Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
       

 

>>വാര്‍ത്തകള്‍/വിശേഷങ്ങള്‍

ജമാല്‍ മലപ്പുറം

ഡോ. ഫത്ഹി ഉസ്മാന്‍ വിടവാങ്ങി
ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊണ്ടുതന്നെ പരമാവധി ഉദാരവത്കരണത്തിനും ആധുനികവത്കരണത്തിനും വേണ്ടി നിലകൊണ്ട പ്രശസ്ത ചിന്തകനും ഗ്രന്ഥകാരനും പ്രബോധകനുമായിരുന്ന ഡോ. മുഹമ്മദ് ഫത്ഹി ഉസ്മാന്‍ സെപ്റ്റംബര്‍ 11-ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 82 വയസ്സായിരുന്നു. അമേരിക്കയിലെ ലോസ് ആഞ്ചല്‍സിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വിദ്യാഭ്യാസ മേഖലയിലെ ജോലിയില്‍ നിന്നു വിരമിച്ച ഭാര്യ ഡോ. അയ്ദ അബ്ദുര്‍റഹ്മാന്‍ ജീവിച്ചിരിപ്പുണ്ട്. ഏക മകള്‍ ഡോ. ഗാദ, സാന്റിയാഗോ സ്റേറ്റ് യൂനിവേഴ്സിറ്റിയില്‍ അറബിക് പ്രഫസറായി ജോലി ചെയ്യുന്നു.
മിതദവാദപരവും ഉദാരവുമായ ഒരു ഇസ്ലാമിനെ മുസ്ലിംകള്‍ക്കും പാശ്ചാത്യരായ അമുസ്ലിംകള്‍ക്കുമിടയില്‍ പ്രബോധനം ചെയ്യുന്നതിനായി ഉറക്കെ ചിന്തിക്കുകയും ധാരാളമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുള്ള ഡോ. ഫത്ഹി ഉസ്മാന്‍ അറബിയിലും ഇംഗ്ളീഷിലുമായി നാല്‍പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇസ്ലാമിക ശരീഅത്തിന്റെ കാലിക പ്രസക്തി, സ്ത്രീ ഇസ്ലാമില്‍, മനുഷ്യാവകാശങ്ങള്‍, ജനാധിപത്യ ബഹുസ്വരത തുടങ്ങിയവയായിരുന്നു ഇഷ്ടവിഷയങ്ങള്‍. ന്യൂനപക്ഷ കര്‍മശാസ്ത്രം (ഫിഖ്ഹുല്‍ അഖല്ലിയാത്ത്) എന്ന സംജ്ഞയുടെ ഉപജ്ഞാതാവ് അദ്ദേഹമാണെന്ന് പറയപ്പെടുന്നു.
1997-ല്‍ പ്രസിദ്ധീകരിച്ച ആയിരത്തോളം പേജുകളുള്ള 'ഇീിരലു ീള വേല ഝൌൃമി : അ ഠീുശരമഹ ഞലമറശിഴ' ആണ് അദ്ദേഹത്തിന്റെ പ്രകൃഷ്ട രചന. ഖുര്‍ആനിലെ മൌലിക പ്രതിപാദ്യങ്ങളെ വിഷയാടിസ്ഥാനത്തില്‍ ക്രോഡീകരിച്ച ഈ കൃതി വിശുദ്ധ ഖുര്‍ആന്റെ അനറബി വായനക്കാരെ സംബന്ധിച്ചേടത്തോളം ഒരാധികാരിക ഗൈഡ് തന്നെയാണെന്ന് പറയാം. 'മനുഷ്യാവകാശങ്ങള്‍ പാശ്ചാത്യ ചിന്തയിലും ഇസ്ലാമിക നിയമത്തിലും', 'മുസ്ലിംസ്ത്രീ കുടുംബത്തിലും സമൂഹത്തിലും', 'ശരീഅ: മാറ്റത്തിന്റെ ചാലകശക്തി', 'ആദമിന്റെ മക്കള്‍: ബഹുസ്വരതയുടെ ഇസ്ലാമിക പരിപ്രേക്ഷ്യം' തുടങ്ങിയവയാണ് മറ്റു ചില കൃതികള്‍.
1981-'87 കാലത്തു ലണ്ടനില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന അന്താരാഷ്ട്ര ഇസ്ലാമിക മാസിക 'അറബ്യ'യുടെ ചീഫ് എഡിറ്ററായിരുന്നു.
1928 മാര്‍ച്ച് 17-നു ഈജിപ്തിലെ മിനിയായിലാണ് ഫത്ഹി ഉസ്മാന്റെ ജനനം. 1948-ല്‍ കയ്റോ യൂനിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദമെടുത്തു. 1960-ല്‍ അലക്സാണ്ട്രിയ യൂനിവേഴ്സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം. 1962-ല്‍ കയ്റോ യൂനിവേഴ്സിറ്റിയില്‍ നിന്ന് വീണ്ടും ഇസ്ലാമിക് ബൈസാന്റിയന്‍ മതങ്ങളെ കുറിച്ച പഠനത്തില്‍ മാസ്റേര്‍സ് ഡിഗ്രി എടുത്ത അദ്ദേഹം, 1976-ല്‍ അമേരിക്കയിലെ പ്രിന്‍സ്റന്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് വിദൂര പൌരസ്ത്യ ദേശ പഠനത്തില്‍ ഡോക്ടറേറ്റ് നേടി. 1987 മുതല്‍ ലോസ് ആഞ്ചല്‍സ്സില്‍ താമസമാക്കി.
1940-കളില്‍ ഇഖ്വാനുല്‍ മുസ്ലിമൂനില്‍ ചേര്‍ന്ന അദ്ദേഹം ശഹീദ് സയ്യിദ് ഖുത്വ്ബിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു. സയ്യിദിന്റെ വാരികയില്‍ സഹപത്രാധിപരായിരുന്നിട്ടുണ്ട്. 'കൂടുതല്‍ ഉദാരമായ' ഇസ്ലാമിനു വേണ്ടി 1950-കളില്‍ പ്രസ്തുത ബന്ധങ്ങള്‍ അവസാനിപ്പിച്ച ഫത്ഹി ഉസ്മാന്‍ 1960-ല്‍ 'ഇസ്ലാമിക് തോട്ട് ആന്റ് ചെയ്ഞ്ച്' എന്ന കൃതി പ്രസിദ്ധീകരിച്ചു.
അസ്ഹറിലും സുഊദി അറേബ്യയിലെയും അള്‍ജീരിയയിലെയും വിവിധ സര്‍വകലാശാലകളിലും പലപ്പോഴായി ജോലി ചെയ്തിട്ടുണ്ട്. 1987 മുതല്‍ സൌത്ത് കാലിഫോര്‍ണിയിലെ ഇസ്ലാമിക് സെന്ററില്‍ റെസിഡന്റ് സ്കോളറായി ജോലി ചെയ്യുകയായിരുന്നു.
പ്രഫസര്‍ ജോണ്‍ എസ്പോസിറ്റോയുടെ ഭാഷയില്‍, ഡോ. ഫത്ഹി ഉസ്മാന്‍ ഇരുപതാം നൂറ്റാണ്ടില്‍ ഇസ്ലാമിക നവജാഗരണത്തിനു വഴി തെളിയിച്ചവരില്‍ മുന്‍നിരക്കാരനായിരുന്നു. ഈജിപ്ത് മുതല്‍ മലേഷ്യ വരെയും യൂറോപ്പിലും അമേരിക്കയിലും അദ്ദേഹത്തിന്റെ സ്വാധീനമുണ്ടായിരുന്നു.

വാഷിംഗ്ടണില്‍ വന്‍കിട പള്ളി
വാഷിംഗ്ടണില്‍ വന്‍കിട പള്ളി നിര്‍മിക്കുന്നതിന്, പത്തു വര്‍ഷം മുമ്പ് തങ്ങള്‍ വിലയ്ക്കു വാങ്ങിയ അറുപത്തിമൂന്നായിരം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നിര്‍മാണ ജോലികള്‍ ആരംഭിക്കുന്നതിനും കൊണ്ടുപിടിച്ച ശ്രമത്തിലാണ് തുര്‍ക്കിയിലെ വിദേശകാര്യ വകുപ്പും മതകാര്യ വകുപ്പും. ഇതിന്റെ ഭാഗമായി നിര്‍മാണ സ്ഥലത്തിന് ചുറ്റും താമസിക്കുന്നവരെ ബോധവത്കരിക്കാനുള്ള കാമ്പയിനും ആരംഭിച്ചു കഴിഞ്ഞു (ന്യൂയോര്‍ക്കിലെ ഗ്രൌണ്ട് സീറോക്ക് സമീപം പള്ളി നിര്‍മിക്കുന്നതുമായി ബ്നധപ്പെട്ട ബഹളം ഒരുവേള ഇത്തരമൊരു നീക്കത്തിന് പ്രേരകമായിരിക്കാം). ഇസ്തംബൂളിലെ വിഖ്യാതമായ സുല്‍ത്താന്‍ അഹ്മദ് മോസ്കിന്റെ മാതൃകയില്‍ രൂപകല്‍പന ചെയ്യപ്പെട്ടിട്ടുള്ള ഈ പുതിയ തുര്‍ക്കി പള്ളി നഗരത്തിലെ മുഖ്യ ആകര്‍ഷണ കേന്ദ്രമായേക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഖാദിമുല്‍ ഹറമൈന്‍ ഫൌണ്ടേഷന്‍
ഇസ്ലാമിക പ്രബോധനം, പള്ളികളുടെയും ഇസ്ലാമിക കേന്ദ്രങ്ങളുടെയും നിര്‍മാണം, ലോകത്തെങ്ങുമുള്ള മുസ്ലിംകളുടെ ഉദ്ധാരണം, വ്യത്യസ്ത നാഗരികതകളുടെയും മതങ്ങളുടെയും അനുയായികള്‍ക്കിടയില്‍ സംവാദവും സഹകരണവും പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി സുഊദി അറേബ്യയിലെ അബ്ദുല്ല രാജാവ് പ്രസിഡന്റും മകന്‍ പ്രിന്‍സ് ഖാലിദ് ബിന്‍ അബ്ദുല്ല വൈസ് പ്രസിഡന്റുമായി ഖാദിമുല്‍ ഹറമൈന്‍ ചാരിറ്റബ്ള്‍ ഫൌണ്ടേഷന്‍ നിലവില്‍വന്നു. പഠനഗവേഷണങ്ങള്‍, പുസ്തക പ്രസാധനം, അറബിയില്‍നിന്നും അറബിയിലേക്കുമുള്ള വിവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശാന്തിയും സമാധാനവും മിതത്വവും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വളരെ വിശാലമായ പ്രവര്‍ത്തന മേഖലയാണിതിനുള്ളത്. അബ്ദുല്ല രാജാവിന്റെ പേരില്‍ ഒരു അന്താരാഷ്ട്ര അവാര്‍ഡും ഏര്‍പ്പെടുത്തും.

പന്നിയിറച്ചി തീറ്റിച്ചാല്‍
ഒരു തായ്വാന്‍ കമ്പനിയിലെ ഇന്തോനേഷ്യക്കാരികളായ മൂന്ന് മുസ്ലിം തൊഴിലാളികളെ പന്നിയിറച്ചി തിന്നാന്‍ നിര്‍ബന്ധിച്ചതിന് കമ്പനിയുടെ വനിതാ മാനേജറെ തായ്വാനീസ് കോടതി ആറു മാസത്തെ തടവിനു ശിക്ഷിച്ചു. പന്നിമാംസം തൊഴിലാളികള്‍ക്ക് ഊര്‍ജം പകരും എന്നായിരുന്നുവത്രെ അവരുടെ ധാരണ! തടവിനു പകരം അറുപതിനായിരം തായ്വാനീസ് ഡോളര്‍ (1875 യു.എസ് ഡോളര്‍) പിഴയടച്ച അവര്‍ ഒന്നര ലക്ഷം തായ്വാനീസ് ഡോളര്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു.

മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നവര്‍
യൂറോപ്യന്‍ രാജ്യമായ നോര്‍വെ, സയണിസ്റ് കോടീശ്വരനായ ലെവ് ലെവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് എണ്ണക്കമ്പനികളുമായുള്ള ഇടപാടുകള്‍ ബഹിഷ്കരിച്ചു. ഫലസ്ത്വീന്റെ പടിഞ്ഞാറെ കരയില്‍ ജൂതകുടിയേറ്റത്തെ കമ്പനികള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് കാരണം. നോര്‍വെയിലെ ദേശീയ എണ്ണക്കമ്പനി പ്രസ്തുത കമ്പനികളിലെ മുഴുവന്‍ നിക്ഷേപങ്ങളും വിറ്റതായി ധനമന്ത്രാലയം വെളിപ്പെടുത്തി. ആണവായുധ നിര്‍മാണം, നിരോധിക്കപ്പെട്ട ആയുധങ്ങളുടെ ഉല്‍പാദനം, പരിസ്ഥിതി നശീകരണം, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയിലേര്‍പ്പെടുന്ന കമ്പനികളുമായി ഇടപാടുകള്‍ പാടില്ല എന്ന നോര്‍വീജിയന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ക്കനുസൃതമാണ് പ്രസ്തുത നടപടി എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ശൈഖ് റാശിദുല്‍
ഗനൂശിയുടെ പിന്തുണ

ലിബിയയില്‍ നിന്ന് ദക്ഷിണ തുനീഷ്യയിലേക്ക് ചരക്കുകള്‍ വരുന്ന 'റഅ്സു ജദീര്‍' കടത്തു കേന്ദ്രം തുനീഷ്യന്‍ അധികൃതര്‍ അടച്ചുപൂട്ടിയതിനെതിരെ 'ബിന്‍ഖര്‍ദാന്‍' നഗരത്തില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പിന്തുണയുമായി ശൈഖ് റാശിദുല്‍ ഗനൂശി രംഗത്ത് വന്നു. 'അന്നഹ്ദ' പാര്‍ട്ടിക്ക് വേണ്ടി പുറത്തിറക്കിയ പ്രസ്താവനയില്‍, സ്വാതന്ത്യ്രത്തിനും മാന്യമായ ജീവിതത്തിനും വേണ്ടി തുനീഷ്യന്‍ ജനത നടത്തുന്ന പോരാട്ടങ്ങള്‍ക്ക് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
സുഡാനില്‍ ന്യൂക്ളിയര്‍ റിയാക്ടര്‍
വിദ്യുഛക്തി ഉല്‍പാദനത്തിനു വേണ്ടി ന്യൂക്ളിയര്‍ റിയാക്ടര്‍ പണിയാന്‍ സുഡാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. 2020-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന ഈ റിയാക്ടര്‍ അന്താരാഷ്ട്ര ആണവോര്‍ജ കമീഷന്റെ സഹകരണത്തോടെയാണ് നിലവില്‍ വരിക.
ജര്‍മന്‍ മുസ്ലിംകള്‍ക്ക് ഹോട്ട് ലൈന്‍
ജര്‍മനിയില്‍ വെച്ച് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്ന മുസ്ലിംകളെ സഹായിക്കാന്‍ ജര്‍മന്‍ ഗവണ്‍മെന്റിന്റെ ആശീര്‍വാദത്തോടെ ബര്‍ലിന്‍ ഹോട്ട് ലൈന്‍ സംവിധാനം നിലവില്‍ വന്നു. ബന്ധപ്പെട്ട വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 42 വളണ്ടിയര്‍മാര്‍ ഈ ഹോട്ട്മെയിലില്‍ സേവനമനുഷ്ഠിക്കുന്നു.
ആ കാര്‍ട്ടൂണ്‍ ഇനി പുസ്തക രൂപത്തിലും!
അന്ത്യപ്രവാചകനെ അവഹേളിച്ചുകൊണ്ട് ഡെന്‍മാര്‍ക്ക് ദിനപത്രത്തില്‍ കാര്‍ട്ടൂണ്‍ വരച്ച വിദ്വാന്‍ ഇനി അവ തെരഞ്ഞെടുത്ത പുസ്തകമാക്കി ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നുവത്രെ.

ആയുധീകരണത്തില്‍
ഒന്നാം സ്ഥാനക്കാര്‍

ലോകത്ത് ഏറ്റവുമധികം ആയുധീകരണം നടക്കുന്നത് (സ്വന്തമായി ഉല്‍പാദിപ്പിച്ചല്ല, വാങ്ങിക്കൂട്ടിയിട്ട്) മധ്യപൌരസ്ത്യ ദേശത്താണെന്ന് 'സ്ട്രാറ്റജിക് ഫോര്‍സൈറ്റ്' എന്ന സംഘടന അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 1991-നും 2010-നുമിടയില്‍ 12 ട്രില്യന്‍ ഡോളറാണത്രെ ഇതിനായി ചെലവഴിക്കപ്പെട്ടിരിക്കുന്നത്.

ബാല പീഡനത്തിനു വധശിക്ഷ
വര്‍ധിച്ചുവരുന്ന ബാല പീഡനത്തിനു വധശിക്ഷ നല്‍കാന്‍ മലേഷ്യയിലെ ഡമോക്രാറ്റിക് നാഷ്നല്‍ മൂവ്മെന്റ് പാര്‍ട്ടിയുടെ പ്രസിഡന്ററും ഇന്ത്യന്‍ വംശജനുമായ അഡ്വ. കൃപാല്‍ സിംഗ് അഭ്യര്‍ഥിച്ചു. നേരത്തെ വധശിക്ഷാ നിരോധനത്തിന് വാദിച്ചയാളായിരുന്നു കൃപാല്‍ സിംഗ്.

കേസുകള്‍ നിര്‍ത്തലാക്കുന്നു
കഴിഞ്ഞ വര്‍ഷം മ്യൂനിക്കിലെയും ജര്‍മനിയിലെ വിവിധനഗരങ്ങളിലെയും ഇസ്ലാമിക കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്ത് മുസ്ലിം സംഘടനകള്‍ക്കും വ്യക്തിത്വങ്ങള്‍ക്കുമെതിരില്‍ എടുത്തിരുന്ന എല്ലാ കേസുകളും തെളിവുകളുടെ അഭാവത്തില്‍ കോടതി തള്ളിക്കളയുകയും അവര്‍ നിരപരാധികളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.

'1001 കണ്ടുപിടുത്തങ്ങള്‍'
പേരില്‍ 1001 രാവുകളെ അനുസ്മരിപ്പിക്കുന്ന 1001 കണ്ടുപിടുത്തങ്ങളുടെ വന്‍കിട പ്രദര്‍ശനം ഇസ്തംബൂള്‍ നഗരത്തില്‍ തുര്‍ക്കി പ്രധാനമന്ത്രി റജബ് തയ്യിബ് ഉര്‍ദുഗാന്‍ ഉദ്ഘാടനം ചെയ്തു. ബ്രിട്ടനിലെയും തുര്‍ക്കിയിലെയും വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട പ്രദര്‍ശനം നാഗരികതക്കും ശാസ്ത്രത്തിനും മുസ്ലിംകള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ അനാവരണം ചെയ്യുന്നതാണ്. ഒക്ടോബര്‍ അഞ്ചു വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ ഈ പ്രദര്‍ശനം വമ്പിച്ച ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു.

മുഗള്‍ സ്മാരകങ്ങളുടെ
അറ്റകുറ്റപ്പണികള്‍

ന്യൂദല്‍ഹിയില്‍ നടക്കുന്ന കോമണ്‍ വെല്‍ത്ത് ഗെയിംസിനോടനുബന്ധിച്ച് മോഡി പിടിപ്പിക്കലിന്റെ ഭാഗമായി മുഗള്‍ ഭരണകാലത്തെ 46 സ്മാരകങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ചെങ്കോട്ടയും കുത്ബ്മിനാറും ഉള്‍പ്പെടെയുള്ള പ്രമുഖ സ്മാരകങ്ങളുടെ നവീകരണ ജോലികള്‍ സെപ്റ്റംബര്‍ 15-ന് തീരേണ്ടതായിരുന്നു. തീര്‍ന്നോ ആവോ?

മാഞ്ചസ്ററിലെ ചെകുത്താന്‍
ബ്രിട്ടനിലെ മാഞ്ചസ്റര്‍ യുനൈറ്റഡ് ഫുട്ബോള്‍ ടീമിന്റെ അനുകൂലികളായ മുസ്ലിംകള്‍ ടീമിന്റെ എംബ്ളമുള്ള ഷര്‍ട്ടുകള്‍ ധരിക്കരുതെന്ന് മലേഷ്യയിലെ മുഫ്തി ശൈഖ് ദാത്തൂഖ് സകരിയ്യ അഭ്യര്‍ഥിച്ചു. അതില്‍ ഒരു ചുകന്ന ചെകുത്താന്റെ ചിത്രമുള്ളത് ശ്രദ്ധയില്‍ പെടുത്തുന്നു അദ്ദേഹം. അത്തരം ചിഹ്നങ്ങളുടെ പ്രചാരകരാകാന്‍ മുസ്ലിംകള്‍ക്ക് പാടുള്ളതല്ല.

പഴയ വീടുകള്‍ പുതിയ പള്ളികള്‍
ഉക്രേനിയയുടെ തെക്ക് ഭാഗത്തെ ഖറം അര്‍ധ ദ്വീപിലെ താര്‍ത്താരി മുസ്ലിംകള്‍ പഴയ വീടുകള്‍ പുതിയ പള്ളികളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. വര്‍ധിച്ച ഭൂവിലയും നിര്‍മാണ ചെലവും മറികടക്കാന്‍ അവര്‍ കണ്ടെത്തിയ ഈ രീതിക്ക് വര്‍ഷങ്ങളായി പ്രചാരം സിദ്ധിച്ചുകൊണ്ടിരിക്കുന്നു. 1944-ല്‍ സോവിയറ്റ് ഭണകൂടം പള്ളികള്‍ തകര്‍ക്കുകയും താര്‍ത്താരി മുസ്ലിംകളെ വിവിധ വിദൂര റിപ്പബ്ളിക്കുകളിലേക്ക് നാടുകടത്തുകയും ചെയ്തിരുന്നു. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോടെ നാട്ടിലേക്ക് തിരിച്ചുവന്നവരാണ് ഇങ്ങനെ 'പുതുതായി' പള്ളികള്‍ നിര്‍മിച്ചിരിക്കുന്നത്.

 


Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net |http://fridayspeech.com | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly