>>ലേഖനം
ജമാഅത്തെ ഇസ്ലാമി അംഗങ്ങളുടെ ദല്‍ഹി സമ്മേളനം
പ്രസ്ഥാന ചരിത്രത്തിലെ നാഴികക്കല്ല്
എം. സാജിദ്
ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് കര്‍മമേഖലകളില്‍ ഊര്‍ജസ്വലതയും ആത്മവിശ്വാസവും വര്‍ധിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ചതുര്‍ദിന 'ദേശീയ കാഡര്‍ കോണ്‍ഫറന്‍സ്' ദല്‍ഹിയില്‍ സമാപിച്ചു. ദല്‍ഹി അബുല്‍ ഫസല്‍ എന്‍ക്ളേവിലെ ജമാഅത്ത് ആസ്ഥാനത്തുള്ള 18 ഏക്കര്‍ വിശാല ഭൂമിയിലാണ് ഏഴായിരത്തോളം അംഗങ്ങള്‍ പങ്കെടുത്ത സമ്മേളനം നടന്നത്. കേരളത്തില്‍നിന്ന് ആയിരത്തിലധികം പേര്‍ പങ്കെടുത്ത സമ്മേളനത്തിലെ 1250-ലധികം വരുന്ന വനിതാ പ്രാതിനിധ്യം ദേശീയ ഇസ്ലാമിക ചലനങ്ങളില്‍ വേറിട്ടതായിരുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങളെപ്പോലും തൃണവത്ഗണിച്ചും ദല്‍ഹിയിലെ അതിശൈത്യത്തിന് മുമ്പായെത്തുന്ന ദുരിതം പിടിച്ച കാലാവസ്ഥാ മാറ്റത്തിന്റെ വെല്ലുവിളികളെ അവഗണിച്ചും എത്തിയ മുതിര്‍ന്ന ജമാഅത്തംഗങ്ങളും വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലെ വീറുറ്റ പ്രവര്‍ത്തന പഥങ്ങളില്‍നിന്ന് മാതൃ പ്രസ്ഥാനത്തിലേക്ക് ആവേശപൂര്‍വം കടന്നെത്തിയ ചെറുപ്പക്കാരും ഒത്തുചേര്‍ന്ന സംഗമം ഇന്ത്യയില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഭാവി ശോഭനവും പ്രതീക്ഷാ നിര്‍ഭരവുമാണെന്ന് വിളിച്ചോതുന്നതായിരുന്നു.
നവംബര്‍ 4 വ്യാഴം രാവിലെ 9 മണിക്ക് തന്നെ ഉദ്ഘാടനം സെഷന്‍ ആരംഭിച്ചു. ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാംഗം മൌലാനാ മുഹമ്മദ് യൂസുഫ് ഇസ്ലാഹി ഖുര്‍ആന്‍ പഠനക്ളാസ് നടത്തി. അഖിലേന്ത്യാ അധ്യക്ഷന്‍ മൌലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി 'ഇന്ത്യന്‍ സമൂഹവും ഇസ്ലാമിക പ്രസ്ഥാനവും' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. എല്ലാവരെയും ഉള്‍ക്കൊള്ളാത്ത സാമ്പത്തിക നയങ്ങളാണ് രാജ്യത്ത് ധനികനും ദരിദ്രനും തമ്മിലുള്ള അകലം വര്‍ധിപ്പിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. 'തിളങ്ങുന്ന ഇന്ത്യ'യിലെ സാധാരണക്കാരന്റെ നീറുന്ന പ്രശ്നങ്ങള്‍ അവഗണിക്കപ്പെടുകയായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തുമ്പോഴും തെറ്റായ നയങ്ങള്‍ കാരണം രാജ്യത്ത് പട്ടിണിയും വിവേചനവും പൌരാവകാശ ധ്വംസനങ്ങളും വര്‍ധിക്കുകയാണ്. ലോകത്തെമ്പാടും മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നു. കടുത്ത ധാര്‍മിക പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നുപോവുന്നത്. പരിധികളില്ലാത്ത ലൈംഗികത പരന്നൊഴുകുമ്പോള്‍ പ്രിന്റ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ അവയെ പ്രതിരോധിക്കുന്നതിനു പകരം പ്രോത്സാഹിപ്പിക്കുകയാണ്. നീതിയും സമാധാനവും അടിസ്ഥാനമാക്കിയുള്ള ഒരു വ്യവസ്ഥ രാജ്യത്ത് സംജാതമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. പുതിയ ലോകത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഇസ്ലാമിന്റെ സന്ദേശം പരമാവധി ദൈവദാസന്മാരിലെത്തിക്കാന്‍ പരിശ്രമിക്കണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
ജനറല്‍ സെക്രട്ടറി നുസ്റത്ത് അലി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇന്ത്യയില്‍ ഇസ്ലാമിക് ബാങ്കിംഗ് അനുവദിക്കാന്‍ ജമാഅത്ത് നടത്തുന്ന ശ്രമങ്ങള്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചു. കേരളം, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ജമാഅത്ത് നടത്തുന്ന ശ്രമങ്ങളും റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചു.
മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രോത്സാഹനം, സാധാരണക്കാരന്റെ ക്ഷേമം, നീതിയും തുല്യതയും നടപ്പിലാക്കല്‍, ന്യൂനപക്ഷ സംരംക്ഷണം തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാന്‍ ജമാഅത്ത് തീരുമാനമെടുത്തതായി അദ്ദേഹം അംഗങ്ങളെ അറിയിച്ചു. രാജ്യത്തെ മുഴുവന്‍ പൌരന്മാരെയും ഉള്‍ക്കൊള്ളുന്ന ഈ പാര്‍ട്ടി അതിന്റെ പ്രവര്‍ത്തനങ്ങളില്‍ തീര്‍ത്തും സ്വതന്ത്രമായിരിക്കും. പാര്‍ട്ടിയുടെ രൂപവത്കരണത്തിന് മുന്‍കൈ എടുക്കുന്നതൊഴിച്ചാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജമാഅത്ത് ഉത്തരവാദി ആയിരിക്കില്ല- സെക്രട്ടറി വിശദീകരിച്ചു. ജമാഅത്ത് ദേശീയ സെക്രട്ടറി ഇഅ്ജാസ് അസ്ലം സെഷന്‍ കണ്‍വീനറായിരുന്നു.
വിവിധ സംസ്ഥാന ഘടകങ്ങളുടെയും പോഷക സംവിധാനങ്ങളുടെയും പ്രദര്‍ശന സ്റാളുകള്‍ വൈകുന്നേരം നടന്ന ചടങ്ങില്‍ അഖിലേന്ത്യാ അമീര്‍ ഉദ്ഘാടനം ചെയ്തു. കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക, എസ്.ഐ.ഒ, ഐ.സി.ഐ.എഫ് സ്റാളുകള്‍ ശ്രദ്ധേയമായിരുന്നു.
ഫലസ്ത്വീന്‍ പ്രശ്നത്തെക്കുറിച്ച് പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിരുന്നു. ജമാഅത്ത് ഓഫീസിനോട് ചേര്‍ന്ന് എസ്.ഐ.ഒ ഹെഡ് ക്വാര്‍ട്ടേഴ്സിന്റെ മുറ്റത്ത് തയാറാക്കിയ പ്രദര്‍ശനം നാലു ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നു. ഫലസ്ത്വീന്‍ പ്രശ്നത്തെക്കുറിച്ച് എസ്.ഐ.ഒ സംഘടിപ്പിച്ച മുഖാമുഖത്തില്‍ ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍ പങ്കെടുത്തു.
ഒന്നാം ദിവസം രാത്രി ഏഴു സെഷനുകള്‍ സമാന്തരമായി നടന്നു. വിവിധ വിഷയങ്ങളില്‍ തല്‍പരരായവര്‍ക്ക് പരിപാടികള്‍ തെരഞ്ഞെടുത്ത് പങ്കെടുക്കാന്‍ അവസരം നല്‍കി. 'ഇസ്ലാമിക് ഫിനാന്‍സ് ഇന്ത്യയില്‍; സാധ്യതകളും പ്രശ്നങ്ങളും' എന്ന വിഷയത്തില്‍ എച്ച്. അബ്ദുര്‍റഖീബ്, ഡോ. റഹ്മത്തുല്ല, ഡോ. വഖാര്‍ അന്‍വര്‍ എന്നിവര്‍ സംബന്ധിച്ചു. 'ഇസ്ലാമിക പ്രസ്ഥാനം സ്ത്രീകളില്‍; നിലവിലെ അവസ്ഥയും ഭാവി നടപടികളും' എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചക്ക് നാസിറ ഖാനം, ശഹ്നാസ് ബംഗ്ളൂര്‍, ഷാഇസ്ത റഫ്അത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 'ഇന്ത്യയിലെ പൌരാവകാശ അവസ്ഥകളും നമ്മുടെ പ്രവര്‍ത്തന മാതൃകകളും' എന്ന വിഷയത്തില്‍ ഡോ. ഷക്കീല്‍ അഹ്മദ്, എഞ്ചി. മുഹമ്മദ് സലീം, ഹാമിദ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പങ്കെടുത്തു. ഏറ്റവുമധികം ആളുകള്‍ ആവേശത്തോടെ പങ്കെടുത്ത ചര്‍ച്ച 'പഞ്ചായത്ത് തെരഞ്ഞെടുപ്പ്- സാധ്യതകളും താല്‍പര്യങ്ങളും' എന്ന തലക്കെട്ടിലായിരുന്നു. മുജ്തബ ഫാറൂഖ്, ടി. ആരിഫലി, അബ്ദുല്‍ ജബ്ബാര്‍ സിദ്ദീഖി തുടങ്ങിയവര്‍ നയിച്ച ചര്‍ച്ചയില്‍ നിലവിലെ വാര്‍ഡ് മെമ്പര്‍മാരടക്കം പരിചയസമ്പരായ ധാരാളമാളുകള്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു.
'പണ്ഡിതന്മാരും ഇസ്ലാമിക പ്രസ്ഥാനവും' എന്ന ചര്‍ച്ചയില്‍ മൌലാനാ റഫീഖ് ഖാസിമി, ഡോ. അബ്ദുസ്സലാം വാണിയമ്പലം, ഡോ. സഫ്ദര്‍ സുല്‍ത്താന്‍ ഇസ്ലാഹി തുടങ്ങിയവര്‍ സംസാരിച്ചു. 'സാഹിത്യവും ഇസ്ലാമിക പ്രസ്ഥാനവും' ചര്‍ച്ചക്ക് ഡോ. അഹ്മദ് സജ്ജാദ്, ഇന്‍തസാര്‍ നഈം, അസ്ലം ഗാസി എന്നിവര്‍ നേതൃത്വം നല്‍കി. 'ഇസ്ലാമിക പ്രസ്ഥാനം അധ്യാപകര്‍ക്കിടയില്‍' എന്ന ചര്‍ച്ചയില്‍ അശ്ഫാഖ് അഹ്മദ്, അബ്ദുല്‍ ബാരി മുഅ്മിന്‍, അബ്ദുല്‍ ഗഫൂര്‍ അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു.
മൌലാനാ ഇനായത്തുല്ല സുബ്ഹാനിയുടെ ഹദീസ് ദര്‍സോടെയാണ് രണ്ടാം ദിവസത്തെ പരിപാടികള്‍ ആരംഭിച്ചത്. 'സമകാലിക സാഹചര്യങ്ങളും ഇസ്ലാമിക പ്രസ്ഥാനവും' എന്ന വിഷയത്തില്‍ ദേശീയ ശൂറാംഗവും ഝാര്‍ഖണ്ഡ് സംസ്ഥാന അമീറുമായ ഡോ. ഹസന്‍ റസാ പ്രബന്ധം അവതരിപ്പിച്ചു. സമൂഹത്തിലെ പ്രശ്നങ്ങളെ ഇസ്ലാമിക പരിപ്രേക്ഷ്യത്തിലൂടെ നോക്കികാണുകയും ശക്തമായി ഇടപെടുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'മുസ്ലിം സമൂഹത്തില്‍ നമ്മുടെ മുന്‍ഗണനാക്രമം' എന്ന വിഷയം അവതരിപ്പിച്ചത് ദേശീയ ശൂറാംഗവും ദല്‍ഹി സംസ്ഥാന അമീറുമായ ഡോ. മുഹമ്മദ് റഫ്അത്ത് ആയിരുന്നു. മുന്‍ഗണനകള്‍ അട്ടിമറിക്കപ്പെടുന്നത് യഥാര്‍ഥ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തെ തടയുമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. മുസ്ലിം ഉമ്മത്തിനെ അതിന്റെ സ്ഥാനവും ഉത്തരവാദിത്വവും ഓര്‍മപ്പെടുത്തുക, ഇസ്ലാമികേതര ചിന്താധാരകളില്‍നിന്നും ദര്‍ശനങ്ങളില്‍നിന്നും അതിനെ രക്ഷപ്പെടുത്തുക, ഉമ്മത്തിന്റെ പ്രബോധക സ്വഭാവം നിലനിര്‍ത്തുക എന്നിവയാണ് നമ്മുടെ മുഖ്യ ഊന്നലുകളാവേണ്ടത്. ഡോ. റഫ്അത്ത് വിലയിരുത്തി.
'കോര്‍പ്പറേറ്റ് മാധ്യമങ്ങളും ഇസ്ലാമിക പ്രസ്ഥാനവും- വെല്ലുവിളികളും താല്‍പര്യങ്ങളും' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച ദേശീയ ശൂറാംഗം ഡോ. എസ്.ക്യു.ആര്‍ ഇല്യാസ് ആഗോളതലത്തില്‍ മീഡിയ ഒന്നടങ്കം ഏതാനും കോര്‍പ്പറേറ്റുകളുടെ കൈപ്പിടിയില്‍ ഒതുങ്ങിയതായി അഭിപ്രായപ്പെട്ടു. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് അനുഗുണമായ വാര്‍ത്തകള്‍ പര്‍വതീകരിക്കപ്പെടുകയും സാമൂഹിക പ്രധാനമായവ തമസ്കരിക്കപ്പെടുകയും ചെയ്യുന്നു. നിലവിലെ മാധ്യമങ്ങളില്‍ ചെയ്യാവുന്നവയും ബദല്‍ മാധ്യമങ്ങള്‍ക്ക് വേണ്ടിയുള്ള കരട് പ്രവര്‍ത്തനങ്ങളും നിര്‍ദേശിച്ച അദ്ദേഹം കേരളത്തില്‍ മാധ്യമം നേടിയെടുത്ത സ്വാധീനത്തെ പ്രത്യേകം പ്രശംസിച്ചു.
'ആധുനിക യുഗത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും ഇസ്ലാമിക പ്രസ്ഥാനവും' എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ വനിതാ ഓര്‍ഗനൈസര്‍ അതിയ്യ സിദ്ദീഖ സംസാരിച്ചു. വിദ്യാഭ്യാസ രാഹിത്യം, സ്ത്രീധനം, പെണ്‍ഭ്രൂണഹത്യ, തുറന്ന ലൈംഗികത, ഫാഷന്‍ ഭ്രമം, സ്ത്രീവിവേചനം, ഗാര്‍ഹിക- തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ തുടങ്ങി സ്ത്രീകള്‍ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളെ സധൈര്യം അഭിമുഖീകരിക്കാന്‍ ഇസ്ലാമിക പ്രസ്ഥാനം തയാറാവണം. സ്ത്രീ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം, ദീനീ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, ഭര്‍തൃപീഡനങ്ങളില്‍നിന്ന് സംരക്ഷണം, പാശ്ചാത്യ സംസ്കാരത്തെക്കുറിച്ച ബോധവത്കരണം തുടങ്ങിയ വിഷയങ്ങളില്‍ ആസൂത്രിതമായ പരിപാടികളുമായി പ്രസ്ഥാനം മുന്നോട്ടു വരണം- അതിയ്യ ആവശ്യപ്പെട്ടു. കര്‍ണാടക അമീര്‍ അബ്ദുല്ല ജാവേദ് സെഷന്‍ കണ്‍വീനറായിരുന്നു.
മുന്‍ കേന്ദ്ര ശൂറാംഗം മൌലാനാ അബ്ദുല്‍ അസീസ് ജുമുഅ ഖുത്വ്ബ നിര്‍വഹിച്ചു.
രണ്ടാം സെഷനില്‍ നടന്ന പാനല്‍ ചര്‍ച്ച സജീവവും വിവിധ വാദമുഖങ്ങള്‍ കൊണ്ട് വ്യതിരിക്തവുമായിരുന്നു. 'പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലെ സന്തുലിതത്വം- എന്തിന്? എങ്ങനെ?' എന്നതായിരുന്നു ചര്‍ച്ചാ വിഷയം. ദേശീയ ശൂറാംഗം സആദത്തുല്ല ഹുസൈനിയായിരുന്നു മോഡറേറ്റര്‍. പര്‍വാസ് റഹ്മാനി, അതറുല്ല ശരീഫ്, ശബ്ബീര്‍ ആലം, ഡോ. ജാവേദ് മുകര്‍റം, മുഹമ്മദ് അഹ്മദ് എന്നിവര്‍ പാനലിസ്റുകളായിരുന്നു. രാഷ്ട്രീയവും സാമൂഹിക സേവനവുമടക്കമുള്ള എല്ലാ പ്രവര്‍ത്തന മേഖലകളും ഇഖാമത്തുദ്ദീനിന്റെ തന്നെ ഭാഗമാണെന്നും ഓരോന്നിനെയും വേറിട്ട് കാണുന്നത് ലക്ഷ്യസാധ്യത്തിന് തടസ്സമാകുമെന്നും വിലയിരുത്തപ്പെട്ടു. ദേശീയ ശൂറാംഗവും ഗീതുറായ് പത്രാധിപരുമായ എസ്.എം മലിക് അവലോകന പ്രഭാഷണം നടത്തി. എഴുതി ലഭിച്ച ചോദ്യങ്ങള്‍ക്ക് സെക്രട്ടറി മറുപടി പറഞ്ഞു. ത്യാഗത്തിന്റെയും സ്വഭാവചര്യകളുടെയും മാനദണ്ഡങ്ങളെക്കുറിച്ച് ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ താളുകളില്‍ നിന്ന് ഓര്‍മപ്പെടുത്തല്‍ നടത്തിയത് ദേശീയ ശൂറാംഗം എസ്. അമീനുല്‍ ഹസനായിരുന്നു. തമിഴ്നാട് അമീര്‍ ഷബ്ബീര്‍ അഹ്മദ് സെഷന്‍ കണ്‍വീനറായിരുന്നു.
മൌലാനാ വലിയ്യുല്ലാ സഈദിയുടെ ഹദീസ് ക്ളാസ്സോടെയാണ് മൂന്നാം ദിവസത്തെ പരിപാടികള്‍ ആരംഭിച്ചത്. 'വ്യക്തിസംസ്കരണം ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍' എന്ന വിഷയത്തില്‍ മുന്‍ ദേശീയ അമീര്‍ ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി സംസാരിച്ചു. 'ബഹുമുഖ പ്രവര്‍ത്തനങ്ങളും ആഭ്യന്തര ഭദ്രതയും', 'ജനസേവനം- ഇസ്ലാമിക സങ്കല്‍പവും ഇസ്ലാമിക പ്രസ്ഥാനവും', 'ഇസ്ലാമിക പ്രബോധനം-പുതിയ വെല്ലുവിളികളും താല്‍പര്യങ്ങളും', 'സാമ്രാജ്യത്വ അജണ്ടകളും ഇസ്ലാമിക ലോകവും' എന്നീ വിഷയങ്ങളില്‍ യഥാക്രമം മുഹമ്മദ് ജഅ്ഫര്‍ (ഡെപ്യൂട്ടി അമീര്‍), പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ (ഡെപ്യൂട്ടി അമീര്‍), മുഹമ്മദ് ഇഖ്ബാല്‍ മുല്ല (ദേശീയ സെക്രട്ടറി), ടി.കെ അബ്ദുല്ല (ദേശീയ ശൂറാംഗം) എന്നിവര്‍ സംസാരിച്ചു. ഗുജറാത്ത് അമീര്‍ മുഹമ്മദ് ശഫി മദനി സെഷന്‍ കണ്‍വീനറായിരുന്നു.
സമാപന സമ്മേളനത്തില്‍ സമാന്തര സെഷനുകളുടെ സംക്ഷിപ്ത റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. അംഗങ്ങള്‍ക്ക് ദേശീയ അമീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതീവ വൈകാരിക ഭാഷയില്‍ സമാപന പ്രഭാഷണം നടത്തിയ അമീര്‍ ദീനീ മാര്‍ഗത്തില്‍ ത്യാഗമനുഷ്ഠിക്കാനും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും നിരന്തരം പ്രാര്‍ഥിക്കാനും പ്രവര്‍ത്തകരെ ഉദ്ബോധിപ്പിച്ചു. ദേശീയ സെക്രട്ടറി ഇഅ്ജാസ് അസ്ലം 'ദല്‍ഹി പ്രഖ്യാപനം' വായിച്ചു. ലോക ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിന് തങ്ങളുടെ ദാസനെ യഥാവിധി മനസ്സിലാക്കുന്നതില്‍ പിണഞ്ഞ അമളിയാണ് ഇന്ന് ലോകം അനുഭവിക്കുന്ന വലിയ പ്രശ്നങ്ങളായി മാറിയിരിക്കുന്നത്. മനുഷ്യനെ വഴിതെറ്റിക്കുന്ന ഭൌതികതയില്‍നിന്ന് ദൈവത്തിന്റെ വ്യവസ്ഥയിലേക്ക് തിരിച്ചുവരല്‍ മാത്രമാണ് ഇതിനുള്ള പരിഹാരം. മുതലാളിത്ത സാമ്രാജ്യത്വത്തിന്റെ ചതിക്കുഴികളെ തിരിച്ചറിയാനും പ്രതിരോധിക്കാനും നാം തയാറാവണം. ദൈവമാര്‍ഗത്തില്‍ അടിയുറച്ച് നില്‍ക്കണം. അന്തിമ ലക്ഷ്യത്തിലേക്ക് ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറണം- 'ദല്‍ഹി പ്രഖ്യാപനം' തുടര്‍ന്നു. സമ്മേളന നാസിം മുജ്തബ ഫാറൂഖിന്റെ നന്ദി പ്രകടനത്തോടെ പരിപാടികള്‍ക്ക് തിരശ്ശീല വീണു.
എല്ലാ സെഷനുകളിലും മലയാളം, ബംഗ്ള പരിഭാഷകള്‍ ഉണ്ടായിരുന്നു. യൂസുഫ് ഉമരി, വി.കെ അലി, അബ്ദുര്‍റഹ്മാന്‍ നദ്വി, അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍, എം. സാജിദ് എന്നിവര്‍ വിവിധ സെഷനുകളില്‍ മലയാള പരിഭാഷ നടത്തി.
അനാരോഗ്യം കാരണം മുതിര്‍ന്ന ശൂറാംഗങ്ങളായ മൌലാനാ സിറാജുല്‍ ഹസന്‍, ഡോ. എഫ്.ആര്‍ ഫരീദി, ദേശീയ സെക്രട്ടറി അബ്ദുല്‍ ബാസിത് അന്‍വര്‍, ബീഹാര്‍ അമീര്‍ ഖമറുല്‍ ഹുദ, മഹാരാഷ്ട്ര അമീര്‍ നസര്‍ മുഹമ്മദ് മദ്ഊ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തില്ല. വാര്‍ധക്യ വിവശതകളും അനാരോഗ്യവും അവഗണിച്ച് ആദ്യന്തം സമ്മേളന വേദിയില്‍ ഇരുപ്പുറപ്പിച്ചിരുന്നു വന്ദ്യവയോധികനും മുതിര്‍ന്ന നേതാവുമായ മൌലാനാ ശഫീ മൂനിസ്. സമാപന സമ്മേളനത്തില്‍ പ്രാര്‍ഥന നിര്‍വഹിച്ചതും അദ്ദേഹമായിരുന്നു. സമ്മേളനത്തിലേക്ക് പുറപ്പെട്ടവരും അതിന് കഴിയാത്തവരുമായ ഏതാനും ജമാഅത്ത് അംഗങ്ങള്‍ സമ്മേളന ദിനങ്ങള്‍ക്കിടെ മരണപ്പെടുകയുണ്ടായി. അല്ലാഹു അവര്‍ക്ക് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ.
മികച്ച സംഘാടനം കൊണ്ട് പ്രസ്ഥാന ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട സമ്മേളനം കൂടിയായിരുന്നു ഇപ്പോള്‍ ദല്‍ഹിയില്‍ നടന്നത്. സംസ്ഥാനങ്ങള്‍ തിരിച്ച് 4 ഭക്ഷണശാലകളാണ് ഒരേസമയം പ്രവര്‍ത്തിച്ചത്. കേരള മെസ്സിലായിരുന്നു ആസാം, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ഭക്ഷണം കഴിച്ചത്. സ്ഥലം എം.എല്‍.എയും കൌണ്‍സിലറും കുടിവെള്ള വിതരണത്തിന് വിപുലമായ സൌകര്യങ്ങള്‍ ഒരുക്കി നല്‍കിയിരുന്നു. കേരളത്തിലെ ഐ.ആര്‍.ഡബ്ള്യു പ്രവര്‍ത്തകര്‍ക്കായിരുന്നു മുഴുവന്‍ സമ്മേളനത്തിന്റെയും സെക്യൂരിറ്റി എമര്‍ജന്‍സി ചുമതലകള്‍. ആംബുലന്‍സുകളടക്കം മെഡിക്കല്‍ കൌണ്ടര്‍ സര്‍വ സജ്ജമായിരുന്നു. വിവിധ റെയില്‍വെ സ്റേഷനുകളില്‍ വന്നിറങ്ങിയ അതിഥികളെ സമ്മേളന നഗരിയിലെത്തിക്കാനും തിരിച്ചുകൊണ്ടുപോകാനും വിപുലമായ ഗതാഗത സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. ആയിരത്തോളം വളണ്ടിയര്‍മാരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സേവനത്തിനെത്തിയത്. ദല്‍ഹി മലയാളി ഹല്‍ഖയിലെ മുഴുവന്‍ പ്രവര്‍ത്തകരും വിവിധ വകുപ്പുകളിലായി സജീവ സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നു.
ദൂരെ ദിക്കുകളില്‍ നിന്ന് രാജ്യ തലസ്ഥാനത്തെത്തുന്നവര്‍ക്ക് നഗരം ചുറ്റിക്കാണാനുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിരുന്നു. കേരളത്തില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ ഈ സംവിധാനം ധാരാളമായി ഉപയോഗപ്പെടുത്തി.
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അംഗങ്ങള്‍ക്ക് പ്രവര്‍ത്തന മാര്‍ഗത്തില്‍ പുതിയ വെളിച്ചം പകര്‍ന്നു നല്‍കിയാണ് ദല്‍ഹി സമ്മേളനം സമാപിച്ചത്. വ്യക്തിയും സമൂഹവും അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഇസ്ലാമിനെ ഉയര്‍ത്തിക്കാണിക്കാനുള്ള ശക്തമായ ആഹ്വാനമാണ് മൂന്ന് ദിവസത്തെ വിവിധ സെഷനുകളില്‍ മുഴങ്ങിക്കേട്ടത്. കേവലമായ ആശയ പ്രചാരണത്തില്‍നിന്ന് ഇസ്ലാമിനെ പ്രായോഗികമായി പ്രതിനിധീകരിക്കുന്നതിലേക്കുള്ള വളര്‍ച്ചയും വികാസവും പ്രസ്ഥാനം നേടിയെടുക്കുന്നതായും സമ്മേളനം വ്യക്തമാക്കി. പഞ്ചാബ് മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ ആസാം വരെയും വേരുകളുള്ള ഏക ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിക്ക് അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് മുന്നേറ്റാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് ദല്‍ഹി സമ്മേളനത്തിലൂടെ നേടിയെടുത്തിരിക്കുന്നത്.