>>ലേഖനം
ഭൂരിപക്ഷം ലഭിക്കാത്ത പ്രവാചകന്മാര്‍
ഹാദി
ലോകം കണ്ട ഏറ്റവും നല്ല വ്യക്തിത്വങ്ങള്‍ ആരായിരുന്നു? സംശയമേതുമില്ലാതെ നാം മറുപടി പറയും; പ്രവാചകന്മാര്‍! ആകാശ ലോകത്തിന്റെ വാതിലുകള്‍ തുറന്ന് വിശുദ്ധ മാലാഖമാര്‍ കൊണ്ടുവന്ന പ്രപഞ്ചത്തിന്റെ വെളിച്ചം ഏറ്റുവാങ്ങി, ഭൂമിക്കു മേല്‍ പുതച്ച ഇരുട്ടിന്റെ കരിമ്പടങ്ങള്‍ നീക്കി, മനുഷ്യജീവിതം പ്രഭാപൂരിതമാക്കാന്‍ വന്ന പ്രവാചകന്മാരെക്കാള്‍ ശ്രേഷ്ഠര്‍ ആരാണുള്ളത്! ദൈവിക സന്ദേശത്തിന്റെ പ്രബോധകന്മാരായി ഭൂമിയില്‍ നിയോഗിക്കപ്പെട്ട മാതൃകാപുരുഷന്മാരായിരുന്നു അവര്‍. ഭിന്നകാല-ദേശങ്ങളില്‍ ആഗതരായ പ്രവാചക ശ്രേഷ്ഠര്‍ ഒരു ലക്ഷത്തിലേറെ വരുമെന്നാണ് ചരിത്രപാഠം. ഓരോ സമൂഹത്തിലും പ്രവാചകത്വ പദവിക്ക് അര്‍ഹരായത് അവരിലെ ഏറ്റവും മികച്ച വ്യക്തിത്വങ്ങള്‍ തന്നെയാണ്. അല്ലാഹുവാണ് അവരെ തെരഞ്ഞെടുത്തത്, സവിശേഷ സ്ഥാനവും ദിവ്യബോധനവും അമാനുഷിക ദൃഷ്ടാന്തങ്ങളും നല്‍കിയത്.
എന്തൊക്കെയായിരുന്നു ആ പ്രവാചകന്മാര്‍ സമൂഹത്തോട് പറഞ്ഞത്? എങ്ങനെയായിരുന്നു ജനസമൂഹങ്ങള്‍ പ്രവാചകന്മാരോട് പ്രതികരിച്ചത്? ആരൊക്കെയാണ് ആ പുണ്യ പുരുഷന്മാരെ പിന്തുണക്കാന്‍ മുന്നോട്ടു വന്നത്? ഏതൊക്കെ പ്രവാചകന്മാര്‍ക്കാണ് സമൂഹത്തില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ കിട്ടിയത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ചിലര്‍ക്ക് ചരിത്ര വിവരങ്ങള്‍ മാത്രമായിരിക്കും. എന്നാല്‍ ഇസ്ലാമിക വിപ്ളവത്തിന്റെ മുന്നണിപോരാളികള്‍ക്ക് ആ ഉത്തരങ്ങള്‍, വര്‍ത്തമാനത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ അളന്നെടുക്കാനും അതിജീവിക്കാനുമുള്ള ഉപകരണങ്ങളാണ്. ഭാവിയിലേക്ക് ഉറച്ച ചുവടുവെപ്പുകളോടെ മുന്നേറാനുള്ള പ്രചോദനങ്ങളും അതിരുകളില്ലാത്ത ദൈവിക സഹായത്തെക്കുറിച്ച പ്രതീക്ഷകളുമാണ്. കാരണം, പ്രവാചകന്മാരുടെ ജീവിത മൂല്യങ്ങളെ വര്‍ത്തമാനത്തില്‍ പകര്‍ത്താനും പ്രയോഗവല്‍കരിക്കാനും ശ്രമിക്കുന്ന പിന്‍ഗാമികളാണവര്‍. ചരിത്രം വര്‍ത്തമാനത്തില്‍ ആവര്‍ത്തിക്കാതിരുന്നാല്‍, അവര്‍ വിപ്ളവകാരികളല്ലാതായിപ്പോകും!
നന്മയുടെ പ്രതിരൂപങ്ങള്‍
പ്രപഞ്ചത്തിലെ എല്ലാ നന്മകളുടെയും പ്രതിരൂപങ്ങളായിരുന്നു പ്രവാചകന്മാര്‍. ഒരു സുകൃതവും സമൂഹത്തെ പഠിപ്പിക്കാന്‍ അവര്‍ വിട്ടുപോയിട്ടില്ല. ഒരു നന്മയെയും അവര്‍ എതിര്‍ത്തിട്ടില്ല. അവരുടെ അധ്യാപനങ്ങളില്‍ സമൂഹത്തിന് ദോഷകരമാകുന്ന ഒന്നുമുണ്ടായിരുന്നില്ല. ഇരുലോകത്തും ജനതക്ക് ഗുണം ലഭിക്കുന്നതു മാത്രമേ അവര്‍ ഉദ്ബോധിപ്പിച്ചുള്ളൂ. ഏകദൈവവിശ്വാസമായിരുന്നു അവര്‍ മുഴക്കിയ ഏറ്റവും വലിയ മുദ്രാവാക്യം. മാതാപിതാക്കളെ ആദരിക്കുക, സേവിക്കുക, കുടുംബബന്ധങ്ങള്‍ പുലര്‍ത്തുക, അയല്‍പക്ക ബന്ധങ്ങള്‍ നിലനിര്‍ത്തുക അഗതികള്‍, അനാഥര്‍, വഴിയാത്രക്കാര്‍, ചൂഷിതര്‍, കടബാധിതര്‍..... സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക. പ്രാര്‍ഥന, ദാനധര്‍മങ്ങള്‍, വ്രതാനുഷ്ഠാനം, തീര്‍ഥാടനം തുടങ്ങി മനുഷ്യനെ മാലിന്യങ്ങളില്‍നിന്ന് ശുദ്ധീകരിക്കുകയും ഉത്തമ വ്യക്തിത്വമായി വളര്‍ത്തുകയും ചെയ്യുന്ന നിര്‍ബന്ധവും ഐഛികവുമായ ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കുക. മനുഷ്യ സ്നേഹം, കാരുണ്യം, സമത്വം, നീതി, സഹകരണം, നന്മക്കുവേണ്ടിയുള്ള സമരം തുടങ്ങിയ മഹിത മൂല്യങ്ങളാണ് അവര്‍ ഭൂമിയില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. വിണ്ണില്‍ സ്രഷ്ടാവിനോടും മണ്ണില്‍ സൃഷ്ടികളോടുമുള്ള ബാധ്യതകള്‍ നിര്‍വഹിച്ച് മഹത്വം കൈവരിക്കാനും ഇരുലോക വിജയികളാകാനുമായിരുന്നു അവരുടെ ഉല്‍ബോധനം.
തിന്മയുടെ സകല വകഭേദങ്ങള്‍ക്കും അവയുടെ പ്രയോക്താക്കള്‍ക്കുമെതിരിലുള്ള പോരാട്ടമായിരുന്നു പ്രവാചകന്മാരുടെ ജീവിതം. ദൈവനിഷേധവും ബഹുദൈവത്വവുമായിരുന്നു അതില്‍ ഒന്നാം സ്ഥാനത്ത്. മാതാപിതാക്കളെ ധിക്കരിക്കുക, ദുര്‍ബല വിഭാഗങ്ങളെ അവഗണിക്കുക തുടങ്ങിയവ മനുഷ്യത്വത്തിന് നിരക്കാത്തതും ദൈവശാസനക്ക് വിരുദ്ധവുമാണെന്ന് അവര്‍ ജനങ്ങളോട് പറഞ്ഞു. മദ്യം, വ്യഭിചാരം, പലിശ, കൊലപാതകം, ലഹരി, അഴിമതി, കൈകൂലി, വഞ്ചന, മോഷണം, വര്‍ഗീയത, ജാതി വിവേചനം, സ്വേഛാധിപത്യം, സ്വവര്‍ഗരതി തുടങ്ങിയ സകല മ്ളേഛതകള്‍ക്കും ജീര്‍ണതകള്‍ക്കുമെതിരെ സന്ധിയില്ലാ സമരമായിരുന്നു പ്രവാചകന്മാര്‍ നയിച്ചത്. ഏത് തിന്മയെയാണ് പ്രവാചകന്‍മാര്‍ എതിര്‍ക്കാതിരുന്നത്? ഏതു പാപത്തെക്കുറിച്ചാണ് അവര്‍ താക്കീത് നല്‍കാതിരുന്നത്?
പ്രവാചകന്മാരുടെ കൂടെ അല്ലാഹു ഉണ്ടായിരുന്നു, മലക്കുകളും. ഇബ്ലീസ് അവരുടെ എതിര്‍പക്ഷത്തായിരുന്നു. വെളിച്ചം പ്രവാചകന്മാരുടെ ഭാഗത്തായിരുന്നു. ആ ഇരുളില്‍നിന്നാണ് പ്രവാചകന്മാര്‍ ജനങ്ങളെ മോചിപ്പിക്കാന്‍ ശ്രമിച്ചത്. "അവനാണ് തന്റെ ദാസന് സുവ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നല്‍കിയത്. ജനങ്ങളെ ഇരുളുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍'' (അല്‍ഹദീദ് 9).
സകല നന്മകളുടെയും പ്രതിരൂപങ്ങളായ പ്രവാചകന്മാരെ ജനങ്ങളില്‍ ഭൂരിപക്ഷവും പിന്തുണക്കേണ്ടിയിരുന്നു. എല്ലാ മൂല്യങ്ങളുടെയും വാഹകരും ധര്‍മങ്ങളുടെ സംസ്ഥാപകരുമായ പ്രവാചകന്മാരെ ജനം രണ്ടു കൈയും നീട്ടി സ്വീകരിക്കേണ്ടിയിരുന്നു. സത്യത്തിനുവേണ്ടി മാത്രം നിലകൊണ്ട പ്രവാചകന്മാരെ ജനങ്ങള്‍ നേതാക്കളാക്കേണ്ടിയിരുന്നു. നീതിയും സമത്വവും സേവനവും ഉദ്ഘോഷിച്ച ദൈവദൂതന്മാരെ അധികാരമേല്‍പിക്കേണ്ടിയിരുന്നു. പക്ഷേ, ജീവിതത്തില്‍ പ്രവാചകന്മാര്‍ അനുഭവിച്ചതും ചരിത്രത്തില്‍ നാം അറിയുന്നതും നേര്‍വിരുദ്ധമായ കാര്യങ്ങളാണല്ലോ!
വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നതനുസരിച്ച് ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ച പ്രവാചക ശ്രേഷ്ഠര്‍ വിരലിലെണ്ണാന്‍ പോലും തികയില്ല. സമൂഹത്തിന്റെ നേതൃത്വവും രാജ്യത്തിന്റെ അധികാരവും കൈയാളാന്‍ സാധിച്ചവരും കുറവ്. ദിവ്യബോധനവും അമാനുഷിക ദൃഷ്ടാന്തങ്ങളുടെ അകമ്പടിയുമായി വന്ന, അല്ലാഹുവിന്റെ പ്രവാചകന്മാരില്‍ മിക്കവരെയും ഓരോ കാലഘട്ടത്തിലെയും ജനങ്ങളില്‍ മഹാഭൂരിപക്ഷവും തള്ളിപ്പറഞ്ഞതല്ലേ അനുഭവം! എങ്കില്‍ പിന്നെ, പ്രവാചകന്മാരുടെ പിന്‍മുറക്കാരായി പടനയിക്കാനിറങ്ങുന്നവര്‍ക്ക് ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിക്കാത്തതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു!
മുഹമ്മദ് നബി(സ), യൂസുഫ് നബി, സുലൈമാന്‍ നബി, ദാവൂദ് നബി തുടങ്ങിവരാണ് സമൂഹത്തിന്റെ നേതൃത്വവും രാജ്യത്തിന്റെ അധികാരവും കൈയാളാന്‍ സാധിച്ചവരെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. നീണ്ട പീഡന പര്‍വങ്ങള്‍ക്ക് ശേഷമാണ് മുഹമ്മദ് നബിയുടെ വിപ്ളവം വിജയത്തിലെത്തിയത്. ജനപക്ഷത്തുനിന്ന് പൊരുതിയ പ്രവാചകന് സമ്പൂര്‍ണ വിജയമുണ്ടാവുകയും ദൈവഭക്തിയും മൂല്യബോധവും ധാര്‍മികതയുമുള്ള സമൂഹവും ഭരണാധികാരികളും നിലവില്‍ വരികയും ചെയ്തതിന് ചരിത്രം സാക്ഷി. നന്മയുടെ മുദ്രാവാക്യം സ്വപ്നമല്ലെന്നും അത് ജനകീയമാകുന്നതെങ്ങനെയെന്നും നബിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു; അന്തിമ വിജയം സത്യത്തിനാണെന്നും.
ജനം പ്രതികരിച്ചതെങ്ങനെ?
വിശുദ്ധ ഖുര്‍ആന്‍ ഒരാവര്‍ത്തി വായിച്ചു നോക്കൂ. മഹാന്മാരായ പ്രവാചകന്മാരോട് ജനങ്ങള്‍ പ്രതികരിച്ച രീതികള്‍ കണ്ട് നാം അത്ഭുതപ്പെട്ടുപോകും. പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സര്‍വാധിനാഥനും സര്‍വശക്തനുമായ അല്ലാഹു നേരിട്ട് തെരഞ്ഞെടുത്തയച്ച ദൂതന്മാര്‍! ജനം അവരെ തള്ളിപ്പറയുന്നു, മുഖം തിരിക്കുന്നു, നിഷേധിക്കുന്നു, കൂക്കിവിളിക്കുന്നു, തെറി പറയുന്നു. ഭ്രാന്തന്‍, ജ്യോത്സ്യന്‍, കവി, മാരണക്കാരന്‍ തുടങ്ങിയ മുദ്രകള്‍ ചാര്‍ത്തിക്കൊടുക്കുന്നു. സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്നവന്‍ എന്നാക്ഷേപിക്കുന്നു. ഭീകരവാദത്തിന്റെ ലേബലൊട്ടിക്കുന്നു, ഒറ്റപ്പെടുത്തുന്നു, കല്ലെറിയുന്നു, തീയിലിടുന്നു, നാട്ടില്‍നിന്ന് ആട്ടിയോടിക്കുന്നു, ചിലരെ കൊന്നുകളയുന്നു!
അല്ലാഹു ആ ചരിത്രങ്ങളെല്ലാം ഇസ്ലാമിന്റെ മുന്നണിപ്പോരാളികളെ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നുണ്ട്; പല സന്ദര്‍ഭങ്ങളില്‍, ഭിന്നരീതികളില്‍. "മൂസാക്ക് നാം വേദം നല്‍കി. അദ്ദേഹത്തിനുശേഷം തുടര്‍ച്ചയായി ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകന്‍ ഈസായെ വ്യക്തമായ അടയാളങ്ങളുമായി അയക്കുകയും പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. ഇതെന്തൊരു സ്വഭാവമാണ് നിങ്ങളുടേത്! നിങ്ങളുടെ സ്വേഛകള്‍ക്ക് യോജിക്കാത്ത അധ്യാപനങ്ങളുമായി പ്രവാചകന്‍ നിങ്ങളില്‍ ആഗതനായപ്പോഴൊക്കെ നിങ്ങള്‍ ധിക്കരിച്ചു. ചിലരെ കളവാക്കി, മറ്റു ചിലരെ കൊന്നു കളഞ്ഞു'' (അല്‍ബഖറ 87). മറ്റൊരു ആയത്ത് കാണുക:
"ഓരോ ജനവും അവരുടെ ദൈവദൂതനെ പിടികൂടാനൊരുമ്പെട്ടിട്ടുണ്ട്. അവരൊക്കെയും മിഥ്യയുടെ ആയുധങ്ങള്‍കൊണ്ട് സത്യത്തെ തോല്‍പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ നാമവരെ പിടികൂടി'' (ഗാഫിര്‍ 5)
പ്രവാചകന്മാര്‍ക്ക് അവരുടെ സമൂഹങ്ങളില്‍ നിന്നുണ്ടായ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച ഖുര്‍ആനിക സൂചനകളിലൂടെ നാം കടന്നുപോവുകയാണ്. അറിയാവുന്ന ചരിത്രത്തിന്റെ വിരസമായ ആവര്‍ത്തനമല്ല ഇത്. ഓരോ പ്രവാചകനോടും അവരുടെ ജനം പറഞ്ഞ കുത്തുവാക്കുകളും പരിഹാസങ്ങളും, കാണിച്ച ക്രൂരതകളും സൂക്ഷ്മതയോടെ നിരീക്ഷിക്കുക. ആ ചരിത്രങ്ങളെല്ലാം വര്‍ത്തമാനത്തിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. പ്രവാചകന്മാര്‍ക്കെതിരെ മുഴങ്ങിയ തെറിവാക്കുകളും ശകാരവര്‍ഷങ്ങളും നമ്മുടെ ചുറ്റുപാടുകളിലും മുഴങ്ങുന്നുണ്ട്! പ്രസംഗ പീഠങ്ങളില്‍, പത്രതാളുകളില്‍, വീഡിയോ ക്ളിപ്പിംഗുകളില്‍ ആ പഴയ പാട്ടുകള്‍ പുതിയ രീതിയില്‍ നാം കേള്‍ക്കുന്നുണ്ട്!
മക്കയിലും മദ്യനിലും ത്വാഇഫിലും ഈജിപ്തിലും ഇറാഖിലും പ്രവാചകന്മാര്‍ കേട്ട ആക്രോശങ്ങള്‍ അവരുടെ അനന്തരഗാമികളായ, ഇസ്ലാമിക മുന്നേറ്റത്തിന്റെ വക്താക്കളും കേള്‍ക്കുന്നുണ്ട്. 'നീ ദുര്‍ബലനും നിസാരനുമാണെന്ന്' ശുഐബ് നബിയെ ആക്ഷേപിച്ച മദ്യനിലെ പ്രമാണിമാരുടെ സ്വരം, 'ഞാനല്ലാത്ത ദൈവത്തെ അംഗീകരിച്ചാല്‍ നിന്നെ തുറുങ്കിലടക്കു'മെന്ന സ്വേഛാധിപതി ഫറോവയുടെ താക്കീത്, 'ഞങ്ങള്‍ അധികാരമുള്ളവരും വിജയികളുമാണെന്ന അഹങ്കാര പ്രസംഗങ്ങള്‍' നമ്മുടെ തെരുവുകളെയും മലീമസമാക്കുന്നില്ലേ!
'നിങ്ങളുടെ കൈകാലുകള്‍ എതിരെ മുറിച്ചു കളയും' എന്ന് വിശ്വാസികളെ ഫറോവ ഭീഷണിപ്പെടുത്തിയ വാക്കുകള്‍ തന്നെയല്ലേ, 'വിജയികളു'ടെ ആഹ്ളാദപ്രകടനങ്ങളില്‍ മുഴങ്ങിയ 'കൈയും വെട്ടും കാലും വെട്ടും, വേണേല്‍ നിന്റെ തലയും വെട്ടും' എന്ന മുദ്രാവാക്യങ്ങളില്‍ ആവര്‍ത്തിച്ചത്! ഇന്നിന്റെ ഇത്തരം ദുരന്തങ്ങളില്‍നിന്നുകൊണ്ട് ഇന്നലെകളില്‍ മഹാരഥന്മാരായ അല്ലാഹുവിന്റെ പ്രവാചകന്മാര്‍ അനുഭവിച്ച ദുരിതങ്ങളിലേക്ക് നാം മനസു തുറക്കുക.
നൂഹ് നബിയോട് ജനം പ്രതികരിച്ചതിങ്ങനെയായിരുന്നു:
1) "അദ്ദേഹത്തിന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: നീ വ്യക്തമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടിരിക്കുന്നതായാണ് ഞങ്ങള്‍ കാണുന്നത്'' (നൂഹ് 60).
2) "ഞങ്ങളിലെ അധമന്മാര്‍ മാത്രമാണ് വീണ്ടുവിചാരമില്ലാതെ നിന്നെ പിന്‍പറ്റുന്നത്'' (ഹൂദ് 27).
3) "നാഥാ എന്റെ ജനം എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു'' (അശ്ശുഅറാഅ് 117, അല്‍ മുഅ്മിനൂന്‍ 20)
4) "നൂഹിന്റെ ജനം അദ്ദേഹത്തെ പരിഹസിച്ചു'' (ഹൂദ് 38).
5) "ഇയാള്‍ക്ക് ഭ്രാന്ത് ബാധിച്ചിരിക്കുന്നു'' (അശ്ശുഅറാഅ് 111).
6) "അവര്‍ ഭീഷണിപ്പെടുത്തി, ഇതില്‍നിന്ന് വിരമിക്കുന്നില്ലെങ്കില്‍ നീ എറിഞ്ഞോടിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും'' (അശ്ശുഅറാഅ് 117, അല്‍ മുഅ്മിനൂന്‍ 20).
ഹൂദ് നബിയെ പ്രമാണിവര്‍ഗം വിഢിയെന്നും കള്ളനെന്നും വിളിച്ച് ആക്ഷേപിച്ചതായും ഖുര്‍ആന്‍ പറയുന്നു:
1) "സത്യനിഷേധികളായ അദ്ദേഹത്തിന്റെ ജനത്തിലെ പ്രമാണിമാര്‍ പറഞ്ഞു: നീ വിഡ്ഢിത്തത്തില്‍ അകപ്പെട്ടവനും കള്ളവാദിയുമാണെന്നാണ് ഞങ്ങള്‍ കരുതുന്നത്'' (അഅ്റാഫ് 65).
2) "നിനക്ക് ഞങ്ങളുടെ ദൈവങ്ങളിലാരുടെയോ ബാധയേറ്റിരിക്കുന്നു'' (ഹൂദ് 55).
സ്വാലിഹ് നബിയുടെ ജനം അദ്ദേഹത്തെ ദൌര്‍ഭാഗ്യത്തിന്റെ അടയാളമായാണ് കണ്ടത്.
1) "അവര്‍ പറഞ്ഞു: ഞങ്ങള്‍ നിന്നെയും നിന്റെ കൂട്ടാളികളെയും ദുര്‍ലക്ഷണമായിട്ടാണ് കാണുന്നത്'' (അന്നംല് 46).
2) "അവര്‍ പരസ്പരം പറഞ്ഞു, നിങ്ങള്‍ ദൈവത്തിന്റെ പേരില്‍ പ്രതിജ്ഞ ചെയ്യുക. സ്വാലിഹിനെയും അവന്റെ വീട്ടുകാരെയും നമ്മള്‍ പാതിരാക്കൊല ചെയ്യും'' (അന്നംല് 48).
ഇബ്റാഹീം നബിയോട് ഇറാഖിലെ ജനങ്ങള്‍, നംറൂദ് എന്ന രാഷ്ട്രീയ നേതാവിന്റെയും ആസര്‍ എന്ന മതനേതാവിന്റെയും പിന്തുണയോടെ പ്രതികരിച്ചതെങ്ങനെയെന്ന് വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും പ്രതിപാദിച്ചിട്ടുണ്ട്.
1) പിതാവ് ഇബ്റാഹീം നബിയോട് പറഞ്ഞു: "നീ പന്‍മാറുന്നില്ലെങ്കില്‍ നിന്നെ ഞാന്‍ എറിഞ്ഞോടിക്കും. പോകണം എന്റെ മുന്നില്‍നിന്ന്. ഇനി ഒരിക്കലും എന്റെ മുമ്പില്‍ കണ്ട് പോകരുത്'' (മര്‍യം 46). 2) "അവര്‍ മുറവിളികൂട്ടി ചുട്ടുകളയിന്‍ അവനെ'' (അല്‍ അമ്പിയാഅ് 70).
ലൂത്ത് നബിക്കുണ്ടായ അനുഭവവും വ്യത്യസ്തമല്ല. 1) "ലൂത്തിന്റെ ജനം ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു'' (അശ്ശുഅറാഅ് 160). 2) "അവര്‍ പറഞ്ഞു: ഹേ, ലൂത്ത് നീ ഇത്തരം വര്‍ത്തമാനങ്ങള്‍ നിര്‍ത്തുന്നില്ലെങ്കില്‍ നിന്നെ നാട്ടില്‍നിന്നും ബഹിഷ്കരിക്കും'' (അശ്ശുഅറാഅ് 167).
മദ്യന്‍ വാസികള്‍ ശുഐബ് നബിയെ താക്കീത് ചെയ്തതോ? 1) "ഐക്ക നിവാസികള്‍ ദൈവദൂതന്‍മാരെ തള്ളിപ്പറഞ്ഞു'' (അല്‍ഹിജ്റ 78). 2) "അദ്ദേഹത്തിന്റെ ജനതയിലെ ഗര്‍വിഷ്ടരായ പ്രമാണിമാര്‍ പറഞ്ഞു: ഹേ, ശുഐബ് നിന്നെയും നിന്നോടു കൂടെയുള്ള വിശ്വാസികളെയും നിശ്ചയമായും ഞങ്ങള്‍ ഈ പട്ടണത്തില്‍നിന്ന് നാടുകടത്തും'' (അല്‍ അഅ്റാഫ് 87). 3) "ശുഐബിന്റെ ശിഷ്യത്വം സ്വീകരിക്കുന്നവര്‍ നഷ്ടത്തിലായവര്‍ തന്നെ'' (അല്‍ അഅ്റാഫ് 89). 4) "ഹേ, ശുഐബ് നീ വലിയ വിവേകിയും സന്മാര്‍ഗവാദിയും തന്നെ!'' 5) "ഞങ്ങള്‍ക്കിടയിലെ ദുര്‍ബല മനുഷ്യനാണ് നീ. നിന്റെ ബന്ധുക്കളില്ലായിരുന്നുവെങ്കില്‍ നിന്നെ എന്നോ കല്ലെറിഞ്ഞ് കൊല്ലുമായിരുന്നു. നിന്റെ മിടുക്ക് ഞങ്ങള്‍ക്ക് അജയ്യമൊന്നുമല്ല'' (ഹൂദ് 91)
വിമോചകനായ പ്രവാചകന്‍ മൂസാക്ക് ഫറോവയില്‍നിന്ന് അനുഭവിക്കേണ്ടി വന്നതോ? 1) "തീര്‍ച്ചയായും ഇവന്‍ പഠിച്ച ആഭിചാരകരന്‍ തന്നെ!'' (അശ്ശുഅറാഅ് 34). 2) "ഈ രണ്ടു മാരണക്കാരും നിങ്ങളെ നിങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കാനാണ് ഉദ്ദേശിക്കുന്നത്'' (ത്വാഹാ 63). 3) മൂസാ നബിയെ മാത്രമല്ല, അല്ലാഹുവെ പോലും ഫറോവ പരിഹസിച്ചു: "ഫറോവ പറഞ്ഞു, ഹാമാന്‍ എനിക്ക് ഒരു ഉയര്‍ന്ന ഗോപുരം പണിതു തരിക. ആകാശ സരണികളില്‍ ഞാന്‍ മൂസായുടെ ദൈവത്തെ എത്തിനോക്കട്ടെ. മൂസാ നുണ പറയുകയാണെന്നാണ് എനിക്ക് തോന്നുന്നത്'' (ഗാഫിര്‍ 36,37). 4) ഫറോവ പറഞ്ഞു, "ഞാനല്ലാതെ ഒരു ആരാധ്യനെ നിങ്ങള്‍ സ്വീകരിക്കുന്നുവെങ്കില്‍ തുറുങ്കിലടക്കപ്പെട്ടവരില്‍ നിങ്ങളുള്‍പ്പെടും'' (അശ്ശുഅറാഅ് 30). 5) മൂസാ നബിയെ അംഗീകരിച്ച ആഭിചാരകരോട് ഫറോവ പറഞ്ഞു: "നിങ്ങളുടെ കൈകാലുകള്‍ എതിരെ വെട്ടിക്കളയും. നിങ്ങളെ മുഴുവന്‍ കുരിശിലേറ്റുകയും ചെയ്യും.'' (അശ്ശുഅറാഅ് 50). 6) മൂസാ നബിയെ ഫറോവ പരിഹസിച്ചത്, "നീചന്‍, നിസാരന്‍, സ്ഫുടമായി സംസാരിക്കാനറിയാത്തവര്‍'' തുടങ്ങിയ ശകാര പദങ്ങളുപയോഗിച്ചാണ് (അസ്സുഖ്റുഫ് 50). 7) "അവന്‍(മൂസാ) നിങ്ങളെ മതം മാറ്റും, നാട്ടില്‍ ഭീകരവാദം (ഫസാദ്) വളര്‍ത്തും'' (ഗാഫിര്‍ 26). 8) "എന്നെ വിടൂ, ഞാന്‍ മൂസായെ കൊന്നുകളയട്ടെ'' (ഗാഫിര്‍ 26).
9) മൂസാനബിയുടെ അനുയായികളെ നിന്ദാപൂര്‍വമാണ് ഫറോവ പരാമര്‍ശിക്കുന്നത്. "അവര്‍ തുഛമായ ഒരു സംഘം ആള്‍ക്കാരാണ്. അവര്‍ നമ്മെ വല്ലാതെ രോഷാകുലരാക്കുന്നു'' (അശ്ശുഅറാഅ് 54,55).
രാഷ്ട്രീയാധികാരത്തോടാണ് മൂസാ നബിക്ക് ഏറ്റുമുട്ടേണ്ടി വന്നതെങ്കില്‍ മതപൌരോഹിത്യമായിരുന്നു ഈ സാനബിയുടെ പ്രധാന പ്രതിയോഗി. ഇസാനബിയെ പിന്തുണക്കേണ്ടിയിരുന്ന മതനേതാക്കളും പുരോഹിതരും അദ്ദേഹത്തിനെതിരെ കുതന്ത്രങ്ങള്‍ മെനയുകയാണുണ്ടായത്. രാഷ്ട്രീയാധികാരവും മതപൌരോഹിത്യവും കൈകോര്‍ത്തുകൊണ്ട് നന്മയുടെ മുന്നേറ്റത്തെ തടയിടാനുള്ള ശ്രമങ്ങള്‍ പ്രവാചകന്മാരുടെ കാലത്തും അതിനു ശേഷവും വ്യാപകമായി നടന്നിട്ടുണ്ട്. അത് ഇന്ന് തുടരുന്നതെങ്ങനെയെന്ന് അനുഭവസ്ഥര്‍ക്കു മുന്നില്‍ വിശദീകരിക്കേണ്ടതില്ലല്ലോ.
അറേബ്യന്‍ സമൂഹത്തിന്റെ ആദരവും ബഹുമാനവും ലഭിച്ച വ്യക്തിയായിരുന്നു, പ്രവാചകത്വത്തിന് മുമ്പ് മുഹമ്മദ് നബി(സ). 'അല്‍അമീന്‍' - വിശ്വസ്തന്‍ - എന്ന് അദ്ദേഹത്തിന് സ്ഥാനപ്പേര് നല്‍കിയത് മക്കയിലെ ജനങ്ങള്‍ തന്നെയാണ്. നാട്ടുകാര്‍ക്ക് വലിയ സ്നേഹമായിരുന്നു, അബ്ദുല്ലയുടെ മകന്‍ മുഹമ്മദിനോട്. എന്നാല്‍ അദ്ദേഹം പ്രവാചകനായതോടെ സംഭവിച്ചതോ? പ്രബോധനം തുടങ്ങിയതോടെ സമൂഹം അദ്ദേഹത്തെക്കുറിച്ച് പറഞ്ഞതോ?
1) മുഹമ്മദ് നബി പരമ്പരാഗത ആഭിചാരങ്ങള്‍ ചെയ്യുന്നവനാണ് (അല്‍മുദ്ദസിര്‍ 24).
2) പൌരാണികരുടെ കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നവനാണ് (അല്‍ഖലം 15)
3) നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്തു (അല്‍ അന്‍ആം 57)
4) പ്രവാചകന്റെ മകന്‍ മരിച്ചപ്പോള്‍ സന്തോഷിക്കുകയും 'വേരറ്റവന്‍' എന്ന് ആക്ഷേപിക്കുകയും ചെയ്തു (അല്‍കൌസര്‍ 3).
5) നമസ്കാരം തടയുകയും ഒട്ടകത്തിന്റെ കുടല്‍മാല കഴുത്തില്‍ ഇടുകയും ചെയ്തു (അല്‍ അലഖ് 9,10).
6) കവി, മാരണക്കാരന്‍, ഭ്രാന്തന്‍ തുടങ്ങിയ ആക്ഷേപ വാക്കുകള്‍ വിളിച്ചു. വര്‍ഷങ്ങളോളം ഒറ്റപ്പെടുത്തി ഉപരോധിച്ചു. കല്ലെറിഞ്ഞു, നാട്ടില്‍നിന്ന് ആട്ടിയോടിച്ചു........
7) തടവിലാക്കുകയോ വധിക്കുകയോ നാടുകടത്തുകയോ ചെയ്യാന്‍ ഗൂഢാലോചന നടത്തി. (അല്‍ അന്‍ഫാല്‍ 30).
അല്ലാഹുവിന്റെ അന്ത്യപ്രവാചകനും സ്വഹാബിമാരും ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും മര്‍ദനങ്ങളും വിവരണമാവശ്യമില്ലാത്തവിധം നമ്മുടെ മനസില്‍ തെളിഞ്ഞു വരുന്നുണ്ടല്ലോ. എന്തിനായിരുന്നു ജനം നബിയെയും കൂട്ടുകാരെയും ക്രൂരമായി വേട്ടയാടിയത്? നബി പറഞ്ഞതത്രയും സത്യമായിരുന്നില്ലേ? ജനങ്ങളുടെ ഇരുലോകത്തെയും നന്മക്കും വിജയത്തിനും വേണ്ടിയല്ലേ നബി പോരാടിയത്?
ഓര്‍ത്തുനോക്കൂ, ഒരു തെറ്റും ചെയ്യാത്ത പ്രവാചകന്മാര്‍! എല്ലാ നന്മകളും പഠിപ്പിക്കാന്‍ ശ്രമിച്ച പ്രവാചകന്‍മാര്‍! എന്നിട്ടും, ജനം അവരെ തള്ളിപ്പറഞ്ഞതെന്തിനായിരുന്നു? അവരെ പരിഹസിച്ചതും ശകാരിച്ചതും കല്ലെറിഞ്ഞതും കൂക്കിവിളിച്ചതും കൊന്നു കളഞ്ഞതും എന്തുകൊണ്ടായിരുന്നു? സത്യം പ്രവാചകന്മാരുടെ ഭാഗത്തായിരുന്നു എന്നതു തന്നെ കാരണം. പ്രവാചകന്മാര്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു എന്നതുതന്നെയല്ലേ, അവര്‍ പറഞ്ഞതാണ് ശരിയെന്നതിന്റെ വലിയ തെളിവുകളിലൊന്ന്!
അല്ലാഹു നേരിട്ട് തെരഞ്ഞെടുത്തയച്ച, അവന്റെയും സംരക്ഷണവും സഹായവും ദിവ്യബോധനവും ലഭിച്ച മഹാന്മാരായ പ്രവാചകന്മാരോടാണ് ജനം ഈ വിധം പ്രതികരിച്ചത്! എങ്കില്‍, ആ പ്രവാചകന്മാരുടെ മഹത്വമില്ലാത്ത, മുഅ്ജിസത്തുകളില്ലാത്ത, നൂറ്റാണ്ടുകള്‍ക്കുശേഷം അവരുടെ പാതയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അവസ്ഥയെന്തായിരിക്കും!
കുടുംബം പോലും
പിന്തുണച്ചില്ല
സ്വന്തം ഭാര്യയുടെയും മക്കളുടെയും പിതാവിന്റെയും പിന്തുണ ലഭിക്കാത്ത പ്രവാചകന്മാര്‍ ചരിത്രത്തില്‍ കടന്നു പോയിട്ടില്ലേ. നൂഹ് നബിയുടെ മകന്റെയും ഇബ്റാഹീം നബിയുടെ പിതാവിന്റെയും നൂഹ്-ലൂത്വ് നബിമാരുടെ ഭാര്യമാരുടെയും കഥകള്‍ ഖുര്‍ആന്‍ വിവരിച്ചുതന്നതെന്തിനാണ്? അതൊന്നും പാതിരാ പ്രസംഗങ്ങളിലെ മേമ്പൊടികളല്ല, ഇസ്ലാമിക വിപ്ളവത്തിന്റെ മുന്നണിപ്പോരാളികള്‍ക്ക് അല്ലാഹു കരുതിവെച്ച ചരിത്ര ഊര്‍ജങ്ങളാണ്.
നൂഹ് നബിയും ധിക്കാരിയായ മകനും തമ്മിലുള്ള ഒരു സംഭാഷണം വിശുദ്ധ ഖുര്‍ആനിലുണ്ട്; പ്രളയത്തിന്റെ സന്ദര്‍ഭത്തില്‍ നടന്നത്. ഇബ്റാഹീം നബിയും പിതാവ് ആസറും തമ്മിലുള്ള ചൂടേറിയ സംവാദവും ഖുര്‍ആനില്‍ വായിക്കാം. എന്തിനാണ് പ്രവാചകന്മാരെ പിന്തുണക്കാത്ത പിതാവിന്റെയും മകന്റെയും കഥ ഖുര്‍ആന്‍ വിസ്തരിച്ചു പറഞ്ഞതെന്ന് നാം ചിന്തിക്കണം. നൂഹ് നബിയുടെയും ലൂത്വ് നബിയുടെയും ധിക്കാരികളായ ഭാര്യമാരെക്കുറിച്ചും ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്! അതിന്റെ പൊരുളും നമ്മുടെ ചിന്തക്ക് വിഷയീഭവിക്കണം. സ്വന്തം കൂടുംബത്തിന്റെ പിന്തുണ പോലും കിട്ടാത്ത പ്രവാചകന്മാരിലും ഇസ്ലാമിക മുന്നേറ്റത്തിന്റെ ധ്വജവാഹകര്‍ക്ക് പാഠങ്ങളുണ്ട്.
മുഅ്ജിസത്തുകളെയും
തള്ളിക്കളഞ്ഞവര്‍
പ്രവാചകന്മാര്‍ക്ക് ലഭിച്ച ഏറ്റവും വലിയ അത്ഭുതങ്ങളായിരുന്നു മുഅ്ജിസത്തുകള്‍. അവര്‍ കൊണ്ടുവന്ന ആശയത്തിന്റെയും അവര്‍ക്ക് ലഭിച്ച നുബുവ്വത്തിന്റെയും യാഥാര്‍ഥ്യം തെളിയിക്കാന്‍ അല്ലാഹു നല്‍കിയ അമാനുഷിക ദൃഷ്ടാന്തങ്ങള്‍. എന്നാല്‍, അത്ഭുതാവഹമായ അമാനുഷിക ദൃഷ്ടാന്തങ്ങള്‍ കണ്‍മുമ്പില്‍ തെളിഞ്ഞ ശേഷവും പല സമൂഹങ്ങളും പ്രവാചകന്മാരെ നിഷേധിക്കുകയായിരുന്നു. അവരുടെ സത്യസന്ദേശം പുറം കാലുകൊണ്ട് തട്ടിക്കളയുകയായിരുന്നു! മുഅ്ജിസത്തുകള്‍ കണ്ടാല്‍ താങ്കളുടെ സന്ദേശം അംഗീകരിക്കാം എന്നു പറഞ്ഞവരും, മുഅ്ജിസത്തിന് മുറവിളി കൂട്ടിയവര്‍ പോലും ധിക്കാരികളായിത്തന്നെ തുടര്‍ന്നു.
ഇബ്റാഹീം നബിയെ തീകുണ്ഠത്തിലെറിഞ്ഞ നംറൂദും സംഘവും അതുകണ്ടുനിന്ന ജനവും, ഒരു പോറലുമേല്‍ക്കാതെ ഇബ്റാഹീം നബി തീ കുണ്ഠത്തില്‍നിന്ന് പുറത്തു വരുന്നത് കണ്‍മുമ്പില്‍ കണ്ടിട്ടും അദ്ദേഹത്തെ പിന്തുണക്കാതിരുന്നതെന്തേ? ഒരുപാട് അമാനുഷിക ദൃഷ്ടാന്തങ്ങള്‍ ഈജിപ്ഷ്യന്‍ ജനതക്ക് മൂസാ നബി കാണിച്ചുകൊടുത്തു; ഒന്നിനു പുറകെ ഒന്നായി. എന്നിട്ടും ഫറോവയും കൂട്ടരും ചെങ്കടലില്‍ മുങ്ങിമരിച്ചതെന്തേ? മുഅ്ജിസത്തിനുവേണ്ടി തിടുക്കം കൂട്ടിയവരായിരുന്നു സ്വാലിഹ് നബിയുടെ ജനം. ഒടുക്കം മുഅ്ജിസത്തായി 'ഒട്ടകം' വന്നു! അതിന്റെ അത്ഭുതങ്ങളും അവര്‍ കണ്ടു. എന്നിട്ടോ, അല്ലാഹുവിന്റെ ആ അടയാളത്തെത്തന്നെ അവര്‍ കശാപ്പു ചെയ്തു കളഞ്ഞതല്ലേ ചരിത്രം!
സത്യത്തിന്റെ മാനദണ്ഡം
ഭൂരിപക്ഷത്തിന്റെ പിന്തുണയോ?
സത്യം പ്രവാചകന്മാരുടെ ഭാഗത്തായിരുന്നു. നന്മയും മൂല്യവും ധര്‍മവും നീതിയും ഉയര്‍ത്തിപ്പിടിച്ചതും അവരായിരുന്നു. എന്നിട്ടും ജനങ്ങളില്‍ ഭൂരിപക്ഷവും പ്രവാചകന്‍മാരെ പിന്തുണച്ചില്ല. ഭൂരിപക്ഷം ചെയ്തതായിരുന്നോ ശരി? അതോ പ്രവാചകന്‍ പറഞ്ഞതോ?
രാഷ്ട്രീയ നേതൃത്വവും മതപൌരോഹിത്യവും പ്രമാണിവര്‍ഗവും പ്രവാചകന്മാര്‍ക്കെതിരെ കൈകോര്‍ത്തുനില്‍ക്കുകയായിരുന്നു ചരിത്രത്തിലുടനീളം. അധികാരം, പണം, പെണ്ണ്, ലഹരി തുടങ്ങിയവയെ അവര്‍ സമര്‍ഥമായി ഉപയോഗിച്ചു. കുതന്ത്രങ്ങള്‍ മെനഞ്ഞു, കെണികളൊരുക്കി, കുപ്രചാരണങ്ങള്‍ നടത്തി. 'മതംമാറ്റവും ഭീകരവാദവും' പറഞ്ഞ് പേടിപ്പിച്ചു. ആ ചൂഷകരുടെ വാക്കുകളില്‍ ജനം മയങ്ങി; അവര്‍ കൊടുത്ത ലഹരിയിലെന്ന പോലെ! അങ്ങനെയാണ്, ജനങ്ങളില്‍ ഭൂരിപക്ഷവും പ്രവാചകന്മാര്‍ക്കെതിരു നിന്നത്.
ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ചില്ല എന്നത് ഒരു ആശയം ശരിയല്ല എന്നതിന്റെ തെളിവാണോ? ജനങ്ങളില്‍ അധിക പേരെയും അനുയായികളായി കിട്ടിയില്ല എന്നത് ഒരു മുദ്രാവാക്യം തെറ്റാണ് എന്നതിന്റെ സൂചനയാണോ? എങ്കില്‍ പ്രവാചകന്മാര്‍ സമര്‍പ്പിച്ച ആശയങ്ങളും ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും തെറ്റാണെന്ന് പറയേണ്ടിവരും! ഭൂരിപക്ഷം അംഗീകരിക്കാത്തതുകൊണ്ട് ഒരു പ്രസ്ഥാനവും അതുയര്‍ത്തിയ സന്ദേശവും പരാജയപ്പെട്ടു എന്ന് വാദിക്കാമെങ്കില്‍ പ്രവാചകന്മാരില്‍ മഹാഭൂരിപക്ഷവും പരാജയപ്പെട്ടവരാണെന്ന് പറയേണ്ടി വരും! കാരണം പ്രവാചകന്മാരില്‍ മഹാ ഭൂരിപക്ഷത്തിനും, ജനങ്ങളിലെ ഭൂരിപക്ഷത്തെ അനുയായികളായി ലഭിച്ചിട്ടില്ലല്ലോ. അവര്‍ കൊണ്ടുവന്ന ദൈവിക ദര്‍ശനത്തെ അധിക ജനവും അംഗീകരിച്ചിട്ടുമില്ല. ഒരു ലക്ഷത്തിലേറെ പ്രവാചകന്മാര്‍ മനുഷ്യ കുലത്തിലേക്ക് നിയോഗിതരായി എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അവരില്‍, ഭൂരിപക്ഷത്തിന്റെ പിന്തുണയും സമൂഹത്തിന്റെ നേതൃത്വവും രാജ്യത്തിന്റെ അധികാരവും ലഭിച്ചവര്‍ വിരലിലെണ്ണാന്‍ പോലും തികയില്ലെന്നാണ് ഖുര്‍ആന്‍ വിവരണങ്ങളില്‍നിന്ന് മനസിലാകുന്നത്. ഈ ചരിത്ര വസ്തുത മുന്‍നിര്‍ത്തി പ്രവാചകന്മാര്‍ പരാജയപ്പെട്ടു എന്ന് വിധിയെഴുതാന്‍ പറ്റില്ലല്ലോ. പ്രവാചകന്മാര്‍ ജനങ്ങളുടെ മുമ്പില്‍ വെച്ച സന്ദേശം തീര്‍ത്തും ശരിയായിരുന്നു. പക്ഷേ, അതുള്‍ക്കൊള്ളാന്‍ ജനം മനസുവെച്ചില്ല, തല്‍പരകക്ഷികള്‍ അതിന് ജനത്തെ അനുവദിച്ചില്ല. അപ്പോള്‍ തോറ്റത് പ്രവാചകന്മാരല്ല, ജനങ്ങളാണ്!
പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യം ഏകദൈവമാണ്, അല്ലാഹുവാണ്. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന തൌഹീദിനെക്കാള്‍ മഹത്തായതൊന്നുമില്ല. പക്ഷേ, ആ 'ഏകദൈവത്വം' ലോക ജനതയുടെ ചരിത്രത്തിലും വര്‍ത്തമാനത്തിലും- മഹാഭൂരിപക്ഷവും അംഗീകരിക്കുന്നില്ല! അതുകൊണ്ട് ഏകദൈവത്വം മിഥ്യയാകുമോ? അത് പരാജയപ്പെട്ട ആശയമാകുമോ?