Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ലേഖനം



പറയാന്‍ ബാക്കിവെച്ചത്

 

# സദ്റുദ്ദീന്‍ വാഴക്കാട്

 
 



"മുമ്പില്‍ നടന്നുപോയവരുടെ മഹത്വം പ്രസംഗിക്കുകയോ അതില്‍ അഭിമാനം കൊള്ളുകയോ ചെയ്യുന്നതിലല്ല, അവരുടെ ത്യാഗോജ്വലമായ ജീവിതപാത പിന്തുടരുന്നതിലാണ് വിജയം. ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി മൌലിക ചിന്തകള്‍ രൂപപ്പെടുത്തി, കാലത്തിന്റെ ഹൃദയമിടിപ്പുകള്‍ തൊട്ടറിഞ്ഞ് മുന്നോട്ട് പോകാന്‍ കഴിയണം. പൂര്‍വികര്‍ കൊളുത്തിവെച്ച ഈ കൈത്തിരി നമ്മുടെ കൈകളില്‍ ജ്വലിച്ച് നില്‍കണം. അവര്‍ നട്ടുവളര്‍ത്തിയ ഈ ഫലവൃക്ഷം പുതിയ തലമുറയിലൂടെ പടര്‍ന്നു പന്തലിക്കണം. ഖുര്‍ആന്റെ വെളിച്ചത്തില്‍, നേര്‍വഴിയില്‍ ആത്മാര്‍ഥ മനസോടെ മുന്നോട്ട് പോവുക. ജീവിതം നല്‍കി ഈ പ്രസ്ഥാനത്തെ വളര്‍ത്തിയെടുത്ത് അല്ലാഹുവിലേക്ക് യാത്രയായവരുടെ വഴി മറക്കാതിരിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ'' (പ്രസ്ഥാന യാത്രകള്‍, കെ.ടി അബ്ദുര്‍റഹീം - അവസാന അധ്യായം, അവസാന ഖണ്ഡിക)
കെ.ടിയുടെ പ്രസ്ഥാന യാത്രകള്‍ക്ക് വിരാമമായി. കാലത്തിനുമുമ്പില്‍ കെടാവിളക്ക് കൊളുത്തിവെച്ച്, കാരാട്ടുതൊടിയിലെ നക്ഷത്രത്തിളക്കമുള്ള ആ മഹാ മനീഷി കടന്നുപോയി, അകാശലോകത്തിലേക്ക്, അല്ലാഹുവിന്റെ സവിധത്തിലേക്ക്. വെള്ളിമേഘങ്ങള്‍ക്കിടയിലൂടെ കടന്നുവന്ന വിശുദ്ധ മാലാഖമാര്‍, അദ്ദേഹത്തിന്റെ ആത്മാവിനെ സ്വര്‍ഗീയ പരിമളമുള്ള പട്ടുവസ്ത്രത്തിലേക്ക് ഏറ്റുവാങ്ങുമ്പോള്‍ ഇങ്ങനെ അഭിവാദ്യം ചെയ്തിട്ടുണ്ടാകും; "അല്ലയോ സമാധാനം പ്രാപിച്ച ആത്മാവേ അല്ലാഹുവിലേക്ക് മടങ്ങുക തൃപ്തനായി, സംപ്രീതനായി.'' അല്ലാഹവേ, ഇങ്ങനെ സ്വാഗതം ചെയ്യപ്പെടുന്നവരില്‍നിന്ന് ഞങ്ങളെ നീ വിട്ടുകളയരുതേ!
*** *** *** *** ***
വര്‍ഷങ്ങള്‍ക്കു മുമ്പ്, 1998ലാണെന്ന് തോന്നുന്നു, വാടാനപ്പള്ളി ഇസ്ലാമിയാ കോളേജില്‍ നടന്ന എസ്.ഐ.ഒവിന്റെ സംസ്ഥാന നേതൃ സംഗമത്തിലാണ് കെ.ടിയെ ആദ്യമായി കണ്ടത്. അന്ന് പരിചയപ്പെടുകയോ സംസാരിക്കുകയോ ചെയ്തില്ല. ഒരു രാത്രി സെഷനില്‍, 'ജിഹാദ്' എന്ന വിഷയമാണ് കെ.ടി അവതരിപ്പിച്ചത്. ആഴവും പരപ്പുമുള്ള കെ.ടിയുടെ ആ ക്ളാസിന്റെ പ്രസക്തഭാഗങ്ങള്‍ എന്റെ പഴയ ഡയറിയില്‍ ഇപ്പോഴും വായിക്കാം.
2007 മെയ് 8-ന് വാഴക്കാട്ട് നടന്ന ജമാഅത്തെ ഇസ്ലാമിയുടെ മേഖലാ സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ കെ.ടി വന്നപ്പോഴാണ് ഞങ്ങള്‍ ആദ്യമായി പരിചയപ്പെട്ടത്. കെ.ടിയെ നേരില്‍ കാണുന്ന, പ്രസംഗം കേള്‍ക്കുന്ന, രണ്ടാമത്തെ സന്ദര്‍ഭം. യാദൃഛികമാകാം, വിഷയം 'ജിഹാദ്' തന്നെ! കെ.ടി സമ്മേളന നഗരിയിലെത്തുമ്പോള്‍ ഞാന്‍ നഗരിക്കു പുറത്തായിരുന്നു. പ്രബോധനം വായനക്കിടയില്‍ തടഞ്ഞ പേരിലെ 'വാഴക്കാട്' വെച്ച് അദ്ദേഹം എന്നെ അന്വേഷിച്ചു. കണ്ടപ്പോള്‍ എന്നെ ചേര്‍ത്തു പിടിച്ചു, "ആരാണ് ഈ സദ്റുദ്ദീന്‍ വാഴക്കാട് എന്ന് ഞാന്‍ അന്വേഷിക്കുകയായിരുന്നു. ഇത്ര ചെറുപ്പമാണല്ലേ, 'ബഹുസ്വര സമൂഹത്തിലെ ഇസ്ലാമിക ജീവിതം' എന്ന ലേഖനം വായിച്ചു. നന്നായിട്ടുണ്ട്.'' ആ വലിയ മനുഷ്യന്റെ വാക്കുകള്‍ക്കു മുമ്പില്‍ വിസ്മയത്തോടെ ഞാന്‍ നിന്നു. ഒരിക്കല്‍ പോലും നേരില്‍കണ്ട് പരിചയപ്പെട്ടിട്ടില്ലാത്ത എന്നെ കെ.ടിയെപ്പോലൊരു മഹദ് വ്യക്തിത്വം അന്വേഷിക്കുക! മഹാ പാണ്ഡിത്യത്തിന്റെ ഉടമ, ഒരു തുടക്കക്കാരന്റെ ലേഖനം വായിക്കുകയും ഓര്‍ത്തുവെച്ച് അഭിപ്രായം പറയുകയും ചെയ്യുക! അക്ഷരാര്‍ഥത്തില്‍ കെ.ടി എന്നെ ഞെട്ടിച്ചു കളഞ്ഞു.
പ്രബോധനം എഡിറ്റോറിയല്‍ ബോര്‍ഡില്‍ കെ.ടിയുടെ പ്രസ്ഥാന അനുഭവങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശം സമര്‍പ്പിച്ചു. എല്ലാവര്‍ക്കും താല്‍പര്യം, കെ.ടി വഴങ്ങുമോ എന്ന സംശയവും. "ഞാന്‍ ചെയ്തതൊന്നും ജനങ്ങളോട് പറയാനുള്ളതല്ല. അതൊന്നും എഴുതി പ്രസിദ്ധീകരിക്കേണ്ടതുമല്ല.'' ഫോണില്‍ സംസാരിച്ചപ്പോള്‍ പ്രതീക്ഷിച്ച പോലെ ആദ്യ പ്രതികരണം. ആത്മകഥയല്ല, പ്രാസ്ഥാനിക അനുഭവങ്ങളാണ് പ്രബോധനത്തിനാവശ്യമെന്നും പുതിയ തലമുറക്ക് അതില്‍നിന്ന് പലതും പഠിക്കാനുണ്ടെന്നുമൊക്കെ വിശദീകരിച്ചെങ്കിലും കെ.ടി സമ്മതം മൂളിയില്ല. പിന്നയും പല തവണ വിളിച്ചു. "വീട്ടിലേക്ക് വരൂ, നമുക്ക് സംസാരിക്കാം'' - ഒടുവില്‍ അര്‍ധസമ്മതം കിട്ടി.
പട്ടിക്കാട് കെ.ടി ഹൌസിലെത്തിയപ്പോള്‍ ഹൃദ്യമായ സ്വീകരണം. നിറഞ്ഞ പുഞ്ചിരിയോടെ കെ.ടി കൈകള്‍ ചേര്‍ത്തുപിടിച്ചു. ആ ഹസ്തദാനം കലവറയില്ലാത്ത സ്നേഹത്തിന്റെ അടയാളമായിരുന്നു. ആത്മബന്ധത്തിന്റെ ആഴം അനുഭവിച്ചറിയാവുന്ന അനുഭൂതിയായിരുന്നു. അക്ഷരാര്‍ഥത്തില്‍, കൈപടം കൊണ്ടല്ല ഹൃദയം കൊണ്ടായിരുന്നു ആ ഹസ്തദാനം. പാണ്ഡിത്യത്തിന്റെയും നേതൃത്വത്തിന്റെയും തലക്കനം കൊണ്ട് ഹസ്തദാനം ചെയ്യാന്‍ കൈ പൊങ്ങാത്ത, വിരലുകള്‍ മാത്രം സ്പര്‍ശിക്കുമാറ് ചടങ്ങ് തീര്‍ക്കുന്ന ശൈലി കെ.ടിക്ക് അപരിചിതമായിരുന്നു.
ആദ്യദിവസം നാലുമണിക്കൂറിലേറെ സമയം കെ.ടി സംസാരിച്ചു. മനസു തുറന്ന് ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു. പ്രസ്ഥാന യാത്രകളായിരുന്നില്ല, ജീവിതത്തില്‍ അനുഭവിച്ച വേദനകള്‍, പ്രയാസങ്ങള്‍, സന്തോഷങ്ങള്‍ അദ്ദേഹം അയവിറക്കി. അതില്‍ കണ്ണീരിന്റെ ഉപ്പുരസമുണ്ടായിരുന്നു. വേദനിപ്പിക്കുന്ന ഓര്‍മകളുണ്ടായിരുന്നു. ആ മനസിനെ ഏറ്റവുമധികം മഥിച്ചുകൊണ്ടിരുന്ന വേദന, വിവാഹമോചനമായിരുന്നു. ഇസ്ലാമിക പ്രവര്‍ത്തകനായതിന്റെ പേരില്‍ ഭാര്യയെ മൊഴി ചൊല്ലണമെന്ന് സമസ്തക്കാരനായ ഭാര്യാപിതാവ് വാശിപിടിച്ചപ്പോള്‍ വഴങ്ങേണ്ടി വന്നു കെ.ടിക്ക്. അത്, അണയാത്ത നെരിപ്പോടായി അദ്ദേഹത്തിന്റെ മനസില്‍ നീറിക്കൊണ്ടേയിരുന്നു; മരണം വരെ.
ഉച്ചക്ക് ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ കെ.ടിയിലെ ആതിഥേയനെ അനുഭവിച്ചറിഞ്ഞു. ഭക്ഷണം വിളമ്പിത്തരുന്നതിനിടെ കെ.ടി പറഞ്ഞു: 'ചുങ്കത്ത് നല്ല മുയലിറച്ചി ലഭിക്കാറുണ്ട്. നിങ്ങള്‍ വരുന്നത് കൊണ്ട് ഞാന്‍ പോയി നോക്കി. പക്ഷേ, കിട്ടിയില്ല' - അതിഥിക്ക് വിശേഷപ്പെട്ട എന്തെങ്കിലുമൊന്ന് നല്‍കണമെന്ന പാഠമാണ് അതില്‍നിന്ന് ഉള്‍ക്കൊള്ളാനായത്. "ഇന്ന് പറഞ്ഞതൊന്നും എഴുതാനുള്ളതല്ല. അതു നമുക്ക് പിന്നീട് പറയാം'' അന്ന് യാത്രപറയുമ്പോള്‍ കെ.ടി ഓര്‍മപ്പെടുത്തി.
പിന്നീട് ഏതാനും ആഴ്ചകള്‍ കെ.ടി ഹൌസിലേക്കുള്ള തുടര്‍ യാത്രകളുടേതായിരുന്നു. ഓരോ യാത്രയും ഓരോ അനുഭവമായിരുന്നു. വീടിനു പുറത്തെ, വായനാമുറിയിലിരുന്ന് ആ കര്‍മയോഗി ഇസ്ലാമിക പ്രവര്‍ത്തന രംഗത്തെ തന്റെ അനുഭവങ്ങള്‍ ജാടകളില്ലാതെ പകര്‍ന്നു തന്നു. അങ്ങനെ 'പ്രസ്ഥാന യാത്രകള്‍' പതിനാറ് അധ്യായങ്ങളായി മലയാളി വായനക്കാരുടെ മുമ്പിലെത്തി. കെ.ടിയുടെ സംസാരത്തില്‍ പലതും കടന്നു വന്നിരുന്നു. വ്യക്തിപരവും കുടുംബപരവും പ്രാസ്ഥാനികവുമായ അനുഭവങ്ങള്‍, ആശയ സംവാദങ്ങള്‍, ചര്‍ച്ചകള്‍, കത്തിടപാടുകള്‍...... എല്ലാം കെ.ടി തുറന്നു പറഞ്ഞു. അതില്‍നിന്ന് പ്രസക്തമായ പ്രാസ്ഥാനിക അനുഭവങ്ങള്‍ മാത്രമാണ് പ്രബോധനത്തിലൂടെ വെളിച്ചം കണ്ടത്. എന്റെ എഴുത്ത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും അനുഭവവും പ്രസ്ഥാനത്തിന് നല്‍കാന്‍ കഴിഞ്ഞ എളിയ സംഭാവനയുമാണ് 'പ്രസ്ഥാന യാത്രകള്‍.' എഴുത്തില്‍ കെ.ടി എനിക്ക് സ്വാതന്ത്യ്രം തന്നു. വാക്കുകളുടെയും വാചകങ്ങളുടെയും പിന്നില്‍ വടിയെടുത്ത് അദ്ദേഹം വന്നില്ല. കെ.ടിയുടെ ജീവിതത്തിന്റെയും സംസാരത്തിന്റെയും ലാളിത്യം അക്ഷരങ്ങളിലേക്ക് ആവാഹിക്കണം എന്ന ഉദ്ദേശ്യം പരാജയപ്പെട്ടില്ല എന്നാണ് വിശ്വാസം. രണ്ടുതവണ ചെറിയ അബദ്ധങ്ങള്‍ സംഭവിച്ചു. അത് ചൂണ്ടിക്കാണിച്ച ശേഷം, 'സാരമില്ല, ചില തെറ്റുകളൊക്കെ ആര്‍ക്കും പറ്റും, തിരുത്തിയാല്‍ മതി' എന്നു പറഞ്ഞു സമാധാനിപ്പിച്ചു. വന്നുപോയ അബദ്ധത്തിന്റെ പേരില്‍ ഫോണിലോ, നേരിട്ടോ ഒരിക്കലും ദേഷ്യപ്പെട്ടില്ല. അതുകൊണ്ടുതന്നെ പിന്നീട് അത്തരം പ്രയാസപ്പെടുത്തുന്ന അനുഭവങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം കെ.ടി എന്ന വലിയ മനുഷ്യന്‍ എന്റെ മനസില്‍ തെളിയും.
'വലിയ മനുഷ്യന്‍' എന്ന് നാം ഒരാളെ വിളിക്കുന്നതിന്റെ കാരണമെന്താണ്? ഒരാളോട് ഇഷ്ടവും സ്നേഹവും, ആദരവും ബഹുമാനവും തോന്നുന്നത് എപ്പോഴാണ്? ഒരേ സമയം ആത്മസുഹൃത്തായും ആദരണീയനായ ഗുരുവര്യനായും ഒരാളെ കാണാന്‍ കഴിയുമെങ്കില്‍ അത് എന്തുകൊണ്ടായിരിക്കും? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉള്ള ഉത്തരമായിരുന്നു കെ.ടി അബ്ദുര്‍റഹീം സാഹിബ്.
വിനയം, മൌലികതയുള്ള ചിന്ത, ആര്‍ജവം ഇവയായിരുന്നു കെ.ടിയുടെ വ്യക്തിത്വത്തിന് തിളക്കം കൂട്ടിയ പ്രധാന ഘടകങ്ങള്‍. ഖുര്‍ആനിനു വേണ്ടി ഖുര്‍ആനില്‍ ജീവിച്ച ഖുര്‍ആനിക പണ്ഡിതനായിരുന്നു കെ.ടി. ഖുര്‍ആന്‍ സൂക്തങ്ങളുടെയും വാക്കുകളുടെയും പുറംതോട് പൊട്ടിച്ച് അകത്തുകടന്ന് മുത്തും പവിഴവും വാരിയെടുത്തു അദ്ദേഹം. ഖുര്‍ആനായിരുന്നു കെ.ടിയുടെ ജീവിതം എന്നതുതന്നെയാണ് അദ്ദേഹത്തെ മൌലികതയുള്ള ചിന്തയുടെ ഉടമയാക്കിയത്. വായനയുടെ പരപ്പും അറിവിന്റെ ആഴവും അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് ഗഹനത നല്‍കി, മൂര്‍ച്ചകൂട്ടി. ആരവങ്ങളില്ലാതെ അദ്ദേഹം ജീവിച്ചതും, ബഹളം കൂട്ടാതെ പ്രസംഗിച്ചതും ജാടകളില്ലാതെ ഇടപഴകിയതും അകക്കാമ്പുള്ള വ്യക്തിത്വമായിരുന്നതു കൊണ്ടാണ്. അകം പൊള്ളയായ വാചോടാപങ്ങളിലും അപക്വമായ നിലപാടുകളിലും ആവര്‍ത്തന വിരസമായ വൈജ്ഞാനിക വ്യായാമങ്ങളിലും കുടുങ്ങി പോയവര്‍ക്കു മുമ്പില്‍ കെ.ടി അനുകരിക്കേണ്ട മാതൃകാ പുരുഷന്‍ തന്നെയാണ്.
വായിക്കാതെ അഭിപ്രായങ്ങള്‍ പറയുന്നതും ചിന്തിക്കുന്നതിനു മുമ്പേ സംസാരിക്കുന്നതും കെ.ടി ഏറെ ഭയപ്പെട്ടിരുന്നു. ഒരാളുടെ ചിന്തയെ അയാളുടെ നാവ് മറികടന്നാല്‍ പിന്നെ അയാള്‍ക്ക് വിജയിക്കാനാകില്ല എന്ന് അദ്ദേഹം പറയുമായിരുന്നു. പഠിച്ചും ചിന്തിച്ചും ബോധ്യം വന്നതേ കെ.ടി സ്വീകരിക്കുമായിരുന്നുള്ളൂ. സത്യസാക്ഷ്യം എന്ന പുസ്തകം വായിച്ച് മനസിളകിയ കെ.ടി ഒരുവര്‍ഷം നീണ്ട പഠനത്തിനു ശേഷമാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകനാകാന്‍ തീരുമാനിച്ചത്. പ്രസ്ഥാനത്തിനകത്ത്, തന്റെ മൌലിക ചിന്തകള്‍കൊണ്ട് അദ്ദേഹം ജ്വലിച്ചു നിന്നു. മറുവാദങ്ങള്‍ ഉന്നയിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനുമുള്ള കരുത്തും ആര്‍ജവവും കെ.ടി പ്രകടിപ്പിച്ചു. പ്രസ്ഥാനത്തിന്റെ ജനാധിപത്യ സ്വഭാവത്തെ കെ.ടി സമ്പന്നമാക്കി. മിക്കവാറും ശൂറായോഗങ്ങളില്‍ പങ്കെടുക്കാന്‍ കെ.ടി ഗൃഹപാഠം ചെയ്യുമായിരുന്നു. പ്രമാണങ്ങള്‍ പഠിച്ചും പ്രസ്ഥാനത്തിന്റെ നയനിലപാടുകള്‍ വിശകലനം ചെയ്തും നന്നായി ഒരുങ്ങിയാണ് അദ്ദേഹം ശൂറയില്‍ പോയിരുന്നത്. 'മറ്റന്നാള്‍ എനിക്ക് ശൂറയുണ്ട്. അതുകൊണ്ട് നാളെ വരണ്ട' എന്ന് രണ്ട് തവണ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്.
കെ.ടി വിദേശത്തായിരിക്കെ തെരഞ്ഞെടുപ്പ് നടന്ന ജമാഅത്തിന്റെ ഒരു കേരള ശൂറയില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. 'നിര്‍ബന്ധമായും ശൂറയില്‍ ഉണ്ടാവേണ്ടിയിരുന്ന ഒരാള്‍ ഈ ശൂറയിലില്ല; കെ.ടി അബ്ദുര്‍റഹീം സാഹിബ്' എന്ന് അതിനെക്കുറിച്ച് അന്നത്തെ അമീര്‍ കെ.സി പറഞ്ഞിരുന്നുവത്രെ.
കെ.ടിയെ വലിയ മനുഷ്യനാക്കുന്നത് നിറഞ്ഞു നിന്നിരുന്ന വിനയമാണെന്ന് പറയാനാണ് എനിക്കിഷ്ടം. പാണ്ഡിത്യവും നേതൃത്വവും അഹങ്കാരത്തിന്റെയും ഔദ്ധത്യത്തിന്റെയും മുന്നുപാധിയാക്കുന്ന മത-സാംസ്കാരിക നേതാക്കളില്‍നിന്നും ബുദ്ധിജീവി നാട്യക്കാരില്‍നിന്നും കെ.ടി ഉയര്‍ന്നുനിന്നത് വിനയത്തിന്റെ ഔന്നത്യം കൊണ്ടായിരുന്നു. നബിപറഞ്ഞിട്ടുണ്ടല്ലോ, വിനയം ഒരാളെയും താഴ്ത്തുകയില്ല എന്ന്. താനെന്ന ഭാവവും, 'ഞാന്‍' നിറഞ്ഞുനില്‍ക്കണമെന്ന ആഗ്രഹവും വ്യക്തികളെ മാത്രമല്ല അവരുള്‍ക്കൊള്ളുന്ന സംഘടനകളെയും ക്രമേണ നശിപ്പിക്കും. അത് സൂക്ഷിക്കണമെന്ന് ജീവിതംകൊണ്ട് കെ.ടി ഓര്‍മിപ്പിച്ചു. 'പ്രസ്ഥാന യാത്രകള്‍' പ്രസിദ്ധീകരിച്ച് രണ്ടാമത്തെയും മൂന്നാമത്തെയും ലക്കങ്ങളില്‍ കെ.ടിയുടെ ഫോട്ടോ വന്നു. 'ഒരു അധ്യായത്തില്‍ മാത്രം ഫോട്ടോ കൊടുത്താല്‍ മതിയായിരുന്നു. ഫോട്ടോകള്‍ കൂടുതല്‍ വരുന്നത് നന്നല്ല' - കെ.ടി ഫോണ്‍ ചെയ്തു പറഞ്ഞു. പുതിയ തലമുറയിലെ എഴുത്തുകാരെ സൂക്ഷ്മമായി വായിക്കാനും വിലയിരുത്താനും നന്മകളില്‍ അഭിനന്ദിക്കാനും തെറ്റുകള്‍ തിരുത്താനും പാണ്ഡിത്യത്തിന്റെ വലുപ്പം അദ്ദേഹത്തിന് തടസമായില്ല. പ്രബോധനം വാരികയും പ്രസ്ഥാനത്തിലെ പുതിയ എഴുത്തുകാരുടെ രചനകളും കെ.ടി സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. പ്രബോധനം പ്രസിദ്ധീകരിച്ച 'മഴവില്‍ ലോകത്തെ ഇസ്ലാം' കെ.ടി ഏറെ ഇഷ്ടപ്പെട്ട ചര്‍ച്ചയായിരുന്നു.
ജനങ്ങള്‍ക്കിടയില്‍ അവരിലൊരാളായി ജീവിക്കാനാണ് കെ.ടി ഇഷ്ടപ്പെട്ടത്. കെ.ടിയെയും കെ.എന്‍ അബ്ദുല്ലമൌലവിയെയും പൊന്നാനി, കൂളിമുട്ടം എന്നിവിടങ്ങളിലേക്ക് ജമാഅത്ത് നിയോഗിച്ചു. ഇരുവര്‍ക്കും സ്ഥലം വേര്‍തിരിച്ചു കൊടുത്തിരുന്നില്ല. കെ.ടി കൂളിമുട്ടം തെരഞ്ഞെടുത്തു. രണ്ട് കാരണങ്ങളാണതിനുണ്ടായിരുന്നത്. ഒന്ന്, സഹപ്രവര്‍ത്തകന്റെ ആവശ്യത്തിനും താല്‍പര്യത്തിനും മുന്‍ഗണന നല്‍കുക. ടൌണ്‍ പ്രദേശത്ത് പ്രവര്‍ത്തിക്കാനായിരുന്നു കെ.എന്നിന് താല്‍പര്യം. അത് കെ.ടിക്കറിയാമായിരുന്നു. കൂളിമുട്ടം ഗ്രാമമായിരുന്നു. കെ.ടിക്കാകട്ടെ ഗ്രാമീണതയാണിഷ്ടം. അവിടെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചുകൊണ്ട് പ്രവര്‍ത്തിക്കാം. അത് കെ.ടി അവിടെ തെളിയിക്കുകയും ചെയ്തു. ഒരു സംഘടനയുടെ നേതാവ് എന്നതിലുപരി ഒരു സമൂഹത്തിന്റെ, നാടിന്റെ നായകനായി മാറാന്‍ കെ.ടിക്ക് കഴിഞ്ഞു. പല സ്ഥലങ്ങളിലും കെ.ടിയുടെ ഖുത്വ്ബകള്‍ കേള്‍ക്കാനെത്തിയവരിലും അദ്ദേഹത്തിന്റെ സുഹൃദ് ബന്ധങ്ങളിലും മറ്റുമെല്ലാം കാണുന്ന ബഹുസ്വരത ഒരു നേതാവിന്റെ സാമൂഹികതയെ അടയാളപ്പെടുത്തുന്നു.
ദീര്‍ഘദര്‍ശനവും കൂര്‍മബുദ്ധിയും നയചാതുരിയും ഒത്തിണങ്ങിയ കെ.ടി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലും ഐക്യബോധം നിലനിര്‍ത്തുന്നതിലും ജാഗ്രത പുലര്‍ത്തിയിരുന്നു. പൊന്നാനിയില്‍ പള്ളിയുടെയും എറണാകുളത്തെ ഇസ്ലാമിക് സെന്ററിന്റെയും പേരിലുണ്ടായ തര്‍ക്കങ്ങള്‍ സമര്‍ഥമായി മറികടന്ന കെ.ടിയുടെ ദീര്‍ഘദര്‍ശിത്വവും നയചാതുരിയും ആര്‍ജവവും പുതിയ തലമുറ പകര്‍ത്തേണ്ടതാണ്.
ഒരിക്കല്‍ ടി.കെ അബ്ദുല്ല സാഹിബ് കെ.ടിയോട് സംസാരിക്കാനും ചില വൈജ്ഞാനിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി ബത്തേരിയിലെ പി.സി ഫൈസല്‍ സാഹിബിനോടൊപ്പം കെ.ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. വഴിയില്‍ വെച്ചാണ് കെ.ടി വിവരമറിഞ്ഞത്. അദ്ദേഹം ടി.കെയെ വിലക്കി: 'ടി.കെ എന്നെ കാണാന്‍ ഇങ്ങോട്ടു വരികയല്ല വേണ്ടത്. ഞാന്‍ ടി.കെയെ കാണാന്‍ അങ്ങോട്ടു വരികയാണ് ചെയ്യേണ്ടത്. ഒരു ദിവസം ഞാന്‍ വരാം' - കെ.ടി പറഞ്ഞു. ടി.കെ തിരിച്ചുപോയി. പക്ഷേ, അങ്ങനെയൊരു വൈജ്ഞാനിക ചര്‍ച്ച പിന്നീട് നടന്നില്ല.
'പ്രസ്ഥാന യാത്രകള്‍'ക്കു ശേഷം കെ.ടിയുടെ ഒരു വൈജ്ഞാനിക സംഭാഷണ പരമ്പര ഞങ്ങളുടെ മനസിലുണ്ടായിരുന്നു. 'പ്രസ്ഥാന യാത്രകള്‍' പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച ശേഷം, "കുറേ കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്, നിങ്ങള്‍ വരണം, നമുക്ക് സംസാരിക്കാം'' എന്ന് കെ.ടി പറഞ്ഞിരുന്നു. പക്ഷേ, അതൊരു മോഹം മാത്രമാക്കി കെ.ടി പോയി. അല്ലാഹുവിന്റെ ഖജനാവില്‍നിന്ന് അനുവദിച്ചു കിട്ടിയ സമയം അവസാനിച്ചപ്പോള്‍ അദ്ദേഹം യാത്രയായി, ധന്യമായ ജീവിത മുദ്രകള്‍ നമുക്ക് നല്‍കികൊണ്ട്. വായനയും ചിന്തയും വൈജ്ഞാനിക ചര്‍ച്ചയും പ്രകാശം ചൊരിഞ്ഞ, 'പ്രസ്ഥാന യാത്രകള്‍' പിറന്നുവീണ വീടിനു പുറത്തെ ആ ഒറ്റ മുറിയില്‍ മഹാ മൌനത്തിലാണ്ട് കെ.ടി കിടക്കുന്നത് കണ്ടപ്പോള്‍ മനസ് വികാരസാന്ദ്രമായിരുന്നു, കണ്ണീരണിയാത്ത ഒരു വേദന! ചില മരണങ്ങളും നഷ്ടങ്ങളും നമ്മെ കരയിക്കും. വേര്‍പാടിന്റെയും നഷ്ടത്തിന്റെയും ദുഖവും സങ്കടവും കണ്ണുകളിലൂടെ അറിയാതെ പുറത്തുവരും. പലപ്പോഴും ആ കണ്ണീരോടെ അതവസാനിക്കും. എന്നാല്‍ മറ്റുചില മരണങ്ങളും നഷ്ടങ്ങളും തീരാത്ത വേദനയാണ് ഹൃദയത്തില്‍ സൃഷ്ടിക്കുക. കണ്ണീരില്‍ തീരാത്ത ഒരു നോവ്. കെ.ടിയുടെ മരണവും അങ്ങനെയാണ്. അകത്ത് വേദന മാത്രമല്ല, ഒരു ചോദ്യവും ശേഷിക്കുന്നുണ്ട്, എന്തൊക്കെയായിരുന്നു കെ.ടി പറയാന്‍ ബാക്കിവെച്ചത്?
[email protected]

 

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly