>>മുഖക്കുറിപ്പ്
ഇബ്റാഹീം(അ) ഒരു പ്രകാശ ഗോപുരം
ഇബ്റാഹീം നബി(അ) മഹാ സാമ്രാജ്യം സ്ഥാപിച്ച് ചക്രവര്‍ത്തിയായ വാണ വിജിഗീഷുവായിരുന്നില്ല. കനകകൊട്ടാരങ്ങളുടെയും രത്നക്കൂമ്പാരങ്ങളുടെയും ഉടമയുമായിരുന്നില്ല. ജന്മദേശത്തുനിന്ന് പലായനം ചെയ്ത് ജീവപര്യന്തം പ്രവാസിയായി കഴിയേണ്ടിവന്നയാളാണദ്ദേഹം. എങ്കിലും മണ്‍മറഞ്ഞു നാല് സഹസ്രാബ്ദങ്ങള്‍ പിന്നിട്ടിട്ടും ലോകം അദ്ദേഹത്തെ സാദരം സ്മരിക്കുന്നു. പ്രവാചകന്‍ ഇസ്ഹാഖിന്റെ പിതാവായ ഇബ്റാഹീം(അ) മോശയുടെയും യേശുവിന്റെയും യഹൂദ-ക്രൈസ്തവ ജനതകളുടെയും കുലപതിയാകുന്നു. മുഹമ്മദ് നബിയുടെ പ്രപിതാവായ ഇസ്മാഈല്‍ നബിയുടെ പിതാവും ഇബ്റാഹീം നബിയാണ്. അങ്ങനെ മുഹമ്മദ് നബിയുടെയും ഉമ്മത്തു മുഹമ്മദിന്റെയും കുലപതിയും അദ്ദേഹം തന്നെ. നിരവധി പ്രവാചകവര്യന്മാരുടെയും ജനതകളുടെയും പിതൃസ്ഥാനം തീര്‍ച്ചയായും ഒരപൂര്‍വ ഭാഗ്യമാണ്. ആ മഹാഭാഗ്യം കൊണ്ടനുഗൃഹീതരായവര്‍ ഇബ്റാഹീം നബിക്ക് പുറമെ ആദം നബിയും നൂഹ് നബിയും മാത്രമേയുള്ളൂ.
എന്നാല്‍ ഉമ്മത്ത് മുസ്ലിമ ഇബ്റാഹീം നബിയെ ആദരിക്കുന്നത് അദ്ദേഹം വംശപിതാവായതുകൊണ്ട് മാത്രമല്ല; അതിനും എത്രയോ ഉയരത്തില്‍ അദ്ദേഹം ആദര്‍ശ പിതാവായി ജ്വലിച്ചു നില്‍ക്കുന്നതുകൊണ്ടാണ്. ഭൂമിയിലെ ആദ്യത്തെ ഏകദൈവാലയമായ കഅ്ബയുടെ നിര്‍മാതാവ്. മാനവ സൌഹാര്‍ദത്തിന്റെയും സമത്വത്തിന്റെയും പ്രഥമ മേളയായ ഹജ്ജ് തീര്‍ഥാടനത്തിന് തുടക്കം കുറിച്ച ലോകാചാര്യന്‍. തന്നെ പരിപൂര്‍ണമായി അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിച്ച ഭക്ത ശിരോമണി. "വിധാതാവ് അദ്ദേഹത്തോട് മുസ്ലിം-സമര്‍പ്പിതന്‍- ആവുക എന്നാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ബോധിപ്പിച്ചു: ഞാനിതാ സര്‍വ ലോകവിധാതാവിനു മുമ്പില്‍ സമ്പൂര്‍ണ സമര്‍പ്പിതന്‍ ആയിരിക്കുന്നു'' (2:131). അല്ലാഹു സൂചന നല്‍കിയപ്പോള്‍, ആറ്റു നോറ്റുണ്ടായ ഏക പുത്രന്റെ കഴുത്തില്‍ നിസ്സങ്കോചം കത്തി വെച്ചുകൊണ്ട് അദ്ദേഹം ഈ സമര്‍പ്പണത്തെ സാക്ഷാത്കരിക്കുകയും ചെയ്തു. അങ്ങനെ വിശ്വാസത്തിന്റെയും സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും അസ്തമിക്കാത്ത പ്രകാശ ഗോപുരമായിത്തീര്‍ന്ന ഇബ്റാഹീമി(അ)നെയാണ് മുസ്ലിം ഉമ്മത്ത് അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നത്.
മനുഷ്യ കുലത്തിന്റെ ഇമാം- ആചാര്യന്‍- എന്നതാണ് അല്ലാഹു അദ്ദേഹത്തിന് കല്‍പിച്ചരുളിയ സ്ഥാനം. വെറുതെയങ്ങ് കല്‍പിച്ചു കൊടുത്തതല്ല ഈ സ്ഥാനം. "ഇബ്റാഹീമിനെ നാഥന്‍ ചില വചനങ്ങളാല്‍ പരീക്ഷിച്ചപ്പോള്‍ അദ്ദേഹം അതില്‍ പൂര്‍ണമായി വിജയിച്ചു.'' അപ്പോഴാണ് "നാം നിന്നെ ജനങ്ങള്‍ക്കൊക്കെയും ഇമാമായി നിശ്ചയിക്കുന്നു'' എന്ന് അല്ലാഹു പ്രഖ്യാപിച്ചത്. അല്ലാഹു അദ്ദേഹത്തെ തന്റെ പ്രിയങ്കരനായും അവരോധിച്ചിരിക്കുന്നു. അതും അദ്ദേഹത്തിന്റെ കര്‍മഫലം തന്നെ. "സുകൃതനായിക്കൊണ്ട് സര്‍വാത്മനാ അല്ലാഹുവിനെ അനുസരിക്കുകയും നിഷ്കളങ്കമായി ഇബ്റാഹീമിന്റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനേക്കാള്‍ വിശിഷ്ടമായ ജീവിതധര്‍മം കൈകൊണ്ടവരാരുണ്ട്? ഇബ്റാഹീമിനെ അല്ലാഹു പ്രിയങ്കരനായി വരിച്ചിരിക്കുന്നു'' (4:135). എന്തായിരുന്നു ഇബ്റാഹീമിന്റെ മാര്‍ഗം? "ഇബ്റാഹീം യഹൂദനായിരുന്നില്ല. നസ്രായനുമായിരുന്നില്ല. പിന്നെയോ നിഷ്കളങ്കമായി അല്ലാഹുവില്‍ സ്വയം സമര്‍പ്പിച്ചവന്‍ (മുസ്ലിം) ആയിരുന്നു അദ്ദേഹം'' (3:67). "പിതാവായ ഇബ്റാഹീമിന്റെ മാര്‍ഗത്തില്‍ നിലകൊള്ളുവിന്‍. അല്ലാഹു നേരത്തെ നിങ്ങള്‍ക്ക് മുസ്ലിംകള്‍ എന്നു നാമകരണം ചെയ്തിരിക്കുന്നു. ഈ ഖുര്‍ആനിലും അതുതന്നെയാണ് നിങ്ങളുടെ നാമം; ദൈവദൂതന്‍ നിങ്ങള്‍ക്ക് സത്യസാക്ഷിയാകേണ്ടതിനും നിങ്ങള്‍ ഇതര ജനതകള്‍ക്ക് സത്യസാക്ഷികളാകേണ്ടതിനും'' (22:78). ഇതാണ് ഇബ്റാഹീമീ പിതൃത്വത്തിന്റെയും നേതൃത്വത്തിന്റെയും മര്‍മം. ഇബ്റാഹീമീ വംശമെന്നവകാശപ്പെടുന്ന പലരും അദ്ദേഹത്തെ ഒരു ഗോത്ര പിതാവായി മാത്രം അനുസ്മരിക്കുമ്പോള്‍ മുസ്ലിംകള്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നതും സ്നേഹിക്കുന്നതും ഈ മര്‍മത്തില്‍ സ്പര്‍ശിച്ചുകൊണ്ടാണ്. ഈ വ്യത്യാസം, ബലിപുത്രന്‍ ഇബ്റാഹീമിന്റെ ദ്വിതീയ പുത്രനായ ഇസ്ഹാഖാണെന്നും അദ്ദേഹത്തിന്റെ പിന്മുറക്കാരാണ് തങ്ങളെന്നും അവകാശപ്പെടുന്ന വിഭാഗങ്ങള്‍ ഒരു ബലിപെരുന്നാളോ സ്മരണ ദിനം പോലുമോ ആചരിക്കാത്തതില്‍ സുവ്യക്തമാകുന്നു. മുസ്ലിംകള്‍ക്ക് ഇബ്റാഹീം നബി ഒരഭിമാന ചിഹ്നം മാത്രമല്ല, അനുകരണീയ മാതൃക കൂടിയാണ്. ഹജ്ജ് കര്‍മത്തിലും ബലിപെരുന്നാളിലും അതാണ് വിളങ്ങുന്നത്.
യൌവനാരംഭത്തില്‍ ഇബ്റാഹീം (അ) വിഗ്രഹഭഞ്ജകനായി. അക്കാലത്ത് സങ്കല്‍പിക്കാവുന്നതില്‍ വെച്ച് ഏറ്റം വീര്യം കൂടിയ വിപ്ളവ പ്രവര്‍ത്തനമായിരുന്നു അത്. അതിന്റെ പേരില്‍ ചുട്ടുകൊല്ലാന്‍ വിധിക്കപ്പെട്ടു. പക്ഷേ, അഗ്നിയുടെ നാവുകള്‍ അദ്ദേഹത്തെ കുളിരലകളായി തലോടുകയാണുണ്ടായത്. സ്വദേശത്തു നിന്ന് പലായനം ചെയ്യേണ്ടിവന്നപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞാന്‍ ജീവനും കൊണ്ടോടുന്നു എന്നല്ല; 'ഞാന്‍ എന്റെ നാഥനിലേക്ക് പോകുന്നു, അവന്‍ എനിക്കു വഴി കാണിച്ചുതരും' എന്നാണ്. ഒരിക്കലും തളരാതെ, നാഥന്‍ കാണിച്ച വഴിയിലൂടെ അന്ത്യനിമിഷം വരെ അദ്ദേഹം നടന്നു. ആ നടത്തം അദ്ദേഹത്തെ ചരിത്രത്തിന്റെ നായക സ്ഥാനത്തെത്തിക്കുകയായിരുന്നു.
സ്വേഛയെ ദൈവാഭീഷ്ടമാക്കി മാറ്റുകയാണ് മനുഷ്യന്ന് പ്രാപിക്കാവുന്ന ആത്മീയ ഔന്നത്യത്തിന്റെ പരകോടി എന്നു കാണിച്ചുതരുകയായിരുന്നു ഇബ്റാഹീം (അ). അതാണ് 'ഇബ്റാഹീമീ മില്ലത്ത്.' മില്ലത്തിന്റെ വാഹകനായ ഇബ്റാഹീം ആണ് മനുഷ്യരാശിയുടെ പ്രകാശഗോപുരം. മില്ലത്തിനെ അവഗണിച്ചുകൊണ്ടുള്ള ഇബ്റാഹീം അനുസ്മരണവും സ്നേഹവും, വെളിച്ചത്തിനു നേരെ കണ്ണടച്ചുകൊണ്ട് വിളക്കു കാലിനെ പുണരുന്നതുപോലെ വിഡ്ഢിത്തമാണ്. "സ്വയം വിഡ്ഢിയാക്കുന്നവനല്ലാതെ ഇബ്റാഹീമിന്റെ മില്ലത്തില്‍ വിമുഖനാകാന്‍ ആര്‍ക്കാണ് കഴിയുക?!'' (2:130)