ബൗദ്ധിക ഭീകരന്മാരും ബൗദ്ധിക വംശഹത്യകളും
ബിസ്‌മില്ല ഗീലാനിയുടെ പുസ്‌തകം വായിക്കുമ്പോള്‍
കെ. അശ്‌റഫ്
2001 സെപ്‌റ്റംബര്‍ പതിമൂന്നിന് നടന്ന പാര്‍ലമെന്റ് ആക്രമണം ഇന്ത്യയിലെ ഭീകരാക്രമണത്തെക്കുറിച്ച വലിയ കെട്ടുകഥകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിച്ച ഒരു സംഭവമാണ്. മൂന്ന് പുസ്‌തകങ്ങള്‍ ഇവ്വിഷയകമായി വിപണിയിലിറങ്ങി.
1. 13 Dec: A Reader - with an introduction by Arundathi Roy2006- Penguin India
2. Framing Geelani, Hanging Afzal: Patriotism in The Time of Terror- Nandita Haksar 2007- Biblio South Asia
3. December 13- Terror over Democracy- Nirmalangshu Mukharji- Forwarded by Noam Chomsky 2005
ഈ മൂന്ന് പുസ്‌തകങ്ങളും വിശദമായി തന്നെ പ്രസ്‌തുത വിഷയത്തെ കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ദേശരാഷ്‌ട്രത്തിന്റെ ഭാവിയെക്കുറിച്ച ഉത്‌കണ്‌ഠകള്‍ മൂന്ന് പുസ്‌തകങ്ങളും പങ്കുവെക്കുന്നു.
എന്നാല്‍ ഈ ഗണത്തില്‍ തന്നെ ഇറങ്ങിയ മറ്റൊരു പുസ്‌തകമുണ്ട്. 2006-ല്‍ പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അബ്‌ദുര്‍റഹ്‌മാന്‍ ഗീലാനിയുടെ സഹോദരന്‍ എഴുതിയ പുസ്‌തകം. Manufacturing Terrorist: Kashmiri Encounters with Media and Law (South Asia Bibliophile and Poles apart) എന്നാണ് പുസ്‌തകത്തിന്റെ പേര്. എങ്ങനെയാണ് മാധ്യമങ്ങളും നിയമവും ചേര്‍ന്ന് പുതിയ തരം കശ്‌മീരി ഭീകരന്മാരെ ഉണ്ടാക്കുന്നതെന്ന് ബിസ്‌മില്ല ഗീലാനി നമ്മോട് പറയുന്നു. ദല്‍ഹിയിലെത്തുന്ന ഏതൊരു മറുനാടന്‍ മുസ്‌ലിമും അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. വിശിഷ്യാ 9/11 അനന്തര സാഹചര്യത്തിനു ശേഷം. ഉദാഹരണത്തിന് സെക്യുലര്‍ സ്വഭാവമുള്ള റസിഡന്‍ഷ്യല്‍ ഏരിയകള്‍ ഇപ്പോള്‍ മുസ്‌ലിംകളില്ലാതെ തന്നെ സെക്യുലറായി നില്‍ക്കാന്‍ തയാറാണ്. അതുപോലെ രാവിലെ ഐഡന്റിറ്റി കാര്‍ഡ് എടുത്തിട്ടില്ലെങ്കില്‍ പിന്നെ അവിടെയിവിടെ തോക്കും ചൂണ്ടി നില്‍ക്കുന്ന പോലീസുകാരനെ കാണുമ്പോള്‍ ഉള്ളില്‍ ഒരു പിടച്ചിലുണ്ടാവും. ഇതൊക്കെ പുതിയതരം അടിയന്തരാവസ്ഥകളാണ്. ഇന്ദിരാഗാന്ധിക്കു ശേഷം നമ്മള്‍ കണ്ടുപിടിച്ച പുതിയതരം അടിയന്തരാവസ്ഥ. ഈ അടിയന്തരാവസ്ഥ സമൂഹത്തിന്റെ സാധാരണ അവസ്ഥയെ റദ്ദു ചെയ്‌തല്ല ഉണ്ടാക്കിയത്. മറിച്ച് പുതിയൊരു തരം നോര്‍മാലിറ്റിയെ ഉണ്ടാക്കിയിരിക്കുന്നു. അത് പല സാമൂഹിക സ്ഥാനത്തുനിന്നും പലരീതിയില്‍ അനുഭവിക്കാമെന്ന് മാത്രം.
ഈയര്‍ഥത്തില്‍ കശ്‌മീരിയും മുസ്‌ലിമുമായിത്തീര്‍ന്ന ഒരാളെ സങ്കല്‍പിച്ചു നോക്കൂ. താടി, തൊപ്പി, വീട്, ക്രിക്കറ്റ് ടീം തുടങ്ങി നിത്യജീവിതത്തിലെ സാധാരണ പ്രശ്‌നങ്ങള്‍ അയാള്‍ക്കൊരു ഭാരമായിത്തീരുന്നു. കശ്‌മീരില്‍ മാത്രമല്ല, ദല്‍ഹിയിലും ഇതുതന്നെ സംഭവിക്കുമെന്ന് ബിസ്‌മില്ല ഗീലാനി നമ്മോട് പറയുന്നു. ഈ പുസ്‌തകത്തിലെ ഉള്ളടക്കം നമ്മള്‍ പല രീതിയില്‍ വായിച്ചറിഞ്ഞതാണ്.
ഇവിടെ ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നത് ഈ പുസ്‌തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചല്ല. മറിച്ച് പാര്‍ലമെന്റ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് ഇറങ്ങിയ മറ്റു മൂന്ന് പുസ്‌തകങ്ങളുമായി താരതമ്യം ചെയ്‌ത് മറ്റൊരു പ്രശ്‌നത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നു. ഈ മൂന്ന് പുസ്‌തകങ്ങള്‍ തീര്‍ച്ചയായും ഭീകരതയെ പ്രശ്‌നവത്‌കരിക്കുന്നുണ്ട്. എന്നാല്‍ ഇതെഴുതുന്ന ആളുകള്‍ അവര്‍ ഉള്‍പ്പെട്ട സാമൂഹിക കര്‍തൃത്വ മണ്ഡലത്തിനകത്തു നിന്നാണ് എഴുതുന്നതെന്ന് കൂടി അറിയുമ്പോള്‍ നമുക്ക് ചില ഉത്തരങ്ങള്‍ ലഭിക്കുന്നു. അതായത് ബിസ്‌മില്ല ഗീലാനിയേക്കാള്‍ അരുന്ധതി റോയിയെ നമ്മള്‍ കശ്‌മീര്‍ പ്രശ്‌നത്തില്‍ അല്ലെങ്കില്‍ ഭീകരതയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കൂടുതല്‍ പരിഗണിക്കുന്നതിന്റെ കാരണങ്ങള്‍. എന്തുകൊണ്ടാണ് നന്ദിത ഹക്‌സറുടെ പുസ്‌തകവും അരുന്ധതി റോയിയുടെ പുസ്‌തകവും ഇന്ത്യ മുഴുവന്‍ വായിച്ചിട്ടും അബ്‌ദുര്‍റഹ്‌മാന്‍ ഗീലാനിയുടെ അനുജന്‍ ബിസ്‌മില്ല ഗീലാനിയുടെ പുസ്‌തകം നമ്മള്‍ കാണാതെപോയത്? ഈ കാണാതെ പോവല്‍ എന്നത് സാമൂഹിക ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്‌മ അധികാര ഘടനകളുമായി ബന്ധമുള്ള ഒന്നാണ്. പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച പുസ്‌തകമെന്നാണ് ദല്‍ഹിയിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ബിസ്‌മില്ലയുടെ പുസ്‌തകത്തെക്കുറിച്ച് പറയുന്നത്. എന്നിട്ടും `വെടി കൊണ്ട ഗീലാനിയും അവന്റെ അനുജന്റെ പുസ്‌തകവും അവിടെ നില്‍ക്കട്ടെ, ഇവരുടെ ജീവിതത്തെക്കുറിച്ച് അരുന്ധതിയും നന്ദിത ഹക്‌സറും പറയട്ടെ' എന്ന് നമ്മുടെ മധ്യവര്‍ഗ-വരേണ്യ വായനക്കാരും അവരുടെ താല്‍പര്യങ്ങള്‍ നിലനിര്‍ത്തുന്ന പുസ്‌തക മാര്‍ക്കറ്റുകളും വിധിക്കുന്നു. ഈയൊരു തിരസ്‌കാരം കോടതി വെറുതെ വിട്ട അബ്‌ദുര്‍റഹ്‌മാന്‍ ഗീലാനിയെ ശിക്ഷിക്കുന്നതിന് തുല്യമാണ്. ബിസ്‌മില്ലയുടെ പുസ്‌തകത്തെ ക്രൂരമായി തമസ്‌കരിച്ച ബുദ്ധിജീവി മണ്ഡലവും അനുബന്ധ കുടില്‍ വ്യവസായങ്ങളും അടിസ്ഥാനപരമായി ജനാധിപത്യവാദികളാണോ? പൊതുമണ്ഡലത്തില്‍ സവിശേഷ സ്ഥാനമുള്ളവര്‍ മാത്രം സത്യത്തിന്റെയും നീതിയുടെയും വാക്കുകള്‍ ഉച്ചരിക്കുന്നുവെന്ന് പറയുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍, പൊതു മണ്ഡലത്തിന്റെ `പൊതു'വിനെ തീര്‍ച്ചയായും അടയാളപ്പെടുത്തുന്നുണ്ട്. അതായത് ഇവിടെ ജനാധിപത്യം, മതേതരത്വം ഇവയെക്കുറിച്ച് സംസാരിക്കുന്നത് തന്നെ ചിലതരം മേല്‍ക്കോയ്‌മകള്‍ നിലനിര്‍ത്താന്‍ വേണ്ടിയാണ്. വളരെ നിശ്ശബ്‌ദമായും ആസൂത്രിതമായും പൊതുമണ്ഡലത്തിന്റെയും ജനാധിപത്യ മതേതരവാദങ്ങളുടെയും ഒത്ത നടുവില്‍ നടക്കുന്ന ഈ വയലന്‍സ് ബൗദ്ധിക വംശഹത്യയാണ് എന്നു പറയേണ്ടിവരും. ബൗദ്ധിക വംശഹത്യ നടക്കുന്നത് നിങ്ങള്‍ക്ക് നിങ്ങളെ ജനാധിപത്യപരമായി സ്വയം പ്രതിനിധാനം ചെയ്യാന്‍ അവസരം ലഭിക്കാതിരിക്കുമ്പോഴാണ്.
സാഹിത്യം പോലുള്ള അങ്ങേയറ്റം ന്യൂട്രലാണെന്നു തെറ്റിദ്ധരിക്കപ്പെട്ട സാമൂഹിക സ്ഥാപനത്തിന്റെ പ്രതിനിധിയാണ് അരുന്ധതി റോയി. മതം എന്ന സ്ഥാപനത്തിലുപരി സാഹിത്യത്തിന് നിരവധി സൗജന്യങ്ങള്‍ നാം നല്‍കിയിട്ടുണ്ട്. ഇവിടെ സാഹിത്യ ജീവിതം പ്രാപഞ്ചിക സത്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്ന ഒന്നായി മാറുന്നു. അഞ്ചു നേരം നമസ്‌കരിച്ചോ താടി വെച്ചോ വല്ല സത്യവും പറഞ്ഞാല്‍ അത് കേള്‍പ്പിക്കാതിരിക്കാന്‍ തക്ക മെക്കാനിസമായി ആധുനിക ജനാധിപത്യ സെക്യുലര്‍ സ്റ്റേറ്റിന്റെ ഉപകരണങ്ങള്‍ വികസിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് ഗീലാനി തഴയപ്പെട്ടതും കശ്‌മീരി പണ്ഡിറ്റും ദല്‍ഹി ബ്യൂറോക്രാറ്റുകളുടെ തറവാട്ടുകാരിയുമായ നന്ദിത ഹക്‌സറും ബുക്കര്‍ ജേതാവായ അരുന്ധതി റോയിയും ഉയര്‍ന്ന ജാതിക്കാരനായ, തത്ത്വചിന്ത പ്രഫസറായ നിര്‍മലാംഷു മുഖര്‍ജിയും ആഘോഷിക്കപ്പെട്ടതും. ``ആധുനിക ജനാധിപത്യ സ്റ്റേറ്റിനകത്തെ അഭിപ്രായ സ്വാതന്ത്ര്യം ചില പ്രത്യേക രീതിയില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. അഭിപ്രായം എന്നാല്‍ ആധുനിക സ്റ്റേറ്റിനകത്ത് നേരത്തെ തയാര്‍ ചെയ്യപ്പെട്ടത് പറയലാണ്'' എന്ന് തലാല്‍ അസദ് തന്റെ ഫോര്‍മേഷന്‍സ് ഓഫ് ദ സെക്യുലര്‍: ക്രിസ്റ്റ്യാനിറ്റി, ഇസ്‌ലാം, മോഡേണിറ്റിയില്‍ (2003 Stanford University) പറയുന്നുണ്ട്. ഇന്ത്യയില്‍, അഭിപ്രായം പറയുന്ന സാമൂഹിക സ്ഥാനം തീര്‍ച്ചയായും ഉയര്‍ന്ന ജാതി ഹിന്ദുവിന്റേതാണ്. ഇത്തരമൊരു സാമൂഹിക സ്ഥാനത്തെ നിലനിര്‍ത്തുന്നതില്‍ ജാതി, സാഹിത്യം തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ നമ്മള്‍ പരിശീലിപ്പിക്കപ്പെട്ടത് ആര്‍ക്കും കയറി എന്തും വിളിച്ചു പറയാവുന്ന പാറപ്പുറമാണ് പൊതുമണ്ഡലം (public sphere) എന്നാണ്. ഇത്തരമൊരു പാറപ്പുറത്ത് നടക്കുന്ന ചര്‍ച്ചയാണ് യഥാര്‍ഥത്തില്‍ നമ്മള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം (free speech) എന്ന് കരുതുന്നത്. ഈയര്‍ഥത്തില്‍ പൊതുമണ്ഡലം, ആവിഷ്‌കാര സ്വാതന്ത്ര്യം (ഇവയെക്കുറിച്ച നമ്മുടെ സാമാന്യ ബോധങ്ങള്‍) മുസ്‌ലിംകളടക്കമുള്ളവരുടെ നിരവധി ശബ്‌ദങ്ങളെ നിശ്ശബ്‌ദമാക്കുന്നതിന്റെ ഒരു വ്യവഹാര പരിപാടി കൂടിയാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ പുസ്‌തകത്തിന്റെ ഉള്ളടക്കമല്ല ഇപ്പോഴുമിവിടെ പ്രശ്‌നം. പുസ്‌തകത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന അധികാര ഘടനകള്‍, നിര്‍വചനങ്ങള്‍ ഇവയൊക്കെ തന്നെയാണ്.
ബിസ്‌മില്ല ഗീലാനിയുടെ പുസ്‌തകത്തിന്റെ രണ്ടാമത്തെ പ്രത്യേകത, അതിന്റെ ഡോക്യുമെന്റേഷന്‍ ആണ്. അടിച്ചമര്‍ത്തപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്യുന്ന സാമൂഹിക വിഭാഗങ്ങള്‍ക്ക് മറവി കൂടുതലായിരിക്കും. ഈ മറവി അവരുടെ കുറഞ്ഞ സാംസ്‌കാരിക മൂലധനവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഈയര്‍ഥത്തില്‍ സ്വന്തം ചരിത്രത്തെ നിരന്തരം ഓര്‍മിക്കുക എന്നത് പിന്നാക്ക ജനവിഭാഗങ്ങളെ സംബന്ധിച്ച് വലിയ രാഷ്‌ട്രീയ പരിപാടിയാണ്. തീര്‍ച്ചയായും സാമൂഹികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് ഇത്തരം ശ്രമങ്ങളില്ലാതെ തന്നെ അത് സാധ്യമായെന്ന് വരുന്നു. എന്നാല്‍ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വേറിട്ട രീതിയില്‍ തന്നെ സ്വയം പ്രകാശനം നിര്‍വഹിക്കേണ്ടതായി വരുന്നു. കേരളത്തിലെ മുസ്‌ലിംകള്‍ ഇത്രയധികം പ്രസിദ്ധീകരണങ്ങള്‍ നടത്തുന്നതിന്റെയൊരു സാംസ്‌കാരിക വായന ഈയര്‍ഥത്തില്‍ നടത്താവുന്നതാണ്. പറഞ്ഞുവരുന്നത് `പൊതുവാകുക' എന്നത് ഉയര്‍ന്ന സാമൂഹികാധികാരത്തിന് കൈവരുന്ന ഒന്നാണ്. `വ്യത്യസ്‌തമാവുക' എന്നത് നിരന്തരം ഓര്‍മിക്കുന്നതിന്റെയും രീതിയാണ്. തീര്‍ച്ചയായും ക്രിയാത്മകമായ `വ്യത്യാസങ്ങള്‍' തന്നെയാണ് അര്‍ഥവത്തായ ജനാധിപത്യ സംസ്‌കാരത്തെ ഉണ്ടാക്കിയത്. ഈയര്‍ഥത്തില്‍ ഗീലാനിയുടെ പുസ്‌തകം കശ്‌മീരി മുസ്‌ലിം ജീവിതത്തിന്റെ വ്യത്യാസത്തെ ഊട്ടിയുറപ്പിക്കുകയും പുതിയ വൈജ്ഞാനിക ഈടുവെപ്പായി മാറുകയും ചെയ്യുന്നു.
പുസ്‌തകത്തെക്കുറിച്ച് അല്‍പം
ബിസ്‌മില്ല ഗീലാനിയുടെ പുസ്‌തകം സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ശ്രദ്ധേയമായ അവകാശപോരാട്ടത്തിന്റെ രേഖകളാണ്. പുസ്‌തകം മൂന്ന് ഭാഗങ്ങളിലായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഒന്നാമത്തെ ഭാഗം അബ്‌ദുര്‍റഹ്‌മാന്‍ ഗീലാനിയുടെ അറസ്റ്റും അനുബന്ധ പ്രശ്‌നങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്നു. രണ്ടാമത്തെ ഭാഗം ദല്‍ഹിയിലെ കശ്‌മീരികളുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ്. മൂന്നാമത്തെ ഭാഗത്ത് ആള്‍ ഇന്ത്യ ഗീലാനി ഡിഫന്‍സ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്‌താവനകളും ഗീലാനി തന്നെ ജയിലിനെക്കുറിച്ചും മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചും എഴുതിയ കത്തുകളും പ്രസ്‌താവനകളും ഒക്കെ സമാഹരിച്ചിരിക്കുന്നു.
ഒന്നാം ഭാഗത്ത് അബ്‌ദുര്‍റഹ്‌മാന്‍ ഗീലാനിയെന്ന അധ്യാപകനെ എങ്ങനെയാണ് മാധ്യമങ്ങളും പോലീസും ചേര്‍ന്ന് ഭീകരനാക്കിയതെന്ന് കാണിക്കുന്നു. ഹിന്ദു, ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങള്‍ വളരെ കൗശലപൂര്‍വം പോലീസ് ഭാഷ്യങ്ങള്‍ റിപ്പോര്‍ട്ടായി പുറത്തുകൊണ്ടുവരികയും ഗീലാനിയെ ഒരു `ഇന്റലക്‌ച്വല്‍ ടെററിസ്റ്റായി' നിലനിര്‍ത്തുകയും ചെയ്‌തു. ഖുര്‍ആന്‍, മദ്‌റസ, താടി, കശ്‌മീര്‍ ഇവ ഒരു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തില്‍ തന്നെ വരുന്നതോടു കൂടി അത് ഭീകരതയെക്കുറിച്ച ഹിസ്റ്റീരിയയെ നിരന്തരം ഊട്ടിയുറപ്പിക്കുന്നതായി മാറുന്നു. സംഭവത്തെ ദേശീയ മാധ്യമങ്ങള്‍ കുഴിച്ചുമൂടുന്നതിന്റെ ഒരു സാമ്പിള്‍ ബിസ്‌മില്ല ഗീലാനിയുടെ ശ്രദ്ധാപൂര്‍വമുള്ള ഡോക്യുമെന്റേഷന്‍ നമുക്ക് മനസ്സിലാക്കി തരുന്നു.
രണ്ടാമത്തെ ഭാഗം കശ്‌മീരി പണ്ഡിറ്റും ട്രേഡ് യൂനിയന്‍ നേതാവുമായ സമ്പത്ത് പ്രകാശുമായുള്ള അഭിമുഖം കൊണ്ട് ശ്രദ്ധേയമാണ്. ദീര്‍ഘകാലം കശ്‌മീരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ സമ്പത്ത് പ്രകാശ് ബിസ്‌മില്ല ഗീലാനിയുമായി നടത്തുന്ന ദീര്‍ഘ സംഭാഷണം നിരവധി വ്യാജനിര്‍മിതികള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ സഹായകമാണ്. കശ്‌മീരി പണ്ഡിറ്റുകളെ പീഡിപ്പിക്കുകയും ആട്ടിയോടിക്കുകയും ചെയ്‌തവരാണ് കശ്‌മീരി മുസ്‌ലിംകളെന്ന ദല്‍ഹി കേന്ദ്രീകരിച്ച് നടത്തുന്ന ഉപജാപങ്ങളെ സമ്പത്ത്, കശ്‌മീരിന്റെ ചരിത്രം മുന്‍നിര്‍ത്തി തള്ളിക്കളയുന്നു. കശ്‌മീരിലെ വയലന്‍സ് എന്നത് മതം, സംസ്‌കാരം ഇവയിലുപരി സ്റ്റേറ്റിന്റെ നയവുമായാണ് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നതെന്ന് സമ്പത്ത് പ്രകാശ് ചൂണ്ടിക്കാട്ടുന്നു. ഡോക്യുമെന്ററി നിര്‍മാതാവായ സഞ്‌ജയ് കാകിനെ പോലെ സമ്പത്ത് പ്രകാശും കശ്‌മീരി പണ്ഡിറ്റുകളെ മുന്‍നിര്‍ത്തി കശ്‌മീര്‍ മുസ്‌ലിംകളെ വേട്ടയാടുന്നതിന്റെ ചരിത്രപരമായ നീതികേടിനെ തുറന്നുകാട്ടുന്നുണ്ട്.
തുടര്‍ന്ന് രണ്ടാമത്തെ ഭാഗത്തുതന്നെ ദല്‍ഹി യൂനിവേഴ്‌സിറ്റിയിലെയും ജെ.എന്‍.യുവിലെയും കശ്‌മീരി വിദ്യാര്‍ഥികളുമായുള്ള അഭിമുഖം ചേര്‍ത്തിരിക്കുന്നു. എല്ലാ ആഗസ്റ്റ് പതിനഞ്ചിനും ജനുവരി ഇരുപത്താറിനും അവര്‍ പോലീസ് സ്റ്റേഷനിലാണ് ജീവിക്കുന്നത്. അതവര്‍ക്ക് ഒരു പതിവ് ചടങ്ങുപോലെയാണ്. ഇത്തരമൊരു അനീതിക്കെതിരെ പ്രതിഷേധിക്കാന്‍ നമുക്ക് പുരോഗമന രാഷ്‌ട്രീയത്തിന്റെ അപ്പോസ്‌തലന്മാരില്ല എന്നതും മനസ്സിലാക്കേണ്ടതുണ്ട്. നമ്മള്‍ പലപ്പോഴും വായിക്കുകയും അറിയുകയും ചെയ്യുന്നത് ശാരീരികമായി നടത്തപ്പെടുന്ന അതിക്രമങ്ങളാണ്. എന്നാല്‍ ദല്‍ഹിയിലെ തന്നെ കശ്‌മീരികള്‍ ഏറ്റുവാങ്ങുന്ന ദൈനംദിന അതിക്രമങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കാറില്ല. ശാരീരിക കൈയേറ്റങ്ങളും (Physical violence) ദൈനംദിന കൈയേറ്റങ്ങളും (daytoday violence) തമ്മിലുള്ള വ്യത്യാസങ്ങള്‍ രേഖപ്പെടുത്താനുള്ള സാമ്പ്രദായിക രീതികള്‍ ശാരീരിക വയലന്‍സിനെ മുന്‍നിര്‍ത്തിയാണ് രൂപപ്പെട്ടിട്ടുള്ളത്. തീര്‍ച്ചയായും ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍, ദലിതര്‍, ഇത്തരം സമുദായങ്ങളിലെ സ്‌ത്രീകള്‍ ഒക്കെ അനുഭവിക്കുന്ന വയലന്‍സിനെ മനസ്സിലാക്കാനുള്ള പുതിയ വഴികള്‍ ഇനിയും രൂപപ്പെടാനിരിക്കുന്നേയുള്ളൂ.
കശ്‌മീരി യുവാക്കളുടെ ഈ അനുഭവം ശ്രദ്ധിക്കുക. രണ്ട് കശ്‌മീരി യുവാക്കള്‍ ദല്‍ഹിയിലെ തിരക്കേറിയ ഒരു റോഡരികിലൂടെ നടന്നുപോവുകയായിരുന്നു. ഒരു ബൈക്ക് അവരെ ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റവരോട് നാട്ടുകാര്‍ വീടും പേരും ചോദിച്ചു. കശ്‌മീരികളാണെന്നറിഞ്ഞപ്പോള്‍ നിസ്സംഗരായി നടന്നുപോവാന്‍ തുടങ്ങി. പരിക്കേറ്റ കശ്‌മീരി യുവാക്കള്‍ തങ്ങളെ ഇടിച്ചുതെറിപ്പിച്ച ബൈക്കുകാരനോട് നഷ്‌ടപരിഹാരം ചോദിച്ചു. ഉടനെ അയാള്‍ അവരെ ആക്രമിച്ചു. ചുറ്റും കൂടിനിന്നവര്‍ കശ്‌മീരികള്‍ക്ക് ഇതുതന്നെ വേണം എന്നു കരുതി നോക്കി നിന്നു. ഇവരുടെ ദുരിതം തീര്‍ന്നില്ല. ആശുപത്രിയിലെത്തിയപ്പോള്‍ കശ്‌മീരികളായതിനാല്‍ ആയിരം രൂപ കൈക്കൂലി കൊടുക്കേണ്ടിയും വന്നു. തീര്‍ച്ചയായും കശ്‌മീരികള്‍ ദല്‍ഹി പോലീസിന്റെ സഹായം തേടില്ല. കാരണം അവരുടെ വലിയ അന്തകന്‍ ദല്‍ഹി പോലീസാണ്. ഇങ്ങനെ നിത്യജീവിതത്തില്‍ നടക്കുന്ന നിരന്തര കൈയേറ്റങ്ങളില്‍ നിശ്ശബ്‌ദരായി പോയവര്‍ ഒന്നു സംഘടിക്കാമെന്ന് കരുതിയാല്‍ തന്നെ അത് ഗൂഢാലോചന കുറ്റത്തിനു കീഴെ വരുന്നു. ഈയര്‍ഥത്തില്‍ വളരെ വ്യവസ്ഥാപിതമായി കശ്‌മീരി മുസ്‌ലിമിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഈ മനോഭാവം സ്വതന്ത്ര ചിന്താഗതി പുലര്‍ത്തുന്ന അക്കാദമീഷ്യന്മാരിലും അക്കാദമികളിലുമുണ്ട്.
1996-ല്‍ ബി.കോമിന് പഠിക്കാന്‍ വന്നതാണ് ബിസ്‌മില്ല ഗീലാനി. താനൊരു `ഭീകരവാദി'യുടെ സഹോദരനാവുമെന്നും അതുവഴി പത്തുവര്‍ഷത്തിനു ശേഷം ഭീകരതയും കശ്‌മീരും ജനാധിപത്യവുമൊക്കെ പ്രശ്‌നവത്‌കരിക്കുന്ന ഒരു പുസ്‌തകമെഴുതുമെന്നും അയാള്‍ ഒരിക്കലും കരുതിയിരുന്നില്ല. ഈ പുസ്‌തകം എഴുതാന്‍ ഫെല്ലോഷിപ്പ് കിട്ടുന്നത് ദല്‍ഹിയിലെ തന്നെ `സറായി' എന്ന ഗവേഷണ സ്ഥാപനത്തില്‍ നിന്നാണ്. ഇങ്ങനെ ചരിത്രം ബിസ്‌മില്ല ഗീലാനിയെ ഒരു ദൗത്യത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. ബിസ്‌മില്ല ഗീലാനി ഒടുവില്‍ `സറായി'യിലെ തന്റെ പേപ്പര്‍ പ്രസന്റേഷനെക്കുറിച്ചും പറയുന്നുണ്ട്. `രാഷ്‌ട്രീയം' എന്ന തലക്കെട്ടിലല്ല ഗീലാനിക്ക് ആ പേപ്പര്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടിയത്. മറിച്ച് `ദുരന്ത സംഭവങ്ങള്‍' എന്ന തലക്കെട്ടിനു കീഴെയാണ്. ദല്‍ഹിയിലെ ഉന്നതരായ ബൗദ്ധിക തൊഴിലാളികളുടെ ആ കേന്ദ്രം ബിസ്‌മില്ല ഗീലാനിയെ ഒതുക്കിയത് അങ്ങനെയാണ്. നിരന്തരം വയലന്‍സിനു വിധേയമാകുന്ന ഒരു കശ്‌മീരി മുസ്‌ലിം എങ്ങനെയാണ് ഏറ്റവും ജനാധിപത്യപരവും സെക്യുലറും പുരോഗമനപരവുമായ നമ്മുടെ സ്ഥാപനങ്ങളില്‍ പുതിയ രീതിയിലും ശൈലിയിലും വീണ്ടും ഇരയായി മാറുന്നുവെന്നത് ഇവിടെ ശ്രദ്ധേയമാണ്.
എന്നാല്‍ ഗീലാനിയുടെ പുസ്‌തകം ഇരയുടെ ദീനരോദനത്തെ മറികടന്ന് പുതിയ രീതിയില്‍ തന്റെ പ്രശ്‌നത്തെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വിജയിച്ചിരിക്കുന്നു.