Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>മൊഴിമുത്തുകള്‍


സംതൃപ്തിയുടെ ഉറവിടങ്ങള്‍
കെ.എം
ഇബ്റാഹീമുബ്നു അദ്ഹം വളരെ ദുഃഖിതനായ ഒരാളെ കണ്ടുമുട്ടി.
ഇബ്റാഹീം അയാളോട്: "ഏ മനുഷ്യാ, അല്ലാഹു ഉദ്ദേശിക്കാത്ത വല്ല കാര്യവും ഈ ദുനിയാവില്‍ നടക്കുന്നുണ്ടോ?''
അയാള്‍: "ഇല്ല''.
ഇബ്റാഹീം: "അല്ലാഹു താങ്കള്‍ക്കായി നിശ്ചയിച്ച ആയുസ്സില്‍ വല്ല കാരണവശാലും ഒരു നിമിഷമെങ്കിലും കുറഞ്ഞുപോകുമോ?''
അയാള്‍: "ഇല്ല''.
ഇബ്റാഹീം: "എങ്കില്‍ പിന്നെ എന്തിന് ഈ ദുഃഖവും വേവലാതിയും?''

*****
ഇബ്റാഹീമുബ്നു അദ്ഹം ഹജ്ജിന് പുറപ്പെട്ടു. കാല്‍നടയായാണ് യാത്ര. അപ്പോള്‍ ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന മറ്റൊരാളെ കണ്ടുമുട്ടി.
അയാള്‍: "ഇബ്റാഹീം, എങ്ങോട്ടാണ് യാത്ര?''
ഇബ്റാഹീം: "ഹജ്ജിനാണ്''.
അയാള്‍: "വാഹനമെവിടെ? ദൂരം കുറെയുണ്ടല്ലോ.''
ഇബ്റാഹീം: "എനിക്ക് ഒരുപാട് വാഹനങ്ങളുണ്ട്. താങ്കള്‍ കാണുന്നില്ല എന്നേയുള്ളൂ.''
അയാള്‍: "കേള്‍ക്കട്ടെ, ഏതൊക്കെ വാഹനങ്ങളാണ്?''
ഇബ്റാഹീം: "എനിക്കൊരു ആപത്ത് പറ്റിയാല്‍ ക്ഷമയായിരിക്കും എന്റെ വാഹനം. അനുഗ്രഹം വന്നാലോ അപ്പോള്‍ ഞാന്‍ നന്ദിയുടെ വാഹനത്തില്‍ കയറും. വഴിയില്‍ വെച്ച് പടച്ചവന്‍ വിധിച്ചത് എന്തൊക്കെ വന്നാലും സംതൃപ്തിയുടെ വാഹനത്തിലാവും എന്റെ യാത്ര.''
അയാള്‍: "ദൈവകടാക്ഷത്തിലേറിയാണ് താങ്കളുടെ യാത്ര. യഥാര്‍ഥത്തില്‍ വാഹനം കയറിയവന്‍ താങ്കളാണ്; ഞാന്‍ വെറും കാല്‍നടക്കാരന്‍.''

*****
ഉമറുബ്നു അബ്ദുല്‍ അസീസ്(റ) ഭരണാധികാരിയായിരിക്കുന്ന കാലം. തനിക്കായി ഒരു വസ്ത്രം വാങ്ങിവരാന്‍ എട്ട് ദിര്‍ഹം കൊടുത്ത് ഉമര്‍ ഒരാളെ പറഞ്ഞുവിട്ടു. അയാള്‍ വസ്ത്രം വാങ്ങി വന്ന് ഉമറിന്റെ മുമ്പില്‍ വെച്ചു. ഉമര്‍ ആ വസ്ത്രം തൊട്ട് തലോടി കൊണ്ട്: "എത്ര മനോഹരമായിരിക്കുന്നു, എന്ത് മിനുസം!''
ഇതു കേട്ട് വസ്ത്രവുമായി വന്നയാള്‍ ചിരിച്ചു.
ഉമര്‍: "എന്തിനാണ് താങ്കള്‍ ചിരിക്കുന്നത്?''
അയാള്‍: "അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ ഭരണാധികാരിയാവുന്നതിന് മുമ്പ് താങ്കള്‍ എന്നോട് ആയിരം ദിര്‍ഹമിന് വസ്ത്രം വാങ്ങിവരാന്‍ പറഞ്ഞിരുന്നു. അത് വാങ്ങിക്കൊണ്ട് വന്നപ്പോള്‍ താങ്കള്‍ പറഞ്ഞു, എന്തൊരു പരുക്കന്‍ വസ്ത്രം! ഇന്ന് എട്ട് ദിര്‍ഹമിന്റെ വസ്ത്രത്തെ താങ്കള്‍ പുകഴ്ത്തി പറയുന്നു?''
ഉമര്‍: "മനുഷ്യാ, താങ്കള്‍ക്ക് എന്തറിയാം. ഉയരങ്ങള്‍ കൊതിക്കുന്ന ഒരു മനസ്സാണ് എന്റേത്. ഒരു സ്ഥാനം കിട്ടിക്കഴിഞ്ഞാല്‍ അതിനേക്കാള്‍ ഉയര്‍ന്നത് എന്റെ മനസ്സ് കൊതിക്കുകയായി. ഞാന്‍ അമീറായപ്പോള്‍, പിന്നെ ഖലീഫയാകണമെന്നായി പൂതി. ഖലീഫയായപ്പോഴോ, അതിനേക്കാള്‍ ഉയര്‍ന്നത് ഞാന്‍ കൊതിക്കുന്നു. അത് സ്വര്‍ഗമല്ലാതെ മറ്റൊന്നുമല്ല.''

*****
ഉമറുബ്നുല്‍ അബ്ദുല്‍ അസീസിന് എട്ട് മക്കളായിരുന്നു. അദ്ദേഹം മരണക്കിടക്കിയിലായിരിക്കെ ജനം അദ്ദേഹത്തോട് ചോദിച്ചു: "താങ്കള്‍ മക്കള്‍ക്കായി എന്താണ് ബാക്കി വെച്ചത്?''
ഉമര്‍: "തഖ്വ-ദൈവഭക്തി- അതാണ് ഞാന്‍ ബാക്കിവെച്ചത്. അവര്‍ നല്ലവരായി ജീവിച്ചാല്‍ ദൈവം അവരുടെ സംരക്ഷണം ഏറ്റുകൊള്ളും. ഇനിയവര്‍ ദൈവധിക്കാരത്തിലാണ് ചരിക്കുന്നതെങ്കില്‍ അതിന് സഹായകമാകുന്ന യാതൊന്നും ഞാനവര്‍ക്ക് ബാക്കിവെച്ചിട്ടില്ല.''
ഉമറിന്റെ മക്കളില്‍ ഓരോരുത്തര്‍ക്കും അനന്തരമായി കിട്ടിയത് 12 ദിര്‍ഹം മാത്രം.
എന്നാല്‍ മറ്റൊരു ഉമവി ഭരണാധികാരിയായ ഹിശാമുബ്നു അബ്ദില്‍ മലിക് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഓരോ മകനും ഒരു ലക്ഷം ദീനാര്‍ അനന്തരമായി കിട്ടി. ഇരുപത് വര്‍ഷം കഴിഞ്ഞതേയുള്ളൂ. ഉമറിന്റെ മക്കളെല്ലാം ദൈവമാര്‍ഗത്തിലെ യോദ്ധാക്കളായി മാറി. ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാന്‍ കണ്ടമാനം ധനം അവരിലേക്കങ്ങനെ ഒഴുകിക്കൊണ്ടിരുന്നു. ഹിശാമിന്റെ മക്കളോ? അവരപ്പോള്‍ (അബൂജഅ്ഫര്‍ മന്‍സ്വൂറിന്റെ ഭരണകാലത്ത്) ദാറുസ്സലാം പള്ളിയുടെ മുറ്റത്ത് ഭിക്ഷയാചിച്ച് നില്‍ക്കുകയായിരുന്നു.

*****
ജീവിതം നമ്മെ പഠിപ്പിച്ച ഒരു കാര്യമുണ്ട്. ദൈവവിശ്വാസം ഉണ്ടാകുമ്പോഴേ സംതൃപ്തിയും സന്തോഷവും ഉണ്ടാകൂ. സംതൃപ്തിയുടെ യഥാര്‍ഥ ഉറവിടമത്രെ അത്. ചില വീടുകളില്‍ എന്നും പ്രശ്നമാണ്. ഒരു സ്വസ്ഥതയുമില്ല. ഇതിന്റെ മുഖ്യ കാരണം ആ വീട്ടിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊന്നും ദീനീ സംസ്കാരത്തിലല്ല വളരുന്നത് എന്നതാണ്. അവര്‍ തോന്നുംപടിയങ്ങ് ജീവിക്കുകയാണ്. ദീന്‍ പടിയിറങ്ങിപ്പോയ ഒരു വീട്ടിലേക്ക് സംതൃപ്തിയും സൌഭാഗ്യവും പടികയറിവരില്ല.
(അഹ്മദ് അമീന്‍)

*****
അല്ലാഹുവില്‍നിന്നുള്ള ചൈതന്യം, പ്രകാശം- അത് ദുഃഖിതന്റെ ഹൃദയത്തില്‍ സാന്ത്വനമായി പെയ്തിറങ്ങുന്നു. അസ്വാസ്ഥ്യങ്ങളെ തൂത്ത് മാറ്റുന്നു. വിശ്വാസിയല്ലാത്ത ഒരാളെ പൊതിഞ്ഞ് ഈ ലോകത്ത് എന്തെല്ലാം പ്രശ്നങ്ങളും പ്രയാസങ്ങളും! ഒരുപാടൊരുപാട് താല്‍പര്യങ്ങള്‍ അയാളെ പല ദിക്കിലേക്കും പിടിച്ചു വലിക്കുന്നുണ്ടാകും. ആദ്യം അയാള്‍ക്ക് തന്റെ സ്വാര്‍ഥ ലക്ഷ്യങ്ങള്‍ നേടണം, പിന്നെ താന്‍ ജീവിക്കുന്ന സമൂഹത്തെ തൃപ്തിപ്പെടുത്തണം... ഇതില്‍ നിന്നൊക്കെ മോചിതനാണ് സത്യവിശ്വാസി. അവന്റെ ലക്ഷ്യങ്ങളൊക്കെ ഒരൊറ്റ ലക്ഷ്യത്തില്‍ വന്നുചേരുകയാണ്. അതിന് വേണ്ടിയാണ് അവന്‍ അഭിലഷിക്കുന്നത്; അതിനു വേണ്ടിയാണ് അവന്‍ യത്നിക്കുന്നത്. അതത്രെ പ്രപഞ്ചനാഥന്റെ തൃപ്തിയും കടാക്ഷവും.
(ഡോ. യൂസുഫുല്‍ ഖറദാവി)

 

  SocialTwist Tell-a-Friend
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly