>>സംസ്‌കാരപഠനം
തീച്ചൂളകള്‍ ഉണ്ടാകുന്നത്
മുഹമ്മദ് ശമീം
''ഒരാള്‍ക്ക് രണ്ട് യജമാനന്മാരുടെ അടിമയായിരിക്കാന്‍ കഴിയില്ല. അയാള്‍ ഒന്നുകില്‍ ഒന്നാമനെ ദ്വേഷിക്കുകയും രണ്ടാമനെ സ്‌നേഹിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒന്നാമനോട് കൂറുപുലര്‍ത്തുകയും രണ്ടാമനെ വെറുക്കുകയും ചെയ്യും. ദൈവത്തെയും മാമോനെയും ഒപ്പം സേവിക്കാന്‍ ആരാലും സാധ്യമല്ല'' (ബൈബിള്‍, മത്തായി 6:24, ലൂക്കാ 16:13- മാമോന്‍: പണം, ദുരാര്‍ത്തി, ധനദേവത).
ലാഭവും ധാര്‍മിക മൂല്യവും
മനുഷ്യന്‍ എന്ന സ്വത്വത്തെ ആഗോള മുതലാളിത്തം, പണം അഥവാ ലാഭം എന്ന സങ്കല്‍പത്തിനു കീഴില്‍ കൊണ്ടുവന്നു. പണം എന്ന സങ്കല്‍പം മനുഷ്യന്റെ നാഗരികവും വ്യാവഹാരികവുമായ വികസന ചരിത്രത്തില്‍ സുപ്രധാനമായൊരു സ്ഥാനത്തെ അടയാളപ്പെടുത്തുന്നുണ്ട്. എന്നാല്‍ ലാഭം സ്വയം ധര്‍മനീതിയുടെ (ethics) പദവി അവകാശപ്പെട്ടതോടെ ജീവിതത്തെയും മനുഷ്യനെയും ലോകത്തെയും കുറിച്ച മൂല്യവിചാരങ്ങളെല്ലാം അട്ടിമറിഞ്ഞു. 'പള്ളിയും പട്ടവും' വരെ ദൈവത്തെ വിട്ട്, 'മാമോ'ന്റെ പക്ഷത്തു ചേര്‍ന്നു. ദൈവത്തിന് അഹിതമായതെല്ലാം മാമോന്റെ ബലിയാകുന്നു. ആകയാല്‍ വഞ്ചനയും പലിശയും മുതല്‍ കൂട്ടക്കൊലകളും യുദ്ധവും അധിനിവേശവുമെല്ലാം മൂലധനസേവയില്‍ അനുഷ്ഠാനങ്ങളായി.
മുപ്പതുകളിലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലം വരെ, സമര്‍ഥനായ ബാങ്ക് ഗുമസ്തനായി ജീവിച്ച മൊസ്യൂ വെര്‍ദൂ പിന്നീട് ബിസിനസ്സുകാരനായിത്തീര്‍ന്നൊരു കഥയുണ്ട് (Monsieur Verdoux, Charlie Chaplin/1947- B.W/ U.S.A). സ്‌നേഹ സമ്പന്നനും ദയാലുവുമാണ് വെര്‍ദൂ. സ്‌നേഹാര്‍ദ്രനായ ഭര്‍ത്താവും വത്സലനായ പിതാവുമായ അയാള്‍ ഹിംസ കാണിക്കരുതെന്ന് മകനെ ഉപദേശിക്കുന്നുണ്ട്. എന്നാലോ ബിസിനസ്സില്‍ അയാളുടെ തത്ത്വം വേറെയാണ് 'കച്ചവടം ഒരു ദയാരഹിത വ്യവഹാരമാകുന്നു' (Busines is a ruthless business). പുറമേക്ക് ഫര്‍ണിച്ചര്‍ വ്യാപാരിയായ അയാള്‍ സമ്പന്ന വിധവകളെ വിവാഹം ചെയ്ത്, തന്ത്രപൂര്‍വം കൊലപ്പെടുത്തി, അവരുടെ പണം സ്വന്തമാക്കി ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിച്ച് ധനവാനായിത്തീര്‍ന്നു. കൊലയും കച്ചവടവും പരസ്പര ബന്ധിതമാണ്. വ്യവസായാടിസ്ഥാനത്തില്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നവന്‍ കൂട്ടക്കൊലകളല്ലേ ആഗ്രഹിക്കുന്നതെന്ന് വെര്‍ദൂ കോടതിയില്‍ ചോദിക്കുന്നുമുണ്ട്. രാജ്യതന്ത്രത്തിന്റെ സ്വാഭാവികവും യുക്തിസഹവുമായ വികാസമാണ് യുദ്ധമെന്ന് അധിനിവേശത്തിന്റെ സൈദ്ധാന്തികന്മാര്‍ വിശ്വസിക്കുന്നു. എങ്കില്‍ കച്ചവടത്തിന്റെ ഏറ്റവും സ്വാഭാവികമായ വികാസമായി കൊലയെ വെര്‍ദൂ അംഗീകരിക്കുന്നെതങ്ങനെ തെറ്റാകും? സത്യത്തില്‍ മാക്കിയവെല്ലിയുടെ മൂല്യവിചാരങ്ങളും ലേ സേഫെയര്‍ മുതലാളിത്തത്തിന്റെയും ഉദാരീകരണത്തിന്റെയും വ്യവഹാരവ്യവസ്ഥയുമെല്ലാം നീട്ടിവലിച്ചു വായിച്ചാല്‍ നമുക്ക് കിട്ടുന്ന തത്ത്വങ്ങള്‍ തന്നെയല്ലേ ഇവ? ചാര്‍ലി ചാപ്ലിന്‍ എന്ന ദാര്‍ശനികനായ ചലച്ചിത്രകാരന്റെ ഏറ്റവും ദാര്‍ശനികവും പ്രവചനപരവുമായ ചിത്രമായി മൊസ്യൂ വെര്‍ദൂ അനുഭവപ്പെടുന്നു.
കോടതിയില്‍ കൊലയാളിയെന്നാരോപിക്കപ്പെട്ടപ്പോള്‍, വെര്‍ദൂവിന്റെ ചോദ്യങ്ങള്‍ ശ്രദ്ധിക്കുക. യഥാര്‍ഥത്തില്‍ (മുതലാളിത്ത) ലോകം കൊലയെ പ്രോത്സാഹിപ്പിക്കുകയല്ലേ? ഒരു കാലത്ത് സത്യസന്ധമായി തലച്ചോറുപയോഗിച്ച താന്‍, ആര്‍ക്കും തന്റെ സത്യസന്ധതയോ തലച്ചോറോ ആവശ്യമില്ലാതെ വന്നപ്പോള്‍ കച്ചവടത്തിലേക്കിറങ്ങുകയല്ലേ ചെയ്തുള്ളൂ? തന്റെ കുറ്റകൃത്യമോര്‍ത്ത് നിങ്ങള്‍ക്കുണ്ടാവുന്ന നടുക്കം വെറും നാട്യം മാത്രമാണ്. നിങ്ങളുടെ വ്യവസ്ഥിതി വളരുന്നത് തന്നെ കൊലപാതകമെന്ന വ്യവസായത്തിലൂടെയാണ്. ഒരു കമ്പോള സാമ്പത്തിക സമൂഹത്തിന്റെ കാപട്യങ്ങള്‍ തുറന്നുകാട്ടുകയാണ് ചാപ്ലിന്‍.
ആധുനിക സാമ്രാജ്യത്വത്തിന്റെ ആധാര ദര്‍ശനമാണ് മുതലാളിത്തം. കഴിഞ്ഞ ആറു നൂറ്റാണ്ടുകളുടെ ചരിത്രം മൂലധന സാമ്രാജ്യത്വത്തിന്റെ അധിനിവേശത്തിന്റെ ചരിത്രമാണ്. ഗാമയുടെയും കൊളംബസിന്റെയും നാവിക പര്യടനം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെയുള്ള കാലം കോളനിവത്കരണത്തിന്റെ അധീശത്വത്തിന്റെയും ആദ്യ ഘടകമാണ്. തീവ്രമായ സ്വാതന്ത്ര്യാഭിനിവേശങ്ങളുടെയും കലാപങ്ങളുടെയും ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ പാതിയോടെ കോളനി രാജ്യങ്ങള്‍ രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെടുത്തു. എന്നാല്‍ സ്വതന്ത്ര വികസനത്തിനു വേണ്ടിയുള്ള ഇവരുടെ ഉദ്യമത്തില്‍ രണ്ടു കാര്യങ്ങള്‍ പ്രതിബന്ധം സൃഷ്ടിച്ചു. മിക്ക കോളനി രാജ്യങ്ങളും മുതലാളിത്തപാത തന്നെ തുടര്‍ന്നുവെന്നതാണൊന്ന്. രണ്ടാമതായി അന്തര്‍ദേശീയതലത്തില്‍ അവരുടെ മേല്‍ കടുത്ത തീരുമാനങ്ങള്‍ (Internation-al diktat) അടിച്ചേല്‍പിക്കപ്പെട്ടു. ലോകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തിന്റെയും സാമ്പത്തിക സ്വാശ്രയത്വത്തെ അത് പ്രതികൂലമായി ബാധിച്ചു. അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് മേല്‍ക്കോയ്മ ലഭിച്ചു, മുതലാളിത്ത വിരുദ്ധ ചേരി തകര്‍ന്നു. സ്ഥാപിത രാഷ്ട്രീയാധീശത്വവും പ്രത്യക്ഷ സൈനിക ഇടപെടലും പരമാവധി ഒഴിവാക്കി, ചില അന്തര്‍ദേശീയ സ്ഥാപനങ്ങളുടെ പിന്‍ബലത്തില്‍ മൂലധനത്തിന്റെ നിരുപാധിക സ്വാതന്ത്ര്യവും മേല്‍ക്കോയ്മയും സ്ഥാപിക്കാനും സാമ്രാജ്യത്വ ശക്തികളുടെ അധീശത്വമുറപ്പിക്കാനും വേണ്ടി ഘടനാപരമായ ക്രമീകരണങ്ങള്‍ (structural adjustments) അഥവാ ആഗോളവത്കരണം നടപ്പിലാക്കിത്തുടങ്ങിയതോടെ കോളനിയലിസം പുതിയ രൂപത്തില്‍ തിരിച്ചുവരികയും ചെയ്തു.
അധിനിവേശത്തിന്റെ ആദിമഘട്ടത്തെ വിശദമായും നവകൊളോണിവത്കരണത്തെ സൂക്ഷ്മായും അടയാളപ്പെടുത്തുന്ന, ലാറ്റിനമേരിക്കന്‍ ചരിത്രകാരന്മാരായ ഫെര്‍നന്റോ സൊലാനസും ഒക്‌ടേവിയോ ഗെറ്റിനോയും ചേര്‍ന്നൊരുക്കിയ 'തീച്ചൂളകളുടെ മുഹൂര്‍ത്തം' എന്ന ഡോക്യുമെന്ററി ചിത്രം (The Hour of Furnaces/ 1968 B.W/ Argentena) ധാരാളമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ചരിത്രത്തിലൂടെ അധിനിവേശത്തെ വിശകലനം ചെയ്യാനുള്ള ശ്രമമാണ് ഈ പ്രബന്ധത്തില്‍.
ചൂളകളുടെ മുഹൂര്‍ത്തം
മൂന്ന് ഭാഗങ്ങളിലായി നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'അവര്‍ ഓഫ് ഫര്‍ണസസ്' എന്ന ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം (Neo Colonialism and Violence) പതിമൂന്ന് അധ്യായങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. അധ്യായങ്ങളുടെക്രമം തന്നെ അധിനിവേശത്തിന്റെ ആഘാതങ്ങളെയും അതിനെതിരായ പോരാട്ടത്തിന്റെ അവശ്യതയെയും കുറിക്കുന്നതാണ്. 'ചരിത്രം' (The History) എന്നതാണ് ഒന്നാമത്തെ അധ്യായ നാമം. ലാറ്റിന്‍ അമേരിക്കയുടെ, പ്രത്യേകിച്ച് അര്‍ജന്റീനയുടെ ഒരു പുരാവൃത്ത കഥനമാണിത്. ഒരു ജനതയും അതിന്റെ ദേശീയതയും പൈതൃകവും എങ്ങനെയാണ് കീഴ്‌പ്പെടുത്തപ്പെടുന്നത്? സ്പാനിഷ്, പോര്‍ച്ചുഗീസ് അധീശത്വം പ്രാചീന റെഡ് ഇന്ത്യന്‍ പൈതൃകങ്ങള്‍ക്ക് സാരമായ പരിക്കേല്‍പിച്ചു. പിന്നീട് സൃഷ്ടിക്കപ്പെട്ട ലാറ്റിനമേരിക്കന്‍ ജീവിതവും സംസ്‌കൃതിയുമാകട്ടെ, ബ്രിട്ടീഷ് അധീശത്വത്തിനു കീഴിലുമായി. പിന്നീട് രാജ്യങ്ങള്‍ 'സ്വതന്ത്രങ്ങ'ളായി. എന്നാല്‍ ഈ സ്വാതന്ത്ര്യത്തിന്റെ അര്‍ഥമെന്തായിത്തീര്‍ന്നു? ഈ ചോദ്യത്തെ നാം ഇന്ത്യക്കാരും അഭിമുഖീകരിക്കേണ്ടതുണ്ട്. സാമ്രാജ്യത്വത്തിന്റെ ആസ്ഥാനം ലണ്ടനില്‍നിന്ന് വാഷിംഗ്ടണിലേക്ക് മാറുക മാത്രമാണോ വേണ്ടിയിരുന്നത്.
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ തെക്കേ അമേരിക്കയില്‍ സ്‌പെയിനും പോര്‍ച്ചുഗലും കോളനികള്‍ സ്ഥാപിച്ചു. അവരവിടെ തോട്ടങ്ങളും ഖനികളുമുണ്ടാക്കുകയും ആഫ്രിക്കയില്‍നിന്ന് തദ്ദേശവാസികളെ പിടിച്ച് അടിമകളാക്കി കടത്തിക്കൊണ്ടുവരികയും ചെയ്തു. എന്നാല്‍ വടക്കേ അമേരിക്കയില്‍ നിന്ന് ഭിന്നമായി തെക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും തദ്ദേശീയ ജനതയും വെള്ളക്കാരും ആഫ്രിക്കക്കാരും വംശീയമായും സാംസ്‌കാരികമായും കലര്‍ന്നു. കോളനികളില്‍തന്നെ ജനിച്ചുവളര്‍ന്ന തനിയൂറോപ്യന്മാരും (ക്രിയോളുകള്‍) യൂറോപ്യന്മാരും റെഡ് ഇന്ത്യന്മാരും കലര്‍ന്നുണ്ടായ മെസ്റ്റിസോകളും യൂറോപ്യന്‍ -ആഫ്രിക്കന്‍ സങ്കരവംശമായ മുലാത്തോകളും ആഫ്രിക്കന്‍-റെഡ് ഇന്ത്യന്‍ സംയോഗത്തില്‍ നിന്നുത്ഭവിച്ച സാംബോകളും വീണ്ടും ഇവര്‍ തമ്മില്‍ കലര്‍ന്നുണ്ടായവരുമെല്ലാമുള്‍പ്പെടുന്ന ഒരു ജനതയായി ലാറ്റിനമേരിക്കന്‍ ജനത മാറി. അവര്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ധീര നേതാക്കന്മാരുടെ- ലിബര്‍ത്തദോര്‍മാര്‍ (Libertador/Liberator): അര്‍ജന്റീനയിലെ ഹോസേസാന്‍മര്‍ത്തീന്‍, വെനിസ്വേലയിലെ സൈമണ്‍ ബൊളീവര്‍, ചിലിയിലെ ബെര്‍നാദോ ഓ ഹിഗ്ഗിന്‍സ് തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്- നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളിലൂടെ ലാറ്റിനമേരിക്കന്‍ കോളനികള്‍ സ്വതന്ത്ര രാജ്യങ്ങളായി മാറി.
എന്നാല്‍, അറുപത്-എഴുപതുകളില്‍ പലയിടത്തും ജനകീയ സര്‍ക്കാറുകളെ അട്ടിമറിച്ച് അമേരിക്കന്‍ സഹായത്തോടെ പട്ടാള ഭരണകൂടങ്ങള്‍ നിലവില്‍ വന്നു. അതേതുടര്‍ന്ന് കൂട്ടക്കൊലകളരങ്ങേറുകയും പലയിടത്തും കടുത്ത ദാരിദ്ര്യം പടരുകയും ചെയ്തു. ആധുനികകാലത്ത് ആഗോളീകരണം അര്‍ജന്റീന, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളെ കടക്കെണിയിലാഴ്ത്തിയിട്ടുണ്ട്. പല രാജ്യങ്ങളും ഏറ്റുമുട്ടലിന്റെ വഴിയിലുമാണിപ്പോള്‍. 'രാജ്യം' (The Country) എന്ന അടുത്ത അധ്യായത്തില്‍, പ്രകൃതി വിഭവങ്ങളാല്‍ അതിസമ്പന്നമായിരുന്ന അര്‍ജന്റീന എന്തുകൊണ്ടാണ് ദരിദ്രമായിത്തീര്‍ന്നതെന്ന അന്വേഷണമാണ്. മുതലാളിത്ത അധിനിവേശവും വികസന പദ്ധതികളും ചില വ്യക്തികളെയും ചില ദേശങ്ങളെയും അതിസമ്പന്നമാക്കിത്തീര്‍ക്കുന്നു. മറ്റു സമൂഹങ്ങളും ഭൂഭാഗങ്ങളുമാകട്ടെ, തീര്‍ത്തും ദരിദ്രവുമാകുന്നു. അതായത്, സമ്പത്തിന്റെയും വിഭവങ്ങളുടെയും കേന്ദ്രീകരണം സംഭവിക്കുന്നു. യൂറോപ്പുമായുള്ള താരതമ്യത്തില്‍ പോലും അതിസമ്പന്നമായിരുന്ന നമ്മുടെ ബംഗാളില്‍ പട്ടിണിമരണങ്ങളും ദാരിദ്ര്യം മൂലമുള്ള ആത്മഹത്യകളും സംഭവിച്ചതെങ്ങനെയാണ്? മൂലധന താല്‍പര്യങ്ങള്‍ എല്ലായ്‌പ്പോഴും ദുരിതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. അര്‍ജന്റീനയുടെ സമൃദ്ധമായ പ്രകൃതി വിഭവങ്ങളെക്കുറിച്ച വിവരണങ്ങളും ദൃശ്യങ്ങളും ഈ അധ്യായത്തില്‍ നാം കാണുന്നുണ്ട്. എന്തുകൊണ്ടാണ് ഇവയൊന്നും ആ രാജ്യത്തിന് പ്രയോജനപ്പെടാതെ പോയത്? മൂലധനാധിപത്യത്തിന് കീഴില്‍ വികസനം പ്രകൃതിക്കും മനുഷ്യനുമെതിരാകുന്നു.
'ദിനേനയുള്ള അക്രമങ്ങള്‍' (The Daily Violence) എന്ന മൂന്നാമധ്യായത്തില്‍ ഇതിന്റെ തുടര്‍ച്ചയായ മറ്റു ചില വൈരുധ്യങ്ങളും കൂടി അവതരിപ്പിച്ച ശേഷം 'തുറമുഖ നഗരം' (The Port City) എന്ന നാലാമധ്യായത്തില്‍ ബ്യൂണസ് ഐറിസ് നഗരത്തെ ചിത്രീകരിക്കുന്നു. നഗരജീവിതത്തിന്റെ തിളക്കത്തിന്റെ മറുപുറമായി ദരിദ്രമായ ചേരികളും നാം കാണുന്നു. യഥാര്‍ഥത്തില്‍ സമൂഹം മുന്നോട്ടാണോ പിറകോട്ടാണോ സഞ്ചരിക്കുന്നത്?
ചൂഷണത്തിന്റെ ഭീകരാവസ്ഥയുടെ നേര്‍ക്കാഴ്ചകളാണ് 'പ്രഭുത്വാധിപത്യം' (The Oligarchy) എന്ന അധ്യായം. വൈദേശിക ചൂഷകശക്തികളും അവരോട് ചേര്‍ന്ന് വളര്‍ച്ച പ്രാപിക്കുന്ന പുത്തന്‍ ദേശീയ വരേണ്യവര്‍ഗങ്ങളും ചേര്‍ന്നു നടത്തുന്ന ചൂഷണങ്ങള്‍. 'വ്യവസ്ഥ' (The System) എന്ന അധ്യായമാകട്ടെ, പുതിയൊരാധിപത്യ വ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വരക്കുന്നു. സാംസ്‌കാരികവും സാമൂഹികവുമായ അടിച്ചമര്‍ത്തല്‍ കൊളോണിയലിസത്തിന്റെ സ്വഭാവമാണ്. എങ്ങനെയാണ് അതിപ്രകാരം പ്രവര്‍ത്തിക്കുന്നതെന്ന ചര്‍ച്ചയില്‍ നാമേര്‍പ്പെടുകയാണ്. അധിനിവേശത്തിനു കീഴില്‍ ദേശം രോഗാതരുമാകുന്നതിന്റെയും സംസ്‌കാരം നാശോന്മുഖമാകുന്നതിന്റെയും രാഷ്ട്രീയം അഴിമതി നിറഞ്ഞതാകുന്നതിന്റെയും ചിത്രങ്ങളാണ് ഇവിടെ തെളിയുന്നത്.
അനിയന്ത്രിതമായ വിദേശമൂലധനം അപകടത്തിലാക്കിയ രാഷ്ട്രീയ സാമ്പത്തികാവസ്ഥകളെയാണ് അര്‍ജന്റീനയുടെ ഇതുവരെയുള്ള ചരിത്രം അടയാളപ്പടുത്തുന്നത്. ഇന്ത്യയുള്‍പ്പെടെ 'മൂന്നാം ലോക' രാജ്യങ്ങളില്‍ പലതും ഇതേ അപകടത്തിലേക്കുതന്നെ നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ ചലച്ചിത്രം ഇപ്പോഴും നമുക്ക് ശക്തമായ മുന്നറിയിപ്പുകള്‍ തന്നുകൊണ്ടിരിക്കുന്നു.
യഥാര്‍ഥ
അവകാശികള്‍ക്കെതിരെ
രാഷ്ട്രീയാതിക്രമം (The Political Violence) ആണ് തുടര്‍ന്നുവരുന്ന ഭാഗം. അര്‍ജന്റീനയുടെ ആദിമാവകാശികളായ ഗോത്ര വിഭാഗങ്ങള്‍ അന്യരായിത്തീര്‍ന്നതെങ്ങനെ? യഥാര്‍ഥ അവകാശികള്‍ക്കെതിരെ അന്യായമായ അധീശത്വങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്. ഇതാകട്ടെ ഒരു 'പുത്തന്‍ വംശീയത'യെ സൃഷ്ടിക്കുന്നതായി ചലച്ചിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു. ഇതാണ് അടുത്ത അധ്യായം (Neo Racism). ഗോത്ര ജനതക്കെതിരെ സൈനികവും രാഷ്ട്രീയവുമായ ആയുധങ്ങള്‍ പ്രയോഗിക്കപ്പെടുന്നതിന്റെയും അവരുടെ ദരിദ്രമായ സാമൂഹികാവസ്ഥകളുടെയും പ്രതിസന്ധികളുടെയും ദൃശ്യങ്ങളും വിവരണങ്ങളുമാണിതില്‍. ഇങ്ങനെ നിസ്സഹായവും പരാശ്രിതവുമായിത്തീരുന്ന ജീവിതാവസ്ഥകള്‍ 'ആശ്രയത്വം' (The Dependence) എന്ന ഖണ്ഡത്തില്‍ വരച്ചിടുന്നു.
പണാധിപത്യ മൂല്യങ്ങളും അധീശ താല്‍പര്യങ്ങളും പുത്തന്‍ വംശീയതയും ഒത്തുചേരുമ്പോള്‍ സാംസ്‌കാരിക വൈവിധ്യങ്ങളും പാരമ്പര്യങ്ങളും തകരുന്നു. ഇതിന്റെ കുറേക്കൂടി വിശദമായ ദൃശ്യ ചര്‍ച്ച 'സാംസ്‌കാരികാക്രമണം' (The Cultural Violiece) എന്ന ഭാഗത്തുണ്ട്. സാമ്രാജ്യശക്തികള്‍ ഒരു ദേശത്തെ രണ്ടു രൂപത്തില്‍ കീഴടക്കാന്‍ ശ്രമിക്കുന്നു. ഒന്ന്, സൈനിക രാഷ്ട്രീയ ശക്തിയിലൂടെ. സാംസ്‌കാരിക 'പ്രക്ഷാളനങ്ങ'ളാണ് മറു രൂപം. പ്രാദേശികമായ പാരമ്പര്യത്തെയും സംസ്‌കൃതിയെയും സാമ്രാജ്യത്വവും മൂലധനവും പ്രാകൃതമെന്ന് വിശേഷിപ്പിച്ചു. ഇതിലൂടെ സാംസ്‌കാരികമായ മേല്‍ക്കൈ നേടലും സാമ്പത്തിക താല്‍പര്യങ്ങളുടെ നിര്‍വഹണവും ഒരേസമയം സാധ്യമാകുന്നു. ഇന്ത്യയിലെ കൃഷി രീതികളെയും വിത്തുകളെയും പാശ്ചാത്യശാസ്ത്രം പഴഞ്ചനെന്നു മുദ്രകുത്തിയിരുന്നു. ഇതിനായി പുത്തന്‍ അക്കാദമിഷ്യന്മാരെയും ശാസ്ത്ര ബുദ്ധിജീവികളെയും സൃഷ്ടിച്ചു. ഹരിത വിപ്ലവത്തിന്റെ മറവില്‍ മൂന്നില്‍ രണ്ട് ലോകത്തുള്ള വിത്തുകളും ജൈവസമ്പത്തും പാശ്ചാത്യ ലോകത്തേക്ക് കടത്തി. എന്നിട്ട് അവയില്‍തന്നെ പരീക്ഷണങ്ങള്‍ നടത്തി പുതിയ സങ്കര വിത്തുകളുണ്ടാക്കിയും മറ്റും ഇതേ പ്രദേശങ്ങളില്‍തന്നെ വിറ്റഴിക്കുകയും ചെയ്തു. ഇപ്രകാരം വികസനം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, സംസ്‌കാരം എന്നിവയിലെല്ലാം ഉത്തമ മാതൃകകളായി യൂറോപ്യന്‍ രൂപങ്ങളെയും സമ്പ്രദായങ്ങളെയും അടിച്ചേല്‍പിച്ചു. 'മാതൃകകള്‍' (The Models) എന്ന അധ്യാം ഇതിനെയാണ് പ്രശ്‌നവത്കരിക്കുന്നത്.
ഇതേത്തുടര്‍ന്ന് സൊലാനസും ഗെറ്റിനോയും പ്രത്യയശാസ്ത്രപരമായ യുദ്ധ സന്നാഹത്തെ (The Ideological Warfare)ക്കുറിച്ചാണ് പറയുന്നത്. പുതിയ വാണിജ്യ മോഹങ്ങള്‍കൊത്ത് നമ്മെയും നമ്മുടെ ജീവിതത്തെയും മുതലാളിത്തം പാകപ്പെടുത്തുന്നുണ്ട്. നമുക്കാവശ്യമില്ലാത്തതും പണാധിപത്യ സങ്കല്‍പങ്ങള്‍ നിര്‍മിക്കുന്നതുമായ ഉല്‍പന്നങ്ങളും ചിന്തകളും നമ്മിലടിച്ചേല്‍പിക്കുന്നു. ആധുനിക മനോവിശകലനങ്ങളുടെ സഹായത്തോടെ പരസ്യതന്ത്രങ്ങളാവിഷ്‌കരിച്ചും മറ്റും നമ്മുടെ അവബോധത്തെ മൂലധനശക്തികള്‍ ആക്രമിച്ചുകൊണ്ടിരിക്കുന്നു.
'തെരഞ്ഞെടുപ്പ്' (The Choice) എന്ന അധ്യായത്തിലാണ് ചൂളകളുടെ മുഹൂര്‍ത്തം എന്ന സിനിമയുടെ ഒന്നാം ഭാഗം അവസാനിക്കുന്നത്. അത് നിലപാട് വ്യക്തമാക്കാന്‍ നമ്മോടാവശ്യപ്പെടുന്നു. പോരാട്ടത്തിന്റെയും ചെറുത്തുനില്‍പിന്റെയും അവശ്യതയെക്കുറിച്ച ബോധം നമ്മിലേക്കു പകരുന്നു.
വെടിയേറ്റു മരിച്ചു കിടക്കുന്ന ചെഗുവേരയുടെ ദൃശ്യങ്ങള്‍ നാം അവസാനം കാണുന്നു. ചിത്രത്തില്‍ അവസാന സ്വീക്കന്‍സിക്കു മുമ്പായി ഒരു പ്രസ്താവനയുണ്ട്. ഒന്നര ലക്ഷം നാവികര്‍ക്ക് വിയറ്റ്‌നാം ജനതയുടെ ധീര പ്രതിരോധത്തെ തകര്‍ക്കാനായില്ലെങ്കില്‍ ഭൂലോകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തുള്ള ജനതയെ തോല്‍പിക്കാന്‍ എത്ര ലക്ഷം സൈനികര്‍ വേണം? ''..... സാമ്രാജ്യത്വം അതിന്റെ അന്തിമ പരാജയത്തിലേക്കാണ് നീങ്ങുന്നത്. മൗ (Mao) പറഞ്ഞതുപോലെ അതൊരു കടലാസുപുലി മാത്രമാണ്.'' 1968-ന് നാലു പതിറ്റാണ്ടുകള്‍ക്കിപ്പുറത്തും മുതലാളിത്ത സാമ്രാജ്യത്വം അന്തിമമായി പരാജയമടഞ്ഞിട്ടില്ല. എന്നാല്‍ അതിന്റെ നാശം ഭൂമിയുടെയും മനുഷ്യന്റെയും നിലനില്‍പിന് അനിവാര്യമാകുന്നു.
പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകളിലൂടെ മുതലാളിത്ത സാമ്രാജ്യത്വം അതിന്റെ അധീശത്വം നിലനിര്‍ത്തുന്നു. എന്നാല്‍, ഇതിനെതിരായ പോരാട്ടങ്ങള്‍ ലോകത്ത് പലയിടങ്ങളിലും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഈ പ്രതികരണങ്ങളെ ഏകോപിപ്പിക്കാന്‍ കെല്‍പുള്ള ഒരു ദര്‍ശനത്തിന് പ്രസക്തിയേറുകയും ചെയ്യുന്നു.
[email protected]