കെ.കെ സുഹ്റാ സാഹിബയുടെയും ഇ.സി ആഇശ സാഹിബയുടെയും ആന്തമാന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് സ്റിവാര്‍ട്ട് ഗഞ്ച് മസ്ജിദുല്‍ ഇഹ്സാന്‍ ഹാളില്‍ സംഘടിപ്പിച്ച വനിതാ സംഗമം നടന്ന് കൊണ്ടിരിക്കെ ഹിറാസെന്ററില്‍നിന്ന് ഒരു ഫോണ്‍കാള്‍. ഒരു ദുഃഖവാര്‍ത്തയാണ്. നമ്മുടെ കെ.ടി മരിച്ചു.... ഇന്നാലില്ലാഹ്...... പരിസരബോധം നഷ്ടപ്പെട്ട് സമനില തെറ്റിയ അവസ്ഥ. പിന്നീട് എസ്.എം.എസുകളുടെയും ഫോണ്‍വിളികളുടെയും പ്രവാഹമായിരുന്നു.
കഴിഞ്ഞ ജൂണ്‍ 26-ന് ഭാര്യയും അബ്ദുല്‍ മജീദ് സാഹിബുമൊന്നിച്ച് അദ്ദേഹത്തെ വീട്ടില്‍ചെന്ന് കാണുമ്പോള്‍ പനിയുടെ ക്ഷീണം മുഖത്ത് പ്രകടമായിരുന്നു. മജീദ് സാഹിബിന്റെ ഒരാവശ്യം അദ്ദേഹത്തെ അറിയിച്ചപ്പോള്‍ വിഷയം മമ്മുണ്ണി മൌലവിയുമായി സംസാരിക്കുകയും ഞങ്ങളെയും കൂട്ടി ശാന്തപുരത്തേക്ക് വരികയും ചെയ്തു. മമ്മുണ്ണി മൌലവി ആരോഗ്യനിലയെ കുറിച്ചന്വേഷിച്ചപ്പോള്‍, 'സഫലമാല'യിലെ ചില വരികളും ഏതാനും അറബികവിതകളും ഉദ്ധരിച്ചു. എല്ലാം മരണത്തെക്കുറിച്ചുള്ളവ. കേരളത്തിലെത്തുമ്പോഴൊക്കെ ഒരുദിവസം കെ.ടിയോടൊപ്പം ചെലവഴിക്കുക പതിവായിരുന്നു. ചിലപ്പോള്‍ അദ്ദേഹത്തോടൊപ്പം താമസിക്കുകയും ചെയ്യും. ആന്തമാനിലേക്ക് ക്ഷണിക്കുമ്പോഴൊക്കെ ഇനി പരലോകത്ത് വെച്ച് കാണാം എന്നായിരിക്കും മറുപടി. ഇപ്രാവശ്യവും അതേ മറുപടി ആവര്‍ത്തിച്ചു. നന്നെ ക്ഷീണിതനെങ്കിലും ഇത് അവസാനത്തെ കൂടികാഴ്ചയായിരിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. അലംഘനീയമായ ദൈവവിധിക്ക് മുമ്പില്‍ നാമെത്ര നിസ്സഹായര്‍.
അന്ന് രാത്രി ഉറങ്ങാനായില്ല. 1970-ല്‍ അദ്ദേഹം ആന്തമാനിലെത്തിയത് മുതലുള്ള രംഗങ്ങള്‍ ഓരോന്നായി ഒരു സ്ക്രീനിലെന്നപോലെ തെളിയാന്‍ തുടങ്ങി. ക്ളീന്‍ഷേവ്, ഹാഫ്ഷര്‍ട്ട്, തിരുവിതാംകൂര്‍ ഭാഷ - മനസ്സില്‍ തെളിയുന്ന കെ.ടിയുടെ ആദ്യ ചിത്രം. പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നത് ഇവിടെ ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രാപ്തനായ നല്ലൊരു വാഗ്മിയെയും പണ്ഡിതനെയുമായിരുന്നു. നേരത്തെ ഇവിടെ ഉണ്ടായിരുന്ന മര്‍ഹൂം പി.കെ ഇബ്റാഹീം മൌലവി പ്രവര്‍ത്തകരെ അറിയിച്ചതും അങ്ങനെയുള്ള ഒരാള്‍ വരുമെന്നായിരുന്നു. കെ.ടി വന്നിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ചേലും കോലവും അവര്‍ക്ക് പിടിക്കാത്തതിനാല്‍ സംശയദൃഷ്ടിയോടെയാണവര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. ഖാദിയാനിയായ താഹിര്‍ അദ്ദേഹത്തെകുറിച്ച് ധരിച്ചത് തന്റെ ആത്മകഥയില്‍ അദ്ദേഹം തന്നെ വിവരിച്ചിട്ടുണ്ടല്ലോ.
സാഹചര്യങ്ങളും ചുറ്റുപാടുകളുമൊക്കെ വിലയിരുത്തിയശേഷം മര്‍കസുത്തഅ്ലീമില്‍ ഇസ്ലാമി എന്ന സ്ഥാപനം ഘട്ടം ഘട്ടമായി നിര്‍ത്തിയതും വിദ്യാര്‍ഥികളെ ശാന്തപുരത്തേക്കും തിരൂര്‍ക്കാട്ടേക്കും ഉപരിപഠനത്തിനയച്ചതും മദ്റസകള്‍ സജീവമാക്കിയതും ഖുര്‍ആന്‍ പഠനക്ളാസുകള്‍ സംഘടിപ്പിച്ചിരുന്നതുമൊക്കെ 'പ്രസ്ഥാനയാത്ര'കളില്‍ വിശദമായി അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. എനിക്ക് മാത്രമായി ഇശാക്ക്ശേഷം ഖുര്‍ആന്‍, അറബി ക്ളാസുകള്‍ നടത്തിയിരുന്നു.
നിലവിലുണ്ടായിരുന്ന മുത്തഫിഖ് ഹല്‍ഖകളൊക്കെ പിരിച്ച് വിട്ട് വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലാണദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. കടുത്ത സുന്നീ ആശയക്കാരായിരുന്ന പലരും അദ്ദേഹത്തിന്റെ ആത്മമിത്രങ്ങളുമായിരുന്നു. അതില്‍ നേതാക്കളും സാധാരണക്കാരുമൊക്കെ പെടും. പി.കെ ഇബ്രാഹീം മൌലവി ആന്തമാനിലുണ്ടായിരുന്നപ്പോള്‍ വിമ്പര്‍ലിഗഞ്ച് പള്ളിയില്‍ അദ്ദേഹം ഖുത്വുബ നടത്തിയാല്‍ മിമ്പറില്‍നിന്ന് വലിച്ച് താഴെയിടും എന്ന് ഭീഷണി മുഴക്കിയ കെ. അബൂബക്കര്‍(മര്‍ഹൂം), കെ.ടിയുടെ ഉറ്റ സുഹൃത്തായി മാറുക മാത്രമല്ല മന്‍ഫഉല്‍ ഇസ്ലാം മസ്ജിദിന്റെ പ്രസിഡന്റാവുകയും പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ജമാഅത്ത് അംഗത്വത്തിനപേക്ഷിക്കുക വരെ ചെയ്തു. അപേക്ഷ അംഗീകരിക്കപ്പെടുന്നതിന് മുമ്പേ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. സാധാരണ നടക്കുന്ന വാരാന്തയോഗങ്ങളോ പ്രഭാഷണങ്ങളോ സ്ക്വാഡുകളോ ഒന്നും അദ്ദേഹം നടത്തിയില്ല. കടകളില്‍ പോയിരിക്കും. ചിലപ്പോള്‍ മത്സ്യബന്ധനത്തിനും മാന്‍വേട്ടക്കുമൊക്കെ പോവുന്നവരോടൊപ്പം പോവും. രണ്ടും മൂന്നും ദിവസങ്ങള്‍ കഴിഞ്ഞാണ് തിരിച്ച് വരിക. വയസ്സായ ഒരു സ്ത്രീ നടത്തിയിരുന്ന ഒരു ചായക്കടയുണ്ടായിരുന്നു. സുബ്ഹി നമസ്കരിച്ചാല്‍ ചായയും നെയ്യപ്പവും കഴിക്കാന്‍ പലരും ഒത്തുകൂടും. മണിക്കൂറുകള്‍ ചെലവഴിക്കും. അല്‍പസമയം അവരോടൊപ്പം ചെലവഴിക്കാന്‍ അവിടെ പോയി ഒരു ചായയും നെയ്യപ്പവും കഴിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഇങ്ങനെ പലരും അദ്ദേഹത്തിന്റെ കൂട്ടുകാരായി. എന്നേത്തേടി പലപ്പോഴും അദ്ദേഹം പാടത്ത് വരുമായിരുന്നു. ഒരുദിവസം നടക്കാന്‍ കൂടെ കൂടിയ അദ്ദേഹം സംഭാഷണത്തിനിടയില്‍ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് അഭിപ്രായമാരാഞ്ഞു. 'നിങ്ങളുടെ ജമാഅത്തെ ഇസ്ലാമിയൊന്നും ഇവിടെ നടക്കാന്‍ പോവുന്നില്ല' എന്നായിരുന്നു എന്റെ പ്രതികരണം. ഒരു ഭാവമാറ്റവുമില്ലാതെ അദ്ദേഹം സംഭാഷണം തുടര്‍ന്നു. എന്റെ പിതാവിന്റെ നിര്‍ബന്ധമായിരുന്നു ഈ അന്വേഷണത്തിന് പിന്നില്‍.
പി.കെ ഇബ്റാഹീം സാഹിബ് വരുന്നതിന് മുമ്പ് മദ്റസയില്‍ ഞങ്ങളുടെ അധ്യാപകനായുണ്ടായിരുന്നത് സി.പി അബ്ദുല്‍ അസീസ് മൌലവിയായിരുന്നു. അദ്ദേഹം സുന്നികളുടെയും ജമാഅത്തിന്റെയും കടുത്ത വിരോധിയായിരുന്നു. ജമാഅത്ത്കാരനായ ഒരധ്യാപകനായിരിക്കും ഇനി മദ്റസയില്‍ അധ്യാപകനായുണ്ടാവുക എന്നറിഞ്ഞപ്പോള്‍ അദ്ദേഹം നാട്ടിലേക്ക് തിരിച്ചു പോന്നു. പോരുമ്പോള്‍ മൌദൂദിസത്തിനെതിരില്‍ ഞങ്ങളുടെ മനസ്സില്‍ വിഷം നിറച്ചാണദ്ദേഹം പോയത്. സത്യദൂതന്‍ അദ്ദേഹം സ്ഥിരമായി വായിച്ചിരുന്നു. പി.കെ മദ്റസയുടെ ചുമതലയേറ്റെടുത്തപ്പോള്‍ ഞാന്‍ പോകാന്‍ വിസമ്മതിച്ചു. വാപ്പയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മദ്റസയിലും പിന്നീട് മര്‍കസുത്തഅ്ലീമില്‍ ഇസ്ലാമിയയിലും ഞാന്‍ പോയത്.
മര്‍കസില്‍ പഠിച്ച് കൊണ്ടിരിക്കെത്തന്നെ ആന്തമാനില്‍ ഖാദിയാനി മുബല്ലിഗായി വന്ന അബുല്‍ വഫയോടൊപ്പം ഇശാക്ക് ശേഷം ഞാന്‍ മണിക്കൂറുകള്‍ ചെലവഴിച്ച് കൊണ്ടിരുന്നു. ലഭ്യമായ മലയാളം ഉര്‍ദു സാഹിത്യങ്ങളൊക്കെ വായിക്കും. ഖാദിയാനീ പണ്ഡിതനായ സി.പി ആലിക്കുട്ടി മൌലവിയുമായി കത്തിടപാടുകളും നടത്തി. വിവരമറിഞ്ഞ എന്റെ ഉപ്പ ഭീഷണിപ്പെടുത്തുകയും പി.കെയോട് വിവരം പറയുകയും ചെയ്തു. അദ്ദേഹം നല്ലനിലയില്‍ എന്നെ ഉപദേശിച്ചുവെങ്കിലും അത് വിപരീതഫലമാണുണ്ടാക്കിയത്. ഞാന്‍ അബുല്‍ വഫയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി. എന്നാല്‍ സൂറ അത്തക്വീറിലെ 4,5,7,10 സൂക്തങ്ങള്‍ക്ക് ഖലീഫ നല്‍കിയ വിശദീകരണവും കശ്തിയെ നൂഹില്‍ മീര്‍സാ സ്വപ്നത്തില്‍ മര്‍യമാവുന്നതും ഗര്‍ഭം ധരിക്കുന്നതും ഈസയായി ജനിക്കുന്നതുമൊക്കെ ഉള്‍ക്കൊള്ളാനായില്ല. സൂറ അത്തക്വീറിലെ നാലാം വചനത്തിന്റെ വിശദീകരണം ഒട്ടകസവാരി ഉപേക്ഷിച്ച് തീവണ്ടിയാത്രയാരംഭിക്കുമെന്നും, അഞ്ചാം വചനത്തിന്റേത് വന്യമൃഗങ്ങള്‍ കാഴ്ചബംഗ്ളാവുകളില്‍ ഒരുമിച്ച് കൂട്ടപ്പെടുമെന്നും, ഏഴാം വചനത്തിന്റേത് ജനങ്ങള്‍ വ്യാപകമായി ബന്ധപ്പെടുമെന്നും, പത്താം വചനത്തിന്റേത് പത്രങ്ങള്‍ ധാരാളമായി പ്രചരിക്കുമെന്നൊക്കെയായിരുന്നു. ഇത് വാഗ്ദത്ത മസീഹ് വരുന്ന കാലത്തിന്റെ അടയാളങ്ങളായാണ് ഖുര്‍ആന്‍ പ്രവചിച്ചിരിക്കുന്നത് എന്നൊക്കെ പ്രചരിപ്പിച്ചു. ഇതിനെക്കുറിച്ച് അബുല്‍ വഫായോടന്വേഷിച്ചപ്പോള്‍ കുട്ടിക്കത് ഇപ്പോള്‍ മനസിലാവുകയില്ല, ബൈഅത്ത് ചെയ്താല്‍ എല്ലാം ഗ്രഹിക്കാം എന്നായിരുന്നു മറുപടി. മറുപടി തൃപ്തികരമല്ലാതിരുന്നതിനാല്‍ മനസിലായിട്ട് മതി ബാക്കികാര്യം എന്ന് പറഞ്ഞ് പിരിഞ്ഞുവെങ്കിലും പിന്നെയും ഇടക്കിടെ സന്ധിക്കാറുണ്ടായിരുന്നു.
ഈ സമയത്താണ് സി.പി ആലിക്കുട്ടി മൌലവി എനിക്കയച്ച ഒരു കത്ത് പോസ്റ്മാന്‍ വാപ്പയെ ഏല്‍പിച്ചത്. കത്ത് എനിക്ക് തരുന്നതിന് പകരം വാപ്പ അത് കെ.ടിയെ ഏല്‍പിക്കുകയായിരുന്നു. പിന്നീട് കെ.ടി ആ കത്ത് എനിക്ക് നല്‍കിയെങ്കിലും അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല.
ഖുര്‍ആന്‍ പഠനവും ചര്‍ച്ചയും തുടര്‍ന്നുകൊണ്ടിരുന്നു. ഇശാക്ക് ശേഷം രണ്ട് പേരും വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് വരും. അദ്ദേഹത്തോടൊപ്പം പള്ളിയില്‍ താമസിക്കുക പതിവായി. 1972 ആയപ്പോഴേക്കും ഞാന്‍ പൂര്‍ണമായും മാറിയിരുന്നു. എങ്ങനെയാണദ്ദേഹം എന്നെ മാറ്റിയത് എന്ന് എനിക്കറിഞ്ഞു കൂടാ. ഒരു ദിവസം ഇശാക്ക് ശേഷം ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ കെ.ടി ചോദിച്ചു: "ഇനി ജമാഅത്ത് അംഗത്വത്തിന് അപേക്ഷിച്ചു കൂടേ?'' എപ്പോള്‍ വേണമെങ്കിലും അപേക്ഷിക്കാമെന്നായി ഞാന്‍. പിറ്റേന്ന് മഗ്രിബിന് ശേഷം എന്റെയും സൈനുദ്ദീന്‍ സാഹിബിന്റെയും പൂരിപ്പിച്ച അപേക്ഷാഫോറം അദ്ദേഹത്തിന് നല്‍കി.
അദ്ദേഹത്തോടൊന്നിച്ചുള്ള സഹവാസത്തില്‍ മനസ്സില്‍ പതിഞ്ഞ ചില കാര്യങ്ങള്‍ കൂടി ഇവിടെ കുറിക്കുന്നു. ചിലര്‍ അദ്ദേഹത്തോടൊപ്പം പള്ളിയില്‍ ഉറങ്ങും. സുബ്ഹ് ബാങ്ക് കൊടുത്താല്‍ നമസ്കരിക്കാതെ എഴുന്നേറ്റ് പോകും. അവരില്‍ ദൈവബോധവും പരലോകബോധവും സൃഷ്ടിക്കാന്‍ ശ്രമിക്കുക എന്നതിനപ്പുറം നമസ്കരിക്കാനദ്ദേഹം ആരോടും പറഞ്ഞില്ല. അതിനെ കുറിച്ചന്വേഷിച്ചപ്പോള്‍ അതവര്‍ സ്വയം ചെയ്യട്ടെ, നിര്‍ബന്ധിച്ച് നമസ്കരിപ്പിച്ചാല്‍ പിന്നീടത് ഉപേക്ഷിക്കും എന്നായിരുന്നു മറുപടി.
രാത്രി ഞാനും അദ്ദേഹവും മാത്രം പള്ളിയില്‍ താമസിക്കുമ്പോള്‍ അദ്ദേഹം ദിവസവും തഹജ്ജുദ് നമസ്കരിക്കും. ഒരു ദിവസം ഞാന്‍ ഉണര്‍ന്നപ്പോള്‍ അദ്ദേഹം നമസ്കരിക്കുകയാണ്. സുബ്ഹിക്ക് ശേഷം ഞാന്‍ ചോദിച്ചു: "എന്നെ വിളിച്ചുണര്‍ത്തിയാല്‍ എനിക്കും നമസ്കരിക്കാമായിരുന്നില്ലേ?'' "നിനക്കത് ആവശ്യമാണെന്ന് തോന്നുമ്പോള്‍ നീ സ്വയം ഉണരും. അന്ന് നമസ്കരിച്ചാല്‍ മതി'' എന്നായിരുന്നു മറുപടി.
അദ്ദേഹത്തെ ഉര്‍ദു പഠിപ്പിച്ചിരുന്ന മൂസാ സാഹിബ് ഒരുദിവസം രക്തം ഛര്‍ദിച്ചവശനായി. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ ആ രാത്രി മുഴുവന്‍ ഉറക്കമിളച്ച് അദ്ദേഹത്തെ കെ.ടി ശുശ്രൂഷിച്ച് കൊണ്ടിരുന്നു.
എന്റെ മകന്‍ സുബൈറിനെ ഒന്ന് ഒന്നര വയസ്സായപ്പോള്‍ കഠിനമായ പനി ബാധിച്ച് ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കാന്‍ കൊണ്ടു പോകുമ്പോള്‍ അദ്ദേഹവും കൂടെ പോന്നു. രാവിലെ കൃഷി സ്ഥലത്തേക്ക് പോകേണ്ടതല്ലേ, ഉറക്കമൊഴിച്ചാല്‍ നാളെ ജോലി ചെയ്യാന്‍ സാധിക്കുകയില്ല എന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് എന്നെ അദ്ദേഹം വീട്ടിലേക്ക് തിരിച്ചയച്ചു. രാത്രി മുഴുവന്‍ കെ.ടി കുട്ടിയോടൊപ്പം ഉറക്കമൊഴിച്ചിരുന്നു.
ഞങ്ങള്‍ക്ക് ജമാഅത്ത് അംഗത്വം ലഭിച്ചപ്പോള്‍ കൃത്യമായി യോഗം ചേരാനാരംഭിച്ചു. ഒരു യോഗത്തില്‍ കേന്ദ്രത്തില്‍നിന്ന് വന്ന ഒരു എഴുത്ത് വായിച്ച് കേള്‍പ്പിച്ച് അടുത്ത യോഗത്തിന് മുമ്പ് മറുപടി അയക്കണമെന്ന് നിര്‍ദേശിച്ചു. മറുപടി അദ്ദേഹം തന്നെ തയാറാക്കി മേശപ്പുറത്ത് വെച്ചു. ഞാന്‍ ദിവസവും അത് കാണും. എന്താണ് അയക്കാത്തത് എന്ന് അന്വേഷിച്ചില്ല. അടുത്ത യോഗത്തില്‍ അദ്ദേഹം ചോദിച്ചു: "എന്തു കൊണ്ടാണ് ഈ കത്ത് അയക്കാത്തിനെക്കുറിച്ച് എന്നോടന്വേഷിക്കാതിരുന്നത്?'' അങ്ങനെ നാം നിസ്സാരമായി കാണുന്ന കാര്യങ്ങളിലൂടെ വലിയ വലിയ കാര്യങ്ങള്‍ അദ്ദേഹം പഠിപ്പിച്ചു.
മദ്റസയില്‍ ഒരധ്യാപകന്‍ കൂടി വേണം. ശമ്പളം കൊടുക്കാന്‍ മാര്‍ഗം കാണാതെ ചര്‍ച്ച നീളുകയാണ്. കെ.ടി ഇടപെട്ടു. അദ്ദേഹത്തിന് ശമ്പളം 100 രൂപ. അതില്‍നിന്ന് 50 അദ്ദേഹത്തിന് 50 പുതുതായി നിയമിക്കുന്ന അധ്യാപകനും കൊടുക്കാം! പലപ്പോഴും ഉച്ചഭക്ഷണം കഴിക്കാതെയാണദ്ദേഹം കഴിഞ്ഞു കൂടിയിരുന്നത്. പക്ഷേ അത് അധികമാരും അറിഞ്ഞില്ല.
ജ്യേഷ്ഠന്‍ അബ്ദുപ്പു മൌലവിയുടെ ആകസ്മികമായ മരണം അദ്ദേഹമറിഞ്ഞത് ഒരാഴ്ച കഴിഞ്ഞായിരുന്നു. തിരിച്ച് പോരുന്നതിന് മുമ്പ് നടത്തിയ ഖുത്വ്ബയില്‍ അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. തന്റെ അഭാവം പ്രസ്ഥാനപ്രവര്‍ത്തനങ്ങള്‍ക്കൊരു തടസ്സവുമാവില്ല എന്ന് ആശ്വസിപ്പിച്ചു. കാരണവന്മാരില്‍ ചിലര്‍ ജുമുഅക്ക് ശേഷം അദ്ദേഹത്തോട് ചോദിച്ചു: "ഇത്രയും കാലം എന്താണ് നിങ്ങള്‍ ചെയ്തത്? ഒരു ഹല്‍ഖപോലും നിങ്ങള്‍ രൂപവത്കരിച്ചിട്ടില്ലല്ലോ. ആരെ ഏല്‍പിച്ചാണ് താങ്കള്‍ പോവുന്നത്?''
"അതൊക്കെ ഞാന്‍ ഏല്‍പിച്ചിട്ടുണ്ട്. ഞാന്‍ പോയാല്‍ നിങ്ങള്‍ക്കത് മനസ്സിലാവും'' - കെ.ടിയുടെ പ്രതികരണം.
ഭാരിച്ച ഈ ഉത്തരവാദിത്വം 22 വയസ്സ് മാത്രം പ്രായമുള്ള എന്നെ ഏല്‍പിച്ച് യാത്ര പറയുമ്പോള്‍ ഞാന്‍ ചോദിച്ചു: "എന്താണ് ഞങ്ങള്‍ക്ക് ചെയ്യാനാവുക?'' "നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല. ഈ പ്രസ്ഥാനത്തിന്റെ സാക്ഷികളായി നിലകൊള്ളുക. ഈ പ്രസ്ഥാനം ഈ മണ്ണില്‍ വേര് പിടിക്കും!'' അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ കാര്യമായ ഒരു പ്രവര്‍ത്തനവും നടത്തിയിരുന്നില്ല. മര്‍കസ് നിര്‍ത്തി ഉപരിപഠനത്തിനയച്ച വിദ്യാര്‍ഥികളും അതിന് ശേഷം ശാന്തപുരത്ത് പോയി പഠിച്ചവരും തിരിച്ചു വന്നതോടെ യുവാക്കളായ ഒരു സംഘം പ്രവര്‍ത്തകരെ ലഭിച്ചു. 1980കളിലാണവര്‍ തിരിച്ചു വന്നത്. അതോടെ പ്രവര്‍ത്തനം സജീവമായി. അവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നു. അവരിപ്പോഴും രംഗത്ത് സജീവമാണ്. കെ.ടിയുടെ പ്രവചനം അവരിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. പരലോകത്ത് ജന്നാത്തുല്‍ ഫിര്‍ദൌസില്‍ വെച്ച് അദ്ദേഹത്തെ കണ്ടുമുട്ടാന്‍ അല്ലാഹു തൌഫീഖ് നല്‍കി അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍.