>>ചോദ്യോത്തരം
മുജീബ്
നമസ്കാരത്തേക്കാള്‍ പ്രാധാന്യം സകാത്തിന്?
"വിശുദ്ധ ഖുര്‍ആനില്‍ 19 സ്ഥലത്ത് നമസ്കരിക്കാന്‍ കല്‍പിച്ചിട്ടുണ്ട്. 57 സ്ഥലത്ത് നമസ്കാരത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. അവിടെ ഒന്നുംതന്നെ നമസ്കാരത്തിന്റെ പ്രതിഫലം സ്വര്‍ഗം ആണെന്നോ അല്ലെങ്കില്‍ നമസ്കരിക്കുന്നവര്‍ക്ക് സ്വര്‍ഗം ഉണ്ടെന്നോ അല്ലാഹു ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ല. നമസ്കാരത്തിന്റെ കൂടെ സകാത്ത് പോലുള്ള പുണ്യകര്‍മങ്ങള്‍ കൂടി ചേര്‍ത്ത് പറയുന്ന സ്ഥലത്ത് മാത്രമേ അത് പറയുന്നുള്ളൂ എന്നതാണ് അതിന്റെ താല്‍പര്യം. അതേസമയം സകാത്തിനെപ്പറ്റി മാത്രം പറഞ്ഞ പല സ്ഥലത്തും അതിന്റെ പ്രതിഫലം സ്വര്‍ഗമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതേ പ്രകാരം തന്നെയാണ് നരകത്തെപ്പറ്റിയുള്ള മുന്നറിയിപ്പും. അതായത് നമസ്കാരം ഉപേക്ഷിച്ചതിന്റെ പേരില്‍ മാത്രമായി നരകശിക്ഷ ഉണ്ടെന്ന് സൂചിപ്പിക്കുകയെങ്കിലും ചെയ്ത ഒരു സ്ഥലവും ഖുര്‍ആനിലില്ല. അതിന്റെ കൂടെ വല്ല മഹാ പാപങ്ങളും കൂടി ചെയ്തവര്‍ക്ക് നരകശിക്ഷ ഉണ്ടെന്ന് മാത്രമേ ഖുര്‍ആനിലെവിടെയും കാണുകയുള്ളൂ. എന്നാല്‍ സകാത്തിന്റെ സ്ഥിതി മറിച്ചാണുതാനും. അതായത് സകാത്ത് നല്‍കാത്തതിന്റെ പേരില്‍ മാത്രമായി നരകശിക്ഷ ഉണ്ടെന്ന് വ്യക്തമാക്കിയ പല സ്ഥലങ്ങളും ഖുര്‍ആനിലുണ്ട്. എന്നാല്‍ മറ്റെന്തെങ്കിലും മഹാപാപങ്ങള്‍ കൂടി ചെയ്തെങ്കിലേ സകാത്ത് നല്‍കാത്തവര്‍ക്ക് നരകശിക്ഷ ഉള്ളൂ എന്ന സൂചന ഖുര്‍ആനില്‍ നിന്ന് ഒരിക്കലും കണ്ടുപിടിക്കാന്‍ സാധ്യമല്ല'' (ഖുര്‍ആനില്‍ (3) നമസ്കാരത്തിനുള്ള സ്ഥാനം: മൌലവി ചേകനൂര്‍, പേജ് 112). ഒരു സമൂഹത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ വാദത്തിന് ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ എന്താണ് മറുപടി?
ഹാറൂണ്‍ തങ്ങള്‍
കിളികൊല്ലൂര്‍, കൊല്ലം
നമസ്കാരത്തിന് ഇസ്ലാമിലുള്ള പ്രാധാന്യം പരമാവധി നിസ്സാരവത്കരിക്കാനും സകാത്തിന്റെ പ്രാധാന്യം ശക്തമായി അവതരിപ്പിക്കാനും മൌലവി ചേകനൂരിനെ പ്രേരിപ്പിച്ചതെന്ത് എന്ന കാര്യം ദുരൂഹമാണ്. ഇസ്ലാമിന്റെ അടിത്തറകളില്‍ പരമപ്രധാനമാണ് നമസ്കാരവും സകാത്തും. രണ്ടും തുല്യ പ്രധാനമാണെന്നല്ലാതെ ഒന്നിനേക്കാള്‍ മികച്ചത് മറ്റേതാണ് എന്ന് വാദിക്കുകയോ സ്ഥാപിക്കുകയോ ചെയ്യേണ്ട ഒരു കാര്യവുമില്ല. എന്നല്ല മുസ്ലിമായ ഏതു മനുഷ്യന്നും ബോധം നിലനില്‍ക്കുവോളം നമസ്കാരം നിര്‍ബന്ധമാണ്, സകാത്ത് സാമ്പത്തിക ശേഷിയുള്ളവര്‍ക്കേ നിര്‍ബന്ധമുള്ളൂ. ഖുര്‍ആന്‍ നമസ്കാരത്തിന്റെയും സകാത്തിന്റെയും തുല്യ പ്രാധാന്യം വ്യക്തമാക്കിയ സൂക്തങ്ങളാണ് 2: 3,43,83,110,177,277, 4:162, 5:12,55, 8:3, 9:5,11,71, 13:22, 14:31, 19:31,55, 21:73, 22:35,41,78, 24:37,56, 27:3, 31:4, 33:33, 35:29, 42:38, 58:13, 73:20, 98:5 എന്നിവ. നമസ്കാരത്തെ മാത്രമായി പരാമര്‍ശിച്ച സൂക്തങ്ങളാണ് 2:45,153,238, 4:103, 6:72, 10:87, 11:114, 14:40, 17:78, 19:59, 20:14,132, 29:45, 30:31, 31:17, 35:18 എന്നിവ. ഈ ആയത്തുകളില്‍ സകാത്തിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികള്‍ക്ക് സ്വര്‍ഗം വാഗ്ദാനം ചെയ്ത നിരവധി സൂക്തങ്ങളുണ്ട്, രണ്ടും ഉപേക്ഷിച്ചവര്‍ക്ക് നരകശിക്ഷയെക്കുറിച്ച മുന്നറിയിപ്പും ഉണ്ട്. ഉദാഹരണത്തിന് 74:41-44 (കുറ്റവാളികളോട് സ്വര്‍ഗാവകാശികള്‍ ചോദിക്കും: നിങ്ങളെ നരകശിക്ഷയില്‍ പ്രവേശിപ്പിച്ചതെന്താണ്? അവര്‍ പറയും: ഞങ്ങള്‍ നമസ്കരിക്കുന്ന കൂട്ടത്തിലായിരുന്നില്ല. പാവങ്ങള്‍ക്ക് ഭക്ഷണം കൊടുത്തിരുന്നുമില്ല). സകാത്ത് കൊടുക്കാത്തവര്‍ക്ക് മാത്രമായി ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒരു സൂക്തവും ശ്രദ്ധയില്‍ പെട്ടില്ല. 41:6,7-ല്‍ ഇങ്ങനെ പറയുന്നുണ്ട്: "സകാത്ത് കൊടുക്കാത്ത മുശ്രിക്കുകള്‍ക്ക് കഠിന നരകശിക്ഷയുണ്ട്; അവര്‍ പരലോകത്തെ നിഷേധിക്കുന്നവരാണ്.'' അപ്പോള്‍ വെറും സകാത്ത് നല്‍കാത്തതല്ല കുറ്റം. മുശ്രിക്കുകളും പരലോക നിഷേധികളായതുകൂടിയാണ്. വിപത്സന്ധികളില്‍ ക്ഷമയും നമസ്കാരവും വഴി അല്ലാഹുവിന്റെ സഹായം തേടാനാണ് നിര്‍ദേശം (2:153). അവിടെ സകാത്തിനെപ്പറ്റി പരാമര്‍ശമില്ല. മ്ളേഛ വൃത്തികളും നിഷിദ്ധവും തടയുന്നു എന്ന് പറയുന്നതും നമസ്കാരത്തെക്കുറിച്ചാണ്, സകാത്തിനെ കുറിച്ചല്ല. ദൈവസ്മരണക്കായി നമസ്കാരം നിലനിര്‍ത്താനാണ് ഖുര്‍ആന്റെ ആഹ്വാനം; സകാത്ത് കൊടുക്കാനല്ല. എന്നുവെച്ച് സാമൂഹിക മാനങ്ങള്‍ കൂടിയുള്ള സകാത്തിന്റെ പ്രാധാന്യം കുറയുന്നില്ല. നമസ്കാരം കൃത്യമായനുഷ്ഠിക്കുന്ന മുസ്ലിം സമ്പന്നനാണെങ്കില്‍ സ്വാഭാവികമായും സകാത്ത് കൂടി കൊടുത്തിരിക്കും. മറിച്ച് നമസ്കരിക്കാത്ത മുസ്ലിം അല്ലാഹുവിനെ ഭയന്ന് സകാത്ത് മാത്രം നല്‍കുന്ന പ്രശ്നം ഉത്ഭവിക്കുന്നില്ല. പ്രശസ്തിയും പ്രത്യുപകാരവും ജനസമ്മതിയും ഉദ്ദേശിച്ച് ദാനധര്‍മം ചെയ്യുന്നത് സാക്ഷാല്‍ സകാത്തിന്റെ പട്ടികയില്‍ പെടുന്നുമില്ല.
ഇസ്ലാമിക ഭരണത്തില്‍ പട്ടിണി മാറില്ല?
ഇസ്ലാമിലെ രണ്ടാം ഖലീഫ ഉമറിന്റെ മാതൃകാ ഭരണത്തിലും പട്ടിണിയും പരിവട്ടവും നിലനിന്നിരുന്നു എന്നല്ലേ ഒരു മാതാവിന്റെയും വിശന്നു വലഞ്ഞു കരയുന്ന തന്റെ കുഞ്ഞുങ്ങളുടെയും കഥ പറഞ്ഞുതരുന്നത്?
എ.ആര്‍ ചെറിയമുണ്ടം
"ഭയം, പട്ടിണി, ക്ഷാമം എന്നിവ കൊണ്ട് നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും'' എന്ന് അല്ലാഹു ഖുര്‍ആനില്‍ വ്യക്തമാക്കിയിരിക്കെ, അതൊക്കെ തീരെ ഇല്ലാതാവുന്ന ഒരു കാലമോ ലോകമോ വിഭാവനം ചെയ്യാനാവില്ല. അല്ലെങ്കില്‍ ദുനിയാവ് പരീക്ഷണാലയം അല്ലാതാവേണ്ടിവരും. അത് ഇസ്ലാമിന്റെ മൌലിക വിശ്വാസത്തിന് വിരുദ്ധമാണ്. ഖലീഫാ ഉമറിന്റെ കാലത്തുമുണ്ടായിരുന്നു പ്രകൃതി ദുരന്തങ്ങളായ വരള്‍ച്ചയും ക്ഷാമവും പ്ളേഗും തന്മൂലമുണ്ടാവുന്ന കെടുതികളുമൊക്കെ. സാധാരണ പരിതസ്ഥിതിയില്‍ ശാന്തിയും സുസ്ഥിതിയും കൈവരുത്താന്‍ കഴിയും എന്നതാണ് ഇസ്ലാമിക വ്യവസ്ഥിതിയുടെ സവിശേഷത. സകാത്ത് സ്വീകരിക്കാന്‍ ആളില്ലാതായി എന്ന ചരിത്ര സത്യം അതാണ് വ്യക്തമാക്കുന്നത്. എല്ലാറ്റിനും പുറമെ, പരിഷ്കൃത വാര്‍ത്താ വിനിമയ സംവിധാനവും മറ്റാധുനിക സൌകര്യങ്ങളും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ഒറ്റപ്പെട്ട പട്ടിണി സംഭവങ്ങള്‍ അറിയാതെ പോവുന്നതില്‍ അസ്വാഭാവികതയില്ല. ഖലീഫ അതറിഞ്ഞ ഉടന്‍ നിവാരണ നടപടികളുമെടുത്തു എന്നതാണ് പ്രധാനം.
മതത്തെ രാഷ്ട്രീയക്കാര്‍ ഭയപ്പെടുന്നത്
എല്ലാ മതങ്ങളും അവതരിച്ച കാലത്ത് നേര്‍മാര്‍ഗത്തിലായിരുന്നെങ്കിലും കാലപഴക്കത്താല്‍ മനുഷ്യന്റെ താല്‍പര്യങ്ങള്‍ക്കും സൌകര്യത്തിനുമനുസരിച്ച് കൈകാര്യം ചെയ്തുകൊണ്ട് ആചാരങ്ങളിലും കര്‍മങ്ങളിലും വിശ്വാസത്തിലും വ്യത്യാസം വന്നു. എങ്കിലും എല്ലാ മതങ്ങളും ദൈവികമാണ്. അതുകൊണ്ടുതന്നെ എല്ലാ മതക്കാരും ദൈവവിശ്വാസികളുമാണ്. രാഷ്ട്രീയക്കാര്‍ പറയുന്നത് മതം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ലെന്നാണല്ലോ? കര്‍മങ്ങളെല്ലാം ദൈവം കാണുകയും അറിയുകയും ചെയ്യുന്നുണ്ടെന്ന് വിശ്വസിക്കുന്ന മതവിശ്വാസിക്ക് രഹസ്യമായി പോലും അനീതിയും അഴിമതിയും ചെയ്യാന്‍ കഴിയില്ല. മുച്ചൂടും അഴിമതിയിലും അനീതിയിലും മുങ്ങിയ രാഷ്ട്രീയത്തിലേക്ക് മതത്തെ അടുപ്പിക്കാന്‍ ഭയപ്പെടുന്നത് ഇവര്‍ ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയതുകൊണ്ടല്ലേ? മതം രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ എല്ലാ ജീര്‍ണതകളും ഇല്ലാതാക്കാനാണല്ലോ ശ്രമിക്കുക? മുജീബിന്റെ പ്രതികരണം?
കെ.സി കുഞ്ഞുമുഹമ്മദ് മന്ദലംകുന്ന്
മതം ഈശ്വര പ്രോക്തമാണ്. പുരോഹിതന്മാരുടെ ഇടപെടലാണ് അതിനെ പലതാക്കി മാറ്റിയതും ഇന്നു കാണുന്നവിധം വ്യത്യസ്ത മതങ്ങള്‍ രൂപപ്പെടാന്‍ ഇടവരുത്തിയതും. എങ്കിലും സത്യം, ധര്‍മം, നീതി, സാഹോദര്യം, ത്യാഗം പോലുള്ള നന്മകളിലും അക്രമം, ചൂഷണം, അഴിമതി, അവകാശധ്വംസനം, ചതി പോലുള്ള തിന്മകളിലും മതങ്ങള്‍ പൊതുവായ സമീപനാണ് വെച്ചുപുലര്‍ത്തുന്നത്. വിഭാഗീയതക്കതീതമായി മതാനുയായികള്‍ സുപ്രധാനമായ രാഷ്ട്രീയ രംഗത്തുള്‍പ്പെടെ മൂല്യങ്ങളുടെ സംസ്ഥാപനത്തിനും തിന്മകളുടെ ഉന്മൂലനത്തിനുമായി നിലകൊണ്ടാല്‍ രാഷ്ട്രം നേരിടുന്ന സങ്കീര്‍ണ പ്രശ്നങ്ങളുടെ പരിഹാരത്തിന് വഴിതെളിയും. വര്‍ഗീയതയും തീവ്രവാദവും ഭീകരതയും അഴിമതിയും സ്വതേ ഇല്ലാതാകും. ഇത്തരമൊരു മാറ്റം സ്വാര്‍ഥികളായ രാഷ്ട്രീയക്കാര്‍ ഇഷ്ടപ്പെടുന്നില്ലെന്നതാണ് ശരി. അതിനാല്‍ അവര്‍ മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നു, അത് അപകടകരമാണേ എന്ന് മുറവിളി കൂട്ടുകയാണ്. വോട്ടിന് വേണ്ടി മതവികാരങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നത് രാഷ്ട്രീയക്കാരാണ്. മതത്തെ രാഷ്ട്രീയത്തില്‍നിന്ന് പൂര്‍ണമായി അകറ്റിനിര്‍ത്തിയതുകൊണ്ട് ഏതെങ്കിലും രാജ്യം രക്ഷപ്പെടുമായിരുന്നുവെങ്കില്‍ സോവിയറ്റ് യൂനിയന്‍ രക്ഷപ്പെടേണ്ടതായിരുന്നു. ഇന്നാ രാഷ്ട്രം തന്നെ ഇല്ലാതായി. യൂഗോസ്ളോവ്യ, ഹംഗറി, പോളണ്ട്, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളുടെയും കമ്യൂണിസ്റ് നാടുകളുടെയും ഗതി സമ്പൂര്‍ണ തകര്‍ച്ചയുടേത് തന്നെ. നമ്മുടെ രാജ്യത്ത് തന്നെ, ഗാന്ധിജി വിഭാവനം ചെയ്തപോലെ മത-ധാര്‍മിക മൂല്യങ്ങള്‍ പൊതുജീവിതത്തില്‍ ഇടപെട്ടില്ല. സെക്യുലരിസത്തെ വ്യഖ്യാനിച്ച് രാഷ്ട്രീയത്തെ നിശ്ശേഷം ധാര്‍മിക മുക്തമാക്കി. സ്പെക്ട്രം, ആദര്‍ശ് ഫ്ളാറ്റ്, കോമണ്‍വെല്‍ത്ത് അഴിമതികള്‍, വര്‍ഗീയതയുടെ തേര്‍വാഴ്ച, മനുഷ്യാവകാശ ധ്വംസനം, പ്രാന്തവത്കൃത വിഭാഗങ്ങളുടെ ദയനീയമായ ജീവിത സാഹചര്യങ്ങള്‍, സ്ത്രീ പീഡനം തുടങ്ങിയ മഹാതിന്മകളുടെ പിടിയിലാണ് മതേതര ഇന്ത്യ എന്നതാണ് ഫലം. അതിനാല്‍ രാഷ്ട്രീയത്തിന്റെ സമൂലമായ ധാര്‍മികവത്കരണം കാലഘട്ടത്തിന്റെ ഏറ്റവും അടിയന്തരാവശ്യമായിത്തീര്‍ന്നിരിക്കുന്നു. പക്ഷേ, മത രാഷ്ട്രവാദമെന്നാരോപിച്ച് ആ ദിശയിലുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പിക്കാനുള്ള യത്നത്തിലാണ് സ്ഥാപിത താല്‍പര്യക്കാരായ മതപുരോഹിതന്മാര്‍ പോലും.
മരണ വ്യവസ്ഥയോ?
ഇസ്ലാം പ്രകൃതിപരമാണ്. അതിനാല്‍ തന്നെ അത് പ്രായോഗികമാണെന്നും സമര്‍ഥിക്കപ്പെടുന്നു. പക്ഷേ, നന്മ സംസ്ഥാപിക്കുന്നതിലും തിന്മ വിപാടനം ചെയ്യുന്നതിലും അതിന്റെ വക്താക്കള്‍ പോലും പരാജയപ്പെടുന്നു. പലിശ ഇല്ലായ്മ ചെയ്യാനും സകാത്ത് പുനരാവിഷ്കരിക്കാനുമിന്ന് പെടാപാട് പെട്ടുകൊണ്ടിരിക്കുന്നു. പലിശരഹിത സാമ്പത്തിക ഘടന അജ്ഞാതമായും അപ്രായോഗികമായും തുടരുന്നു. സകാത്തിന്റെ പ്രായോഗികതയാകട്ടെ, തര്‍ക്കങ്ങളിലും (കര്‍മശാസ്ത്ര) വിഭാഗീയതയിലും പെട്ട് സങ്കീര്‍ണമാവുകയും ചെയ്യുന്നു. ഇസ്ലാമിക വ്യവസ്ഥ 'മരണവ്യവസ്ഥ'യായി തുടരുകയാണോ?
നസ്വീര്‍ പള്ളിക്കല്‍ രിയാദ്
ഇസ്ലാം പ്രകൃതി മതമാണ്. മനുഷ്യ പ്രകൃതി തന്നെയാണ് ശാശ്വത സൌഭാഗ്യത്തിന്റെ പാതയില്‍ നിന്ന് വ്യതിചലിച്ച് ക്ഷണികവും താല്‍ക്കാലികവും വൈകാരികവുമായ സുഖം തേടിപോവല്‍. നന്മയും തിന്മയും ശരിയും തെറ്റും സത്യവും അസത്യവും മനുഷ്യന് പ്രവാചകന്മാരിലൂടെ കാണിച്ചുകൊടുത്ത ദൈവം പക്ഷേ, സന്മാര്‍ഗം ആരുടെയും മേല്‍ അടിച്ചേല്‍പിക്കുന്നില്ല. സ്വമേധയാ സന്മാര്‍ഗത്തില്‍ തുടരുന്നതാര്, ദുര്‍മാര്‍ഗം തെരഞ്ഞെടുക്കുന്നതാര് എന്ന് പരീക്ഷിച്ചറിയേണ്ടതിനാണ് അല്ലാഹു അങ്ങനെ ചെയ്തത്. സകാത്ത് യഥാവിധി പ്രായോഗികമാക്കേണ്ടതും പലിശ മുക്തമായ സമ്പദ്വ്യവസ്ഥ സ്ഥാപിക്കേണ്ടതും വിശ്വാസികളുടെ ചുമതലയാണ്. അവരതിന് മിനക്കെടുന്നില്ലെങ്കില്‍ ഈ ലോകത്ത് തന്നെ ദുഷ്ഫലങ്ങള്‍ അനുഭവിച്ചേ മതിയാവൂ. സകാത്ത് ശാസ്ത്രീയമായി സംഭരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന സമൂഹങ്ങളില്‍ അതിന്റെ സദ്ഫലങ്ങള്‍ പ്രകടമാണ്. പലിശ മുക്ത സാമ്പത്തിക വ്യവസ്ഥ കൂടുതല്‍ കൂടുതല്‍ പ്രചാരം നേടിവരികയാണ്. ധാര്‍ഷ്ട്യവും സങ്കുചിത മനസ്സും കാരണം ആര്‍ക്കെങ്കിലും ഈയനുഗ്രഹങ്ങള്‍ വേണ്ടെങ്കില്‍ അവരതിന്റെ ശിക്ഷ അനുഭവിക്കുക എന്നതാണ് പ്രകൃതിയുടെ താല്‍പര്യം. പ്രകൃതിയോട് കലഹിക്കുകയും പരിസ്ഥിതി മലിനീകരിക്കുകയും ആവാസ വ്യവസ്ഥ തന്നെ തകര്‍ക്കുകയുമാണ് മനുഷ്യന്‍. ഇത് പക്ഷേ പ്രകൃതിയുടെ തന്നെ പരാജയമാണെന്നെങ്ങനെ പറയാം?
ഖുര്‍ആന്‍ സൂക്തങ്ങളുടെ എണ്ണം
ഖുര്‍ആനില്‍ 6666 ആയത്തുകളാണുള്ളത്. കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന യുവത ബുക് ഹൌസിന്റെ 'വിശുദ്ധ ഖുര്‍ആന്‍ ക്വിസ്' എന്ന പുസ്തകത്തില്‍ 6236 ആയത്തുകളാണെന്നും കാണുന്നു. ഏതാണ് ശരി?
സാഹിദ പയോടി
വാരം, കണ്ണൂര്‍
6236 ആണ് സൂക്ഷ്മമായ കണക്ക്. സൂക്തങ്ങള്‍ പരസ്പരം ചേര്‍ക്കുന്നിടത്തും വേര്‍പിരിക്കുന്നിടത്തുമുള്ള വ്യത്യാസം കാരണം എണ്ണവും വ്യത്യസ്തമാവാമെങ്കിലും 6666 എന്ന കണക്കിന് ഒരാധികാരികതയും ഇല്ല.
ഹിന്ദുത്വ ഭീകരത
ഹിന്ദുത്വവും ഭീകരതയും പരസ്പരം വിരുദ്ധമെന്ന് ആര്‍.എസ്.എസ്. എങ്കില്‍ ബാബരി മസ്ജിദ് തകര്‍ത്തതും മാലേഗാവ്, അജ്മീര്‍ മുതലായ സ്ഫോടനങ്ങളും ആരുടെ ഭീകരതയാണ്?
എ.ആര്‍ ചെറിയമുണ്ടം
യഥാര്‍ഥ സനാതന ധര്‍മത്തെപ്പറ്റിയാണ് പറയുന്നതെങ്കില്‍ അതില്‍ ഭീകരതയില്ലെന്ന് സമ്മതിക്കാം. എന്നാല്‍ ആര്‍.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന തീവ്ര ഹിന്ദുത്വ ദേശീയത നാസിസവും ഫാഷിസവും പോലെ വിദ്വേഷത്തിലും ന്യൂനപക്ഷവിരോധത്തിലും അധിഷ്ഠിതമാണ്, ഭീകരവുമാണ്. തീവ്ര ഹിന്ദുത്വ ദേശീയതയുടെ ഉയര്‍ച്ചയാണ് ഇന്ത്യയുടെ വിഭജനത്തിലേക്ക് നയിച്ചത്, സ്വതന്ത്ര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും അതുതന്നെ. മാലേഗാവ്, അജ്മീര്‍, മക്ക മസ്ജിദ്, സംഝോത സ്ഫോടനങ്ങളുടെ പിന്നിലെ ഹിന്ദുത്വ ഭീകര കൈകള്‍ അനാവരണം ചെയ്യപ്പെട്ടതാണ് ആര്‍.എസ്.എസ്സിനെ പ്രകോപിപ്പിക്കുന്നത്. പക്ഷേ, അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദത്തിന് വഴങ്ങാതെ ധീരമായി മുന്നോട്ട് പോയാല്‍ മാത്രമേ ഫലമുള്ളൂ. മൃദുഹിന്ദുത്വ വക്താക്കളായ യു.പി.എ സര്‍ക്കാര്‍ മുട്ടുമടക്കിയാല്‍ ആര്‍.എസ്.എസ്സിന്റെ പ്രത്യക്ഷ വിജയമായിരിക്കും അത്.
തെളിവെവിടെ?
ഈയിടെ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചുകൊണ്ട് പുറത്തിറക്കിയ ഒരു പുസ്തകത്തിലെ ഒരു പരാമര്‍ശം: "ജന്മിത്വവും ദിമ്മിത്വവും സ്ത്രീ വിദ്വേഷവും അന്യമത വിദ്വേഷവും രണോത്സുകതയും വികലമായ ചരിത്രബോധവും നിരാസ്പദമായ സങ്കല്‍പങ്ങളും പ്രതീക്ഷകളും നിറഞ്ഞുനില്‍ക്കുന്ന അനേകം പുസ്തകങ്ങള്‍ കേരള ജമാഅത്തിന്റെ പ്രസിദ്ധീകരണ ശാലയായ കോഴിക്കോട്ടെ ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസില്‍ ഇപ്പോള്‍ സുലഭമാണ്.'' മുജീബിന്റെ പ്രതികരണം?
രാജു ഊരാറ്റുപേട്ട
ഐ.പി.എച്ച് പ്രസിദ്ധീകരണങ്ങള്‍ ഒന്നു പോലും വായിക്കാത്തവര്‍ക്ക് എന്തും തട്ടിമൂളിക്കാം. പുസ്തക കര്‍ത്താവ് തന്റെ ആരോപണങ്ങള്‍ക്ക് ഒരു തെളിവും ഉദ്ധരിക്കാതെ എന്ത് മറുപടി പറയാന്‍. അയാള്‍ പറഞ്ഞ എല്ലാ തിന്മകളെയും നിശിതമായും വസ്തുനിഷ്ഠമായും എതിര്‍ക്കുന്നതാണ് ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍.