Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>
കത്തുകള്‍



ഹോണര്‍ കില്ലിംഗ് ജാതീയതയുടെ ശേഷിപ്പുകള്‍

 

 

 
 

 


ഇന്ത്യയില്‍ ജാതീയത നിലനില്‍ക്കുന്നുവെന്നതിന്റെ പ്രത്യക്ഷ തെളിവായി മാറുകയാണ് ഹോണര്‍ കില്ലിംഗ്. ഗോത്രത്തിന്റെയും കുടുംബത്തിന്റെയും മഹിമ നിലനിര്‍ത്താനെന്ന പേരില്‍ നടക്കുന്ന കൊലകളാണ് ഹോണര്‍ കില്ലിംഗായി വിവക്ഷിക്കപ്പെടുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഹോണര്‍ കില്ലിംഗ് വ്യാപകമാവുന്നത്.
ചില മതവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ജാതീയതയുടെ പരിണാമമാണ് ഹോണര്‍ കില്ലിംഗ്. താഴ്ന്ന ജാതിയില്‍ പെട്ടവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നവരാണ് ഇതിന്റെ മിക്ക ഇരകളും. സ്വാതന്ത്യ്രലബ്ധിയുടെ അറുപതാണ്ടിന് ശേഷവും ഇന്ത്യ ജാതീയതയില്‍നിന്ന് സ്വാതന്ത്യ്രം നേടിയിട്ടില്ല. ഗ്രാമപ്രദേശങ്ങളിലാണ് പ്രധാനമായും ഹോണര്‍ കില്ലിംഗ് അരങ്ങേറുന്നത്.
ചില ഗ്രാമങ്ങളില്‍ 'ഗാവ് പഞ്ചായയത്തു'കള്‍ എന്ന പേരിലറിയപ്പെടുന്ന ഗ്രാമ കോടതികളാണ് ശിക്ഷ വിധിക്കുന്നത്. ഇത്തരം കോടതികളെ നിരോധിക്കണമെന്ന ആവശ്യം ശക്തമാണ്. ഹോണര്‍ കില്ലിംഗിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗാവ് പഞ്ചായത്തുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഓരോ ഗ്രാമത്തിലെയും സവര്‍ണ നേതാക്കളാണ്. ഇവര്‍ താഴ്ന്ന ജാതിക്കാര്‍ക്കെതിരെ മനുഷ്യത്വരഹിതമായ വിധികളാണ് നല്‍കാറുള്ളത്.
മറ്റു ചില സംഭവങ്ങളില്‍ വിവാഹം കഴിക്കുന്നവരുടെ കുടുംബം തന്നെയാണ് ശിക്ഷ നിര്‍ണയിക്കുന്നത്. സ്വന്തം ജാതിയില്‍നിന്നും താഴ്ന്ന ജാതിയില്‍നിന്നും വിവാഹം കഴിക്കുന്നവര്‍ക്കും കുടുംബ നിര്‍ദേശത്തിനെതിരായി വരണമാല്യം ചാര്‍ത്താന്‍ ധൈര്യപ്പെടുന്നവര്‍ക്കുമാണ് മരണശിക്ഷ വിധിക്കപ്പെടുന്നത്. ശങ്കര ശ്രീനിവാസ് എന്ന 32കാരനും സ്വപ്ന റെഡ്ഢിയെന്ന 22 കാരിയും കുടുംബ ഇഛക്കെതിരായാണ് വിവാഹം കഴിച്ചിരുന്നത്. കുടുംബത്തെ ഭയപ്പെട്ടതുകൊണ്ടാണ് അവര്‍ ടൌണിലേക്ക് താമസം മാറ്റിയത്. ഒരുനാള്‍ ചര്‍ച്ചക്കെന്ന പേരില്‍ സ്വപ്നയുടെ കുടുംബം അവരെ വിളിച്ചുവരുത്തി. ഏറെ പ്രതീക്ഷകളോടെയാണ് അവര്‍ ചര്‍ച്ചക്കെത്തിയത്. സംസാരത്തിനിടെ സ്വപ്നയുടെ കുടുംബം ശ്രീനിവാസനെ മര്‍ദിക്കാന്‍ തുടങ്ങി. അത് തടയാന്‍ ചെന്ന സ്വപ്നയെയും അവര്‍ വെറുതെ വിട്ടില്ല. ഒടുവില്‍ ഇരുവരെയും ഒരു മരത്തില്‍ കെട്ടി 30 ബന്ധുക്കള്‍ ചേര്‍ന്ന് എറിഞ്ഞു കൊന്നു. ഇതടക്കം പല കൊലകളിലും ദമ്പതികളുടെ മാതാപിതാക്കളും സഹോദരന്മാരും തന്നെയാണ് കൊലകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നത് വിരോധാഭാസമാണ്. പത്തൊമ്പതുകാരിയായ ഗുര്‍ലിന്‍ കൌറിനെ അഛനും സഹോദരന്മാരും ചേര്‍ന്ന് വെട്ടിക്കൊല്ലുകയും നഗ്നമായ നിലയില്‍ ഉപേക്ഷിക്കുകയുമാണുണ്ടായത്. ഇത്തരം കൊലകളെ ആത്മഹത്യയായി ചിത്രീകരിച്ച് രക്ഷപ്പെടാനാണ് മിക്ക കുടുംബങ്ങളും ശ്രമിക്കാറുള്ളത്.
പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ഹോണര്‍ കില്ലിംഗിന്റെ ഇരകള്‍. കുടുംബതാല്‍പര്യത്തിനെതിരെ വിവാഹം കഴിക്കുന്നവര്‍ക്ക് ഊര് വിലക്ക് ഏര്‍പ്പെടുത്തുന്നതും ചമ്മട്ടി പ്രഹരം പോലെയുള്ള ശിക്ഷകള്‍ വിധിക്കുന്നതും അപൂര്‍വമല്ലാതായിട്ടുണ്ട്. എങ്കിലും ഈ ക്രൂരതക്കെതിരെ ക്രിയാത്മകമായി ഇടപെടാന്‍ ഗവണ്‍മെന്റുകള്‍ തയാറായിട്ടില്ല. ചില ദമ്പതികള്‍ക്ക് സുരക്ഷിതമായി വിവാഹം കഴിക്കാനുള്ള സൌകര്യം പോലീസ് ചെയ്തു കൊടുക്കുന്നുണ്ട്. എന്നാല്‍ പോലും അവരുടെ ഭാവി ആശങ്കയില്‍ നിന്ന് മുക്തമല്ല. ഏത് നിമിഷവും മരണശിക്ഷ തങ്ങളെ തേടിയെത്തുമെന്ന ഭയം അവര്‍ക്കുണ്ടാവും. ഇതുകൊണ്ടാണ് ഇത്തരം ദമ്പതികള്‍ നഗരങ്ങളിലേക്ക് താമസം മാറ്റാന്‍ നിര്‍ബന്ധിതരാവുന്നത്. പക്ഷേ, നഗരവും സുരക്ഷിതമല്ലെന്ന് ദല്‍ഹിയില്‍ നടന്ന ഹോണര്‍ കില്ലിംഗ് വ്യക്തമാക്കിത്തരുന്നുണ്ട്. ദല്‍ഹിയില്‍ ദമ്പതികളെ വ്യത്യസ്ത സ്ഥലങ്ങളില്‍ വെടിവെച്ച് കൊല്ലുകയായിരുന്നു.
കുറ്റവാളികള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാവാത്തതാണ് കൊലകള്‍ വര്‍ധിക്കുന്നതിന്റെ മുഖ്യ കാരണം. പോലീസുകാരും ഭരണകൂടവും ഈ ക്രൂരതക്ക് പിന്തുണ നല്‍കുന്നുവെന്ന ആരോപണവും ശക്തമണ്. ഗാവ് പഞ്ചായത്തുകളെ നിരോധിച്ച് അന്യജാതിയില്‍നിന്ന് വിവാഹം കഴിക്കുന്നവര്‍ക്ക് മതിയായ സുരക്ഷ നല്‍കാന്‍ ഗവണ്‍മെന്റ് തന്നെയാണ് നടപടി കൈക്കൊള്ളേണ്ടത്. കേവലം വോട്ടുകള്‍ ലക്ഷ്യമിട്ട് നിശ്ശബ്ദത പാലിക്കുകയാണ് മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികള്‍. ഒറ്റപ്പെട്ട ഇരകളുടെ ശബ്ദം തങ്ങളുടെ വോട്ട് ബാങ്കിന് പോറലേല്‍പിക്കില്ലെന്ന തിരിച്ചറിവും ഇതിന് പിന്നിലുണ്ടാവാം.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലാണ് ഹോണര്‍ കില്ലിംഗ് ക്രമാതീതമായി വര്‍ധിച്ചത്. ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമായി ഒരു വര്‍ഷം മാത്രം ആയിരത്തോളം ഹോണര്‍ കില്ലിംഗ് കൊലകള്‍ നടക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ 200നടുത്താണ് ഇതിന്റെ നിരക്ക്. ലൈംഗിക സ്വാതന്ത്യ്രത്തിനും സ്വവര്‍ഗ വിവാഹങ്ങള്‍ക്കും വാളോങ്ങുന്നവര്‍ ഹോണര്‍ കില്ലിംഗിന്റെ ദുരിത വീഥികള്‍ കണ്ടില്ലെന്ന് നടിക്കുകയാണോ? വിവാഹപൂര്‍വ ലൈംഗികത നിയമവിധേയമാക്കാന്‍ പേജും സ്റേജും ഉപയോഗിക്കുന്നവരുടെ നാട്ടില്‍ വിവാഹം കഴിച്ച് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. ജീവിക്കാനുള്ള ഓരോ ഇന്ത്യന്‍ പൌരന്റെയും മൌലികാവകാശത്തിനു മേല്‍ തൂങ്ങിനില്‍ക്കുന്ന വാളായി ഹോണര്‍ കില്ലിംഗ് മാറുമ്പോള്‍ പൊതുസമൂഹവും ഭരണകൂടവും കാഴ്ചക്കാരായി മാറാന്‍ പാടില്ല.
കെ.സി ഇഖ്ബാല്‍ വാവാട്

ഒരു സങ്കട ഹരജി
ഇന്ത്യയിലെ മുസ്ലിം സമൂഹത്തില്‍ രചനാത്മകമായ ഐക്യവും സഹകരണവും ഉണ്ടാവേണ്ടത് കേവലം സാമുദായിക ആവശ്യമല്ല, ദേശീയമായ ആവശ്യമാണ്. മുസ്ലിം ഐക്യം രാജ്യപുരോഗതിക്ക് ഏറെ ഉപകാരപ്രദമാണ്. മുസ്ലിം സംഘടനകള്‍ കക്ഷിമാത്സര്യത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ധാരാളമായി വിനിയോഗിക്കുന്ന അധ്വാനം, സമയം, സമ്പത്ത് തുടങ്ങിയവ രാജ്യനന്മക്ക് വേണ്ടി തിരിച്ചുവിടാന്‍ സാധിക്കും. മുസ്ലിം പുരോഗതി രാജ്യപുരോഗതി കൂടിയാണല്ലോ. മുസ്ലിം സംഘടനകള്‍ പരസ്പരം കലഹിക്കാനും അനാവശ്യ മാത്സര്യം നടത്താനും വിനിയോഗിക്കുന്ന ഊര്‍ജവും സമ്പത്തും സമുദായ പുരോഗതിക്ക് തിരിച്ചുവിട്ടാല്‍ അത് നാടിന് വലിയ മുതല്‍കൂട്ട് തന്നെയായിരിക്കും.
മുസ്ലിം ഐക്യം സുസാധ്യമാകാതിരിക്കാന്‍ വളരെ വലിയ കുത്തിത്തിരിപ്പുകള്‍ ആഗോളാടിസ്ഥാനത്തില്‍ നടക്കുന്നുണ്ട്. സമുദായത്തെ ഭിന്നിപ്പിച്ച് മുതലെടുക്കുകയെന്നത് എക്കാലത്തും വിദഗ്ധമായി നടപ്പിലാക്കപ്പെട്ട തന്ത്രമായിരുന്നല്ലോ. വിശുദ്ധ ഖുര്‍ആനില്‍ (6:65) മൂന്ന് തരം ശിക്ഷകള്‍ അല്ലാഹു ഇറക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതില്‍ ഒന്ന് കക്ഷികളായി പിരിഞ്ഞ് പരസ്പരം ദുരിത പീഡനങ്ങളേല്‍ക്കേണ്ടിവരുന്ന ദുര്‍ഗതിയാണ്. ഈ മൂന്ന് ദുരിതങ്ങളില്‍നിന്ന് സമുദായത്തെ രക്ഷിക്കേണമേ എന്ന് നബി പ്രാര്‍ഥിച്ചപ്പോള്‍ രണ്ട് കാര്യത്തില്‍ അല്ലാഹു പ്രാര്‍ഥന പരിഗണിച്ചെന്നും മൂന്നാമത്തെ ദുര്‍ഗതി (ഭിന്നിച്ച് തമ്മില്‍ തല്ലി നശിക്കല്‍) സമുദായം പരിശുദ്ധ ഖുര്‍ആന്‍ അവലംബിച്ച് സ്വയം കാത്തുകൊള്ളണമെന്ന് അറിയിപ്പുണ്ടായി എന്നും പ്രസ്തുത സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ കാണുന്നു (ഇബ്നു കസീര്‍). ഭിന്നിക്കാനുള്ളതിനേക്കാള്‍ ഒന്നിക്കാനാണ് സൌകര്യവും സാധ്യതയുമുള്ളത്. ഭിന്നിപ്പ് വല്ലതുമുണ്ടെങ്കില്‍ തന്നെ പരമാവധി ചുരുക്കിക്കൊണ്ട് വരാനുമാകും.
വിയോജിപ്പിനെ വിരോധമാക്കി മാറ്റേണ്ടതില്ല. വിവാദ വിഷയങ്ങളില്‍ വിശാല വീക്ഷണമെന്നത് സമുദായം ശീലിക്കേണ്ടതാണ്. ശകലത്തെ സകലമാക്കി പര്‍വതീകരിച്ച് സങ്കീര്‍ണത ഉണ്ടാക്കാതിരിക്കാന്‍ സമുദായ സംഘടനകളുടെ നേതൃത്വം ശ്രദ്ധിക്കണം. 'എന്റേത് തെറ്റാവാനിടയുള്ള ശരിയും മറുകക്ഷിയുടേത് ശരിയാവാനിടയുള്ള തെറ്റുമായിരിക്കാം' എന്ന മുന്‍കാല പണ്ഡിതരുടെ സഹിഷ്ണുതാ പൂര്‍വമുള്ള വിശാലത ഉള്‍ക്കൊള്ളേണ്ടതുണ്ട്. വാശിയോടെയുള്ള താര്‍ക്കിക ശൈലിയും വക്രീകരണങ്ങളും ഒഴിവാക്കിയാല്‍ കുറെ മാറ്റമുണ്ടാകും. മൌലാനാ മൌദൂദിക്കെതിരെ വിമര്‍ശനം നടത്തിയ അബുല്‍ ഹസന്‍ അലി നദ്വിക്ക് ഉശിരന്‍ മറുപടി എഴുതാന്‍ നല്ലൊരു എഴുത്തുകാരനും പണ്ഡിതനുമെന്ന നിലക്ക് മൌദൂദിക്ക് എളുപ്പം സാധിക്കുമായിരുന്നു. പ്രബോധന പ്രധാനമായ തന്റെ ശൈലിയില്‍നിന്ന് തെന്നിമാറി ഒരു വിമര്‍ശന കൃതി എഴുതാന്‍ മൌദൂദി തുനിഞ്ഞില്ല. നൂറിലേറെ കൃതികളെഴുതിയ മൌദൂദിയുടെ ഒരു കൃതി പോലും ഒരു മുസ്ലിം സംഘടനക്കോ നേതാവിനോ എതിരെയുള്ള വിമര്‍ശനമോ മറുപടിയോ അല്ല. സയ്യിദ് ഉറൂജ് ഖാദിരി അലിമിയാന്റെ കൃതിയെ നിരൂപണം ചെയ്തതിന് വീണ്ടുമൊരു മറുകൃതി രചിച്ച് വിവാദം ഒരു പരമ്പരയാക്കാതിരിക്കാന്‍ അലിമിയാനും ശ്രദ്ധിച്ചുവെന്നതും ശ്രദ്ധേയമാണ്.
വിവാദവും തര്‍ക്കവും മുഖ്യ പരിപാടിയാക്കുന്നവര്‍ക്ക് വലിയ പ്രശസ്തി ലഭിക്കുന്നത് അവരെ കോടാലിപ്പിടിയാക്കി സമുദായത്തിനെതിരെ വിദഗ്ധമായി ധാരാളം ഉപയോഗപ്പെടുത്താനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാവാനിടയുണ്ട്. കടുത്ത ലീഗ് വിരോധം സദാ വിസര്‍ജിക്കുന്ന മുസ്ലിം നേതാക്കള്‍ക്ക് കോണ്‍ഗ്രസ്സില്‍ കിട്ടുന്ന മുന്തിയ പരിഗണനയും, കടുകടുത്ത ജമാഅത്തെ ഇസ്ലാമി വിരോധം നിരന്തരം വിസര്‍ജിക്കുന്നവര്‍ക്ക് മുസ്ലിം ലീഗില്‍ കിട്ടുന്ന അനര്‍ഹ പരിഗണനയും അന്തിമ വിശകലനത്തില്‍ പാപത്തിന്റെ ശമ്പളം മാത്രമാണ്.
മുസ്ലിം ലീഗിന്റെ ജനകീയതയും ജമാഅത്തെ ഇസ്ലാമിയുടെ ധൈഷണികതയും പരസ്പര പൂരകമായി ഭവിക്കാതിരിക്കാന്‍ നടക്കുന്ന കുത്തിത്തിരിപ്പുകളെ വിവേകപൂര്‍വം പരാജയപ്പെടുത്തേണ്ടതുണ്ട്. സമുദായം ഒന്നിച്ചാല്‍ തങ്ങളുടെ മാര്‍ക്കറ്റ് ഇടിഞ്ഞുപോകുമെന്ന ശങ്കയാല്‍ വേട്ടയാടപ്പെടുന്നവര്‍ കൊച്ചു കാര്യങ്ങളുടെ തമ്പുരാക്കന്മാരായി വിലസുകയാണ്. വഴിയോരങ്ങളിലെ എല്‍.സി.ഡി പ്രദര്‍ശനം നില്‍ക്കുമ്പോള്‍ ഇവരുടെ മേല്‍വിലാസം പോയിപ്പോകുമോ എന്ന മനോവിഭ്രാന്തിക്ക് സമുദായം നല്‍കേണ്ടിവരുന്ന വില വളരെ വലുതാണ്. സമുദായത്തിലെ ചിന്താശീലര്‍ ഇത്തരക്കാരെ തിരുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പള്ളികളെ പാര്‍ട്ടി ആഫീസ് പോലെയാക്കിയും ഈദ് ഗാഹുകളെ പാര്‍ട്ടി സമ്മേളനം പോലെയാക്കിയും മുന്നേറുന്ന സംഘടനാ പക്ഷപാതിത്വത്തെയും ശിഥിലീകരണ പ്രവണതകളെയും ഇനിയും ഇങ്ങനെതന്നെ തുടരാന്‍ വിടുന്നത് വിനാശകരമായിരിക്കും.
എ.ആര്‍ അഹ്മദ് ഹസന്‍ പെരിങ്ങാടി

മതേതര ഇസ്ലാം
എന്താണ് മതേതര ഇസ്ലാം? ഒരുപാട് ചിന്തകള്‍ക്കും ഗ്രന്ഥങ്ങള്‍ക്കും തന്നെ വിഷയമായ രണ്ട് സാങ്കേതിക വാക്കുകളാണ് മതേതരം, ഇസ്ലാം എന്നിവ. ചെറിയ ചിന്തക്കോ ഏതാനും വാക്കുകള്‍ക്കോ പറഞ്ഞുതീര്‍ക്കാനാവാത്ത സങ്കേതങ്ങള്‍.
വാക്കുകള്‍ക്ക് അതിന്റെ സാങ്കേതിക സൂചിക അര്‍ഥമായി കൊടുക്കാതിരുന്നാല്‍, മതേതരം എന്നത് മതത്തിനു ഇതരമായത്, വേറെയായത് എന്നര്‍ഥം വരും. ഒരു മതമായ ഇസ്ലാമിനെ മതേതരമായ ഇസ്ലാം എന്ന് തലക്കെട്ടിലെഴുതുമ്പോള്‍ ഈയൊരര്‍ഥത്തില്‍ അബദ്ധമാവുകയാണ്. എന്നാല്‍, വാക്യത്തിനു വിശാലമായ ചില ചിന്തകള്‍ ഉണര്‍ത്താന്‍ കഴിയുന്നു.
'ഇസ്ലാം' എന്നത് 'മതം' എന്ന വാക്കിന്റെ പര്യായമല്ല. മറിച്ച്, മതം എന്ന വിഭാഗത്തില്‍ (കാറ്റഗറിയില്‍) അതിനെ നാം ഉള്‍പ്പെടുത്തുന്നു എന്നു മാത്രം. ഇസ്ലാം എന്ന അറബി പദത്തിനു സമാധാനം, വണക്കം എന്നീ രണ്ട് അര്‍ഥമാണ് മലയാളത്തില്‍ നല്‍കാനാവുക. അതിനാല്‍ ഇസ്ലാം എന്നതിന് സമാധാനം കാംക്ഷിക്കല്‍, ദൈവിക നീതിക്ക് കീഴടങ്ങല്‍ എന്നീ നിര്‍വചനങ്ങളാണ് നല്‍കാന്‍ കഴിയുക. യഥാര്‍ഥത്തില്‍ ഇസ്ലാമിന് യോജിച്ച നിര്‍വചനവും ഇതുതന്നെ.
ഏകദൈവ വിശ്വാസത്തിലൂന്നിനിന്നുകൊണ്ട് സമാധാനവും നീതിയും കാംക്ഷിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുക എന്നതാണ് ഇസ്ലാം. ഇസ്ലാമിനെക്കുറിച്ച ആധികാരിക നിര്‍വചനങ്ങളില്‍നിന്ന് മനസ്സിലാക്കിയെടുക്കാവുന്ന കാര്യമാണിത്. ഈ വാക്യത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന്, ദൈവവിശ്വാസത്തിലൂന്നി നില്‍ക്കുക. രണ്ട്, സമാധാനവും നീതിയും നടപ്പില്‍ വരുത്തുക.
ഇന്ന് മുസ്ലിം സമൂഹം കൊണ്ടുനടക്കുന്ന ആചാരാനുഷ്ഠാനങ്ങളില്‍ അധികവും ആദ്യത്തെ ഭാഗമായ 'ഏകദൈവവിശ്വാസത്തിലൂന്നി നില്‍ക്കലില്‍' ഉള്‍പ്പെടുത്താവുന്നതാണ്. നമസ്കാരം, നോമ്പ് പോലുള്ള കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെട്ടതാണ്. എന്നാല്‍ രണ്ടാം ഭാഗമായ 'സമാധാനവും നീതിയും നടപ്പില്‍ വരുക' എന്ന വിശാലമായ ഭൂമികയില്‍ മുസ്ലിം സമൂഹം വളരെ കുറച്ചേ ചെയ്യുന്നുള്ളൂ. സമാധാനവും നീതിയും ആഗ്രഹിക്കുക എന്നത് മുസ്ലിം സമൂഹത്തിന്റെ സ്വഭാവമാണെങ്കിലും നമസ്കാരം, നോമ്പ് മുതലായവ നടപ്പാക്കുന്നത്ര ശ്രദ്ധ സമാധാനവും നീതിയും സമൂഹത്തില്‍- തങ്ങളിലും മറ്റുള്ളവരിലും- നടപ്പാക്കാന്‍ മുസ്ലിം സമൂഹത്തിനു കഴിയുന്നില്ല. ഇതൊരു പരാജയമാണ്.
ഈ നിര്‍വചനത്തെ രണ്ടായി മുറിക്കുകയാണെങ്കില്‍, ആദ്യത്തേതിനെ 'മതം' എന്നും രണ്ടാമത്തേതിനെ 'മതേതരം' എന്നും വിളിക്കാം. സാമ്പ്രദായിക മതസങ്കല്‍പങ്ങള്‍ക്ക് രണ്ടാം ഭാഗം ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല എന്നതും, മതം എന്ന സങ്കേതത്തിനു ആദ്യത്തെ ഭാഗം കൃത്യമായി ചേരും എന്നതും തന്നെ കാരണം. അതുകൊണ്ട് സമാധാനം, നീതി തുടങ്ങിയ വിഷയങ്ങള്‍ മതത്തിന് പുറത്തുള്ളതായി.
ഇസ്ലാമിലെ ഈ മതേതരത്വത്തെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ എത്രത്തോളം നമുക്കായി എന്നതും സംശയമാണ്. ഈ 'മതേതര ഇസ്ലാമിനെ'യാണ് നമുക്ക് സമൂഹത്തില്‍ നടപ്പിലാക്കാനുള്ളത്. 'മത ഇസ്ലാമിനെ' നമുക്ക് പ്രബോധനം ചെയ്യുകയാണ് പ്രധാനമായും വേണ്ടതെങ്കില്‍, മതേതര ഇസ്ലാമിനെ സമൂഹത്തില്‍ നടപ്പിലാക്കാനുള്ള ബോധപൂര്‍വവും ബുദ്ധിപൂര്‍വവുമായ പരിശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. നമുക്ക് മാതൃക സ്വീകരിക്കാവുന്ന പ്രവാചക ചരിത്രത്തില്‍ തന്നെ മത ഇസ്ലാമിനെ (ഇസ്ലാമിന്റെ ആദ്യ ഭാഗത്തെ എന്നും പറയാം) അവസാനം വരെ പ്രബോധനം ചെയ്യുക മാത്രമാണ് ചെയ്തതെങ്കില്‍ രണ്ടാം ഭാഗത്തെ, മതേതര ഇസ്ലാമിനെ ഏത് വിധേനയും നടപ്പിലാക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. അതിനായി അധികാരം ഏറ്റെടുത്തു, പ്രതിരോധവും ചെറുത്തുനില്‍പുകളും സംഘടിപ്പിച്ചു, ഉപരോധം ഏര്‍പ്പെടുത്തി. ഒക്കെയും 'മതേതര' ഇസ്ലാമിനെ നടപ്പില്‍ വരുത്താന്‍ വേണ്ടിയായിരുന്നു. അതുകൊണ്ടാണ് തത്ഫലമായി ഉണ്ടായിത്തീര്‍ന്ന മാതൃകാ ഇസ്ലാമിക രാഷ്ട്രത്തില്‍ മറ്റു മത സമൂഹങ്ങള്‍ സ്വതന്ത്രമായി സ്വന്തം 'മതം' നിലനിര്‍ത്തിക്കൊണ്ട് തന്നെ ജീവിച്ചുപോന്നത്. അവിടെ നടപ്പിലാക്കിയ 'മതേതര' ഇസ്ലാമില്‍ ആ സമൂഹങ്ങള്‍ വിശ്വാസമര്‍പ്പിക്കുകയും ഉള്‍ച്ചേരുകയും ചെയ്തിരുന്നതോടൊപ്പം തന്നെ 'മത ഇസ്ലാമില്‍' നിന്ന് വ്യത്യാസം പുലര്‍ത്താന്‍ അവര്‍ക്ക് സ്വാതന്ത്യ്രം ലഭിക്കുകയും ചെയ്തിരുന്നു.
സാപ്പി കുവൈത്ത്

ഞങ്ങളാരാണെന്നാണ് വിചാരം?
ഞങ്ങള്‍ക്കിവിടെ പലതും പറയാനുണ്ട്, പ്രവര്‍ത്തിക്കാനുണ്ട്. ഞങ്ങളുടെ അംശവും ദേശവും ഇവിടെ തന്നെയാണ്. വിശ്വസിക്കുന്ന ആദര്‍ശം അന്യൂനമാണ്. പണ്ടേ പറഞ്ഞതാണിത്. പക്ഷേ, സാഹചര്യങ്ങള്‍ പിന്നെയും പറയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ വിശ്വസിക്കുന്ന ദര്‍ശനം സാമൂഹിക ഇടപെടലിനും അഭിപ്രായ പ്രഖ്യാപനത്തിനും മുന്തിയ പരിഗണന നല്‍കിയിരിക്കുന്നു. കാരണം മണ്ണിനോട് ബന്ധമുള്ളവനാണ് മനുഷ്യന്‍. അതിനെ പറ്റിയൊന്നും പറയാനില്ലെങ്കില്‍, ഒന്നും ചെയ്യാനില്ലെങ്കില്‍ ഇത്ര പണിപ്പെട്ട് ജീവിക്കുന്നതിനെന്തര്‍ഥം? ഞങ്ങള്‍ ജനാധിപത്യ വിരുദ്ധരാണെന്ന് പലരും പറയാറുണ്ട്. ജനാധിപത്യത്തിന്റെ, ജനാധിപത്യ വിരുദ്ധതയെ ഞങ്ങള്‍ എതിര്‍ക്കും. ജനാധിപത്യം നല്‍കുന്ന ജനാധിപത്യ സംരക്ഷണത്തിന്റെ കാവലാളുകളാണ് ഞങ്ങള്‍. ജനാധിപത്യവിരുദ്ധത വാക്കിലും കര്‍മത്തിലുമുള്ളവര്‍ ജനാധിപത്യത്തിന്റെ സംരക്ഷകരാകാന്‍ ശ്രമിക്കുമ്പോള്‍ അത് തുറന്നു കാട്ടാതെ വയ്യ. 'ദേശീയത' അംഗീകരിക്കാത്തവര്‍ എന്നും പലരും പറയാറുണ്ട്. തെറ്റിലും ശരിയിലും 'ഞങ്ങള്‍' എന്ന ദേശീയവാദത്തെ എതിര്‍ക്കും. ദേശവാസികളുടെ സംരക്ഷണത്തിനും വികസനത്തിനും പണിയെടുക്കും. മതമൂല്യങ്ങളെ വകഞ്ഞുമാറ്റി സ്ഥാപിക്കേണ്ട ഒന്നല്ല മതേതരത്വം. മതമൂല്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണനയും സ്വാതന്ത്യ്രവും നല്‍കുന്നതുവരെ ഞങ്ങളീ പ്രഛന്ന മതേതരത്വത്തിനെതിരായിരിക്കും. വര്‍ഗീയവാദികള്‍ എന്ന പേര് കേട്ട് പേടിച്ചോടാനൊന്നും ഞങ്ങളില്ല. മനുഷ്യനെ വര്‍ഗത്തിന്റെ പേരില്‍ വര്‍ഗീകരിച്ച് പിന്നെ ജാതീയമായി ഭിന്നിപ്പിച്ച് വോട്ടുകള്‍ തട്ടിയെടുക്കുന്ന കപട വര്‍ഗീയവാദികള്‍ ജീവിക്കുന്ന നാടാണിത്. മത സാഹോദര്യത്തിന്റെ മണിമാളിക കെട്ടി ഞങ്ങളിവിടെ മതസൌഹാര്‍ദം കാക്കും.
അടവുനയം, മുഖംമൂടി എന്നെല്ലാം പറഞ്ഞ് ഉമ്മാക്കി കാട്ടാറുണ്ട് പലരും. സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ ദുര്‍ബലതയില്‍ നിന്നുരുവംകൊണ്ടതാണീ അടവുനയം. മൂല്യങ്ങളിലും മതങ്ങളിലും വിശ്വസിക്കാത്തവര്‍ 'വിശ്വാസം നടിച്ച്' വോട്ടുകള്‍ തട്ടുന്നതാണ് യഥാര്‍ഥത്തില്‍ മുഖംമൂടി. കാല സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം വികസിക്കാന്‍ ത്രാണിയുള്ള ദര്‍ശനത്തിന് മേലങ്കിയണിയേണ്ട ആവശ്യമെന്തിരിക്കുന്നു?
ജനപക്ഷ രാഷ്ട്രീയത്തില്‍ ഞങ്ങള്‍ക്കും അതിയായ താല്‍പര്യമുണ്ട്. കാരണം, അവിടെ രൂപംകൊള്ളുന്നത് അടിസ്ഥാന ജനവിഭാഗത്തിന്റെ ആവശ്യങ്ങളാണ്, മോഹങ്ങളും വികാരങ്ങളുമാണ്. ജനകീയ കൂട്ടായ്മകളെ ഭയക്കുന്നവര്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെ പിടിയിലാണ്. അവര്‍ സ്വന്തം നിലനില്‍പ് അവതാളത്തിലാവുമോ എന്നു ഭയക്കുന്നു. സ്ത്രീയെ ഉയര്‍ന്ന നിലയിലെത്തിക്കാനാണ് ഞങ്ങള്‍ സ്ത്രീവിമോചനം പറയുന്നത്. സ്ത്രീയെ മറന്നുകൊണ്ട് സ്ത്രീവാദമുയര്‍ത്തിയ പാശ്ചാത്യ -കമ്യൂണിസ്റ് തത്ത്വസംഹിതയില്‍ നിന്നല്ല.
സാമുദായിക പ്രശ്നങ്ങളെ ദേശീയ പ്രശ്നങ്ങളായി കാണാനാണ് ഞങ്ങള്‍ക്ക് താല്‍പര്യം. സങ്കുചിത സാമുദായികതയെ പല്ലും നഖവുമുപയോഗിച്ചെതിര്‍ത്തവര്‍ക്ക് സാമുദായികത ദര്‍ശനമാക്കാന്‍ കഴിയില്ല. പക്ഷേ, സമുദായത്തിന്റെ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ മാത്രം കുടില ഹൃദയരല്ല ഞങ്ങള്‍. മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഞങ്ങള്‍ക്ക് കാഴ്ചപ്പാടുകളുണ്ട്. മനുഷ്യന്റെ പ്രശ്നങ്ങളെ അതര്‍ഹിക്കുന്ന ഗൌരവത്തോടെ പരിഹരിക്കണം. അവന്റെ ജാതി, മത, ദേശം ഇവയൊന്നും അവന് നീതി ലഭ്യമാവുന്നതിന് തടസ്സമായിക്കൂടാ. മനുഷ്യാവകാശ ലംഘനം, അത് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നായാലും ഭീകരത തന്നെയാണ്. മാത്രമല്ല, അത് മനുഷ്യനെ വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്കെത്തിക്കും.
ഇതെല്ലാം പറയുന്നത് ഞങ്ങള്‍ക്ക് ലഭിച്ച അമൂല്യ ദൈവിക സന്ദേശത്തില്‍ നിന്നാണ്. ഇങ്ങനെ ഒരുപാടിനിയും പറയാനുണ്ട്. ഇത് പറയാന്‍, പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കൊപ്പം ചിലരുണ്ട്. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍, ദുര്‍ബലര്‍, സാധാരണക്കാരായ നിഷ്പക്ഷമതികള്‍.... ഇവര്‍ ഞങ്ങളെ പിന്തുണക്കുന്നു.
ഞങ്ങള്‍ക്കെതിരിലും ചിലരുണ്ട്. നഷ്ടം ഭയക്കുന്നവര്‍, നിലനില്‍പ് ഭീഷണിയിലായവര്‍, സ്വന്തം കള്ളത്തരങ്ങള്‍ വെളിച്ചത്താകുമെന്ന് ഭയക്കുന്നവര്‍.. ആ പട്ടികയും നീണ്ടതാണ്. പക്ഷേ, എല്ലാവരിലും ഞങ്ങളോട് താല്‍പര്യമുള്ളവരുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അവര്‍ ഞങ്ങളോടൊപ്പം ചേരണമെന്നാണാശ. അവരുടെയും ഞങ്ങളുടെയും സ്വപ്നങ്ങള്‍ ഒന്നിക്കുന്നിടത്ത് നമുക്കൊരുമിക്കാം. നല്ലൊരു നാളേക്കായി....
ഇന്‍സാഫ് പതിമംഗലം

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly