Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


നമ്മുടെ ഭാവി വന്നണഞ്ഞിരിക്കുന്നു
അഹ്മദ് ദാവൂദ് ഒഗ്ലു

നമ്മുടെ ഭാവി വന്നണഞ്ഞിരിക്കുകയാണോ? അതെ എന്നു തന്നെ
എനിക്ക് നല്‍കാനുള്ള ഉത്തരം. ഭാവി സമാഗതമായിരിക്കുന്നു. വാസ്തവത്തില്‍ ഈ ഭാവി എത്തിച്ചേരാന്‍ അല്‍പം വൈകിപ്പോയി എന്നൊരു ഖേദമുണ്ട്. നമുക്കു ചുറ്റും നടന്നുകൊണ്ടിരിക്കുന്ന സമകാലിക സംഭവങ്ങളെ എങ്ങനെ വിശകലനം ചെയ്യാം എന്നുകൂടി നാം മനസ്സിലാക്കിയിരിക്കണം. തുര്‍ക്കിയുടെ വിദേശമന്ത്രി എന്ന നിലയിലല്ല ഈ സംഭവങ്ങളെ ഞാന്‍ അപഗ്രഥിക്കുന്നത്. മേഖലയിലെ ഒരു പൌരന്‍, അല്ലെങ്കില്‍ ഒരു ധിഷണാശാലി എന്ന നിലയിലാണ് ഞാന്‍ മേഖലയിലെ സംഭവവികാസങ്ങളെ വിശകലന വിധേയമാക്കുന്നത്. ഈ മേഖല എന്റേതു കൂടിയാണെന്നുള്ള സ്നേഹപൂര്‍വമായ തല്‍പരതയും ഈ വിശകലനത്തിനു പിന്നിലെ പ്രേരണയായി ഭവിക്കുന്നു.
മേഖലയിലെ പുതുസംഭവവികാസങ്ങളെ നാം ഏതു വിധമാണ് ഉള്‍ക്കൊള്ളുന്നത്, ഈ ദിശാമാറ്റങ്ങളോട് നാം ഏതുവിധം പ്രതികരിക്കണം, നമ്മുടെ സമീപനം എന്തായിരിക്കണം തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേ സമകാലീന സംഭവവികാസങ്ങളെ ശരിയായ വിധത്തില്‍ വിലയിരുത്താനാകൂ. യഥാര്‍ഥത്തില്‍ ഭൂതകാലവുമായി ബന്ധിച്ചു കൊണ്ടാവണം കാലിക സംഭവങ്ങളെ വിലയിരുത്തേണ്ടത് എന്ന് ഞാന്‍ കരുതുന്നു. ഇപ്പോഴത്തെ സംഭവങ്ങളെ അസാധാരണമെന്ന് ചിലര്‍ വിശേഷിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇവ അസാധാരണ സംഭവങ്ങളല്ല, സ്വാഭാവിക സംഭവങ്ങള്‍ മാത്രമാണ്. ചരിത്രത്തിന്റെ സ്വാഭാവികമായ ഒഴുക്കു മാത്രമാണിത്. സര്‍വവും പൊടുന്നനെ സംഭവിച്ചതു തന്നെയായിരുന്നു. എന്നാലും ചരിത്രത്തിന്റെ സ്വാഭാവിക ഗതിയിലുള്ള പ്രവാഹമാണിതെന്ന് കാണാന്‍ പ്രയാസമില്ല. മാറ്റത്തിന് കാത്തിരിക്കുകയായിരുന്നു ചരിത്രം. ഈ സന്ദര്‍ഭത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിലെ സംഭവവികാസങ്ങള്‍ പുനരവലോകനം ചെയ്യുന്നത് സംഗതമാകും.
കഴിഞ്ഞ നൂറ്റാണ്ടില്‍ രണ്ട് അസ്വാഭാവിക പ്രവണതകള്‍ സംഭവിക്കുകയുണ്ടായി. കോളനിവത്കരണമാണ് ആദ്യത്തേത്. രണ്ടാമത്തേത് ശീതയുദ്ധം. രണ്ടും രാഷ്ട്രങ്ങളെയും സമൂഹങ്ങളെയും വിഭജിച്ചു. ഈ മേഖലയെ ധ്രുവീകരിച്ചു. ഗോത്രങ്ങളെയും സമുദായങ്ങളെയും പരസ്പരം അകറ്റിയ കോളനിവല്‍കരണം അവ തമ്മില്‍ നിലനിന്ന സ്വാഭാവിക ബന്ധങ്ങളെ വെട്ടിമാറ്റി. ഉദാഹരണമെന്ന നിലയില്‍ സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളുടെ കാര്യമെടുക്കാം. സിറിയയെ ഫ്രാന്‍സ് കോളനിയാക്കിയപ്പോള്‍ ഇറാഖിനെ ബ്രിട്ടനാണ് സ്വന്തമാക്കിയത്. അതോടെ ദമസ്കസും ബഗ്ദാദും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങള്‍ നിലച്ചു. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വ്യാപാര ബന്ധങ്ങളും അവസാനിച്ചു.
ശീതയുദ്ധം എന്ന അസ്വാഭാവിക പ്രവണത വഴിയും രാജ്യങ്ങള്‍ പരസ്പരം അകന്നു. പല രാജ്യങ്ങളും വിഭജിക്കപ്പെട്ടു. യമന്‍ ദക്ഷിണ-ഉത്തര യമനുകളായി. നൂറ്റാണ്ടുകളായി സ്നേഹത്തോടെ സഹവര്‍ത്തിച്ചിരുന്ന രാജ്യങ്ങള്‍ ശത്രുക്കളായി. തുര്‍ക്കിയും സിറിയയും ഉദാഹരണം. സിറിയ സോവിയറ്റ് ചേരിയിലും തുര്‍ക്കി നാറ്റോയിലുമായതോടെ രണ്ടും ശത്രുക്കളെപ്പോലെ പെരുമാറി. തങ്ങളുടെ അതിരുകള്‍ രാഷ്ട്രത്തിന്റെ അതിരുകള്‍ എന്നതിനേക്കാള്‍ ചേരികളുടെ അതിരുകളായി. ചരിത്രത്തിന്റെ സ്വാഭാവിക പ്രവാഹത്തെ വീണ്ടെടുക്കേണ്ട ഘട്ടമാണിത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തന പ്രക്രിയകള്‍ വൈകിപ്പോയ ചലനങ്ങളായാണ് ഞാന്‍ വിലയിരുത്തുന്നത്. കിഴക്കന്‍ യൂറോപ്പിലേതുപോലെ '90-കളില്‍ തന്നെ ഈ പ്രക്രിയകള്‍ ആരംഭിക്കേണ്ടതായിരുന്നു. പക്ഷേ, അറബ് രാജ്യങ്ങള്‍ ജനാധിപത്യത്തിന് അര്‍ഹമല്ല എന്ന് ചിലര്‍ പ്രചരിപ്പിക്കുകയുണ്ടായി. അറബ് രാജ്യങ്ങളില്‍ തല്‍സ്ഥിതി നിലനില്‍ക്കാന്‍ ഏകാധിപത്യ ഭരണകൂടങ്ങളാണ് വേണ്ടതെന്നും ഇക്കൂട്ടര്‍ വാദിക്കുകയുണ്ടായി. ഇസ്ലാമിക സമൂല വിപ്ളവകാരികള്‍ക്ക് തടയിടുകയായിരുന്നു അതിനു പിന്നിലെ ലക്ഷ്യം. സ്വന്തം ജനാധിപത്യത്തില്‍ അഭിമാനം നടിച്ചിരുന്ന ചില രാജ്യങ്ങള്‍ അറബ് ദേശങ്ങളില്‍ ജനാധിപത്യം വരുന്നതിനെ എതിര്‍ത്തു. ജനാധിപത്യം ചില റിസ്കുകള്‍ക്കും കൂടി കാരണമാകുമെന്ന് അവര്‍ പ്രചരിപ്പിക്കുകയും ചെയ്തു. അത് മേഖലയില്‍ അരക്ഷിതാവസ്ഥക്ക് കാരണമാകുമെന്നും അവര്‍ വാദിച്ചു. ഇല്ല, അങ്ങനെ സംഭവിക്കില്ല എന്ന് നമുക്ക് ഖണ്ഡിതമായി പറയാന്‍ സാധിക്കും. ഓരോ തുര്‍ക്കിക്കാരനും ഓരോ തുനീഷ്യക്കാരനും ഓരോ അറബിക്കും സ്വന്തം മണ്ണില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഇപ്പോള്‍ നമുക്ക് തീര്‍ത്ത് പറയാന്‍ സാധിക്കും. ജനാധിപത്യത്തിന്റെ നന്മകളില്‍ നമുക്ക് വിശ്വാസമുണ്ട്. മറ്റാരേക്കാളും ജനാധിപത്യം അര്‍ഹിക്കുന്നവരാണ് നമ്മള്‍. മേഖല പുതിയ കാലത്തിലേക്കു ചുവടുവെക്കുകയാണ്. ആശയാവലികള്‍ മാറുകയാണ്. ചരിത്രത്തിന്റെ സ്വാഭാവികമായ പരിവര്‍ത്തനം. ജനങ്ങളുടെ മഹത്തായ ഈ അഭിലാഷങ്ങളെ ബഹുമാനിക്കാന്‍ സര്‍വരും തയാറാകട്ടെ.
അകലുകയും വിഭജിക്കപ്പെടുകയും ചെയ്ത മേഖലയിലെ സമൂഹങ്ങളും ഗോത്രങ്ങളും വിഭാഗങ്ങളും തമ്മിലുള്ള പാരസ്പര്യം വീണ്ടെടുക്കപ്പെടേണ്ടതുണ്ട്. ചരിത്രപരമായ ആ ദൌത്യം നന്നായി ഗ്രഹിക്കാന്‍ സാധിക്കുന്നവര്‍ തന്നെയാണ് ചരിത്രത്തെ നിര്‍ണയിക്കുന്ന നേതൃശക്തികളായി പരിണമിക്കുക.
ഭൂതകാലം അസ്വാഭാവികതകള്‍ നിറഞ്ഞതാണെങ്കില്‍ നമ്മുടെ ഭാവി എന്തായിരിക്കും. വര്‍ത്തമാനത്തെ ചരിത്രത്തിന്റെ സ്വാഭാവിക പ്രവാഹമായി നാം തിരിച്ചറിയുന്നുണ്ടെങ്കില്‍ ഭാവിയിലേക്ക് നമുക്ക് ഒരു പൊതുലക്ഷ്യവും അനിവാര്യമാണ്. ഒരേ ഭാഗധേയം പങ്കിടുന്നവരാണ് നാം. സമാനലക്ഷ്യവും സമാനഭാഗധേയവുമാണ് നമ്മുടേതെന്ന ബോധം ഭാവിയെ രൂപപ്പെടുത്താനുള്ള കരുത്തായി വര്‍ത്തിക്കാതിരിക്കില്ല. ഈ പൊതുഭാഗധേയ ബോധം പങ്കിട്ടുകൊണ്ടാണ്, ഇസ്രയേലിന്റെ ഗസ്സാ ആക്രമണത്തിനെതിരെ തുര്‍ക്കി പ്രധാനമന്ത്രി റജബ് ഉര്‍ദുഗാന്‍ ഡാവോസില്‍ ശക്തിയായി പ്രതികരിച്ചത്. ഗസ്സയിലേക്കുള്ള സിവിലിയന്‍ കപ്പലിനെ ഇസ്രയേല്‍ ആക്രമിച്ച് തകര്‍ത്തപ്പോള്‍ ഈ പൊതുബോധം മേഖലയിലൊന്നടങ്കം ദൃശ്യമാവുകയുണ്ടായി. അല്‍ജസീറയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ചേര്‍ന്ന് സാക്ഷാത്കരിച്ച ടെലികമ്യൂണിക്കേഷന്‍ വിപ്ളവം ഈ പൊതുബോധത്തെ കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുന്നു. ഇത്തരമൊരു പൊതുബോധം മേഖലയിലുടനീളം വ്യാപിച്ചിരിക്കുന്നു എന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. ചരിത്രത്തിന്റെ ഈ സ്വതസിദ്ധ പ്രവാഹത്തോട് പ്രതികരിക്കുമ്പോള്‍ നാം ഏതു തത്ത്വങ്ങളെയാണ് ആധാരമാക്കേണ്ടത്? ഏതുവിധമാവണം നമ്മുടെ സമീപനം? മേഖലയില്‍ ഒരു രാഷ്ട്രീയ സൂനാമി സംഭവിച്ചതായി തുടക്കത്തില്‍ മാധ്യമങ്ങള്‍ വിലയിരുത്തുകയുണ്ടായി. സൂനാമിയോ ഭൂകമ്പമോ സംഭവിക്കുന്ന പക്ഷം നാം എന്തു രക്ഷാപ്രവര്‍ത്തനങ്ങളാണ് സ്വീകരിക്കാറുള്ളത്? '99-ല്‍ തുര്‍ക്കിയിലും ഇപ്പോള്‍ ജപ്പാനിലും ഭൂകമ്പങ്ങള്‍ അരങ്ങേറുകയുണ്ടായി. അപ്പോള്‍ ജനങ്ങളുടെ പ്രാണന്‍ രക്ഷിക്കാന്‍ അടിയന്തര പദ്ധതികള്‍ ആവിഷ്കരികപ്പെടുകയുണ്ടായി. ജനജീവിതം സാധാരണനിലയിലാക്കാനും നഗരങ്ങളും കെട്ടിടങ്ങളും പദ്ധതികളും പുനര്‍നിര്‍മിക്കാനും യജ്ഞങ്ങള്‍ നടത്തുകയുണ്ടായി.
പക്ഷേ, പുനര്‍നിര്‍മാണത്തിന് ആദ്യമായി വേണ്ടത് പ്ളാന്‍ തന്നെ. മനസ്സില്‍ സമ്പൂര്‍ണമായൊരു പദ്ധതി വിഭാവന ചെയ്യേണ്ടതുണ്ട്. അത് പ്രാവര്‍ത്തികമാക്കുമെന്ന ആത്മവിശ്വാസവും നിങ്ങള്‍ക്കുണ്ടായിരിക്കണം. നമ്മുടെ ഭവനങ്ങള്‍ നമുക്കു തന്നെ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. മേഖലയെ പുനര്‍നിര്‍മിക്കാന്‍ ആദ്യം വേണ്ട മനഃശാസ്ത്രപരമായ പ്രമാണം ആത്മ വിശ്വാസമാണ്. ആത്മവിശ്വാസമുണ്ടാകാന്‍ ആദ്യം അന്തസ്സുണ്ടാവണം. മേഖലയിലെ ജനങ്ങള്‍ -സാധാരണക്കാരനും ബുദ്ധിജീവിയുമെല്ലാം- അന്തസാണാഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം ഹംഗേറിയന്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇതേ കാര്യങ്ങള്‍ തന്നെയാണ് ഞാന്‍ സംസാരിച്ചത്. സാധാരണക്കാരനായ ഒരു ഈജിപ്തുകാരന്‍ അല്ലെങ്കില്‍ അറബ് ബുദ്ധിജീവി പണമോ ആഡംബര വസ്തുക്കളോ അല്ല ആഗ്രഹിക്കുന്നത്. അവന് വേണ്ടത് അന്തസും ആത്മാഭിമാനവുമാണ്. അന്തസ് എന്നതാണ് ഇന്നിന്റെ നിര്‍ണായകമായ പരികല്‍പന.
ദശകങ്ങളായി നമ്മെ പലരും അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു. വിവിധ കാരണങ്ങളാല്‍ നാം നിന്ദിക്കപ്പെട്ടു. തഹ്രീര്‍ ചത്വരത്തിലുള്ളവര്‍ അന്തസിനുവേണ്ടിയാണ് ശബ്ദിച്ചത്. തുനീഷ്യക്കാര്‍ ആത്മാഭിമാനത്തിനുവേണ്ടിയാണ് ജീവന്‍ ബലിനല്‍കിയത്. സാധാരണ അറബി അന്തസോടെ ചരിത്രത്തിലേക്ക് പ്രവേശിക്കുന്ന ദൃശ്യമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അവനെ നാം ആദരിക്കുക.
കഴിഞ്ഞയാഴ്ച ഞാന്‍ തുര്‍ക്കി പ്രസിഡന്റ് അബ്ദുല്ല ഗുലിനോടൊപ്പം ഈജിപ്ത് സന്ദര്‍ശിക്കുകയുണ്ടായി. സൈനിക കൌണ്‍സില്‍ അംഗങ്ങളുമായും യുവ രാഷ്ട്രീയ നേതാക്കളുമായും ഞങ്ങള്‍ക്ക് സംഭാഷണം നടത്താന്‍ കഴിഞ്ഞു. വിപ്ളവത്തില്‍ പങ്കെടുത്ത മുസ്ത്വഫ മര്‍ജാന്‍, റഹ്മാന്‍ സമീര്‍, ദാലിയ ഹുസൈന്‍ തുടങ്ങിയ യുവജനങ്ങളുമായുള്ള സംഭാഷണം ഇപ്പോഴും എന്റെ സ്മരണയിലുണ്ട്. അവരുമായുള്ള സംഭാഷണം എന്നെ കൂടുതല്‍ ശുഭാപ്തി വിശ്വാസക്കാരനാക്കിയിരിക്കുന്നു. ഭാവിയെ സംബന്ധിച്ച് എനിക്ക് കൂടുതല്‍ വ്യക്തതയുള്ള ചിത്രം തെളിഞ്ഞുകിട്ടുകയും ചെയ്തു. ഈജിപ്തിന്റെ ഭാവിയാണ് ഈ തലമുറ. ചരിത്രം എത്തിച്ചേര്‍ന്നോ ഇല്ലയോ എന്ന് അവരാകും നിര്‍ണയിക്കുക. അവര്‍ക്കും നാടിനും വേണ്ടത് എന്താണെന്നവര്‍ക്കറിയാം. അന്തസാണ് അവര്‍ ആഗ്രഹിക്കുന്നത്. അവരെ ഹൃദയപൂര്‍വം ഞാന്‍ അഭിവാദ്യം ചെയ്യുകയാണ്. അവരെ നാം സൂക്ഷ്മമായി ശ്രദ്ധിക്കുകയും പരിഗണിക്കുകയും വേണം. കാരണം അവരാണ് നമ്മുടെ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നത്. നമ്മുടെ ദേശങ്ങളുടെ ഭാവി നിര്‍ണയിച്ചുകൊണ്ടിരിക്കുക അവര്‍ തന്നെ. അതുകൊണ്ട് നിശ്ശബ്ദരായ യുവാക്കളെയല്ല നമുക്ക് വേണ്ടത്. സക്രിയരായ യുവത്വത്തെയാണ് നമുക്ക് വേണ്ടത്. വിമര്‍ശിക്കുന്ന യുവത്വത്തെ. ചോദ്യം ചെയ്യുന്ന യുവാക്കളെ. അവരുടെ വിമര്‍ശനങ്ങള്‍ക്ക് നാം ചെവി നല്‍കണം. കാരണം അവരുടെ ഭാവിയാണ് നാം പ്ളാന്‍ ചെയ്യുന്നത്, നമ്മുടെ ഭാവിയല്ല. മേഖലയിലെ ചരിത്രമുഹൂര്‍ത്തമാണിത്. 1980-കളിലെ കിഴക്കന്‍ യൂറോപ്പിലെ യുവജനമുന്നേറ്റങ്ങള്‍ ആദരിക്കപ്പെട്ടെങ്കിലും മേഖലയിലെ ഈ യുവ ചലനങ്ങളും ബഹുമാനിക്കപ്പെടണം. മാറ്റവും പരിവര്‍ത്തനവും സാമൂഹിക അനിവാര്യതയായി അംഗീകരിച്ചേ മതിയാകൂ എന്നതാണ് രണ്ടാമത്തെ പ്രമാണം.
തുനീഷ്യയില്‍ പര്യടനം നടത്തവെ നിരവധി പാര്‍ട്ടി നേതാക്കളുമായി ഞാന്‍ നേരിട്ട് ആശയവിനിമയം നടത്തുകയുണ്ടായി. ഇബ്നുഖല്‍ദൂന്റെ പൌത്രന്മാരാണ് നിങ്ങളെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഇബ്നു ഖല്‍ദൂന്റെ അനന്തരാവകാശികള്‍ മികച്ച ഭരണ സമ്പ്രദായത്തിന് ഏറ്റവും അവകാശപ്പെട്ടവരാണെന്നും ഞാന്‍ വിശദീകരിച്ചു. ചരിത്രത്തെ വ്യാഖ്യാനിച്ച ഇബ്നു ഖല്‍ദൂന്റെ ശിഷ്യന്മാരായ നമുക്ക്, മാറ്റങ്ങള്‍ അനിവാര്യതയാണെന്ന ബോധ്യമുണ്ട്. ചരിത്രത്തിന്റെ പരിവര്‍ത്തന പ്രവാഹത്തെ തടയാന്‍ ശ്രമിക്കുന്നവരുടെ അന്ത്യം പരാജയമായിരിക്കും. ചരിത്രത്തെ തടയാന്‍ ഒരു നേതാവും പ്രാപ്തനല്ല. ശീതയുദ്ധം നിലനിര്‍ത്തണമെന്ന ആ പഴയ യുക്തിയും അപ്രസക്തമാണ്. രാജ്യത്തിന്റെ സ്ഥിരതക്ക് ഇന്ന വ്യക്തിയുടെ ഭരണം അനിവാര്യമാണെന്ന മുന്‍വിധിയും നാം ഉപേക്ഷിക്കേണ്ടതുണ്ട്. വ്യക്തിയല്ല, ജനങ്ങളാണ് സ്ഥിരതയുടെ ഗ്യാരണ്ടി.
നാം നമ്മെയും നമ്മുടെ ദേശത്തെ അഥവാ ജനങ്ങളെയാകണം വിശ്വസിക്കേണ്ടതന്ന് പ്രസിഡന്റ് ഗുല്‍ നിര്‍ദേശിച്ചത് ചിന്തോദ്ദീപകമാണ്. പ്രസിഡന്റ് പദത്തില്‍ എക്കാലവും ഗുല്‍ ഉണ്ടായിരിക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല. നാം ഒരു ദേശത്തെ പൌരന്മാരാണ്. ഈ ദേശമോ ഈ ഗവണ്‍മെന്റോ നിലനില്‍ക്കുന്നത് ഏതെങ്കിലും ഒരു വ്യക്തിയുടെ കരങ്ങളിലാണ് എന്നു കരുതുന്നുവെങ്കില്‍ അത് ശുദ്ധമായ അബദ്ധം മാത്രം. ഒരു രാഷ്ട്രത്തലവന്‍ അങ്ങനെ കരുതുമ്പോള്‍ അയാള്‍ക്ക് തന്റെ ജനങ്ങളില്‍ വിശ്വാസമില്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്. അയാള്‍ ദേശത്തിന്റെ കൂട്ടായ വീക്ഷണത്തെ പരിഗണിക്കുന്നില്ല, രാജ്യത്തിന്റെ പൊതുവായ യുക്തിയെ മാനിക്കില്ല എന്നു കൂടിയാണ് അതിന്റെ വിവക്ഷ. ഇസ്ലാമിക സംജ്ഞ ഉപയോഗിച്ച് പറഞ്ഞാല്‍ അയാള്‍ ഇജ്മാഇല്‍ വിശ്വാസമര്‍പ്പിക്കുന്നില്ല.
മൂന്നാമതായി, ചില രാഷ്ട്രീയ പ്രവണതകള്‍ക്ക് നാം സ്ഥാനം നല്‍കേണ്ടതുണ്ട്. സുരക്ഷക്കും സ്വാതന്ത്യ്രത്തിനുമിടയില്‍ സന്തുലനം നിലനിര്‍ത്തുന്നതാകണം പരിവര്‍ത്തനം എന്ന പ്രമാണമാണ് ഇതില്‍ പരമപ്രധാനം. 2002-ല്‍ തുര്‍ക്കിയില്‍ എ.കെ പാര്‍ട്ടി ഗവണ്‍മെന്റ് നിലവില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി റജബ് ഉര്‍ദുഗാന്‍ തന്റെ പ്രഥമ പ്രഭാഷണത്തില്‍ അക്കാര്യം വ്യക്തമാക്കുകയുണ്ടായി. സ്വാതന്ത്യ്രവും സുരക്ഷയും തമ്മിലുള്ള സന്തുലനം ഗവണ്‍മെന്റിന്റെ ലക്ഷ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഈ പ്രഖ്യാപനം രാഷ്ട്രീയ തത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണമായി ഞങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. മനുഷ്യ ചരിത്രത്തിലുടനീളം സ്വാതന്ത്യ്രം, സുരക്ഷ എന്നീ രണ്ട് ലക്ഷ്യങ്ങള്‍ക്കു വേണ്ടി മാനവരാശി പരിശ്രമിച്ചതായി കാണാന്‍ സാധിക്കും.
ഒന്നിനു വേണ്ടി മറ്റൊന്നിനെ അവഗണിക്കാനാകില്ല. സ്വാതന്ത്യ്രത്തിനു വേണ്ടി സുരക്ഷയെ ബലി കഴിക്കുന്നപക്ഷം കലാപമാകും പരിണതഫലം. സുരക്ഷക്കു വേണ്ടി സ്വാതന്ത്യ്രത്തെ ബലിയേകുന്നുവെങ്കിലോ? ഏകാധിപത്യമാകും ഫലം. അത്തരം ഭരണവ്യവസ്ഥക്കു കീഴില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുകയും ചെയ്യും.
സ്റേറ്റിനോടൊപ്പം ജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പുവരുത്തണം. സ്റേറ്റും സുരക്ഷയും ഒരുമിച്ചുണ്ടാവുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുമ്പോള്‍ മാത്രമേ ഒരു ഭരണകൂടത്തിന് അല്ലെങ്കില്‍ സ്റേറ്റിന് പരമമായ ലക്ഷ്യം കൈവരിച്ചു എന്ന് അവകാശപ്പെടാന്‍ കഴിയൂ. അതുപോലെ സുരക്ഷയും സ്വാതന്ത്യ്രവും ഒരുമിച്ച് സാക്ഷാത്കരിക്കപ്പെടണം. സുരക്ഷക്ക് ബദലായി സ്വാതന്ത്യ്രത്തെയോ സ്വാതന്ത്യ്രത്തിന് പകരമായി സുരക്ഷയെയോ സ്ഥാപിക്കാന്‍ വയ്യ. ദേശീയ സുരക്ഷ നിലനിര്‍ത്തുന്നതിന് സ്വാതന്ത്യ്രം വെട്ടിക്കുറക്കണം എന്ന തെറ്റായ പാഠം നേരത്തെ തുര്‍ക്കിയില്‍ അഭ്യസിക്കപ്പെട്ടിരുന്നു. അത് ശരിയല്ലെന്ന് ഞങ്ങള്‍ വാദിച്ചു. സുരക്ഷക്കു വേണ്ടി സ്വാതന്ത്യ്രത്തെ ബലികഴിക്കാന്‍ പാടില്ലെന്ന് ഞങ്ങള്‍ ഉറക്കെ പ്രഖ്യാപിച്ചു. കൂടുതല്‍ സ്വാതന്ത്യ്രം ലഭിക്കുന്നതുകൊണ്ട് സുരക്ഷാമണ്ഡലം കൂടുതല്‍ ഭദ്രമാകുമെന്ന് ഞങ്ങള്‍ ചൂണ്ടിക്കാട്ടി. സ്വാതന്ത്യ്രം വര്‍ധിക്കുമ്പോള്‍ രാഷ്ട്രത്തോടുള്ള വ്യക്തിയുടെ ബന്ധം കൂടുതല്‍ സുദൃഢമാകും. എന്നാല്‍, ജനങ്ങള്‍ സുരക്ഷക്ക് ഭീഷണിയാണെന്ന് സ്റേറ്റ് ചിന്തിക്കുന്നിടത്ത് സ്റേറ്റിന്റെ അന്ത്യമായിരിക്കും സംഭവിക്കുക. അതുകൊണ്ട് സ്വന്തം പൌരന്മാരെ ഭീഷണിയായി കാണുന്ന സങ്കല്‍പം ഞങ്ങള്‍ ഉപേക്ഷിച്ചു. ഒരു സാഹചര്യത്തിലും പൌരന്മാരെ ഭീഷണിയായി സ്റേറ്റ് കണക്കാക്കരുത്.
രണ്ടാമതായി, അയല്‍ രാഷ്ട്രങ്ങളുമായി പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കാതിരിക്കുക എന്ന പ്രമാണമാകണം നാം പാലിക്കേണ്ടത്. പുറത്തുനിന്ന് ഭീഷണി ഉയരാനുള്ള സാധ്യത ഇതുവഴി ഇല്ലാതാക്കാം. ആഭ്യന്തരമോ വൈദേശികമോ ആയ ഭീഷണി നിത്യേന ഉയരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് പിന്നെ ശാന്തമായി ജീവിക്കുക ദുഷ്കരമാകും. ഭീഷണികളെ എങ്ങനെ നേരിടുമെന്ന് ദിനേന തലപുകച്ചുകൊണ്ടിരിക്കേണ്ട ദുര്‍ഗതിയിലാകും നിങ്ങള്‍. അതിനാല്‍ പുതിയ ഭരണകര്‍ത്താക്കള്‍ അയല്‍ രാജ്യങ്ങളെ സഹോദര രാജ്യങ്ങളായി പരിഗണിക്കുന്നതാകും കരണീയം.
രാഷ്ട്രീയം വഴി നാം എന്തു ലക്ഷ്യമിടുന്നു. രാഷ്ട്രം ലക്ഷ്യമല്ല. അത് ലക്ഷ്യസാക്ഷാത്കാരത്തിനുള്ള ഉപകരണം മാത്രം. രാഷ്ട്രത്തിന്റെ ക്ഷേമവും സന്തോഷവും ആയിരിക്കണം നിങ്ങളുടെ ലക്ഷ്യം. ദാര്‍ശനികനും രാഷ്ട്രീയ ചിന്തകനുമായ ഫാറാബിയുടെ അല്‍ മദീനത്തുല്‍ ഫാദില (ക്ഷേമനഗരം) എന്ന സങ്കല്‍പം ഓര്‍മിക്കുക. അപ്പോള്‍ രാഷ്ട്രീയത്തിന്റെ അധികാര ശക്തിയേക്കാള്‍ പ്രാധാന്യം കല്‍പിക്കേണ്ടത് രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ക്കാണെന്ന് സിദ്ധിക്കുന്നു. അധികാരം ആവിയായിപ്പോകാം. പക്ഷേ, മൂല്യങ്ങള്‍ അവിടെ അവശേഷിക്കും. ഏതൊക്കെയാണ് ഈ മൂല്യങ്ങള്‍? സുതാര്യത, ഉത്തരവാദപ്പെട്ടിരിക്കല്‍ (അരരീൌിമേയശഹശ്യ), നിയമവാഴ്ച, പ്രതിനിധാനം തുടങ്ങിയവയാണ് ഈ മൂല്യ പ്രമാണങ്ങള്‍. രാഷ്ട്രീയ ജീവിതത്തില്‍ ഈ മൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടത്. അധികാരം മാറ്റത്തിനു വിധേയമാകും. പക്ഷേ, മൂല്യങ്ങളെ മാറാതെ നിലനിര്‍ത്തേണ്ടതുണ്ട്. ഈ മൂല്യങ്ങള്‍ മുസ്ലിം സമൂഹത്തിന് അന്യമാണ് എന്ന് കരുതേണ്ട. ഖലീഫ ഉമറിന്റെ ഭരണരീതികള്‍ പരിശോധിച്ചു നോക്കുക. സുതാര്യതയും അക്കൌണ്ടബിലിറ്റിയും നിയമവാഴ്ചയും ജനങ്ങളുടെ പ്രാതിനിധ്യവുമെല്ലാം അദ്ദേഹം നിലനിര്‍ത്തിയ മൂല്യങ്ങളാണെന്നു കാണാം. ആ മൂല്യങ്ങളെ ഇസ്ലാമിക ഭരണക്രമത്തിന്റെ ഭാഗഭാക്കാക്കുകയുണ്ടായി അദ്ദേഹം. ഇവ മാനവിക മൂല്യങ്ങള്‍ കൂടിയാണ്. അതിനാല്‍ മുസ്ലിം സമൂഹത്തിന്റെ ജനാധിപത്യവത്കരണമോ ഇത്തരം മൂല്യങ്ങളുടെ സംസ്ഥാപനമോ നമുക്കന്യമല്ല. ഈ മൂല്യങ്ങളെ നാം എക്കാലത്തും മാനിക്കേണ്ടിയിരിക്കുന്നു.
മൂന്നാമതായി, സാമൂഹിക രാഷ്ട്രീയ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയോ തകര്‍ക്കുകയോ ചെയ്യാന്‍ പാടില്ല എന്ന തത്ത്വം ഉയര്‍ത്തിപ്പിടിക്കേണ്ടത് അനുപേക്ഷണീയമാണ്. വിപ്ളവത്തിന് സര്‍വസംഹാരം എന്ന് അര്‍ഥം കല്‍പിക്കരുത്. തുടര്‍ച്ചാബോധം നഷ്ടപ്പെട്ടാല്‍ ലക്ഷ്യം തന്നെ നാം വിസ്മരിച്ചുപോകും. ഈജിപ്തിലെ സൈനിക നിലപാട് ഒന്നാന്തരം മാതൃകയായിരുന്നു. അവര്‍ പ്രക്ഷോഭങ്ങളെ, അഥവാ ജനങ്ങളെ വെടിവെച്ചു കൊല്ലാന്‍ മുതിര്‍ന്നില്ല. പരിവര്‍ത്തനദശയിലെ ധാരാളം അനുഭവങ്ങളിലൂടെ ഞങ്ങള്‍ തുര്‍ക്കികള്‍ കടന്നുപോവുകയുണ്ടായി. സിവിലിയന്‍ രാഷ്ട്രീയക്കാരിലേക്ക് അധികാരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ഔദ്യോഗിക സ്ഥാപനങ്ങള്‍ അവര്‍ തകര്‍ക്കാന്‍ ശ്രമിച്ചില്ല. അതേസമയം മറിച്ചുള്ള അനുഭവമാണ് ഇറാഖിലേത്. അധിനിവേശത്തെത്തുടര്‍ന്ന് അവിടെ അധികാര മാറ്റമുണ്ടായി. അതോടൊപ്പം ഔദ്യോഗിക സംവിധാനങ്ങള്‍ തകര്‍ക്കപ്പെട്ടു. സൈനിക വിഭാഗങ്ങളെ വരെ പിരിച്ചുവിട്ടു. അതോടെ അരാജകത്വം നടമാടി. പരിവര്‍ത്തനങ്ങള്‍ ക്രമബദ്ധമാകണമെന്നാണ് ഇത് നല്‍കുന്ന സന്ദേശം.
നാലാമതായി, രാഷ്ട്രത്തിന്റെ നിയമാനുസൃത പദവി, ഭൂപ്രദേശപരമായ അഖണ്ഡത എന്നിവയില്‍ മാറ്റമുണ്ടാക്കരുത് എന്ന പ്രമാണം പാലിക്കപ്പെടണം. വിഭജനങ്ങളും ഭിന്നതകളും ഇപ്പോള്‍ തന്നെ മേഖലയില്‍ വേണ്ടതിലേറെയുണ്ട്. രാജ്യങ്ങളെ ഇനിയും പുതുതായി വിഭജിക്കുകയോ വെട്ടിമുറിക്കുകയോ അരുത്. കൂടുതല്‍ ഏകീകരണമാണ് ഇപ്പോള്‍ അനിവാര്യം. മാറ്റങ്ങള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ രാജ്യത്തെ വിഭജിക്കാന്‍ ആരും പ്രയത്നിക്കരുത്. കൊളോണിയല്‍ ശക്തികള്‍ വിഭജിച്ചും ഭിന്നിപ്പിച്ചും മേഖലയെ ദുര്‍ബലമാക്കുകയുണ്ടായി. ഇനിയും നമ്മുടെ രാഷ്ട്രങ്ങള്‍ ദുര്‍ബലരായിക്കൂടാ. കരുത്തന്‍ രാജ്യങ്ങളെയാണ് നമുക്ക് വേണ്ടത്. ഭരണമാറ്റം സംഭവിച്ച നാടുകള്‍ കൂടുതല്‍ കരുത്താര്‍ജിക്കും. കാരണം, അവിടങ്ങളിലെ പുതിയ ഭരണകര്‍ത്താക്കള്‍ ജനങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നവരായിരിക്കും.
നമ്മുടെ പ്രശ്നപരിഹാരത്തിന് വൈദേശിക ശക്തികള്‍ ആവശ്യമില്ല എന്നതാണ് അഞ്ചാമത്തെ പ്രധാന കാര്യം. വിദേശികള്‍ സ്വന്തം മണ്ണിലെ കാര്യങ്ങള്‍ തീരുമാനിക്കട്ടെ. മാറ്റങ്ങള്‍ അതാതിടങ്ങളിലെ ജനങ്ങളാണ് സാക്ഷാത്കരിക്കേണ്ടത്. വൈദേശിക ഇടപെടല്‍ പ്രതിസന്ധികള്‍ മൂര്‍ഛിപ്പിക്കാനാണ് കാരണമാവുക.
ആറാമതായി, മേഖലാ ഉടമസ്ഥത എന്ന സങ്കല്‍പമാണ് ഞാന്‍ മുന്നോട്ടുവെക്കുന്നത്. നമ്മുടെ മേഖലയുടെ ഭാവി നിര്‍ണയിക്കാന്‍ മേഖലയിലെ ബുദ്ധിജീവികളും നയരൂപകര്‍ത്താക്കളും രാഷ്ട്രീയ പ്രതിനിധികളും ഒരുമിച്ചിരിക്കണം. നൂറ്റാണ്ടുകളായി പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന പൌരന്മാരാണ് നാം. നമ്മുടെ പൊതു ഭാവിയെ പൊതുവായി രൂപപ്പെടുത്തേണ്ടത് വിജയത്തിന്റെ അസ്തിവാരമാകും. ഈജിപ്ത്, ലിബിയ, ഇറാഖ്, യമന്‍ എന്നിവിടങ്ങളില്‍ അരങ്ങേറുന്ന സംഭവവികാസങ്ങള്‍ മേഖലയിലെ ഇതര രാജ്യങ്ങളിലും പ്രതിഫലനം ഉളവാക്കും. അതുകൊണ്ട് ഈ സഹോദര രാജ്യങ്ങളിലെ ജനങ്ങളുമായി നാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം.
മേഖലയിലെ സമകാലിക മാറ്റങ്ങളെ ആത്മവിശ്വാസത്തോടെ സമീപിക്കുകയും മാറ്റം സാമൂഹിക അനിവാര്യതയാണെന്ന സത്യം ഉള്‍ക്കൊള്ളുകയും സുരക്ഷ, സ്വാതന്ത്യ്രം, നിയമവാഴ്ച, അക്കൌണ്ടബിലിറ്റി, സുതാര്യത തുടങ്ങിയ രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്താല്‍ മേഖലയുടെ സമസ്യകളുടെ പരിഹാരം എളുപ്പമാകും. എന്നാല്‍, ഇതിനോടൊപ്പം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു വിഭാവന കൂടി നമുക്കനിവാര്യമാണ്. അന്താരാഷ്ട്ര വേദികള്‍ നമ്മുടെ മേഖലയെ നിരന്തരം പ്രശ്ന സങ്കുലമായാണ് ചിത്രീകരിച്ചുവരുന്നത്. മിഡിലീസ്റ് സംഘര്‍ഷ ഭൂമിയാണെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍, ഇത് യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കുന്നതല്ല. ഓറിയന്റലിസ്റുകളുടെ പതിവ് പ്രചാരണം മാത്രമാണത്.
ദശകങ്ങളുടെയും നൂറ്റാണ്ടുകളുടെയും പഴക്കമല്ല നമ്മുടെ മേഖലയുടെ നാഗരികതക്കുള്ളത്. ആയിരത്താണ്ടുകള്‍ക്കപ്പുറത്തുനിന്ന് സ്വാംശീകരിച്ച സംസ്കാരമാണ് ഈ മണ്ണില്‍ വേരോടി നില്‍ക്കുന്നത്. നമ്മുടെ ഓരോ നഗരത്തിനും 2000 വര്‍ഷത്തിന്റെയെങ്കിലും പഴക്കം കാണും. നമ്മുടെ മേഖലയില്‍ വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനങ്ങള്‍ പ്രാബല്യത്തിരുന്ന ഘട്ടത്തില്‍, യൂറോപ്പിലെ പല ഭാഗങ്ങളും ചിട്ടയില്‍ പ്രവര്‍ത്തിക്കുന്ന നഗരമോ മറ്റോ ഇല്ലാത്ത പിന്നാക്ക സ്ഥിതിയിലായിരുന്നു. നമ്മുടെ മേഖലക്ക് കൃത്യമായ രാഷ്ട്രീയ തത്ത്വചിന്തയും രാഷ്ട്രീയ ചിന്താഗതികളും ഉണ്ടായിരുന്നു. കൂടാതെ സാമ്പത്തിക സ്രോതസ്സുകളും. നമ്മുടെ സ്രോതസ്സുകള്‍ ഉപയോഗിക്കാതിരുന്നാല്‍ ലോക സമ്പദ്ഘടന ഉടന്‍ നിലംപൊത്തുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം. സാംസ്കാരിക ബഹുത്വത്തിന്റെ അനുഭവവും നമുക്ക് സ്വന്തമായുണ്ട്.
നമ്മുടെ മേഖലയെ മാറ്റിപ്പണിയാന്‍ പുനരവലോകനത്തിന് തയാറാകേണ്ട ചരിത്ര മുഹൂര്‍ത്തമാണിത്. സ്ഥിരത, സ്വാതന്ത്യ്രം, അഭിവൃദ്ധി, സാംസ്കാരിക നവോത്ഥാനം, സാംസ്കാരിക സഹവര്‍ത്തിത്വം എന്നിവക്ക് ഊന്നല്‍ നല്‍കുന്ന മേഖലയായി രൂപാന്തരപ്പെടേണ്ടതാണ് നമ്മുടെ ദേശങ്ങള്‍. നമുക്കത് കരഗതമാകും. ഓരോ ഈജിപ്തുകാരനും തുനീഷ്യക്കാരനും യമന്‍കാരനും ഈ ചരിത്ര ദൌത്യത്തില്‍ പങ്കുവഹിക്കാന്‍ കൊതിക്കുന്നു. ഹിംസയെ നമുക്ക് തുടച്ചുനീക്കണം. രാജ്യങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും മധ്യേയുള്ള വിഘ്നങ്ങള്‍ നമുക്ക് നീക്കം ചെയ്യണം. സാമ്പത്തികമായി നമുക്ക് കൂടുതല്‍ സഹകരണം വേണം. രാഷ്ട്രീയതലത്തില്‍ ആശയ വിനിമയങ്ങളും സംവാദങ്ങളും നടത്തണം. ബുദ്ധിജീവികള്‍ ഒരുമിച്ചിരുന്ന് സമസ്യകളുടെ ഉത്തരങ്ങള്‍ ആരായണം. പൊതു സുരക്ഷാ ബന്ധത്തിനും നമുക്ക് രൂപം നല്‍കാന്‍ സാധിക്കും. മധ്യ പൌരസ്ത്യ മേഖലയെ ആഗോള സമ്പദ്വ്യവസ്ഥയുടെ കേന്ദ്രമായി മാറ്റിത്തീര്‍ക്കാന്‍ സാധിക്കും. സാര്‍വദേശീയ രാഷ്ട്രീയത്തിന്റെയും ആഗോള സംസ്കാരത്തിന്റെയും കേന്ദ്ര സ്ഥാനമായും ഈ മേഖല ഭാവിയില്‍ രൂപാന്തരപ്പെടും.
ലോകം പുതിയൊരു ആഗോള ക്രമം തേടിക്കൊണ്ടിരിക്കുന്നതായി ഈയിടെ തുര്‍ക്കി പ്രസിഡന്റ് ഗുല്‍ പ്രസ്താവിക്കുകയുണ്ടായി. യു.എന്‍ വ്യവസ്ഥ പോലും ഉടച്ചുവാര്‍ക്കേണ്ടത് അനിവാര്യമാണ്. അന്താരാഷ്ട്ര സാമ്പത്തിക പ്രതിസന്ധി പുതിയൊരു സാമ്പത്തിക ക്രമത്തിന്റെ ആവശ്യകതയെയാണ് അടിവരയിട്ടത്. നീതിയില്‍ അധിഷ്ഠിതമായ സമ്പദ്ക്രമം പടുത്തുയര്‍ത്താന്‍ നമുക്ക് കൂട്ടായി രംഗത്തിറങ്ങാം. പുതിയൊരു സാമൂഹിക ക്രമവും- ഉച്ചനീചത്വങ്ങള്‍ക്കു പകരം പരസ്പരം ബഹുമാനിക്കുന്നവരുടെ- ഇവിടെ അനുപേക്ഷണീയമാണ്. അങ്ങനെ സര്‍വ മേഖലയെയും നവീകരിക്കുന്ന പുതിയൊരു ലോകക്രമത്തിന് വന്‍ സംഭാവനകളര്‍പ്പിക്കാന്‍ പ്രാപ്തമാണ് നമ്മുടെ മേഖല. മേഖലയിലെ വിപ്ളവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന യുവ നേതാക്കള്‍ ഈ നവലോകക്രമം സാക്ഷാത്കരിക്കാന്‍ ശേഷിയുള്ളവരാണ്. അവര്‍ക്കു വേണ്ടി നാം വഴികള്‍ സജ്ജീകരിക്കുക. അടുത്ത ദശകത്തെ നിര്‍ണയിക്കാന്‍ പുതുതലമുറക്ക് നാം പാതകള്‍ തുറന്നിടുക. അങ്ങനെ നമ്മുടെ മേഖലയിലെ ജനങ്ങളുടെ ഹൃദയാഭിലാഷങ്ങളുടെ സാക്ഷാത്കാരം കൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ട് സവിശേഷ ശക്തിയായി ഭവിക്കട്ടെ!
വിവ: വി.പി.എ അസീസ


 
 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly