അല്ലാഹുവിന്റെ പ്രീതിയും അതുവഴി നരകമുക്തിയും സ്വര്‍ഗലബ്ധിയും സാധിക്കുകയാണ് റമദാനിലും അല്ലാത്തപ്പോഴും വിശ്വാസികള്‍ വ്രതമനുഷ്ഠിക്കുന്നതിന്റെ ആത്യന്തിക ലക്ഷ്യം. മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട ഈ ആത്യന്തിക ലക്ഷ്യത്തിലെത്തിച്ചേരാന്‍ വ്രതാനുഷ്ഠാനത്തിലൂടെ ഈ ലോകത്തുതന്നെ വിശ്വാസി നേടേണ്ട മറ്റൊരു ലക്ഷ്യമുണ്ട്; തഖ്വ. വ്രതാനുഷ്ഠാനം കല്‍പിക്കുന്ന ആദ്യ സൂക്തത്തില്‍ തന്നെ 'നിങ്ങള്‍ -വിശ്വാസികള്‍- തഖ്വയുള്ളവരായിത്തീരാന്‍ വേണ്ടി'യാണീ കല്‍പനയെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുള്ളതാണ്. എന്നു വെച്ചാല്‍ അന്നപാനീയങ്ങളുപേക്ഷിച്ച് പശിദാഹങ്ങളേറ്റുവാങ്ങുക വ്രതാനുഷ്ഠാനത്തിന്റെ രൂപം മാത്രമാണ്. തഖ്വയാണതിന്റെ ആത്മാവ്.
എന്താണ് തഖ്വ? കരുതല്‍, കാവല്‍, സൂക്ഷ്മത, ജാഗ്രത, ഭയഭക്തി എന്നൊക്കെ തഖ്വയെ ഭാഷ്യപ്പെടുത്താറുണ്ട്. ഈ തര്‍ജമകളൊന്നും ഖുര്‍ആന്‍ ഈ പദം കൊണ്ടവതരിപ്പിക്കുന്ന ആശയങ്ങളെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നില്ല. അല്ലാഹു കല്‍പിച്ചതൊക്കെയും അനുസരിക്കുകയും നിരോധിച്ചതൊക്കെയും വര്‍ജിക്കുകയുമാണ് തഖ്വ എന്ന് ചില പൂര്‍വ സൂരികള്‍ നിര്‍വചിച്ചതായി കാണാം. ഈ നിര്‍വചനം തഖ്വയുടെ പ്രത്യക്ഷ രൂപത്തെ പ്രതിനിധാനം ചെയ്യുന്നതാണ്. തഖ്വയുടെ ആന്തരാര്‍ഥത്തിലേക്ക് അതെത്തുന്നില്ല. ഒരാള്‍ റമദാനിലെ പകലുകളില്‍ അന്നപാനീയങ്ങളുപേക്ഷിച്ചാല്‍ വ്രതമനുഷ്ഠിക്കുക എന്ന കല്‍പന പാലിച്ചു; പ്രത്യക്ഷത്തില്‍ അയാള്‍ തഖ്വയുള്ളവനായി. പക്ഷേ, പ്രവാചകന്‍(സ) പറയുന്നു: "അധാര്‍മികമായ വാക്കും പ്രവൃത്തിയും വര്‍ജിക്കാത്തവന്‍ അന്നപാനീയങ്ങള്‍ വര്‍ജിക്കുന്നതില്‍ അല്ലാഹുവിന് ഒരു താല്‍പര്യവുമില്ല.'' ഏഷണിയും പരദൂഷണവുമായി നടക്കുന്ന നോമ്പുകാരന്‍ വിശപ്പും ദാഹവുമല്ലാതെ യാതൊന്നും നേടുന്നില്ലെന്നും നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. തഖ്വയുടെ ആന്തരാര്‍ഥങ്ങളിലേക്ക് വെളിച്ചം വീശുന്നതാണീ പ്രവാചക പാഠങ്ങള്‍.
ഇസ്ലാമിക ദര്‍ശനത്തില്‍ ആത്മീയോല്‍ക്കര്‍ഷത്തിന്റെ അടിസ്ഥാനപരമായ നാല് പടികളാണ് ഈമാനും ഇസ്ലാമും തഖ്വയും ഇഹ്സാനും. ഇവ നാലും പരസ്പര ബന്ധിതങ്ങളാണ്. ഒന്നാമത്തേതില്‍ സ്പര്‍ശിക്കാതെ രണ്ടാമത്തേതിലേക്കോ രണ്ടാമത്തേതില്‍ സ്പര്‍ശിക്കാതെ അതിനപ്പുറമുള്ളതിലേക്കോ കയറിപ്പോകാനാവില്ല. ഈമാനിലൂടെ ഇസ്ലാമിലേക്ക്, ഇസ്ലാമിലൂടെ തഖ്വയിലേക്ക്, തഖ്വയിലൂടെ ഇഹ്സാനിലേക്ക് എന്നതാണ് ക്രമം. ഇസ്ലാം ഈമാനിന്റെ മൂര്‍ത്ത രൂപവും ഇഹ്സാന്‍ തഖ്വയുടെ മൂര്‍ത്ത രൂപവുമാണ്. തഖ്വ ഒരു മാനസിക ഭാവമാണ്. അതുകൊണ്ടാണ് പ്രവാചകന്‍(സ) ഒരിക്കല്‍ സ്വന്തം ഹൃദയത്തിലേക്ക് ചൂണ്ടിക്കൊണ്ട് ഇതാ, ഇവിടെയാണ് തഖ്വ എന്ന് പറഞ്ഞത്. അല്ലാഹുവിനോടുള്ള ഭയഭക്തിയില്‍നിന്നും സ്നേഹത്തില്‍നിന്നും വിധേയത്വത്തില്‍നിന്നും ജീവിതത്തോടുള്ള ഉത്തരവാദിത്വബോധത്തില്‍നിന്നും ഉരുവം കൊള്ളുന്നതാണ് തഖ്വ എന്ന മാനസികാവസ്ഥ. തന്റെ മനോഗതങ്ങള്‍ വരെ, എല്ലാ പരസ്യങ്ങളും രഹസ്യങ്ങളും സ്രഷ്ടാവായ അല്ലാഹു രേഖപ്പെടുത്തുന്നുണ്ടെന്നും എല്ലാറ്റിനും നാളെ അവന്റെ മുമ്പില്‍ സമാധാനം ബോധിപ്പിക്കേണ്ടതുണ്ടെന്നുമുള്ള വിചാരവും, ഈ ലോകം തനിക്കൊരു പരീക്ഷാലയമാണെന്നും തന്റെ സുഖദുഃഖങ്ങളും ശക്തിദൌര്‍ബല്യങ്ങളുമെല്ലാം പരീക്ഷണോപാധികളാണെന്നും ആ ഉത്തരവാദിത്വബോധത്തോടെ അല്ലാഹു ഇഷ്ടപ്പെടുംവിധം അവയെ സമീപിച്ചില്ലെങ്കില്‍ നാളെ തന്നെ കാത്തിരിക്കുന്നത് നിത്യ നരകമാണെന്നും ഉള്ള ജ്ഞാനവും ജാഗ്രതയും തഖ്വയുടെ ചേരുവകളാണ്. അതിനാല്‍ തഖ്വ മുത്തഖിയുടെ ഓരോ ചലനത്തെയും സ്വാധീനിക്കുകയും സംവിധാനിക്കുകയും ചെയ്യുന്നു.
തഖ്വയാണ് ഈമാന്റെ വെളിച്ചം- നൂര്‍. കത്താത്ത വിളക്കു പോലെയാണ് തഖ്വയില്ലാത്ത ഈമാന്‍. വ്രതത്തിന്റെ മാത്രമല്ല, എല്ലാ ദീനീ കാര്യങ്ങളുടെയും ആത്മാവ് തഖ്വയാണ്. ഖുര്‍ആന്‍ അതിഭൌതിക യാഥാര്‍ഥ്യങ്ങളിലുള്ള വിശ്വാസം മുതല്‍ കുറ്റവാളികളോട് ദാക്ഷിണ്യം കാട്ടാതിരിക്കല്‍ വരെയുള്ള നിരവധി സംഗതികള്‍ തഖ്വയുടെ താല്‍പര്യമായി പരാമര്‍ശിച്ചത് കാണാം. കര്‍മങ്ങളുടെ എണ്ണവും വണ്ണവുമല്ല, അതിനു പ്രചോദനമായ തഖ്വയാണ് പ്രധാനം. ഏറ്റവും വിശിഷ്ടമായ പുണ്യകര്‍മവും ദൈവസ്നേഹത്തിന്റെ മൂര്‍ത്ത രൂപവുമായ ബലികര്‍മത്തെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞു: "ബലി മൃഗങ്ങളുടെ രക്തമോ മാംസമോ ഒരിക്കലും അല്ലാഹുവിനെ പ്രാപിക്കുകയില്ല; പ്രത്യുത അല്ലാഹുവിനെ പ്രാപിക്കുന്നത് നിങ്ങളിലുള്ള തഖ്വയാകുന്നു.'' ഇതുപോലെ വ്രതമനുഷ്ഠിക്കുന്നവരുടെ വിശപ്പും ദാഹവുമല്ല അല്ലാഹുവിലെത്തുക. അവങ്കലെത്തുന്നത് വിശക്കാനും ദാഹിക്കാനും പ്രചോദിപ്പിച്ച ദൈവഭക്തിയും അതില്‍ നിന്നുള്‍ക്കൊണ്ട മനസ്സംസ്കാരവും ഉത്തരവാദിത്വ ബോധവും കര്‍മോത്സാഹവുമാണ്.