Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>മുദ്രകള്‍

ചരിത്രം തിരുത്തിക്കുറിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ്
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സയണിസ്റ് ലോബിയുടെ സമ്മര്‍ദതന്ത്രങ്ങള്‍ പ്രതിരോധിക്കാനാവാതെ നിസ്സഹായരായി നില്‍ക്കുകയായിരുന്നു ഏതാണ്ടെല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷവും ജൂതലോബിക്കെതിരെ ശബ്ദിക്കാന്‍ അവര്‍ ഭയപ്പെട്ടു. 1948-ല്‍ ഇസ്രയേല്‍ രാഷ്ട്രത്തിന് ഔദ്യോഗികാംഗീകാരം നല്‍കിയ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍, പൊതുജനങ്ങളോട് കാണിക്കുന്ന ക്രൂരതയില്‍ ജൂതന്മാര്‍ ഹിറ്റ്ലറെയും സ്റാലിനെയും കടത്തിവെട്ടുമെന്ന് തുറന്നടിച്ചിട്ടുണ്ട്. പക്ഷേ, ആ പരാമര്‍ശം, ട്രൂമാന്റെ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ട ഡയറിക്കുറിപ്പുകളിലാണെന്ന് മാത്രം. ജീവിച്ചിരിക്കുമ്പോള്‍ ആ സത്യം വിളിച്ചു പറയാന്‍ അദ്ദേഹം തയാറായില്ല. മറ്റൊരു മുന്‍ പ്രസിഡന്റായ ജെറാള്‍ഡ് ഫോര്‍ഡ് ഒരു കോണ്‍ഗ്രസ് അംഗത്തോട് ചോദിച്ചത്, 'നമ്മുടെ വിദേശനയത്തെ നിയന്ത്രിക്കാന്‍ നാം ജൂതന്മാരെ അനുവദിക്കുന്നതെന്തിന്?' എന്നായിരുന്നു. അതൊരു സ്വകാര്യ സംഭാഷണം മാത്രം; ഔദ്യോഗിക വര്‍ത്തമാനമല്ല.
ഇവിടെയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ വ്യത്യസ്തനാവുന്നത്. വാര്‍ധക്യത്തിന്റെ അവശതകള്‍ക്കിടയിലും (39-ാമത്തെ ഈ അമേരിക്കന്‍ പ്രസിഡന്റിന് ഇപ്പോള്‍ പ്രായം 82) ഫലസ്ത്വീനികളുടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി അദ്ദേഹം ഉച്ചത്തില്‍ ശബ്ദിക്കുന്നു; അവരുടെ പ്രതിഷേധറാലികളില്‍ വരെ പങ്കെടുക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ 22-ന് കിഴക്കന്‍ ജറൂസലമില്‍ ഫലസ്ത്വീനികളുടെ ഒരു പ്രതിഷേധ റാലിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു: "പടിഞ്ഞാറെ കരയില്‍ ഇസ്രയേല്‍ നടത്തുന്ന ഭവനനിര്‍മാണം നിയമവിരുദ്ധമാണ്. ഫലസ്ത്വീനീ വീടുകള്‍ നശിപ്പിക്കുന്നതും കുടുംബങ്ങളെ കുടിയിറക്കുന്നതും അന്യായമാണ്. അതൊരിക്കലും സമാധാനത്തിലേക്ക് നയിക്കില്ല.'' ഗസ്സ ഉപരോധത്തെക്കുറിച്ച് ഇങ്ങനെയാണ് പ്രതികരിച്ചത്: "ഒന്നര മില്യന്‍ ഫലസ്ത്വീനികള്‍ ഒരു ജയിലില്‍ അല്ലെങ്കില്‍ അടച്ചുപൂട്ടപ്പെട്ട ഒരു കൂട്ടില്‍ ജീവിക്കുകയാണ്. നാല് ഭാഗത്തും ഉപരോധമാണ്. മൌലികാവകാശങ്ങളെല്ലാം അവര്‍ക്ക് നിഷേധിക്കപ്പെടുന്നു.'' കാര്‍ട്ടറോടൊപ്പം പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ മുന്‍ അയര്‍ലന്റ് പ്രസിഡന്റ് മേരി റോബിന്‍സണും എത്തിയിരുന്നു.
സയണിസ്റ് ലോബിയുടെ കടുത്ത സമ്മര്‍ദങ്ങള്‍ വകവെക്കാതെയാണ് കാര്‍ട്ടര്‍ ഹമാസിന്റെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കണ്ട് ചര്‍ച്ച നടത്തുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു വളരെ രൂക്ഷമായ ശൈലിയില്‍ കാര്‍ട്ടറെ വിമര്‍ശിക്കുകയുണ്ടായി. ഈ തന്റേടത്തെ മധ്യപൌരസ്ത്യദേശത്തെ മാധ്യമങ്ങള്‍ മുക്തകണ്ഠം പ്രശംസിക്കുകയാണ്. താന്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇസ്രയേല്‍ ലോബിയെ നിലക്ക് നിര്‍ത്തുമെന്ന് കാര്‍ട്ടര്‍ 1980-ല്‍ തന്റെ ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നുവത്രെ. പിന്നീടുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാര്‍ട്ടര്‍ പരാജയപ്പെടുകയായിരുന്നു. 2006-ല്‍ കാര്‍ട്ടര്‍ പ്രസിദ്ധീകരിച്ച Palestine: Peace Not Apartheid എന്ന കൃതിയില്‍ സയണിസ്റുകളുടെ വംശീയവെറിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

ടീ പാര്‍ട്ടിയും ഇംഗ്ളീഷ് ഡിഫന്‍സ് ലീഗും
അമേരിക്കയിലെ സെനറ്റിലേക്കും ജനപ്രതിനിധിസഭയിലേക്കും നവംബര്‍ ആദ്യവാരം നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി വന്‍ നേട്ടം കൊയ്യുകയുണ്ടായല്ലോ. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ ഏറ്റവും പുതിയ യാഥാസ്ഥിതിക ഗ്രൂപ്പായ 'ടീ പാര്‍ട്ടി പ്രസ്ഥാന'ത്തിന്റെ വക്താക്കളോ അനുഭാവികളോ ആണ് തെരഞ്ഞെടുക്കപ്പെട്ടവരില്‍ വലിയൊരു വിഭാഗവും. കടുത്ത ഇസ്ലാം വിരുദ്ധര്‍ കൂടിയാണ് ഈ ടീ പാര്‍ട്ടിക്കാര്‍. അമേരിക്കയിലെ ഗ്രൌണ്ട് സീറോക്ക് സമീപം ഇസ്ലാമിക സാംസ്കാരിക കേന്ദ്രം പണിയുന്നതിനെതിരെ നടന്ന പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് പാമില ജെല്ലര്‍ എന്ന ടീ പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു. 'അമേരിക്കയെ ഇസ്ലാമികവല്‍ക്കരിക്കുന്നത് തടയുക' എന്ന പേരിലുള്ള കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് പാമില.
ബ്രിട്ടനില്‍ ഇതേ മുദ്രാവാക്യമുയര്‍ത്തുന്ന ഇസ്ലാം വിരുദ്ധ കൂട്ടായ്മയാണ് ഇംഗ്ളീഷ് ഡിഫന്‍സ് ലീഗ്. പാമിലക്ക് ഡിഫന്‍സ് ലീഗുമായി ബന്ധമുണ്ടെന്നും അമേരിക്കയിലും ബ്രിട്ടനിലും ഇസ്ലാമോഫോബിയ വളര്‍ത്താന്‍ ഇരു നാടുകളിലെയും ഇസ്ലാം വിരുദ്ധര്‍ കൈകോര്‍ക്കുകയാണെന്നും ലണ്ടന്‍ പത്രമായ ഒബ്സര്‍വര്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. അമേരിക്കയില്‍ ശരീഅത്തിനെതിരെ രംഗത്ത് വന്ന ഇന്റര്‍നാഷ്നല്‍ സിവില്‍ ലിബര്‍ട്ടീസ് അലയന്‍സ് (ടീ പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളത്), തങ്ങള്‍ക്ക് ഇംഗ്ളീഷ് ഡിഫന്‍സ് ലീഗുമായി ബന്ധമുണ്ടെന്ന് തുറന്ന് സമ്മതിച്ചിരുന്നു. ഡിഫന്‍സ് ലീഗിന്റെ വെബ്സൈറ്റില്‍ ജെല്ലര്‍ നടത്തുന്ന അറ്റ്ലസ് ഷ്റഗ്ഡ് എന്ന സൈറ്റിലേക്കും, ഇസ്ലാം വിരുദ്ധ പ്രോപഗണ്ടക്ക് മാത്രമായി നിര്‍മിച്ച 'ജിഹാദ് വാച്ചി'ലേക്കും ലിങ്കുകള്‍ കാണാം.
ടീ പാര്‍ട്ടി എന്ന പേരിലുള്ള നവയാഥാസ്ഥിതിക വിഭാഗത്തിന് കണ്ടമാനം ഫണ്ട് ഒഴുകിയെത്തുന്നുണ്ട്. പണത്തിന്റെ കൂടി പിന്‍ബലത്തിലാണ് ടീ പാര്‍ട്ടിക്കാര്‍ പലരും റിപ്പബ്ളിക്കന്‍ ടിക്കറ്റില്‍ ജയിച്ച് കയറിയത്. ഈ പണം ഡിഫന്‍സ് ലീഗ് പോലുള്ള ഇസ്ലാം വിരുദ്ധ കൂട്ടായ്മകള്‍ക്ക് എത്തുന്നുണ്ടെന്നാണ് സൂചന. പാശ്ചാത്യ ദേശത്തെ ഇസ്ലാം വിരുദ്ധ നീക്കങ്ങളെ ഏകീകരിച്ച് ശക്തിപ്പെടുത്തുക എന്ന അജണ്ടയും ഇതിന് പിന്നിലുണ്ടെന്നാണ് ഒബ്സര്‍വര്‍ കണ്ടെത്തിയിരിക്കുന്നത്.

അഫ്റോസ് ആലം സാഹിലിനും
ബീഹാര്‍ അന്‍ജുമനും 'ടുസര്‍ക്ക്ള്‍സ്' അവാര്‍ഡ്

ഇന്ത്യയിലെ മുന്‍നിര മുസ്ലിം വെബ് സൈറ്റായ 'ടുസര്‍ക്ക്ള്‍സ്.നെറ്റി' ന്റെ 2010-ലെ മികച്ച വ്യക്തിക്കും സംഘടനക്കുമുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു. 'പേഴ്സണ്‍ ഓഫ് ദ ഇയര്‍ 2010' അവാര്‍ഡിന് അര്‍ഹനായത് സാമൂഹിക പ്രവര്‍ത്തകനായ അഫ്റോസ് ആലം സാഹില്‍ ആണ്. ബീഹാറിലെ പ്രമുഖ മുസ്ലിം സംഘടനയായ 'ബീഹാര്‍ അന്‍ജുമനാ'ണ് 'ഓര്‍ഗനൈസേഷന്‍ ഓഫ് ദ ഇയര്‍ 2010' അവാര്‍ഡ്. 2010 ഡിസംബര്‍ നാലിന് ദല്‍ഹിയിലെ ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന പ്രത്യേക പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
കഴിഞ്ഞ ജൂണിലാണ് 'ടു സര്‍ക്ക്ള്‍സ്' അവാര്‍ഡിന് വേണ്ടി അപേക്ഷ ക്ഷണിച്ചത്. ടുസര്‍ക്ക്ള്‍സ് സന്ദര്‍ശകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദം നേടിയ അഫ്റോസ് സാഹില്‍ പ്രമുഖ വിവരാവകാശ നിയമ പ്രവര്‍ത്തകനാണ്. 2005-ല്‍ വിവരാവകാശ നിയമം നിലവില്‍ വന്നതു മുതല്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് അദ്ദേഹം. സാമൂഹിക ക്ഷേമം, മുസ്ലിം ന്യൂനപക്ഷം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട 4000ത്തിലേറെ അന്വേഷണങ്ങളാണ് അദ്ദേഹം വിവരാവകാശ കമീഷന് മുമ്പില്‍ വെച്ചത്. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് വിവരാവകാശ വകുപ്പ് നല്‍കി പല മറുപടികളും ഏറെ പ്രാധാന്യമുള്ളവയായിരുന്നു. അവയില്‍ പലതും വന്‍ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. മുസ്ലിം യുവാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകളായിരുന്നു അവയെല്ലാം.
അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ബീഹാരി മുസ്ലിംകളുടെ സംഘടനയാണ് 'ബീഹാര്‍ അന്‍ജുമന്‍.' ബീഹാറിലെയും ഝാര്‍ഖണ്ഡിലെയും മുസ്ലിംകളുടെ വിദ്യാഭ്യാസ വളര്‍ച്ചയിലാണ് അന്‍ജുമന്റെ മുഖ്യ ശ്രദ്ധ. 1999-ലാണ് അന്‍ജുമന്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആഗോളതലത്തില്‍ 8000 അംഗങ്ങളുണ്ട് അവര്‍ക്ക്. ആധുനിക ആശയ വിനിയമ സംവിധാനങ്ങള്‍ ഉപയോഗിച്ച് അംഗങ്ങളെ കൂട്ടിയിണക്കി അന്‍ജുമന്‍ പ്രവര്‍ത്തിക്കുന്നു. ബീഹാറിലെയും മറ്റു ദരിദ്ര- പിന്നാക്ക മുസ്ലിംകള്‍ക്ക് വലിയ കൈതാങ്ങാണ് അന്‍ജുമന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് ടുസര്‍ക്ക്ള്‍സ് വിലയിരുത്തുന്നു. ദല്‍ഹിയില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ച് 'The Community and Alternative Media: The Twocircles.net experiments'എന്ന തലക്കെട്ടില്‍ ഒരു സെമിനാറും നടക്കുന്നുണ്ട്.

  SocialTwist Tell-a-Friend
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly