Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


പ്രവാസ യൗവനത്തിന്റെ സാംസ്‌കാരിക കാഴ്‌ചകള്‍
ശഫീഖ്‌ പരപ്പുമ്മല്‍

എഴുത്തിലും പറച്ചിലിലും മെഴുകുതിരിയെന്ന്‌ ഏറ്റവും കൂടുതല്‍ ഉപമിക്കപ്പെട്ടിട്ടുണ്ടാവുക പ്രവാസികളായിരിക്കും. മരുക്കാട്ടിലെ കത്തുന്ന ചൂടിലും മരംകോച്ചുന്ന തണുപ്പിലും ഉരുകിയൊലിച്ചും തണുത്തുറഞ്ഞും മറ്റുള്ളവരെ ജീവിപ്പിച്ച്‌, സ്വയം ജീവിക്കാന്‍ കഴിയാതെ പോകുന്നവര്‍ക്ക്‌ ഇതിലും നല്ലൊരു ഉപമ ഭാഷയില്‍ ഉണ്ടാവില്ല. അക്ഷര ദാരിദ്ര്യത്തിന്റെ ചതുപ്പ്‌ നിലങ്ങളില്‍ കിളച്ചിട്ടും മറിച്ചിട്ടും പൊന്ന്‌ വിളയിക്കാനാവാതെ, കെട്ടുപ്രായം കവിഞ്ഞ പെണ്‍മക്കളുടെതികട്ടിപ്പോകുന്ന ഗദ്‌ഗദങ്ങള്‍ക്ക്‌ പരിഹാരം കാണാനാവാതെ മരുപ്പച്ചയുടെ കനിവ്‌ തേടി ലോഞ്ചുകളിലും പത്തേമാരികളിലും അറബ്‌നാടുകളില്‍ എത്തിപ്പെട്ടവരാണ്‌ പ്രവാസി മലയാളികളുടെ ആദ്യ തലമുറ. അച്ചാറും കാച്ചെണ്ണയും കായവറുത്തതും ഒപ്പം മാസങ്ങള്‍ മാത്രം പ്രായമുള്ള വൈവാഹിക ജീവിതത്തിന്റെ സുന്ദരസ്‌മരണകളും പാഥേയമാക്കി യാത്ര ചോദിച്ചിറങ്ങുന്നവരുടെ വിവരങ്ങള്‍ ഗള്‍ഫിന്റെ മണമുള്ള `ലക്കോട്ടു'കളായി പോസ്റ്റുമാന്‌ വീട്ടിലെത്തിക്കണമെങ്കില്‍ അന്നൊക്കെ ദിവസങ്ങളും മാസങ്ങളുമെടുക്കുമായിരുന്നു. അതുവരെ എരിയുന്ന നെഞ്ചിലെ നൊമ്പരവും പേറി ദിവസങ്ങള്‍ തള്ളിനീക്കുന്ന `ബീടര്‍മാരുടെ' നേര്‍ ചിത്രങ്ങള്‍ പാട്ടായും കഥയായും നമുക്ക്‌ മുമ്പില്‍ ഒരുപാട്‌ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌.
ഇതൊക്കെയും പഴയ കഥകള്‍. ഇന്ന്‌, വിദ്യാഭ്യാസത്തിന്റെ അഭാവം കൊണ്ട്‌ ഗള്‍ഫിലേക്ക്‌ നാടുകടത്തപ്പെടുന്ന യുവാക്കളേക്കാള്‍ ഗള്‍ഫില്‍ മികച്ച ജോലി ലഭിക്കാനായി പ്രത്യേക കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്ന തലമുറയാണ്‌ ചിത്രത്തിലുള്ളത്‌. യാത്ര തിരിക്കുന്നവര്‍ക്ക്‌ ശുഭയാത്ര നേര്‍ന്ന്‌ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കു മടങ്ങിയെത്തും മുമ്പ്‌ മൊബൈല്‍ ഫോണിലേക്ക്‌ ഗള്‍ഫിലിറങ്ങിയവരുടെ വീഡിയോ കോളുകള്‍ പറന്നെത്തുന്നേടത്തേക്ക്‌ കാലം പുരോഗമിച്ചത്‌ ചില്ലറക്കാര്യമല്ല. എന്നാല്‍, അറബിനാട്ടില്‍ കാലു കുത്തുന്നതോടെ നമ്മുടെ യുവാക്കളിലുണ്ടാവുന്ന രൂപമാറ്റം, കൊഴുപ്പടിഞ്ഞു ചീര്‍ത്ത കവിളുകളിലോ രിയാലുകളാല്‍ വീര്‍ത്ത കുപ്പായക്കീശകളിലോ ഒതുങ്ങുന്നില്ലെന്ന തിരിച്ചറിവുകളാണ്‌ നമ്മെ ആശങ്കപ്പെടുത്തുന്നത്‌. എയര്‍ കണ്ടീഷന്‍ മുറികളിലെ കൃത്രിമ തണുപ്പിന്റെ ആലസ്യത്തില്‍ ഉറങ്ങിത്തീര്‍ക്കുന്ന ഓരോ സെക്കന്റിലും നഷ്‌ടമാവുന്നത്‌, നാളെ പടച്ചതമ്പുരാന്‍ പ്രത്യേകം ചോദ്യം ചെയ്യുമെന്ന്‌ പ്രവാചകന്‍ മുന്നറിയിപ്പ്‌ തന്ന ആരോഗ്യവും ഒഴിവുസമയവുമാണെന്ന്‌ തിരിച്ചറിയാതെ പോവുന്നത്‌ എത്രമാത്രം കുറ്റകരമാണ്‌! ജോലിയൊഴിഞ്ഞ നേരങ്ങളിലെ വെടിപറച്ചിലുകള്‍ക്കിടയില്‍ തൊട്ടടുത്ത മുറിയിലെ സഹോദരന്റെ നാട്ടിലുള്ള ഭാര്യയുടെ പച്ചമാംസം ചവച്ചരക്കപ്പെടുന്നത്‌ എന്തു മാത്രം ഭീകരമാണ്‌! സൊറ പറച്ചിലിനും കേവല വാദപ്രതിവാദങ്ങള്‍ക്കുമപ്പുറം നാട്ടിലെ സാംസ്‌കാരിക, സാമൂഹിക ഇടപെടലുകളോട്‌ മുഖം തിരിച്ചു നില്‍ക്കുന്ന യുവസമൂഹത്തിന്‌ അറബ്‌ നാടുകളിലെ മുല്ലൂപ്പൂ വിപ്ലവ സുഗന്ധം പോലും വേണ്ടവണ്ണം ആസ്വദിക്കാനാവുന്നില്ലെന്ന സത്യം ചിന്തനീയം തന്നെയാണ്‌.
പ്രവാസികള്‍ക്കിടയില്‍ കാക്കത്തൊള്ളായിരം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. നാട്ടില്‍ മുളക്കുന്ന ഓരോ പാര്‍ട്ടിക്കും ഗള്‍ഫിന്റെ വകഭേദം രൂപപ്പെടാറുമുണ്ട്‌. പക്ഷേ, ഇവരില്‍ മിക്കവയുടെയും പ്രവര്‍ത്തനം മാതൃ സംഘടനക്ക്‌ വേണ്ടിയുള്ള ഫണ്ട്‌ പിരിവില്‍ ഒതുങ്ങിപ്പോവുന്നു എന്നതാണ്‌ സങ്കടകരം. സാമൂഹിക സേവനത്തിനു വേണ്ടി രൂപം കൊണ്ട കുറേയേറെ പ്രവാസ സംഘടനകളെ മറന്നു കൊണ്ടല്ല ഇത്‌ പറയുന്നത്‌. പിന്നാക്കം പോയ ഒരുപാട്‌ നാടുകളെ മുന്നിലേക്ക്‌ നയിക്കാനും, നിറം കെട്ടുപോയ കുറെ ജീവിതങ്ങള്‍ക്ക്‌ പുതുനിറം പകരാനും കനിവ്‌ വറ്റാത്ത മനസ്സുകളുടെ സഹായ ഹസ്‌തവുമായി എന്നുമവര്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാവാറുണ്ട്‌. പക്ഷേ, എണ്ണം പറഞ്ഞ കുറച്ചു പേരിലൊതുങ്ങിപ്പോവാറുണ്ട്‌ ഈ സംഘങ്ങള്‍ എന്നതും മറക്കാവതല്ല. രസീറ്റു ബുക്കും അഭ്യര്‍ഥനക്കത്തുമായി വാതിലില്‍ മുട്ടുന്ന പരിചിത മുഖങ്ങളില്‍നിന്നും ഓടിയൊളിക്കാതെ അവരിലൊരാളായി കൂടെയിറങ്ങാന്‍ മടികാണിക്കുന്നവരുടെ പ്രശ്‌നം പലപ്പോഴും സമയക്കുറവ്‌ മാത്രമാവില്ല. കീശയിലെ പത്തു രിയാല്‍ വെച്ച്‌ നീട്ടിയാല്‍ തങ്ങളുടെ ഉത്തരവാദിത്വം തീര്‍ന്നുവെന്ന ധാരണ നമ്മള്‍ മാറ്റിയേ തീരൂ. ഇരുപത്തിനാല്‌ മണിക്കൂറെന്ന ഘടികാരക്കൂടിനുള്ളില്‍ തൊഴിലും വിശ്രമവും സേവനവും ഉല്ലാസവുമെല്ലാം ക്രമപ്പെടുത്താനുള്ള പരിശീലനമാണ്‌ നാം നേടിയെടുക്കേണ്ടത്‌.
നാം നമ്മെ തന്നെ മാറ്റിവരക്കുന്നുവെന്നതാണ്‌ പ്രവാസ ലോകത്തെ മറ്റൊരു പ്രശ്‌നം. ജീവിക്കുന്നത്‌ ശള്‍ഫിലായിപ്പോയി എന്നതുകൊണ്ട്‌ മലയാളി മനസ്സിനെ `ഗള്‍ഫ്‌ മലയാളി മനസ്സാക്കി' മാറ്റത്തിത്തീര്‍ക്കണമെന്ന്‌ വാശി പിടിക്കുന്നതെന്തിനാണ്‌? സമരമെന്നും പ്രക്ഷോഭമെന്നും കേട്ടാല്‍ തന്നെ ചിലര്‍ക്കലര്‍ജിയാണ്‌. വീതികൂടിയ എക്‌സ്‌പ്രസ്‌ വേകള്‍ കണ്ടു ശീലിച്ചു പോയവര്‍ക്ക്‌ നാട്ടിലെ കുന്നിടിച്ചാലും വയല്‌ നികത്തിലായും വിഷയമേയല്ല. പാവങ്ങളുടെ കൂരകള്‍ക്ക്‌ മേലെ ബുള്‍ഡോസറുകള്‍ നിരങ്ങിനീങ്ങുന്നത്‌ അവരില്‍ ഒരലോസരവും സൃഷ്‌ടിക്കുന്നില്ല. വര്‍ഷത്തില്‍ ലഭിക്കുന്ന അവധിനാളുകളില്‍ നാട്ടിലെത്തി വാടകക്കാറുകളില്‍ ചീറിപ്പായുന്നത്‌ മാത്രമാണ്‌ അവരുടെ സ്വപ്‌നം. കോളയും പെപ്‌സിയും അധിനിവേശം നടത്തിയ ചന്തകള്‍ക്ക്‌ പാലക്കാട്ടെ പാവങ്ങളുടെ കുടിവെള്ളം പ്രശ്‌നമാകുന്നില്ല. ഷോപ്പിംഗ്‌മാളുകളുടെ പര്‍ച്ചേസിംഗ്‌ `അനുഭവ'ത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌ കണാരേട്ടന്റെ ചായപ്പീടികയും അഹ്‌മദ്‌ക്കാന്റെ പലചരക്ക്‌ കടയും ഡിസ്റ്റര്‍ബന്‍സുകളാവുന്നത്‌ സ്വാഭാവികമെന്നാണ്‌ മറ്റു ചിലരുടെ പ്രതികരണം! എങ്ങനെയെങ്കിലും കുറെ സമ്പാദിച്ച്‌ അടിപൊളി ജീവിതം നയിക്കുക എന്നതിലേക്ക്‌ അവരുടെ ചിന്തപോലും ചുരുക്കപ്പെട്ടിരിക്കുന്നു. അനീതിയുടെ ലോകക്രമത്തിനെതിരെ ശബ്‌ദമുയര്‍ത്താന്‍, സഹജീവികളുടെ ഉന്നമനത്തിനു വേണ്ടി പണിയെടുക്കാന്‍ എന്തിന്‌, ലോകത്ത്‌ പുതിയൊരു സൂര്യോദയം സ്വപ്‌നം കാണാന്‍ പോലും നമ്മുടെ പ്രവാസി യുവത എന്നോ മറന്നുപോയിരിക്കുന്നു. ക്രിയാത്മക മേഖലകളിലെ കുറ്റകരമായ മൗനത്തിനു പുറമേ കുടുസ്സായ മാനസികാവസ്ഥയുടെ പ്രതിഫലനമെന്നോണം ഒരു ചെറിയ വിഭാഗം പ്രവാസികള്‍ സാമൂഹിക വിരുദ്ധ ചേരിയിലേക്ക്‌ പോലും എത്തപ്പെടുന്നു. നാട്ടിലെവിടെയെങ്കിലും ഒരു കലാപത്തിന്റെ ചെറുതീപ്പൊരി ഉയരുന്നത്‌ കണ്ടാല്‍ അതിനെ ആളിക്കത്തിക്കുംവിധം ഊഹപ്രചാരണങ്ങള്‍ അഴിച്ചുവിടാന്‍ പോലും മടിയില്ലാത്തവരായി നമ്മില്‍ ചിലര്‍ മാറുന്നത്‌ സാമൂഹിക പ്രതിബദ്ധതയുടെ കുറവ്‌ കൊണ്ട്‌ തന്നെയാണ്‌.
ബഹുഭൂരിഭാഗം യുവജനങ്ങള്‍ക്കും പ്രവാസ ഭൂമികയില്‍ വിപ്ലവ മനസ്സ്‌ നഷ്‌ടമാവുമ്പോഴും ഒരു ന്യൂനപക്ഷമെങ്കിലും ജീവസ്സുറ്റ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടേതായ സാംസ്‌കാരിക ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നത്‌ മറക്കാവതല്ല. കരുത്തുറ്റ സംഘടനകളുടെ നേതൃത്വവും ശിക്ഷണവും അച്ചടക്കമുള്ള ഒരു പ്രവര്‍ത്തക സമൂഹത്തെ പ്രവാസ ലോകത്തിനു സംഭാവന ചെയ്‌തിട്ടുണ്ട്‌. അവരില്‍ പലരും ആധുനിക സാങ്കേതികവിദ്യയെ ചലനാത്മകമായി ഉപയോഗപ്പെടുത്തുന്നുവെന്നുള്ളതും വസ്‌തുതയാണ്‌. സൗഹൃദ നെറ്റ്‌ വര്‍ക്കുകളും ഗ്രൂപ്പ്‌ മെയിലുകളും ബ്ലോഗുകളും വിളിച്ചു പറയുന്നത്‌ വിപ്ലവം മരവിക്കാത്ത, പ്രതികരണ ശേഷി നഷ്‌ടമാവാത്ത ഒരു പ്രവാസി കൂട്ടത്തെ കുറിച്ച്‌ തന്നെയാണ്‌. ജന്മനാട്ടിലെ ഓരോ നാഡിമിടിപ്പിലും അവര്‍ സ്വന്തം വിരലടയാളം പതിപ്പിക്കാന്‍ ശ്രദ്ധിക്കാറുണ്ട്‌. അനീതിക്കും അധാര്‍മികതക്കുമെതിരെ ചെറുതെങ്കിലും മുഴങ്ങുന്ന ശബ്‌ദത്തിലവര്‍ പ്രതിരോധമുയര്‍ത്താറുണ്ട്‌. മത രാഷ്‌ട്രീയ സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ കലഹിക്കാറുണ്ട്‌, സര്‍ഗാത്മക പ്രബോധന പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ ജനഹൃദയങ്ങള്‍ക്കു മാര്‍ഗദര്‍ശികളാവാറുമുണ്ട്‌. തിരക്കെന്നും സമയക്കുറവെന്നും പരാതി പറഞ്ഞു കിട്ടുന്ന സമയം ഉറങ്ങിത്തീര്‍ക്കുന്നവര്‍ക്ക്‌ ഇവര്‍ ചൂണ്ടുപലകകളാണ്‌. ഓഫീസുകളില്‍ കിട്ടുന്ന ഒഴിവു വേളകള്‍ ടിന്റുമോന്‍ ജോക്ക്‌ ഫോര്‍വേര്‍ഡ്‌ ചെയ്‌തും ഫേസ്‌ബുക്കിലെ ഫാമുകളില്‍ പശുവിനെ കറന്നും `സമയം കൊല്ലുന്നവര്‍' ഇനിയെങ്കിലും ഉറക്കമുണരേണ്ടതുണ്ട്‌. പ്രഷറും ഷുഗറും കൊളോസ്‌ട്രോളും സമ്പാദ്യമായി പൊതിഞ്ഞുകെട്ടി നാട്ടിലേക്ക്‌ മടങ്ങുമ്പോള്‍ സ്വന്തം മനസ്സാക്ഷിക്കെങ്കിലും ചൂണ്ടിക്കാണിക്കാന്‍ എന്തെങ്കിലും വഴിയടയാളങ്ങള്‍ നാം ബാക്കിവെക്കേണ്ടതുണ്ട്‌. പ്രായത്തിന്റെ സൂചകങ്ങളായി മുടിനാരുകള്‍ വെളുക്കുമ്പോള്‍ ചായം പൂശി ചീകിയൊതുക്കാന്‍ നമുക്ക്‌ കഴിയും. കൊഴിഞ്ഞുതീരുന്ന മുടിയിഴകള്‍ക്കു കനേഡിയന്‍ ടെക്‌നോളജി പരിഹാരമാവും.പക്ഷേ, പറിച്ചെറിയുന്ന കലണ്ടര്‍ താളുകള്‍ക്ക്‌ ചവറ്റുകുട്ടതന്നെയാവും എപ്പോഴും അഭയം.
ഗള്‍ഫ്‌ പ്രവാസത്തിന്റെ തീവ്രാനുഭവങ്ങള്‍ കാലത്തിനു ഒരുപിടി സാഹിത്യകാരന്മാരെ സംഭാവന ചെയ്‌തിട്ടുണ്ടെന്നത്‌ നമ്മെ പ്രചോദിതരാക്കേണ്ടതുണ്ട്‌. പ്രാരാബ്‌ധക്കെട്ടുമായുള്ള മത്സരയോട്ടങ്ങള്‍ക്കിടയില്‍ മനഃപൂര്‍വം മറന്നു കളഞ്ഞ സര്‍ഗവാസനകളെ പൊടിതട്ടിയെടുക്കാന്‍ പ്രവാസത്തെക്കാള്‍ അനുയോജ്യമായ കാലമേതുണ്ട്‌? അവിടെയും സമയത്തെ പഴിപറയാതെ സൈ്വര-സ്വകാര്യപൂര്‍വമുള്ള മനനങ്ങളിലൂടെ മൂര്‍ത്തമായ സര്‍ഗസൃഷ്‌ടികള്‍ വിരിയിച്ചെടുക്കാന്‍ കഴിവും പ്രാപ്‌തിയുമുള്ള പലരുമിവിടെയുണ്ട്‌. കൊച്ചു ബാവയടക്കമുള്ള എത്രയോ പേര്‍ എഴുതിത്തെളിഞ്ഞത്‌ ഗള്‍ഫ്‌ പ്രവാസത്തിന്റെ തണലിലാണ്‌. ഏറ്റവുമൊടുവില്‍ ആടുജീവിതത്തിലൂടെബെന്യാമിനും അടയാളപ്പെടുത്തിയത്‌ മലയാള സാഹിത്യത്തിലെ പ്രവാസ എഴുത്തുകാരന്റെ ശക്തമായ സാന്നിധ്യമാണ്‌. എന്നാല്‍, സാംസ്‌കാരിക ഇടപെടലുകള്‍ക്ക്‌ പാകമായ കുറേ പേര്‍ ഇപ്പോഴും സ്വയം മറഞ്ഞിരിക്കുന്നുവെന്നത്‌ പ്രവാസ ജീവിതത്തിന്റെ ആലസ്യമല്ലാതെ മറ്റെന്താണ്‌ കാണിക്കുന്നത്‌?
പ്രവാസം നമ്മെ മൗനികളാക്കിത്തീര്‍ക്കാന്‍ പാടില്ല. ഉരുകിയൊലിക്കുന്ന മെഴുകുതിരിപോലും കത്തിത്തീരും മുമ്പ്‌ നേര്‍ത്തതെങ്കിലും ചില പൊട്ടിത്തെറികള്‍ സൃഷ്‌ടിക്കാറുണ്ട്‌; തന്റെ വെളിച്ചത്തില്‍ ലോകം കാണാമായിരുന്നിട്ടും കണ്ണടച്ച്‌ കളഞ്ഞവര്‍ക്ക്‌ നേരെയുള്ള പ്രതിഷേധമാണത്‌. നമ്മുടെ സമ്പാദ്യത്തണലില്‍ വളര്‍ന്നു വികസിക്കേണ്ട രാജ്യം അഴിമതിക്കാരുടെ പറുദീസയാവുമ്പോള്‍, കോടിക്കണക്കിനു പട്ടിണിപ്പാവങ്ങള്‍ക്ക്‌ കൂടി പങ്കുവെക്കപ്പെടേണ്ട സമ്പത്ത്‌ പ്രമാണിമാരില്‍ കുന്നുകൂട്ടപ്പെടുമ്പോള്‍, നമ്മുടെ കുഞ്ഞുമക്കള്‍ പോലും കാപാലികരുടെ കാമാര്‍ത്തിക്കിരയാവുമ്പോള്‍ രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി, ഇരകളുടെ മനുഷ്യാവകാശത്തിനു വേണ്ടി പ്രതിഷേധ സ്വരം മുഴക്കാന്‍ നമുക്കും കഴിയണം. എത്ര കനത്ത പേമാരിയിലും കൊടുങ്കാറ്റിലും ഉള്ളിലുള്ള വിപ്ലവനാളംകെടാതെ സൂക്ഷിച്ച്‌, പുതിയൊരു ലോക സൃഷ്‌ടിപ്പെന്ന ലക്ഷ്യപൂര്‍ത്തീകരണം സാധ്യമാക്കാന്‍ നമുക്ക്‌ കഴിയണം. ആ ഒരു മുന്നേറ്റത്തിനു വേണ്ടിയുള്ള ബൗദ്ധിക കളരിയായി മാറണം നമ്മുടെ ഈ പ്രവാസ ജീവിതം.
മുദ്രാവാക്യത്തിനും മുഷ്‌ടി ചുരുട്ടലിനുമപ്പുറം അഴുകിയ രാഷ്‌ട്രീയ വ്യവസ്ഥിതിയോടുള്ള പ്രതിഷേധ പ്രകടനത്തിന്‌ നമുക്ക്‌ മുന്നില്‍ തുറന്നു കിടക്കുന്ന വ്യവസ്ഥാപിതമായ മാര്‍ഗമാണ്‌ വോട്ടെടുപ്പ്‌. നമ്മളാഗ്രഹിച്ച രൂപത്തിലല്ലെങ്കിലും രാജ്യത്തിന്റെ തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ പങ്കാളികളാവാന്‍ പ്രവാസി സമൂഹത്തിനു സാധ്യമാവുന്ന തരത്തിലുള്ള മാറ്റമായി `പ്രവാസി വോട്ടവകാശത്തെ' നമുക്ക്‌ വിലയിരുത്താവുന്നതാണ്‌. ഈയൊരു അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തി യുവാക്കളില്‍ വളര്‍ന്നു വരുന്ന അരാഷ്‌ട്രീയതയെ ചെറുക്കാന്‍ നമുക്ക്‌ സാധിക്കേണ്ടതുണ്ട്‌. രാഷ്‌ട്രീയ അധാര്‍മികതകളോടുള്ള അമര്‍ഷ പ്രകടനം അരാഷ്‌ട്രീയവാദത്തെ പുണര്‍ന്നല്ല നാം പ്രകടിപ്പിക്കേണ്ടത്‌. മറിച്ച്‌, ധാര്‍മിക രാഷ്‌ട്രീയത്തിന്റെ ജീവിക്കുന്ന പ്രതീകങ്ങളായി നാമോരുത്തരും രൂപപ്പെടേണ്ടതുണ്ട്‌.


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly