"എന്താ മമ്മുണ്യേ കാര്യങ്ങളൊക്കെ ചേലിലും മട്ടത്തിലും പോണില്ലേ. വാ ചായ കുടിക്കാ...'' ഒട്ടും ഔപചാരികത പുരളാതെ തീര്‍ത്തും ഏറനാടന്‍ ഉച്ചാരണശുദ്ധിയില്‍ സുഹൃത്തുമായുള്ള കെ.ടിയുടെ ഈ അന്യോന്യ ദൃശ്യം ശാന്തപുരം സര്‍വകലാശാലയുടെ പരിസരത്ത് ഇന്നലെ കണ്ട പോലെ. റോഡിറമ്പിലെ ചായ മക്കാനിയില്‍ കട്ടന്‍ ചായയും ഒപ്പം സമൃദ്ധമായി ആത്മസൌഹൃദവും നുണയുന്ന ഇയാള്‍ ഏതോ ഒരു പേര്‍ഷ്യന്‍ ദര്‍വീശിനെപ്പോലെ തോന്നിച്ചു. ഗാഢമായ ആത്മബന്ധമോ പ്രൌഢി പറക്കുന്ന ശിഷ്യത്വമോ ഇല്ലാതിരുന്നിട്ടും കെ.ടി എന്ന സര്‍ഗാത്മക പ്രതിഭക്ക് എങ്ങനെയാണ് ഞാന്‍ അറിയാതെ ശിഷ്യപ്പെട്ടത്.
കറുത്തു ചടച്ച ഒരെല്ലിന്‍ കൂട്, പ്രവാസ ജീവിതത്തിന്റെ ഒരു മേദസ്സും കാട്ടിയില്ല. പിറകിലേക്ക് വകഞ്ഞു ഞാത്തിയിട്ട കറുത്ത തലമുടിയില്‍ അപൂര്‍വമായി മാത്രം വെള്ളിനാരുകള്‍ മിന്നിനിന്നു. നനുത്തു നീണ്ട മുഖ ശ്മശ്രുക്കള്‍ ദീപ്തമായ മുഖപ്രസാദത്തെ കൂടുതല്‍ പ്രസന്നമാക്കി. അറിവിന്റെ ഭാരമാകാം ശരീരം മുന്നോട്ടൊരു വില്ലു പണിതത്. ചുണ്ടില്‍നിന്നും സദാ മുകളിലേക്കുയരുന്ന പുകച്ചുരുളുകള്‍ ചിന്തയുടെ ഗഹനതയെ എന്നും താലോലിച്ചു. ഞാനിവിടെയുണ്ടേയെന്നാരെയും അറിയിക്കാന്‍ ഉത്സാഹിക്കാതെ ഒരിളം കാറ്റുപോലെ കാലത്തിന്റെ നടവരമ്പിലൂടെ കെ.ടി കടന്നുപോയി. ദൃഢബോധ്യത്തിന്റെ സംതൃപ്തി അദ്ദേഹത്തെ ആപാദം പൊതിഞ്ഞുനിന്നു. കാരണം തന്റെ വിശ്വാസ നീതിക്കു നിരക്കാത്ത യാതൊന്നിനെയും കെ.ടി മരണം വരെയും കൂട്ടാക്കിയില്ല.
ഏറനാട്ടിലെ കാരാട്ടു വീട്ടില്‍ കെ.ടി ജനിക്കുന്നത് സ്വാതന്ത്യ്ര സമരവും ലോകയുദ്ധവും സൃഷ്ടിച്ച അരക്ഷിതവും അസന്തുലിതവുമായ ഒരു കാലത്താണ്. അതുകൊണ്ടുതന്നെ ഔപചാരിക വിദ്യാഭ്യാസം രണ്ടാം തരത്തില്‍ ഉടക്കിപ്പോയി. കുടുംബ പരിസരമാകാം കെ.ടിയെ പള്ളി ദര്‍സിലേക്ക് തള്ളിയത്. പള്ളിയും പള്ളിക്കുളവും പള്ളിക്കാടും സൃഷ്ടിക്കുന്ന ഒരപര ലോകം. നീണ്ട ദര്‍സു ജീവിതത്തില്‍ കെ.ടി സ്വന്തമാക്കിയത് ഭാഷയുടെയും വ്യാകരണത്തിന്റെയും സമൃദ്ധ പാഠങ്ങള്‍. കൂടുതല്‍ ഇല്‍മും അതിനേക്കാള്‍ ആത്മവിശ്വാസവുമായി സമൂഹത്തിലെത്തിയ കെ.ടി പള്ളികളില്‍ നിന്നും പളളികളിലേക്ക് സഞ്ചരിച്ചു. ക്ഷണവേഗം കൊണ്ട് മഹല്ലുകള്‍ അബ്ദുര്‍റഹീം മുസ്ലിയാര്‍ക്ക് അധീനമാകുന്നു. തന്റെ വ്യക്തി പ്രഭാവത്തിന്റെ മാസ്മരികതക്കു മുമ്പില്‍ മഹല്ലിന്റെ ആന്തര പരിസരം ചടുല നൃത്തം ചെയ്തു. മത വ്യാപാരത്തിന്റെ മോഹിപ്പിക്കുന്ന ലോകം കണ്‍മുമ്പിലുണ്ടായിട്ടും ഈ കടുകട്ടി മുസ്ലിയാര്‍ എങ്ങനെയാണ് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വരിഷ്ട തീരത്തെത്തിയത്. ഇതൊരു കഥ.
ഹാജി സാഹിബിലൂടെ പ്രസ്ഥാന വഴിയിലെത്തിയ ഒരു സാധാരണ പ്രവര്‍ത്തകന്‍. പള്ളുരുത്തി കോയ, ഇത്തിരിപ്പോന്ന പുസ്തക സഞ്ചിയുമായി പ്രബോധന യാത്രക്കിറങ്ങി. പ്രസ്ഥാന യത്നത്തിനിടെ ആ സാധു മനുഷ്യന്‍ റഹീം മുസ്ലിയാരുടെ തട്ടകത്തിലുമെത്തി. പ്രബോധകന് ഏതു വഴിയും ഒരേപോലെ സുകൃതം. തന്റെ മസ്ജിദിലെത്തിയ അപരനെ മുസ്ലിയാര്‍ നിര്‍ദയം തിരസ്കരിച്ചു. സ്വയം ആവര്‍ത്തിക്കുന്ന ഋതുക്കളുടെ താളരാശികള്‍ പോലെ അയാള്‍ വീണ്ടും വീണ്ടും പ്രത്യക്ഷനായി. 'ഒരു ദര്‍സിലും ഓതിയിട്ടില്ലാത്ത ഇയാള്‍ ഏതു ഇസ്ലാമാണ് ബസറയിലേക്ക് കയറ്റുന്നത്.' റഹീം മുസ്ലിയാര്‍ക്ക് നീരസം... മറുതലയില്‍ വിടര്‍ന്ന സൌമ്യ സൌഹൃദം മുസ്ലിയാരെ തരളിതനാക്കുന്നുവോ..... തനിക്ക് നേരെ നീണ്ട കുഞ്ഞു പുസ്തകം ഏതോ ആത്മപ്രചോദനം കൊണ്ട് മുസ്ലിയാര്‍ ഏറ്റുവാങ്ങി. അത് സത്യസാക്ഷ്യം. ഉറക്കിലേക്കു വഴുതുന്ന രാത്രിയുടെ സ്വപ്നയാമങ്ങളില്‍ പാരായണ തല്‍പരനായ മുസ്ലിയാര്‍ പുസ്തകത്താളുകള്‍ മറിച്ചു തീര്‍ത്തു. കണയേറ്റ കരിമ്പുലിപോലെ മനസ്സ് പിടഞ്ഞോടി. അന്നു താന്‍ അനുഭവിച്ച അന്തസ്സംഘര്‍ഷ തീവ്രത പില്‍ക്കാലത്ത് കെ.ടി അനുസ്മരിച്ചിട്ടുണ്ട്. ഒട്ടും വര്‍ണഭംഗിയില്ലാത്ത ഈ പുസ്തകം മുസ്ലിയാരെ ചൂഴ്ന്നുനിന്നു. അശാന്തനായി ചിന്തയില്‍ മുഴുകിയ അയാള്‍ തന്റെ അന്വേഷണത്തിന്റെ ആകാശത്ത് വഴികാട്ടുന്ന നക്ഷത്രങ്ങളെ കണ്ടു. വര്‍ത്തമാന ലോകത്തിന്റെ എല്ലാ പ്രലോഭനങ്ങളെയും സുധീരം പിന്നിലുപേക്ഷിച്ച് നക്ഷത്രത്തിന്റെ വഴിയേ നടന്നു, പിഞ്ചു കുഞ്ഞില്‍നിന്നും വ്യത്യസ്തമല്ലാത്ത ഒരു നിഗൂഢ മന്ദഹാസത്തോടെ; കെ.ടിയിലെ വിശ്വാസ ന്യൂനത്തെ എത്ര എളുപ്പത്തിലാണ് ഈ സത്യസാക്ഷ്യം കുടഞ്ഞെറിഞ്ഞത്. ഉദാരവും ജനാധിപത്യപരവുമായ വായനകളെയും സംവാദങ്ങളെയും ഇല്ലാതാക്കുന്ന അടഞ്ഞ ലോകത്തുനിന്നും വെടിമുഴക്കം കേട്ട പടക്കുതിരയെപ്പോലെ കെ.ടി പിടഞ്ഞോടി. ഭൌതിക നഷ്ടങ്ങള്‍ മാത്രം നല്‍കിയ പ്രസ്ഥാനത്തിന്റെ ശാദ്വലതയിലേക്ക്. തുടര്‍ന്ന് നാല്‍പതു വര്‍ഷം ഇസ്ലാമിക പ്രസ്ഥാനത്തെ വിനയം കൊണ്ട് ലാളിച്ചും സൈദ്ധാന്തികമായി നവീകരിച്ചും പുതുകാലത്തിന്റെ സമസ്യകളെ അഭിസംബോധന ചെയ്യാന്‍ പ്രാപ്തമാക്കിയും കെ.ടി മുമ്പില്‍ നടന്നു. അതില്‍ വന്നു പെട്ട സര്‍വ ചേതങ്ങളെയും ജീവിത വിജയത്തിന്റെ കണക്കു പുസ്തകത്തില്‍ ആഹ്ളാദത്തോടെ എഴുതിവെച്ചു.
കെ.ടി സഞ്ചാരിയായിരുന്നു. നിരന്തരവും നിസ്തന്ദ്രവുമായ സഞ്ചാരം. പ്രസ്ഥാനത്തിന്റെ നവീന സാധ്യതയും തേടിയുള്ള തീര്‍ഥയാത്ര. കേരളത്തിന്റെ സ്ഥാപന പരിമിതിയിലും അറേബ്യന്‍ സമൃദ്ധിയുടെ മണിമഞ്ചത്തിലും ജര്‍വകള്‍ നിരങ്ങുന്ന ആന്തമാനിലെ വനപര്‍വങ്ങളിലും കെ.ടി ഒരുപോലെ ഇടപഴകി; സൌജന്യങ്ങളെ തെറിപ്പിക്കാനുള്ള ജാഗ്രതയും സ്വാംശീകരണ തന്ത്രങ്ങളില്‍ നിന്ന് കുതറാനുള്ള ആന്തരിക വാസനയും രൂഢമായി നിലനിര്‍ത്തിക്കൊണ്ട്.
അറബി ഭാഷയില്‍ ഗഹനത കൈവരിച്ച കെ.ടി ഖുര്‍ആനിലൂടെ ധീരമായി സഞ്ചരിച്ചു. കാലത്തെയും നവീന സാമൂഹിക പ്രതിഭാസങ്ങളെയും സ്വന്തം ജീവിതത്തെയും കെ.ടി ഖുര്‍ആന്‍ കൊണ്ട് വ്യാഖ്യാനിച്ചു. ഖുര്‍ആന്റെ മഹാ സമുദ്രത്തില്‍ അന്വേഷണത്തിന്റെ കപ്പലോടിച്ചുപോയ കെ.ടി, സാമൂഹിക വിമര്‍ശനത്തിന്റെ പുത്തന്‍ രേഖാംശങ്ങള്‍ കണ്ടെത്തി. അത് സര്‍ഗാത്മക സംഗമങ്ങളില്‍ സൌമ്യമായി പങ്കുവെച്ചു. പ്രൌഢവും ധീരവുമായ പുനര്‍പാരായണം. അതിനു കൊടുങ്കാറ്റിന്റെ ശക്തിയുണ്ട്. ഇത് ശ്രോതാക്കളുടെ പരമ്പരാഗത വിശ്വാസത്തിന്റെ പൊയ്ക്കാലുകള്‍ തകര്‍ത്തു. ഒരു പാഴ്മുളം തണ്ടാണെന്നു തോന്നിക്കുന്ന ശരീരത്തിനകത്ത് ദര്‍ശന സാകല്യമിരമ്പുന്ന ഒരു സപ്തസമുദ്രമുണ്ടെന്നത് ഒരത്ഭുതമായി. പ്രമാണ സൂക്ഷ്മതയുടെ ലക്ഷ്മണരേഖക്കകത്തുനിന്ന് ഖുര്‍ആനിക ചിന്തയുടെ അഗാധ വിസ്മയങ്ങളും പ്രയോഗ സാരള്യവും അനവദ്യ സുന്ദരമായി കെ.ടി തന്റെ ചിന്തയില്‍ സംക്ഷേപിച്ചു.
ഇരമ്പിപ്പെയ്യുന്ന ഒരു പേമാരിയല്ല കെ.ടിയുടെ പ്രഭാഷണം. അതൊരു ചാറ്റല്‍ മഴയാണ്. പെയ്തതത്രയും ആലോചനയുടെ സൂക്ഷ്മ വിദരങ്ങളിലേക്കൊലിച്ചിറങ്ങിച്ചെല്ലും. ശ്രോതാക്കളില്‍ നിന്നത് പിന്നീട് ഉറന്നൊഴുകും. സ്വയം മനനത്തിലൂടെ ഈ ഗവേഷകന്‍ കണ്ടെത്തിയ അനുപമമായ ദര്‍ശന സാകല്യം സമഗ്രതലത്തില്‍ രേഖപ്പെടുത്താതെ പോയത് തീര്‍ച്ചയായും ഒരു വൈജ്ഞാനിക നഷ്ടം മാത്രമല്ല വിശ്വാസ ജീവിത നിയോജക മണ്ഡലത്തെ നവീകരിച്ചു മുന്നേറേണ്ട ഒരു സര്‍ഗാത്മക പ്രസ്ഥാനത്തിന് നഷ്ടപ്പെട്ടുപോയ പഥരാശികളാണ്.
വിവരം വിനയമാണെന്നത് മറന്നുപോകുന്ന പണ്ഡിത വര്‍ഗത്തില്‍നിന്ന് കെ.ടി മാറി നടന്നു. ജീവിത പരിസരങ്ങളിലെ സര്‍വ ഇടപഴക്കങ്ങളെയും ഒരേപോലെ കെ.ടി പുരസ്കരിച്ചു. ജീവിത വ്യവഹാരങ്ങളില്‍ നേരും നെറിയും പുലര്‍ത്താത്തവര്‍ നൈതികതയെപ്പറ്റി വാചാലരാകുന്ന ഇക്കാലത്ത് ഇതൊരപൂര്‍വതയായി. പ്രസ്ഥാനത്തിന്റെ ശ്രേണീതലങ്ങളില്‍ മണ്ണു പറ്റിയവരെ കെ.ടി ഗാഢമായി ചുറ്റിപ്പിടിച്ചു. അവരുടെ മലിന ദേഹങ്ങളില്‍ സമശീര്‍ഷ ഭാവത്തിന്റെ അമ്പറ് പൂശി. സിദ്ധാന്തങ്ങളെ ഒരിക്കലും വാക്കുകളുടെ ലാവണ്യം കൊണ്ട് ഗളഹസ്തം ചെയ്തില്ല. സ്നേഹം ഒരരുവിയുടെ ഔദാര്യം പോലെ അയാളില്‍ നിന്നൊഴുകി. സംഘര്‍ഷങ്ങള്‍ ഇരമ്പുന്ന ജീവിതസ്ഥലികളില്‍ സാന്ത്വനത്തിന്റെ സംസം പ്രവാഹമായി.
ഈ വിനയത്തിലും പക്ഷേ, പൂത്തുലഞ്ഞുനിന്ന ആത്മബോധത്തിന്റെ കൊടിപ്പടം സമ്പന്നതയുടെ ഒരഹങ്കാരത്തിനു മുന്നിലും താഴ്ത്തിക്കെട്ടിയില്ല. തനിക്കു വിനീത നിയന്ത്രണമുള്ള ഒരു തൊഴിലിടത്തിലും മുതലാളിത്തത്തിന്റെ അഹിത സ്വാധീനം കെ.ടി അനുവദിച്ചില്ല. ജ്ഞാനത്തിന്റെ സ്വത്വബോധത്തെ നാണയം കൊണ്ട് മയപ്പെടുത്താന്‍ ശ്രമിച്ച ഏതു ഘട്ടത്തിലും കെ.ടി പ്രതിരോധ ദുര്‍ഗം തീര്‍ത്തു. എളുപ്പത്തില്‍ തോല്‍പിക്കാന്‍ കഴിയുമെന്ന് തോന്നുന്ന ദുര്‍ബല ശരീരം പക്ഷേ, കാരിരുമ്പിന്റെ കരുത്തുകാട്ടിയ എത്രയെത്ര സന്ദര്‍ഭങ്ങള്‍. വിശ്വാസം വിധേയത്വത്തില്‍ നിന്നുകൂടിയുള്ള വിമോചനമാണെന്ന് കെ.ടിക്കറിയാം.
ഗഹനമായ പാരായണവും ഗാഢമായ ചിന്തയും പ്രസ്ഥാന നേതൃനിരയില്‍ കെ.ടിയെ വ്യത്യസ്തനാക്കി. ഗ്രന്ഥവരിയിലെ മൃതാക്ഷരങ്ങള്‍ അദ്ദേഹത്തെ തൃപ്തനാക്കിയില്ല. അക്ഷരങ്ങളുടെ സ്ഥൂലങ്ങള്‍ക്കപ്പുറം അര്‍ഥത്തിന്റെ സൂക്ഷ്മരന്ധ്രങ്ങള്‍ തേടി അദ്ദേഹത്തിന്റെ തൃഷ്ണ ഉഴറി നടന്നു. അതൊരു സ്വതന്ത്രവും സമഗ്രവുമായ അന്വേഷണ ലോകമാണ്. ആ ലോകം കെ.ടിക്കുള്ളതാണ്. വ്യവസ്ഥ സ്വയം നിര്‍ണയിച്ചു തരുന്ന ഒരു സ്വാതന്ത്യ്രമുണ്ട്. അത് മുറിച്ചു കടക്കുമ്പോഴാണ് സര്‍ഗാത്മകതയുടെ പാരിജാതം പൂക്കുന്നത്.
വിണ്ണിനെ മാത്രമല്ല, കെ.ടി മണ്ണിനെയും സ്നേഹിച്ചു. ഇവിടെയാണ് ആകാശം നോക്കികളായ സാമ്പ്രദായിക പണ്ഡിതന്മാരില്‍നിന്ന് കെ.ടി വളര്‍ന്നുനില്‍ക്കുന്നത്. ആത്മീയതയുടെ ആകാശത്തേക്ക് ഭൂമിയുടെ ഉര്‍വരതയെ ഉയര്‍ത്തിനിര്‍ത്തി. ഗ്രന്ഥക്കെട്ടുകള്‍ തീര്‍ക്കുന്ന ചിന്താക്ളാന്തിക്കിടയില്‍ മണ്ണിനെയും കാര്‍ഷിക താളപ്പെരുക്കങ്ങളെയും ആത്മഹര്‍ഷത്തോടെ കെ.ടി പുണര്‍ന്നുനിന്നു. നടപ്പുരീതിയുടെ ഉഴവുചാലുകള്‍ മണ്ണിട്ടു മൂടി. രാസവളങ്ങളും കളനാശിനികളും മണ്ണിന്റെ ഹരിത താരുണ്യത്തെ കശക്കിയെറിയുന്ന പുതുകാലത്ത് കാര്‍ഷിക സംസ്കൃതിയുടെ ബീജപരിശുദ്ധിക്ക് ഒരു ഏറനാടന്‍ ഫുക്കുവോക്കയെപ്പോലെ കെ.ടി കാവല്‍ നിന്നു. വിനീതമെങ്കിലും നിര്‍ഭയമായ ഒറ്റ വൈക്കോല്‍ പ്രതിരോധം. കാരണം കെ.ടിക്ക് ആകാശവും ഭൂമിയും ഒരേ ദര്‍ശന സുഭഗതയുടെ ഭാഗമാണ്. ഇസ്ലാം ഒരാകാശ പ്രമാണമല്ല, അത് ഭൂമിയില്‍ സ്ഥാപിച്ചു നടത്തേണ്ട ജീവിത ദര്‍ശനമാണ്. ഈ സമഗ്രതയെ പിളര്‍ത്തി തോല്‍പിക്കാന്‍ ഈത്തപ്പനക്ക് ഒട്ടുവെച്ച പഴയ പ്രമാണ വ്യാഖ്യാനങ്ങള്‍ പോരാ.
ചൈതന്യധന്യമായ മുക്കാല്‍ നൂറ്റാണ്ട്. പ്രസ്ഥാന ചരിത്രത്തിന്റെ വിദൂരതയിലേക്ക് പൂക്കൈതപോള വിടരുന്നതുപോലെ സൌമ്യമധുരമായി ഭൌതിക കാമനകളേതുമില്ലാതെ നിയോഗ സാക്ഷാത്കാരത്തിന്റെ സ്വഛതയില്‍ നടന്നുപോയ കെ.ടിക്ക് മറുലോകത്ത് എന്തു ഭയം?
[email protected]