ചോരുന്ന നാണക്കേടുകളും മൂടിവെച്ചവയും
തനിക്കു വേണ്ടി കോഴ കൊടുക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന അദ്ദേഹം വഹിക്കുന്ന പദവിയുടെ അന്തസ്സിന് ഒട്ടും ചേര്‍ന്നതായില്ല. ആ വിവരം തനിക്കറിയുമായിരുന്നില്ലെന്ന് അത്രയെളുപ്പം ഒഴിഞ്ഞു മാറാന്‍ മന്‍മോഹന്‍ സിംഗിന് കഴിയുന്ന രീതിയിലല്ല സംഭവം നടന്നത്. വിക്കിലീക്ക്‌സ് പുറത്തു വിട്ട വിശദാംശങ്ങള്‍ മാറ്റിവെച്ചാല്‍ പോലും അത്തരമൊരു സംഭവം ഭരണകൂടത്തിനകത്ത് നടന്നിരുന്നു എന്നത് അക്കാലത്ത് ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ടു ചെയ്‌തിരുന്നല്ലോ. സംഭവത്തില്‍ കോഴ ഉണ്ടായിരുന്നേയില്ല എന്നു മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നതെന്ന് സങ്കല്‍പ്പിക്കുക. നുണ പറഞ്ഞു എന്ന കുറ്റം മാത്രമേ അതാകുമായിരുന്നുള്ളൂ. തനിക്കു വേണ്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് കൂടി പറയുമ്പോള്‍ കോഴ കൊടുത്ത കാര്യം ഭംഗ്യന്തരേണ സമ്മതിക്കുകയും എന്നിട്ട് അതിന്റെ ഇടനിലക്കാരായി നിന്നവരെ തള്ളിപ്പറയുകയുമാണ് പ്രധാനമന്ത്രി ചെയ്‌തത്. അദ്ദേഹത്തിന് കോഴക്കാര്യം അറിയുമായിരുന്നില്ല എന്ന് രാഷ്‌ട്രീയമറിയുന്ന ആര്‍ക്കും വിശ്വസിക്കാനാവില്ല. സഭയില്‍ തലയെണ്ണമൊപ്പിക്കാനുള്ള ആള്‍ബലം ഒപ്പമില്ലാത്ത പ്രധാനമന്ത്രി കോഴ കൊടുക്കാതെ മറ്റേത് മാര്‍ഗത്തിലൂടെയാണ് വിശ്വാസവോട്ട് തേടുമായിരുന്നത്?
ഈ വിഷയകമായി നമ്മുടെ പാര്‍ലമെന്റ് പലതവണ സ്‌തംഭിച്ചതും ഒടുവില്‍ പ്രധാനമന്ത്രി സഭയില്‍ വിശദീകരണ പ്രസംഗം നടത്തിയതും ഇന്ത്യാ മഹാരാജ്യത്തിന്റെ ചരിത്രത്തില്‍ നട്ടെല്ലില്ലായ്‌മയുടെ ഉദാഹരണങ്ങളായാണ് എഴുതിവെക്കപ്പെടുക. വിക്കിലീക്ക്‌സ് പുറത്തുവിട്ട വിവരങ്ങള്‍ ന്യൂദല്‍ഹിയിലെ എംബസിയിലിരുന്ന് അമേരിക്കയുടെ ഉദ്യോഗസ്ഥന്മാര്‍ ഇന്ത്യയെ കുറിച്ച് എഴുതി അയച്ച കാര്യങ്ങളാണല്ലോ. പ്രധാനമന്ത്രി അവകാശപ്പെടുന്നതു ശരിയാണെങ്കില്‍ ഈ ഉദ്യോഗസ്ഥന്മാരുടെ കാര്യത്തില്‍ എന്തെങ്കിലുമൊരു നടപടി സ്വീകരിക്കുകയല്ലേ ആദ്യം ചെയ്യേണ്ടത്? ഈ നുണയന്‍മാരെ തിരിച്ചു വിളിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെടുകയല്ലേ അദ്ദേഹം ആദ്യം ചെയ്യേണ്ടത്?
വിക്കിലീക്ക്‌സിന്റെ രേഖകള്‍ സൂക്ഷ്‌മമായി പരിശോധിക്കുമ്പോള്‍ പുറത്തു വരുന്നത് `ഇന്ത്യയുടെ സ്വന്തം കാര്യം' പറയാനായി നമ്മുടെ നേതാക്കള്‍ അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥന്മാരുടെ ചെരിപ്പ് നക്കിയതിന്റെ കഥകളാണ്. കഴിഞ്ഞ രണ്ട് ആഴ്‌ചക്കാലം പാര്‍ലമെന്റ് സ്‌തംഭിപ്പിച്ച ബി.ജെ.പി ഉദാഹരണം.`ആണവ ബില്ലിന്റെ കാര്യത്തില്‍ ഞങ്ങള്‍ സഭയില്‍ പറയുന്നതും യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നതും ഒരേ അളവുകോല്‍ വെച്ച് വിലയിരുത്തരുത്' എന്ന് എല്‍.കെ അദ്വാനി അമേരിക്കക്കാരന്‍ പീറ്റര്‍ ബര്‍ലെയോട് പറഞ്ഞതും ഇതേ വിക്കിലീക്ക്‌സ് തന്നെയാണല്ലോ പുറത്തുവിട്ടത്. ഒരു മുന്‍ ഉപപ്രധാനമന്ത്രി എന്തിനിങ്ങനെ അമേരിക്കന്‍ എംബസിയിലെ രണ്ടാം നിര ഉദ്യോഗസ്ഥന്റെ മുമ്പില്‍ മാപ്പുസാക്ഷിയാവണം? വിക്കി ലീക്ക്‌സ് ആയാലും അമേരിക്ക ഉള്‍പ്പെടുന്ന മറ്റേത് വിഷയമായാലും കോണ്‍ഗ്രസിനു മാത്രം ബാധകമാകുമെങ്കില്‍ മാത്രമാണ് അമേരിക്കയെ അലോസരപ്പെടുത്താത്ത രീതിയില്‍ ബി.ജെ.പി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടപെട്ടു വരുന്നത്. ജപ്പാന്‍ സംഭവത്തിനു ശേഷം ഇന്ത്യയിലെ പുതിയ ആണവ നിലയങ്ങളുടെ കാര്യത്തില്‍ ബഹുജനങ്ങളെ കൈയിലെടുക്കുന്നതിനെ കുറിച്ച് ബി.ജെ.പി ആലോചിക്കുക പോലും ചെയ്യാത്തത് ഉദാഹരണം.
മന്‍മോഹന്‍ സിംഗിന് സുഗമമായി ഇന്ത്യ ഭരിക്കാനുള്ള സാഹചര്യമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ പ്രതിഛായയും പുരോഗതിയുമെന്നതിനേക്കാള്‍ സ്വന്തം പ്രതിഛായയാണ് മന്‍മോഹന്‍ സിംഗിന്റെ താല്‍പര്യം. സി.വി.സി വിഷയത്തിലോ ജി 2 സ്‌പെക്‌ട്രം അഴിമതി നടന്നപ്പോഴോ ധാര്‍മികമായ ഒരു കൂട്ടുത്തരവാദിത്വവും കാബിനറ്റിനുണ്ടായിരുന്നില്ല. മുന്നണി ഭരണ കാലത്ത് രാജ്യത്തിന്റെ പണവും പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വവുമൊക്കെ ഇത്രയൊക്കെയേ ആവശ്യമുള്ളൂവെന്ന് എല്ലാവരും അംഗീകരിച്ച മട്ടുണ്ട്‌്. ഒപ്പമുള്ളവരെ ബലിയാടാക്കി സ്വയം പുണ്യവാളനായി ചമയുന്ന പ്രധാനമന്ത്രി മറുഭാഗത്ത് നടത്തുന്ന വിചിത്രമായ ചില നീക്കങ്ങള്‍ ശ്രദ്ധിക്കുക. സുഷമാ സ്വരാജിനെയും കുടുംബത്തെയും അത്താഴവിരുന്നിന് ക്ഷണിച്ചത് ഉദാഹരണം. അഴിമതി വിഷയത്തില്‍ സര്‍ക്കാറിനെതിരെ ഒരു പരിധി വിട്ട് പ്രക്ഷോഭം ഉയര്‍ത്തി കൊണ്ടുവരാത്തതിനുള്ള `നന്ദിസൂചക' വിരുന്നായിരുന്നുവത്രെ ഇത്. സുഷമയും മന്‍മോഹനും ഒന്നിക്കുന്ന വിഷയം അമേരിക്കന്‍ താല്‍പര്യങ്ങളുടെ സുഗമമായ നടത്തിപ്പാണെന്ന് ഇന്ന് ഏത് വിഡ്‌ഢിക്കുമറിയാം. ഗവണ്‍മെന്റുകള്‍ നിലനില്‍ക്കുന്നത് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വ്യക്തിപരമായ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണെന്ന പുതിയ എന്തോ തത്ത്വമാണ് ഇതിലൂടെ ഉരുവപ്പെടുന്നത്. പൊതുജീവിതത്തില്‍ പ്രധാനമന്ത്രിമാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ രാജ്യത്തെയും അതിന്റെ പാരമ്പര്യത്തെയുമാണ് പുഷ്‌ടിപ്പെടുത്തേണ്ടിയിരുന്നത്. പക്ഷേ അതല്ല മിക്ക അവസരങ്ങളിലും സംഭവിക്കുന്നത്. വ്യക്തിപരമായ നിലനില്‍പ്പ് മാത്രമാണ് ഈ പ്രധാനമന്ത്രിക്ക് പ്രധാനം. അഴിമതി അദ്ദേഹത്തിന് വിഷയമേയല്ല, സ്വന്തം ദേഹത്ത് ചളി പറ്റാതിരുന്നാല്‍ മതി. ആ വിരുന്നില്‍ സുഷമാ സ്വരാജ് പങ്കെടുക്കാഞ്ഞത് അവരുടെ ഭാഗ്യം. അതുണ്ണാന്‍ മെനക്കെടാതെ പ്രധാനമന്ത്രിക്കെതിരെ വിക്കിലീക്ക്‌സ് വിഷയത്തില്‍ അവകാശ ലംഘനത്തിന് നോട്ടീസ് കൊടുത്ത സുഷമ ഒടുവിലെങ്കിലും പ്രതിപക്ഷ നേതാവിന്റെ നിലവാരം ഉയര്‍ത്തിപ്പിടിച്ചു.
സഭയില്‍ വായ തുറക്കുന്നത് സോണിയാ ഗാന്ധിയെ കുറിച്ച് അട്ടഹസിക്കാന്‍ വേണ്ടി മാത്രമായിരിക്കണമെന്ന ആര്‍.എസ്.എസ് ഇണ്ടാസിനനുസരിച്ചാണ് ഇക്കണ്ട കാലമത്രയും സുഷമ സ്വരാജ് പണിയെടുത്തത്. പ്രധാനമന്ത്രിയോട് ഒരുതരം ആരാധന കലര്‍ന്ന നിലപാടായിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നത്. മന്‍മോഹന്‍ സിംഗിനെതിരെ ഉയര്‍ത്തികൊണ്ടുവരാമായിരുന്ന എണ്ണമറ്റ വിഷയങ്ങളില്‍മുഖ്യ പ്രതിപക്ഷകക്ഷി സ്വീകരിച്ചു വന്ന നപുംസക നിലപാടിന് സുഷമയുടെ വ്യക്തിപരമായ താല്‍പര്യമില്ലായ്‌മയായിരുന്നു കാരണം. വിശിഷ്യ പ്രധാനമന്ത്രിയും അമേരിക്കയും നേര്‍ക്കു നേരെ ബന്ധപ്പെടുന്ന വിഷയങ്ങളില്‍. മന്‍മോഹന്‍ സിംഗിനെതിരെ അവകാശലംഘന പ്രമേയവുമായി സുഷമ രംഗത്തെത്തുന്നു എന്നത് ഒടുവിലെങ്കിലും നല്ല ലക്ഷണമാണ്. പക്ഷേ അമേരിക്കയോടുള്ള വിധേയത്വം ഇന്ത്യന്‍ ജനതയോടുള്ള കടമകള്‍ നിറവേറ്റുന്നതില്‍ ഇപ്പോഴും ഭരണകൂടത്തിനും പ്രതിപക്ഷത്തിനും തടസ്സമാണ് എന്നതു തന്നെയാണ് ചോരുന്ന സത്യങ്ങളില്‍ ഏറ്റവും മോശപ്പെട്ടത്.