>>വാര്‍ത്തകള്‍ / ദേശീയം
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടപെടും: യു.എം.എഫ്
ജാര്‍ഖണ്ഡില്‍ ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ക്രിയാത്മകമായി ഇടപെടുമെന്ന് യുനൈറ്റഡ് മില്ലി ഫോറം അറിയിച്ചു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ജാര്‍ഖണ്ഡില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുമായി ചേര്‍ന്നുകൊണ്ട് ഇലക്ഷന്‍ നയം രൂപപ്പെടുത്തുമെന്ന് യു.എം.എഫ് കണ്‍വീനറും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീറുമായ ഡോ. ഹസന്‍ റസ പറഞ്ഞു. ഭക്ഷ്യാവകാശ നിയമ പ്രവര്‍ത്തകന്‍ ബല്‍റാം ജി, ആദിവാസി മൂല്‍വാസി അസ്തിത്വ രക്ഷാമഞ്ച് നേതാവ് ദയാമണി ബര്‍ല, സാംസ്കാരിക പ്രവര്‍ത്തകനായ വിനയ് ഭൂഷണ്‍ തുടങ്ങിയവരാണ് ഇത്തരമൊരു ശ്രമത്തിന് ചുക്കാന്‍ പിടിക്കുന്നത്.
ബുര്‍ഖാധാരിണിയെ ആശുപത്രിയില്‍ തടഞ്ഞു
മുംബൈയിലെ പ്രശസ്തമായ കെ.ഇ.എം ആശുപത്രിയില്‍ ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീയെ തടഞ്ഞുവെക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി പരാതി. തന്‍വീര്‍ ഫാത്വിമ എന്ന 47കാരിയാണ് ഭര്‍ത്താവിനും ബന്ധുവിനുമൊപ്പം രോഗബാധിതനായ അമ്മാവനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഗേറ്റില്‍ വെച്ച് തടയപ്പെട്ടത്. വിനയ് ഗിരീഷ് മെഗ്രാം എന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനാണത്രെ ഇവരെ തടഞ്ഞുവെച്ചത്. അകത്ത് പ്രവേശിക്കണമെങ്കില്‍ മുഖവും മുടിയും കാണിച്ചേ പറ്റൂ എന്ന് പോലീസ് നിര്‍ദേശമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ പ്രവേശനം നിഷേധിച്ചതെന്ന് ഫാത്വിമ കുറ്റപ്പെടുത്തുന്നു.
സംഭവത്തിനെതിരെ മില്ലി കൌണ്‍സില്‍, ജംഇയ്യത്തുല്‍ ഉലമ, ഭാരത് ബച്ചാവോ ആന്ദോളന്‍, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സെക്യൂരിറ്റി ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലെങ്കില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അസ്ലം ഗാസി മുന്നറിയിപ്പ് നല്‍കി. സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കില്‍ വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് മാസം മുമ്പ് ഇസ്രയേലീ കോണ്‍സുലേറ്റിന് മുമ്പില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടു എന്നാരോപിച്ച് താടിവെച്ച ഒരാളെ പോലീസ് മണിക്കൂറോളം ചോദ്യം ചെയ്ത സംഭവത്തിനു ശേഷമാണ് ബുര്‍ഖധാരിണിക്കും സമാനമായ അനുഭവമുണ്ടായിരിക്കുന്നത്.
വിഷന്‍ 2016
ബീഹാറില്‍ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ്
2010-ലെ മെട്രിക്കുലേഷന്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ 501 മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് അനുമോദന ചടങ്ങ് നടത്താന്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്‍ തീരുമാനിച്ചു. 60 ശതമാനത്തിനു മേല്‍ മാര്‍ക്ക് നേടിയവരെയാണ് അവാര്‍ഡിന് പരിഗണിച്ചത്. 270 ആണ്‍കുട്ടികളും 231 പെണ്‍കുട്ടികളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശില്‍ ഇത്തരത്തില്‍ 800 വിദ്യാര്‍ഥികള്‍ക്ക് ഫൌണ്ടേഷന്‍ അവാര്‍ഡ് നല്‍കിയിരുന്നു.
ജുമാ മസ്ജിദ് അക്രമം:
ജമാഅത്ത് അപലപിച്ചു
ദല്‍ഹി ജുമാ മസ്ജിദിനടുത്ത് ടൂറിസ്റ് ബസ് ആക്രമിച്ച സംഭവത്തെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അപലപിച്ചു. ദേശീയ സെക്രട്ടറി ജനറല്‍ നുസ്റത്ത് അലി നല്‍കിയ പ്രസ്താവനയില്‍ നഗരത്തിലെ സുരക്ഷ കാര്യക്ഷമമാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തിയ അദ്ദേഹം ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും അഭ്യര്‍ഥിച്ചു.
ബീഹാറില്‍ യു.ഡി.എഫ്
മത്സരത്തിനൊരുങ്ങുന്നു
അടുത്തിടെ രൂപവത്കരിച്ച ബീഹാര്‍ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ആസന്നമായ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്ന് സംസ്ഥാന കണ്‍വീനര്‍ അബൂ ഖൈസ്വര്‍ അറിയിച്ചു. ദല്‍ഹി ഇമാം അഹ്മദ് ബുഖാരിയുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ മാസം സംഘടന രൂപവത്കരിച്ചത്. കോണ്‍ഗ്രസിനെയാണ് സംഘടന തങ്ങളുടെ പ്രധാന ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത്.