Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>കവര്‍സ്റോറി

മുസ്ലിം ദേശക്കൂറിന്
അമേരിക്കന്‍ ട്രേഡ് മാര്‍ക്ക്

ശിഹാബ് പൂക്കോട്ടൂര്‍
അമേരിക്കന്‍ കോര്‍പറേറ്റ് ഏജന്‍സികള്‍ക്കു വേണ്ടി ചില ഏജന്‍സികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നടത്തിയ സര്‍വെ ഏറെ വിവാദമായിരിക്കുകയാണ്. പ്രത്യേകിച്ച് മുസ്ലിംകള്‍ക്കിടയില്‍ അമേരിക്കന്‍ താല്‍പര്യത്തിനു വേണ്ടി നടത്തിയ സര്‍വേയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് ഇനിയും വ്യക്തത കൈവന്നിട്ടില്ല. കേരളത്തില്‍ സര്‍വേക്ക് നേതൃത്വം നല്‍കിയ കൊച്ചിയിലെ ടി.എന്‍.എസ് എന്ന സ്ഥാപനത്തില്‍ നിന്ന് പോലീസ് വിശദ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ആര്‍ക്കു വേണ്ടിയാണെന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അവര്‍ക്കും സാധിച്ചിട്ടില്ല.
ഇറാഖിലും അഫ്ഗാനിലും അമേരിക്ക അധിനിവേശം നടത്തിയ സന്ദര്‍ഭങ്ങളില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിച്ച് ലോകത്തുള്ള മുസ്ലിം സമൂഹം പ്രതിരോധം തീര്‍ക്കുകയുണ്ടായി. ഇറാനെ ഉപരോധിച്ചതിനെക്കുറിച്ചുള്ള സര്‍വേ ചോദ്യത്തിലും ഈ വ്യാവസായിക താല്‍പര്യം മുഴച്ചു നില്‍ക്കുന്നതായി കാണാന്‍ കഴിയും. ഇറാന്‍ ഉപരോധം തങ്ങളുടെ ഉല്‍പന്നങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയാനുള്ള ഒരു സാമ്പിള്‍ വെടിക്കെട്ട്! മുസ്ലിംകളെക്കുറിച്ച് നേരത്തെ യൂറോപ്പും ഇപ്പോള്‍ അമേരിക്കയും വെച്ചു പുലര്‍ത്തുന്ന നിലപാടുകളാണ് വിദേശ നയതന്ത്ര ബന്ധങ്ങളിലും കമ്പോളക്കരാറിലും അധിനിവേശത്വരയിലും അവരെ മുന്നോട്ട് നയിച്ചത്.
മുസ്ലിം രാഷ്ട്രങ്ങളെക്കുറിച്ചും ഇസ്ലാമിക സമൂഹത്തെക്കുറിച്ചും കൃത്യമായ പഠനങ്ങളും നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തിയതിനു ശേഷമാണ് ബ്രിട്ടന്‍ മുസ്ലിം ലോകങ്ങളില്‍ അധിനിവേശം നടത്തിയിരുന്നത്. ഇതിനു വേണ്ടി ബ്രിട്ടീഷുകാര്‍ നിയോഗിച്ച ചാരശൃംഖലയിലുളള വ്യക്തികള്‍ പില്‍ക്കാലത്ത് അവരുടെ ആത്മകഥകളില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. "ഞങ്ങള്‍ മുസ്ലിം രാജ്യങ്ങളിലെ പ്രമുഖരായ വ്യക്തികളെ കാണാനോ കൂടുതല്‍ പേര്‍ തിങ്ങിത്താമസിക്കുന്ന മേഖലകളിലോ സര്‍വേയെന്ന വ്യാജേന കയറിയിറങ്ങും. ഇസ്ലാമിനെക്കുറിച്ചു തന്നെ സംശയമുണര്‍ത്തുന്ന നീണ്ട ചോദ്യാവലികള്‍ അവര്‍ക്ക് നല്‍കും. പ്രക്ഷുബ്ധമായി പ്രതിരോധിക്കുന്ന സ്ഥലങ്ങളില്‍ പിന്നീട് ഞങ്ങള്‍ സന്ദര്‍ശിക്കുകയില്ല. വളരെ ഗൌരവമല്ലാത്ത രീതിയില്‍ ഇതിനെ നേരിയ തോതിലെങ്കിലും പരിഗണിക്കുന്ന ഏരിയകളില്‍, പണ്ഡിതന്മാരെ വീണ്ടും ഞങ്ങള്‍ സന്ദര്‍ശിക്കും.''1 "രാജ്യത്തോടാണോ ഇസ്ലാമിനോടാണോ കൂടുതല്‍ സ്നേഹമെന്ന് ഞങ്ങള്‍ ചോദിക്കുമ്പോള്‍ ഇസ്ലാമിനോട് എന്നാണ് ഭൂരിഭാഗം പേരും പ്രതിവചിച്ചിരുന്നത്. കാരണം രാജ്യസ്നേഹവും അവര്‍ മതത്തിന്റെ ഭാഗമായിട്ടാണ് കണക്കാക്കിയിരുന്നത്്. ഇതുകൊണ്ടുതന്നെ മറ്റു മതവിഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായി മുസ്ലിംകള്‍ ദേശവിമോചന സമരങ്ങളില്‍ ധാരാളമായി പങ്കെടുത്തിരുന്നു.''2 "മതേതരമായ ഒരു സമൂഹത്തിന്റെ നിലനില്‍പ് ആശാസ്യമാണെന്നോ അനുവദനീയമാണെന്നു പോലുമോ ഉള്ള ആശയം ഇസ്ലാമിനു പൂര്‍ണമായി അന്യമായിരുന്നു.''3
അമേരിക്കന്‍ വിദേശനയങ്ങളില്‍ ശക്തമായ സ്വാധീനമായിരുന്ന ബെര്‍ണാഡ് ലെവിസ് 'എന്തു തെറ്റാണ് പറ്റിയത്' (ംവമ ംലി ംൃീിഴ?) എന്ന കൃതിയിലൂടെ ഇത്തരം പഠനങ്ങള്‍ വിശകലനം ചെയ്യുന്നുണ്ട്. ഒന്നാം ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖിനെ ടാര്‍ഗറ്റ് ചെയ്യുന്നതിന് മുമ്പ് ഇത്തരം പഠനങ്ങള്‍ ഗള്‍ഫ് മേഖലയില്‍ വ്യാപകമായി നടന്നിരുന്നുവെന്നത് സി.ഐ.എയില്‍നിന്നും വിരമിച്ച പ്രമുഖര്‍ എഴുതിയിട്ടുണ്ട്. തങ്ങള്‍ക്ക് വിധേയത്വം പുലര്‍ത്തുന്ന മൂന്നാം ലോക രാജ്യങ്ങളില്‍ കോര്‍പറേറ്റ് താല്‍പര്യം സംരക്ഷിക്കുന്നതിനായി ഇത്തരം പഠനങ്ങള്‍ ഗവേഷണ വിഷയമെന്ന പേരില്‍ അവര്‍ ആസൂത്രണം ചെയ്യാറുണ്ട്. ഇതിന്റെ അനന്തര ഫലമെന്നോണം അതത് രാജ്യങ്ങളിലെ മിഷനറിമാരെ ഉപയോഗിച്ച് വംശീയ ഉന്മൂലനം നടത്തുന്ന രീതിയും ഇവര്‍ അവലംബിക്കാറുണ്ട്. ഗുജറാത്തിലെ കലാപങ്ങളെക്കുറിച്ച് സാമ്രാജ്യത്വ വിരുദ്ധ ഗ്രൂപ്പുകള്‍ ആരോപണം ഉന്നയിച്ചിരുന്നു. വിവാദ സര്‍വേയില്‍ നിന്ന് ഗുജറാത്തിനെ ഒഴിവാക്കിയതിലൂടെ ഇത് ബലപ്പെടുകയാണ് ചെയ്യുന്നത്. ഗുജറാത്ത് കലാപത്തിനു മുന്നോടിയായി 50-ല്‍ പരം ചോദ്യങ്ങളടങ്ങുന്ന സര്‍വേയുമായി ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ തന്നെ മുസ്ലിം ഗല്ലികളില്‍ വരാറുണ്ടായിരുന്നുവെന്ന് കമ്യൂണലിസം കോംപാക്ടിന്റെ അന്വേഷണങ്ങളില്‍ ബോധ്യമായിരുന്നു. മുസ്ലിം പ്രദേശങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തുകയും പിന്നീട് ക്രൂരമായ രീതിയില്‍ അവയെ ഉന്മൂലനം ചെയ്യുകയും അവിടെ വന്‍ വ്യവസായശാലകള്‍ പടുത്തുയര്‍ത്തുകയും ചെയ്തു. ഗുജറാത്തിലെ വ്യവസായ നഗരങ്ങള്‍ ഒരുകാലത്ത് മുസ്ലിംകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഗല്ലികളായിരുന്നു. 2008 ജൂലൈ 29-ലെ അഹമദാബാദ് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് പതിവ് ആരോപണങ്ങള്‍ നിലനില്‍ക്കെത്തന്നെ വിദേശ ഗൂഢാലോചനക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. 'ഗുജറാത്ത് കലാപത്തിന്റെ മറുപടിക്കായി അഞ്ച് മിനിറ്റ് കാത്തിരിക്കുക, നിങ്ങള്‍ക്ക് ചെയ്യാനാവുന്നത് മുഴുവനും ചെയ്തുകൊള്ളുക. ഇന്ത്യ മരണത്തിന്റെ ഭീകരത ആസ്വദിക്കുകതന്നെ ചെയ്യും'- ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ പേരില്‍ ടെലിവിഷന്‍ ചാലനുകളുടെ ഓഫീസില്‍ എത്തിയ ഈ മുന്നറിയിപ്പിന്റെ ഉറവിടം അന്വേഷിച്ച പോലീസുകാര്‍ എത്തിയത് മുംബൈയിലെ സാന്‍പാഡയില്‍ ധനികന്മാര്‍ താമസിക്കുന്ന 'ഗുനയ്ന' ഫ്ളാറ്റ് സമുച്ചയത്തിലെ കെന്നത്ത് ഹെവുഡ് എന്ന അമേരിക്കന്‍ കുടിയേറ്റക്കാരന്റെ വസതിയിലായിരുന്നു. "അഹമദാബാദില്‍ ബോംബ് സ്ഫോടനത്തിന് ഉപയോഗിച്ച കാറുകള്‍ ഹെവുഡ് താമസിച്ച നിവിറുബയില്‍ നിന്നായിരുന്നു. ഇറാഖിലും അഫ്ഗാനിലും മറ്റുമാണ് ഈ രീതി പൊതുവെ കണ്ടിരുന്നത്. പ്രഷര്‍കുക്കര്‍, ടിഫിന്‍ കാരിയറുകള്‍, സൈക്കിളുകള്‍ മുതലായവയാണ് പൊതുവെ ഇന്ത്യയില്‍ സ്ഫോടനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാറുള്ളത്. അഹമദാബാദിലെ ആശുപത്രിയില്‍ നടന്ന സ്ഫോടനത്തില്‍ എല്‍.പി.ജി സിലിണ്ടറും ഉപയോഗിച്ചിരുന്നു.''4
പക്ഷേ, ഹെവുഡിനെയും ഭാര്യയെയും പേരിനു ചോദ്യം ചെയ്ത് ഇന്ത്യന്‍ മുജാഹിദീനെന്ന കടലാസ് സംഘടനയുടെ പിന്നാലെ പോവാനായിരുന്നു പോലീസിന് താല്‍പര്യം. ഗുജറാത്ത് കലാപത്തില്‍ വ്യാപകമായി ഉപയോഗിച്ച സിലിണ്ടറുകള്‍, മുസ്ലിം മേഖലകളെക്കുറിച്ചുള്ള പ്രത്യേക പഠനങ്ങള്‍ എന്നിവ വിദേശകരങ്ങളുടെ ഇടപെടലിന് വ്യക്തമായ തെളിവുകളായിരുന്നു. പക്ഷേ വേണ്ടത്ര ആസൂത്രണബോധത്തോടെയല്ലാത്ത (അതോ മനപ്പൂര്‍വമോ) അന്വേഷണങ്ങളില്‍ സംഭവിച്ച ഗുരുതരമായ ഒരു പ്രശ്നം മുന്നിലുണ്ടായിരിക്കെ തിരുവനന്തപുരത്ത് നടന്ന സര്‍വേയെക്കുറിച്ച് നിയമ സാങ്കേതികതയില്‍ തട്ടിക്കളിച്ച് ഒഴിഞ്ഞുമാറുന്നത് ഉത്തരവാദിത്വബോധമില്ലായ്മയാണ്.
സര്‍വേയിലെ ഏറ്റവും പ്രധാന്യമേറിയത് മുസ്ലിംകളോട് മാത്രം ചോദിക്കുക എന്ന് പറഞ്ഞ ചോദ്യങ്ങളാണ്. 'താങ്കള്‍ ഇസ്ലാമായിട്ടാണോ, ഏതെങ്കിലും ഗോത്രക്കാരനായിട്ടാണോ, ഇന്ത്യക്കാരനായിട്ടാണോ അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നത്?' മുസ്ലിംകളുടെ ദേശസ്നേഹത്തെക്കുറിച്ച് സംഘ്പരിവാര്‍ ഉന്നയിക്കുന്ന തരത്തിലുള്ള ഒരു ചോദ്യം കൂടിയാണിത്. മറ്റു മതങ്ങളിലുള്ളവര്‍ക്ക് മതക്കാരനായും ഗോത്രക്കാരനായും ഇന്ത്യക്കാരനായും ജീവിക്കാന്‍ പറ്റുന്ന വ്യത്യസ്ത സ്വത്വങ്ങളെ അംഗീകരിക്കുന്നവര്‍ മുസ്ലിംകള്‍ക്ക് മാത്രം ഈ വ്യത്യസ്തത നിഷേധിക്കുന്നത് എന്തുകൊണ്ടാണ്? ഇന്ത്യന്‍ മതേതര ആധുനികതയില്‍ ഉള്‍ച്ചേരാത്ത (ഉള്‍ച്ചേര്‍ക്കാത്ത) ഒരു പ്രത്യയശാസ്ത്രമായി ഇസ്ലാമിനെ മാറ്റിനിര്‍ത്തിയിരിക്കുന്നു. അതുകൊണ്ട് മുസ്ലിമിന് ദേശവും ദേശസ്നേഹവും നിരന്തരം തെളിയിക്കേണ്ട ഒരു വസ്തുവാണ്. എന്‍.എസ് മാധവന്റെ മുംബൈ എന്ന കഥയിലെ കഥാപാത്രം സപ്ളൈ ഓഫീസിലെ ഉദ്യോഗസ്ഥയുമായി നടത്തുന്ന സംഭാഷണം ഇതിന്റെ നിദര്‍ശനമാണ്. 'മിസ്റര്‍ അസീസ് അല്ലേ?' പ്രമീള പതുക്കെ വളരെ പതുക്കെ മന്ത്രിച്ചു. 'അതേ.' 'അഛന്റെ പേര്?' 'ബീരാന്‍ കുഞ്ഞ്'. 'അമ്മ?' 'ഫാത്തിമ.' 'രണ്ടു പേരും ഇപ്പോഴും ഉണ്ടോ?' 'ഇല്ല, കഴിഞ്ഞതിന്റെ മുമ്പത്തെ കൊല്ലം ഒരു മാസം ഇടവിട്ട് രണ്ടു പേരും മരിച്ചു.' 'സ്വന്തമായിട്ട് ഭൂസ്വത്ത്?' 'ഇല്ല. എന്നെ ഐ.ഐ.ടിയില്‍ പഠിപ്പിക്കാനും പിന്നെ അനിയന് അബൂദബയില്‍ വിസയെടുക്കാനും വേണ്ടി പറമ്പുകളെല്ലാം വില്‍ക്കേണ്ടിവന്നു.' 'അപ്പോള്‍ കരം അടച്ച രസീതുകള്‍ കൈയില്‍ കാണില്ലേ?' 'ഇല്ല'. 'നിങ്ങള്‍ക്ക് ഇന്ത്യയില്‍ ഭൂമിയുളളതായി യാതൊരു തെളിവും ഇല്ല, അല്ലേ?' 'ഇല്ല. എന്റെ റേഷന്‍ കാര്‍ഡ്.' 'ഈ അന്വേഷണം അതിനെക്കുറിച്ചാണ്. ആദ്യം നിങ്ങള്‍ ഇന്ത്യക്കാരനാണെന്ന് ബോധ്യമാകണമല്ലോ. പിന്നെയല്ലേ റേഷന്‍ കാര്‍ഡ്'. 'ഇത് നല്ല കളി. ഒരു ദിവസം ഉറക്കത്തില്‍ നിങ്ങളെ വിളിച്ചുണര്‍ത്തി ഇന്ത്യക്കാരിയാണെന്ന് തെളിയിക്കാന്‍ പറഞ്ഞാല്‍ സഹോദരി എന്തു ചെയ്യും?' അസീസിന്റെ ശബ്ദം ഉയര്‍ന്നു. '..... ഞാനെന്റെ പേര് പറയും അത്ര തന്നെ. എന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്റെ പേരുതന്നെയാണ്. പ്രമീള ഗോഖ്ലെ, മഹാ രാഷ്ട്രക്കാരി. ഹിന്ദു, ചിത്പവന്‍ ബ്രാഹ്മണന്‍, മനസ്സിലായോ?'5
ഭരണകൂട സംവിധാനങ്ങളുടെയോ രേഖകളുടെയോ അപ്പുറത്ത് മുസ്ലിമിന് ദേശക്കാരനാണെന്ന് നിരന്തരം തെളിയിക്കേണ്ടിവരുന്ന അരക്ഷിതമായ അവസ്ഥയിലാണ് ഇന്ത്യന്‍ മുസ്ലിംകള്‍. ഈ വാദം സംഘ്പരിവാര്‍ ബുജികള്‍ നേരത്തെ ഉന്നയിക്കുകയും ഗുജറാത്ത് കലാപത്തിനു മുമ്പ് നടന്ന സര്‍വേകളില്‍ ഇതിനു സമാനമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സര്‍വേയുടെ പിന്നില്‍ സംഘ്പരിവാര്‍ സ്വാധീനമോ, അല്ലെങ്കില്‍ ഗുജറാത്ത് കലാപത്തിലെ സയണിസ്റ് -സി.ഐ.എയുടെ ബന്ധമോ എന്ന് നിര്‍ണയിക്കപ്പെടേണ്ടിയിരിക്കുന്നു. സമാനമായ ചോദ്യങ്ങള്‍ അമേരിക്കന്‍ കോര്‍പറേറ്റുകളുടെ പട്ടികയിലും ഇടം പിടിക്കുമ്പോള്‍ ഇതിലെ ഗുരുവാരാണെന്ന കാര്യത്തില്‍ മാത്രമേ ഇനി തര്‍ക്കിക്കാന്‍ വകുപ്പുള്ളൂ. ഇന്ത്യ ഔദ്യോഗികമായി ഇസ്രയേല്‍ എന്ന രാഷ്ട്രം സന്ദര്‍ശിച്ചത് അടല്‍ബിഹാരി വാജ്പേയിയുടെ ഭരണകാലത്താണ്. ബിജേഷ് മിശ്ര തെല്‍അവീവില്‍ കാലുകുത്തിയത് മുതല്‍ മാത്രമല്ല സംഘ്പരിവാരവും സയണിസവും തമ്മിലുള്ള ബന്ധം. ചരിത്രപരമായ ഏറെ സാമ്യതകളുള്ള ഉന്മൂലന സിദ്ധാന്തങ്ങള്‍ ഇവര്‍ക്കിടയില്‍ മതാടിസ്ഥാനത്തില്‍ തന്നെ വികസിച്ചുവന്നിട്ടുണ്ട്. ഇസ്രയേലും അമേരിക്കയും ഇന്ത്യയുടെ ഉറ്റ സുഹൃത്തുക്കളാവുകയും തന്ത്രപ്രധാനമായ മേഖലകളില്‍ സ്വൈരവിഹാരം നടത്താന്‍ ഇവര്‍ക്ക് അനുവാദം നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ ഇത്തരം സര്‍വേകളെ അത്ര ലാഘവത്തോടെ കാണാന്‍ നമുക്ക് പ്രയാസമുണ്ട്. വിദേശ ഏജന്‍സികള്‍ ഇവിടെ സര്‍വേകളും പഠനങ്ങളും നടത്താറുണ്ട്. ഇന്ത്യയിലെ യൂനിവേഴ്സിറ്റികളുമായും എന്‍.ജി.ഒകളുമായും സഹകരിച്ച് വിവിധ ഗവേഷണ സംരംഭങ്ങളും അവര്‍ നടത്താറുണ്ട്. അതൊക്കെ വലിയ അപരാധമാണെന്ന വാദവും നമുക്കില്ല. പക്ഷേ, സാമൂഹികവും രാഷ്ട്രീയവുമായ പഠനങ്ങള്‍ക്കപ്പുറത്ത് ഒരു പ്രത്യേക വിഭാഗത്തിന്റെ വിശ്വാസത്തെയും നിലപാടുകളെയും വിമര്‍ശിക്കുന്ന, ഭരണകൂടത്തിന്റെ അനുമതിയില്ലാതെ അവരുടെ സ്വകാര്യ ഇടങ്ങളെ അപ്രസക്തമാക്കുന്ന സര്‍വേ നാടകങ്ങള്‍ ലാഘവത്തോടെ വിലയിരുത്തുന്നത് ശരിയല്ല. പല കാരണങ്ങളാല്‍ അരക്ഷിതരായ ഒരു സമുദായത്തെ കൂടുതല്‍ പ്രതിരോധത്തിലേക്ക് നയിക്കാന്‍ മാത്രമാണ് ഇത്തരം പൊറാട്ടു നാടകങ്ങള്‍ സഹായകരമാവുക.
ഇന്ത്യയിലെ ഭരണകൂടത്തിന് ഇപ്പോള്‍ ഒരു പ്രത്യേക സ്വഭാവമുണ്ട്. അമേരിക്കന്‍ അനുമതിയോ അംഗീകാരമോ ഉണ്ടായാല്‍ മാത്രമാണ് എന്തും ഗുണകരമാവൂ എന്ന വിശ്വാസമാണത്. കോളനി രാജ്യങ്ങള്‍ മുമ്പ് അധിനിവേശ രാജ്യങ്ങളോട് സ്വീകരിച്ചിരുന്ന ഒരുതരം കവാത്ത്. ഏറ്റവും നല്ല സാഹിത്യം നോബല്‍ സമ്മാനം നേടിയവ, ഏറ്റവും നല്ല സിനിമ ഓസ്കാര്‍ നേടിയത് എന്ന മട്ടിലുള്ള ഒരു കോംപ്ളക്സ്. ഇന്ത്യയിലെ പ്രധാനമന്ത്രിക്ക് താന്‍ നല്ലൊരു ഭരണാധികാരിയാണെന്ന് തോന്നുന്നത് ഇടക്ക് അമേരിക്ക സന്ദര്‍ശിക്കുമ്പോഴാണ്. ഇന്ത്യയിലെ എം.പിമാര്‍ക്ക് തങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങളാണെന്ന ബോധം ഉണ്ടാവുന്നത് അമേരിക്കന്‍ പ്രസിഡന്റിന് ഹസ്തദാനം ചെയ്യുമ്പോഴാണ്. തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരു ഐ.എസ്.ഒ കിട്ടിയ പ്രതീതി അപ്പോഴാണ് ഉളവാകുന്നത്. എന്തിനും അമേരിക്കന്‍ ടച്ച് ഇഷ്ടപ്പെടുന്ന ഭരണാധികാരികള്‍ക്ക് തങ്ങളുടെ പൌരന്മാരുടെ ദേശസ്നേഹത്തിന് അമേരിക്കന്‍ ട്രേഡ് മാര്‍ക്ക് ലഭിക്കുന്നത് ഒരംഗീകാരമായിട്ടായിരിക്കും കണക്കാക്കുന്നത്! അമേരിക്കയുമായി പതിനായിരം കോടിയുടെ പ്രതിരോധ കരാറുകള്‍, ഭീകര വിരുദ്ധ വേട്ട എന്ന പേരില്‍ സൈനികര്‍ക്ക് മൊസാദിന്റെയും സി.ഐ.എയുടെയും പങ്കാളിത്തത്തോടെ സ്റഡി ക്ളാസ്സുകള്‍. ഏതെങ്കിലും തരത്തില്‍ ഇസ്രയേലിന് പുകഴ്ത്തിയവര്‍ക്കും, ഇസ്രയേല്‍ നേതാക്കള്‍ ദല്‍ഹിയിലിറങ്ങിയപ്പോള്‍ ബൊക്കയുമായി ഓടിച്ചെന്നവര്‍ക്കും, ബൊക്ക കൊടുത്തുവിട്ടവര്‍ക്കും മന്ത്രി പദങ്ങള്‍ ലഭിക്കുന്ന ഒരു നവകൊളോണിയല്‍ രാജ്യമായി മാറുകയാണ് ഇന്ത്യ.
ദേശ സ്നേഹത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കും കൂടുതല്‍ പാര്‍ശ്വവത്കരിക്കുന്നതിലുള്ള അരക്ഷിതാവസ്ഥകള്‍ക്കും ഭരണകൂടത്തെക്കുറിച്ച ആശങ്കകള്‍ക്കും നടുവിലാണ് ഈ സര്‍വേയെ അഭിമുഖീകരിക്കുന്ന സമുദായം. സച്ചാര്‍ കമ്മിറ്റിയും ലിബര്‍ഹാന്‍ കമീഷനും നല്‍കിയ റിപ്പോര്‍ട്ടുകളില്‍ ഇത്തരം സാമൂഹികമായ ഒറ്റപ്പെടുത്തലുകളെക്കുറിച്ച നിരീക്ഷണങ്ങളുണ്ട്. തങ്ങളുടെ വസ്ത്രങ്ങളും മതചിഹ്നങ്ങളും മതപാഠശാലകളും സംശയത്തിന്റെ നിഴലില്‍ കഴിയുന്നതിന്റെ മാനസികമായ സംഘര്‍ഷങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന വിചാരങ്ങള്‍ അത്ര ഗുണകരമാവുകയില്ല. ഏതെങ്കിലും മുസ്ലിം പ്രതിയായ കേസുകളെ ചാനലുകളും മാധ്യമങ്ങളും പോലീസും ചേര്‍ന്ന് ആഘോഷിക്കുന്നത് ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും തങ്ങള്‍ക്കെതിരാണെന്ന ബോധം ശക്തിപ്പെടാനാണ് കൂടുതല്‍ സഹായമാവുക. ആഭ്യന്തര മന്ത്രിക്കുപോലും പറയേണ്ടിവന്നു, ഇന്ത്യയിലെ പോലീസ് മുസ്ലിം വിഭാഗത്തിനെതിരാണെന്ന ബോധം നിലനില്‍ക്കുന്നുവെന്ന്. ഇതത്രയും ശരിയുമാണ്.
ഈയൊരവസ്ഥയിലാണ് ഇത്തരം സര്‍വേകള്‍ ഇന്ത്യയിലുടനീളം നടത്തുന്നത്. ഇതിന്റെ കുറ്റവാളികളെ കണ്ടെത്തിയാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാമെന്ന പ്രതീക്ഷയും അസ്ഥാനത്താണ്. ഇന്ത്യയില്‍ നടന്ന മിക്ക സ്ഫോടനങ്ങളിലും പങ്കുണ്ടെന്ന് തെളിഞ്ഞ ഹെഡ്ലിയെയും അഹമദാബാദ് സ്ഫോടനത്തിന്റെ സൂത്രധാരന്‍ ഹെവുഡിനെയും ഇവരുമായി ബന്ധമുള്ള സംഘ്പരിവാര്‍ ലോബികളെയും വെളിച്ചത്തുകൊണ്ടുവരുന്നതിനു പകരം 'തടിയന്റവിട നസീര്‍ മഅ്ദനി' എന്നാര്‍ത്തട്ടഹസിക്കാനായിരുന്നു മാധ്യമങ്ങളടക്കമുള്ളവര്‍ക്ക് താല്‍പര്യം. പ്രത്യയശാസ്ത്രം കൊണ്ട് സങ്കര ദേശീയതയെ എതിര്‍ക്കുന്നവരാണ് സംഘ്പരിവാര്‍. ഇസ്ലാമോ മുസ്ലിംകളോ അത്തരം ഒരു നിലപാട് സ്വീകരിക്കുന്നവരല്ല.
ഇന്ത്യയും ഹിന്ദുയിസവും തമ്മിലുള്ള ഗാഢ ബന്ധത്തിലാണ് ഹിന്ദുത്വ വര്‍ഗീയ ദര്‍ശനം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. രാമനു വേണ്ടിയുള്ള യുദ്ധത്തിലും 'ഏകതായാത്ര'യിലും ഈ വിഭാഗീയ ദര്‍ശനം നിഴലിക്കുന്നുണ്ട്. ഹിന്ദുത്വവാദികള്‍ ഇന്ന് ഏറ്റവും ഉച്ചത്തില്‍ ഉദ്ഘോഷിക്കുന്ന സന്ദേശം, രാമന്‍ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുയിസത്തിന്റെ ബ്രാഹ്മണ പതിപ്പിനെ അടിസ്ഥാനപ്പെടുത്തി മാത്രമേ ഇന്ത്യന്‍ ദേശീയത (ഏകത) കെട്ടിപ്പടുക്കാന്‍ കഴിയൂ എന്നതാണ്. 'ഹിന്ദു മുസ്ലിം ഐക്യമില്ലാതെ സ്വരാജ് ഇല്ല എന്നു പ്രഖ്യാപിച്ചവര്‍ നമ്മുടെ സമൂഹത്തോട് ഏറ്റവും വലിയ രാജ്യദ്രോഹമാണ് ചെയ്തത്' എന്നാണ് ഗോള്‍വാള്‍ക്കര്‍ സങ്കര ദേശീയതയോട് പ്രതികരിച്ചത്. ഇന്ത്യന്‍ ദേശീയതയില്‍ പ്രബലമായി വളര്‍ന്നുവന്ന മുസ്ലിംകള്‍ ദേശപരമായി സംഘ്പരിവാറിന്റെയും ആഗോളമായി സി.ഐ.എയുടെയും മൊസാദിന്റെയും പ്രതിസ്ഥാനത്താണ്. സംഘ്പരിവാറിന് വേണ്ടി കോര്‍പറേറ്റുകള്‍ നടത്തുന്നതോ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി സംഘ്പരിവാര്‍ ചെയ്യുന്നതോ ആയ ഒരു പ്രിസമാണ് ഇന്ത്യയിലെ സമീപകാലത്തുണ്ടായ എല്ലാ കലാപങ്ങളുടെയും സ്ഫോടനങ്ങളുടെയും പിന്നില്‍ തിളങ്ങിനിന്നിരുന്നത്. ഈ അദൃശ്യ സഖ്യത്തിലേക്ക് വഴികാണിക്കുന്ന എന്തെങ്കിലുമൊന്ന് ഈ സര്‍വേയില്‍ നിന്ന് ന്യായമായും പ്രതീക്ഷിക്കാം.
കുറിപ്പുകള്‍
1. A British spy in the Muslim world പേജ് 48
2. അതേ പുസ്തകം പേജ് 53
3. ബെര്‍ണാഡ് ലെവിസ്- What went wrong?
4. ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും, എ. റശീദുദ്ദീന്‍, പ്രതീക്ഷ ബുക്സ്, പേജ് 182
5. മുംബൈ- എന്‍.എസ് മാധവന്‍

  SocialTwist Tell-a-Friend
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly