കൂളിമുട്ടം കാതിക്കോട് ഇടിയാട്ടിപ്പറമ്പിന് കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവ കാലത്തോളം തന്നെ പഴക്കം അവകാശപ്പെടാനുണ്ട്. ഈ മണ്ണില്‍നിന്ന് ഇസ്ലാമിക പ്രസ്ഥാനത്തെക്കുറിച്ച് പഠിക്കാന്‍ ഉല്‍പതിഷ്ണുക്കളായ രണ്ടുപേര്‍ കൊച്ചിയിലേക്ക് പോയ കഥയുണ്ട്. ഹസ്സന്‍ മൌലവിയുടെ പിതാവ് മുഹമ്മദുണ്ണി മുസ്ലിയാരും പി.കെ. മുഹമ്മദലി സാഹിബിന്റെ പിതാവും പൌരപ്രമുഖനുമായിരുന്ന കുഞ്ഞുമുഹമ്മദ് സാഹിബുമായിരുന്നു ആ രണ്ടുപേര്‍. അന്ന് കൊച്ചിയില്‍ ഹാജി സാഹിബിന്റെ പ്രസംഗം കേള്‍ക്കാനായിരുന്നു ആ യാത്ര. അക്കാലത്ത് ഈ സ്ഥലം ഇടിയാട്ടിപറമ്പ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഹാജി സാഹിബിന്റെ പ്രസംഗത്തില്‍ ആകൃഷ്ടരായ അവര്‍ അന്നുതന്നെ ജമാഅത്തുകാരായി. ആദര്‍ശ പ്രചോദിതമായ അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധിപേര്‍ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരായി. അതിനെ തുടര്‍ന്ന് പുതിയകാവ് മഹല്ലിലായിരുന്ന ഇടിയാട്ടിപറമ്പ് അതില്‍നിന്ന് വേറിട്ട് പോരുകയും നിരവധി ത്യാഗപരിശ്രമങ്ങളുടെ ഫലമായി ചെറിയ ഓലഷെഡ്ഢിന്റെ രൂപത്തില്‍ ഒരു 'നിസ്കാരതട്ടാ'യി ആദ്യത്തെ പള്ളി കൂളിമുട്ടം കാതിക്കോട് ഗ്രാമത്തില്‍ ഉയരുകയും ചെയ്തു. അന്ന് തുടങ്ങിയ പ്രസ്ഥാന ബന്ധം ഇന്നും ആ മണ്ണ് സൂക്ഷിക്കുന്നു. അന്ന് ഹാജി സഹിബിന്റെ സന്ദര്‍ശനങ്ങള്‍ ആ മണ്ണിനെ പ്രസ്ഥാനികാവേശം കൊള്ളിച്ചു. തങ്ങളുടെ മഹല്ലിലേക്ക് കഴിവും നേതൃത്വപാടവവുമുള്ള ഖത്വീബിനെ ആവശ്യപ്പെട്ടുകൊണ്ട് അവിടത്തുകാര്‍ നിരന്തരം മേല്‍ഘടകങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. കെ.ടി.യെ തന്നെ വേണമെന്നായിരുന്നു അവരുടെ ആഗ്രഹം. ആഗ്രഹം പോലെ പണ്ഡിത ശ്രേഷ്ഠനായ കെ.ടി. എന്ന നിസ്വാര്‍ത്ഥ സേവകനെത്തന്നെ കാതിക്കോടിന് ലഭിച്ചു.
തന്റെ 'പ്രസ്ഥാനയാത്ര'യില്‍ ഒരിടത്ത് തൃശൂര്‍ജില്ലയിലെ ഈ തീരദേശഗ്രാമത്തെ ഇങ്ങനെ വരച്ചിടുന്നു. "1975-ലാണ് ഞാന്‍ കൂളിമുട്ടം കാതിക്കോട് മഹല്ലിലെത്തിയത്. നേരത്തെത്തന്നെ ഉല്‍പതിഷ്ണു സ്വാധീനമുണ്ടായിരുന്ന പ്രദേശമായിരുന്നു അത്. പണ്ഡിതരും പുരോഗമന സംഘടനകളുമായി ബന്ധമുള്ളവരും അവിടെയുണ്ടായിരുന്നു. മഹല്ലില്‍ സ്വാധീനം ജമാഅത്തിനായിരുന്നു.....'' കെ.ടി. തുടര്‍ന്നെഴുതുന്ന അനുഭവ പാഠങ്ങളില്‍ മറ്റെവിടെയും വായിച്ചെടുക്കാനാവാത്ത ഒരു പ്രത്യേക പ്രവര്‍ത്തനതലം കൂളിമുട്ടം കാതിക്കോടിന്റെ ഗ്രാമഭൂമിയില്‍ അദ്ദേഹം ഒരുക്കിയെടുത്തതായി കാണാം. ഒരു മഹല്ലിന്റെയും, അതുവഴി ആ ഗ്രാമത്തിന്റെയും വികസനത്തിനും പുരോഗതിക്കുമൊക്കെ അതത് മഹല്ലിന്റെ നേതൃത്വം വഹിക്കുന്ന പണ്ഡിതന്മാരായ ഖത്വീബുമാര്‍ക്ക് എന്തെങ്കിലും ചെയ്യാനാകുമോ/ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നുള്ള ഏറെ ഗൌരവതരമായ അന്വേഷണത്തിന്റെ ഒരു പാഠഭൂമിക കൂടി കെ.ടി കാണിച്ചുകൊടുത്തു.
കൈതക്കാടുകള്‍ പൂവിട്ട് നറുമണം ചൊരിയുന്ന പറമ്പുകളും, ചെറുമീനുകളും ആമ്പല്‍പൂക്കളും നിറഞ്ഞ ജലാശയങ്ങളും പച്ചപ്പട്ടുപോലെ ഹരിതസാന്ദ്രമായ നെല്‍പാടങ്ങളും മാവും കൊടംപുളി മരങ്ങളും നിറഞ്ഞ കൂളിമുട്ടം ഗ്രാമവും, അവിടുത്തെ ജനങ്ങളുടെ മുമ്പേ നടക്കുവാന്‍ എപ്പോഴും ഒരു കാലടി മുമ്പോട്ടുവെക്കാന്‍ തിടുക്കം കൂട്ടുന്ന ഒരു പറ്റം നല്ല മനുഷ്യരും, അവരുടെ മനസ്സും വചസ്സും നല്‍കി അന്നൊരുനാള്‍ കെ.ടി.യെ സ്വീകരിച്ചു. മഴയിലും മഞ്ഞിലും വെയിലിലും ആഞ്ഞുവീശിയ കാറ്റിലും മേഘ ഗര്‍ജ്ജനങ്ങളിലുമെല്ലാം കെ.ടി എന്ന ഇസ്ലാമിക പ്രബോധകന്റെ നിശ്ചയാദാര്‍ഢ്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കര്‍മ്മ തലങ്ങളിലുയര്‍ന്ന ഹരിതാഭയായിരുന്നു ആ മണ്ണില്‍ തളിര്‍ത്തുപൊങ്ങിയത്. കെ.ടി അവിടുത്തെ പള്ളി മുറിയില്‍ മുഷിഞ്ഞിരിക്കുകയോ ഉറങ്ങുകയോ ആയിരുന്നില്ല. നമസ്ക്കാരത്തിന് നേതൃത്വം നല്‍കുവാനും ഖുത്വുബകള്‍ക്കും പിന്നെ പലതരം നാട്ടുനടപ്പാചാരങ്ങള്‍ക്കും ക്രിയകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമായി തുറക്കുകയും അടക്കുകയും ചെയ്യുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ കിടപ്പുമുറിയുടെ വാതിലുകള്‍. അത് എപ്പോഴും അടഞ്ഞുതന്നെ കിടന്നു. കാരണം അദ്ദേഹം എപ്പോഴും ജനങ്ങള്‍ക്കിടയിലായിരുന്നു, അവരിലൊരാളായി. നമസ്ക്കാരാനന്തരം ഏറെ സമയവും അദ്ദേഹം പുറത്ത് തന്നെയായിരുന്നു. കൂളിമുട്ടത്തിന്റെ കൂട്ടുകാരനായി പാടത്തും പറമ്പിലും കടകളിലും കല്യാണവീട്ടിലും മരണവീട്ടിലും മറ്റുമായി കെ.ടി എന്നും എപ്പോഴും ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു. സഹോദര സമുദായങ്ങളുമായി ഉറ്റബന്ധം പുലര്‍ത്തി. സമൂഹത്തിന്റെ പൊതുപ്രശ്നങ്ങളില്‍ അദ്ദേഹം പുലര്‍ത്തിപോന്ന സമീപനം എന്നും മാതൃകാപരമാണ്. രോഗശയ്യയില്‍ നിരാശരായവരെ സന്ദര്‍ശിച്ച് അവര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കി, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. വിവിധ മത-രാഷ്ട്രീയ-സാംസ്കാരിക സംഘടനകളുമായും പുരോഗമന ആശയപ്രചാരകരുമായുമൊക്കെ അദ്ദേഹം സംവദിച്ചത് ഏറെ വിനീതനായും ഗുണകാംക്ഷയോടെയുമായിരുന്നു. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങളുടെ വിഷദംശനങ്ങളില്‍ ഒരിക്കല്‍പ്പോലും അദ്ദേഹത്തിന് അകപ്പെടേണ്ടി വന്നില്ല.
വി.എ അബ്ദുര്‍റഹ്മാന്‍ മാസ്ററുടെയും ജൈനുസാഹിബിന്റെയും ഒ.എച്ച് ഉസ്മാന്‍ മാസ്ററുടെയുമൊക്കെ സ്മൃതിപഥങ്ങളില്‍ തെളിയുന്ന കെ.ടിയുടെ കര്‍മനിരതയെ എപ്രകാരം അനുവാചകനിലെത്തിക്കും എന്ന് ആശങ്കിക്കുകയാണ് ഞാന്‍. അത്രമാത്രം ഹൃദയബന്ധമായിരുന്നു അവര്‍ക്ക് കെ.ടിയുമായി ഉണ്ടായിരുന്നത്. ഏതൊരു കാര്യത്തെയും ലളിതമായും എന്നാല്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെയും സമീപിക്കുക എന്നതും അതത് സംഭവങ്ങളെ ഇസ്ലാമിനും പ്രസ്ഥാനത്തിനും അതുവഴി സമൂഹത്തിനും ഗുണകരമാകുന്ന വിധം പരിവര്‍ത്തിപ്പിക്കുക എന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയാണെന്ന് അവര്‍ ഓര്‍മിക്കുന്നു. സ്ക്വാഡുകളും ക്ളാസ്സുകളും ചര്‍ച്ചകളുമായി വിജ്ഞാനത്തിന്റെ മഞ്ജിമ പകര്‍ന്ന പണ്ഡിതനായിരുന്നു കെ.ടി.എന്ന് പറയുമ്പോഴും സമൂഹത്തിനു വേണ്ടിയുള്ള സേവന പ്രവര്‍ത്തനങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന ഒരു കൂലിപ്പണിക്കാരന്റെ ഊര്‍ജ്ജസ്വലതയും കൂളിമുട്ടത്തുകാര്‍ക്ക് അദ്ദേഹത്തില്‍നിന്ന് അനുഭവപ്പെട്ടിരുന്നു.
കാതിക്കോട് മഹല്ലിനെ മെയിന്‍ റോഡുമായി ബന്ധിപ്പിക്കാന്‍ പര്യാപ്തമാകും വിധം ഒരു കിലോമീറ്ററോളം നീളമുള്ള റോഡിന്റെ നിര്‍മ്മാണം സാധ്യമാക്കുന്നതില്‍ കെ.ടി വഹിച്ച പങ്ക് ഏറെ മാതൃകാപരവും എക്കാലത്തും സ്മരണീയവുമാണ്. മഴക്കാലമാകുന്നതോടെ ചെളി നിറഞ്ഞ വയല്‍വരമ്പുകളിലൂടെ പോവേണ്ടിയിരുന്നു, കാതിക്കോടുനിന്ന് മെയിന്‍ റോഡിലെത്താന്‍. ആ പ്രയാസം ദൂരീകരിക്കുന്നതിനായി റോഡുപണിയാന്‍ മുന്‍നിരയില്‍ നിന്നത് കെ.ടിയായിരുന്നു. അദ്ദേഹം അവിടെ എത്തുന്നത് വരെ അങ്ങനെ ഒരു റോഡിനെ കുറിച്ച് അവിടെ ആരും ചിന്തിച്ചിരുന്നില്ല. 'ഇവിടെ നമുക്കൊരു റോഡ് നിര്‍മ്മിക്കാം' എന്ന തന്റെ അഭിപ്രായത്തോട് മഹല്ല് നിവാസികള്‍ ഐക്യപ്പെട്ടപ്പോള്‍ കെ.ടി തന്നെ കൈക്കോട്ടും പിക്കാസുമെടുത്ത് മുന്നിട്ടിറങ്ങി.
റോഡ് നിര്‍മ്മാണത്തിനിടെ ഉണ്ടായ എതിര്‍പ്പിനെ കെ.ടി വിനയത്തോടെ അനുനയിപ്പിച്ചതോര്‍ത്ത് മൂന്നുപേരും ഇപ്പോഴും അത്ഭുതപ്പെടുന്നു. റോഡുണ്ടാക്കേണ്ട സ്ഥലത്തുള്ള കൈതക്കാടുകള്‍ വെട്ടിമാറ്റാന്‍ ചെന്നവരോട് സ്ഥലത്തിന്റെ ഉടമസ്ഥന്‍ ആക്രോശിച്ചു: "കൈതക്കാട് വെട്ടുന്നവന്റെ കഴുത്ത് ഞാന്‍ വെട്ടും. റോഡ് വെട്ടുനിര്‍ത്തി പോയ്ക്കോളണം എല്ലാവരും'' ഇതുകേട്ട് സര്‍വ്വരും പുറകോട്ട് മാറി. കെ.ടിയാകട്ടെ സധൈര്യം മുന്നോട്ട് നീങ്ങി. രോഷാകുലനായി നില്‍ക്കുന്ന ആ സഹോദരന് സലാം ചൊല്ലി. അദ്ദേഹത്തിന്റെ തോളില്‍ കൈവെച്ച് ശാന്തനാവാന്‍ ഉപദേശിച്ചുകൊണ്ട് പറഞ്ഞു: "വേണമെങ്കില്‍ എന്റെ കഴുത്ത് വെട്ടിക്കോളു. എന്നാലും റോഡ് വെട്ട് തടയരുത്''. വിനയാന്വിതനായ മഹല്ല് ഖത്വീബിന്റെ ഇടപെടല്‍ അദ്ദേഹത്തെ ശാന്തനാക്കുകയും പിന്നീട് റോഡു പണിയുമായി പൂര്‍ണമായി സഹകരിക്കുകയും ചെയ്തു.
ഖുര്‍ആന്‍ പിടിക്കുകയും തക്ബീറത്തുല്‍ ഇഹ്റാം കെട്ടി നമസ്കാരത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന പണ്ഡിത കരങ്ങള്‍ക്ക് ഒരു മഹല്ലിന്റെ വികസനത്തിനുവേണ്ടി കൈക്കോട്ടും തൂമ്പയും പിടിക്കാന്‍ കഴിയണമെന്ന് അദ്ദേഹം കാണിച്ചുകൊടുത്തു. മണ്ണില്‍ വെട്ടിയും കിളച്ചും ചെളിയും ചേറും പുരണ്ട കെ.ടി എക്കാലത്തേയും ആത്മീയ നേതൃത്വങ്ങള്‍ക്ക് ഒരു തിരുത്ത് നല്‍കുകയായിരുന്നു. അഹ്സാബ് യുദ്ധത്തില്‍ കിടങ്ങ് വെട്ടുകാരനായും, അനുചരന്മാരുമൊത്ത യാത്രയില്‍ ഭക്ഷണം പാകം ചെയ്യാന്‍ വിറക് കൊണ്ടുവന്ന വിറക് വെട്ടിയായും, മദീനയില്‍ ആദ്യത്തെ പള്ളി നിര്‍മ്മിക്കുമ്പോള്‍ മണ്‍ ഇഷ്ടികകള്‍ ചുമന്നുകൊണ്ടുവന്ന ചുമട്ടുകാരനായും മാറിയ പ്രവാചകനെ(സ) മാതൃകയാക്കിയതായിരിക്കാം ആ നിഷ്കാമ കര്‍മി. ഒരു മൌലവി എന്നതിനപ്പുറം ആത്മാര്‍ഥതയുള്ള ഗ്രാമസേവകനായിട്ടാണ് കെ.ടിയെ കൂളിമുട്ടത്തുകാര്‍ ഓര്‍മിക്കുന്നത്. മഹല്ല് നിവാസികളുടെ മയ്യിത്ത് കുളിപ്പിക്കുന്നതിനും രോഗികളെ സന്ദര്‍ശിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമെല്ലാം കെ.ടി എല്ലാവരെക്കാളും മുന്‍പന്തിയിലായിരുന്നു. ജാതിമത ഭേദമന്യേ ഓരോ വീട്ടിലും കയറിചെന്ന് വിശേഷങ്ങള്‍ അന്വേഷിക്കാന്‍ ആ പണ്ഡിത ശ്രേഷ്ഠന് ഒരു മടിയുമുണ്ടായിരുന്നില്ല. സമൂഹവുമായി അടുത്തിടപഴകുന്നതും അവരില്‍ ഒരാളായി ജിവിക്കുന്നതും തന്റെ പ്രബോധന ദൌത്യത്തിന്റെ മര്‍മ്മ പ്രധാന ഭാഗമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
ഓര്‍മയില്‍ തെളിഞ്ഞ ഒരു സംഭവം ജൈനുസാഹിബ് വിവരിച്ചു: "മഹല്ലിന്റെ അതിര്‍ത്തിയില്‍ താമസിച്ചിരുന്ന, വെട്ടുകുത്ത് റാതീബും (കെ.ടിയുടെ ഭാഷയില്‍ ക്രിമിനല്‍ റാതീബ്) അസ്മാഅ് പണികളുമായി ജീവിച്ചുപോന്ന ഒരാളുടെ പ്രകടനം കാണാന്‍ ഒരിക്കല്‍ കെ.ടിയും ഞാനും വി.എ അബ്ദുര്‍റഹിമാന്‍ മാസ്ററും ഒ.എച്ച് ഉസ്മാന്‍ മാസ്ററും പോയി. മൂര്‍ച്ചയേറിയ കഠാരകളുമായി പരിപാടിക്ക് ഒരുങ്ങിനില്‍ക്കുന്ന ഉസ്താദ് അവര്‍കളോട് കെ.ടി. സ്വകാര്യമായി ചോദിച്ചു: "ആ കത്തി ഒന്ന് തരൂ, താങ്കളെ ഞാനൊന്ന് കുത്തിനോക്കട്ടെ?'' ഉടന്‍ വന്നു ഉസ്താദിന്റെ മറുപടി: "പൊന്നു കെ.ടീ ചതിക്കരുത്. ഇതെന്റെ കഞ്ഞികുടിയാണ്. ഇതില്‍ ഇടപെടല്ലേ.'' ഇതുകേട്ടപാടെ കെ.ടി പറഞ്ഞു: "വരു നമുക്ക് പോകാം.'' ഞങ്ങള്‍ മടങ്ങി. ആ യാത്രയിലും പള്ളിയില്‍ വന്ന് ഉറങ്ങാന്‍ കിടന്നപ്പോഴും കെ.ടി സംസാരിച്ചുകൊണ്ടിരുന്നത് സമുദായത്തില്‍ ഇത്തരം അന്ധവിശ്വാസാചാരങ്ങള്‍ നടത്തുന്നവരെയും അവരുടെ ചൂഷണത്തെയും കുറിച്ചായിരുന്നു. എന്നാല്‍ ഇത്തരക്കാരെ ആക്ഷേപിച്ചതുകൊണ്ടോ കായികമായി നേരിട്ടതുകൊണ്ടോ ഇതിന് പരിഹാരമുണ്ടാകില്ല. ആത്മസംയമനത്തിന്റെയും നസ്വീഹത്തിന്റെയും ബുദ്ധിപരവും ക്രീയാത്മകവുമായ സമീപനങ്ങളിലൂടെയാകണം ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യേണ്ടത് എന്ന് അദ്ദേഹം ഉപദേശിച്ചു.''
കാതിക്കോട് മഹല്ലില്‍ ആറും ഏഴും വര്‍ഷം തുടര്‍ച്ചയായി ഖത്വീബുമാരായി സേവനം അനുഷ്ഠിച്ചവര്‍ പലരുമുണ്ടായിരുന്നെങ്കിലും രണ്ടുവര്‍ഷ കാലയളവ് മാത്രം അവിടെ സേവനം അനുഷ്ഠിച്ച കെ.ടിയോളം അനുസ്മരിക്കപ്പെടുന്ന മറ്റൊരാളും അവിടെ ഉണ്ടായിട്ടില്ല. എ.എം.ആര്‍ (അല്‍- മദ്റസത്തുല്‍ റഹ്മാനിയ) എന്ന പേരില്‍ പള്ളിയോട് ചേര്‍ന്ന് തുടങ്ങിയ ലൈബ്രറി, കെ.ടി സ്ഥാപിച്ചെടുത്ത വൈജ്ഞാനിക ഉണര്‍വിന്റെ മുന്നൊരുക്കമായി വിലയിരുത്താം. മുപ്പത്തഞ്ച് വര്‍ഷംമുമ്പ് ഒരു തീരദേശ ഗ്രാമത്തില്‍ ലൈബ്രറിയെ കുറിച്ച് ചിന്തിക്കാന്‍ കെ.ടി ക്കല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക.
കെ.ടി. സഹിഷ്ണുതയും സൌഹാര്‍ദ്ദവും സാഹോദര്യവുമായിരുന്നു. അപരനെ മാനിക്കുവാനും കേള്‍ക്കുവാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. വി.എ അബ്ദുറഹിമാന്‍ മാസ്റര്‍ പറയുന്നു: "കെ.ടിയുടെത് നിശ്ചയദാര്‍ഢ്യത്തിന്റെ മനസ്സായിരുന്നു.'' ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണം ജീവിതത്തിന്റെ വിശുദ്ധിയിലും ലാളിത്യത്തിലുമാണെന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിച്ചിരുന്നുവെന്ന് ഒ.എച്ച്. ഉസ്മാന്‍ മാസ്ററും പറയുന്നു. പള്ളിയിലെ പരിമിത സൌകര്യങ്ങളില്‍നിന്ന് ചിലപ്പോഴൊക്കെ പലരും തങ്ങളുടെ വീട്ടിലേക്ക് ഭക്ഷണത്തിനും താമസത്തിനുമായി കെ.ടിയെ ക്ഷണിച്ചപ്പോഴെല്ലാം ആ ക്ഷണം സ്നേഹത്തോടെ നിരസിക്കുകയായിരുന്നു കെ.ടിയുടെ പതിവ്. സുഖകരമായ മെത്തയേക്കാള്‍ പരുപരുത്ത പ്രതലത്തെയാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. വയറുനിറയെ ഭക്ഷണം കഴിക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. മറ്റുള്ളവരെ അത് ഉപദേശിക്കുകയും ചെയ്തിരുന്നു.
കെ.ടി മഹല്ല് വിട്ട് പോയശേഷവും ഇടയ്ക്കിടെ കാതിക്കോട് സന്ദര്‍ശിക്കുമായിരുന്നു. അപ്പോഴെല്ലാം മഹല്ലിലെ പ്രായമായവരെ ചെന്നുകാണാനും അവരുടെ വിശേഷങ്ങള്‍ തിരക്കുവാനും അദ്ദേഹം സമയം കണ്ടെത്തി. പഴയ പള്ളി ഇന്നത്തെ രൂപത്തില്‍ പുതുക്കിപ്പണിയുന്ന ഒരു ഘട്ടത്തില്‍ അദ്ദേഹം വന്നിരുന്നു. സാമ്പത്തികമായി ക്ളേശിക്കുന്ന സമയമായിരുന്നു. പ്രയാസം മനസ്സിലാക്കിയ കെ.ടി പറഞ്ഞു: "ഈ പള്ളിയുടെ പണി ഒരിക്കലും നില്‍ക്കരുത്. ഞാന്‍ കേരളത്തിലാകമാനം ഓടിനടന്ന് ഓരോ രൂപ സംഭാവന വാങ്ങിച്ചിട്ടാണെങ്കിലും, ഇന്‍ശാ അല്ലാഹ്, ഇതിന്റെ പണി പൂര്‍ത്തീകരിക്കും.'' പിന്നീട് പള്ളിയുടെ പണികള്‍ സുഗമമാക്കുന്നതിന് തുടര്‍ഘട്ടങ്ങളിലെല്ലാം അദ്ദേഹം ഏറെ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്.
കൂളിമുട്ടം കാതിക്കോട് മഹല്ലിനെ കെ.ടിക്ക് മുമ്പ്/ കെ.ടിക്ക് ശേഷം എന്ന് വിലയിരുത്തുന്നതിലും തെറ്റുണ്ടാവില്ല. അത്രയും അനുഭവ സമ്പത്ത് ആ മഹല്ല് നിവാസികള്‍ക്ക് പകര്‍ന്നുനല്‍കിയാണ് കെ.ടി എന്ന പ്രബോധകന്‍ കാതിക്കോട്ടുനിന്ന് കടന്നുപോയത്. പരിഷ്കര്‍ത്താക്കള്‍ വരുന്നു, പോകുന്നു. എന്നാല്‍ അവരുടെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ സ്മാരകങ്ങളായി എന്നും നിലനില്‍ക്കും. പള്ളിയുടെ മുന്നിലൂടെ പോകുന്ന വീതിയുള്ള ടാറിട്ട റോഡ് കെ.ടിയുടെ വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും അര്‍പ്പണത്തിന്റെയും അനശ്വര പ്രതീകമായി ഇന്നും നിലകൊള്ളുന്നു. സ്വന്തം വ്യക്തിത്വത്തെയോ പേരിനെയോ സ്മാരകമാക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടാതിരുന്ന കെ.ടിയോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ് കൂളിമുട്ടം കാതിക്കോട് മഹല്ല് നിവാസികള്‍ ആ റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കാതിരുന്നത്. കെ.ടി തന്റെ സാന്നിദ്ധ്യം കൊണ്ട് കര്‍മ നിരതമാക്കിയ മറ്റേത് മണ്ണിനേക്കാളും കൂളിമുട്ടം കാതിക്കോട് മഹല്ലിന്റെ മണ്ണും വിണ്ണും അദ്ദേഹത്തെ സ്മരിക്കുന്നു.
[email protected]