ഇസ്‌ലാം അടിത്തറകള്‍
വിവ: എം.എസ്.എ റസാഖ്, മുഹമ്മദ് സാകിര്‍ നദ്‌വി
മതങ്ങളുടെ പരിസമാപ്‌തി കുറിച്ചുകൊണ്ട് അല്ലാഹു അവതരിപ്പിച്ച ദീനാണ് ഇസ്‌ലാം. അതിലൂടെ അവന്‍ തന്റെ അനുഗ്രഹം ലോകത്തിന് പൂര്‍ണമാക്കി നല്‍കിയിരിക്കുന്നു. മനുഷ്യരാശിയുടെ വഴികാട്ടിയായി അതിനെ തൃപ്‌തിപ്പെടുകയും ചെയ്‌തിരിക്കുന്നു. ``ഇന്നു ഞാന്‍ നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്ക് സമ്പൂര്‍ണമാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളില്‍ തികക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി ഇസ്‌ലാമിനെ നിങ്ങളുടെ ദീന്‍ എന്ന നിലയില്‍ സ്വീകരിക്കുകയും ചെയ്‌തിരിക്കുന്നു. ``നാല് അടിത്തറകളിലാണ് ദീനുല്‍ ഇസ്‌ലാം നിലകൊള്ളുന്നത് (അല്‍ മാഇദ 3).''
1. ആദര്‍ശം അഥവാ വിശ്വാസ സംഹിത
2. ആരാധനാ കര്‍മങ്ങള്‍ (ഇബാദത്ത്)
3. സ്വഭാവചര്യകള്‍ അഥവാ പെരുമാറ്റ മര്യാദകള്‍
4. ഇടപാടുകളും വ്യവഹാരങ്ങളും
1. ആദര്‍ശത്തെ ഇപ്രകാരം ചുരുക്കി വിവരിക്കാം: അല്ലാഹു ഏകനാകുന്നു. ഈ പ്രപഞ്ചത്തിന്റെ സ്രഷ്‌ടാവും നിയന്താവും അവനാണ്. അവന്‍ തന്റെ യുക്തിയനുസരിച്ച് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു. തന്റെ ശക്തിയും ഉദ്ദേശ്യവുമനുസരിച്ച് അതിനെ ചലിപ്പിക്കുന്നു. ആരാധനകള്‍ അര്‍പ്പിക്കാനും ആഗ്രഹിക്കപ്പെടാനും അര്‍ഹനായി അവനല്ലാതെ മറ്റാരുമില്ല. സമ്പൂര്‍ണതയുടെ എല്ലാ വിശേഷണങ്ങളും ഒത്തുചേര്‍ന്നവനും സകല ന്യൂനതകളില്‍ നിന്നും മുക്തനുമാണവന്‍. ഈ കാര്യങ്ങളിലുള്ള വിശ്വാസമാണ് ആദര്‍ശം. ``അല്ലാഹുവിനു തുല്യമായി ഒന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്'' (അശ്ശൂറ 11).
അല്ലാഹു ഈ പ്രപഞ്ചം വെറുതെ സൃഷ്‌ടിച്ചതല്ല. യാതൊരു ലക്ഷ്യവുമില്ലാതെ മനുഷ്യനെ അല്ലാഹു വെറുതെ വിട്ടിട്ടില്ല. മറിച്ച് അവന്‍ മനുഷ്യനെ ഭൂമിയില്‍ പ്രതിനിധിയായി നിശ്ചയിച്ചു. അവനെ അവിടെ അധിവസിപ്പിച്ചു. അവന്റെ സന്മാര്‍ഗത്തിന് പ്രവാചകന്മാരെ നിയോഗിച്ചു. അന്ത്യദിനത്തില്‍ അല്ലാഹു അവന്റെ അടിമകള്‍ക്കിടയില്‍ വിധി നടപ്പാക്കുകയും സല്‍ക്കര്‍മം ചെയ്‌തവര്‍ക്കും ദുഷ്‌കര്‍മം ചെയ്‌തവര്‍ക്കും തങ്ങളുടെ കര്‍മങ്ങള്‍ക്കനുസൃതമായി പ്രതിഫലം നല്‍കുകയും ചെയ്യും. ഈ വിശ്വാസവും ആദര്‍ശത്തിന്റെ ഭാഗമാകുന്നു. ``ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം കൃത്യതയുള്ള തുലാസുകള്‍ സ്ഥാപിക്കും. പിന്നെ ആരോടും അല്‍പവും അനീതി കാണിക്കുകയില്ല. കര്‍മം ഒരു കടുകുമണി തൂക്കമായാല്‍ പോലും നാമത് വിലയിരുത്തും. കണക്ക് നോക്കാന്‍ നാം തന്നെ മതി'' (അല്‍ അന്‍ബിയാഅ് 47).
2. ആരാധനാ കര്‍മങ്ങള്‍ (ഇബാദത്തുകള്‍)
അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുന്നതിനും അവനോടുള്ള അനുസരണം ഉറപ്പുവരുത്തുന്നതിനും അവന്റെ സാമീപ്യം നേടുന്നതിനുമായി ഏതൊരു മുസ്‌ലിമും നിര്‍വഹിക്കേണ്ട കര്‍മങ്ങളാണ് ഇബാദത്തുകള്‍. ശുദ്ധീകരണം, നമസ്‌കാരം, ഹജ്ജ്, ജിഹാദ് എന്നിവ ഉദാഹരണം. ദൈവസാമീപ്യം നേടുന്നതിനുള്ള സംവിധാനങ്ങളെ പോലെ വ്യക്തിവിശുദ്ധിയുടെയും സമൂഹ സംസ്‌കരണത്തിന്റെയും മാര്‍ഗങ്ങള്‍ കൂടിയാണ് ഈ കര്‍മങ്ങള്‍.
3. പെരുമാറ്റ മര്യാദകള്‍
ജീവിതത്തില്‍ പകര്‍ത്താന്‍ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന പെരുമാറ്റ മര്യാദകളാണ് സംസ്‌കാരം അഥവാ സ്വഭാവചര്യകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സത്യസന്ധത, ഉത്തരവാദിത്വ നിര്‍വഹണം, ആത്മാര്‍ഥത, കരാര്‍ പാലനം, സമര്‍പ്പണം, ത്യാഗം തുടങ്ങിയവ ഉദാഹരണം. ഈ ശ്രേഷ്‌ഠ സ്വഭാവഗുണങ്ങള്‍ സ്വീകരിക്കുകയും മ്ലേഛമായ സ്വഭാവങ്ങളില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക എന്നത് പരസ്‌പര സ്‌നേഹത്തിലും സഹകരണത്തിലും അധിഷ്‌ഠിതമായ ഉത്തമ സമൂഹത്തിന്റെ സംവിധാനത്തില്‍ വലിയ പങ്ക് വഹിക്കുന്നു. പ്രവാചകന്‍(സ) പറഞ്ഞു: ``ശ്രേഷ്‌ഠഗുണങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് ഞാന്‍ നിയോഗിതനായത്.''
4. ഇടപാടുകളും വ്യവഹാരങ്ങളും
അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ അവതരിപ്പിക്കുകയും പ്രവാചകന്‍(സ) തിരുസുന്നത്തിലൂടെ പഠിപ്പിക്കുകയും ചെയ്‌ത നിയമങ്ങളും വിധിവിലക്കുകളുമാണ് ഇടപാടുകള്‍. ജനങ്ങള്‍ക്കിടയില്‍ സത്യവും നീതിയും സംസ്ഥാപിക്കാന്‍ വേണ്ടിയാണിത് നല്‍കപ്പെട്ടിട്ടുള്ളത്. കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാനിമങ്ങളും (Criminal laws), ക്രയവിക്രയം (Law of contract), പൂര്‍വക്രയാധികാരം (Pre emption), വാടക, പണയം, പണക്കൈമാറ്റം, അനാഥ സംരക്ഷണം, കടമിടപാടുകള്‍ തുടങ്ങിയ സിവില്‍ നിയമങ്ങളും (Civil laws), പലിശ, മദ്യം, ചൂതാട്ടം, പുരുഷന്മാര്‍ സ്വര്‍ണവും പട്ടും ധരിക്കല്‍ തുടങ്ങിയ നിരോധിക്കപ്പെട്ട കാര്യങ്ങളും ഈ വിഭാഗത്തില്‍ പെടുന്നു.
ഈ നാല് അടിസ്ഥാനങ്ങളെയും നമുക്ക് ഈമാന്‍, കര്‍മം എന്നീ രണ്ട് ശീര്‍ഷകങ്ങളിലായി സംക്ഷേപിക്കാം. ആദര്‍ശം ഈമാനിലും ആരാധനകള്‍, പെരുമാറ്റ മര്യാദകള്‍, വ്യവഹാരങ്ങള്‍ എന്നിവ കര്‍മത്തിലും ഉള്‍പ്പെടുന്നു.
ആദര്‍ശത്തിന്റെ സ്ഥാനം
ആദര്‍ശത്തിന്റെ അടിത്തറയിലാണ് മറ്റെല്ലാം നിലകൊള്ളുന്നത്. ആദര്‍ശത്തിന്റെ അടിത്തറയില്ലാത്ത ഒന്നും സാധുവും സ്വീകാര്യവുമല്ല. അതിനാല്‍ ഈമാനികാടിത്തറയില്‍ നിന്നുത്ഭവിക്കാത്ത ഒരു നിയമത്തിനും സ്വഭാവചര്യക്കും മൂല്യമോ നിലനില്‍പോ ഇല്ല. കെട്ടിടത്തെ സംബന്ധിച്ചേടത്തോളം അതിന്റെ അടിത്തറയുടെ സ്ഥാനമാണ് ആദര്‍ശത്തിനുള്ളത്. ശരീരത്തില്‍ ആത്മാവിനുള്ള സ്ഥാനം പോലെ. ആത്മാവില്ലാത്ത ശരീരത്തിന് ഒരു വിലയുമില്ല. ഈമാന്റെ അടിത്തറയിലല്ലാത്ത ഒരു കര്‍മവും നിലനില്‍ക്കുന്നതല്ല. അല്ലാഹു പറയുന്നു: ``നിഷേധികളുടെ കര്‍മങ്ങള്‍ മരുപ്പറമ്പിലെ മരീചിക പോലെയാണ്. ദാഹാര്‍ത്തന്‍ അത് വെള്ളമാണെന്ന് കരുതി അതിന്റെ അടുത്തു ചെന്നാല്‍ അവിടെയൊന്നും തന്നെ കാണുകയില്ല'' (അന്നൂര്‍ 39). ``തങ്ങളുടെ നാഥനെ നിഷേധിച്ചവരുടെ ഉദാഹരണം: അവരുടെ പ്രവര്‍ത്തനങ്ങള്‍, കൊടുങ്കാറ്റുള്ള നാളില്‍ കാറ്റടിച്ചു പാറിപ്പോയ വെണ്ണീറു പോലെയാണ്. അവരുടെ കര്‍മങ്ങള്‍ അവര്‍ക്ക് ഒട്ടും ഉപകാരപ്പെടുകയില്ല. ഇതാകുന്നു അഗാധമായ മാര്‍ഗഭ്രംശം'' (ഇബ്‌റാഹീം 18). വിശ്വാസത്തിന്റെ/ ആദര്‍ശത്തിന്റെ പിന്‍ബലമില്ലാത്ത കര്‍മങ്ങള്‍ക്ക് യാതൊരു വിലയുമില്ല. സല്‍കര്‍മം വിളയിക്കാത്ത കേവല വിശ്വാസത്തിന്റെ സ്വാധീനം വ്യക്തിയുടെ ഹൃദയത്തിലും സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രകടമാവുകയും അയാളുടെ ജീവിതം വിശ്വാസത്തിന്റെ പ്രകടമായ മാതൃകയാവുകയും ചെയ്യും. അതിനാല്‍, ഈമാന്‍ കേവലം അവകാശവാദമോ ഉരുവിടലോ (Utterance) അല്ല. മറിച്ച് നാവുകൊണ്ടുള്ള പ്രഖ്യാപനവും ഹൃദയം കൊണ്ടുള്ള സാക്ഷാത്‌കാരവുമാണ്. വിശ്വാസത്തിന്റെ അടയാളം സല്‍ക്കര്‍മങ്ങള്‍ കൊണ്ട് അതിനെ സാക്ഷാത്‌കരിക്കുക എന്നതാണ്. ഈമാനും കര്‍മവും പരസ്‌പരബന്ധിതമായ കാര്യങ്ങളാണ്. ഒന്നിനെ മറ്റൊന്നില്‍നിന്ന് വേര്‍പെടുത്താനാവില്ല. ഖുര്‍ആന്‍ നിരവധി സൂക്തങ്ങളില്‍ വിശ്വാസത്തെയും കര്‍മത്തെയും സമന്വയിപ്പിച്ച് പരാമര്‍ശിക്കുന്നത് കാണാം. ``സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തവര്‍ക്ക് ആതിഥ്യമരുളാന്‍ ഫിര്‍ദൗസിലെ ഉദ്യാനങ്ങള്‍ ഉണ്ടായിരിക്കും'' (അല്‍കഹ്‌ഫ് 107). ``സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തവര്‍ക്ക് അനുഗൃഹീതമായ ആരാമങ്ങളുണ്ട്'' (ലുഖ്‌മാന്‍ 8). ``സല്‍ക്കര്‍മങ്ങള്‍ അനുഷ്‌ഠിക്കുന്നതാരോ പുരുഷനാവട്ടെ, സ്‌ത്രീയാവട്ടെ സത്യവിശ്വാസിയാണെങ്കില്‍ അങ്ങനെയുള്ളവരാകുന്നു സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവര്‍. അവര്‍ അണു അളവ് പോലും അനീതി ചെയ്യപ്പെടുകയില്ല'' (അന്നിസാഅ് 124).