Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


ഈജിപ്‌തില്‍ കണ്ടത്‌ യൗവനത്തിന്റെ കരുത്ത്‌
സുമയ്യ അല്‍ ജബര്‍ത്തി/ ഷമീന അസീസ്‌ ജിദ്ദ

ചിരപുരാതനകാലം മുതലേ ചരിത്രത്തില്‍ ഇടം നേടിയ രണ്ട്‌ നാമങ്ങളാണ്‌ നൈല്‍നദിയും അതിന്റെ ദാനമായ ഈജിപ്‌തും. കാലഹരണം വന്ന ഒരു സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകളുടെ പൊലിമയില്‍ ഈജിപ്‌ത്‌ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. ഇടക്കാലത്ത്‌ അന്യം നിന്നു പോയി എന്നു കരുതപ്പെട്ട `നാഗരികതയുടെ കളിത്തൊട്ടില്‍' പദവി സമകാലീന ഈജിപ്‌ത്‌ തിരിച്ചുപിടിക്കുകയാണ്‌. നൈലിന്റെ തീരത്തുനിന്നും വിപ്ലവത്തിന്റെ പുതിയ ഗീതങ്ങള്‍ ഉയിര്‍ക്കൊള്ളുന്നു. വിപ്ലവം കേവലം വാചോടാപമല്ല. അത്‌ കര്‍മസാക്ഷ്യമാണെന്ന്‌ ഈജിപ്‌തിലെ കത്തുന്ന യൗവനം ലോകത്തോട്‌ വിളിച്ചു പറയുന്നു. അറേബ്യന്‍ ശൗര്യത്തിന്റെ രണ്ടാം രംഗപ്രവേശമായി ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞു തഹ്‌രീര്‍ മൈതാനം. ആലസ്യത്തില്‍ നിന്നുണര്‍ന്ന അറബി യുവത ചരിത്രത്തിന്റെ ഗതി തിരിച്ചുവിടുമ്പോള്‍, വിപ്ലവം എന്ന പദം അര്‍ഥശോഷണം സംഭവിച്ച്‌ അതൊരു വിസ്‌ഫോടനം തന്നെയായി മാറുന്നു. ആ വിസ്‌ഫോടനത്തിന്റെ നാഡിമിടിപ്പുകള്‍ തൊട്ടറിയാനിതാ ഒരു സുഊദി പത്രപ്രവര്‍ത്തകയും. തഹ്‌രീര്‍ മൈതാനത്ത്‌ അണഞ്ഞുകൂടിയ ജനലക്ഷങ്ങളുടെ വികാരം ഹൃദയത്തിലേറ്റുവാങ്ങി, സുഊദി അറേബ്യയിലെ പ്രശസ്‌ത ഇംഗ്ലീഷ്‌ ദിനപത്രമായ അറബ്‌ ന്യൂസിന്റെ മാനേജിംഗ്‌ എഡിറ്റര്‍ സുമയ്യ അല്‍ജബര്‍ത്തി വാചാലായി. മിസ്‌റിന്റെ വിണ്ണിലെ പുതിയ സൂര്യോദയത്തിന്‌ സാക്ഷിയാകാന്‍ കഴിഞ്ഞതിന്റെ സായൂജ്യം ആ മുഖത്ത്‌ കളിയാടിയിരുന്നു.
സുഊദി ജനതയുമായി സാംസ്‌കാരികമായും മറ്റും വളരെയധികം സാമ്യത പുലര്‍ത്തുന്നവരാണ്‌ ഈജിപ്‌തുകാര്‍. സഹോദര രാഷ്‌ട്രത്തില്‍ നിന്നുയരുന്ന വിമോചനാഹ്വാനം നേരില്‍ കാണണമെന്നും അതിശയോക്തിപരമായി പുറത്തുവരുന്ന വാര്‍ത്തകളുടെ യാഥാര്‍ഥ്യങ്ങള്‍ തൊട്ടറിയണമെന്നുമുള്ള ഒരു മാധ്യമ പ്രവര്‍ത്തകയുടെ അഭിവാഞ്‌ഛ അവരെ കയ്‌റോവിലേക്ക്‌ വിമാനം കയറാന്‍ പ്രേരിപ്പിച്ചു. അവഗണിക്കപ്പെട്ടു കിടന്നിരുന്ന അറേബ്യന്‍ യുവതയുടെ കരുത്താണവര്‍ക്കവിടെ ദര്‍ശിക്കാനായത്‌. ഓരോരുത്തരും സ്വയം പ്രേരിതരായി മുന്നോട്ടുവന്ന ഒരവകാശസമരം ക്ഷണത്തില്‍ ഒരു പൊതുവികാരമായി മാറി. വരുംവരായ്‌കകള്‍ നോക്കാത്ത യുവ ഹൃദയങ്ങളുടെ മാറ്റത്തിനായുള്ള ദാഹം അവരെ കൂട്ടിയിണക്കി. തുല്യമായ പൗരാവകാശങ്ങള്‍ ലഭിക്കുന്ന, നീതിയിലധിഷ്‌ഠിതമായ ഒരു വ്യവസ്ഥകൊണ്ടു മാത്രമേ അവര്‍ തൃപ്‌തരാകുമായിരുന്നുള്ളൂ. മനുഷ്യാവകാശങ്ങള്‍ക്കായി ശബ്‌ദിക്കാന്‍ ഇറങ്ങിത്തിരിച്ച ക്ഷുഭിതയൗവനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ വസന്തത്തിന്റെ ഇടമുഴക്കമായി.
ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചുകൂടിയ അവര്‍ക്കിടയിലെ വിശ്വാസപരമായ അതിര്‍വരമ്പുകള്‍ പോലും അലിഞ്ഞില്ലാതാകുന്ന രംഗങ്ങള്‍ വികാരഭരിതമായിരുന്നു. മുസ്‌ലിംകള്‍ നമസ്‌കാരത്തിലേര്‍പ്പെടുമ്പോള്‍ അവര്‍ക്ക്‌ സംരക്ഷണവലയം തീര്‍ത്തുകൊണ്ട്‌ നിലയുറപ്പിച്ചു ക്രിസ്‌തീയ സഹോദരങ്ങള്‍! സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെ ഉദാത്ത മാതൃകകള്‍ പലതുമവര്‍ക്കവിടെ ദര്‍ശിക്കാനായി. തഹ്‌രീര്‍ മൈതാനത്തിലെത്തിയ ഓരോരുത്തരും സ്വയം നിയന്ത്രിക്കുകയും സന്നദ്ധ ഭടനാവുകയുമായിരുന്നു. സ്‌ത്രീകളവിടെ സമ്പൂര്‍ണ സുരക്ഷിതത്വമനുഭവിച്ചു. ലക്ഷ്യബോധത്തോടെ ശുഭാപ്‌തിവിശ്വാസം കൈമുതലാക്കി നിലയുറപ്പിച്ച ലക്ഷങ്ങള്‍ ജനശക്തിയുടെ കരുത്ത്‌ തെളിയിച്ച്‌ ലോകത്തിനു മാതൃകകാട്ടി. അക്രമിയായ ഭരണാധികാരിയുടെ നേരെ വിരല്‍ ചൂണ്ടി ദൈവിക സിംഹാസനത്തിന്റെ തണലില്‍ ഇടംനേടി. കയ്‌റോവിലെ ജനമുന്നേറ്റം അതിന്റെ സമാധാനപരത കൊണ്ടുതന്നെ ലോക ശ്രദ്ധനേടിയതായി അവര്‍ ചൂണ്ടിക്കാട്ടി.
ഇഖ്‌വാനുല്‍ മുസ്‌ലിമൂനെപ്പോലെയുള്ള ഇസ്‌ലാമിക സംഘടനകളെക്കുറിച്ച്‌ കൃത്യമായി സൃഷ്‌ടിച്ചുവെക്കപ്പെട്ട ഭീതി, കൂട്ടായ്‌മയുടെയും സഹവര്‍ത്തിത്വത്തിന്റേതുമായ ഭൂമികയില്‍ അലിഞ്ഞില്ലാതായതായി അവര്‍ക്ക്‌ കാണാന്‍ കഴിഞ്ഞു. ഇസ്‌ലാമോഫോബിയയെക്കുറിച്ച്‌ ഒരു പരിധിവരെ മാധ്യമസൃഷ്‌ടി എന്നു പറയാമെങ്കിലും മുസ്‌ലിംകളില്‍ ഒരു വിഭാഗത്തിന്റെ തീവ്രവാദപരമായ സമീപനങ്ങളും അതിനു കാരണമായിട്ടുണ്ട്‌. ഇസ്‌ലാം വിഭാവന ചെയ്യുന്ന മധ്യമ നിലപാടില്‍നിന്നും വ്യതിചലിക്കുന്ന ഒന്നിനോടും തനിക്ക്‌ യോജിപ്പില്ലെന്ന്‌ അവര്‍ വ്യക്തമാക്കി. പ്രവാചകന്റെ സൗമ്യവും വിശാലവുമായ സമീപനരീതികളായിരുന്നു ജനങ്ങളെ ആകര്‍ഷിച്ചത്‌. അദ്ദേഹത്തേക്കാള്‍ ഉദാത്തവും അനുകരണാര്‍ഹവുമായ മറ്റേതു മാതൃകയാണ്‌ നമ്മുടെ മുന്നിലുള്ളത്‌?
ജൈവപരമായ ദൗര്‍ബല്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, തലമുറകളെ ശിക്ഷണം നല്‍കി വളര്‍ത്തുന്നവളെന്ന നിലയിലും, നിര്‍ണായകമായ സ്വാധീനശക്തിയുടെ ഉടമ എന്ന നിലയിലും പുരുഷനേക്കാള്‍ ശക്തയാണ്‌ സ്‌ത്രീ എന്ന്‌ സുമയ്യ ചൂണ്ടിക്കാട്ടി. ഇസ്‌ലാമിനു മുമ്പുള്ള ഖദീജ ബീവി എത്ര കരുത്തയായിരുന്നു എന്ന്‌ നമുക്കറിയാം. ഇസ്‌ലാമാകട്ടെ, സ്‌ത്രീ വിമോചനത്തിന്റേതായ പ്രത്യയശാസ്‌ത്ര ദര്‍ശനങ്ങള്‍ അവതരിപ്പിച്ചു. അങ്ങനെ ഖന്‍സാഇനെപ്പോലെയുള്ള മഹിളാരത്‌നങ്ങള്‍ പിറവികൊണ്ടു. ഹിജാബ്‌ എന്നത്‌ മുസ്‌ലിം വനിതയുടെ ബുദ്ധിക്കു മേലെയല്ല, ശരീരത്തിനുമേല്‍ മാത്രമാണെന്ന്‌ അവര്‍ വ്യക്തമാക്കി.
വ്യക്തി എന്ന നിലയില്‍ തന്നിലര്‍പ്പിതമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ഓരോരുത്തരും തയാറാവുക എന്നതാണ്‌ ഇന്ന്‌ നാം നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം. ഭരണാധികാരികള്‍ സ്വന്തം ദൗത്യം വിസ്‌മരിച്ചപ്പോഴാണ്‌ മുല്ലപ്പൂ വിപ്ലവങ്ങളുണ്ടായത്‌. തന്റെ ഭരണപരിധിക്കുള്ളില്‍ ഒരാട്ടിന്‍കുട്ടി പട്ടിണി കിടന്ന്‌ മരിച്ചാല്‍ പോലും താന്‍ അതിനുത്തരവാദിയാകും എന്ന ഇസ്‌ലാമിലെ ഭരണാധികാരിയുടെ വീക്ഷണത്തില്‍നിന്നും ഇന്നത്തെ പ്രജാപതികളിലേക്കുള്ള ദൂരം താരതമ്യാര്‍ഹം പോലുമല്ലെന്ന്‌ അവര്‍ അഭിപ്രായപ്പെട്ടു.
നൂറ്റാണ്ടുകള്‍ക്കപ്പുറത്ത്‌ ദൈവികമായ ഒരിടപെടലിലൂടെ ചെങ്കടലില്‍ മുങ്ങിത്താണ ഫറോവയുടെ നാട്ടില്‍ ജനരോഷത്തിന്റെ ആഴക്കയങ്ങളില്‍ ആധുനിക ഫറോവ മുങ്ങിത്താണതിന്‌ കാലം സാക്ഷി.

ഒരു മാധ്യമ പ്രവര്‍ത്തകയുടെ തിരക്കുകള്‍ക്കിടയില്‍ തരപ്പെടുത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

പ്രശ്‌നകലുഷിതമായ ഒരു പ്രദേശത്തേക്ക്‌ ഒരു സുഊദി സ്‌ത്രീ ഒറ്റക്ക്‌ നടത്തിയ യാത്ര എന്നതുതന്നെ താങ്കളുടെ ഈജിപ്‌ത്‌ സന്ദര്‍ശനത്തെ പ്രസക്തമാക്കുന്നു. എന്തായിരുന്നു അതിനുള്ള പ്രേരകം?
ഈജിപ്‌തില്‍ നടന്നത്‌ തീര്‍ത്തും അനിതരസാധാരണമായ ഒന്നായിരുന്നു. സുഊദി അറേബ്യയുമായി സാംസ്‌കാരികമായും വിശ്വാസപരമായും വളരെയധികം സാമ്യത പുലര്‍ത്തുന്നവരാണ്‌ ഈജിപ്‌തുകാര്‍, വിശിഷ്യാ പടിഞ്ഞാറന്‍ മേഖലയുമായി. ഈജിപ്‌തിലെ മുന്നേറ്റം പൂര്‍ണമായും യുവാക്കളുടേതായിരുന്നു. സുഊദി ജനസംഖ്യയുടേതാകട്ടെ എണ്‍പതു ശതമാനം മുപ്പത്തൊമ്പതു വയസ്സിനു താഴെയുള്ളവരാണ്‌. ഈജിപ്‌ത്‌ എന്നത്‌ അറബ്‌ ലോകത്തേക്കുള്ള പ്രവേശന കവാടമാണെന്ന്‌ പറയാം. സുഊദി അറേബ്യയെ സംബന്ധിച്ചേടത്തോളം വളരെയധികം പ്രാധാന്യമുള്ള ഒരു നാട്ടില്‍ നടക്കുന്ന ചരിത്ര സംഭവം നേരിട്ട്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ സുഊദി പത്രപ്രവര്‍ത്തകരുണ്ടായില്ല എന്നതും എന്നെ അങ്ങോട്ട്‌ പോകാന്‍ പ്രേരിപ്പിച്ചു.

ഈജിപ്‌തില്‍ ചെന്നിറങ്ങിയപ്പോഴുള്ള അവസ്ഥ വിവരിക്കാമോ?
ഫെബ്രുവരി പതിനൊന്നിനായിരുന്നു ഈജിപ്‌തില്‍ ചെന്നിറങ്ങിയത്‌. അതിനു മുമ്പ്‌ തന്നെ അവിടെ എത്തേണ്ടതായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നടത്തുന്ന യാത്രയെക്കുറിച്ച കുടുംബത്തിന്റെ ഉത്‌കണ്‌ഠ യാത്ര വൈകാന്‍ കാരണമായി.
ഏതാനും ചില ഈജിപ്‌തുകാരെ ഒഴിച്ചുനിര്‍ത്തിയാല്‍ വിമാനം പൂര്‍ണമായും കാലിയായിരുന്നു. സാധാരണഗതിയില്‍ ജനനിബിഡമായ കയ്‌റോ തെരുവുകള്‍ വിജനമായിരുന്നു. വിമാനത്താവളം മുതല്‍ എല്ലായിടത്തും നിശ്ശബ്‌ദത തളംകെട്ടി നിന്നു.

ഇത്ര വ്യവസ്ഥാപിതായ ഒരു ജനമുന്നേറ്റം എങ്ങനെ സംഭവിച്ചു?
തികച്ചും ആകസ്‌മികമായിരുന്നു ആ മുന്നേറ്റം. ജനങ്ങളുടെ പ്രേരകങ്ങള്‍ വ്യത്യസ്‌തങ്ങളായിരുന്നു. സമൂഹത്തിന്റെ വിഭിന്ന തുറകളിലുള്ളവരായിരുന്നു അവിടെ ഒത്തുകൂടിയത്‌. ഓരോരുത്തരും അവരവരുടേതായ കാരണങ്ങളാല്‍ ഇറങ്ങിത്തിരിച്ചവരായിരുന്നു. ഒരാളും മറ്റൊരാളെ പ്രതീക്ഷിച്ചുകൊണ്ടായിരുന്നില്ല തഹ്‌രീര്‍ മൈതാനത്തേക്ക്‌ വന്നത്‌.

പ്രധാനമായും ഓണ്‍ലൈന്‍ കാമ്പയിനാണല്ലോ നടന്നത്‌?
ഓണ്‍ലൈനിലൂടെയുള്ള പ്രചാരണങ്ങളും അഭിപ്രായ സമന്വയങ്ങളും ധാരാളമായി നടന്നിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ്‌ ബന്ധങ്ങള്‍ വിഛേദിക്കപ്പെട്ടതോടെ കൂടുതലാളുകള്‍ രംഗത്തിറങ്ങി. പരസ്‌പരം അപരിചിതരായിരുന്നു അവര്‍. രാഷ്‌ട്രത്തിനകത്തെ രണ്ടാം രാഷ്‌ട്രമായി മാറി തഹ്‌രീര്‍ മൈതാനം.

ഇസ്‌ലാമികാദര്‍ശങ്ങള്‍ ഈ മുന്നേറ്റത്തെ സ്വാധീനിച്ചിട്ടുണ്ടോ?
തീര്‍ച്ചയായും ഉണ്ട്‌. ഈ വിപ്ലവത്തിന്റെ അടിസ്ഥാന പ്രേരകങ്ങള്‍ ഇസ്‌ലാമികം തന്നെയാണ്‌. കാരണം, അത്‌ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു. നീതിക്കുവേണ്ടിയുള്ള സമരമായിരുന്നു. അവരില്‍ പ്രകടമായിരുന്ന കാരുണ്യവും വിട്ടുവീഴ്‌ചയും വിശാലതയും ഇസ്‌ലാമിക മൂല്യങ്ങളാണ്‌. ഇസ്‌ലാം വിഭാവന ചെയ്യുന്ന സഹവര്‍ത്തിത്വത്തിന്റെ പ്രായോഗിക രൂപം എനിക്കിവിടെ ദര്‍ശിക്കാനായി. ഈജിപ്‌ഷ്യന്‍ ക്രൈസ്‌തവരും ഭൂരിപക്ഷമായ മുസ്‌ലിംകളും ഒത്തുചേര്‍ന്നു നല്‍കിയ സന്ദേശം വിശ്വാസ വൈജാത്യങ്ങള്‍ക്കപ്പുറത്തുള്ള മാനവികദര്‍ശനത്തിന്റേതായിരുന്നു. അതുതന്നെയാണ്‌ ഇസ്‌ലാം വിഭാവനം ചെയ്യുന്നതും.
മൈതാനത്തിന്റെ പ്രവേശന കവാടങ്ങളില്‍ ചെക്ക്‌പോയിന്റുകളുണ്ടായിരുന്നു. വളണ്ടിയര്‍മാര്‍ സ്‌ത്രീകളെയും പുരുഷന്മാരെയും വെവ്വേറെ ഭാഗങ്ങളിലേക്ക്‌ തിരിച്ചുവിട്ടു. വെള്ളിയാഴ്‌ച യൂസുഫുല്‍ ഖറദാവിയുടെ ജുമുഅ പ്രഭാഷണം കേള്‍ക്കാന്‍ തടിച്ചുകൂടിയവരുടെ എണ്ണം മൂന്ന്‌ മില്യന്‍ വരും. ഇത്രയധികം ആളുകള്‍ ഒരുമിച്ചുകൂടിയിട്ടും യാതൊരുവിധ അനിഷ്‌ടസംഭവങ്ങളും ഉണ്ടായില്ല. ഒരു തരത്തിലുള്ള പീഡനവുമുണ്ടായില്ല. `ഉന്തുകയും തള്ളുകയുമരുത്‌, മുന്നില്‍ സ്‌ത്രീകളുണ്ട്‌' എന്നൊക്കെ പറയുന്നത്‌ എനിക്ക്‌ കേള്‍ക്കാനായി.

എന്തുകൊണ്ടാണ്‌ മുസ്‌ലിം ബ്രദര്‍ഹുഡ്‌ പോലുള്ള സംഘടനകളെ ജനങ്ങള്‍ ഭീതിയോടെ കാണുന്നത്‌?
ഈജിപ്‌തിലെതന്നെ ഏറ്റവും വ്യവസ്ഥാപിതമായ സംഘടനയാണ്‌ അവരുടേത്‌. പരസ്‌പരം ഇടകലരാനും സഹവസിക്കാനുമുള്ള അവസരമുണ്ടായപ്പോള്‍ അത്തരം ഭീതികള്‍ ഇല്ലാതായതാണ്‌ എനിക്ക്‌ കാണാന്‍ കഴിഞ്ഞത്‌. മുസ്‌ലിം ബ്രദര്‍ഹുഡിലെ യുവാക്കള്‍ വളരെ വ്യത്യസ്‌തരായ ഒരു തലമുറയാണ്‌. അവര്‍ തീവ്രവാദപരമായ വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരല്ല. തഹ്‌രീര്‍ മൈതാനത്തിലെ അവരുടെ സാന്നിധ്യവും ഇടപെടലുകളും നിര്‍ണായകമായിരുന്നു. ഭീതി കൃത്രിമമായി സൃഷ്‌ടിക്കപ്പെട്ടതായിരുന്നു എന്ന്‌ അവരുടെ ഇടപെടലുകളിലൂടെ ജനങ്ങള്‍ക്ക്‌ ബോധ്യമായി.

ഇസ്‌ലാമോഫോബിയ തന്നെ ഒരു മാധ്യമ സൃഷ്‌ടിയല്ലേ?
ഒരു പരിധിവരെ അങ്ങനെ പറയാമെങ്കിലും ഒന്നാമതായി മുസ്‌ലിംകളെ തന്നെയാണ്‌ ഞാന്‍ പ്രതിസ്ഥാനത്ത്‌ നിര്‍ത്തുക. ഇസ്‌ലാമിനെക്കുറിച്ച്‌ തെറ്റായ ചിത്രം പ്രചരിക്കുന്നതിന്‌ മുസ്‌ലിംകളുടെ പല നിലപാടുകളും കാരണമായി. തീവ്രവാദ വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ മുഖം വികൃതമാക്കുകയാണ്‌ ചെയ്യുന്നത്‌. പ്രവാചകന്‍ വിഭാവന ചെയ്‌തതാകട്ടെ ഒരു മധ്യമ സമുദായത്തെയായിരുന്നു. തന്റെ വിശ്വാസങ്ങള്‍ക്കും പ്രവൃത്തികള്‍ക്കുമപ്പുറം മറ്റൊരു ശരിയില്ല എന്ന കാഴ്‌ചപ്പാട്‌ ഇസ്‌ലാമികാധ്യാപനങ്ങളുമായി പൊരുത്തപ്പെടുന്നില്ല. പ്രവാചകന്‍ സ്വര്‍ഗാവകാശി എന്നു വിശേഷിപ്പിച്ച ഒരാളുടെ ജീവിതം പഠിക്കാന്‍ ചെന്ന നബിശിഷ്യന്‍ കണ്ടത്‌ ധാരാളമായി ആരാധനകളില്‍ മുഴുകുന്ന ഒരാളെയല്ല, മറിച്ച്‌ സഹജീവികളോട്‌ വെറുപ്പോ വിരോധമോ ഇല്ലാതെ പരിശുദ്ധമായ ഹൃദയത്തോടെ രാത്രി കിടന്നുറങ്ങുന്ന ഒരു വ്യക്തിയെയാണ്‌. മറ്റുള്ളവരെക്കുറിച്ച്‌ വിധിതീര്‍പ്പുകള്‍ നടത്താന്‍ ആര്‍ക്കും അവകാശമില്ല. അത്‌ ദൈവത്തിന്റെ മാത്രം അവകാശമാണ്‌. മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന്‌ ചെലവഴിക്കുന്ന സമയം ആത്മവിമര്‍ശനത്തിനായി ചെലവിട്ടിരുന്നുവെങ്കില്‍ നാം കുറെക്കൂടി നല്ല വ്യക്തികളാകുമായിരുന്നു. അടിസ്ഥാനങ്ങളില്‍ നിന്നകന്ന്‌ ഉപരിപ്ലവമായ വിഷയങ്ങള്‍ക്ക്‌ നാം പ്രാധാന്യമേകുന്നു. നമ്മുടെ വിശ്വാസത്തിന്റെ പ്രായോഗിക മാതൃക സമര്‍പ്പിക്കുന്നതില്‍ നാം വരുത്തിയ വീഴ്‌ചകള്‍ സൃഷ്‌ടിച്ച പ്രത്യാഘാതങ്ങള്‍ അക്ഷന്തവ്യമാണ്‌- കാലഘട്ടത്തിന്റെ നാഡിമിടിപ്പുകള്‍ തൊട്ടറിഞ്ഞ ഒരു ജേണലിസ്റ്റിന്റെ വാക്കുകള്‍.
മാറ്റത്തിന്റെ തിരികൊളുത്തല്‍ ദര്‍ശിച്ചതിന്റെ ചാരിതാര്‍ഥ്യവുമായി സുമയ്യ അല്‍ജബര്‍ത്തി തന്റെ തിരക്കുകളിലേക്ക്‌.....


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly