തനിവീട്ടില്‍ അബ്ദുര്‍റഹ്മാന്‍ സാഹിബ്, അബ്ദുല്‍ ഹയ്യ് സാര്‍, അലുകുഴി അബ്ദുര്‍റഹ്മാന്‍ സാഹിബ്, അബ്ദുര്‍റഹീം ലബ്ബ തുടങ്ങിയ നിരവധി പേര്‍ ഇത്തരത്തില്‍ കെ.ടിയുടെ കൂടെ നടന്ന് പ്രസ്ഥാനത്തെ പഠിച്ചവരാണ്. നടന്നായിരുന്നു യാത്ര. വഴിയില്‍ കാണുന്നവരോടെല്ലാം സംസാരിക്കും, കുശലം പറയും. വലിയ സുഹൃദ് വലയം തന്നെ ഞാറയില്‍കോണത്തിനു പുറത്ത് ഇത്തരത്തില്‍ കെ.ടിക്കുണ്ടായിരുന്നു.
ആളുകളുമായി ഇടപഴകുമ്പോള്‍ ഖത്വീബെന്ന പരിഗണനയില്‍ മാറി നില്‍ക്കാതെ അവരിലൊരാളായി നില്‍ക്കാന്‍ കെ.ടി എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഞാറയില്‍കോണം ജംഗ്ഷനില്‍ അന്ന് ഒരു അലിയാര്‍ കുഞ്ഞ് കാക്ക ചായക്കട നടത്തിയിരുന്നു. അവിടെ ബീഡിതെറുപ്പും വില്‍പനയുമുണ്ടായിരുന്നു. ബീഡി വലിക്കുന്ന ശീലക്കാരനായ കെ.ടിയെ കാണുമ്പോള്‍ 'മൌലവി ബീഡിയെടുക്കീന്‍' എന്ന് കാക്ക പറയും. എന്നാല്‍ കെ.ടി ബീഡിയിലയെടുത്ത് സ്വയം കൈ കൊണ്ട് തെറുത്തേ വലിക്കുകയുള്ളൂ. കാക്ക തെറുത്തിട്ട ബീഡിയെടുത്ത് വലിക്കില്ല. അദ്ദേഹം തെറുത്ത ബീഡി ഞാനെടുത്ത് വലിക്കുമ്പോള്‍ ഞാന്‍ അയാളെക്കാളെന്തോ പ്രത്യേകതയുള്ളവനാണെന്ന ധാരണയുണ്ടാകും. അങ്ങനെയല്ല. ഞാനും നിങ്ങളെപ്പോലെയാണ് എന്ന സമഭാവനയുടെ പാഠങ്ങളാണ് ഇത്തരത്തിലുള്ള കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും അവിടെയുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നത്.
വീടുകളില്‍നിന്നാണ് മൌലവിക്ക് ഭക്ഷണം കൊടുത്തയക്കുന്നത്. ഭക്ഷണ വിഭവങ്ങള്‍ ഇന്നത്തെപ്പോലെ സുലഭമല്ലാതിരുന്ന കാലം. കെ.ടി നടക്കാനിറങ്ങുമ്പോള്‍ അന്ന് ഭക്ഷണം നല്‍കേണ്ട വീട്ടുകാരെ കണ്ടുമുട്ടിയാല്‍ 'നിങ്ങള്‍ എനിക്കു വേണ്ടി ഒന്നുമുണ്ടാക്കരുത് കേട്ടോ, നിങ്ങള്‍ വെക്കുന്നതെന്തായാലും അത് കൊടുത്തയച്ചാല്‍ മതി' എന്ന് പറയുമായിരുന്നു. കെ.ടിയുടെ ഈ ഉള്ളു തുറന്ന പെരുമാറ്റം ആളുകളില്‍ വലിയ സ്വാധീനമുണ്ടാക്കിയിരുന്നു. എന്ത് ജോലി ചെയ്യാനും കെ.ടിക്ക് മടിയുണ്ടായിരുന്നില്ല. തേങ്ങയിടാന്‍ ആള് വന്നില്ലെങ്കില്‍ തന്റെ സ്വതസിദ്ധ ശൈലിയില്‍ തെങ്ങ് കയറി തേങ്ങയിടുന്ന കെ.ടി ആദ്യമൊക്കെ നാട്ടുകാര്‍ക്ക് ആശ്ചര്യം തന്നെയായിരുന്നു.
ധാരാളം ക്ളാസ്സെടുക്കുമെങ്കിലും 'ജമാഅത്തെ ഇസ്ലാമി' എന്ന പേര് പ്രസംഗത്തില്‍ അധികമൊന്നും പറയുമായിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും ക്ളാസ്സുകളില്‍നിന്നും ഇസ്ലാമിക പ്രസ്ഥാനത്തെ ഇവിടത്തുകാര്‍ അനുഭവിച്ചറിയുകയും വായിച്ചെടുക്കുകയുമായിരുന്നു. അന്ന് 11 വയസ്സുണ്ടായിരുന്ന തന്നെ കൊണ്ട് ഹംദര്‍ദ് ഹല്‍ഖാ അംഗത്വത്തിനുള്ള ഫോറം പൂരിപ്പിച്ചിട്ടുണ്ടെന്നും പ്രസ്തുത ഫോമിലാണ് 'ജമാഅത്തെ ഇസ്ലാമി' എന്ന് താന്‍ ആദ്യമായി വായിച്ചറിയുന്നതെന്നും എം.എ.കെ ആസാദ് മൌലവി സ്മരിക്കുന്നു. സഹോദര സമുദായത്തിലും അദ്ദേഹത്തിന് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. എം.എല്‍.പി.എസ്സില്‍ നടന്നിരുന്ന ക്ളാസ്സുകളില്‍ സ്ഥിരമായി പങ്കെടുത്തിരുന്ന കുടവരൂര്‍ സ്വദേശി സുകുമാര പിള്ളയും ഞാറയില്‍കോണം സ്വദേശി തങ്കപ്പനും കെ.ടിയുടെ സൌഹൃദത്തിന് ഉത്തമോദാഹരണമാണ്.
വിശപ്പും ക്ഷീണവും വകവെക്കാതെ കിലോമീറ്ററുകളോളം നടന്നാണ് റോഡുവിളയിലും വക്കത്തും ഓടയത്തുമൊക്കെ കെ.ടി പ്രവര്‍ത്തിച്ചിരുന്നത്. പച്ചവെള്ളം മാത്രം കുടിച്ച് തന്നെയും കൂട്ടി കിലോമീറ്ററുകളോളം നടന്ന് റോഡുവിളയില്‍ ഒരു പൊതുപരിപാടിക്ക് പോയ സംഭവം അബ്ദുല്‍ ഹയ്യ് സാര്‍ ഓര്‍ക്കുന്നു. വഴിയില്‍ കണ്ടുമുട്ടിയ തന്റെ കൈയും പിടിച്ച് രാവിലെ പതിനൊന്ന് മണിക്ക് നടക്കാന്‍ തുടങ്ങിയതാണ്. മഗ്രിബായപ്പോള്‍ റോഡുവിളയിലെത്തി. പരിപാടിയൊക്കെ കഴിഞ്ഞ് ഇശായും നമസ്കരിച്ച് പുറത്തിറങ്ങി. ഇനി എന്തെങ്കിലും കഴിക്കുമെന്നായിരുന്നു ഹയ്യ് സാര്‍ കരുതിയത്. ക്ളാസ്സെടുക്കാന്‍ രാവിലെ പുറപ്പെട്ടതാണ്. ഉച്ചക്കും ഒന്നും കഴിച്ചിട്ടില്ല. പക്ഷേ, കെ.ടിയുടെ കൈയില്‍ ഒറ്റ പൈസയുമുണ്ടായിരുന്നില്ല. ക്ളാസ്സിനെത്തിയവരെല്ലാം പിരിഞ്ഞുപോയിക്കഴിഞ്ഞിരുന്നു. താന്‍ കെ.ടിയുടെ മുഖത്തേക്ക് നോക്കി. ഒരു കൂസലുമില്ല. ജ്യേഷ്ഠന്‍ അബ്ദുസ്സലാം അന്നവിടെ താമസമുണ്ട്. പക്ഷേ, രാത്രി ഏറെ വൈകിയതിനാല്‍ ഭക്ഷണമൊന്നും അവിടെയുണ്ടായിരുന്നില്ല. രാത്രി അവിടെ കിടന്നുറങ്ങി. പിറ്റേന്ന് കാലത്ത് എന്തെങ്കിലും കഴിക്കുമെന്നാണ് കരുതിയത്. അതുമുണ്ടായില്ല. എന്നു മാത്രമല്ല, സുബ്ഹി കഴിഞ്ഞ ഉടനെ കെ.ടി തിരിച്ചു നടക്കാനും തുടങ്ങി. പന്ത്രണ്ട് മണി ആയപ്പോള്‍ കാട്ടുപുതുശ്ശേരിയിലെത്തി. കഠിനമായ വിശപ്പും ക്ഷീണവും കൊണ്ട് രണ്ടു പേരും അവശരായിരുന്നു. ഒടുവില്‍ ഗതികെട്ട് അവിടെ കണ്ട കടയില്‍ കയറി. കടത്തിന് ഭക്ഷണം കഴിച്ചു. ഇത്രയധികം ദയനീയവും പ്രയാസപൂര്‍ണവുമായിരുന്നു കെ.ടിയുടെ യാത്രകള്‍. 'ഇത് എനിക്ക് ഒരു ദിവസം മാത്രമുണ്ടായ അനുഭവം. കെ.ടി അധികവും ഇങ്ങനെ തന്നെയായിരുന്നു'- ഹയ്യ് സാര്‍ പറഞ്ഞുനിര്‍ത്തി.
ഗള്‍ഫ് കുടിയേറ്റം ഇന്നത്തേത് പോലെ സജീവമല്ലാതിരുന്ന അക്കാലത്ത് കൃഷി മാത്രമായിരുന്നു പ്രദേശത്തിന്റെ മുഖ്യ വരുമാനമാര്‍ഗം. നെല്ലും തേങ്ങയുമായിരുന്നു പ്രധാന വിളകള്‍. ഈ സാഹചര്യത്തിലാണ് കാര്‍ഷിക വിളകളുടെ സംഘടിത സകാത്ത് സംവിധാനം കെ.ടിയുടെ കാര്‍മികത്വത്തില്‍ ഇവിടെ നടപ്പിലാക്കിയത്. തെക്കന്‍ കേരളത്തില്‍ ആദ്യമായാണ് കാര്‍ഷിക വിളകളുടെ സകാത്തെന്ന വിപ്ളവകരമായ പദ്ധതി നടപ്പാക്കപ്പെടുന്നത്. വിളകളില്‍നിന്ന് സകാത്ത് വിഹിതം ഒന്നായി ശേഖരിച്ച് അത് വിറ്റ് കാശാക്കി അര്‍ഹര്‍ക്ക് നല്‍കുന്ന രീതിയാണ് അവലംബിച്ചിരുന്നത്. ഒരു വിഹിതം കേന്ദ്രത്തിലേക്കും അയച്ചിരുന്നു. വിളകളുടെ ശേഖരണത്തിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും നാട്ടുകാര്‍ക്കൊപ്പം കെ.ടിയും സജീവമായിരുന്നു. സകാത്ത് സംവിധാനം കുറച്ച് കാലം കാര്യക്ഷമമായി നടന്നുവെങ്കിലും ചില പ്രശ്നങ്ങള്‍ കാരണം പിന്നീടത് മുടങ്ങി. മഹല്ലിന്റെ സാമ്പത്തിക വളര്‍ച്ചക്കും സംസ്കരണത്തിനും ഏറെ പരിഹാരമാകുമായിരുന്ന പ്രസ്തുത സംവിധാനത്തിന്റെ പരാജയം കെ.ടിയെ ഏറെ ദുഃഖിപ്പിച്ചു.
നാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെ.ടി എപ്പോഴും മുന്‍കൈയെടുത്തിരുന്നു. സ്പര്‍ധയേതുമില്ലാതെ സമാധാനത്തോടും സഹകരണത്തോടും കഴിഞ്ഞുപോകുന്ന ഒരു സാമൂഹിക സംവിധാനം രൂപപ്പെടുത്തുന്നതിനും കെ.ടി പ്രാമുഖ്യം നല്‍കി. സാമൂഹിക ഭദ്രതയുടെയും സഹകരണത്തിന്റെയും പരസ്പര ബന്ധങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച അദ്ദേഹത്തിന്റെ ഉദ്ബോധനങ്ങള്‍ നാട്ടുകാരെല്ലാം വിവേചനമന്യേ നെഞ്ചേറ്റി. അതിന്റെ ഗുണഫലങ്ങള്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഞാറയില്‍കോണത്ത് ഇന്നും പ്രകടമാണ്. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് വിദ്വേഷരഹിതവും സഹകരണാത്മകവും സമാധാനപരവുമായ സാമൂഹികാന്തരീക്ഷമാണ് ഇവിടെയുള്ളത്. അതിനെ തകര്‍ക്കാനുള്ള നീക്കങ്ങളെ കെ.ടി സൃഷ്ടിച്ച സാമൂഹിക പൊതുബോധം തകര്‍ത്തുകളയുന്നതാണ് ഞാറയില്‍കോണത്തിന്റെ ചരിത്രവും വര്‍ത്തമാനവും. ഒരു മഹല്ല് എന്ന നിലയില്‍ പരിഷ്കരണത്തിന്റെ രാജപാതയിലും ഒരു നാട് എന്ന നിലയില്‍ സാമൂഹിക സംസ്കരണത്തിന്റെ അച്ചുകൂടത്തിലും ഞാറയില്‍കോണം കടന്നുപോയ അസുലഭ കാലമായിരുന്നു കെ.ടിയുടേത്. കഠിന പ്രയ്തനത്തിലൂടെ മാതൃകാപരമായ പരിഷ്കരണങ്ങള്‍ സാധ്യമാക്കി മടങ്ങുകയായിരുന്നില്ല കെ.ടി. പ്രസ്ഥാനത്തെയും പരിഷ്കരണങ്ങളെയും അതിന്റെ ചൈതന്യം തൊട്ടറിഞ്ഞ് ഏറ്റെടുത്ത് നിലനിര്‍ത്താന്‍ പ്രാപ്തരായ ഒരു പുതുതലമുറയെ സൃഷ്ടിച്ച ശേഷമാണ് കെ.ടി മടങ്ങിയത്. മൂന്നോ നാലോ വര്‍ഷം മാത്രമാണ് അദ്ദേഹം ഞാറയില്‍കോണത്ത് ഖത്വീബായി സേവനമനുഷ്ഠിച്ചത്. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് അദ്ദേഹം ഗള്‍ഫിലേക്ക് പോയി. എങ്കിലും കുടുംബം ഞാറയില്‍കോണത്തുതന്നെയായിരുന്നു. 1980-നു ശേഷമാണ് കുടുംബസമേതം പെരിന്തല്‍മണ്ണ പട്ടിക്കാട്ടേക്ക് താമസം മാറുന്നത്. ശേഷവും ഞാറയില്‍കോണവുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ഫോണ്‍ ചെയ്യുമ്പോഴൊക്കെ 'പള്ളിയെങ്ങനെ പോകുന്നു, എന്താ വര്‍ത്തമാനം' എന്നത് അദ്ദേഹത്തിന്റെ പതിവ് ചോദ്യമായിരുന്നെന്ന് അബ്ദുറബ്ബ് സാര്‍ പറയുന്നു. രോഗബാധിതനായി ചികിത്സയിലായിരിക്കുമ്പോഴും ഞാറയില്‍കോണത്തിന്റെ വിശേഷങ്ങളറിയാനും നിര്‍ദേശങ്ങള്‍ നല്‍കാനും അദ്ദേഹം ശ്രമിച്ചിരുന്നു.
2008 നവംബര്‍ 8-നാണ് കെ.ടി അവസാനമായി ഞാറയില്‍കോണത്ത് വന്നത്. കുടുംബ സന്ദര്‍ശനാര്‍ഥമായിരുന്നു അത്. പരിചയം പുതുക്കി സന്തോഷത്തോടെയായിരുന്നു മടക്കം. ആത്മാര്‍ഥ സൌഹൃദങ്ങളും വിലമതിക്കാനാവാത്ത സംഭാവനകളും വിസ്മരിക്കാനാവാത്ത കുറെ ജീവിതാനുഭവങ്ങളും ഞാറയില്‍കോണത്തിനു പകര്‍ന്നു നല്‍കിയാണ് ആ മഹാനുഭാവന്‍ വിടപറഞ്ഞത്.

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly