Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ലേഖനം


ഒരു സ്വതന്ത്രാന്വേഷകന്റെ
ഓര്‍മക്കുറിപ്പ്

 

# പി.എ നാസിമുദ്ദീന്‍

 
 




ഇസ്ലാമിക പ്രസ്ഥാനത്തില്‍ എനിക്ക് കാണാന്‍ കഴിഞ്ഞ അനേകായിരം വ്യക്തികള്‍ക്കിടയില്‍ സ്വതസിദ്ധമായ ചില മൌലികതകള്‍ കൊണ്ട് കെ.ടി വേറിട്ടു നിന്നു. ലോകത്തെ മുഴുവന്‍ ശത്രു-മിത്ര ഭേദമില്ലാതെ സ്നേഹിക്കുന്ന സര്‍വാശ്ളേഷിയായ ആത്മീയതയും ചിന്തയിലെ ഉയര്‍ന്ന ജനാധിപത്യ ബോധവും ഹൃദയ നൈര്‍മല്യത്തില്‍ നിന്നുണ്ടാകുന്ന അപാര ധൈര്യവും ഈ മൌലികതകളില്‍ ചിലതായിരുന്നു. കാലികാനുഭവങ്ങളോ, ജനസമ്പര്‍ക്കമോ ഇല്ലാതെ നാല്‍ചുമരുകള്‍ക്കിടയിലിരുന്ന് ഇസ്ലാമിനെ വ്യാഖ്യാനിക്കുകയും അതിനെ ഏതാനും വിധിവിലക്കുകളുടെയും നിയമാവലികളുടെയും സംഘാതത്തിലേക്ക് ചുരുക്കുകയും ചെയ്യുന്ന പണ്ഡിതന്മാരില്‍നിന്ന് വ്യത്യസ്തനായിരുന്നു കെ.ടി.
എല്ലാത്തരം വ്യക്തികളെയും, അതായത് പത്തുവയസ്സുകാരന്‍ തൊട്ട് തൊണ്ണൂറുകാരന്‍ വരെ; കൂലിത്തൊഴിലാളി തൊട്ട് ഉന്നത ഭരണാധികാരി വരെ; എല്ലാത്തരം അനുഭവങ്ങളെയും, അതായത് ഇബാദത്ത് മുതല്‍ തെരുവിലെ രാഷ്ട്രീയ ചര്‍ച്ച വരെ; എല്ലാത്തരം ചിന്തകളെയും, അതായത് തൌഹീദ് മുതല്‍ ഉത്തരാധുനികത വരെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധം വിശാലമായിരുന്നു അദ്ദേഹത്തിന്റെ ഇസ്ലാമിക ജീവിത വീക്ഷണം. ജീവിതത്തിന്റെ എല്ലാ സാധ്യതകളെയും എല്ലാ അനുഭവങ്ങളെയും ഭയപ്പാട് ഇല്ലാതെ നോക്കിക്കാണാനും തന്റെ ജീവിത വീക്ഷണത്തിലൂടെ അവയോടൊക്കെ കാര്‍ക്കശ്യങ്ങളുടെ ചൂണ്ടുവിരല്‍ ഇല്ലാതെ കാരുണ്യത്തോടെയും നിര്‍മമത്വത്തോടെയും സമീപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ഇസ്ലാമിക പ്രബോധന രംഗത്തേക്ക് അദ്ദേഹം സംഭാവന ചെയ്തത് മുഖ്യമായും പ്രഭാഷണങ്ങളോ, കൃതികളോ അല്ല, സ്വന്തം ജീവിതം തന്നെയാണ്. എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന മഹാത്മാഗാന്ധിയുടെ വാക്യത്തെ അനുസ്മരിപ്പിക്കുമാറ് ഇസ്ലാമിന്റെ സന്ദേശം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സ്വന്തം ജീവിതത്തെ തന്നെ സമര്‍പ്പിക്കാന്‍ ഇത്രക്ക് ആര്‍ജവം ഉള്ളവര്‍ ഇക്കാലത്ത് ഉണ്ടോ എന്നത് സംശയമാണ്. അതിന് ഉതകുംവിധമുള്ള ജീവിത വിശുദ്ധിയും സത്യസന്ധതയുമായിരുന്നു അദ്ദേഹം പുലര്‍ത്തിയിരുന്നത്.
ഒട്ടേറെ ചിന്താകാലുഷ്യങ്ങളിലും സങ്കീര്‍ണമായ ജീവിതാവസ്ഥകളിലും പെട്ട് ആത്മീയതയുടെ തീര്‍ഥജലം തേടിയുഴറി നടന്നിരുന്ന എന്നെ അഞ്ചുവര്‍ഷം മുമ്പ് ഇപ്പോഴത്തെ ജമാഅത്ത് ദേശീയ ഉപാധ്യക്ഷന്‍ പ്രഫ. സിദ്ദീഖ് ഹസന്‍ കണ്ടെത്തുകയും പല ഇസ്ലാമിക സ്ഥാപനങ്ങളിലും നിറുത്തി പരാജയപ്പെട്ട് അവസാനം ഒരു പരീക്ഷണമെന്ന നിലയില്‍ ശാന്തപുരം അല്‍ജാമിഅയിലേക്ക് പറഞ്ഞയക്കുകയും ചെയ്ത കാലയളവിലാണ് ഞാന്‍ കെ.ടിയെ കാണുന്നതും പരിചയപ്പെടുന്നതും. സ്വതന്ത്ര ചിന്താഗതിക്കാരനും അനുസരണയും വിധേയത്വവും സ്വന്തം വ്യാകരണത്തിലില്ലാത്തവനുമായിരുന്ന എനിക്ക് അവിടെ തണലും താങ്ങുമായ് തീര്‍ന്നത് ഒരു പക്ഷേ കെ.ടി അറിയാതെ തന്നെ അദ്ദേഹമായിരുന്നു എന്നതാണ് സത്യം. ആദ്യം ഒരു രക്ഷകന്റെ രൂപത്തിലായിരുന്നു അദ്ദേഹം എനിക്ക് മുന്നില്‍ അവതരിച്ചത്. ആ രസകരമായ കഥ പറയാം.
അല്‍ജാമിഅയിലെ ലൈബ്രറിയില്‍ ഒരു കീഴ്ജീവനക്കാരനായി ജോലി ചെയ്തു കൊണ്ടിരിക്കേ കെ.ടിയെ എം.ഐ അബ്ദുല്‍ അസീസ് സാഹിബ്, അബ്ദുല്ല ഹസന്‍ സാഹിബ് എന്നിവരോടൊപ്പം കാമ്പസില്‍ ഞാന്‍ പലവട്ടം കണ്ടിരുന്നു. അദ്ദേഹത്തിന്റെ 'കരിസ്മാറ്റിക്' മുഖം കണ്ട് അത് ആരാണെന്ന് ഞാന്‍ പലരോടും ചോദിക്കുകയായിരുന്നു. അവരില്‍നിന്നും കിട്ടിയ ഉന്മേഷദായകമായ മറുപടികള്‍ കേട്ട് അദ്ദേഹത്തെ പരിചയപ്പെടാന്‍ മാര്‍ഗങ്ങള്‍ പരതികൊണ്ടിരിക്കെയാണ് യാദൃഛികമായി അദ്ദേഹം എന്നെ വന്ന് സന്ധിച്ചത്.
ആയിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന 'ദൈവവും കളിപന്തും' എന്ന എന്റെ കവിത കാമ്പസില്‍ ചര്‍ച്ചാ വിഷയമാവുകയും ഏവരും നല്ല അഭിപ്രായം പറയുകയും ചെയ്തു. പക്ഷേ ചിലര്‍ അതിന്റെ പ്രമേയത്തെ വിമര്‍ശന വിധേയമാക്കുകയാണ് ഉണ്ടായത്. ഇത് എനിക്ക് കഠിനമായ മനോവേദന ഉണ്ടാക്കി.
എന്നാല്‍ ആ ദിവസം തന്നെ ഉച്ചതിരിഞ്ഞ് കെ.ടി ലൈബ്രറിയില്‍ തന്നെ അന്വേഷിച്ചു വന്നതായി ലൈബ്രേറിയന്‍ പറഞ്ഞു. ആ നേരത്ത് ഞാനവിടെ ഉണ്ടായിരുന്നില്ല. മാതൃഭൂമിയില്‍ വന്ന ആ കവിത കെ.ടിക്ക് വളരെ ഇഷ്ടപ്പെട്ടു. അതെഴുതിയ ആള്‍ അല്‍ജാമിഅയിലെ ഒരു ജീവനക്കാരനാണെന്ന് ആരോ പറഞ്ഞറിഞ്ഞ് എന്നെ അഭിനന്ദിക്കാന്‍ വന്നതായിരുന്നു അദ്ദേഹം. പ്രസ്ഥാനത്തിന്റെ ഇത്രയും ഉന്നത നിലയില്‍ ഇരിക്കുന്ന ആള്‍ വെറും ഒരു പുല്‍ക്കൊടിയായ എന്നെ അഭിനന്ദനം അറിയിക്കാന്‍ ഇങ്ങോട്ട് വരിക. ഹോ! ആര്‍ക്കും വിഭാവനം ചെയ്യാന്‍ കഴിയാത്തതാണ് ആ വിനയം. കെ.ടി എന്നെ അഭിനന്ദിക്കാന്‍ എത്തിയതോടെ വിമര്‍ശകര്‍ പിന്നീട് നിശബ്ദരാവുകയും ചെയ്തു.
അങ്ങനെയാണ് ഞാനും കെ.ടിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ തുടക്കം. ലൈബ്രറിയിലെ 'ഓഫ് ടൈമി'ല്‍ ഞാനദ്ദേഹത്തിന്റെ വീട്ടിലെത്തുമായിരുന്നു. എന്തും മുന്‍വിധികളില്ലാതെ സംസാരിക്കാനും ഏതു സംശയവും ഭയമില്ലാതെ ചോദിക്കാനും കഴിയുന്ന അപൂര്‍വ സംഗമങ്ങളായിരുന്നു അവ. ഒരു പൂങ്കാറ്റു പോലെയോ, നദിയിലെ ഒഴുക്ക് പോലെയോ ഇസ്ലാമിനെ അനുഭവിക്കാന്‍ കഴിഞ്ഞ സുന്ദരവേളകളായിരുന്നു അത്. പുരോഹിതരും സങ്കുചിതരായ മതപണ്ഡിതരും അലങ്കോലപ്പെടുത്തിയ ഇസ്ലാമിന്റെ സര്‍ഗാത്മകത മനസിലാക്കാന്‍ കഴിഞ്ഞത് ഈ സഹവാസ നേരങ്ങളിലായിരുന്നു. ഇതിനു ശേഷവും ഒട്ടേറെ മഹാരഥരായ വ്യക്തികളിലൂടെ സങ്കുചിത മനസ്കര്‍ വ്യാഖ്യാനിച്ചു വെച്ച ഇസ്ലാമിന്റെ ജഡിക രൂപങ്ങള്‍ക്കപ്പുറം സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന കാര്യം കൃതജ്ഞതയോടെ ഓര്‍ക്കുന്നു......
മറ്റു മതങ്ങളോടുള്ള സമീപനം, അനുഷ്ഠാന കാര്‍ക്കശ്യത്തേക്കാള്‍ ഇസ്ലാമില്‍ മാനവികതക്കും ധാര്‍മികതക്കുമുള്ള പ്രാധാന്യം, ഇസ്ലാമിക ചരിത്രത്തിന്റെ സ്തംഭനാവസ്ഥകളാല്‍ അതിന്റെ മതവിധികള്‍ക്കുണ്ടായിട്ടുള്ള ന്യൂനീകരണ പ്രവണതകള്‍ എന്നിവയിലെല്ലാം വ്യവഹാരിക രീതികളില്‍നിന്നും വ്യത്യസ്തമായ ചിന്താരീതികളായിരുന്നു ഞാന്‍ പുലര്‍ത്തിയിരുന്നത്. എന്നാല്‍ കെ.ടിയുമായിട്ടുള്ള ചര്‍ച്ചകളില്‍ അവയില്‍ പലതും കെ.ടിയുടെ അഭിപ്രായങ്ങളായി ആദ്യമേ എന്നോട് ഇങ്ങോട്ട് പറയുകയായിരുന്നു.
അനന്തമായ ഈ ജീവിത യാത്രയില്‍ നാം ലക്ഷോപലക്ഷം ജനങ്ങളെ കണ്ടുമുട്ടുന്നു. അവരില്‍ ചിലര്‍ ചില നിമിഷങ്ങളിലോ, ഹ്രസ്വ നേരങ്ങളിലോ മാത്രമേ നമുക്കൊപ്പം ഉണ്ടാകുന്നുള്ളൂ. എങ്കിലും അവരില്‍നിന്നുണ്ടാകുന്ന പ്രതികരണങ്ങളും അവരുടെ വ്യക്തിത്വത്തിന്റെ കാന്തികതയും നമ്മില്‍ ഇതുവരെ അജ്ഞാതമായ വാതായനങ്ങള്‍ തുറന്നിടുന്നു. ഇസ്ലാമിന്റെ സൌന്ദര്യവും അതിന്റെ സര്‍ഗാത്മകതയും വെളിവാക്കി തന്ന മഹാഗുരുവാണ് എനിക്ക് കെ.ടി. അദ്ദേഹം നമ്മെ വിട്ട് അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു. സ്വാര്‍ഥനും അല്‍പനും പരിമിതനുമായ ഞാന്‍ ജീവിതത്തിന്റെ സൌഭാഗ്യങ്ങള്‍ അനുഭവിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭൌതികമായ അസാന്നിധ്യം പറഞ്ഞാല്‍ വെളിവാക്കാനൊക്കാത്ത വേദനയിലേക്കാഴ്ത്തുന്നു. അദ്ദേഹം ചിന്തയിലുണ്ടാക്കിയ പ്രസരിപ്പും ചൈതന്യവും എന്നിലൂടെ സമൂഹത്തിനു നല്‍കാന്‍ കഴിയുക എന്നതാണ് അദ്ദേഹത്തോട് എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നന്ദിയും കടപ്പാടും.

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly