കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍
ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അറബ് രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ ശീഈ-സാമ്രാജ്യത്വ കൂട്ടുകെട്ടുണ്ടാക്കുന്ന കലാപങ്ങള്‍ മാത്രമാണെന്നാണ് കേരളത്തിലെ മുജാഹിദ് സംഘടനയുടെ അഭിപ്രായം. മുജാഹിദ് വിദ്യാര്‍ഥി സംഘടനയായ എം.എസ്.എം സംഘടിപ്പിച്ച പ്രഫഷണല്‍ വിദ്യാര്‍ഥി സംഗമത്തില്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ജനകീയ സമരങ്ങളെ വിലകുറച്ച് കാണുകയും അത് ഇറാന്റെ നേതൃത്വത്തില്‍ ശീഈകളും അമേരിക്കന്‍ സാമ്രാജ്യത്വ ശക്തിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമാണെന്ന് വിലയിരുത്തുകയും ചെയ്‌തിരിക്കുന്നു! സമ്മേളനത്തില്‍ പ്രസംഗിച്ച നേതാക്കന്മാരെല്ലാം ഏകസ്വരത്തില്‍ ഇത് ഊന്നിപ്പറഞ്ഞുവെന്നാണ് വാര്‍ത്ത.
പടര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ ഏകാധിപത്യ മര്‍ദക ഭരണകൂടങ്ങള്‍ക്കെതിരെയാണെന്നും, അഴിമതിയും ഭരണകര്‍ത്താക്കളുടെ ധൂര്‍ത്തും അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് തൊഴിലവസരവും സാമ്പത്തിക സുസ്ഥിതിയും ഉണ്ടാക്കുന്നതിന് വേണ്ടി പൗരന്മാര്‍ തന്നെ നടത്തുന്ന സമരങ്ങളാണതെന്നും ഏതൊരാള്‍ക്കും മനസ്സിലാവുന്ന സത്യമാണ്.
ജനകീയ സമരങ്ങളെ വെറും വിഭാഗീയ സമരങ്ങളാക്കി തരം താഴ്‌ത്തുകയാണിവിടെ. താല്‍ക്കാലികമായ കാര്യ ലാഭങ്ങള്‍ക്ക് വേണ്ടി ഇസ്‌ലാമിലെ രാഷ്‌ട്രീയ വ്യവസ്ഥയെ തന്നെ നിഷേധിക്കുകയും ഇസ്‌ലാമികമായ പരിവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കുകയും ചെയ്യുന്നതിലെ വൈരുധ്യം തുറന്നു കാട്ടപ്പെടണം.
ഇവര്‍ പറയുന്ന ഇറാന്‍-അമേരിക്കന്‍ കൂട്ടുകെട്ട് എത്ര നിരര്‍ഥകമാണെന്ന് പ്രസ്‌തുത രണ്ട് രാജ്യങ്ങളുടെയും ചരിത്രവും വര്‍ത്തമാനവും അറിയുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. ഇത്തരം വാദഗതികളിലൂടെ ആരെയാണ് ഇവര്‍ വിഡ്‌ഢികളാക്കാന്‍ ശ്രമിക്കുന്നത്?
ഇപ്പോള്‍ ജനാധിപത്യ സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഏകാധിപത്യ രാജ്യങ്ങളിലെ ഭരണാധികാരികളെ എന്നും താങ്ങിനിര്‍ത്തിയ ചരിത്രമാണ് അമേരിക്കക്കുള്ളത്. പല അറബ് ഭരണകൂടങ്ങളും നിലനില്‍ക്കുന്നത് തന്നെ അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണകൊണ്ട് മാത്രമാണ്. അപ്പോള്‍ അത്തരം ഭരണകര്‍ത്താക്കളെ താഴെയിറക്കാന്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് എന്തിനാണ് അമേരിക്ക കൂട്ട് നില്‍ക്കുന്നത്!
പി.പി ഇഖ്‌ബാല്‍ ദോഹ
നേരില്‍ കാണുംപോലെ
ജനകീയ വിപ്ലവങ്ങള്‍ ഇടിമുഴക്കങ്ങള്‍ സൃഷ്‌ടിക്കുന്ന നയനാനന്ദകരമായ കാഴ്‌ചകളിലൂടെയാണ് പിന്നിട്ട രണ്ടാഴ്‌ചകള്‍ കടന്നുപോയത്. മാറ്റത്തിന്റെ കാറ്റ് ആഞ്ഞ് വീശുമ്പോള്‍തന്നെ തുര്‍ക്കിയിലെ നജ്‌മുദ്ദീന്‍ അര്‍ബകാന്റെ മരണവും മനസ്സിനെ വേദനിപ്പിച്ചു. പ്രബോധനത്തിന്റെ ഓരോ ലക്കത്തിനും വേണ്ടി കാത്തിരിക്കുന്ന ദിനങ്ങളാണ് ഇത്. സയ്യിദ് ഖുത്വ്‌ബിന്റെയും ഹസനുല്‍ ബന്നായുടെയും ധീരരക്തസാക്ഷിത്വത്തിന് വൈകിയെങ്കിലും ഫലം ലഭിച്ചല്ലോ. ഖറദാവിയുടെ, ഈജിപ്‌ഷ്യന്‍ ജനതയോടുള്ള പ്രസംഗം എത്ര വികാര നിര്‍ഭരമായിരുന്നു! ഇതെല്ലാം നേരില്‍ കാണുംപോലെ വരച്ചുതന്ന പ്രബോധനത്തിന് നന്ദി.
ബിശ്‌റുദ്ദീന്‍ ശര്‍ഖിയുടെ ഗസ്സ യാത്രാനുഭവങ്ങള്‍ ഇടക്ക് മുടങ്ങിയത് പ്രയാസമായി. അമ്പലപ്പുഴയില്‍ നിന്നും സഹോദരി സിതാര എഴുതിയതുപോലെ, ഞങ്ങള്‍ ശാസ്‌ത്രവിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമാവും വിധം ഒരു ശാസ്‌ത്ര പംക്തി, ഖുര്‍ആന്റെ വെളിച്ചത്തില്‍ സ്ഥിരമായി പ്രസിദ്ധീകരിച്ചാല്‍ നന്നായേനെ.
തസ്‌നീം ഷൗക്കത്തലി
എരുമേലി, കോട്ടയം ജില്ല
മദ്യത്തിനെതിരെ വോട്ട് ചോദിക്കാന്‍ ആരുണ്ട്?
തെരഞ്ഞെടുപ്പ് ഒരു വിളിപ്പാട് അകലെ എന്ന കണക്കെ പെട്ടെന്നുള്ള പ്രഖ്യാപനം രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് നെഞ്ചിടിപ്പും ഒരുതരം വയറിളക്കവും വെപ്രാളവുമായിരിക്കുകയാണ്. ഗ്രൂപ്പിസവും സീറ്റ് ചോദിക്കലും തര്‍ക്കവും വടംവലിയും അങ്ങോട്ടുമിങ്ങോട്ടും മലക്കം മറിയലുമായി ഇടിമുഴക്കം സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ് എ മുതല്‍ ഇസഡ് വരെയുള്ള പാര്‍ട്ടികള്‍. നിരവധി വമ്പന്മാരും കൊമ്പന്മാരും ഈ തെരഞ്ഞെടുപ്പില്‍ മറിഞ്ഞുവീഴാന്‍ സാധ്യത ഏറെ. അഴിമതിയും ആര്‍ഭാടവും അധാര്‍മികതയും രാഷ്‌ട്രീയ പാര്‍ട്ടികളുടെ കുലത്തൊഴിലാണെന്ന കാര്യം പരസ്യമായിരിക്കുകയാണല്ലോ.
മദ്യകച്ചവടം മുതല്‍ പെണ്‍വാണിഭം വരെ നിറഞ്ഞുനില്‍ക്കുന്ന കേരളത്തില്‍ ജനങ്ങളെ വഴിതെറ്റിക്കുന്ന മദ്യകച്ചവടത്തില്‍ നിന്നും പിന്തിരിയാന്‍ സര്‍ക്കാറിനോ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കോ കഴിഞ്ഞിട്ടുണ്ടോ? രാഷ്‌ട്രീയ പാര്‍ട്ടികള്‍ നടത്തിയ മോചന, രക്ഷാ, വികസന യാത്രക്കിടയില്‍ എവിടെയെങ്കിലും മദ്യക്കച്ചവടമെങ്കിലും നിര്‍ത്തല്‍ ചെയ്യാമെന്ന് പ്രഖ്യാപിക്കാന്‍ ഒരാള്‍ക്കും കഴിഞ്ഞിട്ടില്ല. മദ്യം, പെണ്‍വാണിഭം തുടങ്ങിയ വിപത്തുകള്‍ക്കെതിരെ ഒരു വോട്ട് എന്ന് പ്രഖ്യാപിക്കാന്‍ ഈ കേരളത്തില്‍ ആര്‍ക്കുണ്ട് ധൈര്യം?
നേമം താജുദ്ദീന്‍ തിരുവനന്തപുരം
സംഘ്‌പരിവാറും മുജാഹിദുകളും മുസ്‌ലിം സമൂഹത്തോട് മാപ്പു പറയണം
2011 പുലര്‍ന്നത് പലതുകൊണ്ടും ശുഭസൂചകമായിട്ടായിരുന്നു. ഒട്ടേറെ വെളിപ്പെടുത്തലുകള്‍ നടന്ന കാലമായിരുന്നു ഇത്. 2ജി സ്‌പെക്‌ട്രം മുതല്‍ ഐ.എസ്.ആര്‍.ഒ അഴിമതിവരെ പുറത്തുവന്നു. സ്‌ഫോടന ഭീകരതയിലെ സംഘ്‌പരിവാര്‍ സംഭാവനകള്‍ക്കും ആവോളം തെളിവുകള്‍ പുറത്ത് വന്നത് കണ്ട് ജനം ഞെട്ടി. 2001 സെപ്‌റ്റംബര്‍ 11-നു ശേഷം ആഗോള മുസ്‌ലിം ഭൂപടത്തില്‍ വന്ന വ്യതിയാനമായിരുന്നു ഭീകരവാദ ചാപ്പകുത്തി ഒറ്റപ്പെടുത്തി മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം. ഈ വേട്ടക്ക് അഫ്‌ഗാനിസ്‌താനും ഇറാഖും ഫലസ്‌ത്വീനും മാത്രമായിരുന്നില്ല വിലയൊടുക്കേണ്ടിവന്നത്, ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിലെ മുസ്‌ലിം ജനസാമാന്യവും കൂടിയായിരുന്നു. ബാബരി മസ്‌ജിദിന്റെ തകര്‍ച്ചക്കു ശേഷം രാജ്യത്തുണ്ടായിട്ടുള്ള അനവധി സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടും അല്ലാതെയും ജയിലിലടക്കപ്പെട്ട നിരപരാധികള്‍ നൂറുക്കണക്കിനുണ്ട്. ഇന്നും തങ്ങള്‍ ചെയ്‌ത കുറ്റം എന്താണെന്ന് അറിയാതെ ഇരുട്ടറയില്‍ കഴിയുകയാണവര്‍. ഉള്ളതെല്ലാം വിറ്റു പെറുക്കി കേസുമായി കോടതികള്‍ കയറിയിറങ്ങുന്നവര്‍ അതിലേറെയുണ്ട്. ഈ ഭീകരമായ മനുഷ്യത്വ ധ്വംസനത്തെ ന്യായീകരിക്കാനല്ലാതെ നീതിനിഷേധത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ ത്രാണിയില്ലാത്ത `ദേശീയ മുസ്‌ലിം' കാറ്റഗറിയില്‍ പെടുന്ന ഒട്ടേറെ മതസംഘടനകളുണ്ട് നമുക്ക്.
തീവ്രവാദാരോപണം പേറി സമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ആശ്വാസത്തിന്റെ കുളിര്‍ക്കാറ്റുമായാണ് 2011 പുലരുന്നത്. പ്രജ്ഞാ സിംഗ് ഠാക്കൂര്‍ മുതല്‍ സ്വാമി അസിമാനന്ദ വരെയുള്ള ഹിന്ദുത്വ ഭീകര സംഘങ്ങളുടെ പങ്കാണ് രാജ്യത്ത് സംഭവിച്ചിട്ടുള്ള സ്‌ഫോടനങ്ങളില്‍ പ്രകടമായിട്ടുള്ളത്. എങ്കിലും ഈ സ്‌ഫോടനങ്ങളുടെ പേരില്‍ തുറുങ്കിലടക്കപ്പെട്ട നിരപരാധികളായ യുവാക്കളെ ഇനിയും ഗവണ്‍മെന്റ് പുറത്തുവിട്ടിട്ടില്ല. ഭാഗ്യം കൊണ്ട് പുറത്തുവന്ന കലീം എന്ന ചെറുപ്പക്കാരന്റെ വെളിപ്പെടുത്തല്‍ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത മുഴുവന്‍ മനുഷ്യ സ്‌നേഹികളെയും ദുഃഖിപ്പിക്കുന്നതാണ്. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ നഗ്നനാക്കി ഷോക്ക് അടിപ്പിക്കുകയും ഇന്ധനം നിറച്ച ക്യാന്‍ ലിംഗത്തില്‍ കെട്ടിവലിക്കുകയും ചെയ്‌തിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍, ജനാധിപത്യത്തെക്കുറിച്ച് വല്ലാതെയൊന്നും നാം വാചാലരാകേണ്ട എന്നാണ് മനസ്സിലാകുന്നത്. ഭരണകൂടത്തെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമ്പോള്‍ തന്നെ ഇവരുടെ കരങ്ങള്‍ക്ക് ശക്തിപകരാനും ന്യായീകരിക്കാനും സമയവും സമ്പത്തും കഴിവുകളും ചെലവിട്ട് കാമ്പയിനുകളും സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുള്ള `മത സംഘടനകള്‍' ഈ നിരപരാധികളുടെ നൊമ്പരങ്ങള്‍ക്ക് എന്തു മറുപടിയായിരിക്കും വിധിദിനത്തില്‍ അല്ലാഹുവിനോട് പറയുക?
മുസ്‌ലിം സമൂഹത്തിന്റെ അവകാശ സമര പോരാട്ടങ്ങളില്‍ ചില സംഭാവനകള്‍ നല്‍കിയിട്ടുള്ള മുസ്‌ലിം ലീഗ് രണ്ട് പതിറ്റാണ്ടായി ഗതിമാറി സഞ്ചരിക്കാന്‍ തുടങ്ങിയിട്ട്. ഭഗല്‍പൂര്‍ കലാപം മുതല്‍ ബാബരി മസ്‌ജിദ് തകര്‍ച്ചവരെയുള്ള വിഷയങ്ങളില്‍ ഈ ഗതിമാറ്റത്തിന് ഇന്ത്യന്‍ മുസ്‌ലിംകള്‍ സാക്ഷ്യം വഹിച്ചു. ലീഗ് അവകാശ സമരപോരാട്ടങ്ങളില്‍ നിന്നും പിന്നാക്കം പോവുകയും മുസ്‌ലിം വിരുദ്ധരുടെ കൈയിലെ കളിപ്പാവയായി തരംതാഴുകയും ചെയ്‌തു. ഈ യാത്രയില്‍ മുജാഹിദുകളെയും ലീഗ് കൂടെക്കൂട്ടി. തീവ്രവാദവേട്ടയില്‍ മുജാഹിദുകളുടെ `സ്‌തുത്യര്‍ഹമായ സേവനം' ഗ്രന്ഥങ്ങളിലും എല്‍.സി.ഡിയിലും അരങ്ങുതകര്‍ത്തുകൊണ്ടിരിക്കുന്നു. സ്‌ഫോടനങ്ങള്‍ ഹിന്ദുത്വ ഭീകര സംഘങ്ങള്‍ സംഘടിപ്പിച്ചതാണെന്ന് വെളിപ്പെട്ടെണ്ടെങ്കിലും, അത് വിശ്വാസത്തിലെടുക്കാന്‍ തയാറല്ല. ഇതിന്റെ മാസ്റ്റര്‍ ബ്രെയിന്‍ മൗദൂദി തന്നെയെന്ന കാര്യത്തില്‍ കെ.എം ഷാജിക്കും മുനീറിനും ഇന്ത്യാ വിഷനും ആര്യാടന്മാര്‍ക്കും ശുദ്ധ തൗഹീദ് വാദികള്‍ക്കും ഇപ്പോഴും സംശയമില്ല. ഏതായാലും സെപ്‌റ്റംബര്‍ 11-നു ശേഷം ഇറങ്ങിയ തീവ്രവാദ വിരുദ്ധ കാസറ്റുകള്‍ വീണ്ടും വീണ്ടും കാണുന്നത് നല്ലതായിരിക്കും. നിങ്ങളുടെ ഈ അപരാധത്തിന് ഒരു പുരുഷായുസ്സ് മുഴുവന്‍ അനുതപിച്ചാലും മതിയാവില്ല.
സ്വലാഹുദ്ദീന്‍ ചേരാവള്ളി
കോഴിക്കോട്
കലീമിന്റെ തുടര്‍പഠനം
അബ്‌ദുല്‍ കലീം എന്ന 19 വയസ്സുകാരനെ മൃഗീയ പീഡനങ്ങള്‍ക്ക് വിധേയമാക്കി 18 മാസം ജയിലില്‍ അടച്ചുപൂട്ടിയ ശേഷം നിരപരാധിയെന്ന് തെളിഞ്ഞിരിക്കുന്നു. അബ്‌ദുല്‍ കലീം ഓപ്പണ്‍ ക്വാട്ടയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ, കഴിവുള്ള ഒരു വിദ്യാര്‍ഥിയാണ്. എന്നാല്‍ സര്‍ക്കാറിന്റെ അശ്രദ്ധമൂലം ആ വിദ്യാര്‍ഥിയുടെ ഭാവി നശിച്ചിരിക്കുന്നു. അതിന് സര്‍ക്കാര്‍ പരിഹാരം ചെയ്‌തേ മതിയാവൂ. അബ്‌ദുല്‍ കലീം ആവശ്യപ്പെടുന്ന സ്റ്റേറ്റില്‍, ആവശ്യപ്പെടുന്ന മെഡിക്കല്‍ കോളേജില്‍ ഫീസ് സൗജന്യവും ഹോസ്റ്റല്‍ സൗകര്യവും നല്‍കി പഠനം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം.
ഒരു നിരപരാധിയുടെയും അയാളുടെ മാതാപിതാക്കളുടെയും മനസ്സിന് ഏറ്റിരിക്കുന്ന വേദന കാണാനും കേള്‍ക്കാനും കഴിവില്ലാത്തവനല്ല ഈശ്വരന്‍ എന്ന് ലോകം അറിഞ്ഞേ പറ്റൂ.
ഇനിയെങ്കിലും സര്‍ക്കാര്‍ എല്ലാ വര്‍ഷവും പൊതുജനങ്ങളില്‍നിന്ന് നീതിപീഠത്തിലെ അഴിമതികളെക്കുറിച്ചുള്ള പരാതികള്‍ സ്വീകരിച്ച് അന്വേഷണം നടത്തി ശരിയെന്ന് കണ്ടാല്‍ ബന്ധപ്പെട്ട പരാതിക്കാര്‍ക്ക് നഷ്‌ടപരിഹാരവും നീതിപീഠത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷയും നല്‍കിയാല്‍ മാത്രമേ, നാല് തൂണുകളും തകര്‍ന്ന് നിലംപറ്റിക്കിടക്കുന്ന ഈ ജനാധിപത്യത്തെ പുനഃസ്ഥാപിക്കാന്‍ കഴിയൂ.
ഡോ. ബി.വി ബേബി
ഹല്‍കല്‍, ഉഡുപ്പി, കര്‍ണാടക
[email protected]
സംഘടനാ വിരോധം കൊണ്ട് ഏകാധിപത്യത്തെ പിന്തുണക്കുന്നവര്‍
`ജനകീയ പ്രക്ഷോഭത്തെ എതിര്‍ക്കുന്നവരും പിന്തുണക്കുന്നവരും' എന്ന എസ്.വിയുടെ നിരീക്ഷണം (2011 ഫെബ്രുവരി 26) ഉചിതമായി. ജമാഅത്തെ ഇസ്‌ലാമിയെ ദുരാരോപണങ്ങളിലൂടെ തലങ്ങും വിലങ്ങും ആക്രമിക്കുക എന്നൊരു സ്ഥിരം ശൈലി കേരളത്തിലെ മുജാഹിദുകള്‍ക്കുണ്ട്. ഇവരുടെ പ്രോപഗണ്ടകള്‍ക്ക് യുക്തമായ മറുപടി നല്‍കാതിരുന്നാല്‍ അതിനിയും വര്‍ധിച്ചുകൊണ്ടിരിക്കും.
മുജാഹിദ് സംഘടന നെടുകെ പിളര്‍ന്നതിന്റെ കാരണങ്ങള്‍ കൂടി വേണ്ടവിധത്തില്‍ ജനങ്ങളുടെ മുമ്പില്‍ അനാവരണം ചെയ്യേണ്ടതുണ്ട്. എങ്കിലേ മുജാഹിദ് സംഘടനയുടെ യഥാര്‍ഥ മുഖം ജനങ്ങള്‍ക്ക് ബോധ്യമാകൂ. മാത്രമല്ല, ഒരു വിഭാഗം മുജാഹിദുകളില്‍ ഇപ്പോള്‍ കണ്ടുതുടങ്ങിയ മാറ്റം കൂടുതല്‍ ശക്തിപ്പെടുത്തി നേര്‍ദിശയിലേക്ക് നയിക്കാനും കഴിഞ്ഞേക്കും.
ലോകത്ത് ഏകാധിപത്യ ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ മുസ്‌ലിം മനസ്സ് ആശാവഹമായ പ്രാര്‍ഥനയോടെയാണ് അത് വീക്ഷിക്കുന്നത്. പക്ഷേ, ആ പ്രക്ഷോഭങ്ങള്‍ ഇസ്‌ലാമിക രാഷ്‌ട്രത്തി(?)നെതിരായ കൈയേറ്റമായി വിലയിരുത്തുന്ന, അകക്കണ്ണ് തുറക്കാത്ത വികല മനസ്സ് എത്രമാത്രം പിന്തിരിപ്പനാണെന്ന് ലേഖനം വ്യക്തമാക്കിത്തരുന്നു.
ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമെന്ന നിലയില്‍ ഉയര്‍ന്നു നില്‍ക്കാന്‍ എന്തുകൊണ്ടും ജമാഅത്തെ ഇസ്‌ലാമിക്ക് അര്‍ഹതയുണ്ട്. അഴിമതിയിലും ലൈംഗികാരാജകത്വത്തിലും ആപതിച്ചുപോയ ഇന്ത്യന്‍ രാഷ്‌ട്രീയത്തെ സംശുദ്ധവും ജനകീയവുമാക്കി മാറ്റിയെടുക്കാന്‍ മുന്നിട്ടിറങ്ങണം. ഇസ്‌ലാമിക നവജാഗരണത്തിന്റെ യുഗപ്പിറവി ആസന്നമായിരിക്കെ അതനിവാര്യമാണെന്ന് നാം മനസ്സിലാക്കുന്നുണ്ടല്ലോ.
പി.എം.എ ലത്വീഫ്, കൊച്ചി, ദോഹ
ലീഗിന്റെ നയവൈകല്യം
മുസ്‌ലിം ലീഗിന്റെ നയവൈകല്യത്തെക്കുറിച്ച് ടി. മുഹമ്മദ് വേളം എഴുതിയ ലേഖനം ശ്രദ്ധേയമായിരുന്നു. കോണി ചിഹ്നത്തില്‍ വോട്ടു ചെയ്യുന്നതില്‍ മാത്രം സാമുദായിക രാഷ്‌ട്രീയത്തെ പരിമിതപ്പെടുത്തിയ ലീഗിന്റെ ദൗര്‍ബല്യത്തിന് ലീഗിനെ നിയന്ത്രിക്കുന്ന സമസ്‌ത (ഇ.കെ വിഭാഗം), മുജാഹിദ് (എ.പി വിഭാഗം) തുടങ്ങിയ സംഘടനകളും ഉത്തരവാദികളാണ്. ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്റെ വിശാലഭൂമിക തിരിച്ചറിയാത്ത, അധികാരം, സുഖം, സ്വാര്‍ഥത എന്നിവയില്‍ തലപുണ്ണാക്കുന്ന ഒരു ആള്‍ക്കൂട്ടത്തെക്കുറിച്ച് യാഥാര്‍ഥ്യബോധമുള്ളവര്‍ക്ക് ശുഭപ്രതീക്ഷകളൊന്നും ഉണ്ടാകാനിടയില്ല.
എ.വി ഫിര്‍ദൗസ് തൃശൂര്‍
ഉള്ളുറപ്പേകുന്ന ആത്മപരിശോധന
നാല് ലക്കങ്ങളിലായി വന്ന ഡോ. പി.എ അബൂബക്കറിന്റെ `ജമാഅത്തെ ഇസ്‌ലാമി: വിമര്‍ശനങ്ങളുടെ മനശ്ശാസ്‌ത്രം' എന്ന പരമ്പര, ഏറ്റെടുത്ത ദൗത്യത്തോട് ആത്മാര്‍ഥതയും ഗുണകാംക്ഷയുമൊക്കെ നല്ലൊരളവില്‍ പുലര്‍ത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള പഠനനിരീക്ഷണങ്ങള്‍ക്കായി ചെലവഴിക്കേണ്ടിവരുന്ന കഠിനാധ്വാനത്തിന്റെയും സമയത്തിന്റെയും വില പറഞ്ഞറിയിക്കാനാവാത്തതാണ്.
നാലാം ഭാഗത്തിന് നല്‍കിയ തലക്കെട്ട് തന്നെ മൊത്തത്തില്‍ അതിനുള്ള അംഗീകാരമാണെന്ന് തോന്നുന്നു. ഈ ഉള്ളുറപ്പേകുന്ന ആത്മപരിശോധന പ്രസ്ഥാന നേതൃത്വം അര്‍ഹിക്കുന്ന ഗൗരവത്തില്‍ കണക്കിലെടുക്കുമെന്ന് കരുതട്ടെ.
പ്രസ്ഥാനം രൂപം കൊടുക്കാനൊരുങ്ങുന്ന രാഷ്‌ട്രീയ കൂട്ടായ്‌മക്കും ഏതെങ്കിലും അര്‍ഥത്തില്‍ ഈ ഒടുവിലെ ഭാഗത്തിലെ അവസാന വരികള്‍ മുതല്‍ക്കൂട്ടായിത്തീരാനുമിടയുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍ പിഴച്ചവരെന്ന് മുദ്രകുത്തപ്പെട്ട ഖവാരിജ്-മുഅ്‌തസലികളിലുള്ള നന്മകള്‍ തിരസ്‌കരിക്കരുതെന്ന ലേഖകന്റെ അഭിപ്രായത്തോട് പണ്ഡിതന്മാരാണ് പ്രതികരിക്കേണ്ടത്. എങ്കിലും, ഇസ്‌ലാമിന്റെ തനിമ മുസ്‌ലിം സമുദായത്തിലെ അവാന്തര വിഭാഗങ്ങളുടെ മതില്‍ക്കെട്ടിനപ്പുറത്താണെന്ന വാദം തള്ളേണ്ടതല്ലെന്നാണ് തോന്നുന്നത്.
പഠനാര്‍ഹമായ ഈ പ്രബന്ധം ഒരു ചെറുകൃതിയായി വെളിച്ചം കണ്ടാല്‍ വലിയ ഉപകാരമായിരിക്കും.
മമ്മൂട്ടി കവിയൂര്‍, മസ്‌കത്ത്