Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>ലേഖനം



നിറഞ്ഞൊഴുകിയ സ്നേഹം

 

# ടി. ആരിഫലി

 
 



ബാംഗ്ളൂരില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാന അമീറുമാരുടെ മൂന്നു ദിവസത്തെ യോഗത്തിന്റെ അവസാനദിനത്തിലാണ് കെ.ടിയെ സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന വിവരം ലഭിച്ചത്. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബും യോഗത്തില്‍ സംബന്ധിക്കുന്നുണ്ടായിരുന്നു. അടുത്ത ദിവസം എറണാകുളത്തേക്കാണ് പോകേണ്ടിയിരുന്നത്. എറണാകുളം യാത്ര ഉപേക്ഷിച്ച് കെ.ടിയെ ആശുപത്രിയില്‍ ചെന്ന് കാണാന്‍ തീരുമാനിച്ചിരുന്നു. അല്‍പ്പം കഴിഞ്ഞ് മലയാളി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംബന്ധിച്ചുകൊണ്ടിരിക്കെയാണ് കെ.ടി അല്ലാഹുവിലേക്ക് യാത്രയായ വിവരം ലഭിക്കുന്നത്. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജി ഊന്‍... കെ.ടിയുടെ മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് യോഗം വേഗം അവസാനിപ്പിച്ചു. സിദ്ദീഖ് ഹസന്‍ സാഹിബ് അരമണിക്കൂര്‍ മുമ്പ് തന്നെ യാത്ര ആരംഭിച്ചിരുന്നു. സിദ്ദീഖ് ഹസന്‍ സാഹിബ് ദല്‍ഹിയിലാണ് ഏറെക്കാലമായി പ്രവര്‍ത്തിച്ചുവരുന്നതെങ്കിലും പ്രിയപ്പെട്ടവരുടെ മരണസമയത്ത് അവരുടെ അടുത്തെത്താനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിക്കാറുണ്ട്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ അക്കാര്യം എന്നോട് പറയുകയും ചെയ്തിട്ടുണ്ട്. സി.ആറിന്റെ അമ്മ മരണമടഞ്ഞ സമയത്ത് ആശ്വാസവാക്കുകളുമായി ആദ്യമെത്തിയത് കെ.എ സിദ്ദീഖ് ഹസന്‍ സാഹിബായിരുന്നു. കൃത്യസമയത്ത് സിദ്ദീഖ് ഹസന്‍ സാഹിബ് എത്തിച്ചേര്‍ന്നതിലെ സന്തോഷം അത് വിവരിക്കുമ്പോഴും സി.ആറിന്റെ മുഖത്തുണ്ടായിരുന്നു. കെ.ടിയുടെ വീട്ടിലും ഞാനെത്തുന്നതിന് മുന്നേ എത്തിച്ചേരാന്‍ അദ്ദേഹത്തിന് സാധിച്ചു.
ബാംഗ്ളുരില്‍ വെച്ചു തന്നെ മരണവിവരം ജമാഅത്ത് ഖയ്യിം നുസ്റത്ത് അലി സാഹിബിനെ അറിയിച്ചിരുന്നു. അദ്ദേഹം കെ.ടിയെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. 'നീളമുള്ള തലമുടിയുള്ളയാള്‍' എന്ന് ആംഗ്യം കാണിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞവാക്കുകള്‍ ശ്രദ്ധേയമായിരുന്നു. "സ്നേഹമുള്ള ഇസ്ലാമിക പ്രവര്‍ത്തകനായിരുന്നു അദ്ദേഹം''. ശരിയാണ്. കെ.ടിയെ ഏറെ ശ്രദ്ധേയനാക്കിയ സവിശേഷതകളിലൊന്നായിരുന്നു അദ്ദേഹത്തിന്റെ നിറഞ്ഞൊഴുകിയിരുന്ന സ്നേഹം. സ്നേഹമസൃണമായിരുന്നു കെ.ടിയുടെ പെരുമാറ്റം. സ്വന്തം കുടുംബാദികളോട്, നാട്ടുകാരോട്, പ്രസ്ഥാന പ്രവര്‍ത്തകരോട്- മുഴുവന്‍ മനുഷ്യരോടും സ്നേഹ കാരുണ്യത്തോടെയാണ് അദ്ദേഹം ഇടപഴകിയിരുന്നത്. കൊച്ചുകുട്ടികളെ പോലും അത് ഹഠാദാകര്‍ഷിച്ചു. അദ്ദേഹം ഏവര്‍ക്കും പ്രിയങ്കരനായിത്തീരുകയും ചെയ്തു. സ്നേഹവും കാരുണ്യവും മനുഷ്യരോട് മാത്രമല്ല കെ.ടി കാണിച്ചിരുന്നത്. ജന്തുക്കളെയും മരങ്ങളെയും ചെടികളെയും സ്നേഹിച്ച കെ.ടി നല്ല കര്‍ഷകനായിരുന്നു. എന്നാല്‍ കൃഷി അദ്ദേഹത്തിന് ഒരിക്കലും ഒരു ഉപജീവനമാര്‍ഗമായിരുന്നില്ല. കെ.ടിയിലുള്ള കാല്‍പ്പനികത ഉള്‍കൊണ്ടുപറയുകയാണെങ്കില്‍ കൃഷി അദ്ദേഹത്തിന് കവിതയും കലയുമായിരുന്നു. ധിഷണയുള്ള ഇസ്ലാമികപണ്ഡിതനും തിരക്കുള്ള ഇസ്ലാമിക പ്രവര്‍ത്തകനുമായിട്ടും കൃഷിപ്പണിയില്‍ കെ.ടി ഏറെ ആനന്ദം അനുഭവിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയാറുണ്ട്. പുതിയ തലമുറക്ക് ഇതൊരു വലിയ സന്ദേശം തന്നെയാണ്. കെ.ടി നമ്മെ അമ്പരിപ്പിക്കുന്ന വ്യക്തിത്വമാകുന്നതും ഇപ്രകാരം വ്യത്യസ്തമായ വഴികളിലൂടെയുള്ള സഞ്ചാരംകൊണ്ട് കൂടിയാണ്.
മരിക്കുന്നതിന് കുറച്ചുനാള്‍മുമ്പ് കെ.ടിയുമായി ഒരുദിവസം നീണ്ട കൂടിക്കാഴ്ച്ചക്ക് ഞാന്‍ സമയം കണ്ടെത്തിയിരുന്നു. വ്യക്തിപരമായി സന്തോഷവും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതൃപദവിയില്‍ ഇരിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ആവേശവും ഊര്‍ജവും പകര്‍ന്ന അഭിമുഖമായിരുന്നു അത്. കെ.ടി എന്ന വ്യക്തിത്വത്തെ കൂടുതല്‍ അടുത്തറിയുന്നതിന്റെ ഭാഗമായി അദ്ദേഹത്തില്‍ നിന്നും ധാരാളം കേള്‍ക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. കെ.ടിയാകട്ടെ എന്നില്‍ നിന്ന് കൂടുതല്‍ കേള്‍ക്കാനും താല്‍പര്യമെടുത്തു. ആത്മവിമര്‍ശന സ്വരമുള്ള വിലയിരുത്തലുകള്‍ക്ക് അദ്ദേഹം ദാഹിച്ചിരുന്നത് പോലെ എനിക്ക് തോന്നി. ആ വലിയ മനുഷ്യന്റെ ജീവിതം, ചിന്തയുടെ സവിശേഷതകള്‍, പ്രസ്ഥാനത്തിനകത്തുള്ളവര്‍ അദ്ദേഹത്തെ നോക്കിക്കാണുന്ന രീതികള്‍, ഇസ്ലാമും ഇസ്ലാമികപ്രസ്ഥാനവും അനുഭവിക്കുന്ന പ്രശ്നങ്ങള്‍, സാധ്യതകള്‍ എന്നിവയെകുറിച്ചെല്ലാം അളന്നുമുറിച്ച വാക്കുകളില്‍ അദ്ദേഹം വിശദീകരിച്ചു. വീടിന് മുന്‍വശത്ത് കെ.ടി, അദ്ദേഹത്തിന് വേണ്ടി തന്നെ നിര്‍മിച്ച മുറിയില്‍ വെച്ചാണ് സംസാരം നടന്നത്. കെ.ടിയുടെ വായനയും ചിന്തയും പഠനവും വിശ്രമവുമെല്ലാം ആ മുറിയില്‍ തന്നെയായിരുന്നു. അവസാനമായി കാണാനെത്തിയപ്പോള്‍ അതേ മുറിയില്‍ തന്നെ കണ്ണീര്‍തൂകുന്ന ശിഷ്യഗണങ്ങളുടെയും സൂഹൃത്തുക്കളുടെയും നടുവില്‍ അദ്ദേഹത്തെ കിടത്തിയിരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ഏറെ വികാരധീനനായി.
അന്ന് നടന്ന സംസാരത്തിലെ ഒരു പ്രധാന കാര്യം, കെ.ടി ഓര്‍മയായ ഈ സന്ദര്‍ഭത്തില്‍ പങ്കുവെക്കുന്നത് പ്രസക്തമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. കെ.ടി എന്ന വ്യക്തിത്വത്തെ കൂടുതല്‍ മഹത്വത്തോടെ ഉള്‍ക്കൊള്ളാന്‍ അത് സഹായകമാകും. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഇതര പാര്‍ട്ടികളില്‍ നിന്ന് തികച്ചും ഭിന്നമാണ്. ഇതര ഭൌതികപാര്‍ട്ടികളുടേത് പോലുള്ള പ്രവര്‍ത്തനങ്ങള്‍ അതിന് ആവിഷ്കരിക്കേണ്ടി വരാറുണ്ടെങ്കിലും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മസ്തിഷ്കവും ഹൃദയവും ഒന്നുവേറെ തന്നെയാണ്. ശരീരഘടനക്കപ്പുറമുള്ള ആത്മാവിന്റെ സാന്നിധ്യം ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ മാത്രം കൈമുതലുമാണ്. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് 'പാര്‍ട്ടിരഹസ്യം' എന്ന മറ ഉണ്ടാകാന്‍ പാടില്ല എന്നു അദ്ദേഹം വിശ്വസിച്ചിരുന്നതായി എനിക്ക് തോന്നി. പ്രവാചക(സ)ന്റെ ചിന്തകളും കൂടിയാലോചനകളും തീരുമാനങ്ങളും നടപടികളും എവ്വിധം മറ്റുള്ളവര്‍ക്ക് പരിശോധനാവിധേയമാക്കാനായോ അപ്രകാരം തന്നെയായിരിക്കണം ഇസ്ലാമിക പ്രസ്ഥാനങ്ങളും എന്ന് അദ്ദേഹം പറയാന്‍ ശ്രമിച്ചു. നമ്മുടെ പ്രസ്ഥാനത്തിന്റെ സുപ്രധാന തീരുമാനങ്ങള്‍ അതിന്റെ നടപടി രേഖകള്‍ സഹിതം പുസ്തക രൂപത്തിലാക്കിയതും പ്രസ്ഥാനത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന രേഖകള്‍ പ്രസിദ്ധപ്പെടുത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാചകജീവിതത്തിന്റെ ഉള്ളും പുറവും പ്രകാശിതമായതുപോലെ പ്രസ്ഥാനത്തിന്റെ ഹൃദയവും കൂടുതല്‍ സുതാര്യമാകുന്നതാണ് അതിന്റെ ഭംഗിക്കും ശോഭക്കും നല്ലതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. പ്രസ്ഥാനത്തിന്റെ തീരുമാനങ്ങള്‍ മാത്രമല്ല കൂടിയാലോചനാവേദികളിലെ അഭിപ്രായപ്രകടനങ്ങള്‍ കൂടി പുറത്തുവരുന്നതും ജനങ്ങളറിയുന്നതും പ്രസ്ഥാനത്തിന് കൂടുതല്‍ മിഴിവ് നല്‍കുമെന്നും അദ്ദേഹം വിശ്വസിച്ചു. കൂടിയാലോചനവേദികളില്‍ കെ.ടിയുടെ സാന്നിധ്യം അനുഭവിച്ചിരുന്നവര്‍ക്ക് എളുപ്പം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് അദ്ദേഹത്തിന്റെ ഈ വിശ്വാസം. അത്തരം വേദികളില്‍ സ്വന്തം അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ അദ്ദേഹം ഏറെ മുമ്പിലായിരുന്നു. തീരുമാനങ്ങളിലെത്തിച്ചേരുന്നതിന് സഹായകമാകുന്ന തരത്തില്‍ വൈവിധ്യമുള്ള മാര്‍ഗങ്ങളും വര്‍ണങ്ങളും അദ്ദേഹം സമര്‍പ്പിച്ചിരുന്നു. സുപ്രധാനതീരുമാനങ്ങള്‍ കൈകൊള്ളുന്നതിന് പിന്നിലെ രാസത്വരകമായും കെ.ടി പ്രവര്‍ത്തിച്ചു.
ഇസ്ലാമിക പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന വ്യക്തികളെ കെ.ടി അടുത്തുനിന്ന് നിരീക്ഷിക്കുകയും അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്. ഇസ്ലാം ആവശ്യപ്പെടുന്ന വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വ നിര്‍വഹണമാണ് അത്. പലപ്പോഴും ചെറുകുറിപ്പുകളായി അത് ബന്ധപ്പെട്ട വ്യക്തികള്‍ക്ക് ലഭിക്കാറുമുണ്ട്. എന്തുകൊണ്ടോ അദ്ദേഹത്തില്‍ നിന്ന് അത്തരം കുറിപ്പുകള്‍ എനിക്ക് ലഭിച്ചിരുന്നില്ല. പ്രഗത്ഭരായ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കിയിരുന്ന ഈ മഹാപ്രസ്ഥാനത്തിന് ഒരു നിര്‍ണായക സന്ദര്‍ഭത്തില്‍ അവരുടെ പിന്‍ഗാമിയായി മുന്നില്‍നില്‍ക്കേണ്ടി വന്ന സാഹചര്യത്തിന്റെ ഔദാര്യം കൊണ്ടാകാം എന്നെ വിമര്‍ശനബുദ്ധിയോടെ കെ.ടി സമീപിക്കാതിരുന്നത്. ഒരുപക്ഷേ അത്രയും ഭാരം എന്നെകൊണ്ട് വഹിപ്പിക്കേണ്ടതില്ലെന്നും കെ.ടി കരുതിക്കാണണം. ഒരിക്കല്‍ ഇത് ഞാന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഈ കാരുണ്യത്തിന്റെ ആവശ്യമില്ലെന്നും എന്നെകുറിച്ചുള്ള വിമര്‍ശനം വേണ്ടതാണെന്നും ഞാന്‍ അദ്ദേഹത്തെ ഉണര്‍ത്തി. ചിരിച്ചുകൊണ്ട് കെ.ടി, എങ്കില്‍ ഞാന്‍ എഴുതിത്തരാം എന്ന് പറയുകയും ചെയ്തിരുന്നു. അത് ഇപ്പോഴും ഒരു സ്വകാര്യ ദുഃഖമായി അവശേഷിക്കുകയാണ്.
ധിഷണയുള്ള പണ്ഡിതനെയും പ്രതിഭയുള്ള പ്രയത്നശാലിയേയുമാണ് കെ.ടിയുടെ വിയോഗത്തിലൂടെ നമ്മുടെ പ്രസ്ഥാനത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. കാലം നികത്തിയെടുക്കേണ്ട ഒരു വിടവ് തന്നെയാണ് തീര്‍ച്ചയായും അദ്ദേഹം പ്രസ്ഥാനത്തിനകത്ത് സൃഷ്ടിച്ചിരിക്കുന്നത്. പുതിയ തലമുറയിലെ പ്രവര്‍ത്തകര്‍ ഇത്തരം മഹദ്വ്യക്ഷങ്ങളുടെ സ്ഥാനത്തേക്ക്, പ്രസ്ഥാനത്തിനകത്ത് കയറിനിന്നാല്‍ മാത്രമേ കെ.ടിയെപ്പോലുളളവര്‍ വിട്ടേച്ചുപോയ ശൂന്യത പരിഹരിക്കാന്‍ സാധ്യമാവുകയുള്ളു. കെ.ടിയുടെ വാക്കുകള്‍ ഏതൊരു സാധാരണക്കാരനെയും ആകര്‍ഷിക്കുന്നതായിരുന്നു. ഘനഗാംഭീര്യമുള്ള ശാന്തത അദ്ദേഹത്തിന്റെ പ്രകൃതത്തിലുണ്ടായിരുന്നു. കൂടുതല്‍ വിനയാന്വിതനും ലളിതജീവിതം നയിക്കുന്നവനുമായിരുന്നു കെ.ടി. അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് ആഴക്കടലിന്റെ സൌന്ദര്യമുണ്ടായിരുന്നു. അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗപൂങ്കാവനത്തില്‍ ഇടം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ (ആമീന്‍).

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly