ദീര്‍ഘമായ നാലു പതിറ്റാണ്ടിലേറെ കാലം ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ നിറഞ്ഞുനിന്ന കെ.ടി അബ്ദുര്‍റഹീം സാഹിബ് നമ്മെ ദുഃഖത്തിലാഴ്ത്തി അല്ലാഹുവിങ്കലേക്ക് യാത്രയായി; അദ്ദേഹം ആഗ്രഹിച്ചതുപോലെ കര്‍മരംഗത്ത് നിറഞ്ഞുനിന്നുകൊണ്ട്. രോഗിയായി കിടക്കാതെ, രോഗസന്ദര്‍ശത്തിന് മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കാതെയാണ് ആ യാത്ര. അല്ലെങ്കിലും രോഗസന്ദര്‍ശനം (സിയാറത്തുല്‍ മരീള്) സുന്നത്തല്ലെന്നും രോഗിയെ പരിചരിക്കലും ചികിത്സിക്കലുമാണ് (ഇയാദത്തുല്‍ മരീള്) സുന്നത്തെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മുമ്പില്‍ നടന്നവരില്‍ നിന്ന് ഒരു കണ്ണി കൂടി വേര്‍പ്പെടുകയാണ്. കെ.ടി ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ച മഹിത മൂല്യങ്ങളും മാതൃകകളും നമുക്ക് പ്രചോദനമാവേണ്ടതാണ്. കെ.ടിയുമായുള്ള മുപ്പതു കൊല്ലക്കാലത്തെ പരിചയവും ഇരുപത് വര്‍ഷത്തെ സുദൃഢമായ ആത്മബന്ധവും വഴി അദ്ദേഹത്തില്‍നിന്ന് മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ഇവിടെ പകര്‍ത്തുകയാണ്.
പ്രസ്ഥാന മാര്‍ഗത്തില്‍ അദ്ദേഹത്തിന്റെ കരുത്ത് ദൃഢമായ ഈമാനായിരുന്നു. അല്ലാഹുവിലും പരലോകത്തിലുമുള്ള അചഞ്ചലമായ വിശ്വാസം. പരലോക വിശ്വാസത്തിന്റെ അഭാവത്തില്‍ ദൈവത്തിലുള്ള വിശ്വാസം ഒരു നന്മയും നല്‍കുകയില്ല എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഈ ഈമാനിക കരുത്ത് വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും സംഘടനാ രംഗത്തും അദ്ദേഹത്തെ ധീരനാക്കി. പ്രയാസങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും ഉറച്ചുനിന്നു. ആരോഗ്യത്തെക്കുറിച്ചും രോഗത്തെക്കുറിച്ചുമൊന്നും അദ്ദേഹത്തിന് വേവലാതി ഉണ്ടായിരുന്നില്ല. രോഗമുണ്ട് എന്ന് അംഗീകരിക്കാന്‍ തന്നെ പ്രയാസം. ശരീരം തളര്‍ന്നിരിക്കുമ്പോഴും മനസ്സ് കരുത്തുള്ളതായി. മരിച്ചു കിടക്കുന്ന അദ്ദേഹത്തെ കണ്ടാല്‍ ഞാന്‍ മരിച്ചിട്ടില്ല എന്ന് ഇപ്പോള്‍ പറയുമോ എന്ന് തോന്നിപ്പോകും. മരണത്തെ അദ്ദേഹം അശേഷം ഭയപ്പെട്ടില്ല. അല്ലാഹുവെ കണ്ടുമുട്ടാന്‍ കൊതിക്കുന്ന യഥാര്‍ഥ വിശ്വാസികള്‍ക്ക് മരണത്തെ എന്തിന് ഭയപ്പെടണം. റസൂല്‍(സ) പറഞ്ഞു: "അല്ലാഹുവെ കണ്ടുമുട്ടുന്നത് ആര്‍ക്കെങ്കിലും ഇഷ്ടമാണെങ്കില്‍ അവരെ കണ്ടുമുട്ടുന്നത് അല്ലാഹുവിനും ഇഷ്ടമാണ്.''
ഖുര്‍ആനുമായുള്ള ആത്മബന്ധമാണ് കെ.ടിയുടെ മറ്റൊരു പ്രത്യേകത. പരമ്പരാഗത രീതിയിലുള്ള ദീനീവിജ്ഞാനത്തില്‍ അവഗാഹം നേടിയിട്ടുള്ള കെ.ടി അത്തരം പാരമ്പര്യവാദങ്ങളോട് ഉടക്കിനിന്നു. നൂറ്റാണ്ടുകള്‍ക്കപ്പുറം ജീവിച്ച് മരിച്ചുപോയ മഹാന്മാരായ പണ്ഡിതന്മാര്‍ അവരവരുടെ കാലഘട്ടങ്ങളെ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നോക്കിക്കണ്ടവരാണെന്നും അവയൊന്നും ഈ കാലഘട്ടത്തില്‍ പ്രമാണങ്ങളല്ലെന്നും കെ.ടി ശക്തിയുക്തം പറഞ്ഞു. നാം ഖുര്‍ആന്‍ പഠിച്ച് ഖുര്‍ആന്റെ അടിത്തറയില്‍ നമ്മുടെ കാലഘട്ടത്തെ വായിക്കണമെന്നും, അതാണ് പൂര്‍വ സൂരികള്‍ ചെയ്തതെന്നും സമര്‍ഥിച്ചു. കെ.ടിയുടെ സമര്‍ഥനശൈലി ആരെയും ആകര്‍ഷിക്കുന്നതും ആരിലും മതിപ്പുളവാക്കുന്നതുമായിരുന്നു. വ്യത്യസ്തമായി ചിന്തിക്കുകയും പറയുകയും ചെയ്തുകൊണ്ടിരുന്ന കെ.ടി സവിശേഷ വ്യക്തിത്വത്തിന്റെ ഉടമ തന്നെയായിരുന്നു. ചിന്തയിലും അഭിപ്രായ പ്രകടനങ്ങളിലുമുള്ള ഈ വ്യതിരിക്തത ജമാഅത്തെ ഇസ്ലാമി കേരള ശൂറക്ക് വലിയ സംഭാവനകളര്‍പ്പിച്ചു.
വിനയത്തിലും ലളിതജീവിതത്തിലും കെ.ടി വല്ലാത്തൊരു മാതൃകയായിരുന്നു. വിദേശത്തും സ്വദേശത്തും ജോലി ചെയ്തപ്പോഴൊന്നും ഈ ജീവിതശൈലി അദ്ദേഹം കൈവിട്ടില്ല. മരണം വരെ അതങ്ങനെ തന്നെ തുടര്‍ന്നു. പാടത്തും പറമ്പിലും കൃഷി ചെയ്തു. താന്‍ കൃഷി ചെയ്ത് ഉണ്ടാവുന്ന വിളകളില്‍നിന്ന് അയല്‍ക്കാര്‍ക്കും കുടുംബങ്ങള്‍ക്കും വഴിപോക്കര്‍ക്കും സുഹൃത്തുക്കള്‍ക്കും പക്ഷി മൃഗാദികള്‍ക്കും കൊടുക്കുന്നതില്‍ ആത്മനിര്‍വൃതി കണ്ടെത്തി. യുവാക്കള്‍ക്കും വളര്‍ന്നുവരുന്ന പ്രവര്‍ത്തകര്‍ക്കും, നേതാവായ കെ.ടി വലിയ പ്രോത്സാഹനമായിരുന്നു. ഞാന്‍ എസ്.ഐ.ഒവില്‍നിന്ന് പ്രായപരിധി കഴിഞ്ഞ് പുറത്തുവന്നപ്പോള്‍ വണ്ടൂര്‍, നിലമ്പൂര്‍, മഞ്ചേരി ഏരിയകളുടെ അസി. നാസിമായി എന്നെ ചുമതലപ്പെടുത്തി. കെ.ടിയായിരുന്നു നാസിം. കെ.ടിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് വല്ലാത്തൊരു ആനന്ദമായിരുന്നു. വമ്പിച്ച പ്രോത്സാഹനം. വന്നുപോയ ഒരു വീഴ്ചയെ കെ.ടി ചൂണ്ടിക്കാണിക്കുക അതിയായ സ്നേഹത്തിലും അതിലുപരി വിനയത്തിലുമായിരിക്കും. പിന്നെ ഞാന്‍ മേഖല നാസിമാവുകയും കെ.ടി പ്രാസ്ഥാനിക ചുമതലകളില്‍നിന്ന് ഒഴിവാകുകയും ചെയ്തപ്പോള്‍ എന്തു മാത്രം വലിയ സഹകരണമായിരുന്നു. കെ.ടിക്ക് അഭിപ്രായ വ്യത്യാസമുള്ള ഒരു കാര്യം തീരുമാനമായി വന്നാല്‍ അതേ കാര്യം കെ.ടി ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ പിന്നെ ചോദ്യം ചെയ്യാതെ അനുസരിക്കും. 'നിങ്ങള്‍ കല്‍പിച്ചാല്‍ ഞാന്‍ അനുസരിക്കും. നിങ്ങള്‍ പ്രസ്ഥാനത്തിന്റെ നാസിമാണ്' എന്ന് കെ.ടി പറയും. എന്തു മാത്രം വലിയ പാഠങ്ങളാണവ. ഒരിക്കല്‍ ഇന്നത്തെ ഹല്‍ഖാ അമീര്‍ ഒരു കാര്യത്തെപ്പറ്റി 'അത് കെ.ടിയെ കൊണ്ട് ഒന്ന് ചെയ്ത് കിട്ടണമായിരുന്നല്ലോ' എന്ന് എന്നോട് പറഞ്ഞു. ഞാന്‍ പറഞ്ഞു: "അത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ കെ.ടിയോട് ചെയ്യാറുള്ളത്, കെ.ടീ നിങ്ങള്‍ അത് ചെയ്യണം എന്ന് കല്‍പിക്കലാണ്.'' അമീര്‍ അങ്ങനെ കെ.ടിയോട് പറഞ്ഞപ്പോള്‍ കെ.ടിയുടെ ചിരിച്ചുകൊണ്ടുള്ള പ്രതികരണം: "ഇത് നിങ്ങള്‍ക്ക് എം.ഐ പറഞ്ഞുതന്ന സൂത്രമായിരിക്കും.''
ആരിലും പ്രതീക്ഷ വെച്ചുപുലര്‍ത്തിയ കെ.ടി എല്ലാവരിലെയും നന്മകള്‍ കാണുന്ന പ്രകൃതക്കാരനായിരുന്നു. എത്ര ദുഷിച്ച ജീവിതശൈലി സ്വീകരിച്ചവനാണെങ്കിലും അയാളും നന്നാവും എന്ന ശുഭാപ്തി വിശ്വാസക്കാരന്‍. ഏത് പ്രദേശത്തും കെ.ടിയുടെ സുഹൃത്തുകളായി ഒരു സംഘം തന്നെ ഉണ്ടാകുമായിരുന്നു. നമസ്കരിക്കുന്നവരും നമസ്കരിക്കാത്തവരും യുക്തിവാദികളും നിര്‍മതവാദികളുമൊക്കെ ഉള്‍ക്കൊള്ളുന്നതായിരിക്കും ആ സംഘം. അവര്‍ക്കായി പ്രത്യേക സദസ്സുകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍. അത് കെ.ടിയുടെ വളരെ ഇഷ്ടപ്പെട്ട ഒരു പരിപാടിയായിരുന്നു. അവരുടെ കൂടെ ജീവിക്കുകയാണ് കെ.ടി ചെയ്യുക. സംവാദങ്ങളിലൂടെ പരാജയപ്പെടുത്തുകയായിരുന്നില്ല, ജീവിച്ചു കാണിച്ചുകൊടുക്കുകയായിരുന്നു.
ഒരിക്കല്‍ ഒരിടത്ത് ഇതുപോലെ ഒരു സദസ്സുണ്ടായിരുന്നു. എല്ലാ രണ്ടാഴ്ചകളിലും അവര്‍ കെ.ടിയോടൊപ്പം ഒത്തുകൂടും. ചര്‍ച്ചകള്‍ നടത്തും. കുറെ സംസാരിക്കും. പിരിഞ്ഞുപോകും. അതിനിടക്ക് കെ.ടിക്ക് അല്‍പം ദീര്‍ഘമായ ഒരു വിദേശ യാത്ര വേണ്ടി വന്നു. ഈ സദസ്സ് നിലച്ചുപോകുന്നതില്‍
അസ്വസ്ഥനായ കെ.ടി എന്നോട് പറഞ്ഞു: "നിങ്ങള്‍ അതിലൊന്ന് പോയിക്കൊടുക്കണം. എന്തെങ്കിലും ചെറിയ ഒരു ക്ളാസ് എടുക്കുക. പിന്നെ കുറെ സമയം അവരോടൊപ്പം സംസാരിക്കുക. അതുമതി.'' ഞാന്‍ പറഞ്ഞു: "എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.'' കെ.ടി നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചു. മനമില്ലാ മനസ്സോട് കൂടി ഞാന്‍ പോയി ക്ളാസ്സെടുത്തു. പിന്നെ ചര്‍ച്ചയായി. കൂട്ടത്തില്‍ യുക്തിവാദിയായ ഒരാള്‍ കുറെ അധികം സംസാരിച്ചു. ഒടുവില്‍ അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ പറയുന്നതു തന്നെയായിരിക്കും സത്യവും ശരിയുമായിട്ടുള്ളത്. പക്ഷേ എനിക്ക് അത് ബോധ്യമാവുന്നില്ല.'' ഞാന്‍ ചോദിച്ചു: "നിങ്ങള്‍ക്ക് ബോധ്യമാവാത്ത ഒരു കാര്യം സത്യമായിരിക്കും, ശരിയായിരിക്കും എന്നൊക്കെ നിങ്ങള്‍ പറയുന്നതിലെ യുക്തി?'' അപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം, 'അത് സത്യവും ശരിയുമല്ലെങ്കില്‍ കെ.ടിയെ പോലുള്ളവര്‍ അതില്‍ നില്‍ക്കുകയില്ല' എന്നായിരുന്നു.
കെ.ടിയുടെ ജീവിതമായിരുന്നു ഏറ്റവും നല്ല പ്രബോധനം. സംസ്കരണ പ്രവര്‍ത്തനത്തില്‍ ക്ളാസ്സെടുത്തും പ്രസംഗിച്ചും കല്‍പിച്ചും ആളുകളെ മാറ്റിയെടുക്കുക എന്ന രീതിയേക്കാള്‍ ആളുകളെ സ്വയം സംസ്കൃതരാവാന്‍ പ്രാപ്തരാക്കുക എന്നതായിരുന്നു കെ.ടിയുടെ ശൈലി. കെ.ടി ആന്തമാനില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തെപ്പറ്റി പിന്നീട് പ്രസ്ഥാനത്തില്‍ വന്ന ചില സുഹൃത്തുക്കള്‍ പറഞ്ഞത്: 'ഞങ്ങള്‍ പലപ്പോഴും കെ.ടിയോടൊപ്പം കഴിഞ്ഞുകൂടും. കെ.ടി നമസ്കാര സമയമായാല്‍ നമസ്കാരത്തിന് പോകും. ഞങ്ങളെ നിര്‍ബന്ധിക്കില്ല. പക്ഷേ, ക്രമേണ ക്രമേണ ആ ജീവിതം ഞങ്ങളില്‍ മാറ്റമുണ്ടാക്കി.' കെ.ടിയുടെ പ്രസ്ഥാന യാത്രകള്‍ കേരളത്തിന്റെ തെക്കന്‍ മേഖലയില്‍ വെട്ടിപിടിച്ച പ്രദേശങ്ങളാണ് ഇന്നും പ്രസ്ഥാനത്തിന്റെ സ്വാധീന മേഖലകള്‍. ആന്തമാനില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. യു.എ.ഇയില്‍ മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തനം പ്രസ്ഥാനത്തിന് വലിയ സ്വാധീനവും പ്രവര്‍ത്തകര്‍ക്ക് പ്രാസ്ഥാനിക തര്‍ബിയത്തും നല്‍കുന്നതില്‍ വലിയ പങ്കു വഹിച്ചു.
കെ.ടി അല്ലാഹുവിലേക്ക് യാത്ര തിരിച്ചു. അല്ലാഹു പറഞ്ഞതുപോലെ: "വിശ്വാസികളില്‍ തങ്ങള്‍ അല്ലാഹുവുമായി ചെയ്ത പ്രതിജ്ഞ യാഥാര്‍ഥ്യമാക്കി കാണിച്ച ചിലരുണ്ട്. ചിലര്‍ തങ്ങളുടെ നേര്‍ച്ച പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുന്നു. മറ്റു ചിലര്‍ അവസരം കാത്തിരിക്കുകയാകുന്നു. അവര്‍ തങ്ങളുടെ നിലപാടില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല'' (അല്‍അഹ്സാബ് 23). കെ.ടിയെയും നമ്മെ എല്ലാവരെയും അല്ലാഹു അവന്റെ ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ഒരുമിച്ചുകൂട്ടുമാറാവട്ടെ- അമീന്‍.