Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


അടിവേര്‌ മാന്തുന്ന അസൂയ
ഡോ. മുഹമ്മദ്‌ അലി അല്‍ഹാശിമി

ഇസ്‌ലാം ഏറെ വെറുക്കുന്ന ദുഃസ്വഭാവങ്ങളിലൊന്നാണ്‌ അസൂയ. യഥാര്‍ഥ മുസ്‌ലിം അസൂയ കാണിക്കുകയില്ല. വിശ്വാസവും അസൂയയും വിശ്വാസിയുടെ ഹൃദയത്തില്‍ ഒരുമിക്കില്ലെന്ന്‌ പ്രവാചകന്‍. ``ഒരടിമയുടെ മനസ്സില്‍ വിശ്വാസവും അസൂയയും ഒരുമിച്ച്‌ കൂടുകയില്ല'' (ഇബ്‌നു ഹിബാന്‍). ളമുറത്‌ ബ്‌നു സഅ്‌ലബ(റ)യില്‍ നിന്ന്‌ ഉദ്ധരിക്കുന്ന ഒരു ഹദീസിലിങ്ങനെ കാണാം. നബി(സ) പറഞ്ഞു: ``ജനങ്ങള്‍ പരസ്‌പരം അസൂയ കാണിക്കാത്ത കാലത്തോളം അവര്‍ നല്ല അവസ്‌ഥയിലായിരിക്കും'' (ത്വബ്‌റാനി).
അസൂയപോലുള്ള സ്വഭാവദൂഷ്യങ്ങളില്‍ നിന്നകന്നാല്‍ മാത്രമേ മനസ്സിനെ സംസ്‌കരിക്കാനും അതുവഴി സ്വര്‍ഗത്തിലെത്താനും സാധിക്കൂ. അനസ്‌ (റ) ഉദ്ധരിക്കുന്ന ഒരു ഹദീസ്‌ ഇങ്ങനെ: ഞങ്ങള്‍ പ്രവാചകന്റെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ``ഇപ്പോള്‍ സ്വര്‍ഗാവകാശികളില്‍പ്പെട്ട ഒരാള്‍ നിങ്ങളിലേക്ക്‌ വരും.'' ആ സമയത്ത്‌ വുദൂവെടുത്ത്‌ താടി നനഞ്ഞ, ഇടതു കൈയില്‍ ചെരിപ്പ്‌ പിടിച്ച അന്‍സ്വാരികളില്‍പ്പെട്ട ഒരാള്‍ അവിടെ പ്രത്യക്ഷപ്പെട്ടു. പിറ്റേ ദിവസവും പ്രവാചകന്‍ അതുപോലെ പറയുകയും തലേ ദിവസത്തെ പോലെ ആ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്‌തു. മൂന്നാമത്തെ ദിവസവും പ്രവാചകന്‍ അതാവര്‍ത്തിച്ചു. നബി (സ) അവിടെനിന്ന്‌ എഴുന്നേറ്റപ്പോള്‍, ആ മനുഷ്യനെ അബ്‌ദുല്ലാഹിബ്‌നു അംറ്‌ ബ്‌നു ആസ്വ്‌ പിന്തുടര്‍ന്നു. എന്നിട്ടയാളോട്‌ പറഞ്ഞു: ``എന്റെ പിതാവും ഞാനുമായി ഒരു വാക്‌തര്‍ക്കമുണ്ടായി. ഇനി മൂന്ന്‌ ദിവസം കഴിഞ്ഞേ ഞാന്‍ അദ്ദേഹത്തിനടുത്ത്‌ പോകൂ എന്ന്‌ ശപഥം ചെയ്‌തിരിക്കയാണ്‌. അത്രയും സമയം ഞാന്‍ താങ്കളുടെ കൂടെ കഴിയട്ടെ?'' അയാള്‍ പറഞ്ഞു: ``ശരി.''
പിന്നീടുള്ള സംഭവം അനസ്‌(റ) വിവരിക്കുന്നു: ആ മനുഷ്യനോടൊപ്പം മൂന്ന്‌ രാത്രി ഞാന്‍ കഴിഞ്ഞു കൂടിയെങ്കിലും രാത്രിയിലൊന്നും അദ്ദേഹം നിന്ന്‌ നമസ്‌കരിക്കുന്നതായി കണ്ടില്ല, ഉറക്കത്തില്‍ വിരിപ്പില്‍ തിരിഞ്ഞു മറിയുമ്പോള്‍ അല്ലാഹുവിനെ സ്‌മരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രഭാതമാകുമ്പോള്‍ സുബ്‌ഹി നമസ്‌കാരത്തിനായി എഴുന്നേല്‍ക്കുകയും ചെയ്‌തിരുന്നു. നല്ലത്‌ മാത്രം പറയുന്ന ഒരാളായിട്ടാണ്‌ എനിക്ക്‌ തോന്നിയത്‌. മൂന്ന്‌ ദിവസം കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ കര്‍മങ്ങള്‍ വളരെ നിസ്സാരമാണല്ലോ എന്നാണെനിക്ക്‌ തോന്നിയത്‌. ഞാന്‍ അദ്ദേഹത്തോട്‌ പറഞ്ഞു: ``അല്ലയോ സഹോദരാ, എനിക്കും എന്റെ പിതാവിനുമിടയില്‍ പ്രശ്‌നമോ പിണക്കമോ ഒന്നുമില്ല. താങ്കളെ റസൂല്‍(റ) `സ്വര്‍ഗാവകാശികളില്‍ ഒരാള്‍' എന്ന്‌ വിശേഷിപ്പിക്കുന്നത്‌ കേട്ടപ്പോള്‍, താങ്കളുടെ കര്‍മങ്ങള്‍ എന്തൊക്കെ എന്ന്‌ മനസ്സിലാക്കി അവ പിന്തുടരുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ നിങ്ങളോടൊപ്പം വന്ന്‌ താമസിച്ചത്‌. എന്നാല്‍ താങ്കള്‍ കൂടുതല്‍ സല്‍കര്‍മങ്ങളൊന്നും ചെയ്‌തതായി ഞാന്‍ കണ്ടില്ല. താങ്കളെക്കുറിച്ച്‌ പ്രവാചകന്‍ ഇങ്ങനെ പറയാന്‍ കാരണമെന്താണ്‌?'' അയാള്‍ പറഞ്ഞു: ``താങ്കള്‍ എന്നില്‍ കണ്ട കാര്യങ്ങളല്ലാതെ മറ്റൊന്നുമില്ല. പക്ഷേ, ഞാന്‍ ഒരാളെയും വഞ്ചിക്കുകയോ അല്ലാഹു ഒരാള്‍ക്ക്‌ നല്‍കിയതിന്റെ പേരില്‍ അയാളോട്‌ അസൂയ കാണിക്കുകയോ ചെയ്‌തിട്ടില്ല''. ഇതു കേട്ട അബ്‌ദുല്ലാഹിബ്‌നു അംറ്‌ ബ്‌നു ആസ്വ്‌ പറഞ്ഞു: ``ഇതാണോ താങ്കളെ ആ സ്ഥാനത്ത്‌ എത്തിച്ചത്‌, അതാകട്ടെ ഞങ്ങള്‍ക്ക്‌്‌ പ്രയാസകരവുമാണ്‌.''
ജനങ്ങളുമായി ഇടപഴകുമ്പോള്‍ അസൂയ, ചതി, പക, ശത്രുത എന്നിവയില്‍ നിന്നെല്ലാം മനസ്സിനെ സംശുദ്ധമാക്കിയവര്‍ക്ക്‌ ലഭിക്കുന്ന പ്രതിഫലമാണ്‌ ഈ ഹദീസില്‍ വിവരിച്ചത്‌. അത്തരം ആളുകള്‍ക്ക്‌്‌ അല്ലാഹുവിങ്കല്‍ ഉയര്‍ന്ന പദവി ലഭിക്കും. അവരുടെ കര്‍മങ്ങള്‍ എത്ര കുറവാണെങ്കിലും അവ അല്ലാഹു സ്വീകരിക്കും. രാത്രി നിന്ന്‌ നമസ്‌കരിക്കുകയും പകല്‍ നോമ്പനുഷ്‌ഠിക്കുകയും, എന്നാല്‍ അയല്‍വാസിയെ ദ്രോഹിക്കുകയും ചെയ്യുന്ന ഒരു സ്‌ത്രീയെക്കുറിച്ച്‌ പ്രവാചകനോട്‌ ഒരാള്‍ ചോദിക്കുകയുണ്ടായി. മറുപടി ഇങ്ങനെയായിരുന്നു: ``അവള്‍ക്ക്‌ യാതൊരു പ്രതിഫലവുമില്ല. അവള്‍ നരകാവകാശികളില്‍പ്പെട്ടവളാണ്‌'' (ബുഖാരി). പരലോക വിചാരണവേളയില്‍ നന്മകള്‍ തൂക്കുമ്പോള്‍ അനുഷ്‌ഠാനങ്ങള്‍ കുറവാണെങ്കിലും, നല്ല സ്വഭാവങ്ങള്‍ വിശ്വാസിയുടെ നന്മയുടെ ഭാരം വര്‍ധിപ്പിക്കും. അങ്ങനെയുള്ളവരെ നമുക്ക്‌ ഇസ്‌ലാമിക സമൂഹമാകുന്ന കെട്ടിടത്തിലെ ഉറപ്പുള്ള മേത്തരം ഇഷ്‌ടികയോട്‌ ഉപമിക്കാം. അസൂയയും പകയും വെച്ചു പുലര്‍ത്തുന്നവനാകട്ടെ, ആ കെട്ടിടത്തിലെ ജീര്‍ണിച്ച ഇഷ്‌ടിക പോലെയും. ജീര്‍ണിച്ച ഇഷ്‌ടിക ഒരു കെട്ടിടത്തില്‍ ഉള്ളേടത്തോളം കാലം അത്‌ തകര്‍ന്നു വീഴുമെന്ന ഭീഷണി നിലനില്‍ക്കും. വിശ്വാസി സമൂഹത്തെ പ്രവാചകന്‍ വിശേഷിപ്പിച്ചതിങ്ങനെയാണല്ലോ: ``സത്യവിശ്വാസികള്‍ പരസ്‌പരം ഉറച്ച കെട്ടിടം പോലെ ഒന്നിച്ചൊന്നായി നില്‍ക്കുന്നവരാണ്‌.''
വിവ: അബ്‌ദുറഹ്‌മാന്‍ തുറക്കല്‍

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly