Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       


>>ശാസ്ത്രം


ഖുര്‍ആന്‍-ശാസ്ത്ര സംയോജനത്തിന്റെ അനിവാര്യത
പ്രഫ. പി.എ വാഹിദ്


മതവും ശാസ്ത്രവും പരസ്പരവിരുദ്ധമാണെന്ന കാഴ്ചപ്പാടാണ് മതപണ്ഡിതരും ശാസ്ത്രജ്ഞരും നൂറ്റാണ്ടുകളായി വെച്ചുപുലര്‍ത്തിപ്പോരുന്നത്. ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന പ്രകൃതിസത്യമായി ശാസ്ത്രത്തെ വിശേഷിപ്പിക്കുമ്പോള്‍ വെറും വിശ്വാസത്തിലധിഷ്ഠിതമായ, യുക്തിക്കു നിരക്കാത്ത ഒരാശയമായിട്ടാണ് മതത്തെ ഭൂരിപക്ഷം ശാസ്ത്രജ്ഞരും കാണുന്നത്. മുസ്‌ലിംകള്‍ ഖുര്‍ആന്‍ ദൈവിക വെളിപാടാണെന്നു വിശ്വസിക്കുമ്പോള്‍, ശാസ്ത്രത്തെ കാണുന്നത് മനുഷ്യനിര്‍മിത വിജ്ഞാനമായാണ്. ശാസ്ത്രത്തെ അറിവായിപ്പോലും കണക്കാക്കാത്ത ധാരാളം മുസ്‌ലിം മതപണ്ഡിതന്മാരുണ്ടെന്നുള്ളത് വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും, ഒരു സത്യമാണ്. കുറച്ചുനാള്‍ മുമ്പ് ഒരു വെള്ളിയാഴ്ച ഖുത്വ്ബയില്‍ പള്ളിയില്‍വെച്ച് കേട്ടത് ശാസ്ത്രജ്ഞന്മാര്‍ക്കൊന്നും 'ഇല്‍മ്' ഇല്ലെന്നാണ്. ഇതില്‍നിന്ന് വ്യക്തമാകുന്നത് ശാസ്ത്രജ്ഞന്മാരും മതപണ്ഡിതന്മാരും ഈ വിഷയത്തില്‍ രണ്ടു ധ്രുവങ്ങളിലായാണ് നിലകൊള്ളുന്നതെന്നാണ്. ഖുര്‍ആന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ഇരുപക്ഷക്കാരുടെയും നിലപാടുകള്‍ തെറ്റാണെന്നും മനസ്സിലാകും.
വിജ്ഞാനത്തിനു മതത്തിന്റെയോ ശാസ്ത്രത്തിന്റെയോ അതിര്‍വരമ്പുകളില്ല. മതപരമായതും ശാസ്ത്ര-സാങ്കേതികപരമായതും മറ്റു വിഷയങ്ങളെ സംബന്ധിച്ചതായതുമെല്ലാം അറിവ് തന്നെയാണ്. മനുഷ്യനു മതപരമായ മാര്‍ഗദര്‍ശനം തരുന്നത് അല്ലാഹുവാണ് (ഖു. 3:7). അതുപോലെ മറ്റേത് അറിവും അല്ലാഹുതന്നെയാണ് തരുന്നത്. അറിവിന്റെ ഉറവിടം അല്ലാഹുവാണെന്നും, തുഛമായ അറിവു മാത്രമാണ് മനുഷ്യനു നല്‍കിയിട്ടുള്ളതെന്നും (ഖു. 17:85), അല്ലാഹു അനുവദിക്കുന്ന അറിവല്ലാതെ മനുഷ്യനു ലഭിക്കില്ലെന്നും (ഖു. 2:255), അല്ലാഹുവാണ് മനുഷ്യനെ പഠിപ്പിച്ചതെന്നും (ഖു. 96:5) ഖുര്‍ആന്‍ സൂക്തങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോള്‍ മതപരമായതും അല്ലാത്തതുമായ അറിവുകളെ വേര്‍തിരിച്ചു കാണുന്നതിന് ഇസ്‌ലാമിക വീക്ഷണത്തില്‍ ഒരു ന്യായവുമില്ലെന്നു മാത്രമല്ല, അത് തെറ്റുകൂടിയാണ്. ഖുര്‍ആനും ശാസ്ത്രവും ഒരേ സ്രോതസ്സില്‍നിന്ന് ഉത്ഭവിക്കുന്നതുകൊണ്ടാണ് അവ പരസ്പര പൂരകമാകുന്നതും.
ഖുര്‍ആനില്‍ ഇസ്‌ലാം മതകാര്യങ്ങള്‍ കൂടാതെ മറ്റു വിഷയങ്ങളും അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അവയില്‍ പ്രധാനമായും മുന്‍ നബിമാരുടെ കാലഘട്ടങ്ങളെ കുറിച്ചുള്ള വിവരണങ്ങളും മുഹമ്മദ് നബിയുടെ കാലത്തെ ജനതയെ സംബന്ധിച്ച വിവരങ്ങളും മനുഷ്യനെയും പ്രപഞ്ചത്തെയും സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യവും പ്രപഞ്ചസംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങളും മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും ഭാവി സംബന്ധിച്ച വിവരങ്ങളുമാണ്. ഖുര്‍ആനില്‍ പ്രതിപാദിച്ച മതകാര്യങ്ങള്‍ ഏവര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകുന്ന വിധത്തിലാകുമ്പോള്‍, പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ച ദൈവിക വെളിപ്പെടുത്തലുകള്‍ ഗ്രഹിക്കാന്‍ ശാസ്ത്രവിജ്ഞാനം ആവശ്യമാണ്. ശാസ്ത്രവിജ്ഞാനം ഒരേ തോതിലല്ല എല്ലാ കാലഘട്ടങ്ങളിലും അല്ലാഹു നല്‍കിയിരിക്കുന്നത്. അന്തിമ സമൂഹമായ മുഹമ്മദ് നബിയുടെ ജനതക്ക് ക്രമേണയായി അറിവ് നല്‍കിക്കൊണ്ട് ശാസ്ത്രത്തെ വികസിപ്പിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ഖുര്‍ആനില്‍ പ്രസ്താവിച്ചിരിക്കുന്ന പ്രപഞ്ച രഹസ്യങ്ങളെല്ലാം തന്നെ നബിയുടെ കാലത്തും ആധുനിക ശാസ്ത്രയുഗത്തിനു മുമ്പുള്ള കാലഘട്ടത്തിലും മനസ്സിലാകുമായിരുന്നില്ല. ആധുനിക ശാസ്ത്രത്തിന്റെ വരവോടെ ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന പല പ്രപഞ്ച രഹസ്യങ്ങളും ശാസ്ത്രസത്യമായിത്തന്നെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. ശാസ്ത്രം വളരുന്തോറും ഖുര്‍ആനിക വെളിപ്പെടുത്തലുകളെ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ നമുക്ക് സാധിക്കും.
ശാസ്ത്രത്തോടുള്ള കാഴ്ചപ്പാട്
ഖുര്‍ആനും ഹദീസും മറ്റു ഇസ്‌ലാമിക തത്ത്വജ്ഞാനങ്ങളും മുസ്‌ലിം ശാസ്ത്രജ്ഞന്മാരുടെ സംഭാവനകളും എല്ലാം ഉള്‍ക്കൊള്ളിച്ചു ഇസ്‌ലാമിക് സയന്‍സ് എന്ന നാമധേയത്തില്‍ പല വേദികളിലും ഇന്ന് ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നു. ദിശകിട്ടാതെ, സമാവായം ഉണ്ടാകാതെ, എവിടെയും ചെന്നെത്താതെ വെറും ഒരാശയമായി ഇന്നും അത് അവശേഷിക്കുന്നു. ഈ പശ്ചാത്തലത്തില്‍, ഖുര്‍ആനും ശാസ്ത്രവും ദൈവിക വെളിപാടുകളാണെന്നതിന്റെ അടിസ്ഥാനത്തില്‍ ഈ രണ്ടു വിജ്ഞാനമേഖലകളെയും സമന്വയിപ്പിച്ചു ഒരു സമ്പൂര്‍ണ വിജ്ഞാനത്തെ (holistic knowledge) വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. വിജ്ഞാനം പൂര്‍ണമാകുന്നത് സൃഷ്ടിപ്പിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും പ്രപഞ്ചോല്‍പത്തി മുതല്‍ ഭാവികാര്യങ്ങളെക്കുറിച്ചും അറിവ് ലഭ്യമാകുന്നതോടെയാണ്. ഖുര്‍ആനും ശാസ്ത്രവും ഒന്നിക്കുന്നതോടെയാണ് അറിവ് അതിന്റെ സമാപ്തിയിലെത്തുന്നത്. അങ്ങനെ വികസിപ്പിച്ചെടുക്കാവുന്ന സമ്പൂര്‍ണ വിജ്ഞാനത്തെയാണ് ഇസ്‌ലാമിക് സയന്‍സ് എന്ന നാമം ഇവിടെ വിവക്ഷിക്കുന്നത്.
ഖുര്‍ആനിക വെളിപ്പെടുത്തലുകളെ വിശദീകരിക്കാന്‍ ശാസ്ത്രത്തെ ഉപയോഗിക്കുന്നതുപോലെ, ശാസ്ത്രവിജ്ഞാനത്തെ ഖുര്‍ആന്റെ ചട്ടക്കൂടിലും ഇസ്‌ലാമിക് സയന്‍സ് വിശദീകരിക്കുന്നു. ഉദാഹരണമായി, ആധുനിക ശാസ്ത്രത്തെ ഖുര്‍ആനിക തത്ത്വങ്ങള്‍ക്കു വിധേയമാക്കിയാല്‍ ശാസ്ത്രത്തില്‍ ചേക്കേറിയിരിക്കുന്ന നാസ്തിക ചിന്തയിലധിഷ്ഠിതമായ വ്യാജ സിദ്ധാന്തങ്ങളെ അകറ്റിനിര്‍ത്താനും തദ്വാരാ വിജ്ഞാനത്തിന്റെ വിശുദ്ധിയെയും അതിന്റെ അടിത്തറയായ തൗഹീദിനെയും പരിരക്ഷിക്കാനും ഇസ്‌ലാമിക് സയന്‍സിനു കഴിയും. മനുഷ്യന്റെ മറ്റേതു പ്രവര്‍ത്തന മണ്ഡലവും പോലെ ശാസ്ത്രവും സാത്താന്റെ സ്വാധീനവലയത്തിലകപ്പെടും. സാത്താന്റെ സ്വാധീനഫലമായാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പോലുള്ള അശാസ്ത്രീയ സിദ്ധാന്തങ്ങള്‍ ശാസ്ത്രത്തില്‍ നുഴഞ്ഞുകയറാനിടവന്നത്. ഇത്തരം സിദ്ധാന്തങ്ങള്‍ വിവാദവിഷയമായി തുടരുകയോ കാലക്രമേണ തള്ളപ്പെടുകയോ ചെയ്യുന്നതായാണ് ചരിത്രത്തില്‍ കാണാന്‍ കഴിയുക.
പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ച ഖുര്‍ആനിലെ ചില വെളിപ്പെടുത്തലുകള്‍ ശാസ്ത്ര സീമക്കപ്പുറത്താണ്. ഈ പ്രപഞ്ചം താല്‍ക്കാലികമാണെന്നും ഒരുനാള്‍ അവസാനിക്കുമെന്നും (ഖു. 7:187) തുടര്‍ന്നു മറ്റൊരു പുതിയ പ്രപഞ്ചം സൃഷ്ടിക്കപ്പെടുമെന്നും (ഖു. 21:104) ഖുര്‍ആനിലൂടെയാണ് അല്ലാഹു നമുക്ക് വെളിപ്പെടുത്തിത്തരുന്നത്. ശാസത്രത്തിനു ഈ വക കാര്യങ്ങള്‍ അസന്ദിഗ്ധമായി പ്രവചിക്കാന്‍ സാധ്യമല്ല; പക്ഷേ അവയുടെ സംഭവസാധ്യതകളെ വിലയിരുത്താനാകും. ശാസ്ത്രത്തിലൂടെ നല്‍കപ്പെടുന്ന അറിവ് പ്രപഞ്ചത്തെ പഠിക്കാനും അതിലുള്ള ദൃഷ്ടാന്തങ്ങളിലൂടെ സ്രഷ്ടാവായ അല്ലാഹുവിനെ മനസ്സിലാക്കാനും ഇതിനെല്ലാമുപരി പ്രകൃതി വിഭവങ്ങളെ മനുഷ്യനു പ്രയോജനപ്പെടുംവിധം ഉപയോഗിക്കാനുള്ള സാങ്കേതികജ്ഞാനം വികസിപ്പിച്ചെടുക്കാനുമാണ്.
പ്രപഞ്ചമെന്ന ദൈവിക കമ്പ്യൂട്ടര്‍
പ്രപഞ്ചം ഒരു ദൈവിക കമ്പ്യൂട്ടര്‍ വ്യവസ്ഥയാണെന്ന സിദ്ധാന്തം ഖുര്‍ആന്റെയും ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്ന The Divine Expert System എന്ന പുസ്തകം 1998-ലാണ് ഞാന്‍ പ്രസിദ്ധീകരിച്ചത്. അതിനുശേഷം ശാസ്ത്രാടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ അമേരിക്കയില്‍തന്നെ മൂന്ന് ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്റെതന്നെ രണ്ടു പുതിയ ഗ്രന്ഥങ്ങളും (The Computer Universe, An Introduction to Islamic Science) ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഈ പുസ്തകങ്ങള്‍ എന്റെ വെബ്‌സൈറ്റിലും (www.islamicscienceforum.org) ലഭ്യമാണ്. ഒരു മാസത്തിനകം ഈ വിഷയത്തില്‍ മലയാളത്തിലെഴുതിയ ഒരു പുസ്തകം (മനുഷ്യ-പ്രപഞ്ച സൃഷ്ടിപ്പിന്റെ ദൈവികോദ്ദേശ്യം) തൃശൂരിലെ വിചാരം ബുക്‌സ് പ്രസിദ്ധീകരിക്കുന്നുണ്ട്.
കമ്പ്യൂട്ടര്‍ സിദ്ധാന്തം പ്രപഞ്ചത്തെ വിശദീകരിക്കുന്നത് ഇന്നത്തെ ശാസ്ത്ര കാഴ്ചപ്പാടില്‍നിന്ന് വളരെ വ്യത്യസ്തമായാണ്. ഈ പ്രപഞ്ചം അല്ലാഹു പ്രോഗ്രാം ചെയ്തു സൃഷ്ടിച്ച ഒരു കമ്പ്യൂട്ടര്‍ വ്യവസ്ഥയാണ്. മനുഷ്യനെ പരീക്ഷിക്കാനുള്ള വേദിയായി അതിനുവേണ്ട എല്ലാ സൗകര്യങ്ങളും വിഭവങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് അതിനെ സംവിധാനിച്ചിരിക്കുന്നത്. പ്രപഞ്ചം യാതൊരുദ്ദേശ്യവുമില്ലാതെ സ്വയംഭൂവായുണ്ടായതാണെന്നുള്ള ആധുനിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍നിന്ന് വിപരീതമായി, ഉദ്ദേശ്യത്തോടെയും ലക്ഷ്യത്തോടെയും സൃഷ്ടിക്കപ്പെട്ട അര്‍ഥവത്തായ വ്യവസ്ഥയാണ് പ്രപഞ്ചമെന്നു ശാസ്ത്രീയമായി സ്ഥാപിക്കുകയാണ് കമ്പ്യൂട്ടര്‍ സിദ്ധാന്തത്തിലൂടെ. ഈ മനുഷ്യപരീക്ഷണ കേന്ദ്രത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹു അറിയുന്നുണ്ടെന്നും, വിവരങ്ങള്‍ തല്‍സമയം ഒരു റെജിസ്റ്ററില്‍ സൂക്ഷിച്ചുവെക്കപ്പെടുന്നുണ്ടെന്നും, അതേപോലെ ഓരോ വ്യക്തിയുടെയും പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടെന്നും, മനുഷ്യ-പ്രപഞ്ച സൃഷ്ടിപ്പും പുനഃസൃഷ്ടിപ്പും മറ്റും മറ്റുമുള്ള ഖുര്‍ആനിക വെളിപ്പെടുത്തലുകളെല്ലാം കമ്പ്യൂട്ടര്‍ സിദ്ധാന്തത്തിലൂടെ ശാസ്ത്രീയമായി വിശദീകരിക്കാന്‍ കഴിയുന്നു. പ്രപഞ്ചത്തിലെ ജീവനുള്ളവയും ഇല്ലാത്തവയുമായ എല്ലാ വസ്തുക്കളെയും കമ്പ്യൂട്ടര്‍ മാതൃകയുടെ പരിധിയില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്.
ജീവന്‍-മരണ പ്രതിഭാസങ്ങള്‍
ഒരു ജീവിയെ ജൈവകമ്പ്യൂട്ടറായോ അല്ലെങ്കില്‍ ജൈവ റൊബോട്ടായോ വിവരിക്കാവുന്നതാണ്. ഇരുപതുലക്ഷത്തിലേറെ ഇനം ജീവികളെ (species) ഭൂമിയില്‍ ഇതേവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പതിന്മടങ്ങോളം ജീവികള്‍ ഭൂമിയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരു കമ്പ്യൂട്ടറിനു ദൃശ്യഘടകമായ ഹാര്‍ഡ്‌വെയറും അദൃശ്യഘടകമായ സോഫ്റ്റ്‌വെയറുമുണ്ട്. സോഫ്റ്റ്‌വെയറെന്നത് ഒരുകൂട്ടം നിര്‍ദേശങ്ങളടങ്ങിയ പ്രോഗ്രാമാണ്. ഈ നിര്‍ദേശങ്ങളനുസരിച്ചാണ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. അദൃശ്യമായ സോഫ്റ്റ്‌വെയറിനെ കമ്പ്യൂട്ടറിന്റെ 'ആത്മാവാ'യി വിശേഷിപ്പിക്കാവുന്നതാണ്. കളിമണ്ണ്‌കൊണ്ടുണ്ടാക്കിയ ആദമിന്റെ പ്രതിമയിലേക്ക് ഊതപ്പെട്ടതായി ഖുര്‍ആന്‍ (ഖു. 15:26-29) പറയുന്ന 'റൂഹും' ('നഫ്‌സ്' എന്ന പദവും ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ട്), ബൈബിള്‍ (ഉല്‍പത്തി 2:7) പറയുന്ന 'ജീവശ്വാസവും' മനുഷ്യന്റെ ആത്മാവിനെ അഥവാ ബയോസോഫ്റ്റ്‌വെയറി (biosoftware)നെയാണ് സൂചിപ്പിക്കുന്നതെന്നു കമ്പ്യൂട്ടര്‍ വ്യവസ്ഥയുമായി തുലനം ചെയ്യുമ്പോള്‍ മനസ്സിലാകും. 'റൂഹ്' (അല്ലെങ്കില്‍ 'ജീവശ്വാസം') ഊതപ്പെട്ടപ്പോള്‍ ജീവനില്ലാത്ത പ്രതിമ ജീവനുള്ള ആദമായി പരിണമിക്കപ്പെട്ടു. ഒരു കമ്പ്യൂട്ടറില്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുമ്പോള്‍ അത് പ്രവര്‍ത്തനക്ഷമമാകുന്നതിനോടു സമാനമാണ് ആദമിനു ജീവനുണ്ടായത്. റൂഹിനോടു സാദൃശ്യമുള്ള ആശയം ശാസ്ത്രത്തില്‍ ജനിതകപ്രോഗ്രാമാണ്. ഒരു ജീവിയുടെ പ്രവര്‍ത്തനങ്ങളെല്ലാം അതിന്റെ ജനിതകപ്രോഗ്രാമനുസരിച്ചാണ് നടക്കുന്നതെന്നാണ് കരുതപ്പെടുന്നത്. ജനിതകപ്രോഗ്രാം ബയോസോഫ്റ്റ്‌വെയറിനെയാണ് അര്‍ത്ഥമാക്കുന്നതെന്നു പറയാമെങ്കിലും അതിനെ അദൃശ്യ പ്രതിഭാസമായല്ല ശാസ്ത്രം കാണുന്നത്. ജീനോം എന്ന രാസഘടന(പദാര്‍ഥം)യാണ് ജനിതകപ്രോഗ്രാം. പക്ഷേ ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ട റൂഹ് അദൃശ്യമാണ,് അഥവാ 'ഗയ്ബ്' ആണ്. അപ്പോള്‍ ജീനോം എന്ന ശാസ്ത്രസിദ്ധാന്തം ഖുര്‍ആനോടു യോജിക്കാത്തതും അക്കാരണംകൊണ്ടുതന്നെ അത് തെറ്റാണെന്ന് പ്രവചിക്കാവുന്നതുമാണ്. മറിച്ച് ബയോസോഫ്റ്റ്‌വെയര്‍ (റൂഹ്) ശരീരത്തിലെ കോശങ്ങളിലെ ക്രോമൊസോമുകളില്‍ കമ്പ്യൂട്ടര്‍ മെമ്മറിയില്‍ സൂക്ഷിക്കപ്പെട്ട സോഫ്റ്റ്‌വെയര്‍പോലെ അദൃശ്യമായി സ്ഥിതിചെയ്യുന്നുവെന്നു അനുമാനിക്കാം. കമ്പ്യൂട്ടറും ജീവിയും തമ്മിലുള്ള സാധര്‍മ്യത്തിനു ഉപോല്‍ബലകമായി ഖുര്‍ആനില്‍ മരണമെന്ന പ്രതിഭാസത്തെ വിവരിക്കുന്ന വചനങ്ങളുമുണ്ട്.
ഖുര്‍ആനിലെ ആറാം അധ്യായമായ അന്‍ആമിലെ തൊണ്ണൂറ്റിമൂന്നാം സൂക്തമാണ് ജീവന്‍-മരണ പ്രതിഭാസങ്ങളെ കമ്പ്യൂട്ടര്‍ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിക്കാനും വിശദീകരിക്കാനും കൂടുതല്‍ സഹായകമാകുന്നത്. മനുഷ്യന്റെ 'നഫ്‌സി'നെ (ബയോസോഫ്റ്റ്‌വെയര്‍) ശരീരത്തില്‍നിന്നു നീക്കംചെയ്യുമ്പോഴാണ് മരണം സംഭവിക്കുന്നതെന്നു ഈ വചനത്തിലൂടെ അല്ലാഹു നമുക്കു വ്യക്തമാക്കിത്തരുന്നു. കമ്പ്യൂട്ടര്‍ ഭാഷയില്‍ അങ്ങനെ നീക്കംചെയ്യുന്നതിനെ deletion എന്നു പറയുന്നു. അതായത് ഒരു മൃതശരീരം സോഫ്റ്റ്‌വെയര്‍ ഇല്ലാത്ത കമ്പ്യൂട്ടര്‍ പോലെയാണെന്നു സാരം. ജനിതകപ്രോഗ്രാമിനെ ഒരു പദാര്‍ഥമായി കാണുന്നതുകൊണ്ടാണ് ജീവനെ സംബന്ധിച്ച ശാസ്ത്രമായ ബയോളജിയില്‍ ജീവന്‍-മരണ പ്രതിഭാസങ്ങളെന്താണെന്ന് കണ്ടുപിടിക്കാന്‍ സാധ്യമാകാത്തത്. ഈയിടെ മാധ്യമങ്ങളില്‍ വന്ന കൃത്രിമ ജീവനെയും കൃത്രിമകോശത്തെയും സംബന്ധിച്ച വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമായിരുന്നു. കൃത്രിമജീവനും കൃത്രിമകോശവും എന്നൊക്കെ വിശേഷിക്കപ്പെട്ടവ ഉണ്ടാക്കിയത് ജീവനുള്ള കോശങ്ങളുള്‍പ്പെട്ട പ്രക്രിയ ഉപയോഗിച്ചാണ്; ജീവനില്ലാത്ത പദാര്‍ഥങ്ങള്‍ മാത്രം ഉപയോഗിച്ചല്ല.
ജീവന്‍-മരണ പ്രതിഭാസങ്ങളെ ഖുര്‍ആനിക വെളിപ്പെടുത്തലുകളുടെ സഹായത്തോടെ മാത്രമേ മനസ്സിലാക്കാനും വിശദീകരിക്കാനും സാധിക്കുകയുള്ളൂവെന്ന സത്യത്തെ നമ്മള്‍ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജീവനില്ലാത്ത പദാര്‍ഥങ്ങളില്‍നിന്ന് ജീവനുണ്ടാക്കാനുള്ള ഇന്നേവരെ ശാസ്ത്രത്തില്‍ നടത്തിയ പരീക്ഷണങ്ങളെല്ലാം പരാജയപ്പെടാന്‍ കാരണം ജീവനെ ഭൗതിക (പദാര്‍ഥ) പ്രതിഭാസമായി കാണുന്നതുകൊണ്ടാണ്. ഈ വസ്തുത ചൂണ്ടുന്നത് ഖുര്‍ആന്‍-ശാസ്ത്ര സംയോജനത്തിന്റെ ആവശ്യകതയിലേക്കാണ്. ഖുര്‍ആനും ശാസ്ത്രവും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെയാണ്. ഈ രണ്ടു മേഖലകള്‍ ഒന്നിക്കുമ്പോള്‍ മാത്രമേ മനുഷ്യന്‍ കൈവരിക്കുന്ന വിജ്ഞാനത്തിനു പൂര്‍ണത ലഭ്യമാകൂ. ഇത് യാഥാര്‍ഥ്യമാക്കാന്‍ ഖുര്‍ആന്‍ പണ്ഡിതന്മാരും വിവിധ ശാസ്ത്രമേഖലകളില്‍ വൈദഗ്ധ്യമുള്ള ശാസ്ത്രജ്ഞന്മാരും കൈകോര്‍ക്കേണ്ടിയിരിക്കുന്നു.

 


Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly