>>റിപ്പോര്‍ട്ട്
സാമ്രാജ്യത്വ ദാസ്യത്തിനെതിരെ
സമുദായ ഐക്യത്തിന്റെ വിളംബരം
എം. എസ്
ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം സന്ദര്‍ശിക്കുമ്പോള്‍ അവിടത്തെ പൌരന്റെ ജനാധിപത്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നത് എത്രമാത്രം വൈരുധ്യാത്മകമാണ്! അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തിനു വേണ്ടി സര്‍ക്കാര്‍ ചെയ്തു കൂട്ടിയത് തലമറന്നുള്ള എണ്ണ തേപ്പാണ്. സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള പൌരന്റെ സ്വാതന്ത്യ്രമാണ് ഇന്ത്യന്‍ സാമൂഹിക സംവിധാനത്തിന്റെ ഏറ്റവും വലിയ കരുത്ത്. ആതിഥ്യത്തിന്റെ ചിട്ടവട്ടങ്ങള്‍ക്കിടയില്‍, അതിഥിയെ സന്തോഷിപ്പിക്കാനുള്ള അതിവ്യഗ്രതയില്‍ സ്വന്തം പൌരന്റെ നാവിനെ വരിഞ്ഞുകെട്ടാന്‍ ശ്രമിക്കുന്നത് ഭാരതീയ ജനാധിപത്യ പാരമ്പര്യത്തിന് തീരാക്കളങ്കമാണ് വരുത്തിവെച്ചിരിക്കുന്നത്.
ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ദേശീയ കാഡര്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി തലസ്ഥാന നഗരിയില്‍ ഒരു റാലി നടത്താന്‍ തീരുമാനിച്ചത് ആറു മാസങ്ങള്‍ക്ക് മുമ്പായിരുന്നു. 'പട്ടിണിയില്‍നിന്നും അടിമത്തത്തില്‍നിന്നും അരക്ഷിതാവസ്ഥയില്‍നിന്നും രാജ്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്. ദല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയില്‍ നിന്നാരംഭിച്ച് ജന്തര്‍മന്ദിറില്‍ അവസാനിക്കുന്ന വിധത്തിലാണ് റാലി ആസൂത്രണം ചെയ്തിരുന്നത്. ഇന്ത്യയുടെ സാംസ്കാരിക ബഹുത്വത്തെ ഉദ്ഘോഷിക്കുംവിധം വിവിധ ഭാഷകളിലുള്ള ബാനറുകളും പ്ളക്കാര്‍ഡുകളും നിശ്ചല ദൃശ്യങ്ങളും അടങ്ങുന്ന 45 ക്ളസ്ററുകളാണ് റാലിയില്‍ ഉണ്ടാവേണ്ടിയിരുന്നത്. ദല്‍ഹി പോലീസിന്റെ ലെറ്റര്‍ ഹെഡില്‍ റാലിക്ക് അനുമതി പത്രവും ലഭിച്ചിരുന്നു. റാലിയുടെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച് പോലീസ് മേധാവികളും സംഘാടകരും തമ്മില്‍ നിരന്തര ആശയവിനിമയങ്ങളും നടന്നുകൊണ്ടിരുന്നു. എന്നാല്‍ റാലി നിശ്ചയിക്കപ്പെട്ട ദിവസത്തിന് മൂന്ന് നാള്‍ മുമ്പ് ദല്‍ഹി പോലീസ് സ്പെഷല്‍ ബ്രാഞ്ചിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സിലെത്താന്‍ സംഘാടകരോട് ആവശ്യപ്പെട്ടു. സമ്മേളന പ്രതിനിധികള്‍ പോലീസ് ഓഫീസിലെത്തുമ്പോള്‍ അവരെ കാത്തിരുന്നത് ഒമ്പത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍! മാറിയ സാഹചര്യത്തില്‍ റാലി നടത്താന്‍ അനുമതി ഇല്ല എന്നായിരുന്നു അവരുടെ വിശദീകരണം. കാരണം അന്വേഷിച്ചപ്പോള്‍ 'ഒബാമ വരുന്നു' എന്നായി മറുപടി. എന്നാല്‍ ഒബാമയും തങ്ങളുടെ റാലിയുമായി നേരിട്ട് ബന്ധമൊന്നുമില്ലെന്ന് സംഘാടകര്‍ പറഞ്ഞെങ്കിലും വി.വി.ഐ.പി സുരക്ഷക്ക് റാലി ഭീഷണിയാണെന്നായിരുന്നു പോലീസിന്റെ ഭാഷ്യം. പിന്നീട് റാലിക്ക് നല്‍കിയ അനുമതി നിഷേധിക്കുന്നതായി സമ്മേളന ഓഫീസിലേക്ക് ഫാക്സ് സന്ദേശം എത്തുകയും ചെയ്തു.
തങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമായി ഈ സംഭവത്തെ മനസ്സിലാക്കിയ ജമാഅത്ത് നേതൃത്വം അടിമത്തത്തെക്കുറിച്ച് പ്രസ്ഥാനം പറയുന്നത് ആവര്‍ത്തിച്ച് പുലരുന്നതായി വിലയിരുത്തി. നിയമനടപടികള്‍ അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നറിയിച്ച നേതാക്കള്‍ റാലി നടക്കേണ്ടിയിരുന്ന അതേ ദിവസം സമ്മേളനനഗരിയില്‍ പ്രതിഷേധ സംഗമം നടത്താന്‍ തീരുമാനിച്ചു. റാലിയുടെ സമാപന സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്ന മുഴുവന്‍ അതിഥികളെയും പ്രതിഷേധ സംഗമത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
നവംബര്‍ ഏഴ് ഞായറാഴ്ച നടന്ന പ്രതിഷേധ സംഗമം ജമാഅത്ത് സെക്രട്ടറി നുസ്റത്ത് അലി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ മിക്ക പ്രദേശങ്ങളുടെയും ദുരിതത്തിന് കാരണക്കാരായ ഒരു രാജ്യത്തിന്റെ തലവനു വേണ്ടി തങ്ങളുടെ പൌരാവകാശങ്ങള്‍ ധ്വംസിക്കുന്ന സര്‍ക്കാര്‍ നടപടിയെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഞങ്ങള്‍ റാലിയില്‍ എത്തുന്നത് തടയാന്‍ ഒരുപക്ഷേ സര്‍ക്കാറിന് കഴിഞ്ഞേക്കും, എന്നാല്‍ ഞങ്ങളുടെ പ്രതിഷേധത്തെ തടയാന്‍ അവര്‍ക്കാവില്ല. രാജ്യത്തിന് സ്വതന്ത്രമായ വിദേശ നയം ഉണ്ടാകണം. ഫലസ്ത്വീനികളെ നിരന്തരം കൊന്നൊടുക്കുന്ന ഇസ്രയേലുമായുള്ള നമ്മുടെ ചങ്ങാത്തം അവസാനിപ്പിച്ചേ മതിയാകൂ. ജി.ഡി.പിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം മനുഷ്യ വികാസ സൂചികയില്‍ ഏറെ പിന്നില്‍ നില്‍ക്കുന്നത് വൈരുധ്യമാണ്. രാജ്യത്ത് നിയമസംവിധാനം താറുമാറാവുകയും കരിനിയമങ്ങള്‍ നാടുവാഴുകയും ചെയ്യുകയാണ്. ആര്‍.എസ്.എസ് ഭീകരതയെക്കുറിച്ച വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോഴും മുസ്ലിം ചെറുപ്പക്കാര്‍ ജയിലുകളില്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്യം അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് നേരെ ന്യൂനപക്ഷങ്ങള്‍ കണ്ണടക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണകൂടം നടത്തിയ നീതിനിഷേധം സമുദായത്തിനും സമൂഹത്തിനും നേരെയുള്ളതാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിവിധ മുസ്ലിം നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യ പ്രഭാഷണങ്ങള്‍ നടത്തി. പൊതുപ്രശ്നങ്ങളില്‍ അഭിപ്രായ ഭിന്നതകള്‍ നീക്കിവെച്ച് യോജിപ്പിന്റെ തലങ്ങള്‍ കണ്ടെത്തണമെന്ന ആഹ്വാനമാണ് അവര്‍ ഓരോരുത്തരും നല്‍കിയത്. സമൂഹം അനുഭവിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളില്‍ സുചിന്തിതമായ നിലപാടുകളെടുക്കുന്ന ജമാഅത്തിനെ മുക്തകണ്ഠം പ്രശംസിക്കാനും അവര്‍ മറന്നില്ല.
മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും കേവലം പെന്‍ഷന്‍തീനികളായി മാറിയിരിക്കുകയാണെന്ന് ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍ അഭിപ്രായപ്പെട്ടു. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. അനീതിയിലധിഷ്ഠിതമായ സാമ്പത്തിക നയങ്ങള്‍ രാജ്യത്ത് അസമാധാനം വളര്‍ത്തുകയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റംഗവും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ നേതാവുമായ മൌലാനാ മഹ്മൂദ് മദനി ജമാഅത്ത് സമ്മേളനത്തെ പ്രത്യേകം പ്രശംസിച്ചു. നന്നായി ശിക്ഷണം ലഭിച്ച ഓരോ പ്രവര്‍ത്തകനും ഈ സന്ദേശം അനേകരിലേക്കെത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തിന് സ്വാതന്ത്യ്രം നേടികൊടുത്ത മുസ്ലിംകള്‍ നാടിനെയും നാട്ടാരെയും അവഗണിച്ചാല്‍ തിരിച്ചും അതു തന്നെയായിരിക്കും ഫലം. ഇസ്രയേലുമായുള്ള ഇന്ത്യയുടെ ചങ്ങാത്തം ഉടന്‍ അവസാനിപ്പിക്കണം. മുംബൈ സ്ഫോടനങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ പങ്കിനെക്കുറിച്ച് പ്രസ്താവനാ യുദ്ധങ്ങള്‍ നടത്തുന്നതിലപ്പുറം നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം- മദനി ആവശ്യപ്പെട്ടു.
കാലിക പ്രസക്തമായ ഈ വിഷയം ഉന്നയിച്ച ജമാഅത്തിനെ അഭിനന്ദിച്ചുകൊണ്ടാണ് അഹ്ലെ ഹദീസ് ദേശീയ ജന. സെക്രട്ടറി അസ്ഗര്‍ ഇമാം മഹ്ദി സലഫി സംസാരം ആരംഭിച്ചത്. മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട മുസ്ലിം സമൂഹം രാജ്യനിവാസികളുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി സമരം നടത്തുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദാണ്. മുഴുവന്‍ സമൂഹത്തിനും വേണ്ടി പ്രയത്നിക്കാന്‍ മുസ്ലിംകള്‍ തയാറാവണമെന്ന് മക്കീ സൂറകളിലെ അനാഥ, അഗതി സംരംക്ഷണം, പീഡിതന്റെ മോചനം തുടങ്ങിയ വിഷയങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തുനിന്ന് അഴിമതി, ദുരിതങ്ങള്‍, പട്ടിണി എന്നിവ നിര്‍മാര്‍ജനം ചെയ്യല്‍ മുസ്ലിംകളുടെ ഉത്തരവാദിത്വമാണ്. അതിന് സഹായകരമായ നടപടികളുമായി ജമാഅത്ത് മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജമാഅത്ത് തീരുമാനിച്ച റാലി ഇന്ന് നടന്നില്ലെങ്കില്‍ മറ്റൊരു ദിനം അത് നടക്കുക തന്നെ ചെയ്യുമെന്ന് ഫത്തേഹ്പൂരി ജുമാ മസ്ജിദ് ഇമാം മുഫ്തി ഡോ. മുഹമ്മദ് മുകര്‍റം പ്രഖ്യാപിച്ചു. ഒബാമക്ക് വേണ്ടി കോടികള്‍ പാഴാക്കുന്ന സര്‍ക്കാര്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനു വേണ്ടി ദരിദ്രരെ ഒന്നടങ്കം തുടച്ചുനീക്കി. പ്രതിഷേധങ്ങള്‍ക്ക് മുമ്പത്തെപോലെ മൂര്‍ച്ച ഇന്നില്ലാതായിരിക്കുന്നു. ഇസ്ലാമിന്റെ സാമ്പത്തിക, സാമൂഹിക നിയമങ്ങള്‍ പാലിക്കാന്‍ മുസ്ലിംകള്‍ തയാറാവണം. മുസ്ലിം ഐക്യം അനിവാര്യമായിരിക്കുന്നു. അന്യായമായ സിമി നിരോധം പിന്‍വലിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്രയും അച്ചടക്കമുള്ള ഒരു പ്രവര്‍ത്തക വൃന്ദത്തെ വളര്‍ത്തിയെടുക്കാന്‍ ജമാഅത്തിനു മാത്രമേ സാധിച്ചിട്ടുള്ളൂ എന്ന് പറഞ്ഞാണ് മില്ലി ഗസറ്റ് പത്രാധിപര്‍ ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍ സംസാരം ആരംഭിച്ചത്. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനുള്ള ജമാഅത്ത് തീരുമാനം ശരിയായ ദിശയിലുള്ളതും സന്ദര്‍ഭോചിതവുമാണ്- ഡോ. ഖാന്‍ അഭിപ്രായപ്പെട്ടു.
ആള്‍ ഇന്ത്യാ ഒ.ബി.സി അസോസിയേഷന്‍ പ്രസിഡന്റ് ഷബ്ബീര്‍ അഹ്മദ് അന്‍സാരി, ദേശീയോദ്ഗ്രഥന സമിതിയംഗം നവൈദ് ഹാമിദ്, ടി.കെ അബ്ദുല്ല, ഇഅ്ജാസ് അസ്ലം, എസ്.ഐ.ഒ ദേശീയ സെക്രട്ടറി ഷാനവാസ് അലി റൈഹാന്‍ തുടങ്ങിയവരും സംസാരിച്ചു. കേരള ശൂറാംഗം ശൈഖ് മുഹമ്മദ് കാരകുന്നിന്റെ മലയാള പ്രസംഗം സദസ് സാകൂതം ശ്രദ്ധിച്ചു. ജമാഅത്തെ ഇസ്ലാമി ദേശീയ അമീര്‍ ജലാലുദ്ദീന്‍ ഉമരി സമാപന പ്രസംഗം നടത്തി. ദേശീയ ശൂറാംഗം ഡോ. എസ്.ക്യൂ.ആര്‍ ഇല്യാസ് പരിപാടികള്‍ നിയന്ത്രിച്ചു.
റാലിക്ക് വേണ്ടി ഒരുക്കിയിരുന്ന നിശ്ചല ദൃശ്യങ്ങള്‍ മാറിയ സാഹചര്യത്തില്‍ സമ്മേളന നഗരിയില്‍ തന്നെ സ്ഥാപിച്ചു. ഛത്തീസ്ഗഢ് ഹല്‍ഖയുടെ 'മുങ്ങുന്ന കപ്പലും' കേരളത്തിന്റെ 'വികസന ഭീകരത'യും ഏറെ ശ്രദ്ധിക്കപ്പെട്ടു.