Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


കലയും ശാസ്‌ത്രവും
ഇബ്‌റാഹീം ശംനാട്‌

പൗരാണിക കാലം മുതല്‍ തന്നെ മനുഷ്യ സമൂഹത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന സാംസ്‌കാരിക പ്രക്രിയയാണ്‌ വിവര്‍ത്തന കല. വൈജ്ഞാനിക രംഗത്തെ സംഭാവനകള്‍ പരസ്‌പരം കൈമാറാനും വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍ ആശയ വിനിമയം നടത്താനും വിവര്‍ത്തനം മുഖ്യ പങ്ക്‌ വഹിച്ചിരുന്നു. വേദഗ്രന്ഥങ്ങളും ക്ലാസിക്‌ കൃതികളും എല്ലാവിധ അതിര്‍വരമ്പുകളും ലംഘിച്ച്‌ മാനവരാശിയുടെ പൊതു പൈതൃകമായി മാറാന്‍ വിവര്‍ത്തനമാണ്‌ നിമിത്തമായതെന്ന കാര്യത്തില്‍ സംശയമില്ല.
മനുഷ്യ സമൂഹത്തെ സംബന്ധിച്ചേടത്തോളം വളരെ പ്രയോജനപ്രദവും പ്രായോഗികവുമായ ഒരു കലയും ശാസ്‌ത്രവുമാണ്‌ വിവര്‍ത്തനം. നിയതമായ നിയമങ്ങളുണ്ട്‌ എന്ന നിലയില്‍ അത്‌ ശാസ്‌ത്രമാണ്‌. വായനക്ക്‌ ആസ്വാദ്യത നല്‍കുന്നു എന്ന നിലക്ക്‌ അത്‌ കലയുമാണ്‌. വ്യത്യസ്‌ത ഭാഷകളാണ്‌ അതിന്റെ കര്‍മമേഖല. വിഭിന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ശരിയായ ആശയവിനിമയം സാധിക്കാനും വൈജ്ഞാനിക സമ്പത്തിന്റെ കൈമാറ്റത്തിനും വിവര്‍ത്തനത്തോളം പങ്കുവഹിച്ച മറ്റെന്തുണ്ട്‌!
ലോകം ഒരു ആഗോള ഗ്രാമമായി ചുരുങ്ങുകയും വ്യത്യസ്‌ത ഭാഷകള്‍ ശക്തി പ്രാപിക്കുകയും ചെയ്യുന്ന ഇക്കാലത്ത്‌, വിവര്‍ത്തനരംഗവും സജീവമായികൊണ്ടിരിക്കുകയാണ്‌. നവ സാങ്കേതിക വിദ്യയുടെ ഫലമായി ലോകം ഗ്രാമത്തോളം ചുരുങ്ങുകയും ആശയ വിനിമയ സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്‌തതോടെ തങ്ങളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും ആഗോള വ്യാപകമായി വിറ്റഴിക്കാന്‍ വിവര്‍ത്തനം അനിവാര്യമായി വരുന്നു.
വിവര്‍ത്തനം അറബിയില്‍
വിവര്‍ത്തന കൃതികളില്‍ നിന്നുള്ള വിജ്ഞാന സാഗരം കൊണ്ട്‌ കൃതഹസ്‌തമാണ്‌ അറബി ഭാഷ. `വായിക്കുക' എന്ന വിശുദ്ധ ഖുര്‍ആന്റെ ആഹ്വാനത്തില്‍ ആവേശഭരിതരായി വായനയും പഠനവും ഒരുകാലത്ത്‌ അറബികളുടെ ജീവിത സപര്യയായി മാറിയിരുന്നു. വിജ്ഞാനത്തിന്റെ മധുനുകരാന്‍ വേണ്ടി ലോക ഭാഷകളിലേക്ക്‌ അവര്‍ ഊളിയിട്ടിറങ്ങി.
മധ്യകാലഘട്ടത്തില്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്‌ ലോകത്തുടനീളം യശോധാവള്യം പരത്താന്‍ സാധിച്ചത്‌ വിവിധ വിജ്ഞാനങ്ങള്‍ അറബി ഭാഷയിലേക്ക്‌ ഭാഷാന്തരം ചെയ്‌തത്‌ കൊണ്ടായിരുന്നു. അബ്ബാസിയ കാലഘട്ടത്തിലെ പ്രമുഖ ഭരണാധികാരി മഅ്‌മൂന്‍ രാജാവിന്റെ കാലത്ത്‌ വിവര്‍ത്തനത്തിന്‌ സ്വര്‍ണം തൂക്കി നല്‍കികൊണ്ടായിരുന്നു പ്രതിഫലം നല്‍കിയിരുന്നത്‌. ആ കാലഘട്ടത്തില്‍ ദാറുല്‍ ഹിക്‌മ എന്ന പേരില്‍ പ്രത്യേക കേന്ദ്രം തന്നെ വിവര്‍ത്തനത്തിനായി സ്ഥാപിച്ചിരുന്നു.
പ്ലാറ്റോ, അരിസ്റ്റോട്ടില്‍, യൂക്ലിഡ്‌, ഗാലന്‍, ഹിപ്പോക്രാറ്റസ്‌, ടോളമി തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ കൊട്ടാരത്തിലേക്ക്‌ കൊണ്ടുവരികയും അറബിയിലേക്ക്‌ വിവര്‍ത്തനം ചെയ്യുകയുമുണ്ടായി. ഗ്രീക്ക്‌ ഗ്രന്ഥങ്ങള്‍ കോസ്‌റ്റൊ എന്ന പണ്ഡിതനും പേര്‍ഷ്യന്‍ ഗ്രന്ഥങ്ങള്‍ യഹ്‌യയും സംസ്‌കൃത ഗ്രന്ഥങ്ങള്‍ ദുബാന്‍ എന്ന പണ്ഡിതനുമാണ്‌ ഹുനൈനിന്റെ നേതൃത്വത്തില്‍ വിവര്‍ത്തനം ചെയ്‌തിരുന്നത്‌. ഇതാണ്‌ മധ്യകാലഘട്ടത്തില്‍ അറബികള്‍ പുരോഗതിയുടെ ഉത്തുംഗ ശൃംഗത്തിലെത്താന്‍ ഇടയായത്‌.
യഥാര്‍ഥത്തില്‍ ഇത്തരം സാംസ്‌കാരിക അടയാളപ്പെടുത്തലുകള്‍ക്ക്‌ അവര്‍ക്ക്‌ പ്രചോദനമേകിയത്‌ പ്രവാചകന്‍ (സ) തന്നെയായിരുന്നു. പ്രമുഖ സ്വഹാബിവര്യന്മാരായ സൈദുബ്‌നു സാബിത്‌, സല്‍മാനുല്‍ ഫാരിസി തുടങ്ങിയവര്‍ പ്രവാചകന്‌ വേണ്ടി വിവര്‍ത്തനം ചെയ്യുന്നതില്‍ വ്യാപൃതരായിരുന്നു. പേര്‍ഷ്യ, സിറിയ, റോം തുടങ്ങിയ പ്രദേശങ്ങളിലെ രാജാക്കന്മാര്‍ക്ക്‌ പ്രവാചകന്‍ അക്കാലത്ത്‌ അയച്ച കത്തുകളും ഈ രാജാക്കന്മാര്‍ തിരിച്ച്‌ പ്രവാചകന്‍ അയച്ച മറുപടി കത്തുകളും വിവര്‍ത്തനം ചെയ്‌തിരുന്നത്‌ ഈ സ്വഹാബിവര്യന്മാരായിരുന്നു.
വിവര്‍ത്തന സോഫ്‌റ്റ്‌വെയറുകള്‍
ഒരു ഭാഷയിലെ വാക്ക്‌ കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ സഹായത്തോടെ മറ്റൊരു ഭാഷയിലേക്ക്‌ അക്ഷരം പ്രതി മൊഴിമാറ്റം നടത്തുന്നതിന്‌ ഇന്ന്‌ വിവര്‍ത്തന സോഫ്‌റ്റ്‌വെയറുകള്‍ വ്യാപകമായി ഉപയോഗിച്ച്‌ വരുന്നുണ്ട്‌. ഗൂഗിള്‍ പോലുള്ള സെര്‍ച്ച്‌ എന്‍ജിനുകളില്‍ നിരവധി ലോക ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യാനുള്ള സംവിധാനങ്ങള്‍ ഉണ്ട്‌. കൂടാതെ അറബി പോലുള്ള ഭാഷകളിലും നിരവധി സോഫ്‌റ്റ്‌വെയറുകള്‍ ലഭ്യമാണ്‌. നമ്മുടെ മാതൃഭാഷയായ മലയാളത്തില്‍ ഇത്തരം സംവിധാനങ്ങള്‍ക്ക്‌ നല്ല സാധ്യതയാണുള്ളത്‌. ഇത്തരം സോഫ്‌റ്റ്‌വെയറുകള്‍ ഒരു പരിധി വരെ വിവര്‍ത്തകര്‍ക്ക്‌ സഹായകമാണെങ്കിലും, മനുഷ്യന്റെ മസ്‌തിഷ്‌കം ഉപയോഗിച്ചുള്ള വിവര്‍ത്തനത്തിന്‌ പകരമാവാന്‍ സോഫ്‌റ്റ്‌വെയറുകള്‍ക്ക്‌ കഴിയില്ല. വാക്കുകളില്‍ അടങ്ങിയിരിക്കുന്ന ആശയലോകവും വര്‍ണ പ്രപഞ്ചവും വികാര വായ്‌പുകളുമെല്ലാം വിവര്‍ത്തന സോഫ്‌റ്റ്‌വെയറുകള്‍ക്ക്‌ പകര്‍ന്ന്‌ തരാന്‍ കഴിയില്ലെങ്കിലും, ബഹുഭാഷാ നിപുണരെ സംബന്ധിച്ചേടത്തോളം ഇത്തരം സോഫ്‌റ്റ്‌വെയറുകള്‍ അവരുടെ ജോലി എളുപ്പമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly