Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>പ്രതികരണം

അബ്ദുല്‍ ലത്തീഫ് കൊടുവള്ളി
തോറ്റത് ജനങ്ങളാണ്, ജനകീയ മുന്നണിയല്ല
"താങ്കള്‍ മാത്രം നിര്‍മിച്ചുകൊണ്ടിരിക്കുന്നു, താങ്കള്‍ക്ക് പിന്നാലെ വരുന്ന ആയിരങ്ങള്‍ താങ്കള്‍ നിര്‍മിച്ചതൊക്കെയും തകര്‍ത്തുകളയുന്നു. പിന്നെ, എങ്ങനെയാണ് താങ്കള്‍ക്ക് ലക്ഷ്യം നേടാനാവുക?'' (അറബികവിത). ജനകീയ മുന്നണിയുടെ ശ്രദ്ധേയവും സര്‍ഗാത്മകവുമായ പ്രവര്‍ത്തനങ്ങളോട് നല്ല നിലയില്‍ പ്രതികരിച്ചു തുടങ്ങിയ ജനങ്ങളെ വോട്ടെടുപ്പിന്റെ തലേ ദിവസം പണവും മദ്യവും നല്‍കി നിര്‍വീര്യമാക്കിയത് ഈ പദ്യശകലത്തില്‍ പറഞ്ഞതുപോലെയാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ സംബന്ധിച്ച് ധാരാളം വിലയിരുത്തലുകള്‍ വന്നുകഴിഞ്ഞു. എല്ലാറ്റിലും അതതിന്റെ ശരികളുണ്ട്; ഏറിയോ കുറഞ്ഞോ. എങ്കിലും ജനപക്ഷ മുന്നണികളുടെ കന്നി മത്സരത്തിന്റെ ഫലത്തെപ്പറ്റി സത്യസന്ധമായ വിലയിരുത്തല്‍ ഇനിയുമുണ്ടായിട്ടുവേണം എന്നാണ് ഈ കുറിപ്പുകാരന്റെ പക്ഷം. സംഗതമെന്ന് തോന്നിയ ചില കാര്യങ്ങള്‍ കുറിക്കട്ടെ.
ജനകീയ മുന്നണിയുടെ മാതൃ സ്രോതസ്സായ ഇസ്ലാമിക പ്രസ്ഥാനം രാജ്യത്ത് വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന ധര്‍മാധിഷ്ഠിത സാമൂഹിക മാറ്റത്തെ അടിമുടി ചെറുക്കാന്‍ മത-രാഷ്ട്രീയ സംഘടനകളത്രയും ഒറ്റക്കെട്ടായി രംഗത്തുവന്നു. മതത്തെയും രാഷ്ട്രീയത്തെയും രണ്ടു തുണ്ടാക്കി തല്‍പര കക്ഷികള്‍ക്ക് യഥേഷ്ടം കൈകാര്യം ചെയ്യാന്‍ വിട്ടുകൊടുത്ത മുസ്ലിം മതസംഘടനകള്‍, മുസ്ലിം രാഷ്ട്രീയ സംഘടനയുടെ ആദര്‍ശവിരുദ്ധമായ ഒന്നിനു നേരെയും വിരല്‍ ചൂണ്ടാതെ, ജമാഅത്തെ ഇസ്ലാമിയുടെ ഏതു സംരംഭത്തെയും എന്ന പോലെ രാഷ്ട്രീയ പ്രവേശത്തെയും ജനമധ്യത്തില്‍ തെറ്റായി വ്യാഖ്യാനിച്ചു. മുജാഹിദുകള്‍ ഖുത്വ്ബകളും സുന്നികള്‍ ഖുത്വ്ബാനന്തര പ്രസംഗങ്ങളും ഇതിനായി ഉപയോഗിച്ചു (പള്ളിയില്‍ രാഷ്ട്രീയമോ എന്ന് ചോദിക്കരുത്). പ്രവാചകനെ നിന്ദിച്ചയാള്‍ക്ക് ചോര നല്‍കിയവര്‍ക്ക് വോട്ട് കൊടുക്കരുതെന്ന് വേറെ ചിലര്‍. വോട്ട് ചെയ്യുന്നത് കാമറയില്‍ പകര്‍ത്തുമെന്ന് മറ്റൊരു വക. തങ്ങളുപ്പാപ്പമാരെ വീടുവീടാന്തരം കയറ്റിയിറക്കി ബര്‍ക്കത്താക്കപ്പെട്ട നമീമത്ത് സ്ക്വാഡ്. ഒറ്റ ജനകീയ മുന്നണിക്കാരനും ജയിച്ചു പോകാതിരിക്കാന്‍ ദിക്കുകളിലൊക്കെയും വേലി കെട്ടി കാത്തിരിപ്പ്. പ്രചാരണങ്ങള്‍ക്കൊപ്പം കള്ളും കള്ളവോട്ടുമായപ്പോള്‍ എല്ലാം കുശാല്‍. തങ്ങളുടെ അഴിമതി അത്താഴം മുടക്കാന്‍ ഇവര്‍ക്ക് കഴിയുമെന്ന ആശങ്ക അവരെ അസ്വസ്ഥപ്പെടുത്തിയിരുന്നതിനാല്‍, ഒരു ജനകീയ മുന്നണി സ്ഥാനാര്‍ഥിയും ജയിക്കാതിരിക്കാന്‍ അവര്‍ തമ്മില്‍ ധാരണയായി.
ഇത്രയും സംഘടനകളുടേത്. ജനങ്ങളുടെ നിലപാടോ? അത്യന്തം വിചിത്രം. തങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങളുടെ നേരെ കാലങ്ങളായി പ്രായോഗികമായിത്തന്നെ സത്യസന്ധമായി പ്രതികരിച്ച ജനകീയ മുന്നണിയെ വേണ്ടയളവില്‍ പരിഗണിക്കാന്‍ അതിന്റെ ഗുണഭോക്താക്കള്‍ക്ക് പോലുമായില്ല. ജമാഅത്തുകാര്‍ ജയിച്ചാലും ഇല്ലെങ്കിലും അവര്‍ ചെയ്യേണ്ടത് ചെയ്തുതരും. അതുകൊണ്ട് രാഷ്ട്രീയക്കാര്‍ക്ക് വോട്ട് നല്‍കി അവരുടേത് കൂടി സ്വന്തമാക്കുക എന്നതായിരുന്നു പലരുടെയും നയം. 'ഉപയോഗിച്ച് വലിച്ചെറിയുക' എന്ന ഇന്നത്തെ ലോകത്തിന് പറ്റിയ നയം. തങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതിനേക്കാള്‍, നേതാക്കളെ രക്ഷിക്കുക എന്ന ബാധ്യതയാണ് അവരുടെ മുമ്പിലുണ്ടായിരുന്നത്. നിഷ്കാമ സേവനങ്ങളുടെ മഹിതമൂല്യം ഇവിടെ ബലി കൊടുക്കപ്പെട്ടു.
പദ്ധതി വിഹിതങ്ങള്‍ കമീഷന്‍ പറ്റാതെയും മറ്റു ഫണ്ടുകള്‍ ചേര്‍ത്ത് പോഷിപ്പിച്ചും വിനിയോഗിച്ച സ്ഥലങ്ങളില്‍ വരെ അട്ടിമറികള്‍ നടന്നിട്ടുണ്ട്. അഴിമതിരഹിത ഭരണത്തോട് ജനത്തിനു തന്നെ അലര്‍ജിയാണെന്നല്ലേ ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. വിഷാംശമുള്ള ഭക്ഷണം കഴിച്ച് ശീലിച്ചവര്‍ക്ക് വിഷരഹിതാഹാരം അലര്‍ജിയാണെന്നതുപോലെ, വ്യവസ്ഥാ ദൂഷ്യം മനസ്സിനെ ആവേശിച്ചാല്‍ അങ്ങനയല്ലാതെ വരുമോ? അനൌപചാരികമായി നിര്‍വഹിച്ചുപോന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഔപചാരികമായ അവസരം തേടിയ ജനകീയ മുന്നണിയുടെ നേരെ ഇത്തരമൊരു നിഷേധാത്മക നിലപാടാണ് ജനം സ്വീകരിച്ചത്. യഥാ പ്രജ തഥാ രാജ!
ശ്രദ്ധേയമായ മറ്റൊരു വസ്തുത, മധ്യവര്‍ഗ വിഭാഗങ്ങള്‍ 'ശല്യക്കാരായ' പൊതുകാര്യ വ്യവഹാരികളെ അത്ര കണ്ട് ഇഷ്ടപ്പെട്ടില്ലെന്നാണ്. വ്യവസ്ഥിതിയിലെ തിന്മക്കെതിരെ പൊരുതുക, ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുക മുതലായവ തങ്ങളുടെ സ്വൈരജീവിതത്തിന് ശല്യമാണെന്നവര്‍ മനസ്സിലാക്കുന്നു. ഏറിവന്നാല്‍, കാഴ്ച്ചക്കാരായി നോക്കിനിന്ന് അഭിപ്രായം പറയാം എന്നല്ലാതെ, തടികേടാവുന്ന ഒന്നിലേക്കും തങ്ങളെ വലിച്ചിഴക്കരുതെന്നാണ് മധ്യ വര്‍ഗ മനഃശാസ്ത്രം. അതുകൊണ്ടുതന്നെ ജനകീയ മുന്നണികള്‍ സമ്പന്ന വിഭാഗങ്ങള്‍ക്ക് മാത്രമല്ല, മധ്യ വര്‍ഗത്തിനും അലര്‍ജിയാണ്. കേരളത്തില്‍ ഈയിടെ നടന്ന ജനകീയ സമരങ്ങള്‍ കത്തിനിന്നപ്പോഴെല്ലാം എന്തിന് വയ്യാവേലിക്കു പോകുന്നു എന്ന് മധ്യവര്‍ഗം അടക്കം പറഞ്ഞിട്ടുണ്ട്. മതവിശ്വാസികള്‍ക്കാവട്ടെ, വേദഗ്രന്ഥങ്ങളിലെ സാധുജനസേവക്കുള്ള ആഹ്വാനങ്ങള്‍ വ്യക്തിനിഷ്ഠമായ പ്രവര്‍ത്തനമായല്ലാതെ, അത് സന്ദര്‍ഭാനുസൃതം സാമൂഹിക പ്രധാന്യമുള്ള കൂട്ടായ സമരമായും വികസിക്കേണ്ടതുണ്ടെന്ന് ചിന്തിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വോട്ട് നല്‍കി പിന്തുണക്കേണ്ടതുണ്ടെന്ന് അവര്‍ക്ക് തോന്നിയിട്ടില്ല.
ഈ സാഹചര്യത്തില്‍ സാമൂഹിക രാഷ്ട്രീയാദി രോഗങ്ങള്‍ക്ക് ആദര്‍ശ പ്രചോദിതമായി പ്രസ്ഥാനം ആലോചിച്ചെടുക്കുന്ന നിലപാടുകളിലേക്ക് ജനങ്ങളെ അടുപ്പിച്ചെടുക്കുക എന്നതല്ലാതെ മറ്റു വഴിയില്ല. "സത്യം അവരുടെ ഇഛകളെ പിന്‍പറ്റുകയാണെങ്കില്‍ ആകാശവും ഭൂമിയും അവയിലുള്ളവരും കുഴപ്പത്തിലാകുമായിരുന്നു'' (മുഅ്മിനൂന്‍ 71). തങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതാണെങ്കിലും, നന്മയോട് പുറംതിരിഞ്ഞു നില്‍ക്കുകയെന്നത് പൊതുവെ മനുഷ്യരുടെ സ്വഭാവമാണ്. തങ്ങള്‍ അനുഭവിക്കേണ്ട സാമ്പത്തികവും മറ്റുമായ വിഭവങ്ങള്‍ അഴിമിതത്തമ്പുരാക്കന്മാരായ നേതാക്കള്‍ക്ക് വിട്ടുകൊടുക്കുന്ന ഇന്നത്തെ ജനം പഴയകാല ചരിത്രം തന്നെയാണ് നമ്മെ ഓര്‍മപ്പെടുത്തുന്നത്. "സ്വാലിഹ് നബി സ്വജനതയോട് പറഞ്ഞു: ഞാന്‍ നിങ്ങളോട് ഗുണകാംക്ഷ പുലര്‍ത്തി. പക്ഷേ, നിങ്ങള്‍ ഗുണകാംക്ഷികളെ ഇഷ്ടപ്പെടുന്നില്ല'' (അല്‍അഅ്റാഫ് 79).
വാര്‍ഡ് മെമ്പര്‍മാരേക്കാള്‍ സജീവമായി വിഷയങ്ങളില്‍ ഇടപെട്ടും, വിവരാവകാശ പ്രകാരം മുന്‍ പദ്ധതികളുടെ യഥാര്‍ഥ വിവരം സംഘടിപ്പിച്ചും, വാര്‍ഡുകളില്‍ അവയുടെ പ്രയോജനം എത്രകണ്ട് ലഭ്യമായെന്ന് ബോധ്യപ്പെടുത്തിയും ശക്തമായി പ്രവര്‍ത്തിക്കുകയാണ് ഇനി വേണ്ടത്. ഈ രംഗത്ത് ജനകീയ മുന്നണിയെ തോല്‍പിക്കാന്‍ ആര്‍ക്കും ആവില്ല. അഴിമതി മോഹികള്‍ക്ക് മുന്നില്‍ പ്രതിരോധം സൃഷ്ടിക്കുക. സര്‍വോപരി, ലോകം എങ്ങനെയൊക്കെ നീങ്ങിയാലും ആദര്‍ശപ്രതിബദ്ധതയും അവശപക്ഷ സ്നേഹവും ജീവിത വ്രതമായി സ്വീകരിച്ച് മുന്നോട്ടു പോവുക. തോറ്റത് തങ്ങള്‍ തന്നെയാണെന്ന് ജനങ്ങള്‍ക്ക് സ്വയം ബോധ്യപ്പെടുന്ന സാഹചര്യമുണ്ടാക്കുക.
അവസാനവാക്ക്: "നിങ്ങള്‍ ഭരണാധികാരിയാകുമ്പോള്‍ വിനീത സേവകനായി പ്രവര്‍ത്തിക്കുക. ഭരണാധികാരിയല്ലെങ്കില്‍, ഭരണാധികാരിയാണെന്ന ഉത്തരവാദിത്വബോധത്തോടെ ചുമതലകള്‍ നിര്‍വഹിക്കുക'' (ഉമര്‍).

 

  SocialTwist Tell-a-Friend
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly