ആഗോള സാമ്പത്തിക മേഖലക്ക് തകര്‍ച്ച നേരിട്ടതോടെ ഇസ്ലാമിക് ബാങ്കുകള്‍ക്ക് ലോകത്ത് പ്രിയം ഏറിവരികയാണ്. തകര്‍ച്ചയില്‍ താരതമ്യേന പരിക്കുകളില്ലാതെ പിടിച്ച് നില്‍ക്കാനായത് പലിശരഹിത ഇസ്ലാമിക് ബാങ്കുകള്‍ക്കാണ് എന്ന യാഥാര്‍ഥ്യമാണ് യൂറോ-അമേരിക്കന്‍ സാമ്പത്തിക മേഖലയെപ്പോലും ഈ രംഗത്തേക്ക് ശ്രദ്ധ തിരിച്ച് വിടാന്‍ പ്രേരിപ്പിച്ചത്.
റഷ്യയില്‍ ആദ്യ ഇസ്ലാമിക് ബാങ്ക് ആരംഭിക്കാനുള്ള സന്നാഹങ്ങള്‍ പൂര്‍ത്തിയായതായി അതിന്റെ പ്രസിഡന്റ് അഹ്മദ് ഫ്രാങ്കോവ് കഴിഞ്ഞ ദിവസം അറബ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 'അക്രോപോള്‍' ഗ്രൂപ്പ് മൂലധനം സമാഹരിച്ച് ആരംഭിക്കുന്ന ബാങ്കിന്റെ പ്രവര്‍ത്തനം വൈകാതെ യാഥാര്‍ഥ്യമാവും. റഷ്യയില്‍ ഇസ്ലാമിക് ബാങ്കിംഗിന് അനുമതി ലഭിക്കില്ലെന്നതിനാല്‍ ബഹ്റൈന്‍ ആസ്ഥാനമായാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുക. എന്നാല്‍ ബാങ്ക് സമാഹരിക്കുന്ന മൂലധനം റഷ്യയിലെ വിവിധ സംരംഭങ്ങളില്‍ വിനിയോഗിക്കും. പെട്രോള്‍, ഗ്യാസ്, കല്‍ക്കരി, ഖനിജങ്ങള്‍ എന്നിവയിലാണ് ബാങ്ക് മുതല്‍മുടക്കാന്‍ ഉദ്ദേശിക്കുന്നത് എന്നതിനാല്‍ വന്‍ ടേണ്‍ ഓവര്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ബാങ്കിന്റെ ഓഹരിക്കാര്‍ക്ക് നല്ല ഡിവിഡന്റ് നല്‍കാനാകുമെന്നും നടത്തിപ്പുകാര്‍ പ്രതീക്ഷിക്കുന്നു.
25 ദശലക്ഷം മുസ്ലിംകളുള്ള റഷ്യയില്‍ അവര്‍ സാമ്പത്തികമായും ശക്തരാണ്. മോസ്കോവില്‍ മാത്രം 25 ലക്ഷം മുസ്ലിംകളുണ്ടെന്നാണ് കണക്ക്. സാമ്പത്തിക സംരംഭങ്ങളില്‍ മുതല്‍മുടക്കാന്‍ അവര്‍ സന്നദ്ധരുമാണ്. ഇസ്ലാമികമായ ഒരു സംരംഭം അവര്‍ക്ക് ഒരുക്കിക്കൊടുത്തതില്‍ ഏറെ കൃതാര്‍ഥനാണ് അഹ്മദ് ഫ്രാങ്കോവ്.
കൂടാതെ അറബ് രാജ്യങ്ങളില്‍ നിന്നുള്ള മുതല്‍മുടക്കുകാരെയും റഷ്യന്‍ പ്രകൃതി വിഭവങ്ങളിലേക്ക് ആകര്‍ഷിക്കാനാവുമെന്നാണ് അറബ്-റഷ്യന്‍ സഭയിലെ അംഗം കൂടിയായ അഹ്മദ് ഫ്രാങ്കോവ് വിശ്വസിക്കുന്നത്. 2008ല്‍ ബഹ്റൈന്‍ രാജാവ് റഷ്യ സന്ദര്‍ശിച്ച വേളയില്‍ 'അക്രോപോള്‍' ഗ്രൂപ്പ് സമര്‍പ്പിച്ച അപേക്ഷ ബഹ്റൈന്‍ സാമ്പത്തിക സഭ അംഗീകരിക്കുകയായിരുന്നു. റഷ്യയില്‍ ഇസ്ലാമിക് ബാങ്കിംഗിന് അനുമതി ലഭിക്കാനുള്ള സാധ്യത സമയത്തിന്റെ മാത്രം പ്രശ്നമാണെന്നാണ് ബാങ്ക് അധികൃതര്‍ കരുതുന്നത്. റഷ്യ അനുമതി നല്‍കുന്ന മാത്രയില്‍ ബാങ്കിന്റെ ആസ്ഥാനം ബഹ്റൈനില്‍ നിന്ന് മോസ്കോവിലേക്ക് മാറ്റുകയും കൂടുതല്‍ ശാഖകള്‍ തുറക്കുകയും ചെയ്യുമെന്ന് പ്രസിഡന്റ് അഹ്മദ് പറഞ്ഞു. ബില്യന്‍ ഡോളര്‍ മൂലധനമുള്ള ബാങ്കിന്റെ മുതല്‍മുടക്കില്‍ പകുതി അറബികളില്‍ നിന്നും ബാക്കി റഷ്യന്‍ മുസ്ലിംകളില്‍ നിന്നുമാണ് ഓഹരി വ്യവസ്ഥയില്‍ സമാഹരിച്ചിട്ടുള്ളത്. ആയിരത്തോളം ബാങ്കുകളുള്ള റഷ്യയില്‍ 20 എണ്ണം മാത്രമാണ് സജീവ സാമ്പത്തിക മേഖലയിലുള്ളത്. ഇസ്ലാമിക് ബാങ്കിന് ഈ രംഗത്ത് മികച്ച സേവനം കാഴ്ചവെക്കാനാവുമെന്നാണ് കരുതപ്പെടുന്നത്.
സഭ മാപ്പ് പറയുന്നു
കിഴക്കന്‍ കാനഡയിലെ ന്യൂ സ്കോട്ട്ലന്റ് പ്രവിശ്യയിലെ 'ആന്റിഗോണിഷ്' കത്തോലിക്ക സഭ തങ്ങളുടെ ഒരു പുരോഹിതന് വേണ്ടി, ലൈംഗിക ചൂഷണത്തിന് വിധേയരായവരോട് പരസ്യമായി മാപ്പ് പറയുകയും 13 ദശലക്ഷം കനേഡിയന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ തയാറാവുകയും ചെയ്തിരിക്കുന്നു. പീഡനത്തിനു വിധേയരായ 15 പേരുടെ കുടുംബങ്ങളും സഭയും തമ്മില്‍ അഞ്ചുവര്‍ഷമായി നടന്നുവന്നിരുന്ന കേസിന്റെ രമ്യമായ പരിഹാരമായിട്ടായിരുന്നു ഈ തീരുമാനം. പ്രായം കുറഞ്ഞവരെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ പുരോഹിതന്‍ 2004-ല്‍ മരിച്ചിരുന്നു. നഷ്ടപരിഹാരം നല്കുന്നതിനുവേണ്ടി ഉദാരമായി സഹായിക്കാന്‍ സഭ വിശ്വാസികളോട് അഭ്യര്‍ഥിക്കുകയുണ്ടായി.