Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ലേഖനം



പ്രസംഗ കലയില്‍
മധ്യമ നിലപാട്

 

# കെ.ടി ജലീല്‍ എം.എല്‍.എ

 
 



കെ.ടി അബ്ദുര്‍റഹീം സാഹിബുമായി വളരെ അടുത്ത പരിചയമുള്ള ഒരാളല്ല ഞാന്‍. എന്നാല്‍ മോശമല്ലാത്ത ബന്ധം ഉണ്ടായിരുന്നു താനും. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരിക്കെ കോട്ടപ്പടി ജുമാ മസ്ജിദില്‍ പല വെള്ളിയാഴ്ചകളിലും ഞാന്‍ ജുമുഅക്ക് പോകാറുണ്ട്. പ്രസ്തുത പള്ളിയിലേക്ക് തന്നെ ജുമുഅക്ക് പോകാന്‍ എന്നെ പ്രേരിപ്പിച്ചത് റഹീം സാഹിബിന്റെ അര്‍ഥഗര്‍ഭമായ ജുമുഅ പ്രഭാഷണങ്ങളാണ്. വികാര വിക്ഷുബ്ധനായി അദ്ദേഹത്തെ ഒരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ല. അടിമുടി ശാന്തനായിരുന്നു റഹീം സാഹിബ്. നടത്തത്തില്‍, പെരുമാറ്റത്തില്‍, ഭാവത്തില്‍, നോട്ടത്തില്‍, പ്രഭാഷണങ്ങളില്‍ എല്ലാം തികഞ്ഞ മിതത്വം. പലരെയും പോലെ വിഷയങ്ങളെ ഉപരിപ്ളവമായല്ല അദ്ദേഹം സമീപിച്ചിരുന്നത്.
ഇസ്ലാമിക പരിപ്രേക്ഷ്യത്തിലൂടെ ആധുനിക പ്രശ്നങ്ങളെ പണ്ഡിതോചിതമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജുമുഅ പ്രഭാഷണങ്ങള്‍ പുസ്തകമാക്കിയിരുന്നെങ്കില്‍ ഇസ്ലാമിക വിഷയങ്ങളിലെ ഒരു ആധികാരിക റഫറന്‍സായി അത് മാറുമായിരുന്നു. റഹീം സാഹിബിന്റെ ഒരു ഖുത്വ്ബ കേട്ട് മടങ്ങുമ്പോള്‍ നിരവധി പുസ്തകങ്ങള്‍ വായിച്ച അറിവാണ് അത് കേള്‍വിക്കാരന് നല്‍കുക. പ്രസംഗം കലയിലെ മധ്യമ നിലപാടിന് റഹീം സാഹിബിനോളം ഉദാഹരിക്കാന്‍ പറ്റിയ അപൂര്‍വം ആളുകളേ ഉണ്ടാകൂ.
ഇസ്ലാമിന് ശാന്തി എന്ന പ്രസക്തമായ ഒരു അര്‍ഥമുണ്ടല്ലോ. ശാന്തനായിരുന്നു റഹീം സാഹിബ്. അതുകൊണ്ടുതന്നെ ഒരു ഉത്തമ വിശ്വാസിയായിരുന്നെന്ന് നിസ്സംശയം പറയാം. ഏറ്റവും അവസാനം ഞങ്ങള്‍ കണ്ടുമുട്ടിയത് എന്റെ മണ്ഡലത്തിന്റെ ആസ്ഥാനമായ കുറ്റിപ്പുറത്ത് വെച്ച് നടന്ന ജമാഅത്തെ ഇസ്ലാമി കേരളാ വനിതാ സമ്മേളനത്തിന്റെ സമാരംഭം കുറിച്ചുകൊണ്ടുള്ള ഒരു പ്രചാരണ പരിപാടിയിലാണ്. ഞാനായിരുന്നു ആ ചടങ്ങിന്റെ ഉദ്ഘാടകന്‍. വേദിയില്‍ റഹീം സാഹിബും സന്നിഹിതനായിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം പ്രസംഗത്തില്‍ പതിവില്‍ കവിഞ്ഞ സൂക്ഷ്മത പുലര്‍ത്താന്‍ എന്നെ പ്രേരിപ്പിച്ചു. പലപ്പോഴും ഞാന്‍ ഉള്‍ഭയത്തോടെയാണ് ചില കാര്യങ്ങള്‍ പറഞ്ഞത്. കാരണം വൈജ്ഞാനിക രംഗത്ത് എന്നേക്കാള്‍ എത്രയോ കാതങ്ങള്‍ മുമ്പില്‍ സഞ്ചരിക്കുന്ന ഒരു പണ്ഡിതനാണല്ലോ ഒപ്പമുള്ളത്. പ്രസംഗ ശേഷം അദ്ദേഹം പുറത്ത് തട്ടി അഭിനന്ദിച്ചപ്പോഴാണ് ശ്വാസം നേരെ വീണത്. വാക്കുകളുടെ പ്രയോഗത്തില്‍, ഉദ്ദേശിച്ചതുപോലെ അര്‍ഥങ്ങള്‍ ധ്വനിപ്പിക്കുന്നതില്‍, വിഷയത്തിന്റെ ഗാംഭീര്യം പ്രകടിപ്പിക്കുന്നതിലൊക്കെയുള്ള റഹീം സാഹിബിന്റെ വൈഭവം ഒന്നു വേറെ തന്നെ. വലിയ ശബ്ദഘോഷങ്ങളില്ലാതെയാണ് അദ്ദേഹം നമുക്ക് മുന്നിലൂടെ കടന്നുപോയത്. അല്ലെങ്കിലും ചെകിടടപ്പിക്കുന്ന ശബ്ദങ്ങളൊന്നുമല്ലല്ലോ വിപ്ളവങ്ങള്‍ക്ക് ബീജാവാപം നല്‍കിയതും അവയെ ജ്വലിപ്പിച്ചതും അവസാനം അവയെ വിജയിപ്പിച്ചതും.
പയാനുള്ളത് പറഞ്ഞാണ് അദ്ദേഹം യാത്രയായതെന്നാണ് എനിക്ക് തോന്നുന്നത്. പുതിയ തലമുറക്ക് ഒരുപാട് പറയാന്‍ അദ്ദേഹം ബാക്കിവെച്ചിട്ടുണ്ട്. ഞാന്‍ എത്ര നിസ്സാരന്‍ എന്ന അദ്ദേഹത്തിന്റെ ഭാവമാണ് എനിക്ക് അദ്ദേഹത്തോട് വലിയ സ്നേഹം തോന്നിച്ചത്. എന്നെ പോലുള്ളവര്‍ക്ക് ഒരുപാടൊരുപാട് ചിന്തിക്കാനും ജീവിതത്തില്‍ പകര്‍ത്താനും ഉള്‍പ്രേരണ നല്‍കാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ജീവിത വെളിച്ചം. പടച്ചതമ്പുരാന്‍ അദ്ദേഹത്തെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly