>>ലേഖനം
ഒബാമ കണ്ട ഇന്ത്യയും
നവംബറിലെ ആചാരവെടികളും
എം.സി.എ നാസര്‍
വടിവൊത്ത സംസാരവും ആരെയും ആകര്‍ഷിക്കുന്ന ശരീര ഭാഷയും- യു.എസ് പ്രസിഡന്റാകാനുള്ള പ്രധാന യോഗ്യതയാണിത്. വെറുതെയല്ല യു.എസ് ഇലക്ഷന് ഒരു കൊല്ലം നീളുന്ന പ്രചാരണം ഏര്‍പ്പെടുത്തിയത്. അപ്പോള്‍ നടക്കുന്ന എണ്ണമറ്റ പ്രഭാഷണങ്ങളും പ്രതികരണങ്ങളും ചേര്‍ത്തുവെച്ചാണ് സര്‍വേ വിദഗ്ധര്‍ പ്രസിഡന്റിന്റെ സാധ്യത നിര്‍ണയിക്കുന്നത്.
സത്യത്തില്‍ റാമ്പില്‍ നടക്കുന്ന ഫാഷന്‍ ഷോയുടെ വികസിച്ച രാഷ്ട്രീയ രൂപം എന്നു പോലും ഇതിനെ വിശേഷിപ്പിക്കാം. പ്രസിഡന്റ് സ്ഥാനാര്‍ഥിയും പത്നിയും തമ്മിലെ ചേര്‍ച്ച, അവരുടെ നടപ്പും ഭാവവും, ചോദ്യങ്ങളോടുള്ള പ്രതികരണം-ഇതൊക്കെ വോട്ടുകളെ സ്വാധീനിക്കും. സിസ്റം ഭദ്രവും ഏകമാനാത്മകവുമായതിനാല്‍ ജയിക്കുന്ന പ്രസിഡന്റിന് അതില്‍ മാറ്റം വരുത്തുക എളുപ്പമല്ല. ബുഷും ക്ളിന്റണും ഒബാമയും വരും പോകും. യാങ്കി ഘടനയില്‍ അവര്‍ക്കൊന്നും കാതലായ ഒരു മാറ്റത്തിനും സ്കോപ്പില്ല.
ഇതറിയാത്തതിന്റെ തകരാറാണ് മുമ്പ് ഒബാമയില്‍ ലോക രക്ഷകനെ കണ്ടെത്താന്‍ പലരെയും ആവേശപൂര്‍വം പ്രേരിപ്പിച്ചത്. അമേരിക്കന്‍ ഘടനയെ അടിമുടി പുതുക്കി പണിയുന്ന, യുദ്ധവിരോധ മാനസികാവസ്ഥക്ക് ഈടുറ്റ ബലം നല്‍കുന്ന ഒരു രാഷ്ട്രീയ നയതന്ത്രതജ്ഞന്റെ ആഗമനത്തെയായിരുന്നു അവരില്‍ പലരും പ്രതീക്ഷിച്ചത്. ഒബാമയെ ചൂഴ്ന്നുനില്‍ക്കുന്ന വംശീയ വേരുകളുടെ വേറിട്ട കിടപ്പ് ആഗോള സാംസ്കാരിക സമന്വയത്തിന് ആക്കം കൂട്ടും എന്നുവരെ അവര്‍ തെറ്റിദ്ധരിച്ചു.
എന്നിട്ടിപ്പോള്‍ അധികാരത്തിന്റെ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഒബാമയുടെ ബാക്കിപത്രമെന്ത്?
സ്വന്തം ജനത പോലും തിരിഞ്ഞു കുത്തുന്ന സാഹചര്യം ഉണ്ടായി എന്ന മറുപടിയാണ് ശിഷ്ടം. യാങ്കി സാമ്രാജ്യത്വത്തിനു പുറത്തും ഒബാമയുടെ പ്രതിഛായ മങ്ങി. പക്ഷേ, ഒന്നുണ്ട് - ഇലക്ഷന്‍ പ്രചാരണ വേളയില്‍ പഠിച്ചെടുത്ത ശരീര ഭാഷാ മികവുകളും ജനകീയ സമ്പര്‍ക്കത്തിന്റെ നാടന്‍ നമ്പറുകളും ഇന്ത്യയില്‍ വന്നപ്പോള്‍ അല്‍പം കൂടി തിളങ്ങാന്‍ ഒബാമക്ക് അവസരം നല്‍കിയെന്നത് സത്യം. 'ആള്‍ കൊള്ളാമല്ലോ' എന്ന് മധ്യവര്‍ഗ മനസ് അത്ഭുതം കൂറി.
പ്രഭാഷണങ്ങളുടെ വായ്ത്താരിയില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം തരിച്ചു നിന്നപ്പോള്‍ കരാറുകളില്‍ ഒപ്പുവെക്കല്‍ പ്രക്രിയ എളുപ്പമായി. എന്തു പറഞ്ഞാലും ആള്‍ സത്യസന്ധനാണ്. ഇടക്കാല തെരഞ്ഞെടുപ്പില്‍ സ്വന്തം ജനത നല്‍കിയ വിധിയെഴുത്തിന്റെ തിരിച്ചടി മറികടക്കാന്‍ തൊഴിലും പണവും തേടിയുള്ള യാത്രയായിരിക്കും തന്റേതെന്ന് ഇന്ത്യയില്‍ വരും മുമ്പെ ഒബാമ പറഞ്ഞതാണ്. ദല്‍ഹിയില്‍ സംയുക്ത പത്രസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിനു മറുപടി പറയുമ്പോഴും വളച്ചു കെട്ടില്ലാതെ ഒബാമ അക്കാര്യം ആവര്‍ത്തിച്ചു - 'ഇത്രയും ദിവസം ഇന്ത്യയില്‍ തങ്ങിയിട്ട് എന്തു കിട്ടി എന്ന് ചോദിക്കുന്നവര്‍ക്കുള്ള എന്റെ മറുപടിയാണ് കരാറുകളിലൂടെ രൂപപ്പെടുത്തിയ ഈ തൊഴിലവസരങ്ങള്‍.'
എന്നാല്‍ ഇന്ത്യന്‍ നേതൃത്വത്തിന് അത്തരം ആഭ്യന്തര ആകുലതകളൊന്നും ഉണ്ടായിരുന്നില്ല. ഹെഡ്ലിയെയും വാറന്‍ ആന്‍ഡേഴ്സനെയും വിട്ടുകിട്ടുന്നതു സംബന്ധിച്ച് ഒരു ചോദ്യവും ഒബാമക്കു മുമ്പാകെ ഉയര്‍ന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയ-മാധ്യമ-പൊതു സമൂഹവും അതേക്കുറിച്ച് ഒരു ചോദ്യവും മന്‍മോഹന്‍ സിംഗിനു മുമ്പാകെ ഉയര്‍ത്തിയതുമില്ല.
തെരഞ്ഞെടുപ്പിലൂടെയോ പ്രസംഗം നടത്തിയോ അല്ല മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായത്. അതുകൊണ്ടു തന്നെ പ്രതിഛായ ഇടിഞ്ഞാല്‍ തന്നെയും സോണിയയും രാഹുലും കനിയും വരെ സ്ഥാനത്യാഗത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല.
ഒബാമ ചവിട്ടിനിന്നത്
ഇന്ത്യന്‍ ദൌര്‍ബല്യത്തില്‍
നമ്മെ കുറിച്ച പരിധിവിട്ട തോന്നലുകള്‍ വ്യക്തിയെ മാത്രമല്ല പാര്‍ട്ടികളുടെയും രാഷ്ട്രത്തിന്റെയും അടിത്തറ തകര്‍ക്കും. ദരിദ്ര ചേരികള്‍ക്ക് ഫ്ളക്സ് ബോര്‍ഡിന്റെ മറയിട്ട് ഗെയിംസ് ആര്‍ഭാടങ്ങള്‍ ഒരുക്കിയ നാം തിളങ്ങുന്ന ഇന്ത്യയുടെ നക്ഷത്ര മുഖങ്ങളെ കുറിച്ചു മാത്രം സംസാരിക്കാന്‍ മാത്രമേ ഇഷ്ടപ്പെടുന്നുള്ളൂ. എന്നാല്‍ അപ്പുറത്ത് അമേരിക്കന്‍ തൊഴിലില്ലായ്മയുടെ വ്യാപ്തിയും ആഘാതവും തിരിഞ്ഞാണ് ഒബാമ കരുക്കള്‍ നീക്കിയത്. ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ മറച്ചു പിടിച്ച് ലോക സൂപ്പര്‍ പവറുമായുള്ള ചങ്ങാത്ത ഗ്രാഫ് ഉയര്‍ത്താന്‍ നാം ശ്രമിച്ചതിന്റെ ഫലം കിട്ടിയോ?
ഒബാമ-സിംഗ് ചര്‍ച്ചയുടെ ദൌര്‍ബല്യവും ഇതുതന്നെ. നമ്മുടെ മൃദുലതയില്‍ ചവിട്ടിനിന്ന് യു.എസ് താല്‍പര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഒബാമ ശ്രദ്ധിച്ചു. കുറെയൊക്കെ വിജയിക്കുകയും ചെയ്തു.
ഇന്ത്യയുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പറയാന്‍ ഒബാമ യാതൊരു ലുബ്ധും കാണിച്ചില്ല. തന്ത്രപ്രധാന ബന്ധത്തിന്റെ ഭാവി നേട്ടങ്ങള്‍ എടുത്തോതുമ്പോള്‍ പ്രാചീന ചരിത്രവും ഭൂതകാല മഹിമകളും ഒബാമയെ ആവേശം കൊള്ളിച്ചു. പോയകാല ഇന്ത്യന്‍ പ്രതിഭകളായ ആര്യഭട്ട, വിഷ്ണു ശര്‍മ, സ്വാമി വിവേകാനന്ദ, രബീന്ദ്ര നാഥ ടാഗോര്‍, മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, അംബേദ്കര്‍, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങി എല്ലാ പേരുകളും പ്രസംഗത്തില്‍ കടന്നുവന്നു. ഹിന്ദിയില്‍ ഒബാമ 'ബഹുത് ധന്യവാദ്' മൊഴിഞ്ഞപ്പോള്‍ കരഘോഷത്തിന്റെ ഇടിമുഴക്കം.
പാകിസ്താനെ തീവ്രവാദ രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്താന്‍ ഒബാമ ശ്രമിച്ചില്ല എന്നതു മാത്രമാണ് ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ അവശേഷിച്ച സങ്കടം. പാര്‍ലമെന്റ് പ്രസംഗത്തില്‍ ആ കുറവ് ചെറിയ തോതിലെങ്കിലും ഒബാമ പരിഹരിച്ചു. 'പാകിസ്താന്റെ അതിര്‍ത്തിക്കുള്ളില്‍ ഭീകരരുടെ സുരക്ഷിത താവളങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. മുംബൈ ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ നീതിക്കു മുമ്പാകെ കൊണ്ടുവരികയും വേണം.'
അതോടെ വലതുപക്ഷ മാനസികാവസ്ഥക്ക് ആശ്വാസം. എന്നാല്‍ അക്രമാസക്ത തീവ്രവാദികള്‍ മൂലം വലിയ ദുരിതങ്ങളാണ് പാകിസ്താന്‍ നേരിടുന്നതെന്നു കൂടി പ്രസംഗത്തില്‍ ചേര്‍ത്തു പറഞ്ഞ് ചങ്ങാത്തത്തിന്റെ ഊഷ്മളത കാക്കാനും ഒബാമ മറന്നില്ല.
അഫ്ഗാന്‍ കേന്ദ്രീകൃത യുദ്ധം തുടരുമ്പോള്‍ പാകിസ്താനെ കൈവിടാന്‍ അമേരിക്കക്ക് കഴിയില്ലെന്ന സാമാന്യ യുക്തിയെങ്കിലും നമുക്ക് വേണ്ടിയിരുന്നു. അഫ്ഗാനില്‍ ഒരു ലക്ഷം യു.എസ് സൈനികരുണ്ട്. അവര്‍ക്കുള്ള ഭക്ഷണവും യുദ്ധ സംവിധാനങ്ങളുമായി ഖൈബര്‍ പാസിലൂടെ കാബൂളിലേക്ക് നിത്യം ആയിരം ട്രക്കുകളെങ്കിലും നീങ്ങുന്നു. പാക് അതിര്‍ത്തി കേന്ദ്രങ്ങളില്‍ പോലും താലിബാന്‍ ശക്തമാണെന്നിരിക്കെ, സ്വന്തം സൈനികരുടെ സുരക്ഷ വരെ പാക് സൌമനസ്യത്തെ ആശ്രയിച്ചുനില്‍ക്കുകയാണ്.അതുകൊണ്ടു തന്നെ അഫ്ഗാന്‍-പാക് നയം, പാക് -അഫ്ഗാന്‍ നയം എന്നിവ അമേരിക്കക്ക് ഒരുപോലെ പ്രധാനം. കശ്മീരിന്റെ കാര്യത്തില്‍ കൂടെയുണ്ടെന്ന് അമേരിക്ക പാകിസ്താന് പലതവണ ഉറപ്പു നല്‍കിയതുമാണ്. എന്നാല്‍ പ്രശ്ന പരിഹാരം അടിച്ചേല്‍പിക്കില്ലെന്ന് ഒബാമ പറഞ്ഞു കഴിഞ്ഞു. ആവശ്യപ്പെട്ടാല്‍ മധ്യസ്ഥ റോള്‍ വഹിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്നും.
ഇന്ത്യ ലോകശക്തി തന്നെയാണെന്ന് ഒബാമ പേര്‍ത്തും പേര്‍ത്തും പറഞ്ഞു. അതുകേട്ട ഇന്ത്യന്‍ വരേണ്യ- മധ്യവര്‍ഗം ശരിക്കും അതിശയം കൊണ്ടു. യു.എന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം ഉള്‍പ്പെടെ പല കാര്യങ്ങളിലും അമേരിക്ക വാഗ്ദാനം മാത്രമാണ് നല്‍കിയത് എന്നത് നമുക്ക് പ്രശ്നമല്ല. പ്രായോഗിക തടസങ്ങള്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നു. സ്ഥിരാംഗത്വം എന്നത് 'പ്രയാസകരവും സങ്കീര്‍ണവു'മാണെന്ന് ഇന്ത്യന്‍ സന്ദര്‍ശനത്തിനു തൊട്ടുമുമ്പു പറഞ്ഞതും ഇതേ ഒബാമ തന്നെ. നല്ല നടപ്പിന്റെ കാലമായിരിക്കും ഇപ്പോഴത്തെ രണ്ടു വര്‍ഷത്തെ യു.എന്‍ പ്രൊബേഷന്‍ അംഗത്വം. സ്ഥിരാംഗത്വത്തിനു വേണ്ടി മറ്റു രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ യാങ്കി ശ്രമിക്കും. പക്ഷേ, തിരികെ പങ്കാളിത്ത സഹകരണം കൂടിയേ തീരൂ. ഇറാനു മേല്‍ ഉപരോധം അടിച്ചേല്‍പിക്കുന്ന പ്രമേയങ്ങളിലും മറ്റും ഒപ്പുവെക്കാന്‍ ഇന്ത്യ കൂടുതല്‍ നിര്‍ബന്ധിതമാകും. അധികാരം ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു എന്നാണ് ഒബാമ സിദ്ധാന്തം. ഉത്തരവാദിത്വം മാത്രമല്ല ഇന്ത്യയെ സംബന്ധിച്ചേടത്തോളം വിധേയത്വം കൂടിയാണ് വര്‍ധിപ്പിക്കുന്നത്്.
സാമ്രാജ്യത്വ താല്‍പര്യങ്ങളുടെ ചുരമാന്തലില്‍ അതിഥി മര്യാദ പോലും ഒബാമക്ക് തടസ്സമായില്ല. മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ മ്യാന്‍മറിനെ പഴിക്കാനും ഇറാനെ വെല്ലുവിളിക്കാനും ഉഭയകക്ഷി ചര്‍ച്ചയെ മാത്രമല്ല ഇന്ത്യന്‍ പാര്‍ലമെന്റിനെ വരെ ഒബാമ ഉപയോഗപ്പെടുത്തി. ഫലസ്ത്വീന്‍ ജനതയെ കൊന്നൊടുക്കുന്ന ഇസ്രയേലിനെതിരെ ഒരക്ഷരം മിണ്ടിയില്ല. ഇറാഖിലും അഫ്ഗാനിലും പിടഞ്ഞു വീഴുന്ന നിരപരാധികളുടെ നിലവിളികള്‍ കേട്ട ഭാവം നടിച്ചതുമില്ല.
ഇന്ത്യയുമായി അടുപ്പം പുലര്‍ത്തുന്ന മ്യാന്‍മറിനെയും ഒബാമ വിട്ടില്ല. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച വിഘടന പ്രസ്ഥാനങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഇന്ത്യയുമായി 1,645 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന മ്യാന്‍മറിനെ ഇന്ത്യന്‍ ജനായത്ത വേദിയില്‍ നിവര്‍ന്നുനിന്ന് ചീത്ത വിളിക്കുകയായിരുന്നു ഒബാമ.
ചര്‍ച്ച ഉഭയതലത്തില്‍;
ഫലം ഏകപക്ഷീയം
ആഭ്യന്തര സമ്മര്‍ദങ്ങള്‍ ശക്തമാണ്. അതു കുറക്കാതെ അന്തര്‍ദേശീയ രംഗത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യക്ക് കഴിയില്ല. നിരക്ഷരതയും തൊഴിലില്ലായ്മയും ദാരിദ്യ്രവും രോഗവുമാണ് അടിസ്ഥാന സമസ്യകള്‍. 'ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പങ്കാളിത്തം' എന്ന ആലങ്കാരിക പ്രയോഗം കൊണ്ട് യഥാര്‍ഥത്തില്‍ ലക്ഷ്യം വെക്കേണ്ടത് ഈ സമസ്യകളുടെ വിപാടനം ആകേണ്ടതല്ലേ?
നമ്മുടെ താല്‍പര്യങ്ങളുടെ പരിരക്ഷ ഉറപ്പാക്കുക എന്നതായിരിക്കണം രാഷ്ട്രീയ നേതൃത്വത്തിന്റെ ദൌത്യം. ആഗോള കരാറുകള്‍ക്കു പിന്നിലെ കെണികള്‍ തിരിച്ചറിയാനും നയതന്ത്ര ചര്‍ച്ചകളുടെ ദിശ നിര്‍ണയിക്കാനും അപ്പോഴവര്‍ക്ക് കഴിയും. നിര്‍ഭാഗ്യവശാല്‍ മതിവിട്ട യു.എസ് ഭ്രമത്തിലാണ് നമ്മുടെ ഊന്നല്‍. കശ്മീര്‍ വിഷയത്തില്‍ പോലും പാകിസ്താന്റെ വികാരം കണക്കിലെടുക്കാന്‍ ഒബാമ മറന്നില്ലെന്നോര്‍ക്കുക. .ഇന്ത്യക്കും പാകിസ്താനുമിടയിലെ ദീര്‍ഘകാല തര്‍ക്കമാണ് കശ്മീരെന്നും പരസ്പര സംഘര്‍ഷം കുറക്കുകയെന്നത് രണ്ടു രാജ്യങ്ങളുടെയും താല്‍പര്യമാണെന്നും ഒബാമ പറഞ്ഞു.
അമേരിക്കയുടെ തളര്‍ച്ചക്കിടയില്‍ ഇന്ത്യയുടെ വളര്‍ച്ച ഒരു യാഥാര്‍ഥ്യം തന്നെയാണെന്ന് ഒബാമ അംഗീകരിക്കുന്നു. ബന്ധത്തിന് കൂടുതല്‍ വൈപുല്യം നല്‍കിയ ഘടകം കൂടിയാണിത്. അമ്പതുകളിലും അറുപതുകളിലും ഭക്ഷണത്തിനു പോലും അമേരിക്കയെ നാം പരിധിവിട്ട് ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇപ്പോള്‍ പക്ഷേ, ആ അവസ്ഥ മാറി.
അതുകൊണ്ടു തന്നെയാവണം ഇന്ത്യയോടുള്ള പ്രതിബദ്ധതയേക്കാള്‍ സ്വന്തം താല്‍പര്യങ്ങള്‍ തന്നെയാണ് തന്ത്രപ്രധാന ബന്ധത്തിന്റെ അടിത്തറയായി യു.എസ് കാണുന്നത്.
രാഷ്ട്രീയമായി ചൈനയെ ലക്ഷ്യം വെച്ചായിരുന്നു ഒബാമയുടെ വരവ്. രണ്ടായിരത്തോടെയായിരുന്നു ചൈനയുടെ ഞെട്ടിക്കുന്ന കുതിപ്പിന്റെ ആരംഭം. ബുഷിന്റെ യുദ്ധഭ്രാന്ത് അമേരിക്കന്‍ സമ്പദ്ഘടനക്ക് ദോഷം ചെയ്തു. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യം യു.എസിനെ ശരിക്കും തളര്‍ത്തി. ഈ അവസരം മുതലെടുത്ത് ചൈന വാണിജ്യ സാധ്യതകള്‍ വെട്ടിപ്പിടിച്ചു. അങ്ങനെ ലോക ശക്തിയായും മാറി. ഡോളറും യുവാനും തമ്മിലുള്ള യുദ്ധം തീര്‍ക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു ജി-20 രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാര്‍ അടുത്തിടെ യോഗം ചേര്‍ന്നത്. യുദ്ധഭ്രാന്തിന് ഹലേലുയ്യ പാടാന്‍ പുതിയ സഖ്യകക്ഷികളെ കിട്ടാതെ വന്നതോടെ യാങ്കി ഒറ്റപ്പെടുകയും ചെയ്തു. ഇറാഖില്‍ നിന്ന് സൈനികരുടെ എണ്ണം വെട്ടിക്കുറച്ചതു പോലും നിര്‍ബന്ധിതാവസ്ഥയില്‍.
ആണവ കരാര്‍ രൂപപ്പെടുത്തുകയും ആണവ ബാധ്യതാ ബില്‍ പാര്‍ലമെന്റ് പാസ്സാക്കുകയും ചെയ്തതോടെ ഇന്ത്യ-യു.എസ് ബന്ധം കൂടുതല്‍ ദൃഢമായി. ആണവോര്‍ജ ഗവേഷണ വികസന കേന്ദ്രം, ആണവോര്‍ജ പങ്കാളിത്തത്തിന് ആഗോള സഹകരണ കേന്ദ്രം, ഇന്ത്യ-യു.എസ് ഊര്‍ജ സഹകരണ പദ്ധതി, കാലാവസ്ഥാ പ്രവചനത്തിന് സാങ്കേതിക സഹായം, ഇന്ത്യയില്‍ രോഗനിര്‍ണയ കേന്ദ്രം എന്നിങ്ങനെ നിരവധി കരാറുകളും ധാരണാപത്രങ്ങളുമാണ് ഒബാമ-സിംഗ് ചര്‍ച്ചയില്‍ പിറന്നത്.
ആണവ ബാധ്യതാ നിയമത്തില്‍ യു.എസ് കമ്പനികളുടെ ആശങ്ക ഒബാമക്ക് മറികടക്കേണ്ടതുണ്ടായിരുന്നു. അത് ഒബാമ ശരിക്കും നിറവേറ്റി. ലോജിസ്റിക് പിന്തുണ ഉടമ്പടിയില്‍ (എല്‍.എസ്.എ) ഒപ്പുവെച്ചില്ലെങ്കില്‍ തന്നെ അനുകൂല നിലപാടിലേക്ക് ഇന്ത്യയെ വരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പത്ത് ബില്യന്‍ ഡോളറിന്റെ വാണിജ്യ ഉടമ്പടികളാണ് ഇന്ത്യയും അമേരിക്കയുംതമ്മില്‍ രൂപപ്പെടുത്തിയത്. അതിലൂടെ 53,670 തൊഴിലുകള്‍ യു.എസ് ജനതക്ക് ലഭിക്കുമെന്ന് നെഞ്ചുയര്‍ത്തി അഭിമാനത്തോടെഒബാമ പ്രഖ്യാപിക്കുന്നു. പക്ഷേ, ഇന്ത്യയില്‍ എത്ര പേരുടെ പണി തെറിക്കുമെന്ന കണക്ക് നമ്മുടെ പക്കലില്ല. പുറം കരാര്‍ പണിയിലൂടെ യു.എസ് തൊഴിലുകള്‍ ഇന്ത്യ കവരുന്നില്ലെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി എന്തുകൊണ്ട് അതിന്മേല്‍ ഒബാമ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നില്ലെന്ന ചോദ്യം ഉന്നയിച്ചില്ല?
യു.എന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം ലോകത്തിനു മുമ്പാകെ തങ്ങളുടെ അപ്രമാദിത്വം ഉറപ്പാക്കാന്‍ ആവശ്യമാണെന്ന് ഇന്ത്യ കരുതുന്നു. പിന്നിട്ട നിരവധി വര്‍ഷങ്ങളായി ഇന്ത്യ അതിനുള്ള ശ്രമത്തിലുമാണ്. ഉല്‍പന്ന കയറ്റുമതി നിയന്ത്രണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനും അതിലൂടെ രാജ്യത്തിന് കഴിയും. ആണവ വിതരണ ഗ്രൂപ്പിലെ അംഗത്വം ഉറപ്പിക്കുന്നതോടെ ജൈവായുധ മേഖലയിലെ അന്താരാഷ്ട്ര ചട്ടങ്ങളുടെ പാശം മുറിച്ചുകടക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രത്യാശിക്കുന്നു.
നല്ലതു തന്നെ. പക്ഷേ, പ്രധാന വിഷയങ്ങളില്‍ നമ്മുടെ താല്‍പര്യങ്ങള്‍ ബലികൊടുത്ത് എത്രകണ്ട് നമുക്ക് മുന്നോട്ടുപോകാന്‍ സാധിക്കും എന്നതാണ് കാതലായ ചോദ്യം. ദല്‍ഹി ചര്‍ച്ചയില്‍ ഹെഡ്ലിയും ഭോപ്പാലും മറച്ചു പിടിക്കാന്‍ ശ്രമിച്ചതിലൂടെ നല്ലൊരു സന്ദര്‍ഭം തന്നെയാണ് നാം നഷ്ടപ്പെടുത്തിയത്.
കൂട്ടുകച്ചവടത്തിന്റെ
സര്‍ഗാത്മക നഷ്ടം
യു.എന്‍ സ്ഥിരാംഗത്വത്തിന് ശ്രമിക്കുന്ന ജപ്പാനും ജര്‍മനിയും സൈനിക ശേഷിയില്‍ വളരെ മുന്നിലാണ്. ലോകത്തെ ഏറ്റവും മികച്ച സൈനിക സംവിധാനം സ്വന്തമായുണ്ടെങ്കില്‍ തന്നെയും ഉപകരണങ്ങളുടെയും സൌകര്യങ്ങളുടെയും കാര്യത്തില്‍ വേണ്ടത്ര മികവില്ല. ആ കുറവ് പരിഹരിക്കാന്‍ പ്രതിരോധ മേഖലയില്‍ കൂടുതല്‍ അടുത്ത സഹകരണത്തിന് വന്‍ശക്തി രാഷ്ട്രങ്ങള്‍ തയാറാകും. ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും വിപണി കൂടുതല്‍ ജോറാകും.
പക്ഷേ, അതിനിടയില്‍ നല്ല അയല്‍പക്ക സൌഹൃദം എന്ന ഇന്ത്യന്‍ വിദേശ നയത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തുകയാണ് നാം. പരിധിവിട്ട യു.എസ് സൌഹൃദത്തിന്റെ പ്രത്യക്ഷ തെളിവെന്നോണം ഈ അകല്‍ച്ചക്ക് കനം വെക്കാനാണ് സാധ്യത. അതിര്‍ത്തിക്കപ്പുറത്തെ രാജ്യങ്ങള്‍ പലതും നമ്മെ സംശയത്തിന്റെ കണ്ണോടെ വീക്ഷിക്കുന്ന സാഹചര്യം ഇപ്പോള്‍ തന്നെയുണ്ട്. നമ്മുടെ പുതിയ നീക്കങ്ങള്‍ അവരുടെ സംശയം ബലപ്പെടുത്തുകയും ചെയ്യുന്നു. പാകിസ്താനെ വിടുക. ബംഗ്ളാദേശും ശ്രീലങ്കയും നേപ്പാളും വരെ പഴയ സൌഹൃദത്തോടെയല്ല ഇന്ത്യയെ കാണുന്നത്. നമ്മുടെ പിഴവുകള്‍ മുതലെടുത്ത് ചൈനയും പാകിസ്താനും കൂടുതല്‍ കൈകോര്‍ക്കുന്ന സാഹചര്യവും അപ്പുറത്തുണ്ട്.
മേഖലയുടെ സുസ്ഥിരതക്ക് ഇന്ത്യ-പാക് ചര്‍ച്ച തുടരണമെന്ന ആഗ്രഹം ഒബാമ പ്രകടിപ്പിച്ചു. തീവ്രവാദ വിരുദ്ധ സഹകരണത്തിന്റെ പുറത്ത് രൂപപ്പെടുത്തിയ കരാറുകളുടെ വിദൂര ലക്ഷ്യം സംശയാസ്പദം. ഹോംലാന്റ് സെക്യൂരിറ്റിയും ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള സഹകരണത്തിന് വഴിതുറക്കുന്നത് കൂടുതല്‍ നിരപരാധി വേട്ടകള്‍ക്ക് വഴിതുറന്നു കൂടായ്കയില്ല.
നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിലൂടെ അമേരിക്കക്ക് ഇന്ത്യന്‍ വിപണിയില്‍ കടന്നുകയറാന്‍ കഴിയും. സുരക്ഷാ, സൈനിക മേഖലകളില്‍ ഏറ്റവും അടുത്ത സഹകരണവും ബന്ധവുമാണിപ്പോള്‍ രൂപപ്പെട്ടിരിക്കുന്നതും. കാര്‍ഷിക, റീട്ടെയില്‍ വ്യാപാര മേഖലയിലേക്ക് ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ വരവ് ശക്തിയാര്‍ജിക്കും.
ധനകാര്യ വിപണിയില്‍ മാത്രമല്ല ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരെ യു.എസ് ഇടപെടല്‍ ശക്തമാകും. സംയുക്ത സ്വഭാവത്തിലുള്ള ഏതു പദ്ധതിക്കും യു.എസ്-ഇന്ത്യ സി.ഇ.ഒ ഫോറത്തിന് അവകാശാധികാരങ്ങള്‍ കൈമാറിയിരിക്കുകയാണ്്. കരാറുകളുടെ പരിരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നിയമ നിര്‍മാണങ്ങള്‍ പാര്‍ലമെന്റില്‍ നിര്‍ബാധം നടക്കും. ബി.ജെ.പി പിന്തുണ ഉറപ്പാണെന്നിരിക്കെ, ദുര്‍ബലമായ ഇടതുപക്ഷ പിടച്ചിലുകള്‍ ഒട്ടും ഗൌനിക്കാതെ സര്‍ക്കാറിനു മുന്നോട്ടു പോകാം. വിത്തുബില്‍ സര്‍ക്കാര്‍ പാസ്സാക്കിയത് അടുത്തിടെ.
തുല്യതയും പരസ്പര സഹകരണവും ചര്‍ച്ചകളില്‍ നിഴലിടുമ്പോഴാണ് ബന്ധങ്ങള്‍ സര്‍ഗാത്മകത കൈവരിക്കുക. തന്ത്രപ്രധാന ബന്ധം സുസ്ഥിരമാകുന്നതും അപ്പോള്‍ മാത്രം. എന്നാല്‍ ഇവിടെ പരോക്ഷമായാണെങ്കിലും കൂട്ടിക്കൊടുപ്പുകാരന്റെ റോളില്‍നിന്ന് ഒരു കൂട്ടര്‍ക്ക് മാറാന്‍ കഴിഞ്ഞില്ല. ഇന്ത്യ-യു.എസ് കൂട്ടുകച്ചവടത്തിന്റെ സ്വാഭാവിക ദുരന്തം തന്നെയാണിത്.
[email protected]