പ്രവാസം ജീവിതത്തിന്റെ കരുതിവെപ്പിന്
എസ്.എ ഫിറോസ് കോതമംഗലം
മനുഷ്യവംശത്തിന്റെ പുറപ്പാടുകളുടെയും മാറിപ്പാര്‍പ്പുകളുടെയും ചരിത്രത്തില്‍ മലയാളികളുടെ ഗള്‍ഫ് പലായനത്തിന് ഒരു അയല്‍പക്ക സന്ദര്‍ശനത്തിന്റെ വ്യത്യസ്‌തതയേ അവകാശപ്പെടാനുള്ളൂ എന്ന് നിരീക്ഷിക്കുന്നവരുണ്ട്. വിഭജനങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, യുദ്ധങ്ങള്‍ ഇവയുടെ അനിവാര്യതകള്‍ സൃഷ്‌ടിച്ച പ്രവാസങ്ങള്‍ ആണ് ലോക സമൂഹങ്ങള്‍ പരിചയിച്ചതും ചരിത്രം രേഖപ്പെടുത്തിയതും എന്നത് ഇതിന് ബലം നല്‍കുന്നുണ്ട്. മാതൃദേശ ബിംബം മനസ്സിലേറ്റുന്നവന്‍ എന്ന പ്രവാസിയുടെ ലളിതനിര്‍വചനം, ഗുരുതരമായ പ്രതിസന്ധി മറികടക്കാന്‍ ഒരുനാട് ഇരതേടി മറുകരക്ക് കയറ്റുമതി ചെയ്‌ത യൗവനത്തിന് പ്രവാസിപ്പട്ടം തലയില്‍ ചാര്‍ത്തുന്നു. പ്രവാസം എന്ന ശിക്ഷ ഒരു ജനതയുടെ രക്ഷയാകുമ്പോള്‍ ഇത് പ്രവാസമല്ലെന്ന തുറന്നെഴുത്ത് ചുരുങ്ങിയപക്ഷം അസഭ്യം തന്നെയെന്ന് കവിതയെഴുതിയവരുമുണ്ട്.
ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ അഞ്ച് സംസ്ഥാനങ്ങളിലൊന്നായിരുന്ന കേരളത്തെ വികസിത രാജ്യങ്ങളോട് കിടപിടിക്കാവുന്ന സാമൂഹിക വികസന സൂചികകളുള്ള അത്ഭുത പ്രദേശമാക്കി മാറ്റിയതിന് പിന്നില്‍ ആ നിശ്ശബ്‌ദ പ്രവാസയൗവനം ആയിരുന്നു. വിശപ്പും തൊഴിലില്ലായ്‌മയും അരക്ഷിതബോധവും മലയാളി യൗവനത്തെ വലിച്ചിഴച്ചുകൊണ്ടുപോയ മരുഭൂമികള്‍ കേരളത്തിന് സമൃദ്ധിയുടെ വസന്തങ്ങള്‍ സമ്മാനിച്ചു. എഴുപതുകളിലെ ക്ഷുഭിതയൗവനം മാറ്റിയെഴുതിയ രാഷ്‌ട്രീയ അവസ്ഥകളേക്കാള്‍ ഗംഭീരമായിരുന്നു ഗള്‍ഫ് പ്രവാസയൗവനം ശബ്‌ദങ്ങളില്ലാതെ വരച്ച കേരളത്തിന്റെ സാമൂഹികാവസ്ഥ. ആ യൗവനം ചവിട്ടിയ മണ്ണിനടിയിലെ കറുത്ത സ്വര്‍ണം ലോകചരിത്രം തിരുത്തിയെഴുതിയപ്പോള്‍ പിടക്കുന്ന ഹൃദയവുമായി അവര്‍ ഒരുജനതയുടെ സ്വപ്‌നങ്ങള്‍ക്ക് നിറംപകരുകയായിരുന്നു. അതിജീവനം കൊതിച്ച മനുഷ്യരുടെ ഇഛാശക്തി `കേരള മോഡല്‍' ലോകത്തിനു മുന്നില്‍ സമര്‍പ്പിച്ചു. കേരളത്തിലേക്കൊഴുകിയെത്തിയ ഗള്‍ഫ് പണത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നതില്‍ ഭരണകൂടങ്ങളും പ്രവാസി കുടുംബങ്ങളും പരാജയപ്പെട്ടപ്പോള്‍ കേരളം അതിവേഗം ഒരു ഉപഭോഗ സംസ്ഥാനമായി മാറി. മലയാള മണ്ണില്‍ നെഞ്ചുവിരിച്ചുനിന്ന മണിമാളികകളില്‍ ഗള്‍ഫ് പണം ഉറങ്ങുകയും മരിക്കുകയും ചെയ്‌തു. കേരളം ഉല്‍പാദനമേഖലകളെ അവഗണിക്കുമ്പോഴും അമ്പതുകളിലെ കുടിയാന്മാര്‍ ഇന്നത്തെ ഭൂമികച്ചടവക്കാരായതിന്റെ പിന്നില്‍ ഗള്‍ഫ് പണത്തിന്റെ സ്വാധീനം മുഴച്ചുനില്‍ക്കുന്നു.
ഗള്‍ഫുകാരന്‍ മലയാള സിനിമയില്‍ കോമാളിയായി വന്നപ്പോഴും അവന്‍ നിര്‍മിച്ചെടുത്ത സമ്പ്രദായങ്ങളുടെയും ഗള്‍ഫുകാരന്റെ നടപ്പുശീലങ്ങളുടെയും പിന്‍ബലത്തില്‍ മലയാളിയുടെ ജനനവും വിവാഹവും മരണവും വരെ ആഘോഷമാക്കാന്‍ കേരളം മത്സരിച്ചു. എല്ലാ സാംസ്‌കാരികാചാരങ്ങള്‍ക്ക് മുകളിലും പ്രതിഷ്‌ഠിച്ച ഉപഭോഗസംസ്‌കാരത്തിന്റെ ത്രസിപ്പിക്കുന്ന ആവിഷ്‌കാരങ്ങള്‍ പ്രബലമാക്കിയ മുതലാളിത്ത മേല്‍ക്കോയ്‌മയില്‍ നിന്ന് രക്ഷപ്പെടാന്‍ ആദര്‍ശ പ്രസ്ഥാനങ്ങള്‍ക്ക് പോലുമായില്ല. അറുപതുകളിലെ മലയാള സിനിമിയില്‍ പ്രതിഫലിച്ച കേരളക്കരയിലെ ദുഷ്‌കരമായ സവര്‍ണാധിപത്യ ജീവിതസാഹചര്യങ്ങളില്‍ ഗള്‍ഫ്‌പണം ഭൂമിയില്‍ അധികാരം സ്ഥാപിച്ച് ചെറുത്തുനിന്നതൊരാശ്വാസം. ഭൂമി വിലക്കു ചോദിച്ച് ഉമ്മറത്ത് വരുന്ന ഗള്‍ഫ് പുതുപണക്കാരനെ തന്തക്ക് വിളിച്ച് മലയാള സിനിമയിലെ മാടമ്പിത്തരം അധിക്ഷേപിച്ചപ്പോള്‍ ഭൂപരിഷ്‌കരണത്തിനൊപ്പം ഗള്‍ഫ്‌പണത്തിനും സ്ഥാനം ലഭിച്ചു.
നാട്ടിലേക്കയച്ചതിന് ശേഷമുള്ളതെല്ലാം `അടിച്ചുപൊളിക്കുന്ന' വ്യത്യസ്‌ത ദേശക്കാര്‍ക്കും ഉള്ളതുകൂടി വിറ്റു കുടിക്കുന്ന നാടന്‍ മലയാളിക്കുമിടയില്‍ അത്യാവശ്യ ചെലവ് കഴിഞ്ഞ് മിച്ചമുള്ളതെല്ലാം നാട്ടിലേക്കയക്കുന്ന പ്രവാസി മലയാളിയുടെ മാനസികാവസ്ഥ കേരളത്തില്‍ സജീവ ചര്‍ച്ചയാകേണ്ടതാണ്. പിറന്ന നാട്ടിലെ സാമൂഹിക സ്ഥാപനങ്ങള്‍ക്കും ദുരിതാശ്വാസങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും അഗതി-അനാഥ മന്ദിരങ്ങള്‍ക്കും സമ്പത്തിന്റെ ഒരു ഭാഗം ചെലവഴിക്കുന്ന പ്രവാസിയുടെ സാമൂഹികബോധത്തെ, ഒരു തീവണ്ടിച്ചങ്ങല വലിക്കാന്‍ തിരക്കനുവദിക്കാത്ത ജനത ഓര്‍ക്കേണ്ടതുണ്ട്. ഗള്‍ഫ് പ്രവാസത്തെ അതിഭാവുകത്വങ്ങളില്ലാതെ വേണ്ടവിധം സിനിമയും സാഹിത്യവും ചര്‍ച്ച ചെയ്യാത്തതാവാം ഇതിനുഒരു കാരണം. ഉള്ളെരിഞ്ഞ് നാട്ടിലെത്തുമ്പോള്‍ മാത്രം പൂക്കുന്ന ഈ ചെടികളെ സൂക്ഷ്‌മമായും ഗൗരവത്തോടെയും അപഗ്രഥിക്കാന്‍ പ്രവാസലോകത്തുനിന്ന് തന്നെ പ്രതിഭകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.
മണലാരണ്യത്തിലേക്കുള്ള കേരളത്തിന്റെ ഒഴുക്ക് ശക്തിപ്രാപിച്ചിട്ടേയുള്ളൂ. പക്ഷേ, ഇപ്പോള്‍ ഈ ഒഴുക്കിന്റെ പിന്നില്‍ കേരളത്തിന്റെ ദാരിദ്ര്യം എന്നു പറയാനാവില്ല. `നാഴിയിടങ്ങഴി മണ്ണിനും നാരായണക്കിളിക്കൂടു പോലുള്ള കൂരക്കും' വേണ്ടിയുള്ള അവിദഗ്‌ധ തൊഴിലാളികളുടെയും, മെച്ചപ്പെട്ട ജീവിതം തേടിയുള്ള അഭ്യസ്‌തവിദ്യരുടെയും പ്രഫഷണലുകളുടെയും സുരക്ഷിത കേന്ദ്രങ്ങളിലൊന്നായി ഈ മരുഭൂമി വികസിച്ചു. കാത്തിരിക്കേണ്ടവളല്ല, കൂടെ പാര്‍ക്കേണ്ടവളാണ് ഇണ എന്ന നിലപാട് വലിയൊരു പക്ഷത്തെ സ്വാധീനിച്ചു. അന്താരാഷ്‌ട്ര സമൂഹങ്ങള്‍ക്കിടയിലെ മിഡില്‍ ക്ലാസ് ആയി മലയാളികള്‍ പൊതുവെയും യുവാക്കള്‍ വിശേഷിച്ചും മാറിക്കൊണ്ടിരിക്കുന്നു.
പക്ഷേ, വിദ്യാസമ്പന്നരായ ഈ യുവത്വത്തിന്റെ സിംഹഭാഗവും ദാരുണമായി അരാഷ്‌ട്രീയവത്‌കരിക്കപ്പെട്ട അവികസിത ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പതിപ്പുകള്‍ മാത്രമാണെന്നത് സ്വാഭാവികമാണ്. പത്രത്താളുകളിലെ നിരാലംബന്റെ സഹായാഭ്യര്‍ഥന കണ്ടമാത്രയില്‍ കുടില്‍ കെട്ടിക്കൊടുക്കാന്‍ കൈയയച്ച് സഹായിക്കുന്ന പ്രവാസി യുവാവിന് മൂലമ്പള്ളിയിലെ കുടിയിറക്കപ്പെടുന്നവന്റെ കണ്ണീരോ ചെങ്ങറയിലെ ഭൂമിയുടെ അവകാശികളുടെ പ്രതിഷേധമോ മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നത് വിചിത്രമാണ്. ചൂഷകന്റെ കൈക്ക് പിടിക്കാത്ത ഏത് കണ്ണീരൊപ്പലും അരാഷ്‌ട്രീയ സേവന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്.
ഇസ്‌ലാമിക് യൂത്ത് അസോസിയേഷന്‍ ഖത്തര്‍ `പ്രവാസം ജീവിതത്തിന്റെ കരുതിവെപ്പിന്' എന്ന പ്രമേയം ഒരു ദൈ്വമാസ കാമ്പയനിലൂടെ പ്രവാസി യൗവനത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നത് ആദര്‍ശ പ്രസ്ഥാനത്തിന്റെ അവസരോചിതമായ സര്‍ഗാത്മക പ്രതികരണം എന്ന നിലക്കാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം, സിനിമ, രാഷ്‌ട്രീയ പാര്‍ട്ടികള്‍, പ്രവാസത്തിന്റെ ഒറ്റപ്പെടല്‍ ഇവ പരസ്‌പരം സഹകരിച്ചും പിന്തുണച്ചും രൂപപ്പെടുത്തിയ അരാഷ്‌ട്രീയ ബോധത്തെ വിശാലമായ പ്രവാസ സംഘാടനം കൊണ്ട് ചികിത്സിക്കാന്‍ സാധിക്കുമെന്ന് ഐ.വൈ.എ പ്രതീക്ഷ വെക്കുന്നു.
എത്ര നീളുമെന്ന് ഉറപ്പില്ലാത്ത വര്‍ത്തമാനമാണ് പ്രവാസം എന്ന് വരുമ്പോള്‍, അതിന് ജീവിതത്തോളം അര്‍ഥവ്യാപ്‌തി വരുന്നുണ്ടെന്ന ബോധം പകര്‍ന്നു നല്‍കേണ്ടത് ആദര്‍ശയൗവനത്തിന്റെ പ്രഥമ ഉത്തരവാദിത്വങ്ങളിലൊന്നാണ്. മലയാളികള്‍ അത്ഭുതം കൂറേണ്ട പ്രവാസത്തിന്റെ സേവന മനസ്സിന് അര്‍ഹമായ ചിന്തയും വെളിച്ചവും നല്‍കി സാമൂഹിക പ്രതിബദ്ധതയിലേക്ക് വഴിതെളിക്കുമ്പോള്‍ ഒരു ജനത തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്.
ഒരു കമ്പോളവത്‌കൃത സമൂഹത്തില്‍ മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഈ ആദര്‍ശ യൗവനത്തിനല്ലാതെ മറ്റാര്‍ക്കാണ് സാധ്യമാവുക. സ്‌ത്രീധനം ഒഴികെ മറ്റൊരു `പ്രത്യുല്‍പാദന' മേഖലയിലും ഗള്‍ഫ്‌പണം ചെലവഴിക്കപ്പെടുന്നില്ല എന്ന തമാശ ഇനി ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയേ തീരൂ. പ്രവാസ യൗവനത്തെ ആസൂത്രണം പഠിപ്പിക്കുന്നതിലൂടെ കേരള വികസനത്തിന്റെ കടിഞ്ഞാണ്‍ പ്രവാസി ഏറ്റെടുക്കും എന്നു പ്രതീക്ഷിക്കാം. റെന്റ് എ കാറുകളിലും മണിമാളികകളിലും ഹൗസിംഗ് ബോട്ടുകളിലും സ്വപ്‌നങ്ങള്‍ ഒതുക്കുന്ന ഗള്‍ഫ് മലയാളിയുടെ തലച്ചോറിനെ കേരളീയ വികസനത്തിന്റെ മുന്നില്‍ നടത്തണമെന്നാണ് നാം ആഗ്രഹിക്കുന്നത്.
അന്താരാഷ്‌ട്ര സമൂഹങ്ങള്‍ക്കിടയില്‍ നിന്ന് പ്രവാസി ആര്‍ജിച്ചെടുത്ത ജീവിതാനുഭവങ്ങള്‍ അവര്‍ കുടുംബങ്ങളിലേക്ക് പകര്‍ന്നുനല്‍കുന്നതിലൂടെ കേരളത്തെ തന്നെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോള്‍ സംവിധാനമായി പ്രവാസി യൗവനം മാറുമെന്ന് ഐ.വൈ.എ കരുതുന്നു. അതിന് ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെടുന്ന യുവാവിനെ കൂടെ നിര്‍ത്താന്‍ സാധിക്കേണ്ടതുണ്ട്. ഒരുനാള്‍ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ സമൂഹത്തില്‍നിന്ന് തിരസ്‌കൃതനാവാതെ സൂക്ഷിക്കേണ്ടത് സ്വന്തം ബാധ്യതയാണെന്ന ആഹ്വാനം കാമ്പയനിലൂടെ ഐ.വൈ.എ ഉയര്‍ത്തുന്നു. നിര്‍വചനങ്ങള്‍ക്ക് വഴങ്ങാത്ത അതിസങ്കീര്‍ണമായ ഈ പ്രവാസം ജീവിതത്തിന്റെ കരുതിവെപ്പ് മാത്രമാണെന്ന് ഇവിടെ നാം ഉറക്കെ പ്രഖ്യാപിക്കുക.