Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


കൗമാരം ചിതലരിക്കുന്നു

ഏതൊരു സമൂഹത്തിന്റെയും ഭാവി വാഗ്‌ദാനമാണ്‌ വിദ്യാര്‍ഥികള്‍. ഇന്നത്തെ വിദ്യാലയങ്ങളില്‍നിന്നാണ്‌ നാളത്തെ സമൂഹം, ശാസ്‌ത്രജ്ഞരും സാമ്പത്തിക വിദഗ്‌ധരും സാംസ്‌കാരിക നായകരും കലാ സാഹിത്യ പ്രതിഭകളും വ്യവസായികളും കര്‍ഷകരുമെല്ലാം അടങ്ങുന്ന പൗരസഞ്ചയം രൂപപ്പെടേണ്ടത്‌. വ്യക്തികളിലൊളിഞ്ഞു കിടക്കുന്ന സൃഷ്‌ടിപരമായ യോഗ്യതകള്‍ സ്‌ഫുടീകരിച്ച്‌ കര്‍മക്ഷമമാക്കലും സ്വഭാവ സംസ്‌കരണവുമാണ്‌ വിദ്യാഭ്യാസം. രാഷ്‌ട്രങ്ങള്‍ അവരുടെ ചരിത്രപരവും സാംസ്‌കാരികവുമായ സാഹചര്യങ്ങള്‍ക്കൊത്ത വികസനത്തിന്റെ നൈരന്തര്യം നിലനിര്‍ത്താന്‍ യോഗ്യമായ തലമുറകളെ വാര്‍ത്തെടുക്കാന്‍ പര്യാപ്‌തമായ വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നു. ഈ ലക്ഷ്യം പൂര്‍ണമായി നേടുക ആര്‍ക്കും എളുപ്പമല്ല. നമ്മുടെ വിദ്യാഭ്യാസ പദ്ധതിക്ക്‌ കോട്ടങ്ങളും കുറവുകളും പലതുണ്ട്‌. അതിന്റെ കെടുതികള്‍ നാം അനുഭവിച്ചുവരുന്നുമുണ്ട്‌. അതോടൊപ്പം തന്നെ മുന്‍ തലമുറകളുടെ നേട്ടങ്ങളോട്‌ കണ്ണി ചേര്‍ന്ന്‌ ചരിത്രത്തെ മുന്നോട്ടു നയിക്കാന്‍ പ്രാപ്‌തമായ പിന്‍തലമുറകളെ സൃഷ്‌ടിക്കാന്‍ ഒരളവോളം നമ്മുടെ വിദ്യാലയങ്ങള്‍ക്ക്‌ കഴിയുന്നു. ആധുനിക ജീവിതത്തിന്റെ എല്ലാ തുറകളിലും ആഗോള ശ്രദ്ധയാകര്‍ഷിക്കുന്ന നേട്ടങ്ങള്‍ നാം കൈവരിച്ചുകൊണ്ടിരിക്കുന്നു. തലമുറകള്‍ വിദ്യാലയങ്ങളില്‍നിന്നാര്‍ജിച്ച പുരോഗമനോന്മുഖമായ സാമൂഹിക ബോധവും ധൈഷണികമായ ഉദ്‌ബുദ്ധതയുമാണതിന്റെ ഊര്‍ജം.
കഴിഞ്ഞ നൂറ്റാണ്ടിന്റെ എണ്‍പതുകളോടെ വിദ്യാര്‍ഥി ലോകത്ത്‌ ഈ ഊര്‍ജം ക്ഷയിച്ചുവരുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഗഹനമായ സൈദ്ധാന്തിക വിഷയങ്ങളിലും സങ്കീര്‍ണമായ സാമൂഹിക, രാഷ്‌ട്രീയ പ്രശ്‌നങ്ങളിലുമുള്ള വിദ്യാര്‍ഥികളുടെ ഇടപെടലുകളും ചര്‍ച്ചകളും മന്ദീഭവിച്ചു. കലാലയങ്ങളെ അരാഷ്‌ട്രീയത ഗ്രസിക്കുന്നു എന്നാണ്‌ ചില നിരീക്ഷകര്‍ അതിനെ വിലയിരുത്തിയത്‌. അരാഷ്‌ട്രീയതയുടെ ശൂന്യതയില്‍ വര്‍ഗീയത ചേക്കേറുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തു. കലാലയങ്ങളില്‍ വര്‍ഗീയതയുടെ മുന്നേറ്റം ആശങ്കിച്ചത്ര ഉണ്ടായില്ലെങ്കിലും അത്രതന്നെയോ അതിലേറെയോ അപകടകരമായ മറ്റൊരു പ്രവണത വിദ്യാര്‍ഥികളില്‍ പ്രകടമായിരിക്കുകയാണിപ്പോള്‍. സെക്‌സിനോടും മദ്യ-മയക്കുമരുന്നുകളോടുമുള്ള ജ്വരമാണത്‌. ഇതു സംബന്ധിച്ച്‌ പഠനം നടത്തിയ ഏജന്‍സികള്‍ വെളിപ്പെടുത്തുന്ന കണക്കുകള്‍ നമ്മെ ഞെട്ടിക്കാന്‍ പോന്നതാണ്‌. വന്‍ നഗരങ്ങളിലെ 45 ശതമാനം വിദ്യാര്‍ഥികള്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കുന്നു. മയക്കുമരുന്നുപയോഗം തുടങ്ങുന്ന ശരാശരി പ്രായം 17 ആണ്‌. 20 ശതമാനം പേര്‍ കൗമാരദശയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നുണ്ട്‌. 40 ശതമാനം പേരും വിവാഹപൂര്‍വ ലൈംഗികത തെറ്റല്ലെന്നു കരുതുന്നവരാണ്‌. 45 ശമതാനം യുവതികള്‍ രഹസ്യമായി ഗര്‍ഭഛിദ്രം ചെയ്‌തിട്ടുണ്ട്‌. 70 ശതമാനം കൗമാരക്കാരും വിഷാദചിത്തരാണ്‌. 48 ശതമാനം പേര്‍ ആത്മഹത്യയെക്കുറിച്ച്‌ ചിന്തിക്കുന്നു. ഇങ്ങനെ പോകുന്നു കണ്ടെത്തലുകള്‍.
ഈ പ്രവണതക്ക്‌ ആക്കം കൂട്ടുന്ന മുഖ്യ ഘടകങ്ങളായി പഠനം ചൂണ്ടിക്കാണിക്കുന്നത്‌ ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും മൊബൈല്‍ ഫോണുമാണ്‌. 71 ശതമാനം കൗമാരക്കാരുടെ കരങ്ങളിലും എം.പി ത്രീ മുതല്‍ കാമറാ മൊബൈല്‍ വരെയുണ്ട്‌. ഒരു കുട്ടി ദിവസം ശരാശരി രണ്ട്‌ മണിക്കൂര്‍ ഫേസ്‌ബുക്കിലും 1.6 മണിക്കൂര്‍ ഫോണിലും ചെലവഴിക്കുന്നു. പണക്കാരുടെ കുട്ടികള്‍ക്ക്‌ ലഭിക്കുന്ന പോക്കറ്റ്‌മണിയാണ്‌ മറ്റൊരു പ്രചോദനം. മാസാന്തം 2000 മുതല്‍ 20000 വരെ രൂപ പോക്കറ്റ്‌മണി ലഭിക്കുന്ന കുട്ടികളുണ്ട്‌. ഇന്റര്‍നെറ്റ്‌ കഫേകളിലും പബ്ബുകളിലും മയക്കുമരുന്നു കേന്ദ്രങ്ങളിലുമാണ്‌ ഈ പണം ചെലവഴിക്കപ്പെടുന്നത്‌.
പഠനങ്ങളും സര്‍വേകളും നടന്നത്‌ കേരളത്തിനു പുറത്താണെങ്കിലും കേരളീയ നഗരങ്ങള്‍ക്കും ഇതൊന്നും അപരിചിതമല്ല. വിദ്യാര്‍ഥിനികള്‍ കഞ്ചാവ്‌ പുകക്കുന്ന ദൃശ്യം ഈയിടെ ഒരു മലയാള ചാനല്‍ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. 200 കുട്ടികളുടെ പുസ്‌തകസഞ്ചി പരിശോധിച്ചപ്പോള്‍ 30 സഞ്ചികളില്‍ കോണ്ടം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. നഗര പ്രദേശങ്ങളില്‍ ഉദയം ചെയ്‌തിട്ടുള്ള ഈ പ്രവണത വിവര സാങ്കേതികവിദ്യയുടെ വേലിയേറ്റത്തില്‍ ഗ്രാമാന്തരങ്ങളിലേക്ക്‌ വ്യാപിക്കാന്‍ ഏറെക്കാലം വേണ്ടിവരില്ല.
നമ്മുടെ കൗമാരം കൈവിട്ടുപോവുകയാണ്‌.സമൂഹത്തിന്റെ കൂമ്പ്‌ ചീഞ്ഞു തുടങ്ങുകയാണ്‌. ഇതിങ്ങനെ വളര്‍ന്നാല്‍ രാജ്യത്തിന്റെ ഭാവിയെന്തായിരിക്കും? നിലവിലുള്ള തലമുറയുടെ നന്മകളോടും നേട്ടങ്ങളോടും കണ്ണി ചേര്‍ന്ന്‌ മുന്നോട്ടുപോകുന്ന നവ തലമുറകളെ നമുക്ക്‌ ലഭിക്കുമോ? സര്‍ക്കാറും രക്ഷിതാക്കളും പൊതു സമൂഹവും ഉറക്കെ ചിന്തിക്കുകയും ഒന്നിച്ചു നേരിടുകയും ചെയ്യേണ്ട വിപത്താണിത്‌. ധാര്‍മിക, സദാചാര മൂല്യങ്ങളില്‍ പ്രതിബദ്ധതയുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക്‌ ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ട്‌.


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly