>>കത്തുകള്‍
മുസ്ലിം ലീഗിനെ ജയിപ്പിച്ചത് മതസംഘടനകള്‍
നവംബര്‍ 21-ലെ കേരള ശബ്ദം വാരികയില്‍ 'ലീഗ് വിജയത്തിന് തുണയായത് മതസംഘടനകള്‍' എന്ന തലക്കെട്ടില്‍ വന്ന തെരഞ്ഞെടുപ്പ് അവലോകനത്തിലെ പ്രസക്ത ഭാഗങ്ങള്‍ കാണുക:
" ..................മതസംഘടനകളും യു.ഡി.എഫും ഒന്നിച്ചതിന്റെ തെളിവുകള്‍ ചില സീറ്റുകളിലെ വോട്ടു നിലയിലൂടെ ബോധ്യപ്പെടും. യു.ഡി.എഫിനോടൊപ്പം നിന്നിരുന്ന എസ്.ഡി.പി.ഐ അവരുടെ സ്വാധീന മേഖലകളില്‍ പോലും പ്രചാരണവേളയില്‍ പിറകോട്ട് പോയതും ജില്ലാ പഞ്ചായത്തിലേക്ക് ഒരു ഡിവിഷനിലും അവര്‍ മത്സരിക്കാതിരുന്നതും രഹസ്യമായ അടവുനയത്തിന്റെ ഭാഗമായിരുന്നു.
എല്‍.ഡി.എഫിനോടൊപ്പം അടുപ്പം പുലര്‍ത്തിയിരുന്ന കാന്തപുരം സുന്നികളാവട്ടെ, യു.ഡി.എഫിലേക്ക് ചായുന്നതിന്റെ ലക്ഷണങ്ങള്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. കാന്തപുരം വിഭാഗത്തെയും ഇ.കെ സുന്നി വിഭാഗത്തെയും ഒരു പരിധിവരെ യോജിപ്പിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ മുസ്ലിം ലീഗിന് കഴിഞ്ഞതിന്റെ നേട്ടവും ഈ വിജയത്തിന് പിന്നിലുണ്ട്. വികസന മുന്നണിക്ക് നേതൃത്വം നല്‍കി ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതോടെ പരസ്പരം ശത്രുതയിലായിരുന്ന മുജാഹിദ്, സുന്നി വിഭാഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയെ തുണച്ചതും മുസ്ലിം ലീഗിന് അനുഗ്രഹമായി......
പുതിയ മുസ്ലിം പാര്‍ട്ടികള്‍ നിലവില്‍ വരുമ്പോള്‍ സ്വാഭാവികമായും തങ്ങളുടെ പരമ്പരാഗത വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടാകുമെന്ന് ഭയന്ന മുസ്ലിംലീഗ് നേതൃത്വം അതിനെ ഫലപ്രദമായി നേരിടാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയായിരുന്നു. സ്വന്തം വോട്ട് ബാങ്ക് ലക്ഷ്യമിട്ടെത്തിയ ഈ സംഘടനകളില്‍ എസ്.ഡി.പി.ഐയെ കൂടെ നിര്‍ത്തിയും ജമാഅത്തെ ഇസ്ലാമിയെ അകറ്റി നിര്‍ത്തിയുമാണ് മുസ്ലിംലീഗ് പുതിയ തന്ത്രങ്ങള്‍ മെനഞ്ഞത്. ഇത് വിജയപ്രദമാവുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമിയുടെ വികസന മുന്നണിയും എസ്.ഡി.പി.ഐയും തെരഞ്ഞെടുപ്പിനിറങ്ങിയപ്പോള്‍ എസ്.ഡി.പി.ഐയുടെ വോട്ടുകള്‍ നഷ്ടപ്പെടുത്താതെ വികസനമുന്നണിയെ ഒറ്റപ്പെടുത്തിയാണ് മുസ്ലിം ലീഗ് ഗോദയില്‍ പൊരുതിയത്. തീവ്രവാദസംഘടന എന്ന പേരില്‍ എസ്.ഡി.പി.ഐയെ പരസ്യമായി ശത്രുവായി പ്രഖ്യാപിക്കുകയും രഹസ്യമായി അവരുമായി അടവുനയം ആവിഷ്കരിക്കുന്ന തന്ത്രവുമാണ് ലീഗ് പയറ്റിയത്.
എസ്.ഡി.പി.ഐ ആകട്ടെ മലപ്പുറം ജില്ലാ പഞ്ചായത്തില്‍ മത്സരിച്ചിരുന്നില്ല. ഇതുമൂലം അവരുടെ വോട്ടുകള്‍ യു.ഡി.എഫിന് നേടാനാവുകയും ചെയ്തു. അഞ്ഞൂറോളം പഞ്ചായത്തുകളില്‍ എസ്.ഡി.പി.ഐ മത്സരിച്ചിരുന്നുവെങ്കിലും, തെരഞ്ഞെടുത്ത വിരലിലെണ്ണാവുന്ന സീറ്റുകളില്‍ മാത്രമാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സജീവമായത്. ഇതില്‍ വിജയം നേടിയ ഏക സീറ്റാണ് വേങ്ങര പഞ്ചായത്തിലെ അരീക്കുളം വാര്‍ഡ്. 2005-ല്‍ ഇവിടെ കോണ്‍ഗ്രസ് 442 വോട്ട് നേടിയിരുന്നു. ഇത്തവണ ഇവിടെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചതാവട്ടെ 224 വോട്ടുകളുമാണ്. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്ക് 487 വോട്ടുകളും ലഭിച്ചു. ഈ രഹസ്യ അടവുനയമാണ് മുസ്ലിം ലീഗ് പലയിടത്തും പയറ്റിയത്.
.................. ജമാഅത്തെ ഇസ്ലാമിയെ അകറ്റി നിര്‍ത്തിയപ്പോള്‍ അവരുടെ ശത്രുക്കളായ മറ്റു സമുദായ സംഘടനകളെ ലീഗിനോടൊപ്പം നിര്‍ത്താനാവുമെന്നത് ലീഗ് കൈകൊണ്ട മറ്റൊരു തന്ത്രം.... ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഇടതു മുന്നണിയോടൊപ്പം നിന്ന മുജാഹിദ് വിഭാഗത്തിലെ മടവൂര്‍ ഗ്രൂപ്പും ഇത്തവണ യു.ഡി.എഫിനെയാണ് പിന്തുണച്ചത്. നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ മുസ്ലിം ലീഗ് കോടികളാണ് ഈ തെരഞ്ഞെടുപ്പില്‍ ഒഴുക്കിയത്. 20 ലക്ഷം രൂപവരെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി ചെലവിട്ടുവെന്നത് മലപ്പുറത്തെ മാത്രം പ്രത്യേകതയാണ്.... (കേരളശബ്ദം 2010 നവംബര്‍ 21)
ഏതൊരാള്‍ക്കും തിരിച്ചറിയാനാവുംവിധം സമുദായത്തിലെ മതസംഘടനകള്‍ മുസ്ലിം ലീഗിന്റെ 'ബി' ടീമായി പ്രവര്‍ത്തിച്ചത് ജമാഅത്തെ ഇസ്ലാമിക്കെതിരിലാണ്. ഈ ജമാഅത്ത് വിരോധം എന്തൊക്കെ ഗതികേടിലാണ് ഇവരെ കൊണ്ടെത്തിക്കുമെന്നത് കാണാനിരിക്കുന്നേയുള്ളൂ. സുന്നി-മുജാഹിദ് പ്രസിദ്ധീകരണങ്ങളും അന്ധമായ ജമാഅത്ത് വിരോധം രൂക്ഷമായി തന്നെ പ്രസരിപ്പിക്കുന്നുണ്ടായിരുന്നു. ഇങ്ങനെയെങ്കിലും സുന്നി-മുജാഹിദ് ഐക്യം രൂപപ്പെടുത്താനായതില്‍ മുസ്ലിം ലീഗിന് സന്തോഷിക്കാവുന്നതാണ്! പഴയ നാടകത്തിലെ പാഷാണം വര്‍ക്കിയെ പോലെ വീടുവീടാന്തരം കയറിയിറങ്ങി തരാതരം കുപ്രചാരണം നടത്തികൊണ്ട് മതസംഘടനകള്‍ ചെയ്ത സേവനത്തിന് ലീഗ് അവരോട് ഏറെ കടപ്പെട്ടിരിക്കയാണ്. മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ ഏതോ രീതിയില്‍ സഹകരിക്കുകയും അടുക്കുകയും ചെയ്യുന്നതില്‍ നമ്മുടെ മതസംഘടനകള്‍ക്ക് വലിയ അസ്വസ്ഥതയുണ്ട്. അന്ധമായ ജമാഅത്ത് വിരോധത്തിലധിഷ്ഠിതമായ ഈ 'മുസ്ലിം ഐക്യം' നിഷേധാത്മകമാണ്. ആരായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍ എന്ന് ഇവരെല്ലാം ചിന്തിക്കുന്നത് നന്ന്.
പി.പി. അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി
മതസംഘടനകള്‍ ഇടപെട്ടത് ഇങ്ങനെ
അസര്‍ നമസ്കാരം പ്രതീക്ഷിച്ച് പള്ളിയിലിരിക്കുമ്പോള്‍ ഒരു മുജാഹിദ് സുഹൃത്തിന്റെ ചോദ്യം: "പഞ്ചായത്ത് മെമ്പര്‍ സ്ഥാനം കിട്ടിയാല്‍ ഫണ്ടുകളില്‍നിന്നൊരു വിഹിതം നിങ്ങളുടെ കേന്ദ്രത്തിലേക്ക് നല്‍കേണ്ടിവരില്ലേ?'' ആള്‍ ശുദ്ധഗതിക്കാരനാണ്, കുറ്റം പറയാനൊക്കില്ല. ഇരു മുജാഹിദ് നേതൃത്വവും രാഷ്ട്രീയത്തില്‍ എന്തുമാകാമെന്ന് പഠിപ്പിച്ചതുകൊണ്ടും രാഷ്ട്രീയക്കാര്‍ നിലവിലെ പഞ്ചായത്ത് ഫണ്ട് 'മുക്കുന്നത്' നന്നായറിയുന്നത് കൊണ്ടും അയാള്‍ അങ്ങനെയേ ചോദിക്കൂ. അദ്ദേഹത്തെപോലുള്ള ആയിരക്കണക്കിനാളുകളെ നുണപ്രചാരണങ്ങളുടെ ഫ്രീസറില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയാണ് മുജാഹിദ് നേതാക്കള്‍.
ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പില്‍ നേരിട്ട് മത്സരിച്ചിട്ടില്ല; അതിന്റെ രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വന്നിട്ടില്ല. കൊടിയോ ചിഹ്നമോ ആയിട്ടില്ല. നാട്ടിലെ പൊതുജനങ്ങള്‍ക്ക് കൂടി പങ്കാളിത്തമുള്ള ചെറു മുന്നണികളുണ്ടാക്കി മത്സരിക്കുകയായിരുന്നു. നിങ്ങള്‍, നാലും മൂന്നും ഏഴ്, അഞ്ചും രണ്ടും ഏഴ് എന്നു കളിയാക്കിയവര്‍ ജനകീയ വികസന മുന്നണികള്‍ക്ക് മുമ്പില്‍ വിയര്‍ക്കുന്നത് ജനം നല്ലവണ്ണം കണ്ടു. തെരഞ്ഞെടുപ്പിനോടടുപ്പിച്ചിറങ്ങിയ മത പ്രസിദ്ധീകരണങ്ങളും ജുമുഅ പ്രസംഗങ്ങളും മുന്നണിയെ തറപറ്റിക്കാനുള്ള ആഹ്വാനങ്ങളായി. മത സംഘടനകള്‍ ഇരു മുന്നണികളോടുമൊപ്പം രാപ്പകല്‍ പണിയെടുത്തു. ഫത്വകളും നോട്ടീസുകളുമിറക്കി. മതം രാഷ്ട്രീയത്തിലപെടാന്‍ വരരുതെന്ന് പറഞ്ഞ് ജമാഅത്തെ ഇസ്ലാമിയെ മത രാഷ്ട്രവാദികളായി ചിത്രീകരിച്ച മുജാഹിദുകള്‍ 'മതം' വെച്ചു കളിച്ചു. ചോര കൊടുത്തതില്‍ 'മത'മിറക്കി. ചോര കൊണ്ട് എസ്.ഡി.പി.ഐ കളിച്ചിരിക്കാം. അവരത് വോട്ടാക്കി മാറ്റാം. അതവരുടെ രാഷ്ട്രീയം. പറഞ്ഞിട്ടെന്ത് ജനകീയ മുന്നണിയെ അടിക്കാന്‍ ഞമ്മളും വിളിക്കും സിന്ദാബാദ്. ചോര കൊടുത്തത് പ്രവാചകനിന്ദ തന്നെ. അത് മതനിന്ദയാകുന്നത് മതത്തിലോ രാഷ്ട്രീയത്തിലോ എന്നാരും പറഞ്ഞുകണ്ടില്ല.
ഇലക്ഷന്‍ അടുക്കുന്തോറും കോട്ടക്കല്‍ കഷായം മുറുകുന്നതാണ് നാം കണ്ടത്. സ്പെഷല്‍ കാമ്പയിനുകള്‍, കുടുംബയോഗങ്ങള്‍, വര്‍ത്താമാനവും ശബാബും വിചിന്തനവും അച്ചുനിരത്തി. പരമാവധി തട്ടിത്തെറിപ്പിച്ചിട്ടും 'കാപട്യത്തിന്റെ വോട്ടുകള്‍' (ശബാബ് ഒക്ടോ. 22) ലഭിച്ചപ്പോള്‍ ഒമ്പത് വാര്‍ഡുകളില്‍ വിജയം കണ്ടു. അമ്പതാണ്ടുകള്‍ പിന്നിട്ട് ദേശീയ പാര്‍ട്ടികള്‍ നിലം പരിശാവുന്നിടത്തും പല ദേശീയ പാര്‍ട്ടികളും അടുത്തിട മാത്രം അക്കൌണ്ട് തുറക്കാനിടയായിടത്തും ജനകീയ മുന്നണി അക്കൌണ്ട് തുറന്നെങ്കില്‍ അത് ചെറിയ കാര്യമല്ല.
കെ.വി ഖയ്യൂം പുളിക്കല്‍
കഅ്ബ നിര്‍മിച്ചത് ഇബ്റാഹീം നബിയോ?
എ.കെ അബ്ദുന്നാസ്വിര്‍ എഴുതിയ സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ ഹജ്ജ് (2010 ഒക്ടോബര്‍ 30) എന്ന ലേഖനത്തില്‍ കഅ്ബാ നിര്‍മാണത്തെ സംബന്ധിച്ച രണ്ട് അഭിപ്രായങ്ങളെ നിരൂപണം ചെയ്ത ശേഷം വിശുദ്ധ ഖുര്‍ആന്റെ വിശദീകരണമനുസരിച്ച്, ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയുമാണ് കഅ്ബാലയം നിര്‍മിച്ചത് എന്നെഴുതിയതില്‍ സൂക്ഷ്മതക്കുറവുണ്ട്.
ഖുര്‍ആന്‍ പറയുന്നു: "ആ മന്ദിരത്തിന്റെ ഭിത്തികള്‍ പടുത്തുയര്‍ത്തവെ ഇബ്റാഹീമും ഇസ്മാഈലും പ്രാര്‍ഥിച്ചത് ഓര്‍ക്കുക''(2:127). കഅ്ബയുടെ പുനര്‍നിര്‍മാണവേളയില്‍ ഭിത്തികള്‍ പടുത്തുയര്‍ത്തുക എന്ന് പറയുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത് അവിടെ ഒരു അടിത്തറ ഉണ്ടായിരുന്നു എന്നാണ്. കഅ്ബ ഇബ്റാഹീം നബി പുനര്‍നിര്‍മിച്ചുവെന്ന വാദത്തിന് പ്രാമാണിക പിന്‍ബലമില്ലെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ലേഖകന്‍ വാദിക്കുന്നത്. ഒന്നുകില്‍ ദൈവികശാസന പ്രകാരം, മലക്കുകളോ ആദം നബിയോ ആയേക്കാം ആദ്യമായി കഅ്ബാലയം നിര്‍മിച്ചത്. ഏകദൈവത്തെ ആരാധിക്കുന്നതിന് വേണ്ടി ഭൂമിയില്‍ മനുഷ്യവാസം ആരംഭിച്ചത് മുതല്‍ കഅ്ബ (അല്‍ബൈത്ത്) നിലവിലുണ്ടായിരുന്നു. മനുഷ്യരാശിക്കു വേണ്ടി നിര്‍മിച്ച ഒന്നാമത്തെ ദേവാലയം എന്ന ഖുര്‍ആനിക പരാമര്‍ശം (3:39) ഇതിന്റെ തെളിവാണ്. നൂഹ് നബിയുടെ കാലത്തുണ്ടായ പ്രളയത്തെ തുടര്‍ന്നോ അതിനു ശേഷമോ തകര്‍ന്നുപോയ പ്രഥമ ദൈവിക മന്ദിരത്തിന്റെ അസ്ഥിവാരം അല്ലാഹു ഇബ്റാഹീം നബിക്ക് കാണിച്ചു കൊടുക്കുകയും അദ്ദേഹം ആ അസ്ഥിവാരത്തില്‍ കഅ്ബ പുതുക്കിപ്പണിയുകയും ചെയ്തുവെന്ന് മനസ്സിലാക്കാനാണ് ന്യായം. പുതിയത് ഉണ്ടാക്കുകയല്ല, നേരത്തെ നിലനിന്ന ഒന്നിന്റെ പുനരുദ്ധാരണമാണ് ഇബ്റാഹീമും ഇസ്മാഈലും നിര്‍വഹിച്ചതെന്ന് സൂറ അല്‍ഹജ്ജില്‍ പറയുന്നുണ്ട്: "ഇബ്റാഹീമിന് നാം ഈ മന്ദിരത്തിന്റെ സ്ഥാനം നിര്‍ണയിച്ചുകൊടുത്തത് ഓര്‍ക്കുക. യാതൊന്നിനെയും എന്റെ പങ്കാളികളാക്കരുതെന്ന് നാം അദ്ദേഹത്തോട് കല്‍പിച്ചു. പ്രദക്ഷിണം ചെയ്യുന്നവര്‍ക്കും നില്‍ക്കുന്നവര്‍ക്കും നമിക്കുന്നവര്‍ക്കും പ്രണമിക്കുന്നവര്‍ക്കുമായി എന്റെ ഭവനത്തെ ശുദ്ധീകരിച്ചുവെക്കണമെന്നും ജനത്തെ തീര്‍ഥാടനത്തിനാഹ്വാനം ചെയ്യണമെന്നും കല്‍പിച്ചു'' (22:26). ലേഖകന്‍ വാദിക്കുന്ന പോലെ ഇബ്റാഹീം നബിയാണ് കഅ്ബ നിര്‍മിച്ചതെന്ന് വിശ്വസിച്ചാല്‍ ആദം നബി മുതല്‍ ഇബ്റാഹീം നബി വരെയുള്ള കാലഘട്ടത്തില്‍ ലോകത്ത് ഒരൊറ്റ ദൈവിക ഭവനും ഇല്ലെന്ന് വാദിക്കേണ്ടിവരും! പ്രധാനപ്പെട്ട മറ്റൊരു തെളിവും കൂടി കാണുക:
ഇബ്റാഹീ നബി ഹാജറയെയും കൈക്കുഞ്ഞായ ഇസ്മാഈലിനെയും മക്കയില്‍ തനിച്ചാക്കി തിരിച്ചുപോവുമ്പോള്‍ നടത്തിയ പ്രാര്‍ഥനയുണ്ട്: "ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ (ചിലരെ) കൃഷിയില്ലാത്ത താഴ്വരയില്‍ നിന്റെ പവിത്ര ഭവനത്തിന്റെ അടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു'' (17:37). ആ പ്രാര്‍ഥനയിലെ 'പവിത്ര ഭവനത്തിന്റെയടുത്ത്' എന്ന പ്രയോഗം ശ്രദ്ധിക്കുക. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കഅ്ബാലയം പുതുക്കി പണിയാന്‍ ഇസ്മാഈല്‍ നബി, ഇബ്റാഹീം നബിയെ സഹായിക്കുന്നത്.
സ്വഹീഹ് ബുഖാരിയിലെ 135-ാം ഹദീസില്‍ ഇങ്ങനെ കാണാം: "ഹാജറ വെള്ളം കുടിക്കുകയും (സംസം) കുട്ടിയെ മുലയൂട്ടുകയും ചെയ്തു. സമീപത്തുള്ള മലക്ക് അവരോട് പറഞ്ഞു. നഷ്ടപ്പെടുമെന്ന് പേടിക്കേണ്ട. ഇവിടെയാണ് അല്ലാഹുവിന്റെ ഭവനം. ഈ കുട്ടിയും അവന്റെ പിതാവും അത് പണിതുയര്‍ത്തും. അതിന്റെയാളുകള്‍ക്ക് അല്ലാഹു നഷ്ടം വരുത്തുകയില്ല.'' ദൈവഭവനം ഭൂമിയില്‍നിന്ന് കൂന് പോലെ ഉയര്‍ന്നു നിന്നിരുന്നു. കുത്തിയൊലിക്കുന്ന വെള്ളം വരികയും അതിന്റെ വലതും ഇടതും വശങ്ങള്‍ നശിക്കുകയും ചെയ്തിരുന്നുവെന്ന് സുദീര്‍ഘമായ ഹദീസ് തുടരുന്നുണ്ട്.
ഈ തെളിവുകളില്‍ നിന്നെല്ലാം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് കാലാന്തരത്തില്‍ തകര്‍ന്നുപോയ കഅ്ബ പുതുക്കി പണിയുക മാത്രമാണ് ഇബ്റാഹീം നബി ചെയ്തത് എന്നാണ്.
ഹാരിസ് ബാലുശ്ശേരി, ഖത്തര്‍
മതേതരത്വത്തിന് വേണ്ടി വിധിപ്രഖ്യാപിക്കണം
നമ്പൂതിരിയുടെ കാര്യസ്ഥന്മാരായ മമ്മദിനും പോക്കറിനുമിടയില്‍ ഒരു തര്‍ക്കം ഉടലെടുത്തു. തര്‍ക്കം മൂത്ത് കൈയാങ്കളിയിലെത്തി. നമ്പൂതിരിയുടെ സാന്നിധ്യത്തിലായത് കൊണ്ട് അദ്ദേഹം ഇടപെട്ടു വാദം കേട്ടു. മമ്മതിന്റെ വാദം ഇതായിരുന്നു: സൂറത്ത് ഫാത്തിഹയില്‍ 'അന്‍അംത്ത അലൈഹിം ഗൈരില്‍ മഗ്ളൂബി അലൈഹിം' എന്നാണ് പാരായണം ചെയ്യേണ്ടത്. പോക്കറാകട്ടെ 'അലൈംഹിം' എന്നതിന് പകരം രണ്ടിടത്തും 'ഇലൈഹിം' എന്നാണ് പാരായണം ചെയ്യേണ്ടത് എന്ന് വാദിച്ചു. നമ്പൂതിരി ഇരുവരുടെയും വാദങ്ങള്‍ കേട്ട ശേഷം പ്രഖ്യാപിച്ചു: 'ശ്ശെടാ അബദ്ധം, അബദ്ധം, രണ്ടും അബദ്ധം! അന്‍അംത്ത അലൈംഹിം ഗൈരില്‍ മഗ്ളൂബി ഇലൈഹിം എന്നതാണ് ശരി. മൂന്ന് ദിവസം സ്റാറ്റസ്കോ നിലനിര്‍ത്തി രണ്ടു പേരും ഓതണം. നാലാമത്തെ ദിവസം മുതല്‍ ഞാന്‍ വിധിച്ച പോലെ ഓതേണ്ടതാണ്.'
ഇതിവിടെ സ്മരിക്കാന്‍ കാരണം ബാബരി മസ്ജിദ് കേസില്‍ 28.09.2010-ലെ ഫൈസാബാദ് ഹൈക്കോടതി വിധിയാണ്. അറുപത് വര്‍ഷമായി തുടരുന്ന കേസിന് അറുതിയാവട്ടെ എന്ന് കരുതിയിരിക്കണം വ്യത്യസ്ത മതക്കാരായ മൂന്ന് ജഡ്ജിമാര്‍, ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല ഫലിതമായി ചരിത്രം രേഖപ്പെടുത്താവുന്ന വിധി പ്രസ്താവിച്ചത്. രാമക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്ന് മൂന്ന് ജഡ്ജിമാരും ഏകോപിച്ച് നിരീക്ഷിച്ചത്, അവരുടെ വിധി ന്യായീകരിക്കപ്പെടാന്‍ സഹായകമായിട്ടുണ്ട്. മുകളിലെ കഥാപാത്രമായ നമ്പൂതിരിയുടെ ഉദ്ദേശ്യശുദ്ധിക്കപ്പുറം മറ്റൊരു ഘടകം കൂടി ജഡ്ജിമാരെ സ്വാധീനിച്ചിട്ടുണ്ട്: സംഘ്പരിവാര്‍ ഈ കേസിനെ കൊണ്ടാടിയിരുന്നത് വിശ്വാസ പ്രശ്നമായിട്ടാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ക്കെതിരായ കോടതിവിധി സ്വീകാര്യമല്ലെന്ന് അവര്‍ കോടതിയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. മറുവശത്ത് ചരിത്രവും രേഖകളും തെളിവുകളും പള്ളിയുടെ ഉടമസ്ഥാവകാശം മുസ്ലിംകള്‍ക്കെന്ന് സ്ഥാപിക്കുന്നതാണ്. അതുകൊണ്ടുതന്നെ കോടതിവിധി ചരിത്രവും രേഖകളും തെളിവുകളും അനുസരിച്ചായിരിക്കുമെന്ന് മുസ്ലിംകളും നിഷ്പക്ഷമതികളും ന്യായമായും പ്രതീക്ഷിച്ചിരുന്നു.
സുന്നി വഖ്ഫ് ബോര്‍ഡും പേഴ്സണല്‍ ലോ ബോര്‍ഡും മറ്റു ചില മുസ്ലിം നേതാക്കളും സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ തീരുമാനിച്ചിരിക്കുകയാണല്ലോ. നീതിനിഷ്ഠമായ വിധിയാണ് ആവശ്യപ്പെടേണ്ടത്. അവകാശം നേടിയെടുക്കാന്‍ ജനാധിപത്യപരമായ രീതിയില്‍ ഏതറ്റംവരെയും പോകേണ്ടിവരും. ന്യായമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ടിവരും. ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കാനും അത് ലോകത്തെ ബോധ്യപ്പെടുത്താനും കൈവന്ന അസുലഭ അവസരമെന്ന് കോടതിയെ ബോധ്യപ്പെടുത്തണം.
ഒ.ടി മുഹ്യിദ്ദീന്‍ വെളിയങ്കോട്
ജയിക്കാന്‍ വേണ്ടി
തോറ്റവര്‍
'മറവി ഒരനുഗ്രഹമാണ്' എന്ന ചൊല്ല് കേരളീയരില്‍ അന്വര്‍ഥമാവുന്നത് പതിറ്റാണ്ടുകളായി മാറി മാറി വരുന്ന ഇടത്-വലത് വിജയങ്ങളിലാണ്. അഞ്ചു കൊല്ലം ഇടതന്മാര്‍ ഭരിച്ച് ദുര്യോഗമത്രയും ഏറ്റുവാങ്ങിയ ജനം വലതനെ അധികാരത്തിലേറ്റുന്നു.
2008 നവംബറില്‍ എറണാകുളത്ത് ജനസാഗരത്തെ സാക്ഷിനിര്‍ത്തി ജമാഅത്തെ ഇസ്ലാമി നടത്തിയ രാഷ്ട്രീയ പ്രഖ്യാപനത്തിന് 2010 നവംബറില്‍ 'പരിസമാപ്തി' കുറിച്ചുവെന്നാണ് നാനാ ഭാഗത്തുനിന്നും കേള്‍ക്കുന്ന ആക്ഷേപം. ആറു പതിറ്റാണ്ടായി പ്രസ്ഥാനം സ്വീകരിച്ചു പോന്ന രാഷ്ട്രീയ വീക്ഷണം പോലും ചോദ്യം ചെയ്യപ്പെടുന്നു. ജമാഅത്ത് നടത്തിയ മനുഷ്യാവകാശ സമരങ്ങളോ പ്രസ്ഥാനത്തിന്റെ സേവനങ്ങളുടെ വൈപുല്യമോ കാണാത്ത ചാനലുകളും മാധ്യമങ്ങളും ജമാഅത്തെ ഇസ്ലാമിയുടെ പിറകെയാണിപ്പോള്‍.
ഇതിലും വലിയ തോല്‍വി പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് പ്രസ്ഥാനം ഇങ്ങനയൊരു തെരഞ്ഞെടുപ്പിനെ നേരിട്ടതും. ആദര്‍ശധീരരായ മത്സരാര്‍ഥികളെ അഭിനന്ദിക്കുന്നു. വിപ്ളവപാര്‍ട്ടികള്‍ കാലാകാലങ്ങളായി നേടിയ മേല്‍ക്കോയ്മ ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് നേടിയ മറ്റൊരു വിജയം. അധികാര ദുര്‍വിനിയോഗം നടത്തി അഴിഞ്ഞാടാനല്ല പ്രസ്ഥാനം ജനകീയ മുന്നണിക്ക് രൂപം കൊടുത്തത്. ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനകീയരും അധികാരത്തെ ഉത്തരവാദിത്വമായി കാണുന്നവരുമാകണം എന്ന ഉത്തമ ബോധ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടത്.
എന്നാല്‍ നൂറ്റാണ്ടുകളായി അധികാരത്തിന്റെ അരമനകളിലിരിക്കുന്നവര്‍ക്ക് മുമ്പില്‍ ആ ശ്രമം വിലപോയില്ല എന്നൊരു ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് തെറ്റാണ്. ആദര്‍ശത്തില്‍ നിലയുറപ്പിച്ചുകൊണ്ട് പ്രസ്ഥാനം നേടിയ ഒമ്പത് സീറ്റുകളും, ഇനിയും ഇതേ ട്രാക്കില്‍ പ്രസ്ഥാനം മുന്നേറും എന്നതിന്റെ സൂചനയാണ്. ഒരു തോല്‍വിയും നിരന്തരമായ തോല്‍വിയാകുന്നില്ല, ഒരു വിജയവും ശാശ്വതമായ വിജയവുമല്ല.
ടി.വി രതീഷ് ചീന്തലാര്‍
ഖുര്‍ആന്‍ പാരായണ-ഹിഫ്ള്-ബാങ്ക് വിളി മത്സരം
മുസ്ലിം സര്‍വീസ് സൊസൈറ്റി പൊന്നാനി യൂനിറ്റ് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നടത്തിവരാറുള്ള അഖില കേരള ഖുര്‍ആന്‍ പാരായണ-ബാങ്ക് വിളി- ഹിഫ്ള് മത്സരം 2010 ഡിസംബര്‍ 11,12 (ശനി, ഞായര്‍) തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ (സ്ഥാപനങ്ങളും വ്യക്തികളും) 2010 നവംബര്‍ 15-ന് മുമ്പായി അപേക്ഷിക്കേണ്ടതാണ്. സെക്രട്ടറി, എം.എസ്.എസ്, പൊന്നാനി യൂനിറ്റ്, പി.ബി നമ്പര്‍ 829, പൊന്നാനി നഗരം, പിന്‍ 679583 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.