എന്താ വന്നാലബുവാപ്പാ....
കെ.ടി നസീമ ഓമശ്ശേരി
കെ.ടി ഷാര്‍ജയിലായിരുന്ന കാലം. പോയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. നാട്ടിലേക്ക് വരുന്ന വിവരമൊന്നുമില്ല. ഒന്ന് കാണണമെന്ന് കുടുംബാംഗങ്ങളെല്ലാം കൊതിച്ച കാലം. വീടിന്റെ മുമ്പില്‍ ഒരു കാര്‍ വന്നുനിന്നു. ഞാനടക്കമുള്ള എല്ലാ കുട്ടികളും കളിസ്ഥലത്തുനിന്നും പേരക്ക മരത്തില്‍നിന്നും 'അബൂ ആപ്പ വന്നു...' എന്ന് ആര്‍ത്തു വിളിച്ച് റോഡിലേക്കോടി (അബൂ ആപ്പ എന്നാണ് ഞങ്ങള്‍ കെ.ടിയ വിളിച്ചിരുന്നത്).
അടുത്തെത്തിയപ്പോള്‍ ആള് മാറിപ്പോയിരിക്കുന്നു. കാറില്‍ നിന്നിറങ്ങിയത് ടി.കെ ഹുസൈന്‍ സാഹിബായിരുന്നു (അന്ന് ആളെ അറിയില്ല. അബു ആപ്പ അല്ല അത് എന്നു മാത്രമറിയാം). അതോടെ അബു ആപ്പാനെ കാണാനുള്ള ആഗ്രഹം വര്‍ധിച്ചു. കെ.ടിയുടെ സഹോദരന്‍ കെ.ടി അബ്ദുര്‍റഹ്മാന്‍ മൌലവി (ഇള്ള്യാപ്പ) ഒരു പാട്ടുണ്ടാക്കി.
കൊല്ലം മൂന്ന് കഴിഞ്ഞല്ലോ
എന്താ വന്നാലബുവാപ്പാ...
സ്വന്തക്കാരെ കാണാനായ്
എന്താ വന്നാലബു വാപ്പാ...
തുടങ്ങുന്ന വരികള്‍. ഞങ്ങള്‍ കുട്ടികള്‍ ഈ പാട്ട് ഉച്ചത്തില്‍ ഈണത്തില്‍ ചൊല്ലി. പക്ഷേ, പട്ടിക്കാട് നിന്ന് ഷാര്‍ജയിലേക്ക് എത്ര ഉച്ചത്തില്‍ ചൊല്ലിയാലും കേള്‍ക്കുകയില്ലല്ലോ. കെ.ടിയുടെ സഹോദരന്‍ കെ.ടി അബ്ദുല്‍ ഗഫൂര്‍ മാസ്റര്‍ (ഒന്നാപ്പ) ഒരു പരിഹാരം നിര്‍ദേശിച്ചു. ഈ പാട്ട് കാസറ്റില്‍ പിടിച്ച് ഷാര്‍ജയിലേക്ക് അയച്ചു കൊടുക്കാം. ഞങ്ങള്‍ക്ക് സമാധാനമായി.
മറ്റേമ്മ (വലിയുമ്മ)യുടെ കത്തെഴുത്തുകാരി ഞാനാണ്. കെ.ടി വീടുണ്ടാക്കിയിട്ടില്ല. കുടുംബം ഞാറയില്‍കോണത്തുമാണ്. മറ്റേമ്മ നിരന്തരം വീടുണ്ടാക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. "അബൂ... വീടുണ്ടാക്കണം. കുട്ടികളെ ഞാറയില്‍കോണത്തുനിന്ന് ഇങ്ങോട്ട് കൊണ്ടുവരണം.'' ഇത് ഇമ്പോസിഷനെഴുതുന്നതുപോലെ എല്ലാ കത്തിലും ഞാനെഴുതും. "വീട് അത് മതിയുമ്മാ... ആളുകള്‍ കൂടുതലാകുമ്പോള്‍ റൂമുകള്‍ ഉണ്ടാക്കാം...'' എന്നായിരുന്നു മറുപടി. അവസാനം ഗത്യന്തരമില്ലാതെ മറ്റേമ്മ ഒരു തറയിട്ടു (ഞങ്ങളുടെ വീട് നില്‍ക്കുന്ന അതേ തൊടിയില്‍. അബ്ദുപ്പു മൌലവി (എന്റെ പിതാവ്) ആദ്യം മരിച്ചതുകൊണ്ട് വലിയുപ്പയുടെ സ്വത്തിന്റെ ഏറ്റവും നല്ല സ്ഥലം ഇഷ്ടദാനമായി നല്‍കിയതായിരുന്നു ആ സ്ഥലം). കെ.ടിയുടെ സഹോദരന്‍ അബ്ദുല്‍ ഹമീദ് മാസ്ററോട് (കണ്ടാപ്പ) അവിടെ വീടുണ്ടാക്കാന്‍ വലിയുമ്മ ആവശ്യപ്പെട്ടു. പക്ഷേ, അദ്ദേഹം അത് കൂട്ടാക്കിയില്ല. വീണ്ടും അബു ആപ്പാക്ക് എഴുതി. "അബൂ... ഞാനിവിടെ തറയിട്ടിട്ടുണ്ട്. നീ അതില്‍ വീടുണ്ടാക്കണം.'' "ശരിയുമ്മാ.... ഞാന്‍ നാട്ടില്‍ വരട്ടെ'' എന്നായിരുന്നു മറുപടി.
അങ്ങനെ നാട്ടില്‍ വന്നു. വരുന്ന ദിവസം ഞങ്ങള്‍ നേരത്തെ ഇള്ള്യാപ്പ പഠിപ്പിച്ച പാട്ട് ഉറക്കെ ചൊല്ലി സ്വീകരിച്ചു. വെളുത്ത പല്ല് കാട്ടി ഉറക്കെ ചിരിച്ചു. നീണ്ട തലമുടി പിറകിലേക്ക് മാറ്റിക്കൊണ്ട് 'ഇത് ആരാ എഴുതിയത്' എന്നന്വേഷിച്ചു. ഇള്ള്യാപ്പയാണെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ 'അവന് വട്ടാണ്' എന്ന് പറഞ്ഞ് വീണ്ടും ഉറക്കെ ചിരിച്ചു.
എന്റെ അഞ്ചാം വയസ്സില്‍ ഉപ്പ മരിച്ചിരുന്നുവെങ്കിലും അനാഥത്വമെന്തന്നറിയാതെ എന്റെ ആപ്പമാര്‍ ഞങ്ങളെ വളര്‍ത്തി. മരണം ഞങ്ങളുടെ കുടുംബത്തെ വിടാതെ പിന്‍തുടര്‍ന്നപ്പോള്‍ എല്ലാ അനാഥമക്കളെയും സനാഥരാക്കിയ ഞങ്ങളുടെ അബു ആപ്പ... അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.
ഞങ്ങളുടെ സ്നേഹനിധി
നുസ്റത്ത് (കെ.ടിയുടെ മരുമകള്‍)
ജീവിതത്തിന്റെ കയ്പും മധുരവും ഒരുപോലെ അറിഞ്ഞ ഒരു മഹാവ്യക്തി. സമയം ഒട്ടും പാഴാക്കാതെ ഒന്നും ബാക്കി വെക്കാതെ ദിനം പ്രതി കാര്യങ്ങള്‍ അതിന്റെ മുറപോലെ നടത്തി പോന്ന വ്യക്തി. സ്നേഹത്തോടെയുള്ള സാമീപ്യം. കൊച്ചു കൊച്ചു ശാസനാ വാക്കുകള്‍. മനസ്സിനെ ഒട്ടും തന്നെ നോവിക്കാതെ, കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്. മനുഷ്യന്‍ കഴിഞ്ഞാല്‍, പക്ഷികളും മൃഗങ്ങളും മാത്രമല്ല, ഭൂമിയില്‍ മുളച്ച് പൊങ്ങുന്ന പുല്‍ചെടികള്‍ക്കു വരെ സ്നേഹം നല്‍കാന്‍ കഴിഞ്ഞിരുന്ന മനസിന്റെ ഉടമ. വേറിട്ട ചിന്താഗതി. മറ്റാരില്‍നിന്നും എന്തുകൊണ്ടും തികച്ചും വ്യത്യസ്തനായിരുന്ന ഞങ്ങളുടെ ഉപ്പ സ്വഭാവം, നടത്തം, വേഷവിധാനം, ചിന്താഗതി, പ്രവൃത്തി..... എല്ലാറ്റിലും വേറിട്ടു നില്‍ക്കുന്ന വ്യക്തിത്വം.
കാര്യങ്ങള്‍ തുറന്ന് പറയുമായിരുന്നു. ഖുര്‍ആനാണ് വഴികാട്ടി. ഇസ്ലാമാണ് ദീന്‍. ഖുര്‍ആന്‍ എന്ത് പറയുന്നുവോ അതാണ് ജീവിതം. അല്ലാഹു എന്തുകല്‍പിച്ചുവോ അതുപോലെ ജീവിതം ചിട്ടപ്പെടുത്തി ഞങ്ങള്‍ക്ക് മുന്നില്‍ നന്മയുടെ വഴി കാണിച്ചു തന്നിരുന്ന ഞങ്ങളുടെ ഉപ്പ, അല്ലാഹുവിന്റെ തീരുമാനത്തിന് കീഴടങ്ങി വിടപറഞ്ഞിരിക്കുന്നു. മനസിലെ സങ്കടം വാക്കുകളില്‍ പ്രകടിപ്പിക്കാനാവുന്നില്ല.
വീട്ടിലെ ഓരോ കാര്യങ്ങള്‍ക്കും ഉപ്പായുടെ ഇടപെടല്‍ ഉണ്ടായിരുന്നു. കുടുംബയോഗം കൂടുമ്പോള്‍ എന്തും ചോദിക്കാനും സംശയങ്ങള്‍ തീര്‍ത്ത് തരാനും ഉപ്പയുണ്ടായിരുന്നു, ഇതുവരെ. പക്ഷേ, അതെല്ലാം ഇന്ന് നഷ്ടമായിരിക്കുന്നു. അല്ലാഹുവിന്റെ തീരുമാനം വളരെ പെട്ടെന്നായിരുന്നു.
ഞാന്‍ നല്ലവനാണ്, ഞാന്‍ പണ്ഡിതനാണ്, എല്ലാവരും എന്നെ അംഗീകരിക്കണം, നാട്ടിലും പ്രസ്ഥാനത്തിലും ഒക്കെ എനിക്ക് വലിയ സ്ഥാനങ്ങള്‍ വേണം എന്നൊന്നും ഒരിക്കല്‍പോലും ചിന്തിച്ചിരുന്നില്ല ഉപ്പ. വാക്കില്‍ മാത്രമായിരുന്നില്ല പ്രവൃത്തിയിലും എളിമയും ലാളിത്യവും സ്നേഹസാന്ത്വനവും നിറഞ്ഞു നിന്നു.
വേണ്ടിവന്നാല്‍ വീട്ടിലെ എല്ലാ ജോലിയും ചെയ്യാന്‍ സന്നദ്ധനായിരുന്നു. 'അല്ലാഹു ഒരു ജോലി സ്ത്രീക്ക്, മറ്റൊരു ജോലി പുരുഷന് എന്ന് വേര്‍തിരിച്ചു പറഞ്ഞിട്ടില്ല. സ്ത്രീയും പുരുഷനും ഒരു പോലെയാണ്. പ്രസവം ഒഴികെ എല്ലാ ജോലികളും ആണിനും പെണ്ണിനും ചെയ്യാം' എന്ന് ഇടക്കിടെ പറയുമായിരുന്നു.
അല്ലാഹു ജീവിക്കാന്‍ അനുവദിച്ച അവധി തീരുമ്പോഴേക്കും തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉപ്പ ചെയ്തു തീര്‍ത്തിട്ടുണ്ട്.
നാട്ടുകാര്‍ക്കും പ്രസ്ഥാനത്തിനും കുടുംബങ്ങള്‍ക്കും മാത്രമല്ല ഉപ്പയുടെ വിയോഗം ഉണ്ടാക്കിയ നഷ്ടം, പക്ഷിമൃഗാദികള്‍ക്കും ചെടികള്‍, പൂക്കള്‍ മറ്റെല്ലാ ജീവജാലങ്ങള്‍ക്കും അതൊരു നഷ്ടം തന്നെയാണ്. വീട്ടിലെ പിഞ്ചു പൈതങ്ങള്‍ക്ക് ഉപ്പയുടെ യാത്ര വലിയ നഷ്ടം തന്നെ; തീര്‍ത്താല്‍ തീരാത്ത നഷ്ടം. എല്ലാവരുടെ മനസിനും അല്ലാഹു സമാധാനവും ആശ്വാസവും തരട്ടെ. ഉപ്പയോടൊപ്പം സ്വര്‍ഗത്തില്‍ ജീവിക്കാന്‍ അല്ലാഹു ഉതവിനല്‍കുമാറാകട്ടെ.
ചിട്ടപ്പെടുത്തിയ ദിനചര്യകള്‍
മൈമൂന (മകള്‍)
ഉപ്പയെക്കുറിച്ച് എങ്ങനെ എഴുതണം എന്ന് അറിഞ്ഞുകൂടാ. അത്രയും നല്ല ഒരു മനസ്സിനുടമയാണ് ഞങ്ങളുടെ ഉപ്പ. എല്ലാ ആളുകളെയും പാണനെന്നോ പാട്ടിയെന്നോ വേര്‍തിരിവില്ലാതെ ഒരുപോലെ അദ്ദേഹം സ്നേഹിച്ചു. ഉപ്പ എപ്പോഴും പറയുമായിരുന്നു, അനാഥകളെ കാണുന്നത് വലിയ വിഷമമാണെന്ന്. പക്ഷേ, ഉപ്പാക്ക് അനാഥ മക്കളെയാണ് കൂടുതല്‍ കാണേണ്ടി വന്നത്. ഉപ്പാന്റെ അനിയനും ജ്യേഷ്ഠന്മാരും നേരത്തെ മരിച്ചിരുന്നു.
ഉപ്പ ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ കുറച്ച് ഭക്ഷണം പൂച്ചകള്‍ക്കായി മാറ്റിവെച്ചിട്ടുണ്ടാവും. അങ്ങനെ ഒരുപാട് പൂച്ചകള്‍ വീട്ടിലുണ്ട്. കര്‍ശനമായ ചിട്ടയുള്ള ജീവിതമായിരുന്നു ഉപ്പയുടേത്. രാവിലെ നാല് മണിക്ക് എഴുന്നേല്‍ക്കും. കുറെ വായിക്കും. ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകും. വസ്ത്രം ഉപ്പ തന്നെ അലക്കും. ഇപ്പോള്‍ ഞങ്ങള്‍ക്ക് തോന്നുന്നു, കുറച്ച് സമയം കൂടി ഉപ്പാന്റെ അടുത്ത് ഇരിക്കാമായിരുന്നു, കുറെ സംസാരിക്കാമായിരുന്നു, കുറെ പഠിക്കാമായിരുന്നു എന്നൊക്കെ.
വിശ്രമമറിയാത്ത ജീവിതം
റഷീദ (കെ.ടിയുടെ ഭാര്യ)
വിശ്രമം എന്തെന്നറിയാതെ പ്രസ്ഥാനത്തിനും കുടുംബത്തിനും നാട്ടുകാര്‍ക്കും വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തി. അദ്ദേഹം ജാതിമത ഭേദമന്യേ എല്ലാവരെയും ഒരുപോലെ സ്നേഹിച്ചു. തിരക്കേറിയ ജീവിതത്തിനിടയില്‍ അസുഖം വന്നാല്‍, ഒരു പൊതി മരുന്നിലൊതുക്കി ഞാന്‍ എന്നും പൂര്‍ണ ആരോഗ്യവാനാണെന്ന് കാണിച്ച് വീണ്ടും എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അത് ചെയ്ത് തീര്‍ക്കാന്‍ വേണ്ടി നെട്ടോട്ടം. 'ഒന്നു വിശ്രമിച്ചു കൂടേ' എന്ന് ഞാന്‍ ചോദിച്ചാല്‍ 'വിശ്രമം ഖബറിലല്ലേ' എന്നൊരു മറുചോദ്യവും. എന്റെ ഉമ്മയുടെയും ഉപ്പയുടെയും മറ്റു കുടുംബാംഗങ്ങളുടെയും വേര്‍പാടിലും അദ്ദേഹം എനിക്ക് താങ്ങും തണലുമായി നിന്നു. എന്റെ ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധിച്ചിരുന്നു.
1968 നവംബര്‍ 8 റമദാനിലെ ഒരു വെള്ളിയാഴ്ചയായിരുന്നു ഞങ്ങളുടെ വിവാഹം. ഞാന്‍ കെ.ടിയുടെ ജീവിതത്തില്‍ വന്നതിന് ശേഷവും പ്രസ്ഥാന പ്രവര്‍ത്തനത്തിന് പല സ്ഥലങ്ങളില്‍ പോകേണ്ടി വന്നിട്ടും എന്റെയും കുട്ടികളുടെയും കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയിരുന്നു. ഓരോ ദിവസം കഴിയും തോറും മനസ്സില്‍ ദുഃഖം കൂടി കൂടി വരികയാണ്. ഞാനും അദ്ദേഹത്തിന്റെ അടുത്ത് എത്തുവോളം വേദനകള്‍ അല്ലാഹുവിനോട് പറയുന്നു.
എന്റെ കുടുംബ സുഹൃത്ത്
പ്രഫ. പി.എ സഈദ്
ദക്ഷിണ മേഖലാ നാസിമായിരിക്കെ, സന്ദര്‍ശനാര്‍ഥം കൊല്ലത്ത് വരുമ്പോഴാണ് കെ.ടിയുമായി പരിചയപ്പെടുന്നത്. ഈ പരിചയം അഭേദ്യമായ സാഹോദര്യബന്ധമായി വളര്‍ന്നുകൊണ്ടിരുന്നു. പിന്നീട് ഞാറയില്‍കോണത്തിന് സമീപമുള്ള തങ്കക്കല്ലില്‍ ഞാന്‍ താമസമാക്കിയപ്പോള്‍ പലപ്പോഴും ഞാറയില്‍കോണം സന്ദര്‍ശിക്കുകയും അവിടെ ക്ളാസുകള്‍ നടത്തുകയും ചെയ്തിരുന്നു. അതിനിടയില്‍ കെ.ടി ഗള്‍ഫിലേക്കു പോയി. കെ.ടിയുടെ കുടുംബം അന്നു ഞാറയില്‍കോണത്തായിരുന്നു. അവധിയില്‍ നാട്ടില്‍ വന്നപ്പോള്‍ ഞാറയില്‍കോണത്തു വെച്ചു വീണ്ടും കെ.ടിയെ കണ്ടു. നേരത്തെയുണ്ടായിരുന്ന സാഹോദര്യബന്ധം തളിര്‍ത്തു. അതിന്റെ ഫലമായി കെ.ടിയുടെ കുടുംബത്തോടൊപ്പം എന്റെ കുടുംബത്തെ കൊണ്ടു വന്നു താമസിപ്പിക്കണമെന്നു ആവശ്യപ്പെട്ടപ്പോള്‍ എനിക്കത് നിരസിക്കാനായില്ല. അങ്ങനെ ഞങ്ങളുടെ കുടുംബങ്ങള്‍ ഒന്നായി. ഒരുമിച്ചു താമസിച്ചു. ഗള്‍ഫില്‍നിന്ന് കത്തുകളും വീട്ടാവശ്യത്തിനുള്ള പണവും എന്റെ പേരില്‍ അയച്ചുകൊണ്ടിരുന്നു. ഞാറയില്‍കോണത്ത് സ്വന്തമായി വസ്തുവും വീടുമുണ്ടാകുന്നതുവരെ ഞങ്ങള്‍ ഒരുമിച്ചു തന്നെ സ്നേഹത്തോടും സന്തോഷത്തോടും കൂടി കഴിഞ്ഞു. സ്വദേശമായ പട്ടിക്കാട് സ്ഥിരതാമസം ആരംഭിക്കുന്നതുവരെ ഈ അവസ്ഥ തുടര്‍ന്നു.
പ്രാസ്ഥാനികമായ ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ വരുമ്പോഴൊക്കെ തമ്മില്‍ കാണുകയും ബന്ധങ്ങള്‍ പുതുക്കുകയും ചെയ്തുകൊണ്ടിരുന്നു. പ്രാസ്ഥാനികമായ മാര്‍ഗദര്‍ശനങ്ങള്‍ക്കു പുറമെ വ്യക്തിപരമായ പ്രശ്നങ്ങളിലും യഥാസമയം പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. മുസ്ലിം സമുദായത്തിന്റെ സംസ്കരണം ഉദ്ദേശിച്ചുകൊണ്ട് നിരവധി പ്രദേശങ്ങളില്‍ ജുമുഅ ഖുത്വ്ബ നിര്‍വഹിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയിരുന്നു. നിലക്കാമുക്ക്, വക്കം, ഓടയം, മുരുക്കുംപുഴ, ഞാറയില്‍കോണം തുടങ്ങിയ മഹല്ലുകളില്‍ പ്രസ്ഥാനത്തിന്റെ സ്വാധീനം വര്‍ധിക്കാന്‍ ഇത്തരം ഖുത്വ്ബകള്‍ വളരെയധികം പ്രയോജനപ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം സഹോദര സമുദായത്തില്‍ പെട്ട ധാരാളം സുഹൃത്തുക്കള്‍ കെ.ടിക്കുണ്ടായിരുന്നു. ഞാറയില്‍കോണം സ്വദേശിയായ തങ്കപ്പന്‍പിള്ള അവരിലൊരാള്‍ മാത്രം. അദ്ദേഹം ഖുര്‍ആനിലെ പല സൂറത്തുകളും കെ.ടിയില്‍നിന്ന് കാണാതെ പഠിച്ചിരുന്നു.
പകരം വെക്കാന്‍ ആരുണ്ട്?
ഇ.കെ അബ്ദുല്‍ ഖാദിര്‍
മര്‍ഹൂം കെ.ടി അബ്ദുര്‍റഹീം സാഹിബിന്റെ ജീവിത രീതി ഏറെ ലാളിത്യപൂര്‍ണമായിരുന്നു. സാധാരണക്കാരോടാണ് അദ്ദേഹം കൂടുതല്‍ ബന്ധം പുലര്‍ത്തിയിരുന്നത്. ധനാഢ്യരുമായുള്ള അടുപ്പം കുറവായിരുന്നു. ധൂര്‍ത്തും സ്ത്രീധനവുമൊക്കെയുള്ള കല്യാണങ്ങളില്‍ പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ പെരുമാറ്റവും വിനയവും ഏവരെയും ആകര്‍ഷിക്കുന്ന ഒന്നായിരുന്നു. ജാടകളില്ലാത്ത വ്യക്തിത്വത്തിനുടമ. അതിനാല്‍ അദ്ദേഹവുമായി ഒരിക്കല്‍ ഇടപെടുന്നവര്‍ ഒരിക്കലും മറക്കാറില്ല. ഞങ്ങളുടെ അധ്യാപകനും മാതൃകാ പുരുഷനുമായിരുന്നു. വ്യക്തിയെന്ന നിലയില്‍ നിസ്സംശയം ഇസ്ലാമിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം. ഇസ്ലാമിനെ സംബന്ധിച്ച് ചോദിച്ചാല്‍ അദ്ദേഹത്തെ ചൂണ്ടിക്കാണിക്കാമായിരുന്നു. എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട് കെ.ടി.
അദ്ദേഹത്തിന്റെ മാസ്റര്‍ പീസ് 'ഖുത്വ്ബകള്‍' തന്നെ. ലളിത ഭാഷയിലുള്ള അവതരണം ഏവരെയും ആകര്‍ഷിച്ചു. ഖുര്‍ആനെ ആധാരമാക്കിയുള്ള ചിന്തകളാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. അതിനാല്‍ തന്നെ ഓരോ വിഷയത്തെയും വൈവിധ്യമാര്‍ന്ന രീതികളിലൂടെ സമീപിക്കാന്‍ അദ്ദേഹത്തിനായി. എറണാകുളത്തുനിന്ന് മാത്രമല്ല ദൂര ദേശങ്ങളില്‍നിന്നും അദ്ദേഹത്തിന്റെ ഖുത്വ്ബ കേള്‍ക്കാന്‍ ആളുകള്‍ വരുമായിരുന്നു. അന്ധമായ കക്ഷിത്വ നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നില്ല. ശാന്തശീലനായിരുന്നു. അദ്ദേഹത്തെ പൂര്‍ണമായും ആദരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഞങ്ങളുടെ പല പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചതായി തോന്നിയിട്ടുണ്ട് അദ്ദേഹത്തിന് പകരം വെക്കാന്‍ ഒരാളെ ഇനി മുസ്ലിം സമുദായത്തിന് ലഭിക്കില്ല. തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.
ആരെയുംനിര്‍ബന്ധിക്കാതെ....
സുമൈറ ഫൈസല്‍(കെ.ടിയുടെ മരുമകള്‍)
എല്ലാ അര്‍ഥത്തിലും സന്തോഷമുള്ള ഒരു ജീവിതമാണ് ഉപ്പ ഞങ്ങള്‍ക്ക് തന്നത്. ഒരു കാര്യത്തിനും നിര്‍ബന്ധിക്കില്ല. കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി തരും. ഖുര്‍ആന്‍ ഓതി അര്‍ഥവും വിശദീകരണവും പറഞ്ഞ് തരും. കുടുംബ ബന്ധങ്ങളെക്കുറിച്ചും നബിചര്യയെക്കുറിച്ചും പറയും. പിന്നീട് വീട്ടുകാര്യങ്ങള്‍ ചര്‍ച്ചചെയ്യും. എല്ലാം തുറന്ന് പറയാവുന്നതാണ്; ഭാര്യക്ക് ഭര്‍ത്താവിനെ കുറിച്ചും ഭര്‍ത്താവിന് ഭാര്യയെക്കുറിച്ചും. എന്തുണ്ടെങ്കിലും പറയാം. എല്ലാം ഉപ്പ തിരുത്തി തരും.
ഉമ്മയുടെ കാര്യത്തില്‍ വളരെ ശ്രദ്ധയാണ്. ഉമ്മ തിരുവനന്തപുരത്തെ ഞാറയില്‍കോണം സ്വദേശിയാണ്. എവിടെ പോയാലും ഉമ്മയുടെ കാര്യങ്ങള്‍ വിളിച്ച് അന്വേഷിക്കും. അവിടെനിന്ന് പോരുമ്പോള്‍ വരികയാണെന്ന് ഉമ്മയെ വിളിച്ച് പറയും. വരുമ്പോള്‍ ഉമ്മക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ കൊണ്ടുവരും.
ഖുത്വ്ബയുടെ വശ്യത
അഡ്വ. പുളിക്കല്‍ അബൂബക്കര്‍
കെ.ടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മവരിക എറണാകുളം മദീന മസ്ജിദിലെ വെള്ളിയാഴ്ച ഖുത്വ്ബകളാണ്. പള്ളിയില്‍ താമസിച്ചെത്തുന്നവര്‍ക്ക് താഴെത്തെ നിലയില്‍ ഇരിക്കാന്‍ സ്ഥലം കിട്ടുകയില്ല. സമീപ പ്രദേശങ്ങളില്‍നിന്നു പോലും ആളുകള്‍ പള്ളിയില്‍ എത്തും. എടവനക്കാട്, മുളവുകാട്, ആലുവ, പെരുമ്പാവൂര്‍, പോഞ്ഞാശ്ശേരി എന്നിവടങ്ങളില്‍ നിന്ന് ഖുത്വ്ബ കേള്‍ക്കാന്‍ എത്തിയ പലരെയും പള്ളിയില്‍ വെച്ച് പരിചയപ്പെട്ടിട്ടുണ്ട്.
എന്റെ ഭാര്യാ മാതാവ് കെ.ടിയുടെ ഖുത്വ്ബകള്‍ ഒന്നൊഴിയാതെ കേള്‍ക്കാന്‍ നിഷ്കര്‍ഷത പുലര്‍ത്തിയിരുന്നു. പോകാന്‍ കാറില്ലാത്ത സന്ദര്‍ഭങ്ങളില്‍ ബസിലോ ഓട്ടോ പിടിച്ചോ നടന്നോ ഉമ്മ പള്ളിയില്‍ എത്തിയിരിക്കും. മഴ കാരണം എറണാകുളത്ത് വെള്ളക്കെട്ട് ഉണ്ടായതിനാല്‍ ഒരു വെള്ളിയാഴ്ച ഒരു വാഹനവും ഓടിയിരുന്നില്ല. അതൊന്നും വകവെക്കാതെ വെള്ളം താണ്ടി നടന്നു അവര്‍ പള്ളിയില്‍ എത്തിയത് ഞാന്‍ ഓര്‍ക്കുന്നു.
ക.ടി എന്ന രണ്ടക്ഷരം
അഫ്സല്‍ ത്വയ്യിബ്
ദ്വയാക്ഷരങ്ങളില്‍ സ്വയം ഒതുങ്ങിനിന്ന മഹാശയനെ അക്ഷരങ്ങളിലെഴുതുക എങ്ങനെയാണെന്നറിയില്ല. പാണ്ഡിത്യത്തിന്റെ പാരമ്പര്യധാരണകളെയും പ്രചാരണ സങ്കേതങ്ങളെയും പരിത്യജിച്ച് പരിവ്രാജകനെപോലെ, കെ.ടി എന്ന ചുരുക്കപ്പേരില്‍ നിലകൊണ്ട്, കേരളീയ ഇസ്ലാമിക സമൂഹത്തിലെ സംഘബോധ വൈവിധ്യങ്ങള്‍ക്ക് അദ്ദേഹം ജ്ഞാനധന്യമായ ദിശ നല്‍കി. വേദവരികളെ ഇന്നിന്റെ യാഥാര്‍ഥ്യങ്ങളില്‍നിന്ന് മനനം ചെയ്ത് ധൈഷണിക നേതൃമണ്ഡലങ്ങളെ ജ്വലിപ്പിക്കുന്ന ചിന്തയുടെ ചാലകനായി അദ്ദേഹം ജീവിച്ചു.
ലോകത്തിലെ ഏറ്റവും പ്രയാസമേറിയ കലയാണല്ലോ, മുന്‍വിധികളില്ലാതെ മനുഷ്യരെ പഠിക്കുക എന്നത്. ജീവിതാനുഭവങ്ങളിലൂടെ നേടിയ പ്രായോഗിക പ്രാവീണ്യം ഉപയോഗിച്ച്, തന്റെ ചുറ്റും കൂടിയവരുടെ പ്രായഭേദങ്ങളെ അതിജയിച്ച്, അവരുടെ ജീവിത ശൈലികളെയും സ്വഭാവങ്ങളെയും സംസ്കരിക്കുന്നതില്‍ ശ്രദ്ധിച്ച് അദ്ദേഹം നേടിയ വിജയം അനുകരണീയമാണ്. അറിവിന്റെ വേദികളില്‍ പണ്ഡിതപാമര വ്യത്യാസങ്ങളെ മറികടന്ന് യുക്തി ഭദ്രതയോടെ വിദ്യയുടെ പ്രസാരണം നിര്‍വഹിച്ചു. കെ.ടി സാമ്പത്തിക അസമത്വങ്ങളെ വിപ്ളവബോധത്തോടെ തട്ടിമാറ്റി പൊതുവേദികളില്‍ പ്രവര്‍ത്തിച്ചു. ഈശ്വരീയ ദര്‍ശനങ്ങളുടെ പേരില്‍ ഉയര്‍ത്തിയ അതിരുകളെ പ്രബോധകന്‍ എന്ന നിലയില്‍ ഖുര്‍ആന്‍ കൊണ്ടു വകഞ്ഞുമാറ്റി, ജീവിതത്തെ മാനവികതയുടെ തുറന്ന മൈതാനമാക്കി ആ രണ്ടക്ഷരം നമ്മെ കടന്നുപോയി.
മറവിയുടെ മണിയറയില്‍നിന്ന് ഓര്‍മയുടെ കളിയരങ്ങിലേക്ക് കെ.ടിയുടെ ജീവിത രംഗങ്ങള്‍ കടന്ന് വരുന്നു. അതില്‍നിന്ന് ചിലത് മാത്രം ഇവിടെ പകര്‍ത്താം. കൂടിയാലോചനയുടെ ആധികാരിക വേദിയാണ് രംഗഭൂമി. പുതിയ തലമുറയുടെ വിപ്ളവത്തിന്റെ യൌവന കൂട്ടുകള്‍ കൂടി കൈയൊപ്പ് പതിപ്പിക്കുന്ന യോഗം. മുതിര്‍ന്ന തലമുറയിലെ ഒരു പണ്ഡിതന്‍ ഖുര്‍ആന്‍ ദര്‍സ് എടുത്തു. അദ്ദേഹത്തിന്റെ ദര്‍സ് കെ.ടി പണ്ഡിതോചിതമായും അല്‍പം വിമര്‍ശനാത്മകമായും നിരൂപണം ചെയ്തു. ഈ സംഭവം സാന്ദര്‍ഭികമായി കെ.ടി ഇളം തലമുറക്കാരനായ തന്റെ യുവ സുഹൃത്തിനോട് പറഞ്ഞു. വേദിയും ഗുരുമുഖവും ഏതായാലും പറഞ്ഞത് നിരൂപണം ചെയ്ത് വിലയിരുത്തണമെന്ന് കുട്ടികളെ പഠിപ്പിക്കുകയായിരുന്നു കെ.ടി. ശാന്തപുരത്ത് നടന്ന, എട്ട് ദിവസം നീണ്ടുനിന്ന പഠന ക്യാമ്പാണ് മറ്റൊരു രംഗം. എസ്.ഐ.ഒ മുന്‍ സംസ്ഥാന സാരഥി ആര്‍. യൂസുഫ് സാഹിബാണ് വിഷയാവതാരകന്‍. അടിസ്ഥാന തെളിവുകളും സമര്‍ഥന പാടവവും ഒത്തുചേര്‍ന്ന അവതരണം. കെ.ടിയുടെ ഒരു യുവ സുഹൃത്ത് ആര്‍. യൂസുഫിന്റെ അവതരണത്തെ നിരൂപണം ചെയ്തപ്പോള്‍ കാളിദാസനെക്കുറിച്ച് ചങ്ങമ്പുഴ എഴുതിയ കവിതയിലെ
'വിസ്മയമാകവേ, വിശ്വമഹാകവേ
വിഖ്യാതി കൊണ്ട് ജയക്കൊടി നാട്ടിനീ''
എന്ന വരികളുദ്ധരിച്ച് അഭിനന്ദിച്ചു. കെ.ടി തന്റെ സുഹൃത്തിനെയും സദസ്സിനെയും സാക്ഷിയാക്കി ഉടന്‍തന്നെ മുഖസ്തുതി പറയുന്നവന്റെ മുഖത്ത് മണ്ണ് വാരിയിടുക എന്ന ഹദീസ് ഓര്‍മപ്പെടുത്തി. അഭിനന്ദിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ യുവ സുഹൃത്തിനെ പഠിപ്പിച്ചു.
തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ സ്റാന്റിനടുത്തുള്ള അല്‍ഹിറാ മസ്ജിദ് മുന്‍പ് അല്‍ഉമ്മ മസ്ജിദായിരുന്ന കാലം. പ്രവര്‍ത്തനങ്ങളുടെയും മസ്ജിദിന്റെയും ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചു കൊണ്ട് സ്യൂട്ട്കെയ്സ് നിറച്ച് പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന ഒരു റഷീദുണ്ടായിരുന്നു. റഷീദില്‍നിന്ന് കേട്ട ചിലത്:
തൃശൂര്‍ ജില്ലയിലെ മാളയില്‍ ഐ.എസ്.ടി പള്ളി ഉയരുന്നതിന് മുമ്പ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരെയും നേതാക്കളെയും പിഴച്ചവരും പുത്തന്‍ പ്രസ്ഥാനക്കാരുമായി ചിത്രീകരിക്കുന്ന കാലം. കെ.ടി നമസ്കരിക്കാനായി അവിടുത്തെ ടൌണ്‍ പള്ളിയിലെത്തി. തനിക്ക് മുമ്പേ നമസ്കരിച്ച് കൊണ്ടിരുന്ന ഒരാളെ പിന്തുടര്‍ന്ന് നമസ്കരിച്ചു. അദ്ദേഹം സലാം വീട്ടി തിരിഞ്ഞ് നോക്കിയപ്പോള്‍ തന്നെ പിന്തുടര്‍ന്നത് പിഴച്ചവരുടെ നേതാവായ കെ.ടി. ഉടനെ അദ്ദേഹം ആ നമസ്കാരം മടക്കി നമസ്കരിച്ചു. ഇസ്ലാമിക പ്രസ്ഥാനത്തിലേക്ക് കടന്ന് വന്നപ്പോള്‍, ഉസ്താദായിരുന്ന തന്റെ പിതാവിന്റെ ശിഷ്യന്മാരായ സഹപാഠികളോട് സംവദിച്ച് ശീലിച്ച കെ.ടിക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് മാളയില്‍ നിന്നുണ്ടായത്.
1940കളില്‍ ആലപ്പുഴയില്‍ ഇസ്ലാമിക സമൂഹത്തിന് നേതൃത്വം കൊടുത്ത മഹത്തുക്കളില്‍ രണ്ട് മലബാര്‍ സുഹൃത്തുക്കളുണ്ടായിരുന്നു. മഞ്ചേശ്വരത്തിനടുത്ത് ഉദ്ദാപുരം സ്വദേശിയായ ഉദ്ദാറത്ത് പൂക്കോയ തങ്ങളും ഇന്നത്തെ മലപ്പുറം ജില്ലയിലെ പട്ടിക്കാട് സ്വദേശിയായ ഹാജി ഉസ്താദും മസ്താന്‍ പള്ളിയിലും പുളിമൂട്ട് തൈക്യാവിലും ദര്‍സ് നടത്തിയിരുന്നു. ഹാജി ഉസ്താദിന്റെ കീഴില്‍ ഒരു കിതാബെങ്കിലും ഓതാത്ത ഉസ്താദുമാര്‍ ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമില്ലായിരുന്നു. പിതാവായ ഹാജി ഉസ്താദിന്റെ ജ്ഞാന പാരമ്പര്യം കൈവിടാതെ കെ.ടി ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഇടയന്മാരിലൊരാളായി ജീവിച്ചു. കെ.ടിക്ക് ശേഷം ആര് എന്നതിന്റെ ഉത്തരം പടച്ചതമ്പുരാന്‍ വരും കാലത്തിന്റെ കൈവഴിയില്‍ ഒളിപ്പിച്ചിരിക്കുന്നു.
മാസ്മരിക വ്യക്തിത്വം
കെ.പി യൂസുഫ്, ഐ.എം.ഇ(റിട്ട.) ഈരാറ്റുപേട്ട
1972 ജൂണ്‍ 29-നാണ് ഞാന്‍ ആദ്യമായി പട്ടിക്കാട്ടെ 'കാരാട്ടുതൊടി'യിലേക്ക് പോയത്. കെ.ടിയുടെ സഹോദരന്‍ കെ.ടി അബ്ദുല്‍ഹമീദ്, കാഞ്ഞിരപ്പള്ളി നൂറുല്‍ഹുദാ അറബിക് കോളേജിലെ എന്റെ അധ്യാപകനും പ്രസ്ഥാനവുമായി എന്നെ ബന്ധപ്പെടുത്തിയവരില്‍ ഒരാളുമാണ്. 1969 മാര്‍ച്ചില്‍ മലപ്പുറത്ത് നടന്ന സംസ്ഥാന സമ്മേളന പ്രചാരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ നടന്ന പൊതുയോഗങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ പ്രസംഗകനായിരുന്നു കെ.ടി അബ്ദുല്‍ ഹമീദ്. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് ഞാന്‍ പോയത്. കെ.ടി കുടുംബവുമായി മറ്റൊരു ആത്മബന്ധം നേരത്തെ ഉണ്ടായിരുന്നു. എന്റെ പിതാവ്, മദ്രാസ് ജമാലിയാ കോളേജിലേക്ക് ഉപരിപഠനത്തിന് പോകുന്നതിന് മുമ്പ് എട്ട് വര്‍ഷക്കാലം ആലപ്പുഴയില്‍ കെ.ടിയുടെ പിതാവിന്റെ ശിഷ്യനായിരുന്നുവെന്നതാണ് അത്.
ഞാന്‍ കാരാട്ടുതൊടിയിലെത്തിയത് നാല് മണി സമയത്താണ്. അവിടെ അപ്പോള്‍ പുരുഷന്മാര്‍ ആരുമുണ്ടായിരുന്നില്ല. കെ.ടിയുടെ മാതാവുമൊത്ത് ദീര്‍ഘസമയം സംസാരിച്ചിരുന്നു. രണ്ടുമണിക്കൂര്‍ നീണ്ട സംഭാഷണത്തില്‍നിന്നും കുടുംബത്തെക്കുറിച്ച വ്യക്തമായ ചിത്രം അവര്‍ വരച്ചുതന്നു. നേരത്തെ ആ ഉമ്മ സ്ത്രീകളെ 'ഫത്ഹുല്‍ മുഈനും' 'അല്‍ഫിയ'യും വരെ പഠിപ്പിച്ചിരുന്നു. മഗ്രിബിന് മുമ്പായി നാല് വ്യക്തികള്‍ അഴുക്കുപുരണ്ട വേഷത്തില്‍ നനഞ്ഞൊലിച്ച് അവിടെ വന്നു. അതില്‍ മൂന്നു പേരും എന്റെ പരിചിതര്‍. അവര്‍ കെ.ടി അബ്ദുല്‍ ഹമീദ്, ഇളയ സഹോദരനും നൂറുല്‍ ഹുദായിലെ എന്റെ സമകാലികനുമായിരുന്ന കെ.ടി അബ്ദുല്‍ഗഫൂര്‍, മൂന്നാമന്‍ അവരുടെ അതിഥിയായി നേരത്തെ അവിടെയെത്തിയ നൂറുല്‍ ഹുദായിലെ എന്റെ അധ്യാപകന്‍ കൂടിയായ കുണ്ടറ അഹ്മദ് കുഞ്ഞ്. അപരിചിതന്‍ മര്‍ഹൂം കെ.ടി അബ്ദുര്‍റഹീം. നാലു പേരും ശാന്തപുരം ഇസ്ലാമിയാ കോളേജിന് വേണ്ടി റോഡിലിറക്കിയിട്ട കമ്പി മറ്റ് പ്രവര്‍ത്തകരോടൊപ്പം ചുമന്നെത്തിച്ചതിന് ശേഷമുള്ള വരവായിരുന്നു. മഗ്രിബിന് ശേഷമാണ് കെ.ടി അബ്ദുര്‍ഹീം സാഹിബുമായി പരിചയം സ്ഥാപിച്ചത്. ഏതാണ്ട് നാല് പതിറ്റാണ്ട് നീണ്ട സൌഹൃദത്തിനിടയില്‍ പത്ത് വര്‍ഷത്തോളം അടുത്തിടപഴകാനും കഴിഞ്ഞു.
ഞാന്‍ എറണാകുളം ഇസ്ലാമിക് സെന്ററില്‍ ഒരു അന്തേവാസിയായിരുന്ന കാലത്താണ് കെ.ടി, സെന്ററിന്റെ ഡയറക്ടറായി ചാര്‍ജെടുത്തത്. അന്നുമുതല്‍ സൌഹൃദത്തിന്റെ മാറ്റുയര്‍ന്നു. സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.ടിയുടേതായ കുറെ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നെങ്കിലും അവിടത്തെ ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം അവയെല്ലാം പ്രായോഗികമാക്കാന്‍ സാധിച്ചില്ല. സെന്ററിന്റെ സുവര്‍ണകാലം എന്ന് അക്കാലത്തെ വിശേഷിപ്പിക്കാവുന്നതാണ്. എറണാകുളത്തെ ബഹുഭൂരിപക്ഷം മുസ്ലിം വ്യവസായികളും വ്യാപാരികളും കെ.ടിയുടെ ക്ളാസുകളില്‍ മുടങ്ങാതെ പങ്കെടുത്തിരുന്നു. ക്ളാസുകള്‍ ഏത് വിഷയത്തെക്കുറിച്ചായാലും മനസ്സിനെ സ്വാധീനിക്കാനുള്ള കെ.ടിയുടെ കഴിവ് ഒന്ന് വേറെ തന്നെയായിരുന്നു. എറണാകുളത്ത് ആദ്യമായി മദീന മസ്ജിദ് കേന്ദ്രീകരിച്ച് സംഘടിത സകാത്ത് സംഭരണത്തിന് തുടക്കം കുറിച്ചത് കെ.ടിയാണ്. അതിനെ അനുകരിച്ചാണ് പിന്നീട് മറ്റ് പള്ളികളിലും സകാത്ത് സംഭരണം തുടങ്ങിയത്.
ശരീഅത്ത് വിവാദകാലത്ത് തെക്കന്‍ ജില്ലക്കാരെ ഇസ്ലാമിക ശരീഅത്ത് പഠിപ്പിച്ചത് കെ.ടി തന്നെയാണ്. അക്കാലത്ത് കെ.ടിക്ക് പകരം മറ്റൊരു പ്രഭാഷകന്‍ തെക്കന്‍ മേഖലയിലുണ്ടായിരുന്നില്ല. സംഘടനാ പക്ഷപാതിത്തം ശരീഅത്ത് വിവാദക്കാലത്ത് ഉണ്ടായിരുന്നില്ല. എല്ലാവര്‍ക്കും അന്ന് കെ.ടി ഒരു അത്താണിയായിരുന്നു.
എറണാകുളത്തെ മാര്‍ അത്തനേഷ്യസ് ഹൈസ്കൂളില്‍ കെ.ടിയുടെ ഒരു ശരീഅത്ത് പഠനക്ളാസ് സംഘടിപ്പിച്ചു. അനൌണ്‍സ്മെന്റ് മാത്രമായിരുന്നു പ്രചാരണം. പരിപാടി തുടങ്ങുന്നതിന് മുമ്പ്തന്നെ കമ്യൂണിസ്റ് പ്രവര്‍ത്തകരാല്‍ ഹാള്‍ നിറഞ്ഞു. പ്രദേശത്തെ അറിയപ്പെടുന്ന നേതാക്കളെല്ലാം ഹാളിലുണ്ട്. സംവാദം ഉദ്ദേശിച്ച് തന്നെയാണ് അവര്‍ വന്നത്. കെ.ടിയുടെ വിഷയാവതരണത്തിന്റെ മാസ്മരികതയില്‍ സഖാക്കള്‍ വിസ്മയംപൂണ്ടിരുന്നുപോയി. രണ്ടര മണിക്കൂര്‍ നീണ്ട ക്ളാസിന് ശേഷം സംശയം ചോദിക്കാന്‍ അവസരം കൊടുത്തെങ്കിലും ഒരു ചെറുചോദ്യം പോലും ഉണ്ടായില്ല. നേതാക്കള്‍ കുശലം പറഞ്ഞ് പിരിഞ്ഞു.
'വാഴക്കാല'യിലെ ഖാദിയാനി നേതാവിന്റെ വീട്ടില്‍ കെ.ടി തുടര്‍ച്ചയായി നടത്തിയ സംവാദം അക്കാലത്ത് വളരെ പ്രസിദ്ധമായിരുന്നു. അന്ന് കെ.ടിയുടെ ക്ളാസുകളില്‍ പങ്കെടുത്ത പലരും ഖാദിയാനിസത്തോട് വിടപറയുകയുണ്ടായി.
യു.എ.ഇയിലായിരുന്ന കെ.ടിയോട് ഒരുദിവസം ഇളയ സഹോദരന്‍ ഗഫൂര്‍ ഉടന്‍ വീട്ടിലെത്തണമെന്ന് ഫോണില്‍ ആവശ്യപ്പെട്ടു. അസാധാരണത്വം തോന്നിയ കെ.ടി, യു.എ.ഇയില്‍നിന്ന് അന്ന് വൈകിട്ട് തന്നെ വീട്ടിലെത്തി. വളരെ സന്തോഷത്തോടെ ഗഫൂര്‍ ഇക്കായെ സ്വീകരിച്ചു. അന്ന് മഗ്രിബിന് ശേഷം ഗഫൂര്‍ ഇക്കായെ മാറ്റിയിരുത്തി വിളിച്ചുവരുത്തിയതിന്റെ ഉദ്ദേശ്യം വിശദീകരിച്ചു. മരണം മുന്നില്‍കണ്ട ഗഫൂര്‍ ഉത്തരവാദിത്വങ്ങളെല്ലാം കെ.ടിയെ ഏല്‍പിച്ചതിന് ശേഷം പിറ്റേ ദിവസം രാവിലെ അല്ലാഹുവിലേക്ക് യാത്രയായി. തൊട്ടടുത്തദിവസം മരണവീട് സന്ദര്‍ശനത്തിന് പോയ എന്നോട് കെ.ടി ജീവിതത്തിലെ ഒരു അത്യപൂര്‍വ സംഭവമായാണ് ഇതിനെ വിശേഷിപ്പിച്ചത്.
നല്ല അയല്‍വാസി
സുഹ്റ ബക്കര്‍ പട്ടിക്കാട്
കെ.ടി ഞങ്ങളുടെ അയല്‍വാസിയും ഗുരുനാഥനും മാര്‍ഗദര്‍ശിയും എല്ലാമെല്ലാമായിരുന്നു. സ്വന്തം മക്കളോടെന്ന പോലെയാണ് ഞങ്ങളോടും ഇടപെടുക. ഞങ്ങളുടെ ചെറുതും വലുതമായ ഓരോ പ്രശ്നത്തിലും ഒരു പിതാവിന്റെ സ്ഥാനത്തുനിന്ന് കൊണ്ട് പരിഹാരം നിര്‍ദേശിച്ച് തന്നിരുന്നു. വൈജ്ഞാനികമായ സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍, അദ്ദേഹത്തിന് ഫോണ്‍ ചെയ്യുകയോ നേരില്‍ കാണുകയോ ചെയ്യുക ഞങ്ങളുടെ പതിവായിരുന്നു. ജാതി മത ഭേദമന്യേ എല്ലാവരും ഒരേപോലെ സ്നേഹിക്കുകയും കഴിവിന്റെ പരമാവധി സഹായിക്കുകയം ചെയ്യുമായിരുന്നു. നല്ല സാമ്പത്തികാഭിവൃതി ഉണ്ടായിട്ടും ലളിതമായ ആ ജീവിതശൈലിയില്‍നിന്ന് ഞങ്ങള്‍ക്ക് പകര്‍ത്താന്‍ ഒരുപാടുണ്ടായിരുന്നു.
സുബ്ഹ് നമസ്കാരവും ഖുര്‍ആന്‍ പഠനവും കഴിഞ്ഞാല്‍ അദ്ദേഹം പാടത്ത് പോവുന്നത് ഓരോ പ്രഭാതത്തിലെയും ഞങ്ങളുടെ നിത്യ കാഴ്ചയായിരുന്നു. ഫലങ്ങളും കായ്കനികളും അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും ദാനം ചെയ്യുന്നതില്‍ അദ്ദേഹം സന്തോഷം കണ്ടെത്തിയിരുന്നു. ഞങ്ങള്‍ക്ക് വിത്തുകള്‍ നല്‍കി കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കും. പക്ഷികള്‍ക്കും മറ്റും കഴിക്കാനായി തോട്ടത്തില്‍തന്നെ ഫലങ്ങള്‍ പറിച്ചെടുക്കാതെ നിര്‍ത്തുമായിരുന്നു. പക്ഷികള്‍ തിന്നുന്നതിന് പോലും സ്വദഖയാണ് എന്ന പ്രവാചക വചനത്തിന് ഒരു കര്‍മസാക്ഷ്യം.
അയല്‍വാസിയായ ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ നന്മകള്‍ എഴുതിയാല്‍ തീരില്ല. രണ്ട് ദിവസം ഞങ്ങളെ കണ്ടില്ലെങ്കില്‍ അടുത്ത ദിവസം അദ്ദേഹം അന്വേഷിച്ച് വന്നിരിക്കും. കെ.ടിയുടെ സ്നേഹവും ലാളനയും ഞങ്ങള്‍ ധാരാളമായി ആസ്വദിച്ചു. കുട്ടികള്‍ക്ക് ഒരു കളികൂട്ടുകാരനും യുവാക്കള്‍ക്ക് ഒരു നല്ല സുഹൃത്തും നാട്ടുകാര്‍ക്ക് ജാതി മത ഭേദമന്യേ നല്ല ഒരു സഹായിയുമായിരുന്നു. ഞങ്ങളുടെ എല്ലാമെല്ലാമായ അബുക്ക (ഞങ്ങള്‍ നാട്ടുകാര്‍ അദ്ദേഹത്തെ അങ്ങനെയാണ് വിളിക്കാറ്) അവസാനം അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി.